നേതാജി സുഭാഷ്ചന്ദ്ര ബോസിന്റെ കണ്ണീരു കണ്ട മലയാളി
1945 ഓഗസ്റ്റ് 18 ന് അവസാന യാത്രയ്ക്കു വിമാനത്തിൽ കയറിയ നേതാജി സുരക്ഷിതമായി ഇന്ത്യയിൽ തിരിച്ചെത്തിയിരുന്നെങ്കിൽ സ്വതന്ത്ര ഇന്ത്യ ഇന്നത്തെപ്പോലെയാകുമായിരുന്നോ? ഒരുപക്ഷേ, ഒരു ഏകാധിപത്യ ഭരണക്രമത്തിനുവേണ്ടി അദ്ദേഹം പരിശ്രമിക്കുമായിരുന്നു....
1945 ഓഗസ്റ്റ് 18 ന് അവസാന യാത്രയ്ക്കു വിമാനത്തിൽ കയറിയ നേതാജി സുരക്ഷിതമായി ഇന്ത്യയിൽ തിരിച്ചെത്തിയിരുന്നെങ്കിൽ സ്വതന്ത്ര ഇന്ത്യ ഇന്നത്തെപ്പോലെയാകുമായിരുന്നോ? ഒരുപക്ഷേ, ഒരു ഏകാധിപത്യ ഭരണക്രമത്തിനുവേണ്ടി അദ്ദേഹം പരിശ്രമിക്കുമായിരുന്നു....
1945 ഓഗസ്റ്റ് 18 ന് അവസാന യാത്രയ്ക്കു വിമാനത്തിൽ കയറിയ നേതാജി സുരക്ഷിതമായി ഇന്ത്യയിൽ തിരിച്ചെത്തിയിരുന്നെങ്കിൽ സ്വതന്ത്ര ഇന്ത്യ ഇന്നത്തെപ്പോലെയാകുമായിരുന്നോ? ഒരുപക്ഷേ, ഒരു ഏകാധിപത്യ ഭരണക്രമത്തിനുവേണ്ടി അദ്ദേഹം പരിശ്രമിക്കുമായിരുന്നു....
കരുത്തനും ധീരനുമായ നേതാജി സുഭാഷ്ചന്ദ്ര ബോസിന്റെ കണ്ണീരു കണ്ടിട്ടുള്ള മലയാളിയുണ്ട് – എൻ.എൻ.പിള്ള. മലയാള നാടകലോകത്തെ ‘ഗോഡ്ഫാദർ’. ചെറുപ്പത്തിൽ നാടുവിട്ട് മലയായിലും ബർമയിലും ജീവിച്ചിട്ടുള്ള എൻ.എൻ.പിള്ള രണ്ടു വർഷത്തോളം നേതാജി സുഭാഷ്ചന്ദ്ര ബോസിന്റെ ഇന്ത്യൻ നാഷണൽ ആർമിയിലെ (ഐഎൻഎ) സമരഭടനായിരുന്നു. അതിനിടയിൽ ചില സന്ദർഭങ്ങളിൽ നേതാജിക്കൊപ്പം അടുത്തിടപഴകാൻ എൻ.എൻ.പിള്ളയ്ക്കു കഴിഞ്ഞിട്ടുണ്ട്. ‘ഞാൻ’ എന്ന പേരിൽ എൻ.എൻ.പിള്ള എഴുതിയ ആത്മകഥയിൽ നേതാജിയുമൊത്തുള്ള ചില സന്ദർഭങ്ങൾ പറയുന്നുണ്ട്.
∙ നേതാജിയുടെ കണ്ണീരും സമ്മാനം കിട്ടിയ പഴ്സും
1945. രണ്ടാം ലോകയുദ്ധം അവസാന ഘട്ടത്തിലേക്കെത്തിയതോടെ ഐഎൻഎയെ പിന്തുണച്ചിരുന്ന ജപ്പാനെതിരെ ബ്രിട്ടൻ വലിയ മുന്നേറ്റം നടത്തുന്ന കാലം. ബർമയിൽ (ഇപ്പോൾ മ്യാന്മാർ) ഐഎൻഎയ്ക്കു ശക്തമായ സ്വാധീനമുണ്ടായിരുന്നു.
