വായനയുടെ മായികലോകത്തേക്കു കൈപിടിച്ചുകൊണ്ടുപോകുന്നവയാണു വി.കെ. ദീപയുടെ കഥകൾ. ഇതുവരെ അറിഞ്ഞിട്ടില്ലാത്ത ഒരു ലോകവും കഥാപാത്രങ്ങളും കൺമുന്നിൽ ഇതൾവിരിയുന്ന അനുഭവം. വണ്ടർലാൻഡിൽ അകപ്പെട്ട ആലീസിനെപ്പോലെ വിസ്മയത്തോടെയായിരിക്കും വായനയുടെ തുടക്കം. എങ്കിലും പതിയെ ആ ലോകവും ആളുകളും പരിചിതരാകും. അവരുടെ സ്വപ്നങ്ങൾ

വായനയുടെ മായികലോകത്തേക്കു കൈപിടിച്ചുകൊണ്ടുപോകുന്നവയാണു വി.കെ. ദീപയുടെ കഥകൾ. ഇതുവരെ അറിഞ്ഞിട്ടില്ലാത്ത ഒരു ലോകവും കഥാപാത്രങ്ങളും കൺമുന്നിൽ ഇതൾവിരിയുന്ന അനുഭവം. വണ്ടർലാൻഡിൽ അകപ്പെട്ട ആലീസിനെപ്പോലെ വിസ്മയത്തോടെയായിരിക്കും വായനയുടെ തുടക്കം. എങ്കിലും പതിയെ ആ ലോകവും ആളുകളും പരിചിതരാകും. അവരുടെ സ്വപ്നങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വായനയുടെ മായികലോകത്തേക്കു കൈപിടിച്ചുകൊണ്ടുപോകുന്നവയാണു വി.കെ. ദീപയുടെ കഥകൾ. ഇതുവരെ അറിഞ്ഞിട്ടില്ലാത്ത ഒരു ലോകവും കഥാപാത്രങ്ങളും കൺമുന്നിൽ ഇതൾവിരിയുന്ന അനുഭവം. വണ്ടർലാൻഡിൽ അകപ്പെട്ട ആലീസിനെപ്പോലെ വിസ്മയത്തോടെയായിരിക്കും വായനയുടെ തുടക്കം. എങ്കിലും പതിയെ ആ ലോകവും ആളുകളും പരിചിതരാകും. അവരുടെ സ്വപ്നങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വായനയുടെ മായികലോകത്തേക്കു കൈപിടിച്ചുകൊണ്ടുപോകുന്നവയാണു വി.കെ. ദീപയുടെ കഥകൾ. ഇതുവരെ അറിഞ്ഞിട്ടില്ലാത്ത ഒരു ലോകവും കഥാപാത്രങ്ങളും കൺമുന്നിൽ ഇതൾവിരിയുന്ന അനുഭവം. വണ്ടർലാൻഡിൽ അകപ്പെട്ട ആലീസിനെപ്പോലെ വിസ്മയത്തോടെയായിരിക്കും വായനയുടെ തുടക്കം. എങ്കിലും പതിയെ ആ ലോകവും ആളുകളും പരിചിതരാകും. അവരുടെ സ്വപ്നങ്ങൾ നമ്മുടേതു കൂടിയായി മാറും. വായന കഴിഞ്ഞ് സ്വപ്നം വിട്ടുണരുമ്പോൾ അങ്ങേ ലോകത്തിന്റെ ഒരു തുണ്ട് കട്ടിൽപ്പടിയിൽ പറ്റിയിരിപ്പുണ്ടാകും. അതിപുരാതനമായ അടിമവംശത്തിലെ കലാപകാരികൾ എന്നാണു ‘മരിച്ചിട്ടും അടക്കമില്ലാത്ത പെണ്ണുങ്ങൾ’ എന്ന കഥയിൽ ദീപ സ്ത്രീകളെ വിശേഷിപ്പിച്ചിരിക്കുന്നത്. സമൂഹവും പുരുഷനും ഇന്നും അടിമകളായി കാണുന്ന സ്ത്രീകളുടെയും അവരുടെ അടങ്ങാത്ത സ്വാതന്ത്ര്യദാഹത്തിന്റെയും കനലുകൾ ഉള്ളിലേറുന്നവരാണ് ദീപയുടെ പെണ്ണുങ്ങൾ. മരിച്ച പെണ്ണുങ്ങളിലെ സനൂപയ്ക്ക് ഭയം ഇറുകിയപ്പോൾ അനിയനെ തൊടണമെന്നു തോന്നി. അവന്റെ ചുണ്ടിനു മുകളിൽ ആണത്തത്തിന്റെ നേരിയ കരിങ്കറുപ്പ് പൊടിഞ്ഞിട്ടുണ്ട്. അതൊന്നൂടെ മൂത്താൽ താൻ പിന്നൊന്നിനെയും ഭയപ്പെടില്ലെന്നു സനൂപ ഉറപ്പിച്ചതാണ്. ആണത്തത്തിന്റെ നിഴലിൽ മാത്രം സുരക്ഷിതത്വം അനുഭവപ്പെടേണ്ട പ്രത്യേകതരം ജീവികളാണു സ്ത്രീകളെന്ന് ഈ കഥകൾ പറയുന്നു. ഉടലു കൊണ്ടും മനസ്സു കൊണ്ടും അവനവനിൽ ഉള്ള പരിപൂർണ സ്വാതന്ത്ര്യം സ്ത്രീകൾക്ക് മരണാനന്തര ലോകത്തു മാത്രമേ കിട്ടൂ എന്ന ക്രൂര യാഥാർഥ്യവും വായന കഴിയുമ്പോൾ ബാക്കിയാകുന്നു. പുരുഷനൊപ്പം തന്നെ ഇരുണ്ട ജീവിതം നയിക്കുന്ന സ്ത്രീകളെയും ദീപ അവതരിപ്പിക്കുന്നുണ്ട്. കുറ്റവാസനയ്ക്ക് ലിംഗഭേദമില്ല എന്ന ആശയം ‘പ്രണയവും എലനയും’ ‘ഇഷ്ടദാനം’ തുടങ്ങിയ കഥകൾ മുന്നോട്ടുവയ്ക്കുന്നു. വായനയിൽ മൗലികതയും വ്യത്യസ്തതയും തേടുന്നവർക്ക് ഒഴിവാക്കാനാകാത്തവയാണു ദീപയുടെ കഥകൾ. ‘ജന്മാന്തര സ്നേഹ സഞ്ചാരികൾ’, ‘വുമൺ ഈറ്റേഴ്സ്’ എന്നീ കഥാസമാഹാരങ്ങൾ പുറത്തിറങ്ങി.

