പുസ്തകപ്പുഴുക്കൾ ട്രോളന്മാരായി: പമ്മനും എഴുതി ‘ഖസാക്കിന്റെ ഇതിഹാസം’
ഖസാക്കിന്റെ ഇതിഹാസം മാധവിക്കുട്ടി എഴുതിയാൽ രണ്ടാനമ്മ രവിയിൽ, രവി പത്മയിൽ, നൈസാമലി മൈമൂനയിൽ, മൊല്ലാക്ക നൈസാമലിയിൽ ഒക്കെ സ്നേഹമന്വേഷിച്ചു. അവരെല്ലാം അതിന്റെ പൂർണ്ണതയറിയാതെ അലഞ്ഞു നടന്നു. അപൂർണ്ണമായ സ്നേഹം അവരെ നോവിച്ചു...
ഖസാക്കിന്റെ ഇതിഹാസം മാധവിക്കുട്ടി എഴുതിയാൽ രണ്ടാനമ്മ രവിയിൽ, രവി പത്മയിൽ, നൈസാമലി മൈമൂനയിൽ, മൊല്ലാക്ക നൈസാമലിയിൽ ഒക്കെ സ്നേഹമന്വേഷിച്ചു. അവരെല്ലാം അതിന്റെ പൂർണ്ണതയറിയാതെ അലഞ്ഞു നടന്നു. അപൂർണ്ണമായ സ്നേഹം അവരെ നോവിച്ചു...
ഖസാക്കിന്റെ ഇതിഹാസം മാധവിക്കുട്ടി എഴുതിയാൽ രണ്ടാനമ്മ രവിയിൽ, രവി പത്മയിൽ, നൈസാമലി മൈമൂനയിൽ, മൊല്ലാക്ക നൈസാമലിയിൽ ഒക്കെ സ്നേഹമന്വേഷിച്ചു. അവരെല്ലാം അതിന്റെ പൂർണ്ണതയറിയാതെ അലഞ്ഞു നടന്നു. അപൂർണ്ണമായ സ്നേഹം അവരെ നോവിച്ചു...
മലയാളികളോളം ഫലിതപ്രിയരാരുണ്ട്? ഏത് ബ്രഹ്മാണ്ഡ പ്രശ്നത്തെയും ഹാസ്യാത്മകമായി സമീപിക്കാനും പൊട്ടിച്ചിരി പടർത്താനും നമുക്കുള്ള കഴിവ്, അത് അപാരം തന്നെ! ഇന്ന് ഏറ്റവും ക്രിയാത്മകമായി ചിന്തിക്കുകയും പണിയെടുക്കുകയും ചെയ്യുന്ന ജനവിഭാഗം ഏതെന്ന് ചോദിച്ചാൽ നിസ്സംശയം ഉത്തരം പറയാം, അത് കേരള ട്രോളന്മാർ തന്നെ... കുഞ്ചൻ നമ്പ്യാരുടെയും ബഷീറിന്റെയും വികെഎന്നിന്റെയും ഒക്കെ പിൻഗാമികൾ... കാര്യമൊക്കെ ശരി, ബഷീറിനെയും വികെഎന്നിനെയും വേണ്ടി വന്നാൽ കുഞ്ചൻ നമ്പ്യാരെ വരെ ട്രോളാനും ഞങ്ങൾ മടിക്കില്ല.
‘ഖസാക്കിന്റെ ഇതിഹാസ’ത്തോളം മലയാളികൾ ആവർത്തിച്ചു വായിച്ച മറ്റൊരു പുസ്തകം കാണില്ല. ഖസാക്കിന്റെ ഇതിഹാസം ഒ.വി.വിജയനു പകരം മറ്റാരെങ്കിലുമായിരുന്നു എഴുതിയിരുന്നതെങ്കിലോ? എങ്ങനെയാകുമായിരുന്നു?. പുസ്തകപ്പുഴുക്കളുടെ ട്രോൾ ഗ്രൂപ്പായ പുപ്പുടുവിൽ ആരംഭിച്ച ചർച്ച ഇപ്പോൾ ഗ്രൂപ്പിൽ നിന്നിറങ്ങി സമൂഹമാധ്യമത്തിൽ ആകെ ചിരിപടർത്തുകയാണ്. ഈ ട്രോൾ അത്ര എളുപ്പപ്പണിയൊന്നുമല്ല കേട്ടോ, വളരെ സൂക്ഷ്മമായ നിരീക്ഷണപാടവവും വായനാപരിചയവും ഓരോ ചിരിക്കു പിന്നിലും കാണാം.
