നഷ്ടപ്പെട്ടുപോയ മകളും ഒളിച്ചോടിയ അമ്മയും
കുട്ടികൾ ഒരു സ്ത്രീയുടെ മുഴുവൻ സ്വപ്നങ്ങളെയും ചവിട്ടിമെതിക്കുന്ന വലിയ ഉത്തരവാദിത്തമായി കഴുത്തിൽ കുരുങ്ങുന്നതാണു നാം ഫിറാന്റെയുടെ ലോകത്തു കാണുന്നത്. ദ് ലോസ്റ്റ് ഡോട്ടറിൽ രണ്ടു പെൺകുഞ്ഞുങ്ങളുടെ അമ്മ, ലെഡ എന്ന കോളജ് പ്രഫസർ, അവരെ ഉപേക്ഷിച്ച് ഒളിച്ചോടുന്നു. കാമുകന്റെ കൂടെ പാർക്കുന്നു.
കുട്ടികൾ ഒരു സ്ത്രീയുടെ മുഴുവൻ സ്വപ്നങ്ങളെയും ചവിട്ടിമെതിക്കുന്ന വലിയ ഉത്തരവാദിത്തമായി കഴുത്തിൽ കുരുങ്ങുന്നതാണു നാം ഫിറാന്റെയുടെ ലോകത്തു കാണുന്നത്. ദ് ലോസ്റ്റ് ഡോട്ടറിൽ രണ്ടു പെൺകുഞ്ഞുങ്ങളുടെ അമ്മ, ലെഡ എന്ന കോളജ് പ്രഫസർ, അവരെ ഉപേക്ഷിച്ച് ഒളിച്ചോടുന്നു. കാമുകന്റെ കൂടെ പാർക്കുന്നു.
കുട്ടികൾ ഒരു സ്ത്രീയുടെ മുഴുവൻ സ്വപ്നങ്ങളെയും ചവിട്ടിമെതിക്കുന്ന വലിയ ഉത്തരവാദിത്തമായി കഴുത്തിൽ കുരുങ്ങുന്നതാണു നാം ഫിറാന്റെയുടെ ലോകത്തു കാണുന്നത്. ദ് ലോസ്റ്റ് ഡോട്ടറിൽ രണ്ടു പെൺകുഞ്ഞുങ്ങളുടെ അമ്മ, ലെഡ എന്ന കോളജ് പ്രഫസർ, അവരെ ഉപേക്ഷിച്ച് ഒളിച്ചോടുന്നു. കാമുകന്റെ കൂടെ പാർക്കുന്നു.
എലീന ഫിറാന്റെയുടെ നാലു വോള്യമായി പ്രസിദ്ധീകരിച്ച നീയോപൊളിറ്റൻ നോവലുകളുമായി താരതമ്യം ചെയ്യുമ്പോൾ ലഘുനോവലാണു ദ് ലോസ്റ്റ് ഡോട്ടർ. പക്ഷേ, ഫിറാന്റെയുടെ കഥാപ്രപഞ്ചത്തിന്റെ മൗലിക സ്വഭാവങ്ങൾ പ്രകടിപ്പിക്കുന്ന ഈ കൃതി, നിസംശയമായും ഫിറാന്റെയുടെ മികച്ച രചനകളിലൊന്നാണ്. വായനക്കാരെ ചിന്താധീനരാക്കുന്ന സങ്കീർണതയും വൈകാരികപിരിമുറുക്കവും ഈ നോവലിൽ ഉണ്ട്. യുഎസ് നടിയും ചലച്ചിത്രകാരിയുമായ മാഗി ജിലൻഹോ ഈ നോവൽ അതേ പേരിൽ സിനിമയാക്കിയതു കഴിഞ്ഞ ദിവസം കാണുകയായിരുന്നു. നോവൽ പോലെ സൂക്ഷ്മവും മനോഹരവുമായ ആഖ്യാനമാണു സിനിമയും സ്വീകരിച്ചിട്ടുള്ളത്.
