ശാസ്ത്രം കൊണ്ടുവരുന്ന വലിയ നിലവിളികൾ
ഐസർ ഒരു ശാസ്ത്ര സ്ഥാപനമാണ്. കുട്ടികളെ ശാസ്ത്രം പഠിപ്പിക്കുന്നത്. കെട്ടിടങ്ങൾക്കു പെയിന്റ് അടിക്കുന്ന ഒരു തൊഴിലാളിയെ സംബന്ധിച്ചിടത്തോളം ഉള്ളിൽ എന്തായാലെന്ത്? പക്ഷേ, ഐസർ കെട്ടിടത്തിനു പെയിന്റടിക്കുന്ന രാംലാലിനെ സംബന്ധിച്ചിടത്തോളം പുറം പോലെ തന്നെ പ്രധാനമാണ് അകവും. പതിനാലാം നിലയിലെ ഉരുക്കുബാരക്കിൽ
ഐസർ ഒരു ശാസ്ത്ര സ്ഥാപനമാണ്. കുട്ടികളെ ശാസ്ത്രം പഠിപ്പിക്കുന്നത്. കെട്ടിടങ്ങൾക്കു പെയിന്റ് അടിക്കുന്ന ഒരു തൊഴിലാളിയെ സംബന്ധിച്ചിടത്തോളം ഉള്ളിൽ എന്തായാലെന്ത്? പക്ഷേ, ഐസർ കെട്ടിടത്തിനു പെയിന്റടിക്കുന്ന രാംലാലിനെ സംബന്ധിച്ചിടത്തോളം പുറം പോലെ തന്നെ പ്രധാനമാണ് അകവും. പതിനാലാം നിലയിലെ ഉരുക്കുബാരക്കിൽ
ഐസർ ഒരു ശാസ്ത്ര സ്ഥാപനമാണ്. കുട്ടികളെ ശാസ്ത്രം പഠിപ്പിക്കുന്നത്. കെട്ടിടങ്ങൾക്കു പെയിന്റ് അടിക്കുന്ന ഒരു തൊഴിലാളിയെ സംബന്ധിച്ചിടത്തോളം ഉള്ളിൽ എന്തായാലെന്ത്? പക്ഷേ, ഐസർ കെട്ടിടത്തിനു പെയിന്റടിക്കുന്ന രാംലാലിനെ സംബന്ധിച്ചിടത്തോളം പുറം പോലെ തന്നെ പ്രധാനമാണ് അകവും. പതിനാലാം നിലയിലെ ഉരുക്കുബാരക്കിൽ
ഐസർ ഒരു ശാസ്ത്ര സ്ഥാപനമാണ്. കുട്ടികളെ ശാസ്ത്രം പഠിപ്പിക്കുന്നത്. കെട്ടിടങ്ങൾക്കു പെയിന്റ് അടിക്കുന്ന ഒരു തൊഴിലാളിയെ സംബന്ധിച്ചിടത്തോളം ഉള്ളിൽ എന്തായാലെന്ത്? പക്ഷേ, ഐസർ കെട്ടിടത്തിനു പെയിന്റടിക്കുന്ന രാംലാലിനെ സംബന്ധിച്ചിടത്തോളം പുറം പോലെ തന്നെ പ്രധാനമാണ് അകവും. പതിനാലാം നിലയിലെ ഉരുക്കുബാരക്കിൽ അറ്റം ഉറപ്പിച്ച്, റബർ ബെൽറ്റിന്റെ കയറും വൃത്തികെട്ട തുണിയും ചേർത്ത് കെട്ടിയൊതുക്കിയ തുളവീണ മരക്കസേരയിൽ നിന്നു കൊണ്ട് എട്ടാം നിലമുതൽ 14 -ാം നില വരെ മുകളിലേക്കു മുകളിലേക്ക് പെയിന്റ് ചെയ്തു കയറി പോകുന്ന രാംലാൽ ഉടനീളം വിചാരിക്കുന്നത് ശാസ്ത്രത്തിന്റെ മഹത്വത്തെ കുറിച്ചാണ്, വിജ്ഞാനത്തിന്റെ വലുപ്പത്തെക്കുറിച്ചാണ്.
പുണെയിലെ പേരമണ്ഡൽ എന്ന മലയോരഗ്രാമത്തിൽ താമസിച്ചിരുന്ന പാവങ്ങളെ ഒഴിപ്പിച്ച് അവിടെ ഉയർന്ന അഞ്ചാമത്തെ കെട്ടിടസമുച്ചയത്തിന്റെ പുറം ചുവരിനോടു ചേർന്നാണ് കഥ സംഭവിക്കുന്നത്. സയൻസിന്റെ വലിയ കെട്ടിടം വരാനെന്നു പറഞ്ഞ് തങ്ങളെ ഒഴിപ്പിച്ച ദിനം രാംലാലിന് ഓർമയുണ്ട്. അന്ന് രാംലാലിന്റെ മുത്തച്ഛൻ പറഞ്ഞു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ശാസ്ത്രജ്ഞർ ഇവിടെ വന്ന്, നന്നായി ജീവിക്കാനുള്ള കൗശലങ്ങൾ മനുഷ്യരെ പഠിപ്പിക്കും. എടാ, രാംലാൽ, സങ്കടങ്ങളില്ലാത്ത, വിജയം മാത്രം സ്വന്തമായ മനുഷ്യനെ സൃഷ്ടിക്കാനുള്ള യത്‌നത്തിൽ നമ്മൾ പങ്കാളികളാവണ്ടേ? ഇല്ലെങ്കിൽ ചരിത്രം നമ്മെ ഇളിച്ചു കാണിക്കില്ലേ?
