വെള്ളത്തിലും ആശാൻ; എന്നിട്ടും മുങ്ങിമരണം, കുമാരനാശാൻ ഓർമയായിട്ട് 98 വർഷം
ബോട്ടുമുങ്ങിയ ഇടത്തു നിന്ന് ഒന്നു കുതിച്ചാൽ രക്ഷപെടാൻ തക്കവണ്ണം കര അടുത്തായിരുന്നു. ഉറക്കത്തിലായിരുന്ന, നീന്തൽക്കാരനായ ആശാൻ മരിച്ചപ്പോൾ, അദ്ദേഹത്തിന്റെ നീന്തലറിയാത്ത രണ്ടു സുഹൃത്തുക്കളും രക്ഷപ്പെട്ടു!
ബോട്ടുമുങ്ങിയ ഇടത്തു നിന്ന് ഒന്നു കുതിച്ചാൽ രക്ഷപെടാൻ തക്കവണ്ണം കര അടുത്തായിരുന്നു. ഉറക്കത്തിലായിരുന്ന, നീന്തൽക്കാരനായ ആശാൻ മരിച്ചപ്പോൾ, അദ്ദേഹത്തിന്റെ നീന്തലറിയാത്ത രണ്ടു സുഹൃത്തുക്കളും രക്ഷപ്പെട്ടു!
ബോട്ടുമുങ്ങിയ ഇടത്തു നിന്ന് ഒന്നു കുതിച്ചാൽ രക്ഷപെടാൻ തക്കവണ്ണം കര അടുത്തായിരുന്നു. ഉറക്കത്തിലായിരുന്ന, നീന്തൽക്കാരനായ ആശാൻ മരിച്ചപ്പോൾ, അദ്ദേഹത്തിന്റെ നീന്തലറിയാത്ത രണ്ടു സുഹൃത്തുക്കളും രക്ഷപ്പെട്ടു!
പല്ലനയാറിൻ തീരത്തെ പത്മപരാഗ കുടീരത്തിൽ യുഗ കന്യകയുടെ വിളക്ക് തെളിഞ്ഞു തുടങ്ങിയിട്ട് 98 വർഷം. പല്ലനയാറിലെ ഓളങ്ങള്‍ ഇന്നും ആ വിപ്ലവഗാനത്തിന്റെ മാറ്റൊലികൾ കേട്ട് ശാന്തമായൊഴുകുന്നു. മഹാകവി കുമാരനാശാന്റെ മരണത്തിനിടയാക്കിയ പല്ലനയിലെ റെഡീമർ ബോട്ട് ദുരന്തം നടന്നിട്ട് ജനുവരി 17 ന് 98 വർഷം പൂർത്തിയാകും.
∙ വെള്ളത്തിലും ആശാൻ; പിന്നെങ്ങനെ മുങ്ങിമരണം?
കുട്ടിക്കാലത്ത് കുമാരനാശാൻ ജന്മനാടായ കായിക്കരയിലെ കടവിൽ അക്കരയിക്കരെ നീന്തിയിരുന്നു. അരുവിപ്പുറത്ത് താമസിച്ചിരുന്ന കാലത്ത് പുഴയിൽ കുളിക്കാനിറങ്ങുമ്പോൾ ഏറെനേരം വെള്ളത്തിൽ മുങ്ങിക്കിടന്ന് ഒപ്പമുള്ളവരെ അമ്പരപ്പിച്ചിട്ടുണ്ട്. ബോട്ട് മുങ്ങി കുമാരനാശാൻ മരിച്ചെന്നു കേട്ടപ്പോൾ അടുത്തറിയുന്ന പലരും ഞെട്ടിയത് ഇക്കാരണങ്ങൾ കൊണ്ടായിരുന്നു.
കൊല്ലവർഷം 1099 മകരം 3 (1924 ജനുവരി 17) പുലർച്ചെയായിരുന്നു കുമാരനാശാൻ ഉൾപ്പെടെ 24 പേരുടെ മരണത്തിനിടയാക്കിയ റെഡീമർ ബോട്ട് അപകടം നടന്നത്. അനുവദനീയമായതിലും അധികം യാത്രക്കാരെ കയറ്റിയുള്ള യാത്രയാണ് അപകടത്തിനിടയാക്കിയതെന്ന് അന്വേഷണങ്ങളിൽ കണ്ടെത്തി.
