വാക്കുകളിൽ കാന്തം പുരട്ടി ഞാനെന്ന ഇരുമ്പു തരിയെ വലിച്ചെടുത്ത വിജയൻ
മലയാളം എഴുതാനും വായിക്കാനും തനിയെ പഠിച്ച ഒരാൾ എന്ന നിലയിൽ എന്റെ വായന കാലവും ക്രമവും താളവും തെറ്റിയാണ് മുമ്പോട്ട് പോയത്. പഞ്ചായത്ത് ലൈബ്രറിയിൽ അംഗത്വം എടുക്കുമ്പോൾ എന്താണ് നോവലെന്നോ ഏതാണ് കഥകളെന്നോ എവിടെയാണ് ചരിത്രപുസ്തകങ്ങൾ എന്നോ ഒരു പിടിയും ഉണ്ടായിരുന്നില്ല. അക്കാലത്ത് ലൈബ്രറികളിൽ
മലയാളം എഴുതാനും വായിക്കാനും തനിയെ പഠിച്ച ഒരാൾ എന്ന നിലയിൽ എന്റെ വായന കാലവും ക്രമവും താളവും തെറ്റിയാണ് മുമ്പോട്ട് പോയത്. പഞ്ചായത്ത് ലൈബ്രറിയിൽ അംഗത്വം എടുക്കുമ്പോൾ എന്താണ് നോവലെന്നോ ഏതാണ് കഥകളെന്നോ എവിടെയാണ് ചരിത്രപുസ്തകങ്ങൾ എന്നോ ഒരു പിടിയും ഉണ്ടായിരുന്നില്ല. അക്കാലത്ത് ലൈബ്രറികളിൽ
മലയാളം എഴുതാനും വായിക്കാനും തനിയെ പഠിച്ച ഒരാൾ എന്ന നിലയിൽ എന്റെ വായന കാലവും ക്രമവും താളവും തെറ്റിയാണ് മുമ്പോട്ട് പോയത്. പഞ്ചായത്ത് ലൈബ്രറിയിൽ അംഗത്വം എടുക്കുമ്പോൾ എന്താണ് നോവലെന്നോ ഏതാണ് കഥകളെന്നോ എവിടെയാണ് ചരിത്രപുസ്തകങ്ങൾ എന്നോ ഒരു പിടിയും ഉണ്ടായിരുന്നില്ല. അക്കാലത്ത് ലൈബ്രറികളിൽ
മലയാളം എഴുതാനും വായിക്കാനും തനിയെ പഠിച്ച ഒരാൾ എന്ന നിലയിൽ എന്റെ വായന കാലവും ക്രമവും താളവും തെറ്റിയാണ് മുമ്പോട്ട് പോയത്. പഞ്ചായത്ത് ലൈബ്രറിയിൽ അംഗത്വം എടുക്കുമ്പോൾ എന്താണ് നോവലെന്നോ ഏതാണ് കഥകളെന്നോ എവിടെയാണ് ചരിത്രപുസ്തകങ്ങൾ എന്നോ ഒരു പിടിയും ഉണ്ടായിരുന്നില്ല.
അക്കാലത്ത് ലൈബ്രറികളിൽ പുസ്തകങ്ങളുടെ വില കൂടി എഴുതിയിടുന്ന ലഡ്ജറുകൾ ഉണ്ടായിരുന്നു. വലിയ വിലയുള്ള പുസ്തകങ്ങൾ നല്ലതാണെന്ന തെറ്റിദ്ധാരണയിൽ പലപ്പോഴും നിഘണ്ടുകൾ വരെ എടുത്തു പോരേണ്ടി വന്നിട്ടുണ്ട്. പിന്നെ അധികം ആളുകൾ കൊണ്ടുപോയ പുസ്തകങ്ങൾ ഏതൊക്കെയാണെന്ന് നോക്കിയായി തിരഞ്ഞെടുപ്പ്... പമ്മനും അയ്യനേത്തും കോട്ടയം പുഷ്പനാഥുമൊക്കെ വായനയിലേക്ക് കടന്നു വരാൻ തുടങ്ങി. അത്തരം നോവലുകൾ തന്ന വായനാസുഖം ചെറുതല്ല. പമ്മന്റെ നോവലുകളിൽ വായനക്കാർ പലയിടത്തും അടിവരകളും കമന്റുകളും എഴുതിയിട്ടിട്ടുണ്ടാവും.