 

ADVERTISEMENT

സ്വന്തം ഇഷ്ടത്തോടെയുള്ള ഒരു ജീവിതം നയിക്കുവാൻ പെണ്ണുങ്ങൾക്ക് മരിച്ചാലേ കഴിയൂ എന്നൊരു കനംതൂങ്ങുന്ന ചോദ്യം ദീപയുടെ ‘മരിച്ച പെണ്ണുങ്ങൾ’ എന്ന കഥാവായനയിലുടനീളം മനസ്സിൽ തങ്ങി നിന്നു. സ്വാതന്ത്ര്യവാഞ്ഛയുള്ള പെണ്ണുങ്ങൾ സ്വയം മരണപ്പെടുന്നത്, മരണത്തിലേക്കു നയിക്കപ്പെടുന്നത്, കൊല്ലപ്പെടുന്നത് ഒക്കെ ചുറ്റും നിലവിലിരിക്കുന്ന ആൺകോയ്മാ ജീവിതക്രമങ്ങളോടു നിരന്തരം യുദ്ധം ചെയ്തിട്ടാണല്ലോ. അവയോടുള്ള കഠിനമായ എതിർപ്പു കാരണമാണല്ലോ. മരിച്ചവരുടെ സമാന്തരലോകത്തിൽ ഒരു ശലഭച്ചിറകിന്റെ ലാഘവത്തോടെയാകും അവർ സ്വാതന്ത്ര്യത്തിന്റെ മധു നുകരുക എന്ന ആശയം ഒരേസമയം എത്രമാത്രം സന്തോഷകരവും ദുഃഖകരവുമാണ്. ‘മരിച്ചിട്ടും അടക്കമില്ലാത്ത പെണ്ണുങ്ങൾ’ എന്ന മരിച്ചിടത്തെ ആണിന്റെ ജൽപനം പോലും അവിടെയും മാറാത്ത ആൺ തോന്നലുകളെയാണല്ലോ പ്രതിനിധീകരിക്കുന്നത്. വ്യവസ്ഥിതിയുടെ നേരേയുള്ള ദീപയുടെ പരിഹാസമാണോ മരിച്ച പെണ്ണുങ്ങളിലെ ഫാന്റസി? 

 

ഉടലു കൊണ്ടും മനസ്സു കൊണ്ടും അവനവനിൽ ഉള്ള പരിപൂർണ സ്വാതന്ത്ര്യം സ്ത്രീകൾക്ക് മരണാന്തര ലോകത്തു മാത്രമേ കിട്ടൂ എന്ന് പലപ്പോഴും തോന്നുന്ന സ്ത്രീ അനുഭവങ്ങൾ കാഴ്ചയിലും അനുഭവത്തിലും വായനകളിലും വന്നിട്ടുണ്ട്. അവിടെപ്പോലും സ്ത്രീകളുടെ സ്വാതന്ത്ര്യ ആഘോഷങ്ങൾ വിലയിരുത്തപ്പെടുന്ന രീതി മറിച്ചല്ല എന്നതിന്റെ രേഖപ്പെടുത്തൽ ആണു ‘മരിച്ചാലും അടക്കമില്ലാത്ത പെണ്ണുങ്ങൾ’ എന്ന ആ പിറുപിറുക്കൽ. ആ കഥയിലെ മരണാനന്തര ലോകത്തെ സ്ത്രീജീവിത ചിത്രീകരണം വ്യവസ്ഥിതിയോടുള്ള പരിഹാസത്തേക്കാൾ ഉപരി, സ്ത്രീകൾ അനുഭവിക്കുന്ന ഒട്ടേറെ സ്വാതന്ത്ര്യമില്ലായ്മകളുടെ, ജീവിത മുറിവുകളുടെ ചിത്രീകരണം ആണ്. അതിപുരാതനമായ അടിമവശത്തിലെ കലാപകാരികൾ എന്നു സ്ത്രീകളെക്കുറിച്ച് ആ കഥയിൽ എഴുതിയത് ഇന്നും തികച്ചും പ്രസക്തമാണെന്നു ലോകം മൊത്തത്തിൽ സ്ത്രീകളെ കൈകാര്യം ചെയ്യുന്ന രീതി നോക്കിയാൽ മനസ്സിലാവും. സ്ത്രീകൾ അടിമവംശം ആണെന്ന തിരിച്ചുപോക്കിന്റെ പാതയിൽ ഉള്ള അഫ്‌ഗാൻ തന്നെ മികച്ച ഉദാഹരണം. നമ്മൾ എത്തി നിൽക്കുന്ന നൂറ്റാണ്ട് ഏതാണെന്നു കൂടി ഓർക്കണം.

 

ADVERTISEMENT

ഇംഗ്ലിഷിലെ witch എന്ന വാക്കിന്റെ അർഥത്തോടത്തു നിൽക്കുന്ന സ്വഭാവസവിശേഷതകളുള്ള കഥാപാത്രമാണ് ‘പ്രണയവും എലനയും’ എന്ന കഥയിലെ എലന എന്നു തോന്നി. അപ്രവചനീയതയും ഭയവും ഒരേസമയം ജനിപ്പിക്കുന്ന വ്യക്തിത്വമാണ് എലനയുടേത്. പരുക്കനും ക്രൂരനുമായ പിതാവ് ജോണിന്റെയും വഴിവിട്ട ജീവിതത്തിൽ അഭിരമിക്കുന്ന ഭർത്താവ് സെബാന്റെയും നേർക്കുള്ള പ്രതിഷേധമായി എലനയുടെ ജീവിതത്തെ വേണമെങ്കിൽ വ്യാഖ്യാനിക്കാമെങ്കിലും അതിനുമപ്പുറത്തേക്കു നീളുന്ന നിഗൂഢ മാനസികവ്യാപാരങ്ങൾ പേറുന്നവളാണു കഥാനായിക. പ്രണയത്തിലും രതിയിലും സ്നേഹത്തിലുമെല്ലാം ക്രൂരതയുടെ ആവരണം സ്വയം എടുത്തണിയുന്നവൾ. ദീപയുടെ കഥകളിൽ ഏറെ വ്യത്യസ്തമായ ഒന്നാണ് എലനയുടെ പാത്രസൃഷ്ടി. അതേപ്പറ്റി പറയാമോ?