സൂസന്നയുടെ ഗ്രന്ഥപ്പുരയിൽ ഞാൻ എലീന ഫിറാന്റെയുടെ നോവലുകളെപ്പറ്റി എഴുതിയിരുന്നു. നാലു വോള്യം നിയോപൊളിറ്റൻ നോവൽ മുഴുവനും വായിക്കാൻ കഴിയാത്തവരും പക്ഷേ അതിലെന്താണെന്ന് അറിയാൻ ജിജ്ഞാസയുള്ളവരുമായ വായനക്കാർക്കുവേണ്ടി, ഞാൻ ഫിറാന്റെയുടെ കഥാലോകത്തെപ്പറ്റി ഒരു ലഘുവിവരണം നൽകാനാണു ശ്രമിച്ചത്. അതാകട്ടെ എന്റെ വായനയിൽ എനിക്ക് ഏകപക്ഷീയമായി തോന്നിയ കാര്യങ്ങൾ മാത്രമായിരുന്നു. നിയോപൊളിറ്റൻ നോവലിൽ കഥ പറയുന്ന അതേ വ്യക്തി തന്നെയാണു ഈ നോവലിലും ഉള്ളത്. സ്ത്രീയുടെ ക്രിയേറ്റിവിറ്റി, പ്രണയം, കുടുംബം, കുഞ്ഞുങ്ങൾ, കരിയർ എന്നിവ പരസ്പരം ഏറ്റുമുട്ടുന്ന ഘടകങ്ങളായാണു ഫിറാന്റെയുടെ ലോകത്തുള്ളത്. കുറ്റബോധത്തിന്റെ സാംസ്കാരിക ഭാരം എപ്രകാരമാണു സ്ത്രീയെ തനിച്ചാക്കുന്നതെന്നും.
നേപ്പിൾസ് നഗരപ്രാന്തത്തിലെ ചേരിപ്രദേശത്തെ, സാധാരണ തൊഴിലാളി കുടുംബത്തിൽനിന്നുള്ള ഒരു പെൺകുട്ടി, ആ പ്രദേശത്തിന്റെ സംസാരഭാഷയെയും സംസ്കാരത്തെയും പൂർണമായും തിരസ്കരിച്ച്, ഇറ്റാലിയൻ ഭാഷയുടെ സാഹിത്യ സംസ്കാരത്തിലേക്കു പ്രവേശിക്കാൻ ശ്രമിക്കുന്നു. അമ്മയുമായുള്ള നിരന്തര കലഹത്തിൽനിന്ന് ഓടി രക്ഷപ്പെടുന്നതിന്റെ ഭാഗമായാണ് അവൾ പഠിക്കുന്ന കാലത്തുതന്നെ വിവാഹിതയാകുന്നത്. എന്നാൽ വിവാഹം ലക്ഷ്യമല്ല, ലക്ഷ്യത്തിലേക്കുള്ള മാർഗം മാത്രമാണ്. കോളജ് പ്രഫസറാകണം, എഴുത്തുകാരിയാകണം, ഒറ്റയ്ക്കു ലോകം സഞ്ചരിക്കണം ഇതെല്ലാമാണ് അവളുടെ ലക്ഷ്യം. എന്നാൽ കുഞ്ഞുങ്ങൾ ഉണ്ടാകുന്നതോടെ കാര്യങ്ങൾ തകിടം മറിയുന്നു. കുട്ടികൾ ഒരു സ്ത്രീയുടെ മുഴുവൻ സ്വപ്നങ്ങളെയും ചവിട്ടിമെതിക്കുന്ന വലിയ ഉത്തരവാദിത്തമായി കഴുത്തിൽ കുരുങ്ങുന്നതാണു നാം ഫിറാന്റെയുടെ ലോകത്തു കാണുന്നത്. ദ് ലോസ്റ്റ് ഡോട്ടറിൽ രണ്ടു പെൺകുഞ്ഞുങ്ങളുടെ അമ്മ, ലെഡ എന്ന കോളജ് പ്രഫസർ, അവരെ ഉപേക്ഷിച്ച് ഒളിച്ചോടുന്നു. കാമുകന്റെ കൂടെ പാർക്കുന്നു. മൂന്നു വർഷത്തിനുശേഷം അവൾ വീണ്ടും താൻ ഉപേക്ഷിച്ചുപോയ മക്കളിലേക്കു തിരിച്ചെത്തുന്നു. മക്കളെ ഉപേക്ഷിച്ചുപോയ ആ നാളുകളുടെ ഓർമ ഒരു കുറ്റബോധമായി അവരുടെ ജീവിതകാലമത്രയും അവരെ പിന്തുടരുന്നുണ്ട്. എന്നാൽ, മക്കളില്ലാതെ ജീവിച്ച ആ മൂന്നു വർഷക്കാലം തനിക്കേറ്റവും സന്തോഷവും സ്വാസ്ഥ്യവും ലഭിച്ചുവെന്നാണ് അവൾ കണ്ണീരോടെ തുറന്നുപറയുന്നത്.