രാംലാലിന്റെ മുത്തച്ഛനും പെയിന്ററായിരുന്നു. പക്ഷേ, ഇത്ര വലിയ കെട്ടിടങ്ങളൊന്നും പെയിന്റ് ചെയ്തിട്ടില്ല. ബക്കറ്റിൽ സ്വയം ഉണ്ടാക്കിയ കുമ്മായവും ഏണിയുമായി നാടുനാടാന്തരം നടന്ന് വീടുകളിൽ പണിയെടുക്കുന്നവനായിരുന്നു മുത്തച്ഛൻ. ഐസർ കെട്ടിടങ്ങൾ പണി പൂർത്തിയായി പെയിന്റടിക്കാറായപ്പോഴേക്കും അദ്ദേഹം കിടപ്പിലായി. മലം പോവാതെ നീറിനീറി നിലവിളിച്ചുകൊണ്ട്, ഐസർ കെട്ടിടത്തോടു ചേർന്ന് തൊഴിലാളികൾക്കു താമസിക്കാൻ വേണ്ടി നിർമിച്ചുകൊടുത്ത താൽക്കാലിക ഷെഡുകളിലൊന്നിൽ അദ്ദേഹം സങ്കടപ്പെട്ടു കിടപ്പുണ്ട്. എട്ടാം നിലയുടെ പുറത്ത് ചുവര് പെയിന്റ് ചെയ്തു നിൽക്കുമ്പോൾ ദൂരെയൊരു പൊട്ടുപോലെ ആ ഷെഡ് കാണാം.
ചായം പൂശി, ചായം പൂശി രാംലാൽ മുകളിലേക്ക് ഉയർന്നുയർന്നു പോകെ, താഴെ കാഴ്ചക്കാർ കൂടി. ഐസറിലെ വിജ്ഞാനദാഹികളായ കുട്ടികളും അധ്യാപകരുമൊക്കെ അക്കൂട്ടത്തിലുണ്ട്. അവർ നോക്കി നിൽക്കെ പതിനാലാംനിലയും പെയിന്റ് ചെയ്ത് രാംലാൽ ആകാശത്തിനപ്പുറത്തു നിന്നു വന്ന മേഘക്കപ്പലിലേക്ക് ധീരതയോടെ കാൽവച്ചു കയറി പെയിന്റ് കൊണ്ട് ആകാശനീലിമയിൽ ശാസ്ത്രം അപരാജിതമെന്ന് എഴുതിവച്ചു.
മരക്കസേരയിലെ പാവം പെയിന്റർ താഴെവീണു ചിതറുന്നതു കാണാൻ വയ്യാഞ്ഞിട്ടാവണം മുകളിലേക്കു നോക്കിക്കൊണ്ടു നിന്ന ഇറാൻകാരി ഫെയ്‌ദോ നദീറ മുഖം തിരിച്ചു. ചിലർ കണ്ണടച്ചു.
ശാസ്ത്രത്തിനു വേണ്ടി വീടു വിട്ടുകൊടുത്ത മനുഷ്യൻ നിലവിളിയായി കട്ടിലിൽ കിടപ്പുജീവിതം നയിക്കുമ്പോൾ, ചെറുമകൻ ശാസ്ത്രത്തെ കുടിയിരുത്താനുള്ള കെട്ടിടം പണിക്കിടെ മണ്ണിൽ വീണു ചിതറിയൊടുങ്ങുന്നു.
പുരോഗതിയുടെ മറുവശത്തു ദയനീയരായിത്തീരുന്ന, വികസനത്തിന്റെ ഇരകളെ മലയാള ചെറുകഥയിൽ മുമ്പും കണ്ടുമുട്ടിയിട്ടുണ്ട്. എന്നാൽ അത്തരത്തിൽ പെട്ടൊരു പതിവു കണ്ടുമുട്ടലല്ല ഐസറിലേത്. ഇതൽപം ദുരൂഹമാണ്. രാംലാൽ മണ്ണിൽ വീണു ചിതറി എന്നത് കഥയുടെ ഒരു വായന മാത്രമാണ്. മറ്റൊരു തരത്തിൽ കഥ വായിച്ചാൽ മേഘക്കപ്പലിൽ കയറി ശാസ്ത്രം അപരാജിതമെന്ന് എഴുതിവച്ച ശേഷം അയാൾ മുകളിലേക്കു തന്നെ പോയിട്ടുണ്ടാവാം. ശാസ്ത്രത്തിലൂടെ ദൈവത്തെയും മറികടന്നുകൊണ്ടൊരു വളർന്നേറൽ. വായനക്കാരന്റെ ഇഷ്ടം പോലെ വ്യാഖ്യാനിക്കാനാവുന്ന കഥാന്ത്യം.