അങ്ങനെ മുന്നേറിയ വായനയിലാണ് എം ടി യുടേയും തകഴിയുടേയും ബഷീറിന്റേയും സാഹിത്യം കിട്ടിത്തുടങ്ങിയത്. വായനയോടുള്ള എന്റെ ആക്രാന്തം കണ്ടിട്ട് ലൈബ്രേറിയനായ ഹരിദാസേട്ടൻ, എ ക്ലാസ് മെമ്പറായ എനിക്ക് രണ്ട് പുസ്തകത്തിന് പുറമേ സ്വന്തം ഗ്യാരണ്ടിയിൽ മറ്റൊരു പുസ്തകം കൂടി തരുമായിരുന്നു.
അത്തരത്തിൽ ഒരിക്കൽ ഹരിദാസേട്ടൻ തന്ന പുസ്തകമായിരുന്നു ഇതിഹാസത്തിന്റെ ഇതിഹാസം. വലിയ വലിപ്പമില്ലാത്ത ആ പുസ്തകത്തിന്റെ പേര് വായിച്ചപ്പോൾ തന്നെ കൊള്ളാലോ എന്ന് തോന്നി. എഴുത്തുകാരന്റെ പേര്, ഒ.വി.വിജയൻ. ലൈബ്രറിയിൽ വെച്ച് ആ പേര് പലരും പറയുന്നത് കേട്ടിട്ടുണ്ട് എന്നല്ലാതെ ആ എഴുത്തുകാരന്റെ ഒറ്റ പുസ്തകവും ഞാൻ അതുവരെ വായിച്ചിരുന്നില്ല.
ഇതിഹാസത്തിന്റെ ഇതിഹാസത്തിൽ, ഖസാക്കിന്റെ ഇതിഹാസത്തിൽ നിന്നുള്ള ഉദ്ധരണികൾ ഉണ്ടായിരുന്നു. അവ വായിച്ചപ്പോൾ മലയാള ഭാഷയ്ക്ക് ഇത്ര മധുരമോ എന്ന് ഞാൻ അത്ഭുതപ്പെട്ടു. അതുവരെ ഞാൻ വായിച്ച ഭാഷയിൽ നിന്നൊക്കെ തികച്ചും വ്യത്യസ്തമായിരുന്നു ആ ഭാഷ .അത് എനിക്കു തന്ന ആനന്ദത്തിൽ പിറ്റേന്ന് തന്നെ ഞാൻ ലൈബ്രറിയിലേക്ക് പാഞ്ഞു.
എന്നെയും കാത്ത് ഖസാക്ക് അവിടെയുണ്ടായിരുന്നു. തലേന്ന് കൊണ്ടുപോയ അഗ്നിസാക്ഷി എന്ന നോവൽ വായിക്കാതെ മടക്കിക്കൊടുത്ത് ഖസാക്ക് കൈപ്പറ്റി ഒപ്പ് ചാർത്തുമ്പോൾ ഹരിദാസേട്ടന്റെ മുഖത്ത് അമ്പരപ്പുണ്ടായിരുന്നു.
ബസ്സിലിരുന്നു തന്നെ വായന തുടങ്ങി. കൂമൻകാവിൽ രവിയെ കാത്തുകിടന്ന ഏറുമാടങ്ങളും വരുംവരായ്കകളും സർവ്വത്ത് കടയും കരിമ്പനക്കാറ്റും സുഖ ലഹരിയായി ബോധത്തിലേക്ക് കയറി.
പല വായനക്കാരും പറഞ്ഞുകേട്ടിട്ടുണ്ട് ഖസാക്ക് ആദ്യവായനയിൽ അവരെ ഒട്ടും ആകർഷിച്ചിട്ടില്ല എന്ന്... എന്റെ അനുഭവം നേരെ മറിച്ചായിരുന്നു. ബസിൽ ഇരുന്ന് തന്നെ ‘വഴിയമ്പലം തേടി’ എന്ന ഒന്നാമധ്യായം ഞാൻ ആർത്തിയോടെ വായിച്ചു തീർത്തു.