വർഷങ്ങൾക്കുശേഷം പെൺമക്കൾ വിവാഹിതരായി മറ്റൊരു പട്ടണത്തിലേക്കു താമസം മാറുമ്പോൾ വീണ്ടും തനിച്ചായിത്തീർന്ന ആ കോളജ് പ്രഫസർ തന്റെ പുസ്തകങ്ങളുമായി ഇറ്റലിയിലെ ഒരു കടലോര റിസോർട്ടിലേക്കു പോകുന്നതാണ് ഈ നോവലിന്റെ തുടക്കം.. ആ വേനലിൽ അവിടെ അവധി ചെലവഴിക്കാനെത്തുന്ന മറ്റൊരു കുടുംബത്തെ പ്രഫസർ നിരീക്ഷിക്കുന്നു. ഒരു പാവയുമായി നടക്കുന്ന എലീന പെൺകുട്ടിയെയും അവളുടെ സുന്ദരിയായ അമ്മ നീനയെയും പ്രഫസർ പ്രത്യേകം ശ്രദ്ധിക്കുന്നു. അവരുമായി സൗഹൃദത്തിലാകുന്നു. തന്റെ യൗവനകാലത്തെ ജീവിതം അവരുടെ ഉള്ളിൽ ഉയരുന്നു. പെൺമക്കൾ ചെറുതായിരുന്നപ്പോൾ അവരുമായി തനിക്കുണ്ടായിരുന്ന കലുഷിതമായ ബന്ധമാണ് കോളജ് പ്രഫസർ അപ്പോൾ ഓർക്കുന്നത്. ഡിപ്രഷന്റെ പിടിയിലായിരുന്നു ലെഡ അന്ന്. ഇപ്പോൾ കടലോരവസതിയിൽ കണ്ടുമുട്ടുന്ന നീനയും ഡിപ്രഷന്റെ പിടിയിലാണ്. അവർക്കു ജീവിതം ഒട്ടും ആനന്ദകരമല്ല. സദാസമയം തന്നെ ചുറ്റിപ്പറ്റി നടക്കുന്ന രണ്ടു പെൺമക്കളുടെ തീരാത്ത ആവശ്യങ്ങൾക്കും പിടിവാശികൾക്കും നടുവിൽ ഭ്രാന്തുപിടിക്കുന്ന അവസ്ഥയിലായിരുന്നു ഒരിക്കൽ ലെഡ. തനിച്ചിരുന്നു വായിക്കാനോ റിസർച്ച് പേപർ തയാറാക്കാനോ കഴിയാതെ അവൾ കരയുന്നു. സ്വകാര്യതയോ തനിച്ചിരുപ്പോ സാധ്യമല്ലാത്ത ആ കുടുംബ ജീവിതത്തിൽനിന്നാണു ചെറിയ മക്കളെ ഉപേക്ഷിച്ച് അവൾ ഒരു ദിവസം സ്ഥലം വിട്ടുപോകുന്നത്.