ഇത്തരം കഥകൾക്ക് ഒരു പ്രത്യേക ശക്തിയുണ്ട്. കഥാകൃത്തു തന്നെ എല്ലാം പറഞ്ഞവസാനിപ്പിക്കാതെ, വായനക്കാരന്റെ മനസ്സിലേക്കൊരു കഥാബീജം ഇട്ടുകൊടുത്ത ശേഷം രംഗത്തു നിന്ന് പിന്മാറുക. പിന്നീടു കഥ വായനക്കാരന്റെ മനസ്സിൽ കിടന്ന് വികസിക്കും. കഥയ്ക്ക് ആയിരം വായനക്കാരുണ്ടെന്നു വയ്ക്കുക, അവരെല്ലാവരും കൂടി വേറെ ആയിരം കഥകളുടെ സ്രഷ്ടാക്കളായി മാറും. ഓരോ വായനക്കാരനെയും ഒരു പുതിയ കഥയുടെ സ്രഷ്ടാവാക്കുന്ന ഐസറിലെ രചനാതന്ത്രത്തിന്റെ സ്രഷ്ടാവ് സി. ഗണേഷ് ആണ്. സമാഹാരത്തിന്റെ പേരും ഐസർ എന്നു തന്നെ.
പെയിന്റടിക്കുന്നതിന്, കെട്ടിടങ്ങളെ ഉടുപ്പിടുവിക്കുക എന്നൊരു സുന്ദരൻ പ്രയോഗം ഈ കഥയിൽ കണ്ടു. ഉയരത്തിൽ നിന്നു നോക്കുമ്പോൾ, താഴെ മണ്ണിൽ നിൽക്കുന്ന പെണ്ണുങ്ങളെ വർണനൂലുകളായി കാണാൻ കഴിയുന്ന എഴുത്തുഭംഗിയും ഈ കഥയിലുണ്ട്. സമാഹാരത്തിൽ എട്ടുകഥകൾ വേറെയുണ്ട്. എല്ലാം ആസ്വദിച്ചു വായിക്കാവുന്നവ. കഥാകൃത്തുമായുള്ള സംഭാഷണത്തിനിടെ അവയിൽ ചിലതു കൂടി പരിചയപ്പെടാം.
സങ്കടങ്ങളില്ലാത്ത, വിജയം മാത്രം സ്വന്തമായ മനുഷ്യനെ സൃഷ്ടിക്കാനാണ് ശാസ്ത്രം എന്ന് രാം ലാലിന്റെ മുത്തച്ഛൻ വിശ്വസിച്ചു. ഐസർ എന്ന ശാസ്ത്ര പഠന സ്ഥാപനം പണിതുയർത്താൻ വേണ്ടി ഒഴിപ്പിക്കപ്പെടുമ്പോൾ അദ്ദേഹം ചെറുമകനോടു പറയുന്നത്, ഐസറിനു വേണ്ടി ഒഴിഞ്ഞു കൊടുക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണെന്നാണ്. പക്ഷേ, ആ ശാസ്ത്രം രാം ലാലിനെയോ മുത്തച്ഛനെയോ സങ്കടങ്ങൾ ഇല്ലാത്തവരാക്കിയോ? ശാസ്ത്രത്തിന്റെയും വിജ്ഞാനത്തിന്റെയും പരിമിതി സൂചിപ്പിക്കാനാണോ ഐസർ എഴുതിയത്?
കുറച്ചു വർഷം മുൻപ് പുണെയിലെ ഐസർ എന്ന ഗവേഷണ സ്ഥാപനത്തിൽ താമസിക്കാൻ ഇടയായി. അവിടത്തെ മുറിയുടെ ജാലകത്തിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ, നിർമാണത്തിലിരിക്കുന്ന പന്ത്രണ്ടാമത്തെ നിലയിൽ, കയറിൽ കെട്ടിയ മരക്കാലൻകസേരയിൽ നിന്നുകൊണ്ട്, കെട്ടിടത്തിനു പെയിന്റടിക്കുന്ന ഒരു പയ്യനെ കണ്ടു. കസേര ആടിയുലയുന്നുണ്ടായിരുന്നു. ഒരു നിമിഷമേ അങ്ങോട്ട് നോക്കാൻ കഴിഞ്ഞുള്ളൂ. ഇന്ത്യയിലെയും വിദേശത്തെയും മികച്ച ശാസ്ത്ര ഗവേഷകർ പഠിക്കുന്ന സ്ഥാപനമാണ്. ഒരു നിമിഷം ഞാൻ ആലോചിച്ചു. ഈ പെയിന്റടിക്കുന്നവൻ എത്രാം ക്ലാസ് വരെ പഠിച്ചിട്ടുണ്ടാവും? താഴെയുള്ള കെട്ടിടത്തിൽ ശാസ്ത്രത്തിൽ സ്വസ്ഥമായി ഗവേഷണം നടത്തുന്ന ആളുകൾ.... വിദ്യാഭ്യാസം പാതിവഴിയിൽ നിർത്തിയ ഇവൻ ഇല്ലെങ്കിൽ ശാസ്ത്ര ഗവേഷകർ ഉണ്ടോ? തിരിച്ചും ആലോചിച്ചു. ഈ ഗവേഷണ സ്ഥാപനം ഇവിടെ ഉയർന്നില്ലായിരുന്നുവെങ്കിൽ ഇവൻ എങ്ങനെ ജീവിക്കും? ഇവ തമ്മിലുള്ള കോൺട്രാസ്റ്റ് എന്നെ ചിന്തിപ്പിച്ചു.