പക്ഷേ, 1945 ഫെബ്രുവരിയിൽ ഐഎൻഎയിലെ ലഫ്റ്റനന്റ് ഹരിറാമിന്റെ നേതൃത്വത്തിലുള്ള ഒരു പ്ലാറ്റൂൺ ബ്രിട്ടീഷുകാർക്കൊപ്പം ചേർന്നു. ഐഎൻഎയുടെ രഹസ്യനീക്കങ്ങൾ ബ്രിട്ടീഷുകാർക്കു ചോർത്തിക്കൊടുത്തു. മൗണ്ട് പോപ്പായിലെ മേജർ ഗുരുബക് സിങ് ഡില്ലന്റെ നേതൃത്വത്തിലുള്ള റെജിമെന്റിനെ ബ്രിട്ടീഷ്‍ സൈന്യം ആക്രമിച്ചു കീഴ്പ്പെടുത്തി. ഈ ചതിയെക്കുറിച്ച് അറിഞ്ഞ് ഫെബ്രുവരി 25 ന് നേതാജി മിറ്റ്‍കിലായിൽ എത്തി. പക്ഷേ, ഐഎൻഎയിൽ നിന്ന് കൂട്ടംകൂട്ടമായി വിശ്വസ്തരിൽ പലരും മറുപക്ഷത്തേക്കു പോയത് നേതാജിയെ തളർത്തി. അദ്ദേഹം റംഗൂണിലേക്കു പോയി. ദിവസങ്ങളോളം അദ്ദേഹം മുറിക്കു പുറത്തിറങ്ങിയില്ല.
മാർച്ച് 13 ന് നേതാജി പ്രത്യേക ഉത്തരവിട്ടു. റംഗൂണിലെ ഐഎന്‍എ ക്യാംപുകളിലെല്ലാം ട്രെയിറ്റേഴ്സ് ഡേ (വഞ്ചകദിനം) ആചരിക്കാനുള്ള ആഹ്വാനമായിരുന്നു അത്. രാജ്യാഭിമാനത്തെ ആളിക്കത്തിക്കാനും വഞ്ചനയെ അപലപിക്കാനുമുള്ള ഒരു നാടകമെഴുതാൻ എൻ.എൻ.പിള്ളയ്ക്കു നിർദേശം കിട്ടി.
‘കുർബാനി’ എന്ന പേരിൽ ഇംഗ്ലിഷിൽ 3 ദിവസം കൊണ്ട് അഞ്ച് രംഗങ്ങളുള്ള നാടകം തയാറാക്കി. വഞ്ചകരായ ആ സേനാനികളെ ജനറൽ സ്ലിം നേരിട്ടു വിചാരണ ചെയ്യുന്നതും അവസാനം വെടിവച്ചു കൊല്ലുന്നതുമായിരുന്നു ഇതിവൃത്തം. ഹിന്ദി, ഗുരുമുഖി, തമിഴ്, പുഷ്ടു എന്നീ ഭാഷകളിൽ വിവർത്തനം ചെയ്ത് ആ നാടകം നാലു ക്യാംപുകളിലായി അവതരിപ്പിച്ചു.
ഹിന്ദിയിലുള്ള അവതരണം കാണാൻ എൻ.എൻ.പിള്ളയുടെ അടുത്തായി മുൻ നിരയിൽത്തന്നെ നേതാജിയുമുണ്ടായിരുന്നു. നാടകം പുരോഗമിക്കുമ്പോൾ നേതാജിയുടെ കവിളിൽക്കൂടി പലപ്പോഴും കണ്ണുനീർ ഒഴുകുന്നതും കൈലേസു കൊണ്ട് കണ്ണു തുടയ്ക്കുന്നതും പിള്ള കണ്ടു. നാടകം തീർന്ന് അദ്ദേഹം പിള്ളയെ വിളിപ്പിച്ചു. കണ്ണുകളിലേക്ക് അല്‍പനേരം സൂക്ഷിച്ചു നോക്കിയ ശേഷം തോളത്തു തട്ടി അനുമോദിച്ചു. ഒരു ചെറിയ പഴ്സ് പിള്ളയുടെ കയ്യിൽ കൊടുത്തു. അതേകകുറിച്ച് എൻ.എൻ.പിള്ള എഴുതിയത്:
‘ഒരു ഒഴിഞ്ഞ പഴ്സ്. കഷ്ടിച്ച് രണ്ടര ഇഞ്ച് സമചതുരത്തിൽ തവിട്ടു നിറത്തിലുള്ള തുകലുകൊണ്ടു തുന്നിയ ഒരു പേഴ്സ്. അതിന്റെ പുറത്ത് നേതാജിയുടെ ചെറിയ ഒരു മുഖചിത്രത്തിനു താഴെ ‘ജയ്‌ഹിന്ദ്’ എന്നു മുദ്രണം ചെയ്തുന്നു.’