ബീച്ചിൽ വച്ചു പരിചയപ്പെടുന്ന നീന തന്റെതന്നെ പ്രതിരൂപമാണെന്നാണു കോളജ് പ്രഫസർക്കു തോന്നുന്നത്. താൻ ഉപേക്ഷിച്ചുപോയപ്പോൾ തനിക്കു മക്കൾ നഷ്ടമായിത്തീർന്നെന്ന തോന്നൽ, എപ്പോഴും അവരെ വേട്ടയാടുന്നുണ്ട്. നീനയുടെ മകളുടെ പാവയെ ഈ സ്ത്രീ മോഷ്ടിച്ചു കയ്യിൽ വയ്ക്കുന്നതാണു നോവലിലെയും സിനിമയിലെയും മുഖ്യ സംഭവം. കുടുംബം മുഴുവൻ ആ പാവക്കുട്ടിക്കായി തിരയുമ്പോൾ അവർക്ക് ഒരു കുറ്റബോധവും തോന്നുന്നില്ല. അതിനെ അവർ ഒളിപ്പിച്ചുവയ്ക്കുന്നു. ആ കുട്ടിയാകട്ടെ ആ പാവക്കുട്ടിക്കു വേണ്ടി ദിവസവും കരയുകയും വിലപിക്കുകയും ചെയ്യുന്നു. എന്തിനാണ് ഒരു കുഞ്ഞിനെ വേദനിപ്പിച്ചുകൊണ്ട് ആ പാവയെ എടുത്ത് ഒളിപ്പിച്ചത് എന്ന ചോദ്യത്തിന് അവർ ഉത്തരം നൽകുന്നില്ല. i m an unnatural mother എന്നു മാത്രമാണ് അവർ പറയുന്നത്. ആ പാവയിലൂടെ നഷ്ടപ്പെട്ടുപോയ തന്റെ യൗവനത്തിന്റെ സർഗാത്മകതയെയും പെൺമക്കളെയും തിരിച്ചുപിടിക്കാനാവും അവർ വിഫലമായി ശ്രമിക്കുന്നത്. കുട്ടിക്ക് അതിന്റെ പാവ മകളെപ്പോലെയാണ്. മുതിർന്നവർക്കു സ്വന്തം മക്കളും അതേ പോലെയാണെന്നാണോ, വെറും പാവകൾ? ഒരുക്കാനും കൊണ്ടുനടക്കാനും ഒരു ദിവസം നഷ്ടപ്പെടുത്താനും?
നോവൽ പോലെ മനോഹരമായ അനുഭവമാണു ഈ സിനിമയും. ക്രീയേറ്റിവിറ്റിയുടെ എരിതീയിൽ നീറുന്ന സ്ത്രീയുടെ ലോകമാണു നാം കാണുന്നത്. ഭാഷയിൽനിന്നു തനിക്കു ചിലപ്പോൾ ഒരു രഹസ്യവിഷം ലഭിക്കുമെന്നും പ്രതിവിധിയില്ലാത്ത ആ വിഷം ചിലനേരം പുറത്തേക്കു വമിക്കുമെന്നും ഫിറാന്റെ എഴുതുന്നു. കോപം വരുമ്പോൾ പൊടുന്നനെ അമ്മയുടെ വായിൽനിന്നു പുറത്തേക്കു വരുന്ന വാക്കുകളാണ് ഫിറാന്റെ പെട്ടെന്ന് ഓർമിക്കുന്നത്. ഭാഷയ്ക്കുണ്ടായിരുന്ന മാർദവവും സൗമ്യതയും അപ്പോൾ നഷ്ടമാകുന്നു. അതൃപ്തിയുടെ ആഴത്തിൽനിന്നാണ് വിഷകരമായ വാക്കുകൾ പുറത്തേക്കു വരുന്നത്. മക്കളെ ഉപേക്ഷിച്ച് എങ്ങോട്ടെങ്കിലും ഓടിപ്പോകുമെന്ന് അമ്മ ദിവസവും ഭീഷണിപ്പെടുത്തുമായിരുന്നു. നിങ്ങളെല്ലാം അനുഭവിക്കും, ഒരു