ശാസ്ത്രവും മാനവികതയും തമ്മിലുണ്ടാവേണ്ടുന്ന പാരസ്പര്യത്തെക്കുറിച്ച് ആലോചിച്ചു. പാരഡൈം ഷിഫ്റ്റ് (ചിന്താ മാതൃകാ വ്യതിയാനം)എന്ന ആശയം അവതരിപ്പിച്ച അമേരിക്കൻ ശാസ്ത്ര ചിന്തകനായ തോമസ് കൂനിനെ പോലുള്ളവരുടെ പുസ്തകങ്ങൾ മനസ്സിലേക്ക് എത്തി. സയൻസ് പുലർത്തേണ്ട മാനുഷികതയെക്കുറിച്ചാണല്ലോ അദ്ദേഹം ഏറെ എഴുതിയത്. അങ്ങനെയാണ് ഐസർ എന്ന കഥയിലേക്കെത്തുന്നത്. ശാസ്ത്രത്തിന്റെയും വിജ്ഞാനത്തിന്റെയും പരിമിതി എന്നതിനപ്പുറം ഇവ തമ്മിലുള്ള സമന്വയത്തിലായിരുന്നു ശ്രദ്ധ. സക്കറിയയുടെ പ്രശംസ ഈ കഥയ്ക്ക് കിട്ടി. പതിനാലാം നിലയിൽനിന്ന് കാർമേഘങ്ങളിലൂടെ നടന്ന് ശാസ്ത്രം അപരാജിതം എന്ന് എഴുതി വയ്ക്കുന്ന ഭാവനാചിത്രത്തിലാണ് കഥ അവസാനിപ്പിച്ചത്. നിലവിലുള്ള ശാസ്ത്ര ചിന്തയ്ക്ക് പരിമിതികളുണ്ടെന്നുതന്നെയാണ് ഞാൻ കരുതുന്നത്. കുടിയൊഴിപ്പിക്കപ്പെട്ടവരുടെ ജീവിതം അതിലുണ്ട്. മാറ്റി നിർത്തലിന്റെ അവസരനിഷേധത്തിന്റെ പൊളിറ്റിക്‌സ് അനുബന്ധമായി വായിച്ചതിൽ സന്തോഷം.
ശാസ്ത്രത്തിന്റെ പരിമിതിയെക്കുറിച്ച് ചിന്തിക്കുന്ന എഴുത്തുകാരൻ ജിന്ദാബാദ് എന്ന കഥയിൽ, ദൈവത്തിന്റെ പ്രസക്തിയെ കുറിച്ച് സൂചിപ്പിക്കുന്നു. മതരഹിതൻ എന്ന കഥയിൽ യുക്തിവാദി ദൈവത്തെ അന്വേഷിച്ചു പോകുന്നുമുണ്ട്. ദൈവത്തെ എങ്ങനെയാണ് താങ്കൾ വിശദീകരിക്കുക?
എങ്ങനെയുള്ള ദൈവത്തെയാണ് ഞാൻ അന്വേഷിക്കുന്നത്, അല്ലെങ്കിൽ ദൈവത്തെ വിശദീകരിക്കേണ്ടത് എങ്ങനെയാണ് എന്നൊന്നും സത്യമായും എനിക്ക് അറിഞ്ഞുകൂടാ. ഒന്നു പറയാം, ഞാൻ അതിനെപ്പറ്റി ഒരുപാട് ആലോചിച്ചിട്ടുണ്ട്.!. മരങ്ങളെയും പക്ഷികളെയും പ്രകൃതിവസ്തുക്കളെയും പ്രതിഭാസങ്ങളെയും ദൈവമായി സങ്കൽപിച്ച ദ്രാവിഡകൽപന ആരെയാണ് ആകർഷിക്കാതിരിക്കുക? മറ്റൊരു കാര്യം മതങ്ങൾ ഹൈജാക്ക് ചെയ്ത ദൈവങ്ങളെപ്പറ്റിയല്ലേ നമുക്ക് അറിയൂ എന്നതാണ്. കാണുന്നതെല്ലാം ദൈവാംശം എന്ന് പരിഗണിക്കാനായാൽ എത്ര നല്ലത്? ഓ! അതിനൊന്നും കഴിയില്ലെന്നേ നമ്മള് പാവം മനുഷ്യരല്ലേ?
സമാഹാരത്തിലെ മിക്ക കഥകളും കൈകാര്യം ചെയ്യുന്നത് ഇതര ഭാഷാ, ഇതര സംസ്ഥാന ജീവിതങ്ങളാണ്. ഇതര സംസ്ഥാന തൊഴിലാളികളുടെ കേരളീയ സാധ്യതകളും അവർ മൂലം ഉണ്ടാകുന്ന അനർഥങ്ങളും ( പ്ലസും മൈനസും) ഒന്ന് വിവരിക്കാവോ? അത്തരം ജീവിതങ്ങൾ മലയാള ഭാഷാ സാഹിത്യത്തെ ഏതു തരത്തിലാണ് സ്വാധീനിക്കുക?