 

ലോകത്തു നടന്നിട്ടുള്ള ഏറ്റവും ക്രൂരമായ കൊലപാതകങ്ങളുടെ എണ്ണം നോക്കിയാൽ അതിൽ സ്ത്രീകൾ ചെയ്തതും അല്ലെങ്കിൽ സ്ത്രീകൾ സൂത്രധാരകൾ ആയി ഉൾപ്പെട്ടിട്ടുള്ളതുമാണ് ഏറ്റവും കൂടുതൽ. അങ്ങേയറ്റം മൃദുല തരളിതകൾ ആയവർ ക്രിമിനൽസ്വഭാവം പുറത്തെടുത്താൽ ആ ക്രൂരതയുടെ ആഴം സങ്കൽപത്തിനുമപ്പുറം ആകുന്നു എന്നു രേഖപ്പെടുത്തപ്പെട്ട കുറ്റകൃത്യങ്ങൾ പറയുന്നു. ഈ കഥയിലെ എലനയുടെ ഉള്ളിലും ഒരു ക്രിമിനൽ ഉണ്ട്. സാഡിസ്റ്റ് ആയ ഒരു ക്രിമിനൽ. പുറംലോകം അറിയാതെ അത് ഒളിപ്പിച്ചു വയ്ക്കുന്നതിലും എന്നാൽ തന്റെ ഉള്ളിലെ ക്രിമിനലിനെ തൃപ്തിപ്പെടുത്താൻ പറ്റുന്ന സന്ദർഭങ്ങൾ തനിക്കു ചുറ്റും ഒരുക്കുന്നതിലും അവൾ വിജയിക്കുന്നുണ്ട്. സമൂഹത്തിൽ ഇത്തരം എലനമാർ എത്രയോ ഉണ്ട്. ഇരയ്ക്കു മുന്നിൽ മാത്രം പ്രത്യക്ഷപ്പെടുന്നവർ. മനുഷ്യ മനസ്സിന്റെ നിഗൂഢവും വന്യവുമായ അത്തരം വ്യവഹാരങ്ങളാണ് എലനയും പ്രണയവും എന്ന കഥ. അപ്പന്റെ പരുക്കൻ സ്വഭാവം അല്ല എലനയെ ഇത്തരത്തിൽ ആക്കിയത്. അത് അവളിലെ ബോൺ ക്രിമിനലിന് ഉരഞ്ഞു മൂർച്ച കൂടാൻ ഒരു ചാണക്കല്ലു മാത്രം. ഇത്തരത്തിൽ ഉള്ളവരാണ് പ്രകട ക്രിമിനലുകളേക്കാൾ അപകടം. അധികം കഥകളിലും ക്രിമിനലിസം പുരുഷ കഥാപാത്രങ്ങൾക്കാണ് ചാർത്തിക്കിട്ടാറുള്ളത്. മറു വിഭാഗവും അക്കാര്യത്തിൽ മോശമല്ലെന്ന് എലന വഴി പറയാൻ ശ്രമിച്ചു എന്നു മാത്രം.

 

ADVERTISEMENT

ഒറ്റയ്ക്കു ജീവിക്കുന്ന സ്ത്രീകളുടെ മേലുള്ള സമൂഹത്തിന്റെ സദാചാര നോട്ടങ്ങളുടെയും കടന്നാക്രമണങ്ങളുടെയും ഉള്ളു പൊള്ളിക്കുന്ന ചിത്രീകരണമാണ് ‘വുമൺ ഈറ്റേഴ്സ്’ എന്ന കഥ. സ്ത്രീയെ ശരീരം മാത്രമായി കാണുന്ന സമൂഹത്തിനു നേരെയുള്ള കടുത്ത വിമർശനം ആണു ദാസ്, വസുധ എന്നീ കഥാപാത്രങ്ങളിലൂടെ പറയാൻ ശ്രമിക്കുന്നത്. 2012ൽ പ്രസിദ്ധീകരിച്ച കഥയാണെങ്കിലും പത്തു വർഷമാകുമ്പോഴും ഒട്ടും മാറ്റമില്ലാതെ തുടരുന്ന വിഷയം കൂടിയാണത്. സ്ത്രീകളുടെ ലൈംഗിക തിരഞ്ഞെടുപ്പുകളും മാതൃത്വവുമൊക്കെ കർശന സമൂഹ നിരീക്ഷണത്തിനു പാത്രമാകുന്ന സമകാലീന അവസ്ഥയിൽ പ്രസക്തിയേറുന്ന ഒരു കഥ കൂടിയായി വുമൺ ഈറ്റേഴ്സ് മാറുന്നു. എന്നെങ്കിലും ഈ കഥ കാലഹരണപ്പെട്ടു പോകുമെന്നും അങ്ങനെയൊരു കാലം പണ്ട് ഇവിടെയുണ്ടായിരുന്നു എന്ന രീതിയിൽ ഭാവിയിൽ ഈ കഥ വായിക്കപ്പെടുമെന്നും ദീപ കരുതുന്നുണ്ടോ?

 

ഒരിക്കലും അങ്ങനെ കരുതുന്നില്ല. ലോകം ഇത്രയും മുന്നോട്ടു വന്നിട്ടും സ്വാഭാവികം അല്ലാതെ, സ്ത്രീകൾക്ക് കലഹിച്ചു തന്നെ നേടിയെടുക്കേണ്ടി വരുന്നുണ്ട് ഇപ്പോഴും പലതും. സ്ത്രീയും പുരുഷനും സമാന്തരമായി പരസ്പര ബഹുമാനിതരായി മുന്നോട്ടു പോകുമ്പോഴേ അതിൽ സ്വാഭാവികത ഉള്ളൂ. ലോകത്തെ പല രാജ്യങ്ങളും ഇപ്പോൾ സ്ത്രീപക്ഷം എന്നതിൽ പിറകോട്ടു നീങ്ങുന്ന ഭീകര കാഴ്ച ഉള്ളുലയ്ക്കുന്നതാണ്. അതുകൊണ്ടുതന്നെ, കഴിഞ്ഞു പോയ ഏതോ കാലത്തെ കഥ എന്ന രീതിയിൽ അതു വായിക്കപ്പെടുമെന്ന് എനിക്ക് തോന്നുന്നില്ല; ആഗ്രഹവും ആഹ്ലാദവും ഭാവിയിൽ ആ കഥ അങ്ങനെ വായിക്കപ്പെടുന്നതിൽ ആണെങ്കിലും. എഴുത്തിലെയും പ്രസംഗത്തിലെയും സ്ത്രീ പുരോഗമനം പൂർണമായും പ്രാവർത്തികതലത്തിൽ എത്തുവാൻ ഏതു നൂറ്റാണ്ടു വരെ കാത്തിരിക്കേണ്ടി വരുമോ ആവോ?

 

അഗാധപ്രണയത്തിന്റെ ആഭിചാരത്തിൽ അകപ്പെട്ടു സ്വയം അപ്രസക്തമാക്കപ്പെട്ടവളാണോ ‘ഷൈൻസ് ലാബ്റിന്ത്’ കഥയിലെ അലീന? നിന്നിൽ ഞാനുണ്ടാവുമ്പോൾ നീയൊന്നിനെയും ഭയക്കരുത്, വേദനിക്കയുമരുത് എന്ന ഷൈനിന്റെ പ്രണയപ്രഖ്യാപനം നിത്യ തടവറയിലേക്കുള്ള അവന്റെ ക്ഷണമാണോ? സ്വപ്നദർശനങ്ങളും അതീന്ദ്രിയാനുഭവങ്ങളും ഇടകലർന്നൊഴുകുന്ന ആഖ്യാനത്തിന്റെ മാസ്മരികതയ്ക്കു പുറകിൽ സ്വാതന്ത്ര്യകാംക്ഷികളായ സ്ത്രീകളെ മന്ത്രവാദിനികളാക്കി മാറ്റി ആരാധിക്കുന്ന സമൂഹത്തിന്റെ ഇരട്ടത്താപ്പാണോ ഒളിപ്പിച്ചുവച്ചിരിക്കുന്നത്?

