എഴുത്തു സമകാലികമാകുമ്പോൾ വായനയിൽ നഷ്ടമാകുന്ന ചിലത്
കോവിഡ് 19 നൊപ്പം നമ്മൾ ഭരണകൂടങ്ങളുടെ നേരിട്ടുള്ള അധികാരത്തിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. നമ്മുടെ ദിവസങ്ങൾ തന്നെ പുറത്തുനിന്ന് തിട്ടപ്പെടുത്തത്തക്കവിധത്തിലാണ് ഇപ്പോൾ.
കോവിഡ് 19 നൊപ്പം നമ്മൾ ഭരണകൂടങ്ങളുടെ നേരിട്ടുള്ള അധികാരത്തിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. നമ്മുടെ ദിവസങ്ങൾ തന്നെ പുറത്തുനിന്ന് തിട്ടപ്പെടുത്തത്തക്കവിധത്തിലാണ് ഇപ്പോൾ.
കോവിഡ് 19 നൊപ്പം നമ്മൾ ഭരണകൂടങ്ങളുടെ നേരിട്ടുള്ള അധികാരത്തിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. നമ്മുടെ ദിവസങ്ങൾ തന്നെ പുറത്തുനിന്ന് തിട്ടപ്പെടുത്തത്തക്കവിധത്തിലാണ് ഇപ്പോൾ.
വർത്തമാനങ്ങളിൽ നമ്മൾ വളരുന്നു. പുതിയതു പലതും അറിയുന്നു, അറിഞ്ഞതു പലതും തിരുത്തുന്നു. ചിലതിനോട് പൂർണമായും വിയോജിക്കുന്നു, ചിലതിനെ ഒപ്പം കൂട്ടുന്നു.
ഇത് ചർച്ചകൾക്കായി മനോരമ ഓൺലൈൻ ഒരുക്കുന്ന ഇടം – ‘വർത്താനം’
ഇന്ന് ‘വർത്താനം’ പറയാനെത്തുന്നു ‘സൂസന്നയുടെ ഗ്രന്ഥപ്പുര’യിലൂടെ മലയാളത്തിന്റെ ഗ്രന്ഥപ്പുരകളിൽ സ്വന്തം ഇടം നേടിയെടുത്ത അജയ് പി. മങ്ങാട്ടും ‘യുവാവായിരുന്ന ഒന്‍പതു വർഷ’ത്തിലൂടെ നിത്യയൗവനത്തിനുള്ള മരുന്ന് ഭാഷയ്ക്കു സമ്മാനിച്ച കരുണാകരനും –
അടച്ചിടപ്പെട്ട ലോകം, തന്നിലേക്കു തിരിയുന്ന മനുഷ്യർ...
കരുണാകരൻ: മനുഷ്യ ജീവിതത്തെ ഉള്ളിൽ നിന്നുതന്നെ ചിതറിക്കുന്ന ഒരുതരം നിശ്ശബ്ദത കൂടി ഈ മഹാമാരിക്കൊപ്പം വന്നിട്ടുണ്ട്. എഴുത്തുകാരായി തുടരുക എന്നതു തന്നെ ‘കന’മുള്ളൊരു പ്രവൃത്തി പോലെ തോന്നുന്നു. രണ്ടു തരം നിശ്ശബ്ദതയിൽ ആണ്ടു കിടക്കുന്നു എന്ന ഒരു ബോധം നമ്മുടെ ഉള്ളിൽത്തന്നെ വരികയാണ്. എഴുതുമ്പോൾ നാം പക്ഷേ ലോകത്തിൽനിന്ന് വേർപെടുന്നുമുണ്ട്. ലോകം നമ്മളെ വീടുകൾക്കുള്ളിൽത്തന്നെ അടച്ചിടുന്ന ഒരവസ്ഥയിലും അങ്ങനെ ഒരു വേർപെടൽ സാധ്യമാകുന്നുമുണ്ട്. എഴുത്തു നൽകുന്ന സ്വാതന്ത്ര്യം, അത് എത്ര അപേക്ഷികമാണെങ്കിലും, നഷ്ടപ്പെടുന്നു. ഞാൻ വിചാരിക്കുന്നത് എഴുത്ത് കണ്ടുപിടിച്ചതു തന്നെ ലോകത്തിന്റെ ഈ സക്രിയതയ്ക്ക് അകത്തായിരുന്നു എന്നാണ്. ഓട്ടത്തിനിടയിൽ വച്ച് ഓട്ടം ഉപേക്ഷിച്ച് നടത്തം തിരഞ്ഞെടുക്കുന്നതു പോലെയുള്ള സംബന്ധതയും ഉപേക്ഷിക്കലും ഉണ്ട്. ഈ രണ്ടു തരം നിശ്ശബ്ദതകളുടെയും ഒപ്പമുള്ള ജീവിതം, ഇപ്പോൾ അതൊരു പ്രശ്നമായിട്ട് എനിക്ക് തോന്നുന്നില്ല.