ബസിറങ്ങി വീട്ടിലേക്ക് നടക്കുമ്പോഴും വായിച്ചു. പനം തത്തകളുടെ ധനുസ്സുകൾ എന്റെ ആകാശത്തിലൂടെ ചിറക് തുഴഞ്ഞു. കാപ്പിത്തോട്ടങ്ങളേയും മഞ്ഞ പുല്ല് പുതച്ച കുന്നുകളെയും ആകാശത്തെയും ഉൾക്കൊണ്ടു കൊണ്ട് ഒരു ഗർഭവതിയപ്പോലെ കിടന്ന വെയില് എന്റെ നിറുകയിൽ തൊട്ടു. സ്ഥലത്തിന്റെ ശൂന്യ ശിഖരത്തിനു ചുറ്റും അപരാഹ്നത്തിന്റെ പക്ഷികൾ പറന്നു. വീട്ടിലേക്കുള്ള വഴിയിൽ നിന്ന് തെറ്റി മറ്റൊരു പാതയിലൂടെയാണ് ഞാൻ നടന്നത്. അത് മനസിലായപ്പോൾ നടന്നു കൊണ്ടുള്ള വായന നിർത്തി ഞാൻ വീട്ടിലേക്ക് ഓടുകയായിരുന്നു.
എന്നും ഞാൻ കാണുന്ന പാതകളും വീടുകളും ആളുകളും ഒക്കെ മറ്റൊരു രൂപഭാവത്തിൽ എന്റെ മുന്നിൽ തെളിഞ്ഞു. വിജയൻ എന്ന വിസ്മയം എന്നെ തൊട്ട നിമിഷങ്ങളുടെ പ്രതിഫലനമാണ് അതെന്ന് ഞാൻ തിരിച്ചറിഞ്ഞു.
വീടിനു പിറകിൽ അക്കാലത്ത് പറങ്കിമാവിൻ തോട്ടങ്ങളായിരുന്നു. ആ പറങ്കിമാവിൻ തോട്ടങ്ങളുടെ കുളിരിൽ ഇരുന്നാണ് അക്കാലത്ത് ഞാൻ വായിച്ചത്. ആ പറങ്കിമാവിൻ തോട്ടങ്ങളും ആകാശവും കരിയിലകളുടെ മണവുമൊക്കെ ഖസാക്കിന് വഴിമാറി. ഖസാക്കിന്റെ ഗന്ധങ്ങൾ എന്നെ പൊതിഞ്ഞു.
ഖസാക്കിന്റെ അനന്തമായ കാലം തളം കെട്ടി കിടന്ന പന്ത്രണ്ട് പള്ളികൾക്കും അപ്പുറം പതിമൂന്നാമത്തെ പള്ളിയിലെ ഇതിഹാസ പീഠത്തിൽ ഇരുന്ന് ഖസാക്കിന്റെ പുരോഹിതൻ സയ്യിദ് മിയാൻ ഷൈഖിന്റെ പുകൾ പാടി. ആ ഇതിഹാസത്തിന്റെ മലയോരങ്ങളിലൂടെ ഒരു അഗതിയായി ഞാനും നടന്നു. സയ്യിദ് മിയാൻ ഷെയ്ഖിന്റെ അന്ത്യ ശുശ്രൂഷക്കായി ഉടയവന്റെ സേനാ വ്യൂഹമത്രയും എന്റെ മുമ്പിലെ പറങ്കിമാവിൽ തോട്ടത്തിൽ അണിനിരന്നു. ഖസാക്കിന്റെ യാഗാശ്വം തന്റെ വെള്ളക്കുപ്പായം കൈത്തണ്ടയോളം തെറുത്തു വെച്ച്, കരിവളകൾ തെറുത്തു കേറ്റി എന്റെ മുമ്പിൽ നിന്നു. അവളുടെ തലയിൽ നിന്നു തട്ടം ഊർന്നു വീണു. മലക്കുകൾ മോഹിക്കുംവിധം കാറു പിടിച്ച പോലെ ഇരുണ്ട് നിന്ന മുടി കണ്ട് ഞാൻ അതിശയിച്ചു.