 

അഗാധപ്രണയം ഒരുതരം ആഭിചാരം തന്നെ ആണ്. അത് ഏതു ക്രൂരമായ വഴികളും തേടി പ്രണയത്തെ സ്വന്തമാക്കിയേ അടങ്ങൂ. അതിൽ വിട്ടുവീഴ്ചകളും പ്രണയത്തിന്റെ നിർമലതകളും ഉണ്ടാവില്ല. അതിൽ വന്യമായ പ്രണയം മാത്രം. അതിനു മരണവും ജീവിതവും ഒന്നും പ്രശ്നമല്ല. ഇത്തരം പ്രണയബന്ധിതർക്കിടയിൽ മനഃപൂർവവും അല്ലാതെയും ഇണകൾ പരസ്പരം തീർക്കുന്ന അദൃശ്യമായ ലാബറിന്തുകൾ ഉണ്ട്; ഇണ തന്നിൽത്തന്നെ അകപ്പെട്ടു കിടക്കണം എന്ന ഗൂഢ ഉദ്ദേശ്യത്തോടെ. സാധാരണ പ്രണയസമവാക്യങ്ങൾ വച്ച് ഇത്തരം പ്രണയം അളക്കാനും നിർവചിക്കാനും ആവില്ല. ‘ഷൈൻസ് ലാബ്റിന്ത്’ എന്ന കഥ എനിക്ക് എഴുത്തിലെ ഒരു അതീന്ദ്രിയ അനുഭവം ആയിരുന്നു. ഏതോ അദൃശ്യതയിൽനിന്ന് ഒഴുകി വരുന്ന വാക്കുകൾ മനസ്സിൽ പിടിച്ചെടുത്തു നിരത്തിവയ്ക്കേണ്ട ജോലി മാത്രം ആയിരുന്നു ആ കഥ.

 

നിഷേധിക്കപ്പെടുന്ന പ്രണയവും സ്നേഹവുമെല്ലാം തന്റേതായ രീതിയിൽ പിടിച്ചുവാങ്ങുന്നവരായി, അതിനായി ഏതറ്റം വരെയും പോകുന്നവരായി, ദീപയുടെ സ്ത്രീ കഥാപാത്രങ്ങൾ അനുഭവപ്പെട്ടിട്ടുണ്ട്. സർപ്പക്കൊത്തിലെ കുഞ്ഞന്നയും വള്ളിയും തമ്മിലുണ്ടാകുന്ന ബന്ധം തന്നെ ഉദാഹരണം. പുറമേക്ക് അങ്ങേയറ്റം ദുർബലകളായി കാണപ്പെടുമ്പോഴും വ്യവസ്ഥിതിയോട് സമരസപ്പെട്ടു ജീവിക്കുന്നവരായി തോന്നിക്കുമ്പോഴും അവരുടെയെല്ലാമുള്ളിൽ ചുരമാന്തി നിൽക്കുന്ന സ്വാതന്ത്ര്യബോധം ഏതെങ്കിലുമൊരു നിമിഷം പുറത്തുവരിക തന്നെ ചെയ്യുന്നു. അവർ സ്വതന്ത്രരാകുന്നു. സർപ്പക്കൊത്ത് എന്ന കഥയുടെ പിറവിയെപ്പറ്റി പറയാമോ?

 

‘സർപ്പക്കൊത്ത്’ സമൂഹത്തിൽ പാലിക്കപ്പെട്ടു പോരുന്ന ശാരീരിക, സൗന്ദര്യ മാനദണ്ഡങ്ങൾ വച്ചു പിന്തള്ളപ്പെടുന്ന ഒരുവളുടെ കഥ ആണ്. സ്നേഹഭരിതവും ശുദ്ധവും ആയ അവളുടെ മനസ്സ് ആരും കാണുന്നില്ല. ശരീരം അവൾക്കു ബാധ്യത ആണെന്ന ബോധ്യം മറ്റുള്ളവർ അവളിൽ അടിച്ചേൽപിക്കുകയാണ്. എന്നിട്ടും തന്റെ പുരുഷൻ തന്നോടു കാണിക്കുന്ന അകൽച്ചയുടെ കാരണം അവൾ തുറന്ന മനസ്സോടെയും മനസ്സലിവോടെയും ഉൾക്കൊള്ളാൻ ശ്രമിക്കുന്നുണ്ട്. പക്ഷേ, തന്റെ സത്യസന്ധമായ ആ കാത്തിരിപ്പിനുള്ള പ്രതികരണം ചതിയും വഞ്ചനയും ആണെന്നറിയുമ്പോഴാണ് അവൾ വള്ളിയിലേക്ക് എത്തുന്നത്. വളരെപ്പെട്ടെന്നു തന്നെ അവർക്കിടയിൽ അവഗണിക്കപ്പെട്ടവർ തമ്മിലുള്ള ഒരു ഐക്യം രൂപപ്പെടുന്നു. അവർക്കു മാത്രം മനസ്സിലാവുന്ന പരസ്പരസ്നേഹം ഉടലെടുക്കുന്നു. കറുത്ത നിറത്തിന്റെ പേരിൽ പരിഹസിക്കപ്പെട്ടിരുന്ന ഒരു കൂട്ടുകാരി മറ്റു പെണ്ണുങ്ങൾക്കു കഴിയാത്ത മരത്തിൽകേറലിലൂടെ സ്വയം ആത്മവിശ്വാസം നേടിയ കാര്യം ഓർമയിൽ കിടന്നതാണ് ഈ കഥാതന്തു.

 

ദീപയുടെ കഥാപാത്രങ്ങളൊന്നും തന്നെ സമ്പൂർണ ആദർശശാലികളൊന്നുമല്ല. ആണായാലും പെണ്ണായാലും മനുഷ്യസഹജമായ സകല ദൗർബല്യങ്ങളും വഴിതെറ്റലുകളും കന്നന്തിരിവുകളും മനസ്സിലും പ്രവൃത്തിയിലും പേറുന്നവരാണവർ. സർപ്പക്കൊത്തിലെ റാഹേൽ, ജോജി, മോളി, ഇഷ്ടദാനത്തിലെ മകൾ, നേത്രദാനത്തിലെ നരേന്ദ്രൻ, പ്രണയവും എലനയുമിലെ എലന, ജോൺ, സെബാൻ, വുമൺ ഈറ്റേഴ്സിലെ രാജേന്ദ്രൻ...ഈ ‘ഇരുണ്ട’ കഥാപാത്രങ്ങളിലേക്കെത്തിച്ചേരുന്നത് എങ്ങനെയാണ്? അവരുടെ പിറവി എങ്ങനെയാണ്?