∙ രക്ഷകനിലെ അന്ത്യ യാത്ര
1924 ജനുവരി 16. രാത്രി 10 മണി.
കൊല്ലം ബോട്ട് കടവ്. ആലപ്പുഴ വഴി എറണാകുളം വരെ സർവീസ് നടത്തിയിരുന്ന ട്രാവൻകൂർ ആൻഡ് കൊച്ചിൻ മോട്ടർ സർവീസിന്റെ റെഡീമർ എന്ന ബോട്ട് യാത്രയ്ക്കൊരുങ്ങുകയായിരുന്നു. റെഡീമർ എന്ന വാക്കിന്റെ അര്‍ഥം രക്ഷകൻ എന്നാണ്. ചേർത്തലയിലെ പാപ്പി വക്കീലിന്റെ ഉടമസ്ഥതയിലുള്ളതാണ് ബോട്ട്.
ആലപ്പുഴ വഴിയുള്ള അവസാനത്തെ ബോട്ട് ആയതിനാൽ വലിയ തിരക്കുണ്ട്. 95 പേരെ കയറ്റാവുന്ന ബോട്ടിൽ കൊല്ലത്തു നിന്നു തന്നെ 136 പേർ കയറി. അതിലൊരാൾ കുമാരനാശാൻ ആയിരുന്നു. അൽപമകലെ തേവള്ളിയിൽ നിന്നു വേറെയും ചിലർ ടിക്കറ്റെടുത്തു കാത്തു നിന്നിരുന്നു. തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലെ മുറജപം കഴിഞ്ഞു മടങ്ങുന്ന ബ്രാഹ്മണരും കോട്ടയത്തു വിവാഹത്തിനു പോയവരും ഒക്കെയായി രണ്ടു നിലകളിലും ബോട്ട് നിറയെ ആളായി. ഇനി ആരും കയറരുതെന്ന് ബോട്ട് ഡ്രൈവർ അറുമുഖം പിള്ള പറഞ്ഞെങ്കിലും ആരും മുഖവിലയ്ക്കെടുത്തില്ല.
ചവറയിൽ രണ്ടു പേർ ഇറങ്ങി. പക്ഷേ, നാലു പേർ അവിടെ നിന്നു കയറുകയും ചെയ്തു. കായംകുളം കായൽ കടന്ന് ബോട്ട് ടിഎസ് കനാലിലൂടെ അമർന്നു നീങ്ങി. 17 ന് പുലർച്ചെ അഞ്ചു മണിയോടെ ബോട്ട് പല്ലനയിലെത്തി. പല്ലനയിൽ ജലപാതയിൽ ഒരു കൊടുംവളവുണ്ട്. കരയിലിടിക്കാതെ ഇടത്തേക്കു ബോട്ട് തിരിക്കുന്നതിനിടയിൽ ബോട്ട് വലതു ഭാഗത്തേക്കു മറിഞ്ഞു.
∙ ആശാന്റെ അന്ത്യനിമിഷങ്ങൾ
സി.വി.കുഞ്ഞുരാമൻ ആശാന്റെ അന്ത്യയാത്രയെക്കുറിച്ച് എഴുതിയത് ഇങ്ങനെയാണ് : ‘റെഡീമറിന്റെ അന്ത്യം ഔദ്യോഗികമായി ഇപ്രകാരമായിരുന്നു. യാത്രപോകാൻ നേരമായിട്ടും സ്‌നേഹിതന്മാരെ കാണാഞ്ഞതിനാൽ ആശാൻ ഒറ്റയ്‌ക്ക് പോകാൻ തീരുമാനിച്ചു. ആശാന്റെ ഭാര്യ ‘ഇന്നു പോകേണ്ട’ എന്നു തടസം പറഞ്ഞു. ‘ഞാൻ പോകാഞ്ഞാൽ പല തരക്കേടുകളും ഉണ്ട്. ശനിയാഴ്‌ച ഞാൻ മടങ്ങി എത്തിക്കോളാം’ എന്നു ഭാര്യയോട് പറഞ്ഞു. ‘നാളെ പോയിട്ട് ഞായറാഴ്‌ച വന്നാൽ മതി’ എന്നു ഭാര്യ വീണ്ടും വാശിപിടിച്ചു. അതുകേട്ട് ചിരിച്ചുകൊണ്ടാണ് ആശാൻ യാത്ര പുറപ്പെട്ടത്.