അതെ, ഈ ചോദ്യത്തിൽ അന്യ സംസ്ഥാനം എന്നല്ല പ്രയോഗിച്ചിരിക്കുന്നത്. ഇതര സംസ്ഥാനം എന്നാണ്. ഇതൊരു വലിയ അനുകൂല മാറ്റമാണ്. കുടിയേറ്റത്തിന്റ് വലിയ ചരിത്രം ഇന്ത്യയ്ക്കകത്ത് ഉണ്ട്. പുതു ചരിത്രകാരന്മാർ ശരിയല്ലെന്ന് പറയുന്നുവെങ്കിലും മധ്യേഷ്യയിൽ നിന്നുള്ള ആര്യന്മാരുടെ വരവ് ചിന്തിച്ചുനോക്കൂ. എൺപതുകളിൽ ടൈപ്പിങ് പഠിച്ചാൽ ബോംബെയിൽ ജോലി കിട്ടും എന്നൊരു ചൊല്ലുണ്ടായി. ഡൽഹിയിലെ, ബെംഗളൂരുവിലെ, ലക്‌നൗവിലെ, കൊൽക്കത്തയിലെ, മലയാളി കുടിയേറ്റത്തെക്കുറിച്ച് ഓർത്തു നോക്കൂ. മലേഷ്യയിലേക്കും ബർമയിലേക്കും ശ്രീലങ്കയിലേക്കും പോയ മലയാളികൾ എത്ര? പക്ഷേ അതിനെയൊന്നും നമ്മൾ കുടിയേറ്റമായി കരുതുന്നില്ല. തൊഴിൽ തേടിയുള്ള തീർഥാടനം!
മറ്റേതെങ്കിലും സംസ്ഥാനത്തുനിന്ന് ആളുകൾ ഇവിടെ വന്നാൽ പിന്നെ അവരെ അളക്കുകയായി, കപട മലയാളി. അവന് നമ്മുടെ അത്ര വൃത്തിയില്ല,ഭാഷാശുദ്ധി ഇല്ല , കള്ളന്മാരാണ്... എന്തുചെയ്യും? ഏതായാലും ഇപ്പോൾ ഈ അവസ്ഥയ്ക്ക് ാറ്റം വരുന്നുണ്ട്.
ഇതര സംസ്ഥാന തൊഴിലാളികളുടെ കുടിയേറ്റം ഉണ്ടാക്കുന്ന ചുരുക്കം സാമൂഹികപ്രശ്‌നങ്ങളെ പരിഹാര തലത്തിലേക്ക് എത്തിക്കുക എന്നതാണ് നമുക്ക് ചെയ്യാവുന്നത്. അവരെയും മനുഷ്യരായി നോക്കിക്കാണുക. നാടും വീടും സംസ്‌കാരവും അവർക്കുമുണ്ടെന്ന് അംഗീകരിക്കുക.
മലയാളസാഹിത്യം അത്തരം ജീവിതങ്ങൾ വേണ്ടത്ര ശ്രദ്ധിച്ചിട്ടില്ല എന്ന് മാത്രമല്ല ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലെ പ്രശ്‌നങ്ങൾ നമുക്ക് ഇന്നും അജ്ഞാതമാണ്.
ഫോൺ ഇൻ എന്ന കഥ ടി വി ചാനലുകൾക്കു നേരെ എന്നതുപോലെ തന്നെ, ചാനലിലെ ഞരമ്പു പരിപാടികൾക്കു മുന്നിൽ സമർപ്പിത ജീവിതം നയിക്കുന്ന മനുഷ്യരെയും നന്നായി പരിഹസിക്കുന്നുണ്ട്. മലയാളികളുടെ ജീവിതം മാറ്റിമറിക്കുന്നതിൽ ചാനലുകളുടെ പങ്കിനെക്കുറിച്ചുള്ള ആലോചനയാണോ ആ കഥ എഴുതാൻ കാരണം.
ഞാൻ മലയാളത്തിലെയും തമിഴിലെയും ചാനലുകളിലെ ഫോൺ ഇൻ പരിപാടികളുടെ അടിമയായിരുന്നു. വിളിക്കുന്ന ആളുടെ വീട്ടു പശ്ചാത്തലം, മാനസിക അവസ്ഥ, രാഷ്ട്രീയ ധാരണ, ജീവിത സങ്കൽപം ഇതൊക്കെ വരികൾക്കിടയിൽ വായിക്കാൻ രസമാണ്. ചിലപ്പോൾ, വിളിക്കുന്ന ആളോടുള്ള അവതാരകരുടെ പ്രതികരണങ്ങൾ കഷ്ടമായിരിക്കും.
ഒരിക്കൽ കേട്ടത്:
ചേട്ടൻ എന്ത് ജോലിയാണ് ചെയ്യുന്നത്?
അപ്പോൾ വിളിച്ചയാൾ വളരെ വിഷമത്തോടെ പറയുന്നു.
ഒന്നും കിട്ടിയില്ല.
അതെന്താ കിട്ടാഞ്ഞെ? എന്നു തിരിച്ചു ചോദിച്ച അവതാരകയുടെ ഉപദേശം-
ട്രൈ ചെയ്യണം കേട്ടോ.
പിന്നെയാണ് ട്വിസ്റ്റ്.
തൊഴിൽ ഒന്നുമില്ലാത്ത ബാബുച്ചേട്ടന് വേണ്ടി അടുത്ത പാട്ട് ഡെഡിക്കേറ്റ് ചെയ്യുന്നു.