എൻ.എൻ.പിള്ള ആ പഴ്സ് ഏറെക്കാലം സൂക്ഷിച്ചിരുന്നു. പിന്നെ ദ്രവിച്ചു നശിച്ചു. പക്ഷേ, ആ പഴ്സ് സൂക്ഷിച്ചിരുന്ന കാലത്തെല്ലാം താൻ ദരിദ്രനായിരുന്നുവെന്ന് ആത്മകഥയിൽ പിള്ള സ്മരിക്കുന്നുണ്ട്.
∙ ആദ്യത്തെ കാഴ്ച
1944 ജൂൺ അവസാനം സിംഗപ്പൂർ ചാൻസറി ലെയിനിൽ പാസിങ് ഔട്ട് നടന്ന ദിവസമാണ് എൻ.എൻ.പിള്ള ആദ്യമായി നേതാജിയെ അടുത്തു കണ്ടതും പരിചയപ്പെട്ടതും. കറുത്ത ഫോർഡ് ലിങ്കൺ കാറിൽ നേതാജി വന്നിറങ്ങി. ചാൻസറി ലെയിനിലെ 27–ാം നമ്പർ കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള വലിയ ഹാളിൽ അൻപത്തിരണ്ടു പേരടങ്ങുന്ന സംഘം പട്ടാളച്ചിട്ടയിൽ നിലയുറപ്പിച്ചു. അതേപ്പറ്റി ആത്മകഥയിലെ വിവരണം ഇങ്ങനെ:
‘ശ്വാസഗതികൾ പോലും നിലച്ചു; ഹൃദയമിടിപ്പുകൾ മാത്രം അവശേഷിച്ചു. ആ വലിയ മനുഷ്യൻ എതിരേയുള്ള ഞങ്ങളുടെ വാതിൽപ്പടി കടന്നു. ദീർഘകായം, തടിച്ച ശരീരം, വിലകൂടിയ കാക്കി ഡ്രില്ലു കൊണ്ടുള്ള യൂണിഫോറം. മുട്ടറ്റം എത്തുന്ന മിന്നുന്ന ഫീൽഡ് ബൂട്സ്, തലയിൽ ഒട്ടിച്ചേർന്നു നിൽക്കുന്ന ഐഎൻഎ ക്യാപ്പ്, തടിച്ച കണ്ണടകൾ, അസാധാരണമായ ഒരു ഗൗരവം ഘനീഭവിച്ചു നിൽക്കുന്ന ആ മുഖത്തേക്ക് ഞാൻ നോക്കി നിന്നു. അനുനിമിഷം എന്നിലേക്കു നടന്നടുക്കുന്ന അത്യുന്നതമായ ആ ദുർഗ്രഹവിഗ്രഹം, ഒരുകാലത്ത് ജപ്പാൻകാരന്റെ കുടിലതന്ത്രങ്ങൾ ആവിഷ്കരിച്ച ഒരു ‘ഡബിൾ’ ആയിരിക്കുമോ എന്നു ഞാൻ സംശയിച്ചതാണ്. കഷ്ടം! ഞാനെന്തു വിവരംകെട്ടവൻ! ആ സംശയം പോലും ഒരു മഹാപാതകമായിരുന്നില്ലേ?