മുരുക്കുംപുഴ റെയിൽവേ സ്‌റ്റേഷനിൽ ആശാൻ സ്‌നേഹിതന്മാരെ കണ്ടെത്തി. മൂന്നുപേരുമൊന്നിച്ച് കൊല്ലത്തെത്തി സ്‌നേഹിതന്മാരെ ആരെയും കണ്ടു താമസിയാതെ നേരെ ബോട്ടുകടവിൽ ചെന്ന് റെഡീമർ എന്ന ബോട്ടിലേക്ക് കയറി. ചേർത്തലയുള്ള പാപ്പി വക്കീലിന്റെ റഡീമർ എന്ന ആ യാത്രാബോട്ട് ഒന്നാരാടം ദിവസങ്ങളിലാണ് കൊല്ലത്തുനിന്നു പുറപ്പെടുന്നത്. മറ്റു ബോട്ടുകളുണ്ടായിരുന്നെങ്കിലും ആദ്യം പുറപ്പെടുന്നത് റഡീമർ ആയിരുന്നതുകൊണ്ട് ആശാൻ അതിൽകയറി. സ്‌നേഹിതന്മാരായ കടപ്പാതയിൽ നാണു, പി.സി.പത്മനാഭൻ എന്നിവരും കൂടെയുണ്ടായിരുന്നു. ഇവർ രണ്ടുപേരും ബോട്ടിന്റെ മേൽത്തട്ടിലായിരുന്നു. ആശാൻ രണ്ടാം ക്ലാസിൽ ബഞ്ചിന്റെ പുറത്ത് കിടക്കവിരിച്ച്, മഞ്ഞുകാലമായതിനാൽ കോട്ടും ഷർട്ടും ഇട്ട് ഒരു നല്ല കമ്പിളികൊണ്ട് മൂടിപ്പുതച്ചു കിടക്കുകയായിരുന്നു.’
ബോട്ട് കുറെ ദൂരം ചെന്നപ്പോൾ ഹരിപ്പാട്ടുകാരനായ ഒരു ആസ്വാദകൻ ആശാന്റെ അടുത്തുചെന്ന് സാഹിത്യചർച്ച തുടങ്ങി ആശാനോട് ‘കരുണ’യിലെ ഏതാനും വരികൾ വായിക്കാൻ അദ്ദേഹം അഭ്യർഥിച്ചു. വഞ്ചിയാത്രയായിരുന്നതിനാൽ വഞ്ചിപ്പാട്ടുതന്നെയാവട്ടെ എന്ന് ആശാൻ തന്നെ പറഞ്ഞതായാണു കേൾവി. ‘കരുണ’ എന്ന കാവ്യം വഞ്ചിപ്പാട്ടിന്റെ ഈണമായ ‘നതോന്നത’ വൃത്തത്തിലാണ് എഴുതിയിരിക്കുന്നത്!
കായംകുളം കായൽ കടന്ന് തൃക്കുന്നപ്പുഴ തോട്ടിലേക്കു ബോട്ട് കടക്കുന്നതു വരെ ആശാൻ കരുണയിലെ ചില ഘട്ടങ്ങൾ പ്രത്യേകം വിവരിച്ചും നേരമ്പോക്കുകൾ പറഞ്ഞും സുഹൃത്തുക്കൾക്കൊപ്പം കഴിഞ്ഞു. ‘ഇനി ഞാൻ അൽപമൊന്ന് ഉറങ്ങട്ടെ’ എന്നു പറഞ്ഞ് ആശാൻ ഉറങ്ങാനായി ഒന്നാം ക്ലാസ് ക്യാബിനിലേക്ക് പോയി. ഇട്ടിരുന്ന കോട്ട് അഴിക്കാതെ, തലയിൽ കൂടി കമ്പിളി വലിച്ചുമൂടി പുതച്ചാണുറങ്ങിയത്. പുലർച്ചെയോടെ ബോട്ട് മുങ്ങാൻ തുടങ്ങി.