വെറുതെ കേട്ടാൽ ഇതെല്ലാം തമാശ ആയിരിക്കാം. പക്ഷേ ജീവിതത്തെ നിരീക്ഷിക്കുന്നവർക്ക് ഇതിൽ എന്തൊക്കെയോ ഉണ്ട്. ആ എന്തൊക്കെയോയിൽ ആണല്ലോ എപ്പോഴും കഥ കിടക്കുന്നത്!
ഭാനുവിന്റെ പാവാട വികാര തീവ്രമാണ്. ആ കഥ എഴുതാനുണ്ടായ പശ്ചാത്തലം ഒന്നു വിവരിക്കാമോ?
ഭാനുവിന്റെ പാവാട അത്ര നല്ല അഭിപ്രായം കിട്ടിയ കഥയല്ല. അതിൽ കഥയില്ല എന്നുവരെ അടുത്ത സുഹൃത്തുക്കൾ പറഞ്ഞു. പ്രായമായ ഒരാൾ പഴയ ഓർമകളിൽ, പഠിച്ച വിദ്യാലയത്തിൽ എത്തുകയും അവിടെ വച്ച് കൂട്ടുകാരിയെ അവൾ ഋതുമതിയായ ദിവസം എടുത്തുയർത്തിയ കാര്യം ഓർമിക്കുകയുമാണ്. ഓരോ വിദ്യാലയവും ഓർമകളുടെ മഹാശേഖരം കൂടിയാണല്ലോ. (കുരീപ്പുഴ ശ്രീകുമാറിന്റെ സ്‌കൂൾ ബാർ എന്ന കവിത ഓർമ വരുന്നു) 1960-കളിൽ ജീവിച്ച രണ്ടുപേരെ അവതരിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു ആ കഥയിൽ.
റേപ് ഡെൻ എന്ന കഥയിൽ വിശ്വേന്ദു എന്ന സ്ത്രീ തനിക്കൊപ്പം ജീവിക്കുന്ന പുരുഷനെ പറഞ്ഞു വിടുന്നത് അയാളുമായി ബന്ധപ്പെടാറുള്ള ഈശ്വരി എന്ന സ്ത്രീയെ റേപ്പ് ചെയ്ത് കൊല്ല് എന്നു പറഞ്ഞാണ്. അസൂയയും സ്വാർഥതയും ആണ് അങ്ങനെ പറയാൻ അവരെ പ്രേരിപ്പിക്കുന്നത്. എത്ര കടുത്ത അസൂയ ഉണ്ടെങ്കിലും ഒരു സ്ത്രീ വേറൊരു സ്ത്രീയെ റേപ്പ് ചെയ്യാൻ ആവശ്യപ്പെടുമോ! അതോ ഈ കാല സ്ഥിതിയാണോ അപകടകരം?
സ്ത്രീ വിരുദ്ധൻ എന്ന് പറഞ്ഞ് അടിക്കാൻ വരരുത്. ഒരു സ്ത്രീ വേറൊരു സ്ത്രീയെ റേപ്പ്‌ചെയ്യാനും കൊല്ലാനും ഒക്കെ പറഞ്ഞേക്കാം. അങ്ങനെ പറയില്ല എന്നത് സങ്കൽപം മാത്രമാണ്. അഥവാ അങ്ങനെ അവൾ പറയരുത് എന്നാണ് നമ്മൾ പുരുഷകേസരികളുടെ ആഗ്രഹം. ചോരക്കുഞ്ഞിനെ കഴുത്തുഞെരിച്ചു കൊന്നത്, ഭക്ഷണത്തിൽ വിഷം കലർത്തി കുടുംബക്കാരെ കൊന്നത്, കാമുകനുമായി ചേർന്ന് സ്വത്തിനായി കാരണവരെ തട്ടിയത്, കാമുകനെ ലോഡ്ജിൽ വച്ച് പീസ് പീസാക്കി പല സ്ഥലങ്ങളിൽ കൊണ്ടുപോയി ഇട്ടത് .... എല്ലാം സ്ത്രീ ചെയ്തത് തന്നെ. പുരുഷൻ ഇവയൊന്നും ചെയ്തിട്ടില്ല എന്നല്ല കേട്ടോ? ഇതിലപ്പുറം ഉണ്ട്!. എന്നാൽ ഇതൊന്നും സ്ത്രീകൾ ചെയ്യില്ലെന്ന മിഥ്യാവിചാരവും ചെയ്യരുതെന്ന ആഗ്രഹവും നമ്മളെക്കൊണ്ട് സ്ത്രീകൾ ഇങ്ങനെയൊക്കെ ചെയ്യുമോ എന്ന് ചോദിപ്പിക്കുന്നു. പഴമയുടെ വഴിയിൽ പെൺ പ്രതികാരത്തിനല്ലേ ആഴം കൂടുതൽ? കണ്ണകിയേയും ദ്രൗപതിയേയും ഓർക്കൂ....
കഥ, നോവൽ, നിരൂപണം മൂന്നു മേഖലകളിലും സജീവമാണ്. ഇഷ്ടം കൂടുതൽ ഏതിനോട്?