‘ഖസാക്കിന്റെ ഇതിഹാസത്തെ മറ്റ് എഴുത്തുകാർ എങ്ങനെയാകും എഴുതുക എന്ന വെറും കൗതുകത്തിൽ ഉടലെടുത്ത പരീക്ഷണമാണ്. ഖസാക്കിന്റെ ഇതിഹാസത്തോടോ ഈ പറയുന്ന എഴുത്തുകാരോടോ യാതൊരു കാലുഷ്യവുമില്ല. ബഹുമാനം മാത്രേ ഉള്ളൂ.’ എന്ന ആമുഖ കുറിപ്പോടെ മുജീബ് സുബൈർ ആണ് ഈ ട്രോൾ പരമ്പരയ്ക്ക് തുടക്കമിട്ടത്. എംടി, പമ്മൻ, ബഷീർ തുടങ്ങി നിരവധി എഴുത്തുകാരുടെ ഖസാക്കിന്റെ ഇതിഹാസം വേർഷനും മുജീബ് പങ്കുവച്ചു –
ഖസാക്കിന്റെ ഇതിഹാസം എംടി എഴുതിയാൽ
‘‘ ക്ഷയിച്ചു കൊണ്ടിരിക്കുന്ന തറവാട്, നിത്യരോഗിയായ അച്ഛൻ.വേദനകൾ രവിയെ അവിടെ നിന്നും പുറത്തേക്ക് പായിച്ചു’’
ഖസാക്കിന്റെ ഇതിഹാസം പമ്മൻ എഴുതിയാൽ
‘‘ രണ്ടാനമ്മയുടെ തപ്തനിശ്വാസങ്ങൾ രവിയുടെ സിരകൾക്ക് ചൂടു പിടിപ്പിച്ചു’’
ഖസാക്കിന്റെ ഇതിഹാസം ബഷീർ എഴുതിയാൽ
തന്നെ കൊത്താനടുത്ത പാമ്പിനെ രവി അലിവോടെ നോക്കി. ച്ചിരിപ്പിടിയോളം ഉള്ള ഈ ഭൂമിയുടെ മറ്റൊരവകാശി. പ്രപഞ്ചങ്ങളുടെ നാഥാ. അയാൾ വിളിച്ചു.
ഖസാക്കിന്റെ ഇതിഹാസം കെ.ആർ. മീര എഴുതിയാൽ
‘‘ നൈസാമലി, മുങ്ങാങ്കോഴി, രവി, ഒരൊറ്റ പുരുഷനും മൈമൂനയെ അറിയാൻ കഴിഞ്ഞില്ല. പുരുഷന്റെ നിർവചനത്തെക്കുറിച്ച് മൈമൂനയ്ക്ക് അറിയേണ്ടതുമില്ല. താനെന്ന സ്ത്രീയെ മാത്രം മൈമൂന അറിഞ്ഞു, ഉൾക്കൊണ്ടു.’’