അജയ് പി. മങ്ങാട്ട്: രണ്ടാം വർഷത്തിലേക്കു നീളുന്ന അടച്ചിരുപ്പിന്റെ അനുഭവങ്ങൾ, അതിനു മുൻപേയുള്ള ജീവിതവുമായി താരതമ്യം ചെയ്യുമ്പോൾ, ഇപ്പോൾ എനിക്ക് നഷ്ടമായ കാര്യം പ്രധാനമായും സ്ഥലങ്ങളും വസ്തുക്കളും ആണ്. മനുഷ്യരെ ഒരു കൂട്ടം എന്ന നിലയിൽ അല്ലാതെ വ്യക്തികൾ എന്ന നിലയിൽ എനിക്കു മിസ് ചെയ്തിട്ടില്ല. കാരണം കഴിഞ്ഞ 20–25 വർഷത്തിനിടയിൽ ഞാൻ വ്യക്തികളുമായി അധികം അടുപ്പം ഉണ്ടാക്കിയിട്ടില്ല. വളരെ കുറച്ചു പേരുമായി മാത്രമാണ് എനിക്കു ദിനവും നേരിട്ട് ഇടപഴകേണ്ടിവന്നിട്ടുള്ളത്. അതു മാറ്റി നിർത്തിയാൽ ഞാൻ ആളുകളെ കൂട്ടങ്ങളായിട്ടാണ് അനുഭവിച്ചിട്ടുള്ളത്. ബസ് സ്റ്റാൻഡിൽ നിൽക്കുമ്പോഴുള്ള കൂട്ടം, ബസിൽ യാത്ര ചെയ്യുമ്പോൾ ചുറ്റുമുള്ള കൂട്ടം, മരണവീട്ടിലോ കല്യാണവീട്ടിലോ ഫിലിം ഫെസ്റ്റിവൽ പോലെയുള്ള സാംസ്കാരിക പരിപാടികളിലോ തിയറ്ററുകളിലോ പോകുമ്പോൾ സ്വാഭാവികമായും നാം ചെന്നുകലരുന്ന മനുഷ്യരുടെ ലയം– സവിശേഷമായ ഒരു ഗന്ധം കണക്കെ, മൾട്ടിറ്റ്യൂഡ് എന്ന അനുഭവമാണ് ഏറ്റവും ഉത്സാഹവും ഊർജവും കൊണ്ടുവന്നിരുന്നത്. അങ്ങനെ നോക്കുമ്പോൾ ആ ഒരു കൂട്ടം (മൾട്ടിറ്റ്യൂഡ്) ആണ് എനിക്ക് നഷ്ടമായത്. വ്യക്തിയല്ല.
മനുഷ്യർക്കൊപ്പം സ്ഥലങ്ങളും വസ്തുക്കളും കൂടി ഇങ്ങനെ വലിയ തോതിൽ കൂട്ടത്തോടെ നഷ്ടപ്പെട്ടതായി, അകന്നു പോയതായി എനിക്ക് തോന്നുന്നു. പതിവായി പോയിക്കൊണ്ടിരുന്ന സ്ഥലങ്ങളിലെ ചില ഇടങ്ങൾ, ചില പ്രത്യകതരം വസ്‌തുക്കൾ, ചില ഹോട്ടൽ മുറികൾ, ചില തെരുവുകളിലെ വെയിൽ... ഒക്കെ കോവിഡ് പൂർവ കാലത്ത് എന്റെ ഇമാജിനേഷന്റെ ഭാഗം കൂടിയായിരുന്നു. വായന മാത്രമല്ല ഭാവന പോലും ഈ തിരക്കുകൾക്കകത്തു നിന്ന്, ഈ വസ്‌തുക്കൾക്ക് അകത്തു നിന്ന്, ഈ സ്ഥലങ്ങൾക്കകത്തുനിന്ന് വന്നിരുന്ന ഒന്നായിരുന്നു എന്നു തോന്നുന്നു.
ഒരു പുസ്തകവുമായി വീടിനകത്ത് ഇരിക്കുമ്പോൾ ഈ വസ്തുക്കളെയും സ്ഥലങ്ങളെയും പല ദിശകളിൽനിന്ന് പിടിച്ചെടുക്കാനൊരു ശ്രമം ആണ് വാസ്‌തവത്തിൽ നടക്കുന്നത്. അത് പുതിയ പുസ്‌തകം വായിക്കുമ്പോൾ ആയാലും പഴയ പുസ്‌തകം വായിക്കുമ്പോൾ ആയാലും കവിത വായിക്കുമ്പോൾ ആയാലും അതിലെ ഒരന്തരീക്ഷം ഒരു പ്രദേശമായിട്ടോ പ്രത്യേക ഒരു ഇടമായിട്ടോ പ്രത്യേക ചില വസ്തുക്കൾ ആയിട്ടോ ജന്തുജാലമായോ അനുഭവപ്പെടാം. ജന്തുക്കളുടെ അസാന്നിധ്യം കൂടി ഞാൻ ഈ സന്ദർഭത്തിൽ ഓർക്കുന്നു. അത് വലിയൊരു കുറവാണ്. നാം ചെന്നുമുട്ടിയിരുന്ന പലതരം പ്രാണിജാലങ്ങൾ... ഇങ്ങനെ ഒരു ഇറങ്ങി നടത്തത്തിൽ കിട്ടിക്കൊണ്ടിരുന്ന കുറേയധികം കാര്യങ്ങൾ വിദൂരതയായി മാറിയിട്ടുണ്ട്. പക്ഷേ അത് എന്തെങ്കിലും രീതിയിൽ നമ്മുടെ ചിന്തയെ അല്ലെങ്കിൽ നമ്മുടെ ഭാവനയെ സ്വാധീനിക്കുന്ന ഒരു ഘടകമായി വികസിക്കുമോ എന്ന കാര്യം അറിയില്ല.
അധികാരവും കലയും തമ്മിൽ...
കരുണാകരൻ: ശരിയാണ്, ഓരോ ആളുടെയും ഉള്ളിൽ ഏകാന്തതയുടെ ഒരു ജനസഞ്ചയം കൂടി പാർക്കുന്നു. അങ്ങനെയൊന്ന് പുറത്തില്ലാതിരിക്കുമ്പോഴും അത് ശരിയാണ്. ഒരു പക്ഷേ നമ്മൾ ഒരു ജനസഞ്ചയത്തിൽ കൂടിത്തന്നെയാണ് നമ്മുടെ ഏകാന്തതയെയും അനുഭവിക്കുന്നത്. എന്തായാലും അത് ഇപ്പോൾ മിസ്സിങ് ആണ്.
വാസ്തവത്തിൽ, കോവിഡ് 19 നൊപ്പം നമ്മൾ ഭരണകൂടങ്ങളുടെ നേരിട്ടുള്ള അധികാരത്തിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. നമ്മുടെ ദിവസങ്ങൾ തന്നെ പുറത്തുനിന്ന് തിട്ടപ്പെടുത്തത്തക്കവിധത്തിലാണ് ഇപ്പോൾ. ജനാധിപത്യ ജീവിതത്തിനകത്തെ പുതിയ ബോധ്യമായല്ല ഈ നിയന്ത്രണങ്ങൾ ഇന്ന് അവതരിക്കപ്പെടുന്നത്, മറിച്ച് ഭരണകൂടത്തിന്റെ ഉത്തരവാദിത്തത്തിലേക്ക് നമ്മുടെ അവകാശങ്ങൾ കൈമാറ്റം ചെയ്യപ്പെട്ടുകൊണ്ടാണ്. ഇതും ഒരുതരം പുതിയ ക്ഷതങ്ങളെ ഉണ്ടാക്കുന്നു...