ഇന്നെന്റെ മുൻപിൽ കാണുന്നത് ഒരു ‘ഡബിളേ’ അല്ല, ഒരു വലിയ ‘സിംഗിളു’ തന്നെയാണ്. ഇത്രയും വലിയ ‘സിംഗുലാരിറ്റി’(ഏകത്വം)യുള്ള ഒരു മനുഷ്യനെ ഞാൻ കണ്ടിട്ടില്ല. ആ മനുഷ്യരൂപത്തിൽ നിന്നു പ്രവഹിക്കുന്ന മാസ്മരചൈതന്യം അനിൽവചനീയമായിരുന്നു. ആ ദിവ്യശക്തിയുടെ ആകർഷണവലയത്തിൽപ്പെടുന്ന ആർക്കും തന്നെ അതിൽ നിന്നും കുതറിമാറാൻ കഴിയുമെന്നു തോന്നുന്നില്ല.
ഒരറ്റംമുതൽ ഞങ്ങളിൽ ഓരോരുത്തരെയായി പരിചയപ്പെടുത്തിക്കൊണ്ട് എം.ശിവറാമും അദ്ദേഹത്തിന്റെ മുൻപിൽ ഓരോരുത്തർക്കായി ഹസ്തദാനം ചെയ്തുകൊണ്ട് നേതാജിയും നടന്നിരുന്നു. അദ്ദേഹം എന്റെ മുൻപിലെത്തി. എന്നെയും ശിവറാം പരിചയപ്പെടുത്തി, അൽപം വിസ്തരിച്ച്, നേതാജിയുടെ കൈ എന്റെ നേരേ നീണ്ടതും ആവേശത്തോടെ, അൽപം ശക്തിയായിത്തന്നെ ആ കൈ പിടിച്ചു ഞാനൊന്നു കുലുക്കി.
‘How are you?’ ആ ചുണ്ടുകൾ ഒന്നു മന്ത്രിച്ചു. ‘Fine Sir’ ഞാൻ പ്രതിവചിച്ചു. അദ്ഭുതം! ഇത്രയും വലിയ ഒരു മനുഷ്യശരീരത്തിന് ഇത്രയും ചെറിയ ഒരു കൈപ്പത്തി ഉണ്ടാകുമെന്നു ഞാൻ പ്രതീക്ഷിച്ചില്ല. വളർന്നു തടിച്ച ആ ദേഹത്തിന് ഒരിക്കലും ചേരാത്ത, ഒരു കൊഴുകൊഴുത്ത കുട്ടിയുടെ കൈപ്പത്തി, അത്രകണ്ട് മാർദ്ദവവും’.
∙ നേതാജിയുടെ സ്വഭാവ വിശേഷങ്ങൾ
സ്വന്തം സുഖസൗകര്യങ്ങൾക്കു തീരെ പ്രാധാന്യം നൽകാത്തയാളായിരുന്നു നേതാജി എന്ന് എൻ.എൻ.പിള്ള കുറിക്കുന്നു.
‘രാത്രിയിൽ നേരം പുലരുവോളം എഴുതുകയും വായിക്കുകയും ചർച്ചകൾ നടത്തുകയും ചെയ്യുന്നത് ഒരു സ്വഭാവമായിരുന്നു. രൂഢമൂലമായ ദൈവവിശ്വാസത്തിൽ കവിഞ്ഞ് ഏതെങ്കിലും അന്ധവിശ്വാസങ്ങൾ ഉണ്ടായിരുന്നതായി അറിയില്ല. ഒരു ഗീതയും ജപമാലയും എപ്പോഴും ഒപ്പം കൊണ്ടു നടന്നിരുന്നു. സൗകര്യം കിട്ടുമ്പോഴൊക്കെ ഏകാന്തതയിൽ ധ്യാനനിരതനായി കഴിയാൻ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നു.’
റംഗൂണിൽ വച്ച് നേതാജിയെ അടുത്തു കണ്ട ദിവസങ്ങളിൽ അദ്ദേഹത്തിന്റെ ജീവിതചര്യകൾ മനസ്സിലാക്കാനും പിള്ളയ്ക്കു കഴിഞ്ഞു.