വാക്കുകളിൽ കാന്തം പുരട്ടി ഞാനെന്ന ഇരുമ്പ് തരിയെ വിജയൻ വലിച്ചെടുക്കുകയായിരുന്നു. ചുള്ളിക്കമ്പുകൾ പൊറുക്കാൻ വരുന്ന സ്ത്രീകൾ പതിവുപോലെ എന്നെ പേര് ചൊല്ലി വിളിച്ചതൊന്നും ഞാൻ കേട്ടില്ല. ചുറ്റും നടക്കുന്നതൊന്നും ഞാൻ അറിഞ്ഞില്ല. എനിക്ക് മുമ്പിൽ മലയാളത്തിന്റെ മൗലിക പ്രതിഭ സൃഷ്ടിച്ച വാക്കുകൾ അതിന്റെ ഉടൽ വടിവുകളുടെ സൗന്ദര്യവുമായി സുന്ദരിയായ കാമുകിയെപ്പോലെ നഗ്നയായി കിടന്നു.
ആ നഗ്ന സൗന്ദര്യത്തിന്റെ ഓരോ അണുവിലൂടെയും ഒടുങ്ങാത്ത പ്രണയ ദാഹവുമായി എന്റെ കണ്ണുകൾ ഒഴുകി നടന്നു. ജന്മാന്തരങ്ങളുടെ ഇളവെയിലിൽ കർമ്മ ബന്ധങ്ങളുടെ പൊരുളറിയാത്ത അപ്പുക്കിളി തുമ്പികളെ നായാടി. നൈജാമലിയെ ഓർത്ത് അള്ളാ പിച്ചാ മൊല്ലാക്ക വേദനിച്ചപ്പോൾ എന്റെ നെഞ്ചാണ് കനത്തത്.
മൈമൂനയെ തനിക്ക് നഷ്ടമാവുകയാണെന്ന അറിവിൽ രതിയിലേക്കും വിപ്ളവത്തിലേക്കും അവിടെ നിന്ന് ആത്മീയതയിലേക്കും പിന്നെ തിരികെ ഭൗതികതയിലേക്കും നിറം മാറുന്ന നൈജാമലിയെ പോലെ ഒരു കഥാപാത്രത്തെ ഖസാക്കിന് മുമ്പും ഖസാക്കിന് ശേഷവും ഞാൻ വായിച്ചിട്ടില്ല. എന്റെ ബോധത്തിലെ പള്ളിക്കാടുകളിൽ നൈജാമലി കത്തിച്ചു വെച്ച ചന്ദനത്തിരികൾ ഇപ്പോഴും എരിയുന്നുണ്ട്. അതിന്റെ സുഗന്ധം ആ പറങ്കിമാവിൻ കൊമ്പിലിരുന്ന് അന്ന് ആസ്വദിച്ച പോലെ ഇപ്പോഴും ഞാൻ ആസ്വദിക്കുന്നുണ്ട്.
വീട്ടിൽ നിന്നും ഉമ്മ എന്നെ തിരഞ്ഞു വന്നു. രാവിലെ കുടിച്ച കാലി ചായ അല്ലാതെ മറ്റൊരു വസ്തുവും അതുവരെ എന്റെ വയറ്റിലേക്ക് എത്തിയിട്ടില്ലെന്ന് അപ്പോഴാണ് ഞാൻ ഓർത്തത്. ‘ഇപ്പോ വരാന്ന്’ പറഞ്ഞ് ഉമ്മാനെ ഞാൻ മടക്കി അയക്കുമ്പോൾ, വിദൂരതയിൽ ഇരുട്ടുകെട്ടിയ ഒരു നാലുകെട്ടിനകത്തെ കിണറിന്റെ ആൾമറയിൽ മുങ്ങാങ്കോഴി ഇരിക്കുന്നുണ്ടായിരുന്നു. ഞാൻ നോക്കി നിൽക്കെ അയാൾ കിണറ്റിലേക്ക് കൂപ്പുകുത്തി. കിണറും കടന്ന് ഉൾ കിണറ്റിലേക്ക്... വെള്ളത്തിന്റെ വില്ലീസു പടുതകളിലൂടെ അയാൾ നീന്തുന്നത് ഞാൻ കണ്ടു. ചില്ലു വാതിലുകൾ കടന്ന്, സ്വപ്നത്തിലൂടെ... സാന്ധ്യ പ്രജ്ഞയിലൂടെ തന്നെ മാടിവിളിച്ച പൊരുളിന്റെ നേർക്ക് അയാൾ യാത്രയായി. അയാൾക്ക് പിന്നിൽ ചില്ലു വാതിലുകൾ ഒന്നൊന്നായി അടയുന്ന ശബ്ദം ഞാൻ കേട്ടു.