ബോട്ടുമുങ്ങിയ ഇടത്തു നിന്ന് ഒന്നു കുതിച്ചാൽ രക്ഷപ്പെടാൻ തക്കവണ്ണം കര അടുത്തായിരുന്നു. ഉറക്കത്തിലായിരുന്ന, നീന്തൽക്കാരനായ ആശാൻ മരിച്ചപ്പോൾ, അദ്ദേഹത്തിന്റെ നീന്തലറിയാത്ത രണ്ടു സുഹൃത്തുക്കളും രക്ഷപ്പെട്ടു!
ആശാന്റെ ജീവിതത്തിലെ അന്ത്യരംഗത്തെക്കുറിച്ച് സാഹിത്യകാരൻ ഇ.വി.കൃഷ്‌ണപിള്ള എഴുതയത് ഇങ്ങനെ: ‘തൃക്കുന്നപ്പുഴ നിവാസിയായ ഒരു മി. കൃഷ്‌ണൻ നായർ കൂടി കവിയോടൊന്നിച്ചുണ്ടായിരുന്നു. സഞ്ചാരക്ലമപരിഹരണാർത്ഥം ആശാൻ തന്റെ അവസാനകൃതിയായ ‘കരുണ’ എന്ന മനോഹരകാവ്യം വായിച്ചു കേൾപ്പിച്ചുകൊണ്ടിരുന്നു. അതിൽ അതി വൈദഗ്‌ധ്യത്തോടെ വർണിക്കപ്പെട്ടിരുന്നതായ ശ്‌മാശനകാണ്ഡം കുറെ വായിച്ചപ്പോൾ ‘എന്തോ ഇത് ഇന്ന് വായിക്കുന്നതിന് എനിക്ക് സുഖം തോന്നുന്നില്ല മനസ്സ് അകാരണമായി വ്യാകുലപ്പെടുന്നു..’ എന്നു പറഞ്ഞിട്ട് ഗ്രന്ഥപാരായണത്തിൽ നിന്നു വിരമിച്ചു നിദ്രയാരംഭിച്ചു. രണ്ടു നാഴികയ്‌ക്കകം പല്ലന ഒരു മഹാശ്‌മശാനം ആവുകയും ചെയ്‌തു.’
അപകടത്തിന് 26 മണിക്കൂറിനു ശേഷമാണ് ആശാന്റെ മൃതദേഹം കണ്ടെത്തിയത്.
∙ മുറുക്കിയ കർട്ടനുകൾ കുരുക്കായി
ആശാൻ കിടന്ന മേൽത്തട്ടിന്റെ വശങ്ങളിലെ കർട്ടനുകൾ ബട്ടൻ ഇട്ടു മുറുക്കിയിരുന്നതിനാൽ ഉള്ളിലുള്ളവർക്കു രക്ഷപ്പെടൽ അസാധ്യമായി. രണ്ടാം ദിവസം, ബോട്ട് മുങ്ങിയതിന് അൽപമകലെ വേലിപ്പരുത്തികളും കൈതകളും തിങ്ങി വളർന്ന ഭാഗത്തു നിന്നാണ് ആശാന്റെ ജഡം കിട്ടിയത്. നെറ്റിയിൽ മുറിവുണ്ടായിരുന്നു. കറുത്ത കോട്ടിന്റെ പോക്കറ്റിൽ ഡയറിയും അഞ്ചു രൂപയുമുണ്ടായിരുന്നു. ചെറുവള്ളത്തിൽ റൊട്ടിയും കാപ്പിയും വിറ്റു നടന്നയാളാണ് ആദ്യം കണ്ടത്. പിന്നെ ആൾക്കൂട്ടമായി. ആശാന്റെ ബന്ധുക്കളെത്തി മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ അനുവദിച്ചില്ല. പ്രിയകവിയുടെ അന്ത്യവിശ്രമം പല്ലനയിൽ തന്നെയാവണമെന്ന അവരുടെ നിർബന്ധം നടന്നു.