അജയ് പി. മങ്ങാട്ട്: ഭാഷയുടെ ചരിത്രം എന്നത് ആ ഭാഷയുടെ സാമൂഹികവും രാഷ്ട്രീയവുമായ ചരിത്രവും കൂടി ഉൾപ്പെടുന്നതാണ്. കോവിഡ് സാഹചര്യങ്ങളിൽ എപ്രകാരമാണ് വിവിധ രാജ്യങ്ങളിലെ ഭരണകൂടങ്ങൾ അവരുടെ സമഗ്രാധിപത്യ പ്രവണതകളെ കൂടുതൽ ബലപ്പെടുത്തിയതെന്ന് നാം ഇപ്പോൾ കാണുന്നുണ്ട്. ജനാധിപത്യത്തെ നിരാകരിക്കുന്ന അധികാരസ്വരൂപങ്ങളെ, കോവിഡ് പൂർവകാലത്ത് നമ്മുടെ ഭാഷ എങ്ങനെയാണു നേരിട്ടത്? നമ്മുടെ സാഹിത്യ ചരിത്രത്തിൽ നോക്കിയാൽ, സമഗ്രാധിപത്യം എന്ന പ്രവണതയെ വിജയൻ തന്റേതായ ഒരു ദാർശനികത മുന്നിൽ വച്ച് അഭിമുഖീകരിച്ചത് തന്റെ ഭാഷയിലൂടെയാണ്. ധർമപുരാണം പോലെ ഒരു കൃതി രൂപം കൊണ്ടത് അന്നത്തെക്കാലത്തിന്റെ, അടിയന്തരാവസ്ഥ അടക്കം ബന്ധപ്പെടുന്ന ആലോചനകളിൽ നിന്നാണ്. ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ, സോവിയറ്റ് റിപ്പബ്ലിക്കുകളിൽ ഇതേ ദശകങ്ങളിൽ പലരൂപത്തിലുള്ള സമഗ്രാധിപത്യങ്ങൾ നിലവിൽ ഉണ്ടായിരുന്നു. കോളനിവാഴ്ചയ്ക്കുശേഷം സ്വതന്ത്രമായ മിക്ക രാജ്യങ്ങളും രാഷ്ട്രീയ സമഗ്രാധിപത്യത്തിലൂടെയോ അടിയന്തരാവസ്ഥയിലൂടെയോ കടന്നു പോയിട്ടുണ്ട്. അവിടെയൊക്കെ സമഗ്രാധികാരങ്ങളെ അഡ്രസ്സ് ചെയ്ത് കൃതികൾ ഉണ്ടായിട്ടുമുണ്ട്. ഖസാക്കിന്റെ ഇതിഹാസത്തിൽ നിന്ന് ധർമപുരാണത്തിലേക്കു വരുമ്പോൾ, ധർമപുരാണത്തിൽ നിന്ന് ഗുരുസാഗരത്തിലേക്ക് വരുമ്പോൾ.... അതിൽ കൃത്യമായ രാഷ്ട്രീയ മൂല്യചിന്തകളുടെ അടിസ്ഥാനത്തിലുള്ള പരിണാമങ്ങൾ, വികാസങ്ങൾ ഉണ്ടായതായി കാണാം. രാഷ്ട്രീയം അവിടെ എഴുത്തുകാരന്റെ ഭാവനാപ്രദേശങ്ങളെ നിർമിച്ചു സഞ്ചരിക്കുന്നു.
ഈ കാലത്തു നമ്മുടെ എഴുത്തുകാർ രാഷ്ട്രത്തെ, എങ്ങനെയാണ് ഭാഷയിൽ അഭിമുഖീകരിക്കുന്നത് ? നമ്മുടെ രാഷ്ട്രീയ സാഹചര്യങ്ങൾ എങ്ങനെയാണ് എഴുത്തിൽ പ്രതിഫലിക്കുന്നത്?. ഏതു തരത്തിൽ ആണ് വിജയൻ രാഷ്ട്രത്തെയും സംസ്‌കാരത്തെയും ആത്മീയതയെയും എഴുത്തുമായി ബന്ധിപ്പിച്ചിരുന്നത്? ആധുനികതയുടെ കാലത്തെ ആ പ്രവണതകളെ ഈ പുതിയ നൂറ്റാണ്ടിൽ ഇരുന്നു നോക്കുമ്പോൾ, വേറൊരു തലത്തിലേക്ക് നമ്മുടെ ഭാഷയിലെ അന്വേഷണങ്ങൾ പോയിട്ടുണ്ടെന്ന് താങ്കൾക്ക് തോന്നുന്നുണ്ടോ ?
കരുണാകരൻ: അധികാരവുമായിട്ടുള്ള ബന്ധത്തിൽ അതിന്റെ സാർവജനീന സ്വഭാവം ശരിക്കും കാണുന്നത് മോഡേണിറ്റിയുടെ സമയത്തു തന്നെയാണ്. മോഡേണിറ്റിയുടെ ആ അവസ്ഥയ്ക്കുള്ളിൽ നിന്നാണ് ഇന്നത്തെ സൂക്ഷ്മാംശങ്ങളിലേക്ക് കലയും സാഹിത്യവും ഒക്കെ പോകുന്നത്. വിജയൻ തന്നെയാണ് ഇതിനോട് നേരിട്ടു സംവദിക്കാൻ തയാറായിട്ടുളള ഒരാൾ. അത് രണ്ടർഥത്തിലാണ് എനിക്ക് തോന്നിയിട്ടുള്ളത്– പ്രാദേശികമായിട്ടും ദേശീയമായിട്ടും. സാർവജനീന സ്വഭാവമായി അധികാരത്തെയും കലയെയും ബന്ധപ്പെടുത്തി എഴുത്തിനെ കാണുന്നതും എഴുതുന്നതും വിജയന്റെ ജീവിതത്തിൽ ഉടനീളം കാണാൻ പറ്റും. അത് സവിശേഷമായ ഒരു വായനാനുഭവം തന്നെയാണ് മലയാളത്തിൽ.