അങ്ങോട്ട് ചെല്ലാത്തതിനാൽ ഉമ്മ വായന ഭ്രാന്തനായ എനിക്ക് ചോറ് ഇങ്ങോട്ട് കൊണ്ടുവന്നു തന്നു. ഉച്ചവെയിലിന്റെ ചൂട് ശരീരം അറിഞ്ഞില്ല.
ഖസാക്കിലെ ചൂടിലും തണുപ്പിലും കോടച്ചിയുടെ വാറ്റ് ചാരായത്തിലും ചെതലിയുടെ മിനാരങ്ങളിലും കാൽവിരലിലെ വൃണത്തിലും കുട്ടാടൻ പൂശാരിയുടെ ദൈവപ്പുരയിലും കൈതതഴപ്പിന് മുകളിലെ ആ നാല് കിരീടങ്ങളിലും രാജാവിന്റെ പള്ളിയിലും അറബി കുളത്തിലെ മൈമൂനയുടെ നീരാട്ടിലും ഈരച്ചൂട്ടിന്റെ കനൽതുമ്പിലും ജമന്തിയുടെ മണം പുതച്ച് നിന്ന വസൂരി ചതുപ്പിലും വസൂരി കലകളുടെ മേട്ടിലും പള്ളത്തിലും കാപ്പി ചെടികളിലെ സാന്ധ്യ തീവ്രതയിലും കുപ്പുവച്ചൻ സമാധി കൊണ്ട നഷ്ട കാമത്തിന്റെ ചിതൽപുറ്റിലും അശാന്തിയുടെ മൂടൽ മഞ്ഞിലും ചാന്തുമ്മയുടെ ദൈന്യത്തിലും തങ്ങള് പക്കീരിയുടെ ഉന്മാദത്തിലും പ്രയാണങ്ങളുടെ ഗന്ധങ്ങളിലും പുനർജനി കാത്ത് കിടന്ന ചിലന്തികളിലും ഞാൻ മുങ്ങി നിവരുകയായിരുന്നു.
പറങ്കിമാവിൻ തോട്ടത്തിലേക്ക് ഇരുട്ടിറങ്ങുമ്പോൾ എനിക്ക് മുമ്പിൽ രവി ഒടുക്കത്തെ ബസ്സും കാത്ത് കിടന്നു. പെരുവിരലോളം ചുരുങ്ങിയ കാലവർഷത്തിന്റെ വെളുത്ത മഴ എനിക്ക് ചുറ്റും പെയ്തു.
ഖസാക്കിന്റെ ഇതിഹാസം വായിക്കുന്നതിനു മുമ്പുള്ള ഞാനായിരുന്നില്ല, ഖസാക്ക് വായിച്ചു കഴിഞ്ഞ ഞാൻ. ഒറ്റ വായനകൊണ്ട് നിർത്താൻ കഴിയുന്നതായിരുന്നില്ല ഖസാക്ക് എന്നിലുണ്ടാക്കിയ ചലനങ്ങൾ. മടക്കി കൊടുക്കും മുമ്പ് ഞാൻ ഒരിക്കൽ കൂടി ഖസാക്ക് വായിച്ചു.
പിന്നീട് വിയർപ്പിന്റെ വിലകൊടുത്ത് ഖസാക്കിന്റെ ഇതിഹാസം വാങ്ങി. പ്രണയം തോന്നിയ പെൺകുട്ടിക്ക് കൊടുത്തതും ഏറ്റവും അടുത്ത കൂട്ടുകാരോട് വായിക്കാൻ പറഞ്ഞതും ഏറ്റവും കൂടുതൽ തവണ ഞാൻ വായിച്ചതും ഭാര്യയെക്കൊണ്ട് വായിപ്പിച്ചതും ഉപ്പയായപ്പോൾ മക്കളോട് വായിക്കാൻ പറഞ്ഞതും ഖസാക്കിന്റെ ഇതിഹാസമാണ്.