∙ ചില ദുഃസൂചനകൾ
‘ദുരവസ്ഥ’ എന്ന സ്വന്തം കാവ്യത്തിലെ ചില വരികൾ കുമാരനാശാന് അറംപറ്റുകയായിരുന്നു എന്നു വിശ്വസിക്കുന്നവരുണ്ട്. ആ വരികൾ ഇങ്ങനെ:
‘എന്തു ചെയ്യേണ്ടതെങ്ങോട്ടു പോകേണ്ടതീ–
യന്ധകൂപത്തിലടിഞ്ഞഹോ ഞാൻ,
അന്തമില്ലാതുള്ളോരാഴത്തിലേക്കിതാ
ഹന്ത താഴുന്നു താഴുന്നു കഷ്‌ടം!’
കുമാരനാശാൻ അവസാനമായി എഴുതിയതെന്നു കരുതപ്പെടുന്ന കത്തിലും ചില ദുഃസൂചനകൾ ചിലർ കണ്ടെത്തുന്നു. കോട്ടയം നാഗമ്പടത്ത് ‘ആചന്ദ്രതാര പ്രശോഭിനി സഭ’യുടെ വാർഷിക യോഗത്തിൽ അധ്യക്ഷനാകാൻ ഭാരവാഹികൾ കുമാരനാശാനെ ക്ഷണിച്ചിരുന്നു. ആ യോഗത്തിൽ പങ്കെടുക്കാൻ താൽപര്യമുണ്ടായില്ലെങ്കിലും അവരുടെ നിർബന്ധം കാരണം ക്ഷണം സ്വീകരിച്ചു. ഇതു സംബന്ധിച്ച് അദ്ദേഹം എഴുതിയ കത്താണ് അവസാനത്തെ കത്തായി കരുതപ്പെടുന്നത്.
‘തോന്നയ്‌ക്കൽ
ഡിയർ മിസ്‌റ്റർ ശങ്കു,
ഞാനിവിടെ നിന്ന് ആലുവയ്‌ക്ക് പുറപ്പെടുന്നു. അവിടെ അത്യാവശ്യമായ ഒരു ജോലിയുണ്ട്. അഞ്ചിന് എന്റെ സാന്നിധ്യം ഒഴിച്ചുകൂടാത്തതാണ്. അടുത്ത ദിവസം തന്നെയും വളരെ ബുദ്ധിമുട്ടും അസൗകര്യവും കാര്യദോഷവും കൂടാതെ എനിക്ക് അവിടം വിടാൻപ്രയാസമാണ്. എട്ടിന് ശിവഗിരിയിൽ എത്തുകയും വേണ്ടിയിരുന്നു. അതുകൊണ്ട് കോട്ടയത്ത് വന്നുചേരാൻ വിഷമമുണ്ട്. ഞാൻ ശ്രമിച്ചുനോക്കാം.
എന്ന്,
സ്വന്തം
എൻ.കുമാരൻ ആശാൻ.’
∙ ഗുരു വിലക്കിയ യാത്ര
അവസാന യാത്രയ്ക്കു മുൻപ് തന്നെ കാണാനെത്തിയ കുമാരനാശാന്റെ യാത്ര ശ്രീനാരായണ ഗുരു വിലക്കിയതായി കഥകളുണ്ട്. ശിവഗിരിയിലെത്തിയ കുമാരനാശാൻ ഗുരുവിനെ കാണാൻ ധ്യാന മുറിക്കു പുറത്തു കാത്തു നിന്നു. താൻ വന്നിട്ടേ പോകാവൂ എന്ന് ആശാനോടു പറയാൻ ഗുരു മറ്റു ശിഷ്യരോട് പറഞ്ഞേല്‍പിച്ചിരുന്നു.