‘ഒരു സാധാരണ പട്ടാളക്കാരന് ഔദ്യോഗികമായി അനുവദിച്ചിട്ടുള്ള ആഹാരം മാത്രമാണ് അദ്ദേഹവും കഴിച്ചിരുന്നത്. ചോറ്, പരിപ്പുകറി (ദാർ), കിട്ടിയ പച്ചക്കറി സാധനങ്ങളെല്ലാം കൂടി ചേർത്ത് മസാലയിൽ കുഴച്ച് കടുകെണ്ണയിൽ കുളിപ്പിച്ചെടുക്കുന്ന ഒരു കൂട്ടുകറി (സബ്ജി), കരിന്തൊലി അടർത്തിക്കളഞ്ഞ് വൃത്തിയാക്കിയ രണ്ടുമൂന്ന് പച്ച സവാള ഉള്ളി. ഇതാണ് സാധാരണ മെനു. മത്സ്യമാംസങ്ങളോടു വെറുപ്പില്ല. നിർബന്ധവുമില്ല. ഊണു കഴിക്കുമ്പോൾ സർവാംഗം വിയർത്തുകുളിക്കുന്ന ഒരു പ്രത്യേക സ്വഭാവം അദ്ദേഹത്തിനുണ്ടായിരുന്നു. സദാ കളിയടയ്ക്ക ചവച്ചുകൊണ്ടിരിക്കും.
‘നിവൃത്തിയുണ്ടെങ്കിൽ കിട്ടുന്ന സന്ദർഭത്തിൽ ബാഡ്മിന്റൻ കളിക്കും. അതിനാരെയും കൂട്ടുപിടിക്കും. എന്നാൽ, ഒരിക്കൽപോലും ആ മുഖത്ത് ഒരു ചിരി വിടർന്നു കണ്ടിട്ടില്ല. അദ്ദേഹം സിഗരറ്റ് വലിക്കും. കുടിക്കുന്നതു കണ്ടിട്ടില്ല. അൽപസ്വൽപം കുടിക്കുമെന്നു പറഞ്ഞു കേട്ടിട്ടുണ്ട്. കർശനമായി ബ്രഹ്മചര്യം അനുഷ്ഠിച്ചിരുന്നതായാണ് അറിവ്. ഏതൊരു വിഷമഘട്ടത്തിലും മനഃശാന്തിക്ക് അദ്ദേഹം അവലംബിച്ചിരുന്നത് ഗീതാ പാരായണമായിരുന്നു.’
∙ പ്രസംഗവും തർജമയും നേതാജി തന്നെ
നേതാജി സുഭാഷ്ചന്ദ്ര ബോസിന്റെ പ്രസംഗത്തിന് ചില പ്രത്യേകതകളുണ്ടായിരുന്നു. ഇംഗ്ലിഷിൽ പ്രസംഗിക്കുന്ന അദ്ദേഹം അതിന്റെ ഹിന്ദി തർജമയും ഒരേസമയം നടത്തിയിരുന്നു.
‘രണ്ടുമൂന്ന് ‘സ്റ്റോക്ക്’ പ്രസംഗങ്ങള്‍ വളരെ നിഷ്കർഷയോടെ കാലേക്കൂട്ടി പഠിച്ച് ചിട്ടപ്പെടുത്തി സന്ദർഭോചിതമായി പ്രയോഗിക്കുകയാണോ എന്നു സംശയിച്ചുപോകത്തക്കവിധം അവയ്ക്കെല്ലാം ഒരൈകരൂപം ഉണ്ടായിരുന്നു.
‘ഫ്രൻഡ്സ്’ എന്ന സംബോധനയോടു കൂടി ആരംഭിച്ച് ഇടമുറിയാതെ രണ്ടു മണിക്കൂറോളം ഒഴുകുന്ന ഇംഗ്ലിഷ് പ്രസംഗം. അടുത്ത നിമിഷം മുതൽ ‘ദോസ്തോ’ എന്ന സംബോധഃയോടു കൂടി ഖണ്ഡികകൾക്കോ വാചകങ്ങൾക്കോ വാക്കുകൾക്കോ മാറ്റമില്ലാതെ ഹിന്ദിയിലേക്കു സ്വയം തർജമ ചെയ്തായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.’