ഖസാക്കിന്റെ ഇതിഹാസം വായിച്ചില്ലായിരുന്നു എങ്കിൽ എന്റെ വായനാലോകം തീരെ ചെറുതായി പോകുമായിരുന്നു. ധർമ്മ പുരാണവും ഗുരു സാഗരവും പ്രവാചകന്റെ വഴിയും മധുരം ഗായതിയും തലമുറകളും ഒ.വി. വിജയന്റെ കഥകളുമടക്കം അദ്ദേഹം എഴുതിയതൊക്കെയും തേടിപ്പിടിച്ച് വായിച്ചു. അദ്ദേഹത്തെക്കുറിച്ച് എഴുതപ്പെട്ടവയിൽ ഏറിയപങ്കും വായിച്ചു.
ഖസാക്ക് വായിച്ചിരുന്നില്ല എങ്കിൽ എനിക്ക് കൊമാലയിലേക്കും മക്കൊണ്ടയിലേക്കും മാൽഗുഡിയിലേക്കും പാണ്ഡവപുരത്തിലേക്കും തക്ഷൻകുന്നിലേക്കും മറ്റനേകം സ്ഥലകാലങ്ങളിലേക്കും യാത്ര പോവാൻ കഴിയുമായിരുന്നില്ല. മലയാള സാഹിത്യത്തിൽ മാത്രമല്ല, മലയാള ചിന്തയിലും ദർശനത്തിലും രാഷ്ട്രീയത്തിലും തലയെടുപ്പോടെ നിൽക്കുന്ന കാതലുള്ള വൃക്ഷം തന്നെയാണ് ഓട്ടുപുലാക്കൽ വേലുകുട്ടി വിജയൻ എന്ന ഒ.വി. വിജയൻ.
സി.ഐ.എ. ചാരൻ, ഹൈന്ദവ വാദി, അരാജകവാദി, ഇസ്ലാം വിരോധി, തുടങ്ങി പലതരം വിളിപ്പേരുകൾ ചാർത്തി നമ്മളീ മനുഷ്യനെ പരിഹസിച്ചിട്ടുണ്ട്. പലതരം കല്ലുകൾ കൊണ്ട് നമ്മളീ മനുഷ്യനെ എറിഞ്ഞിട്ടുമുണ്ട്. നമ്മൾ ചാർത്തിക്കൊടുത്ത വിളിപ്പേരുകൾ ഒന്നും തനിക്ക് ഇണങ്ങുന്നതല്ലെന്ന ഉത്തമ ബോധ്യത്തോടെ ആ മെലിഞ്ഞ മനുഷ്യൻ തനിക്കു മുമ്പിൽ നീണ്ടുകിടന്ന ദുഃഖ സഞ്ചാരങ്ങളുടെ ചവിട്ടടി പാതകളിലൂടെ സന്ദേഹിയായി നടന്നു.
ആ നടത്തം ഇല്ലായിരുന്നെങ്കിൽ മലയാളസാഹിത്യം വല്ലാതെ ചെറുതായി പോകുമായിരുന്നു. ഖസാക്കിന്റെ ഇതിഹാസം ഇല്ലായിരുന്നെങ്കിൽ മലയാള നോവൽ സാഹിത്യത്തിന് ഇത്രമാത്രം സൗന്ദര്യവും ഉൾക്കനവും ഉണ്ടാവുമായിരുന്നില്ല. എന്ന ഉറച്ച ബോധ്യത്തോടെ കടലിരമ്പമായി ഉള്ളിലുയരുന്ന വാക്കുകൾക്ക് കടിഞ്ഞാണിട്ടു കൊണ്ട് വിജയനെന്ന വിസ്മയത്തിനു മുൻപിൽ വിനയത്തോടെ...
Content Summary: Vayanavasantham, Column written by Abbas TP on OV Vijayan