എനിക്ക് തോന്നിയിട്ടുള്ള ഒരു കാര്യം ‘ധർമപുരാണം’ വാസ്‌തവത്തിൽ അടിയന്തരാവസ്ഥയ്ക്ക് എതിരെയോ അടിയന്തരാവസ്‌ഥയുടെ പശ്ചാത്തലത്തിലോ ഉണ്ടാകുന്ന ഒരു കൃതിയല്ല എന്നാണ്; അങ്ങനെയാണ് അത് അധികവും വായിക്കപ്പെട്ടതെങ്കിലും. അതിനപ്പുറത്ത് സോവിയറ്റ് റഷ്യയുടെ, കമ്യൂണിസ്റ്റ് ഭരണക്രമത്തിന്റെ, അധികാര മാതൃകയോടുള്ള പ്രതികരണം എന്ന നിലയ്ക്കാണ് ശരിക്കും ധർമപുരാണം വായിക്കപ്പെടേണ്ടത്. അങ്ങനെയാണതിന്റെ സാർവലൗകിക സ്വഭാവം. അടിയന്തരാവസ്ഥയുടെ പ്രതികരണം എന്ന രീതിയിൽ വായിക്കുമ്പോൾ ഇത് നഷ്ടപ്പെടുന്നു. അടിയന്തരാവസ്ഥ വാസ്‌തവത്തിൽ ജനാധിപത്യത്തിന്റെ ഉള്ളിലുള്ള ഏകാധിപത്യ പ്രവണതയെ, അല്ലെങ്കിൽ അതിന്റെ ഒരു അംശത്തെ ആണ് നേരിടുന്നത്. ജനാധിപത്യ വിരുദ്ധമായ സോവിയറ്റിന്റെ ലെനിനിസ്റ്റ് ഭരണഘടനാ രൂപവും അതിന്റെ ഏകാധിപത്യ ഫാഷിസ്റ്റ് സ്വഭാവവും ആണ് വിജയനെ അലട്ടിയിരുന്നത്. അതാണ് വിജയൻ വിഷയമാക്കുന്നത്. ‘ധർമ്മ പുരാണ’ത്തിന് അങ്ങനെയുള്ള ഒരു വായനയാണ് വേണ്ടത്. പക്ഷേ മലയാളത്തിൽ ചർച്ചകൾ അധികവും വന്നിരിക്കുന്നത് അടിയന്തരാവസ്ഥയുടെ പശ്ചാത്തലത്തിലാണ്. തീർച്ചയായിട്ടും അതിനെ അടിയന്തരാവസ്ഥയോട് ബന്ധിപ്പിക്കാനും ആ രീതിയിൽ പ്രതികരിക്കാനും പറ്റും. പക്ഷേ അതിനുമപ്പുറത്ത് അധികാരത്തിന്റെ അല്ലെങ്കിൽ ഭരണകൂടത്തിന്റെ ഒരു മറുരൂപം അവതരിപ്പിക്കുക എന്നുള്ള രീതിയിൽ ആണ് ഈ സോവിയറ്റ് മാതൃകകൾ അക്കാലത്ത് വരുന്നത്.
വിജയന്റെ കലയുടെ വലിയൊരു പ്രശ്നം, അദ്ദേഹത്തിന്റെ എഴുത്തിന്റെ കാലം അന്നത്തെ ‘ശീതയുദ്ധകാല’മാണ് എന്നതാണ്. ശീതയുദ്ധകാലത്തിന്റെ, അല്ലെങ്കിൽ അക്കാലത്തെ അധികാരത്തെ സംബന്ധിച്ചുള്ള രൂപ മാതൃകകൾ ആയിരുന്നു വിജയന് വിഷയമായിരുന്നത്. അതിന്റെ എല്ലാവിധ ‘അസുഖ’ങ്ങളും വിജയന്റെ എഴുത്തിൽ ഉണ്ട്. അതിലെ ജനാധിപത്യവുമായി ബന്ധപ്പെട്ടുള്ള വാദങ്ങൾ, മതേതരത്വത്തെക്കുറിച്ചുള്ള സങ്കൽപങ്ങൾ, ഗാന്ധിയൻ ആദർശങ്ങൾ ഇങ്ങനെ ഓരോ അനുഭവത്തിലേക്കും വിജയൻ കടന്നു പോകുന്നു. അങ്ങനെ ഒരു എഴുത്തുരീതി പിൽക്കാലത്ത് വന്നിട്ടില്ല എന്ന് എനിക്കു തോന്നിയിട്ടുണ്ട്.
അധികാരത്തെ സംബന്ധിച്ച് ആനന്ദൊക്കെ അവതരിപ്പിക്കുന്ന രീതി മറ്റൊന്നാണ്. ആനന്ദ് അധികാരത്തോടു നേരിട്ടല്ല സംവദിക്കുന്നത്. സ്വതവേ മനുഷ്യാവസ്ഥ കുടുങ്ങിക്കിടക്കുന്ന ഒരു പ്രദേശം പോലെയാണ് അധികാരം ആ എഴുത്തിൽ വരുക. വിജയൻ അങ്ങനെയല്ല. വിജയൻ ശരിക്കും ഭരണകൂട രൂപങ്ങളോടുള്ള നേരിട്ടുള്ള പ്രതികരണം എന്ന രീതിയിലേക്കാണ് എഴുത്തും കാര്യങ്ങളും മാറ്റുന്നത്. ഒരു തരം ആക്ടിവിസം പോലെ.