ദിവസം രാവിലെ എണീറ്റുനോക്കുമ്പോൾ നിങ്ങൾ എന്നെ കാണില്ല എന്നു അമ്മ കഠിനമായ ശകാരപദങ്ങൾക്കിടയിലൂടെ ഭീഷണി മുഴക്കുമായിരുന്നു. അതിനാൽ അക്കാലത്തു പല പുലരികളിലും ഉൾക്കിടിലത്തോടെ അമ്മയെ കാണാതായിട്ടുണ്ടാകുമോ എന്നു ഭയന്നാണ് താൻ ഉണർന്നിരുന്നത് എന്ന് ലെഡ പറയുന്നു. വാക്കുകളിൽ അമ്മ പലപ്പോഴും വീടു വിട്ടുപോയി. യഥാർഥ ജീവിതത്തിൽ അവർ എന്നും അവിടെയുണ്ടായിരുന്നു. മക്കളെ ഉപേക്ഷിച്ചുപോകുമെന്നു ഭീഷണി മുഴക്കുമ്പോഴും എങ്ങോട്ടും പോകാതെ അമ്മ ജീവിച്ചുവെങ്കിലും അവരുടെ മകൾ പിഞ്ചു കുഞ്ഞുങ്ങളെ ഉപേക്ഷിച്ചു ഒളിച്ചോടിയെന്നതും നാം കാണുന്നു. മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടുന്ന സ്ത്രീയുടെ കാമനകകളുടെ പശ്ചാത്തലത്തിൽനിന്നാണു ലോസ്റ്റ് ഡോട്ടറിനു പിന്നാലെ നിയോപൊളിറ്റൻ നോവലുകൾ വികസിച്ചത്.
സാഹിത്യഭാഷയും സംസാരഭാഷയും തമ്മിലുള്ള വ്യത്യാസത്തെപ്പറ്റി ഏറ്റവും സൂക്ഷ്മമായ ആലോചനകൾ നടത്തുന്നുണ്ട് എലീന ഫിറാന്റെ. താൻ ജനിച്ചുവളർന്ന പ്രദേശത്തെ നാട്ടുമൊഴിയിലെ ഹിംസയും പുലഭ്യവും ശാപവും വലിച്ചെറിഞ്ഞു മറ്റൊരു ഭാഷ സ്വായത്തമാക്കാനാണ് എഴുത്തുകാരി ശ്രമിക്കുന്നത്. ബൂർഷ്വാ പരിഷ്കൃതിയുടെ ശീലങ്ങൾ നമ്മെ സംസ്കൃതചിത്തരാക്കുമെന്നും നാം പ്രതീക്ഷിക്കുന്നു. എന്നാൽ കടുത്ത വിദ്വേഷവും വെറുപ്പും നമ്മുടെ ഉള്ളിൽനിന്ന് പുറത്തേക്ക് ഒഴുകുമ്പോൾ നാമുപേക്ഷിച്ച നാട്ടുഭാഷ വേഗം തിരിച്ചെത്തുന്നു. അതിലെ ശകാരപദങ്ങൾ ഉയരുന്നു. അതിലെ ശാപവചനങ്ങൾ നാവിൽ വരുന്നു. എലീന ഫിറാന്റെയുടെ സാഹിത്യത്തിൽ ഈ വിഷയം, ഭാഷാഭേദം എന്നത്, സ്ഥിരം പ്രശ്നമാണെന്നു കാണാം.
2006 ൽ ഇറങ്ങിയ ഫിറാന്റെയുടെ ലോസ്റ്റ് ഡോട്ടറിന്റെ സിനിമാവിഷ്കാരത്തിൽ കോളജ് പ്രഫസറുടെ വേഷത്തിൽ ഒലിവിയ കോൾമാനാണ്. നീനയായി ഡകോട ജോൺസനും. മാഗി ജിലൻഹോയുടെ ആദ്യ സംവിധാനമാണിത്.
Content Summary: Ezhuthumesha Colum by Ajai P Mangattu on the book ‘The Lost Daughter’ by Elena Ferrante