∙ നേതാജി സ്വപ്നം കണ്ട ഏകാധിപത്യരാജ്യം
1945 ഓഗസ്റ്റ് 18 ന് അവസാന യാത്രയ്ക്കു വിമാനത്തിൽ കയറിയ നേതാജി സുരക്ഷിതമായി ഇന്ത്യയിൽ തിരിച്ചെത്തിയിരുന്നെങ്കിൽ സ്വതന്ത്ര ഇന്ത്യ ഇന്നത്തെപ്പോലെയാകുമായിരുന്നോ? ഒരുപക്ഷേ, ഒരു ഏകാധിപത്യ ഭരണക്രമത്തിനുവേണ്ടി അദ്ദേഹം പരിശ്രമിക്കുമായിരുന്നു എന്ന് എൻ.എൻ.പിള്ളയുടെ കുറിപ്പുകളിൽ നിന്നുള്ള സൂചനകൾ പറയുന്നു.
‘കൊഴുത്തുതടിച്ച് വടിവൊത്ത ദീർഘമായ ശരീരഘടനയ ധീരതയും ഔദ്ധത്യവും വിജ്ഞാനവും വിട്ടുവീഴ്ചയില്ലായ്മയും വിളിച്ചറിയിക്കുന്നതായിരുന്നു. വിമർശനം അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല. സ്വന്തം അഭിപ്രായമല്ലാതെ മറ്റൊരാളുടെ അഭിപ്രായം സ്വീകരിക്കാനോ പ്രേരണകൾക്കു വശംവദനാകാനോ അദ്ദേഹത്തിന് തീരെ ഇഷ്ടമായിരുന്നില്ല. ഇന്ത്യയുടെ സമ്പൂർണ സ്വാതന്ത്ര്യവും സമൂലമായ ഒരു വിപ്ലവവുമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അതു തന്നിൽക്കൂടിത്തന്നെ ആയിരിക്കണമെന്ന് അദ്ദേഹത്തിനു നിർബന്ധമുള്ളതായും തോന്നിയിരുന്നു. അടിമുടി താൻ ഒരേകാധിപതിയാണെന്നു വിളിച്ചറിയിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ സംസാരരീതിയും അംഗവിക്ഷേപങ്ങളും വസ്ത്രധാരണ രീതിയുമെല്ലാം. ഒരിക്കലും അദ്ദേഹത്തെ ചിരിച്ചു കണ്ടിട്ടില്ല. സ്വതന്ത്ര ഇന്ത്യയിൽ കുറഞ്ഞത് 20 വർഷത്തേക്കെങ്കിലും ഒരേകാധിപത്യ ഭരണക്രമം നടപ്പാക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. ഓരോ ഇന്ത്യക്കാരന്റെയും വസ്ത്രധാരണവും ഭക്ഷണക്രമവും മുതൽ ദേശീയഭാഷ വരെ എങ്ങനെയൊക്കെ ആയിരിക്കണമെന്ന് അദ്ദേഹം കാലേക്കൂട്ടി തീരുമാനിച്ചു ക്രമപ്പെടുത്തിയിരുന്നു.’
∙ നേതാജിയും രണ്ടു കോടിയുടെ സ്വർണ തുലാഭാരവും
ഐഎൻഎയുടെ നേതൃത്വത്തിൽ അവസാനമായി നേതാജിയുടെ പിറന്നാൾ റംഗൂണിൽ വച്ച് ആഘോഷിച്ചതിനെപ്പറ്റി എൻ.എൻ.പിള്ള ഓർമിക്കുന്നുണ്ട്. അക്കൂട്ടത്തിൽ അക്കാലത്ത് 2 കോടി രൂപ വിലമതിക്കുന്ന സ്വർണം കൊണ്ടു നടത്തിയ തുലാഭാരത്തെക്കുറിച്ചും!