ആധുനികതയുടെ കാലത്ത് പീന്നീടു വരുന്നത് വേറൊരു രീതിയാണ്. ഒരു ഘട്ടത്തിൽ കമ്യൂണിസ്റ്റ് തീവ്രവാദത്തിന്റെ ഒക്കെ സ്വാധീനം മലയാളത്തിൽ വരുന്നതോടു കൂടി ഈ അധികാര രൂപങ്ങളോടുള്ള നമ്മുടെ പ്രതികരണം തന്നെ മാറി. മോഡേണിറ്റി തന്നെ വഞ്ചിക്കപ്പെടുന്ന അവസ്ഥ ഉണ്ടായി എന്ന തോന്നലാണ് എനിക്കുള്ളത്. ആധുനികകവിതകളിലൊക്കെ പിന്നീട് വന്ന മാറ്റത്തിൽ ഇത് ദൃശ്യമാണ്. ഇന്ന് നമ്മൾ ആലോചിക്കുമ്പോൾ ഇടതുപക്ഷ തീവ്രവാദത്തിനോടും കമ്യൂണിസ്റ്റ് സങ്കല്പങ്ങളോടും ചായ്വുള്ള ആ കാലത്ത് എഴുതുന്ന ഒരു നല്ല സംഘം കവികളും അധികാരത്തോട് ഇതു പോലെ സർഗാത്മകമായി നേരിട്ട് ഒരു ഏറ്റുമുട്ടൽ നടത്തിയിരുന്നില്ല എന്നു കാണാം. കാരണം അവർക്കു പകരം വയ്ക്കാൻ ഒരു ഭരണകൂട മാതൃക ഉണ്ടായിരുന്നു. വിപ്ലവത്തിനു ശേഷം എന്താണ് തങ്ങൾ സ്ഥാപിക്കാൻ പോകുന്ന ഭരണകൂടം, അല്ലെങ്കിൽ വിപ്ലവം എന്തായിരിക്കണം, എന്തിനായിരിക്കണം എന്നിങ്ങനെയുള്ള കഠിനമായ നിശ്ചയങ്ങൾ ഉണ്ടായിരുന്ന മനുഷ്യരായിരുന്നു അവർ. അത് നമ്മുടെ മോഡേണിറ്റിയെ വളരെയധികം ചെറുതാക്കി. അതിന്റെ സർഗാത്മകതയെത്തന്നെ മറ്റൊന്നാക്കി. ഇപ്പോഴും അതിന്റെ നിഴൽ നമുക്കിടയിൽ നിലനിൽക്കുന്നു.
അജയ് പി. മങ്ങാട്ട്: വിജയനെയും മോഡേണിറ്റിയെയും സംബന്ധിച്ച് കരുണാകരൻ പറഞ്ഞ കാര്യങ്ങളുടെ തുടർച്ചയായി വരുന്ന ഒരു ഘടകം, എഴുത്തിന്റെ സ്വഭാവം നിർണയിക്കുന്ന, എഴുതുന്ന ആളിന്റെ സർഗാത്മകമായ പ്രതികരണ രീതി ഒരു ഏസ്തെറ്റിക് എന്ന നിലയിൽ, ഏറ്റവും സങ്കീർണമോ വൈരുധ്യപൂർണമോ ആയ വികാസം വിജയന്റെ കൃതികളിൽ എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട്. അതായത് മധുരം ഗായതി ആണെങ്കിലും ധർമപുരാണം ആയാലും അതിൽ തിന്മയുടെ അല്ലെങ്കിൽ സ്വേച്ഛാധികാരത്തിന്റെ ടോക്സിക് ആയിട്ടുള്ള അവസ്ഥയെ സ്ത്രീയും പുരുഷനും തമ്മിലുള്ള, അല്ലെങ്കിൽ രണ്ടു സത്തകൾ തമ്മിലുള്ള ശക്തമായ സ്നേഹബന്ധം, അഗാധമായ അനുരാഗം, കൊണ്ട് മറികടക്കുന്നതാണ്. തോക്കുകൊണ്ടല്ലാത്ത ചെറുത്തുനിൽപിന് സാഹോദര്യത്തിന്റെയും പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും ഒക്കെ കൂട്ടായ്‌മയെ ഒരു മതിലു പോലെ നിർത്തുന്ന സന്ദർഭങ്ങൾ... അത് സാഹിത്യത്തിന് അകമേ നിന്നു പ്രസരിക്കുന്ന സൗന്ദര്യമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.
സാഹിത്യത്തിലേക്ക് നമ്മെ അടുപ്പിച്ച് നിർത്തുന്ന വളരെ ശക്തമായ എസ്തെറ്റിക്സ് എന്ന രീതിയിലാണ് ഈ ഒരു കാഴ്ചപ്പാടിനെ വിജയൻ കൊണ്ടുവരുന്നതെന്ന് എനിക്കു തോന്നുന്നു. മധുരം ഗായതിയിലൊക്കെ വളരെ ശക്തമാണത്. ധർമപുരാണം കഴിഞ്ഞു വന്ന ഗുരുസാഗരം പോലെയുള്ള കൃതികളിലും ആ ഒരു കാഴ്ചപ്പാട് വിജയൻ മുന്നോട്ട് വയ്ക്കുന്നുണ്ട്. അതിൽ ഗുരുസങ്കൽപം പോലെയുള്ള കാര്യങ്ങളിൽ എനിക്ക് അഭിപ്രായവ്യത്യാസം ഉണ്ടെങ്കിലും. വ്യക്തികൾ തമ്മിലുള്ള ബന്ധങ്ങളെ വേറൊരു തലത്തിലേക്ക് മാറ്റാനുള്ള ഒരു ശ്രമം വിജയൻ നടത്തുന്നതായിട്ട് നമുക്ക് കാണാം.