 

ഈ ഇരുണ്ട കഥാപാത്രങ്ങൾ നമുക്കിടയിൽ തന്നെ ഉണ്ട്. നമ്മൾ ശ്രദ്ധിക്കുന്നില്ല എന്നേ ഉള്ളൂ. ചിലപ്പോഴൊക്കെ ഒരു നേരിയ മുഖാവരണം അണിഞ്ഞു കൊണ്ട് അവർ പിടിതരാതെ നിൽക്കുന്നു എന്നേ ഉള്ളൂ. മനുഷ്യർക്കിടയിൽ ആദർശശാലികളും പൂർണ മനുഷ്യരും നന്നേ കുറവായിരിക്കും. ഞാൻ അടക്കം നമ്മൾ എല്ലാവരും ആ കഥാപാത്രങ്ങളുടേതു പോലുള്ള ഏറ്റക്കുറച്ചിലുകളുള്ള സ്വഭാവ സവിശേഷതകൾ ഉള്ളിലുള്ളവർ ആകും. അതു ഭദ്രമായി ഉള്ളിൽ അടക്കിവയ്ക്കാനുള്ള കഴിവാണു നമ്മളെ മികച്ച മനുഷ്യർ ആക്കുന്നത്. പലരെയും വെറുതെ നിരീക്ഷിക്കുമ്പോൾ അവർ ആ കാണുന്നതല്ല എന്നു നമുക്കു ബോധ്യമാകും. അവരുടെ ഉള്ളിൽ ഉള്ള ഇരുണ്ട മനുഷ്യന്റെ മുഖം ഒരുമാത്ര ദൃശ്യമാകും, ചില സന്ദർഭങ്ങളിൽ. നമ്മൾ അറിഞ്ഞോ അറിയാതെയോ ശ്രദ്ധിച്ച അവരാകാം പിന്നീടു കഥാപാത്രങ്ങളിലേക്കു നുഴഞ്ഞു കയറുന്നത്. അത് എന്തായാലും ഞാൻ ബോധപൂർവം നടത്തുന്ന ഒരു തിരഞ്ഞെടുപ്പല്ല. സംഭവിച്ചു പോകുന്നതാണ്. ആ ഉള്ളിലെ ഇരുളിച്ചകൾ സമൂഹം നമുക്കുമേൽ കാലങ്ങളായി അടിച്ചേൽപിച്ച ചില തെറ്റായ മൂല്യബോധങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞു വരുന്നതാണു താനും. അതിൽ നിന്നു കുതറി മാറി രക്ഷപ്പെടുന്ന പൂർണ സൽസ്വഭാവികൾ അത്രയധികമൊന്നും ഇല്ല. അങ്ങനെ ഉള്ളവരെ നമ്മൾ ജീവിക്കാൻ അറിയാത്തവർ ആയാണു പലപ്പോഴും വിലയിരുത്തുന്നതെന്നാണ് അതിലെ മറ്റൊരു കൗതുകം.

 

ഫാന്റസിയുടെ, അതീന്ദ്രിയാനുഭവങ്ങളുടെ, മരണാനന്തര ലോകത്തിന്റെ ഒരു തുണ്ട് ദീപയുടെ പല കഥകളിലും കഥാഗതിയെ തന്നെ മുന്നോട്ടുനയിക്കുന്ന പ്രധാനപ്പെട്ട ഘടകമാണ്. ഷൈൻസ് ലാബ്റിന്ത്, മരിച്ച പെണ്ണുങ്ങൾ, സർപ്പക്കൊത്ത്, നേത്രദാനം, അറമാപ്പുലി തുടങ്ങിയ കഥകളിൽ ഏറിയും കുറഞ്ഞും ഈ ഘടകങ്ങൾ കാണാം. വളരെ കയ്യടക്കത്തോടെ, പാളിപ്പോകാതെ, കഥയോട് ഇഴുകിച്ചേർന്നു നിൽക്കുന്ന ഫാന്റസി പകരുന്ന വായനാനുഭവം ദീപയുടെ കഥകളുടെ എടുത്തുപറയേണ്ട പ്രത്യേകതയാണ്. ഒരു കഥാരൂപമെന്ന നിലയിൽ ഫാന്റസിയുടെ ഉപയോഗത്തെ ദീപ എങ്ങനെ വിലയിരുത്തുന്നു? ഇവ കഥകളിൽ ഇത്ര സ്വാഭാവികമായി എങ്ങനെ കൊണ്ടുവരുന്നു?

 

എന്റെ കഥകൾ വായിക്കുന്ന പലരും പറയുന്ന ഒന്നാണിത്. ഫാന്റസി എഴുതാൻ വേണ്ടി ക്രിയേറ്റ് ചെയ്ത് എടുക്കാറില്ല. അതങ്ങനെ വന്നു പോകുന്നതാണ്. അതുകൊണ്ടു തന്നെയാവാം ഈ പറഞ്ഞ കയ്യടക്കം അതിനുണ്ടെന്നു തോന്നുന്നതും. ഫാന്റസി എന്റെ കൂടെത്തന്നെ എന്റെയുള്ളിൽ ജനിച്ച ഒന്നാണെന്ന് എനിക്കു ചിലപ്പോൾ തോന്നാറുണ്ട്. അതുകൊണ്ടു തന്നെ കഥകൾ ഞാൻ പോലുമറിയാതെ അതിലേക്കു പെട്ടന്നു വഴുതിവീഴുകയും ചെയ്യും. കുട്ടിക്കാലത്ത് ആലീസ് ഇൻ വണ്ടർലാൻഡ് ഒക്കെ വായിക്കുമ്പോൾ ഒരു സിനിമ കാണുംപോലെ വിഷ്വൽ കണ്ടു കൊണ്ടു വായിക്കാൻ കഴിയുമായിരുന്നു. ഫാന്റസിയിലേക്കുള്ള എന്റെ പടികയറ്റങ്ങൾ ആയിരുന്നു അതൊക്കെയെന്ന്  ഇപ്പോൾ തിരിഞ്ഞു നോക്കുമ്പോൾ തോന്നുന്നു. മരണാനന്തര ജീവിതവും അതീന്ദ്രിയതകളും ഒക്കെ എന്റെ ഇഷ്ട വിഷയങ്ങൾ ആണ്. ഫാന്റസിയുടെ വകഭേദങ്ങൾ എന്ന നിലയിൽ. അറിയാത്തതിനെക്കുറിച്ചും ആർക്കും അങ്ങനെ വ്യക്തത ഇല്ലാത്ത കാര്യങ്ങളെക്കുറിച്ചും ചിന്തിക്കുമ്പോൾ ഭാവനയ്ക്കു കിട്ടുന്ന ആ സ്വാതന്ത്ര്യം രസകരമായ ഒന്നാണ്. അതിൽ മറിച്ചു ചോദ്യം ഉയർത്താൻ ആരുടെ കയ്യിലും വ്യക്തമായ തെളിവൊന്നും ഇല്ലല്ലോ.