ഖസാക്കിന്റെ ഇതിഹാസം മാധവിക്കുട്ടി എഴുതിയാൽ
രണ്ടാനമ്മ രവിയിൽ, രവി പത്മയിൽ, നൈസാമലി മൈമൂനയിൽ, മൊല്ലാക്ക നൈസാമലിയിൽ ഒക്കെ സ്നേഹമന്വേഷിച്ചു. അവരെല്ലാം അതിന്റെ പൂർണ്ണതയറിയാതെ അലഞ്ഞു നടന്നു. അപൂർണ്ണമായ സ്നേഹം അവരെ നോവിച്ചു’’
ഖസാക്കിന്റെ ഇതിഹാസം മേതിൽ എഴുതിയാൽ
തന്റെ പാപശൃംഖലകളുടെ കിലുക്കം രവിയുടെ സ്റ്റേപിസിൽ അനുരണനങ്ങളുയർത്തി. ഒരു കോസ്മിക് ഗൂഢാലോചനയിലെ ഒരു കണ്ണിയാണു താനെന്ന ബോധം അവന്റെ സെറിബെല്ലത്തെ അലോസരപ്പെടുത്തി. താൻ നടന്ന ദൂരം താനായി മാറിയതോർത്ത് രവി അദ്ഭുതപ്പെട്ടു’’
എന്നിങ്ങനെ മുജീബ് തുടങ്ങിവെച്ച ട്രോൾ പരമ്പരയെ ആസ്വാദകർ ഏറ്റെടുത്തു. ടി. പത്മനാഭൻ, എം. മുകുന്ദൻ, ആനന്ദ്, സുധാകർ മംഗളോദയം എന്നിവരെഴുതിയ ഖസാക്കിന്റെ ഇതിഹാസവുമായി ട്രോൾ പരമ്പരയുടെ രണ്ടാംഭാഗവുമെത്തി. എന്തിനേറെ, മലയാളത്തിന്റെ പ്രിയ കവികളെ കൊണ്ടു വരെ മുജീബ് ഖസാക്കിന്റെ ഇതിഹാസം എഴുതിച്ചു–
ഖസാക്ക് കുഞ്ഞുണ്ണിമാഷ് എഴുതിയാൽ
ചെതലിയൊരു മല
മലയിലൊരാൽ
ആലിലൊരില
ഖസാക്ക് ബാലചന്ദ്രൻ ചുള്ളിക്കാട് എഴുതിയാൽ
എങ്ങുമൊടുങ്ങാത്തഗമ്യഗമനാസക്തികൾ
തൂങ്ങിമരിച്ച പള്ളിപ്പറമ്പുകളിൽ
പാപബോധത്തിൻ കിരീടവും ചൂടി രവി
തേടിയലഞ്ഞത് മോക്ഷമോ ദംശനമോ?
ഖസാക്ക് ചങ്ങമ്പുഴ എഴുതിയാൽ
ചെതലിച്ചെരുവിലെ സ്കൂളുകാണാൻ
ഞാനും വരട്ടെയോ നിന്റെ കൂടെ
പാടില്ല പാടില്ല രണ്ടാനമ്മേ
പാടേ മറന്നൊന്നും ചെയ്തു കൂടാ
ഖസാക്ക് ഇടപ്പള്ളി എഴുതിയാൽ
പിരികയാണിതാ ഞാനിന്നൊരു
നൈസാമലി
കരയുവാനായി പിറന്നോരു
കാമുകൻ
ഖസാക്ക് സച്ചിദാനന്ദൻ എഴുതിയാൽ
ഖസാക്കിലേത് ഒരു തുറുകണ്ണൻ സമയമാണ്
മുങ്ങാങ്കോഴിയെ വെള്ളമെടുത്തു
മൊല്ലാക്കയ്ക്ക് അർബുദമാണ്
കുഞ്ഞുങ്ങളെ വസൂരിയുമെടുത്തു
രവി വരാനായി
ഒരു പാമ്പ് വിഷം ശേഖരിക്കുന്നു
ട്രോൾ വായിച്ച് ആസ്വദിച്ചവരും വെറുതെയിരുന്നില്ല. തങ്ങളുടെ പ്രിയ എഴുത്തുകാരെകൊണ്ട് അവരും എഴുതിച്ചു ഖസാക്കിന്റെ ഇതിഹാസം. എന്തിനേറെ പറയുന്നു, ജി. സുധാകരൻ എഴുതിയ ഖസാക്കിന്റെ ഇതിഹാസം വരെ ഇപ്പോൾ സമൂഹമാധ്യമത്തിൽ ലഭ്യമാണ്.
Content Summary: What if Khasakinte Ithihaasam was written by other writers