കഥയെഴുതുന്നു, ഞാൻ പറന്നുനടക്കുന്നു, ആകാശമാണ് അതിർത്തി. നിരൂപണമെഴുതുന്നു, കയ്യിലുള്ള അളവുകോൽവച്ച് വിഷയത്തെ/ പുസ്തകത്തെ അളന്നെടുക്കുന്നു. പുസ്തകത്തിന്റെ/ വിഷയത്തിന്റെ ഭൂമികയാണ് അതിർത്തി.
അധ്യാപന ജോലി എഴുത്തിന് ഏറ്റവും സഹായകരമായ തൊഴിൽ എന്ന് കരുതപ്പെടുന്നു. എഴുത്തിനു സമയം പരിമിതമായ ഞങ്ങളെപ്പോലുള്ളവരുടെ കുശുമ്പുകുത്തലുമാകാം. അനുഭവം എങ്ങനെ?
അധ്യാപന ജോലി കൊണ്ടുള്ള ഒരു ഗുണം ഒരു പുതുതലമുറ എപ്പോഴും മുന്നിൽ ഉണ്ടാവും എന്നതാണ്. അവരിൽ നിന്ന് ചിലത് പഠിക്കാൻ കഴിയും. സ്പാനിഷ് എഴുത്തുകാരനായ ആൽബേർട്ടോ ഓൾമോസിന്റെ ചെറുകഥകളും ലോകപ്രശസ്ത ന്യൂറോളജിസ്റ്റും എഴുത്തുകാരനുമായ ഒലിവർ സാക്‌സിന്റെ പുസ്തകങ്ങളും (പ്രത്യേകിച്ച് RIVER OF CONSCIOUSNESS) ഞാൻ പരിചയപ്പെടുന്നത് വിദ്യാർഥികളിൽ നിന്നാണ്. ഇപ്പോൾ ജോലി ചെയ്യുന്ന മലയാള സർവകലാശാലയിലെ ലൈബ്രറി വായനക്കും എഴുത്തിനും വലിയ സഹായം ചെയ്യുന്നുണ്ട്.
ഭാര്യയും എഴുത്തുകാരിയാണ്. കുടുംബത്തെക്കുറിച്ച് പറയാമോ?
ഭാര്യ സുനിത കരിമഷി എന്ന നോവലും രണ്ട് കവിതാ പുസ്തകങ്ങളും സയൻസ് ഫിക്ഷനും ബാലസാഹിത്യവും എഴുതിയിട്ടുണ്ട്. എംടിടി എന്ന ഷോർട്ട് ഫിലിം സംവിധാനം ചെയ്തിട്ടുണ്ട്. പാലക്കാട് ഗവൺമെൻറ് വിക്ടോറിയ കോളേജിൽ ഭൗതികശാസ്ത്രം അധ്യാപികയാണ്. മകൾ തമ്പുരു എന്ന് വിളിപ്പേരുള്ള സ്‌നിഗ്ദ്ധ കേന്ദ്രീയ വിദ്യാലയത്തിൽ ഒമ്പതാം ക്ലാസിൽ പഠിക്കുന്നു.
ഏറ്റവും പുതിയ നോവൽ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചു തുടങ്ങി. എങ്ങനെയുണ്ട് പ്രതികരണം? ആ നോവലിനെ ഒന്ന് വിശദീകരിക്കാമോ?
പുതിയ നോവൽ ശരിക്കും ബംഗാൾ പശ്ചാത്തലമായി എഴുതികൊണ്ടിരിക്കുന്ന കുറച്ചു വലിയ നോവലിന്റെ ഭാഗമാണ്. കനു സന്യാലിന്റെ ആത്മഹത്യയിൽ തുടങ്ങി ബംഗാളിലെ രാഷ്ട്രീയവും സംസ്‌കാരവും വിശകലനം ചെയ്യുന്ന നോവൽ. തേയില ആദ്യമായി വംഗ നാട്ടിൽ എത്തിയത്, നക്‌സൽ -ഇടതു പോരാട്ടങ്ങൾ, അസം സംസ്‌കാരത്തെ ബംഗാളികൾ അടിച്ചമർത്തിയത്, പ്രതിരോധങ്ങൾ, ദേശീയ ഗാനം എഴുതാൻ ടാഗോർ നിർബന്ധിക്കപ്പെടുന്നത്, ബംഗാളിന്റെ ഭോദ്ര ലോകം, ബംഗാൾ ക്ഷാമം, ചാൾസ് രാജകുമാരനും ബംഗാളും തമ്മിലുള്ള ബന്ധം, ആദ്യ നവാബിന്റെ വരവ്, നക്‌സലാനന്തരകലാപങ്ങൾ, ഒക്കെ കടന്നു വരുന്നുണ്ട്. കനുസന്യാലിന്റെ ഓതറൈസ്ഡ് ഓട്ടബയോഗ്രഫിയായ ഫസ്റ്റ് നക്‌സൽ (THE FIRST NAXAL ) എഴുത്തിന് വലിയ മൂലധനം തന്നു. ഈ പുസ്തകമെഴുതിയ ബപ്പാദിത്യ പോളും നോവലിൽ കഥാപാത്രമായി കടന്നു വരുന്നു.
നക്‌സൽ പ്രസ്ഥാനത്തിലൂന്നി മുന്നിലേക്കും പിന്നിലേക്കും യാത്ര ചെയ്യുന്നതിനാൽ നോവലിന് നൊക്ഷോൽ ബംഗാ എന്നാണ് പേര് ഇട്ടിരിക്കുന്നത്. അവസാന എഡിറ്റിങ് കൂടി നടത്തി വേണം പുസ്തകമാക്കാൻ.