 

ആദ്യമായി എഴുതിയ കഥയെക്കുറിച്ച് പറയാമോ? എഴുത്തിലേക്ക് നടന്നെത്തിയത് എങ്ങനെയായിരുന്നു?

 

യക്ഷികളെക്കുറിച്ചു കുട്ടിക്കാലത്തു ഞാനും കൂട്ടുകാരനും തമ്മിൽ കടുത്ത തർക്കത്തിൽ ഏർപ്പെടുമായിരുന്നു. യക്ഷി ഉണ്ടെന്ന് അവനും, ഇല്ലെന്ന് ഞാനും. യക്ഷി ഇല്ല എന്ന കാര്യത്തിൽ എനിക്ക് അത്ര വല്ല്യ ഉറപ്പൊന്നും ഇല്ലെങ്കിലും അമ്മയുടെ ബോധവൽക്കരണം കാരണം യക്ഷി ഇല്ലെന്ന് ഞാൻ അവനോട് തർക്കിച്ചു എന്നേ ഉണ്ടായിരുന്നുള്ളൂ. പോരാത്തതിന് അവൻ പറയുന്നതിനു നേരേ എതിരു പറയുക എന്ന എന്റെ ശീലവും. കണക്കിൽ മുഴുപൊട്ടയായ എനിക്കും പാതിപൊട്ടയായ അവനും അമ്മ വൈകിട്ട് കണക്ക് ചെയ്യാൻ തരും. ആ ഒരൊറ്റ കാരണം കൊണ്ട് അവന്റെ വീട് ഒരു കണക്ക് ടീച്ചറുടെ തൊട്ടയൽപക്കമായതിന് അവൻ പ്രാകി മുടിക്കും. കണക്ക് ടീച്ചറുടെ മകളായിപ്പോയതിനു ഞാൻ എന്നെയും. അമ്മയുടെ അടുക്കളജോലി കഴിയുമ്പോഴേക്കു കണക്ക് ചെയ്യണം എന്നാണു കണക്ക്. അന്നു ചെയ്യാൻ തന്ന കണക്ക് വി.ഗൈഡിൽ ഉള്ളതായതിനാൽ ഞങ്ങൾ എളുപ്പം അതു നോക്കി കോപ്പിയടിച്ചു മിടുക്കരായി. അമ്മ വരും വരെ സമയമുള്ളതിനാൽ മിണ്ടിയും പറഞ്ഞുമിരുന്നു. യക്ഷി തന്നെ വിഷയം. യക്ഷി ഇല്ലാന്ന് ഉറപ്പുണ്ടെങ്കിൽ രാത്രി നീ പാലമരത്തിന്റെ ഒരു ഇല പൊട്ടിച്ച് വാ എന്ന് അവൻ. രാത്രി പന്ത്രണ്ട് മണിക്ക് എന്നൊക്കെ അവൻ വാശി പിടിച്ചെങ്കിലും സന്ധ്യ മയങ്ങിയാൽ പിന്നെ യക്ഷികളുടെ സമയമാണ് എന്ന് അവൻ മുൻപു പറഞ്ഞതു വച്ചു ഞാൻ സമയം എഴു മണിയാക്കി. അങ്ങനെ പിറ്റേദിവസം ഞാനൊറ്റയ്ക്ക് ഒരേക്കർ പറമ്പിന്റെ അതിരിലുള്ള പാലമരത്തിൽ നിന്നു രാത്രി ഏഴു മണിക്ക് ഒരില പൊട്ടിക്കാൻ ധാരണയായി. പിറ്റേന്ന്, കണക്കുപഠനത്തിനിടെ അമ്മയുടെ കണ്ണുവെട്ടിച്ചു ഞാനിറങ്ങി. ഇന്നത്തെ പോലെ രാവ് പകലാക്കുന്ന വൈദ്യുത വെളിച്ചങ്ങൾ ഇല്ല. മഞ്ഞച്ച നിറത്തിലൊരു സാധനം കത്തി നിൽക്കുംന്ന് മാത്രം. അതിന്റെ വെളിച്ചം പറമ്പിന്റെ അറ്റത്തേക്ക് എത്തുകയുമില്ല. പക്ഷേ, ആതിര നിലാവെളിച്ചം ചന്ദ്രൻ പിശുക്കില്ലാതെ വിതറിയിട്ടിരുന്നതിനാൽ പേടിയേതുമില്ലാതെ നടന്നു. പാലച്ചുവട്ടിൽ എത്തി. പാലമരം എന്നൊന്നും പറയാനാവാത്ത ഒരു കുട്ടി പാല. നോക്കുമ്പോൾ അതിനു മുകളിലെ ചെറിയ കൊമ്പിൽ വെള്ളനിറത്തിൽ മൂടിക്കെട്ടിയ ഒരു യക്ഷി. പേടിച്ച് മരവിച്ച ശരീരം ഒരടി മുന്നോട്ടോ പിന്നോട്ടോ ഇല്ലാതെ ഭൂമിയിൽ ഒട്ടി. ‘അവൻ യക്ഷി ഇല്ലാന്നു പറഞ്ഞപ്പോ ശരിക്കും ഉണ്ട്ന്ന് തെളിയിക്കാൻ വന്നതാ’. ഞാൻ പേടിച്ചലറിക്കരഞ്ഞു പറഞ്ഞു. ‘ഞാനാടീ യക്ഷി, ഇല്ലാന്ന് പറഞ്ഞത് നീയല്ലേടീ? നൊണച്ചീ’’. മരക്കൊമ്പിലെ യക്ഷി അലറി. പിന്നെ, മരക്കൊമ്പിൽനിന്ന് ഊർന്നിറങ്ങി പാഞ്ഞു. അവന്റെ അച്ഛന്റെ വെള്ള ഡബിൾ മുണ്ട് പാലമരത്തിനു താഴെ ഉരിഞ്ഞെറിഞ്ഞ യക്ഷിത്തൊലി പോലെ കിടന്നു. 