ഗുരു ധ്യാനത്തിൽ നിന്നുണരാൻ വൈകുന്നത് കണ്ട് ആശാന് ആധിയായി. ഇനിയും വൈകിയാൽ കൊല്ലത്തുനിന്നുള്ള ബോട്ട് കിട്ടില്ല. മടങ്ങി വന്നിട്ട് ഗുരുവിനെ കണ്ടോളാം എന്നു പറഞ്ഞ് ആശാൻ അവിടെനിന്നിറങ്ങി. ഈ സമയമത്രയും ധ്യാനത്തിലായിരുന്ന ഗുരു മനഃപൂർവം ആശാനെ വൈകിക്കുകയായിരുന്നുവത്രേ. ആശാന് വരാൻ പോകുന്ന ദുരന്തം മുൻകൂട്ടി കണ്ട് അദ്ദേഹം ദുരന്തത്തിന്റെ ആ വിനാഴിക കടന്നുപോകുവാൻ വേണ്ടി പ്രാർഥിക്കുകയായിരുന്നു.
എത്ര വൈകിയാലും തന്നെ കാണാതെ ആശാൻ പോകില്ലെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു ഗുരു. പുറത്തിറങ്ങിയ അദ്ദേഹം ശിഷ്യന്മാരോട് കുമാരനെ തിരക്കി. ആശാൻ പോയി എന്നു ശിഷ്യർ മറുപടി പറഞ്ഞപ്പോൾ, ദുഃഖത്തോടെ ഗുരു ‘പോയി അല്ലേ?’ എന്നു പറഞ്ഞതായാണ് കഥ. ഈ കഥയെ ആസ്പദമാക്കി പെരുമ്പടവം ശ്രീധരൻ എഴുതിയ നോവലാണ് ‘അവനി വാഴ്‌വ് കിനാവ്’.
∙ പെൻസിലിലെഴുതിയ കരുണ
പല്ലന ബോട്ട് ദുരന്തത്തിൽ നിന്ന് ആശാൻ രക്ഷപ്പെട്ടില്ലെങ്കിലും ആശാന്റെ അവസാനത്തെ ഖണ്ഡകാവ്യമായ ‘കരുണ’ രക്ഷപ്പെട്ടതും ചരിത്രമാണ്. പെൻസിൽ കൊണ്ട് എഴുതിയ കയ്യെഴുത്തു പ്രതിയായിരുന്നു ആശാൻ കരുതിയിരുന്നത്. അതു വീണ്ടെടുക്കാൻ കഴിഞ്ഞു. പേന കൊണ്ടായിരുന്നു അദ്ദേഹം എഴുതിയിരുന്നതെങ്കിൽ ഒരുപക്ഷേ, മഷി പടർന്ന് ‘കരുണ’ എന്ന കാവ്യം മലയാളത്തിനു നഷ്ടമായേനെ.
∙ ബോട്ട് ഡ്രൈവറുടെ മരണജീവിതം
റെഡീമർ ബോട്ടിന്റെ ഡ്രൈവറായിരുന്ന ആലപ്പുഴ സ്വദേശി അറുമുഖം പിള്ള നീന്തി രക്ഷപ്പെട്ടിരുന്നു. ഡ്രൈവറെ പിടിച്ചുകൊടുക്കുന്നവർക്ക് തിരുവിതാംകൂർ സർക്കാർ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തു. അറുമുഖം പിള്ള നാടു വിട്ട് സന്യാസിയെപ്പോലെ വേഷം മാറി കുറെക്കാലം ജീവിച്ച ശേഷമാണ് വീട്ടിലേക്കു മടങ്ങിയെത്തിയത്.
∙ ഓർമയുണർത്തുന്ന പല്ലന കുമാരകോടി
കുമാരനാശാൻ അന്ത്യവിശ്രമം കൊള്ളുന്ന പല്ലന കുമാരകോടി ഇന്ന് കുമാരനാശാൻ സ്മാരകമാണ്. പല്ലനയിൽ റെഡീമർ ബോട്ട് അപകടത്തിൽപ്പെട്ടതിനു സമീപമാണ് ഈ സ്മാരകം സ്ഥിതി ചെയ്യുന്നത്. റെഡീമർ ബോട്ടിന്റെ അവശേഷിക്കുന്ന ഭാഗമായ ഒരു ജനാലയും റെഡീമറിന്റെ തടി ഉപയോഗിച്ചു നിർമിച്ച ചില ഫർണീച്ചറുകളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.
Content Summary: 98th Death anniversary of Kumaran Asan