എഴുത്തിലെ ഏസ്തെറ്റിക്സും രാഷ്ട്രീയവും
കരുണാകരൻ: വിജയന്റെ ഏത് രചനകളിലൂടെ കടന്നു പോയാലും ഒരു കാലഘട്ടം അല്ലെങ്കിൽ ഒരു പ്രത്യേക രാഷ്ട്രീയ പരിതസ്ഥിതി അദ്ദേഹത്തെ എപ്പോഴും ഇങ്ങനെ ആവേശിച്ചിരുന്നു എന്ന മട്ടിലാണ്.. അധികാരത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പ്രശ്നം ആയിട്ട് തന്റെ കൃതികളെ അല്ലെങ്കിൽ സ്വന്തം എഴുത്തിനെ കാണുക എന്നത് വലിയ ഒരു ചലഞ്ച് ആണ്.
എഴുത്ത് കൃത്യമായിട്ടൊ, എന്തെങ്കിലും നേടിയെടുക്കാൻ സഹായിക്കുന്ന ഒന്നായോ അല്ല ഒരാളിലേക്കു വരുന്നത്. അല്ലെങ്കിൽ അങ്ങനെയല്ല ഒരാൾ അതിനെ കാണുന്നത്. സ്വന്തം അസ്തിത്വത്തിന്റെ ഒരു ഭാഗം എന്ന നിലയ്ക്ക് എഴുത്തിനെ കാണുമ്പോൾ അതിന്റെ സ്വഭാവം തന്നെ വേറൊരു രീതിയിലേക്ക് മാറുകയാണ്. അതിന് ഉദാഹരണമാണ് വിജയൻ. പ്രത്യേകിച്ച് വിജയന്റെ കഥകൾ. ‘അരിമ്പാറ’ ഒക്കെ വായിക്കുമ്പോൾ ഇത് മനസ്സിലാകും. സ്വന്തം അസ്തിത്വത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ഒക്കെ പ്രശ്നം ആയിട്ട് എഴുത്ത് രൂപപ്പെടുകയാണ് വിജയനിൽ ചെയ്യുന്നത്. അത് വളരെ അപൂർവമായൊരു അനുഭവമാണ് മലയാളത്തിൽ.
ഞാൻ കുറച്ചു ദിവസങ്ങളായിട്ട് സി.ജെ. തോമസിന്റെ ലേഖനങ്ങൾ ഒക്കെ വായിക്കുകയായിരുന്നു. ആ കാലത്തോടുള്ള പ്രതികരണം എന്ന നിലയ്ക്കാണ് പല സംഭവങ്ങളോടും അദ്ദേഹം പ്രതികരിക്കുന്നത്. വിജയനിലേക്കെത്തുമ്പോൾ ആ സ്വഭാവം തന്നെ മാറുകയാണ്. എഴുത്തിന്റെ ഒരു ആവശ്യം സ്വന്തം ഉണ്മയുടെ ഒക്കെ ഒരു സ്വാതന്ത്ര്യ പ്രശ്നമായി മാറ്റുക എന്നത് വളരെ അപൂർവമായുള്ള ഒരനുഭവം ആണ്. ഇന്നത്തെ കാലത്ത് നമുക്കതൊരു പാഠമാണ്. നിങ്ങളിപ്പോൾ കൂടുതൽ രാഷ്ട്രീയവൽക്കരിക്കപ്പെട്ട ഒരു സമൂഹം എന്ന നിലയ്ക്ക് മലയാളിഎഴുത്തുലോകത്തെ കാണുകയാണെങ്കിൽ സബാൾട്ടൻ പൊളിറ്റിക്സോ അല്ലെങ്കിൽ മറ്റ് രീതിയിലുള്ള പല എഴുത്തുകാരും പല എഴുത്തും നമുക്ക് പരിചയമുണ്ട്. പക്ഷേ അത് സ്വാതന്ത്ര്യത്തിന്റെ പ്രശ്‌നമായിട്ട് അല്ലെങ്കിൽ എഴുത്തിന്റെ തന്നെ വലിയ പ്രശ്നമായിട്ടല്ല അവതരിപ്പിക്കുന്നത്, കുറച്ചു സമകാലികമാകാനുള്ള ഒരു താല്പര്യം എന്ന നിലയ്ക്ക് അതല്ലെങ്കിൽ അതിന്റപ്പുറത്തേക്ക് ആ എഴുത്ത് പോകുന്നില്ല. അതുകൊണ്ടുതന്നെ അതിന്റെ ഭാഷയിൽ, അതിന്റെ ഉള്ളടക്കത്തിൽ, സ്വയം ഒരു സൗന്ദര്യ അനുഭവം ആകാനുള്ള വിസമ്മതം, കുറവ്, ആ കൃതികൾ പ്രകടിപ്പിക്കുന്നു എന്ന് എനിക്ക് തോന്നുന്നു.
അജയ് പി. മങ്ങാട്ട്: ചില പ്രത്യേക ജനിതക സ്വഭാവങ്ങൾ പ്രകടിപ്പിക്കുന്ന ഒരു വായനാ സമൂഹത്തെ ലക്ഷ്യമിട്ടോ, അത്തരമൊരു സംഘത്തെ മുന്നിൽ നിർത്തിയോ ഒരാൾ ഒരു കലാസൃഷ്ടി നിർവഹിക്കുന്നതിൽ പ്രത്യേകിച്ച് സർഗാത്മകത ഒന്നും ഇല്ല. കലാസൃഷ്ടി അതിന്റെ വായനക്കാരെ നിർമിക്കുകയാണ് ചെയ്യേണ്ടത്. വായനക്കാരുടെയോ ആസ്വാദകരുടെയോ ഒരു സമൂഹത്തെ പുതുതായി നിർമിക്കുന്നതിലാണ് ഏതൊരു കലാസൃഷ്ടിയുടെയും സർഗാത്മകത.