 

ഞാൻ നിലാവെളിച്ചത്തിൽ പാലമരം ആദ്യമായി കാണുകയായിരുന്നു. പാലമരം നിറയെ യക്ഷികൾ. ഒരു യക്ഷി മരക്കൊമ്പിലിട്ട അമ്മിയിൽ തേങ്ങ അരയ്ക്കുന്നു. ഒരുത്തി തിരുമ്പുന്നു. ഒരുത്തി വായിക്കുന്നു. ഒരുത്തി ഊഞ്ഞാലാടുന്നു. ഒരുത്തി മരക്കൊമ്പ് അടിച്ചു വാരുന്നു. നല്ല രസം. അന്നു വായിച്ച സുമംഗലയുടെ മിഠായിപ്പൊതിയിലെ യക്ഷിവീട് ഇഫക്ട്. ഞാൻ തിരിച്ചു ചെല്ലുമ്പോൾ അവൻ കുമ്പിടിയായി ഇരുന്ന് കണക്കു ചെയ്യുകയാണ്. അവന്റെ പരക്കംപാച്ചിലിന്റെ ശ്വാസക്കിതപ്പാറാത്ത നെഞ്ച്  എത്ര ശ്രമിച്ചിട്ടും അടക്കം കിട്ടാതെ കിടന്നടിക്കുന്നു. ‘എടാ, യക്ഷിണ്ട്, ഞാങ്കണ്ടു’. ഞാൻ പറഞ്ഞു. എടീ അത് ഞാനാ, നിന്നെ പറ്റിച്ചാതാന്ന് അവൻ. ‘അല്ല, ശരിക്കും യക്ഷിണ്ട്’. ഞാൻ തർക്കിച്ചു. ‘ഞാനങ്ങട്ട് വന്നാണ്ടല്ലോ രണ്ടിനേം’ എന്ന് ഒറിജിനൽ യക്ഷി അടുക്കളയിൽ നിന്ന് അലറിയപ്പോൾ ഞങ്ങൾക്ക് മുണ്ടാട്ടം മുട്ടി. ഈ യക്ഷി ചോരയൂറ്റിക്കുടിക്കില്ലെങ്കിലും കണക്ക് തെറ്റിയാ മര സ്കെയിലു കൊണ്ട് നല്ല വീക്ക് വച്ചുതരും. കൂർത്ത നഖമുന ഇല്ലെങ്കിലും ഗുണകോഷ്ഠം തെറ്റിച്ചാ നല്ല പിച്ചും തരും. ഞങ്ങൾ നിശ്ശബ്ദരായി രക്ഷതേടി വി.ഗൈഡ് പരതിത്തുടങ്ങി. അന്നു രാത്രി ‘യക്ഷിക്കൂട്’ എന്നൊരു കഥ എഴുതി. ആദ്യത്തെ കഥ. അവനു വായിക്കാൻ കൊടുത്തു. ‘പീറക്കഥ’. അവൻ അഭിപ്രായിച്ചു. അവൻ വീട്ടിലേക്കും കഥ അടുപ്പിലേക്കും പോയി. പിറ്റേന്ന് അവന്റെ കൂട്ടുകാരി ചോദിക്കുന്നു: ‘നീ എഴുതിയ കഥ നല്ല രസമുണ്ടെന്ന് അവൻ പറഞ്ഞു. യ്ക്കും വായിക്കാൻ തര്യോ?’ ‘ഞാനത് അടുപ്പിലിട്ടു’. ഞാൻ സങ്കടപ്പെട്ടു. ‘ഓ... അന്റെ ഒരു വീര്യം’. അവൾ ഞാൻ പറഞ്ഞതു വിശ്വസിച്ചില്ല. അവൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അവനും ‘കഥ അടുപ്പിലിട്ട കഥ’ വിശ്വസിച്ചില്ല. ‘എന്റെ വീട്ടില് പുത്യേ നായക്കുട്ടിയെ കൊണ്ടന്ന്ട്ട്. ഞാൻ കാണിച്ചു തരാം, ബാ’. അവൻ കൂട്ടുകാരിയുടെ സങ്കടം മാറ്റാൻ പറഞ്ഞു. ‘ഞാനും വരട്ടെ’. ഞാൻ ചോദിച്ചു. ‘വേണ്ട നീ വല്ല്യ കഥാകാരിയല്ലേ’. രണ്ടും ഒറ്റ സ്വരത്തിൽ മറുപടി പറഞ്ഞു. ‘എനിക്കാ കഥ ഓർമ്മണ്ട്. ഞാൻ ഒന്നൂടെ എഴുതീട്ട് വായിക്കാൻ തരാം’. ഞാൻ കെഞ്ചി. ‘വേണ്ട, നിന്റെ കഥ നീ തന്നെ എഴുതി നീ തന്നെ വായിച്ചോ’. രണ്ടും എന്നോടു കെറുവിച്ചു, കൂട്ടു വെട്ടി. 

 

ദാ, ഇത്തിരി മുന്നെ അവൻ വിളിച്ചു. വർഷങ്ങൾക്ക് ശേഷം. കെനിയയിലാണ് ഫാമിലി സഹിതം. നാട്ടിലെത്തി ഒരാഴ്ചയായി: ‘നീയിപ്പഴും കഥ എഴ്ത്ണുണ്ടല്ലെ’. അവൻ ചിരിച്ചു. ‘ഇപ്പം ഞാൻ കഥ എഴുതുന്നതു ഞാൻ മാത്രല്ല എല്ലാരും വായിക്ക്ണ്‌ണ്ട്’. ഞാനും ചിരിച്ചു. പിന്നെ അന്നത്തെ കൂട്ടുകാരി മരിച്ചുപോയതിൽ ഒരുമിച്ച് സങ്കടപ്പെട്ടു. പഴയ കാര്യങ്ങൾ ഓർത്തപ്പോൾ ‘അപ്പൊ നിന്റെ ആദ്യ കഥ യക്ഷിക്കൂട് വായിച്ച ഒരേ ഒരാൾ ഞാനാണല്ലേന്ന്’ അവൻ ആശ്ചര്യപ്പെട്ടു. എന്നത്തെയും പോലെ ഞാനെതിർത്തു. അല്ല. പിന്നെ? അടുപ്പും. അവിടെ നിന്നായിരുന്നു കഥയെഴുത്തിന്റെ തുടക്കം. അന്ന് ഏഴാം ക്ലാസിൽ ആയിരുന്നു. പിന്നെ അങ്ങനെ കഥകളും കവിതകളും എഴുതുമായിരുന്നു. അതൊന്നും ആരെയും കാണിക്കണം എന്നോ എവിടെയെങ്കിലും അച്ചടിച്ചു കാണണം എന്നോ അന്നു തോന്നിയില്ല. അതൊരു തരം സ്വകാര്യമായ ആനന്ദമായി കൊണ്ടു നടന്നു എന്നതാണു വാസ്തവം. എന്നെ സംബന്ധിച്ചു മനസ്സിൽ ഉള്ള ഒരു കഥ പേപ്പറിലേക്കു പകർത്താൻ കഴിഞ്ഞാൽ തന്നെ ഞാൻ പൂർണ സംതൃപ്ത ആയിരുന്നു. കുറെക്കാലം കഴിഞ്ഞു മാറ്റാരോ എഴുതിയ കഥ എന്നപോലെ വായിച്ചു നോക്കും. ഏറെക്കാലം കഴിഞ്ഞു 2010 ൽ ആണ് ഒരു കഥ ആനുകാലികങ്ങളിലേക്ക് അയയ്ക്കുന്നത്. അതുകൊണ്ട് ഇപ്പോൾ വായനാലോകത്തിനു മുന്നിൽ നിൽക്കുന്നു എന്നു മാത്രം.