മനുഷ്യചരിത്രത്തിൽ ഫിക്ഷനെ വലിയൊരു സാധ്യതയായി ഗണേഷ് കാണുന്നുണ്ട് എന്ന് തോന്നുന്നു. എന്തു പറയുന്നു?
മനുഷ്യൻ പിറവി എടുത്തിട്ട് കോടിക്കണക്കിന് വർഷങ്ങളായി. ഇതിനകം അവൻ ഏറെ മാറിക്കഴിഞ്ഞു. മനുഷ്യൻ നിർമിച്ച മൂല്യങ്ങൾക്ക് തന്നെ മാറ്റം വന്നു. ജൈവികമായ പരിണാമങ്ങളും ഉണ്ടായി. ഇത് ഒരു ചരിത്ര ഘട്ടം മാത്രമാണ്. ഇനിയും നിരവധി പരിണാമങ്ങൾ ഉണ്ടായേക്കാം. ഇന്ന് ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾ മണ്ണടിഞ്ഞ് പുതിയത് എന്തൊക്കെയോ വരികയും ചെയ്‌തേക്കാം. പക്ഷേ അപ്പോഴും ഒരു കഥ പറഞ്ഞു തരാം എന്ന് പറഞ്ഞാൽ അപരൻ അടുത്തിരിക്കും. മസ്തിഷ്‌കങ്ങളുടെ എൻജിനീയർമാർ മരിക്കുകയില്ല.
യുവൽ നോഹ് ഹരാരി, പ്രസിദ്ധമായ സാപ്പിയൻസ് എന്ന പുസ്തകത്തിൽ പറയുന്നതുപോലെ വലുതായി അഹങ്കരിക്കുകയൊന്നും വേണ്ട മനുഷ്യവർഗമേ, മസ്തിഷ്‌ക ഘടന ശരിക്കും പരിശോധിച്ചാൽ മനുഷ്യനും മൃഗവും തമ്മിൽ നേരിയ വ്യത്യാസമേയുള്ളൂ, യുക്തികൊണ്ട് നീ പടുത്തു കെട്ടിയ ദന്തഗോപുരമുണ്ടല്ലോ അത് തകർന്നടിയാൻ അധികം സമയമൊന്നും വേണ്ട. നന്നായി ഭക്ഷണം കഴിച്ച് 2 ചാൽ നടന്ന് സ്വപ്നം കാണാൻ ഒക്കെ കഴിയുന്നുണ്ടെങ്കിൽ നിങ്ങൾ വലിയ ഭാഗ്യവാൻ തന്നെ. എന്ത് സംശയം?
സ്വന്തം രചനാരീതിയെക്കുറിച്ചുള്ള സ്വയം ബോധ്യങ്ങൾ?
യാത്ര ചെയ്യുമ്പോഴോ വെറുതെയിരിക്കുമ്പോഴോ കാണുന്ന ദൃശ്യമോ വാക്കോ പ്രയോഗമോ ഒക്കെ ചിന്തയുടെ ഒഴുക്കിലേക്ക് എന്നെ തള്ളിയിടുന്നു. പൊടുന്നനെ ഒരു കഥ വരുന്നു. അടുത്ത പണി ഇത് എഴുതണോ വേണ്ടയോ എന്ന ആലോചനയാണ്. ഇതുപോലെ ഒരെണ്ണമല്ലേ കാരൂർ എഴുതിയത്, ബഷീർ എഴുതിയത്, പാമുക് എഴുതിയത് എന്ന് ഉള്ളിലെ വായനക്കാരൻ ചിലപ്പോൾ മടവാൾ എടുക്കും. അങ്ങനെയെങ്കിൽ രക്ഷപ്പെട്ടു! ആ കഥ എഴുതേണ്ടതില്ല! എന്നാൽ അപൂർവമായി ഇത് നിനക്ക് മാത്രം പറയാൻ പറ്റുന്ന കഥ എന്നു പറഞ്ഞ് മനസ്സ് പ്രലോഭിപ്പിക്കും. അങ്ങനെയായാൽ പെട്ടു... പിന്നെ കഥാപാത്രങ്ങളെ ഉണ്ടാക്കി,അവരെ തറ്റ് ഉടുപ്പിച്ച്, ഭാഷ പഠിപ്പിച്ച്, ഉന്തിത്തള്ളി...വയ്യ... എന്നിലെ വായനക്കാരനും എഴുത്തുകാരനും തമ്മിൽ നടത്തുന്ന പൊരിഞ്ഞ യുദ്ധത്തിനൊടുവിൽ എഴുത്തുകാരൻ അൽപസ്വൽപം മുറിവേറ്റ് തന്നെ വിജയിക്കുമ്പോൾ മാത്രമേ കഥ പൂർത്തിയാവൂ. ചിലപ്പോൾ കഥയായ ശേഷം ഉള്ളിലെ വായനക്കാരൻ പറയും, പീറക്കഥ. മതി നിർത്ത്. അങ്ങനെ നിർത്താറുമുണ്ട്.
Content Summary: Pusthakakkazhcha column by Ravivarma Thampuran on Dr. C. Ganesh