നിങ്ങൾ ഒരു രചന നിർവഹിക്കുമ്പോൾ, അവിടെ നേരത്തേയുള്ള വായനാ ഭാവുകത്വത്തിന്റെ നിർവഹണം ആയിട്ടോ സഫലീകരണം ആയിട്ടോ ആണ് അത് വരുന്നതെങ്കിൽ, അവിടെ ക്രിയേറ്റിവിറ്റി എന്നത് പിൻനിരയിലേക്ക് പോവുകയാണ്. എഴുത്തുകാരെ സാഹസികരാകുന്നതിൽനിന്നു തടയുന്ന, സത്യസന്ധരാകുന്നതിൽനിന്നു തടയുന്ന ഒരു സാഹചര്യത്തിലാണ് എഴുത്തു കാലികമാകണം, പൊളിറ്റിക്കലി കറക്റ്റ് ആകണം എന്നെല്ലാം പറയുന്നതിന്റെ ഒരു താൽപര്യം കൂടി വരുന്നത്. അതായത് വായനക്കാരുടെ താൽപര്യത്തിന്റെ അല്ലെങ്കിൽ എഴുതുന്ന കാലത്ത് നിലവിലുള്ള ഐഡിയോളജികളുടെ പൂർത്തീകരണം എന്ന നിലയിലാണ് കലാസൃഷ്ടിയോ എഴുത്തോ മാറുന്നതെങ്കിൽ അത് ഒരു സാധാരണ പ്രവൃത്തിയാണ്. സ്വന്തം സർഗാത്മകതയുടെ ഇടം നിർമിച്ചെടുക്കേണ്ട ബാധ്യത എഴുത്താളിന്റെ വെല്ലുവിളി തന്നെയാണ്. നിലവിൽ ഉള്ള ഏതോ ഒരു ഭാവുകത്വത്തിനകത്തു കയറി ഇരിക്കേണ്ടതാവരുത് പുതിയ കൃതി.
ഒരു പുസ്‌തകം വായിക്കുമ്പോൾ മഹത്തായ ഒരു ഗ്രന്ഥമാണ് അല്ലെങ്കിൽ അത് ഒരു അപാര പുസ്‌തകമാണ് എന്നു നമുക്ക് തോന്നുന്നത് അതിൽ ഒരു സത്യം പുറത്തേക്കു പ്രസരിക്കുമ്പോഴാണ് എന്നെനിക്കു തോന്നിയിട്ടുണ്ട്. സാഹിത്യത്തിന്റെ ഒരു പൊരുൾ എന്താണെന്നുള്ള ഒരു ചോദ്യമുണ്ടല്ലോ, എന്തിന് എഴുതുന്നു എന്ന് പൊതുവേ ചോദിക്കാറുണ്ട് പലരും. എഴുത്തുകൊണ്ടുള്ള നേട്ടം എന്താണ്? സാഹിത്യമായിട്ടുള്ള ഈ നടത്തം എത്രത്തോളം പോകും?
കരുണാകരന്‍: എന്തിനെഴുതുന്നു എന്ന് ചോദിച്ചാൽ ആത്യന്തികമായി നമ്മുടെ ഒരു സന്തോഷത്തിന് വേണ്ടിയാണ് എന്നാണ് എന്റെ ഒരു ഉത്തരം. എഴുത്തിന്റെ സാമൂഹികതലത്തിനെപ്പറ്റിയാണ് ആ ചോദ്യം വരുന്നതെങ്കിൽ, അതിന്റെ ഉത്തരങ്ങൾ വളരെ വേഗം ഡൈവേഴ്‌സിഫൈ ചെയ്‌തു പോകും. പക്ഷേ, എനിക്ക് തോന്നാറുള്ളത് ദൈനംദിന ജീവിതത്തിൽ പെടുന്നതിന്റെ, വലിയ ഒരു മടുപ്പിന്റെ, ഒരു സേഫ്റ്റി വാൽവ് പോലെയാണ് സർഗാത്മകതയുടെ ഒരിടം. ക്രിയേറ്റിവിറ്റിയുടെ ഇടം ശരിക്കും പറഞ്ഞാൽ മടുപ്പാണ്. ഈ വലിയ മടുപ്പിൽനിന്ന് രക്ഷ നേടാൻ വേണ്ടിയിട്ടുള്ള ഒരു സാധനം പോലെയാണ് സർഗാത്മകത പലരിലും പ്രവർത്തിക്കുന്നത്.
എന്നോട് വ്യക്തിപരമായി എന്തൊക്കെയാണ് ഇഷ്ടം എന്നു ചോദിച്ചാൽ ഞാൻ പറയും ഏറ്റവും ഇഷ്ടം നടക്കാനാണ്. ഒരു മൂവ്മെന്റ് ആണ്. എഴുത്തിലും അതുപോലെ തന്നെയാണ്. മടുപ്പിൽനിന്ന് ഒരു മൂവ്മെന്റ്, ഒരു ചലനം കണ്ടെത്താനുള്ള ശ്രമം എന്ന നിലയ്ക്കാണ് എഴുത്തിനെ ഞാൻ കാണുന്നത്. അങ്ങനെ വരുമ്പോൾ അത് തികച്ചും വ്യക്തിപരമാണ്.
പക്ഷേ നമ്മുടെ ഇടയിൽ ഇത് ചർച്ച ചെയ്യുന്നത് എഴുത്തിന്റെ സമൂഹിക ഉപയോഗം എന്ന രീതിയിലാണ്. എഴുത്തിനെ ഒരു ഉല്പന്നമായിട്ടോ സാമൂഹിക ഉപയോഗമായിട്ടോ ചർച്ച ചെയ്യുമ്പോൾ അത് പ്രശ്നമാണ്. ചോദ്യം അതാണെങ്കിൽ എനിക്ക് കാലികമാകാൻ വളരെ വിസമ്മതം തോന്നുന്നു. കാലികമാകലല്ല എഴുത്തുകാരുടെ പ്രവൃത്തി. സമകാലികമാകാനുള്ള പ്രാപ്തി നേടലായിട്ട് എഴുത്തു മാറുന്ന സന്ദർഭങ്ങൾ ഉണ്ട്. അതു വളരെ അരാഷ്ട്രീയമായ സമീപനമായിട്ടാണ് എനിക്കു തോന്നിയിട്ടുള്ളത്. സാധാരണ രാഷ്ട്രീയപരമായിട്ടാണ് അത് വായിക്കപ്പെടാറുള്ളതെങ്കിൽ പോലും.