 

ഈയടുത്തു വായിച്ചതിൽ ഏറ്റവും ഇഷ്ടമായ കുറച്ചു കഥകളെപ്പറ്റി പറയാമോ?

 

വികെഎൻ, മേതിൽ, എസ്.ഹരീഷ്, ഉണ്ണി ആർ., സുഭാഷ് ചന്ദ്രൻ എന്നിവരെയൊക്കെ ആണു കഥകളിൽ കൂടുതൽ ഇഷ്ടം. ഈയടുത്തു വായന നന്നേ കുറവാണ്. എന്നാലും കിട്ടുന്ന കഥകൾ ഒക്കെ വായിക്കാറുണ്ട്. അക്കൂട്ടത്തിൽ മികച്ചതും കൊതിപ്പിച്ചതും ആയ കഥകൾ ഒരുപാടുണ്ട്. പേരെടുത്തു പറയുന്നില്ല എന്നേയുള്ളൂ. കാരണം മികച്ചതും അല്ലാത്തതും ആയ എല്ലാ കഥകളിലും അതെഴുതിയ ആളുടെ അധ്വാനവും ആത്മാവും തെളിഞ്ഞു കാണാം. ഒരു കഥ എഴുതുന്നതിന്റെ അധ്വാനം അറിയുന്നതിനാൽ എനിക്ക് എല്ലാ കഥകളോടും ഇഷ്ടം തോന്നും. മികച്ച കഥകൾ കൊതിയോടെയും ഇഷ്ടത്തോടെയും പിന്നെയും പിന്നെയും വായിക്കും. ആ കഥകളുടെ പേര് ഞാൻ ഇവിടെ പറയുമ്പോൾ ഞാനും എന്റെ കഥകളും അതിൽ ഉൾപ്പെട്ടില്ലല്ലോ എന്നു പലർക്കും തോന്നാം. അതുകൊണ്ടു മാത്രം ആ കഥകളെക്കുറിച്ചു പറയുന്നില്ല. അതിനു പുറമെ അത്തരം ചോയ്സ് വ്യക്തിപരമാണു താനും. അതിഗംഭീരം എന്നു പലരും വാഴ്ത്തുന്ന ചില കഥകൾ എന്നെ വായനയിൽ ആഹ്ലാദിപ്പിക്കാറില്ല. അതിനർത്ഥം ആ കഥ മോശം എന്നല്ല. എന്റെ വായനരീതി അതുമായി ഒക്കുന്നില്ല എന്നതു മാത്രം ആണ്. എന്തായാലും മലയാളകഥയുടെ വസന്തകാലം ആണിപ്പോൾ എന്നു തോന്നും വിധം അതിഗംഭീര കഥകളുമായി ഒരുപാടു പേർ കഥയെഴുത്തു ലോകത്തുണ്ട്. വായനക്കാരി എന്ന നിലയിൽ ഒരുപാടു നല്ല കഥകൾ വായിക്കാനാവുന്ന സന്തോഷം ചില്ലറയല്ല.

 

ഒരു കഥ ജനിക്കുന്നത് എങ്ങനെയാണ്? കഥയ്ക്കാവശ്യമായ അസംസ്കൃത വസ്തുക്കൾ ദീപ ശേഖരിക്കുന്നത് എങ്ങനെയാണ്? എവിടെ നിന്നൊക്കെയാണ്?

 

കഥയ്ക്ക് ആവശ്യമുള്ള അസംസ്‌കൃത വസ്തുക്കൾ മനഃപൂർവവും ബോധപൂർവവും ശേഖരിക്കാറില്ല. എന്നാൽ മനസ്സിൽ അതു ശേഖരിക്കപ്പെടുന്നുണ്ടാവാം. ചിലപ്പോൾ മനസ്സിൽ ആരോ സംസാരിക്കാൻ ശ്രമിക്കും പോലെ തോന്നും. അവരുടെ ലോകം, അവരുടെ പ്രശ്നങ്ങൾ, വികാരവിചാരങ്ങൾ ഒക്കെ. ഞാൻ എന്റെ ഭാഷ കൊണ്ട് ആ അരൂപികൾക്ക് ദൃശ്യത നൽകുന്നു എന്നപോലെയാണ് എനിക്കു എഴുത്ത് ഫീൽ ചെയ്യാറുള്ളത്. അവരെ എഴുതിയേ പറ്റൂ. അല്ലെങ്കിൽ അവരെ എഴുതി ഒഴിവാക്കി അവരിൽ നിന്നു ഞാൻ ഫ്രീ ആയേ പറ്റൂ എന്ന തോന്നൽ രൂക്ഷം ആവുമ്പോൾ ഒറ്റയിരിപ്പിന് എഴുതുന്നതാണ് എന്റെ ശീലം. ആദ്യം ഒക്കെ എഡിറ്റിങ് നടത്തുന്ന പരിപാടി ഒന്നും ഇല്ലായിരുന്നു. ആ എഴുതിയ പോലെ തന്നെ അങ്ങ് അയയ്ക്കുക ആയിരുന്നു. ഈയടുത്ത കാലത്താണ് എഴുതിക്കഴിഞ്ഞാൽ ഒന്നുരണ്ടുവട്ടം വായിച്ച് എഡിറ്റ് ചെയ്യുക എന്നതൊക്കെ ചെയ്യാൻ തുടങ്ങിയത്. അതു പോലെ പേപ്പറിൽ പേന കൊണ്ട് എഴുതി കഥ പോസ്റ്റ്‌ വഴി അയയ്ക്കുക എന്ന ശീലം മാറി ഡിടിപി ചെയ്തു മെയിൽ ചെയ്യുക എന്നതു ശീലം ആക്കിയിട്ടു മാസങ്ങൾ ആവുന്നതേ ഉള്ളൂ. കഥകളിലേക്ക് ഞാൻ എത്തപ്പെടുക എന്നതിൽ ഉപരി കഥകൾ എന്നെ തേടി വരുന്നു എന്നതാവും കൂടുതൽ ശരി. അവർക്കു പുറംലോകം കാണാൻ ഉള്ള ഒരു മീഡിയം ആണ് ഞാൻ എന്നപോലെ.

 

Content Summary: Content Summary: Puthuvakku Series - Talk with writer VK Deepa