എഴുത്ത് സമൂഹത്തിന് എന്തു നന്മ നൽകുന്നു എന്നിങ്ങനെ, സമൂഹത്തിന് പ്രയോജനമുള്ള പ്രവൃത്തിയായി സാഹിത്യത്തെ കാണുന്ന രീതി ഉണ്ട്. നമ്മുടെ ഇടയിലാണെങ്കിൽ വളരെയധികം രാഷ്ട്രീയവൽക്കരിക്കപ്പെട്ട ഒരു സമൂഹം എന്ന നിലയിലാണിത്. ഇത് തെറ്റായ രീതിയാണ്. ഈ വ്യാജ പ്രതീതി നമ്മുടെ എഴുത്തിലും ഉണ്ട്. നമ്മുടെ രാഷ്ട്രീയവൽക്കരണ ചിന്തകൾ തീർച്ചയായും അധികാരത്തിനോടു ബന്ധപ്പെട്ടു നിൽക്കുന്നതാണ്. അങ്ങനെയാണ് അത് ആവിഷ്കരിക്കപ്പെടുന്നത്. നേരേമറിച്ച് അത് സ്വാതന്ത്ര്യത്തിന്റെ പ്രശ്നമായി വളരെക്കുറച്ചേ ചർച്ച ചെയ്യപ്പെടുന്നുമുള്ളു.
വിജയനു ശേഷം വരുന്ന കാലം നോക്കുമ്പോൾ, പ്രത്യേകിച്ച് 90 നു ശേഷമുള്ള രചനകളിൽ, ഇത്തരം സമകാലികമാകാനുള്ള പ്രവണത കാണാം. എൻ.എസ്. മാധവന്റെ കഥകളിൽ നമ്മൾ ഇതാണ് അഭിമുഖീകരിക്കുന്നത്. അതിലെ ക്രാഫ്റ്റ്മാൻഷിപ്പും ഭാഷയോടുള്ള പ്രണയവും വച്ചുകൊണ്ട് തന്നെ പറയട്ടെ, അതിന്റെ പരിമിതി സമകാലികമാകാനുള്ള ശേഷി പ്രകടിപ്പിക്കുന്നു എന്നാണ്. എന്നാലിത് വളരെയധികം ആഘോഷിക്കപ്പെട്ട ഒരു രീതിയായി മാറുകയാണ് ചെയ്‌തത്. അത് ഒരു അപകടമായാണ് എനിക്കു തോന്നുന്നത്. എസ്തെറ്റിക്സിനെക്കുറിച്ചുള്ള ഒരു ചർച്ചയിലേക്കോ അതിന്റ പ്രയോഗ സാധ്യതയിലേക്കോ ചെറുകഥകൾ നീങ്ങാത്ത ഒരു അവസ്ഥയിലേക്ക് ഇത് വരുകയായിരുന്നു.
ഏറ്റവും പുതിയ കഥാകൃത്തുക്കളുടെ ചില കഥകൾ എടുത്തു നോക്കിയാലും ഇത് കാണാം. സമകാലികമാകാനുള്ള തങ്ങളുടെ ശേഷി പ്രകടിപ്പിക്കുക എന്ന രീതിയിലേക്ക് കഥ മാറുകയാണ്. ഇതിന് ഒരു കാരണം നമ്മുടെ രാഷ്ട്രീയ മുഖരിതമായ അന്തരീക്ഷമാണ്. വളരെ ഫെയ്ക്ക് ആണത്. ലെഫ്റ്റ് ഓറിയന്റായിട്ടുള്ള ഒരു വായനാസമൂഹം ഉണ്ടെന്ന് വിശ്വസിക്കുകയും ആ ലെഫ്റ്റിന്റെ ആളുകളായി സ്വയം മാറുകയും ചെയ്യുന്ന ഒരു അവസ്ഥ എഴുത്തുകാരിലും ഉണ്ടായി.
എൻ.എസ്. മാധവന് മുൻപുള്ള പട്ടത്തുവിളയെ, എം സുകുമാരനെ ഒക്കെ നമ്മൾ വീണ്ടും വായിക്കുകയാണെങ്കിൽ അവരുടെ കഥയുടെ ഉള്ളടക്കം നമ്മുക്ക് തീരെ താല്പര്യമില്ലാത്ത വിധം ഇന്ന് റദ്ദായിപോയിട്ടുണ്ടാവും. പക്ഷേ ഭാഷാപരമായിട്ടും രൂപപരമായിട്ടും പട്ടത്തുവിളയൊക്കെ എടുക്കുന്ന ചില ചലഞ്ചുകൾ ഇപ്പോഴും ഗംഭീരം തന്നെയാണ്. ഇത് മാധവനിലേക്കെത്തുമ്പോൾ സ്ക്രിപ്റ്റിങ്ങിന്റെ ഒരു സ്വഭാവത്തിലേക്ക് പോകുന്നു...
ഇത് പലരെയും സ്വാധീനിച്ചിട്ടുണ്ട്. എന്നെയും ഒരുഘട്ടത്തിൽ സ്വാധീനിച്ചിട്ടുണ്ട്. പക്ഷേ, നമ്മൾ അതിനെ മറികടക്കുന്നത് സ്വപ്നത്തിന്റെയും ആവിഷ്കാരത്തിന്റെയും ഒരു ഭാഷ സാഹിത്യത്തിൽ സാധ്യമാണ് എന്ന രീതിയിൽ ആണ്. പക്ഷേ സമകാലികമാകാനുള്ള കഥാകൃത്തുക്കളുടെ താൽപര്യം വളരെ ആശങ്ക ഉണ്ടാക്കുന്ന ഒന്നാണ്. അങ്ങനെയാണെങ്കിൽ എന്തിനെഴുതുന്നു എന്നു ചോദിച്ചാൽ, ഉത്തരം ഞങ്ങൾക്ക് ജനപ്രിയരാവാനുള്ള താൽപര്യം എന്നു പറയേണ്ടി വരും. പക്ഷേ അതല്ല, എഴുത്തിന്റേത് വേറൊരു ലോകമാണ്.
Content Summary: Varthanam- Column written by Rintuja John, A talk with writers Ajai P Mangattu and Karunakaran