‘1945 ജനുവരി 23–ാം തീയതി റംഗൂണിൽ ഒരു മഹോത്സവമായിരുന്നു. നേതാജിയുടെ പിറന്നാളാഘോഷം. സർവത്ര ഉത്സാഹപ്രകർഷം. ഓരോ ഐഎൻഎ ക്യാംപും അന്തേവാസികളുടെ എല്ലാ കഴിവും ഉപയോഗിച്ച് വർണശബളമായിത്തന്നെ അലങ്കരിച്ചു. ഒരു നിഷ്കർഷയുണ്ടായിരുന്നു. ആകാശത്തു നിന്നു നോക്കിയാൽ ഒന്നും ശ്രദ്ധേയമായിരിക്കരുത്. ദീപാലങ്കാരം എന്നൊരു സങ്കൽപമേയില്ല. ഞങ്ങളെല്ലാം ഒരു ജോഡി ഉടുപ്പുകൾ കഴിവതും ഭംഗിയായി അലക്കി പാകത്തിനു മടക്കി ഭാരമുള്ള പലന്ന പല വസ്തുക്കളും അതിനുമീതെ കയറ്റിവച്ചു. തേപ്പുപെട്ടിയില്ല.
പിറന്നാൾ പ്രമാണിച്ച് എല്ലാവർക്കും സ്പെഷൽ അലവൻസ് വിതരണം ചെയ്തിരുന്നു. പായസമുൾപ്പെടെ ഒരു സദ്യയ്ക്കു വേണ്ട വിഭവങ്ങളും എത്തിച്ചേർന്നു. നാവായിക്കുളം ബാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ പരിപ്പു പ്രഥമനടക്കം മീനും ആട്ടിറച്ചിയും ഉൾപ്പെടെ ഒരു പൊടിപ്പൻ സദ്യ ഞങ്ങൾ നടത്തി. അടുക്കളയുടെ പിന്നിൽക്കൂടി ചില സ്പെഷൽ വിഭവങ്ങൾ ഞങ്ങൾക്ക് എത്തിച്ചു തരുന്നതിൽ ബാലകൃഷ്ണപിള്ള പ്രകടിപ്പിച്ച പാടവം ഒന്നു വേറെ തന്നെയായിരുന്നു. അന്ന് അഡ്ജൂട്ടന്റിന്റെ അംഗീകാരത്തോടുകൂടിത്തന്നെ ഞങ്ങൾ അടിച്ചു പിമ്പിരിയായി. അന്നു ഡിവിഷണൽ ഹെഡ്ക്വാർട്ടേഴ്സിലെ വിസ്തൃതമായ പരേഡ് ഗ്രൗണ്ടിൽ നടന്ന ജനറൽ പരേഡിൽ സംബന്ധിച്ചു. മുദ്രാവാക്യം വിളികൾ കൊണ്ട് റംഗൂൺ നഗരം പ്രകമ്പിതമായെന്നു തോന്നി.
ഈ ആഘോഷ പരിപാടികൾക്കെല്ലാം മകുടം ചാർത്തിക്കൊണ്ടുള്ളതായിരുന്നു നേതാജിയുടെ സ്വർണ തുലാഭാരം. രണ്ടുക കോടി രൂപ വിലപിടിപ്പുള്ള സ്വർണം ഉണ്ടായിരുന്നുവെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മറ്റൊന്നുകൂടി നടന്നു; സ്ത്രീകളും പുരുഷന്മാരുമുൾപ്പെടെ ഒരു കമ്പനിക്കു വേണ്ട അംഗങ്ങൾ താന്താങ്ങളുടെ രക്തത്തിൽ മുക്കി സമ്മതം രേഖപ്പെടുത്തിക്കൊണ്ട് ഒരു ചാവേർപ്പട സൃഷ്ടിച്ചു, നേതാജിയുടെ ജീവരക്ഷയ്ക്കു വേണ്ടി ആത്മാർപ്പണം ചെയ്യാൻ.
∙ അവസാനത്തെ കാഴ്ച
1945 ഏപ്രിൽ 24 ന് ആണ് എൻ.എൻ.പിള്ള അവസാനമായി നേതാജിയെ കണ്ടത്. അതൊരു വിടവാങ്ങൽ പരിപാടി കൂടിയായിരുന്നു.
അന്ന് വളരെ പുലർച്ചെ റോള്‍കോളിന്റെ മണിയടിച്ചു. കൊടുംതണുപ്പിനെ അവഗണിച്ച് എല്ലാവരും പ്ലാഗ് പോസ്റ്റിനു മൂന്നുവശത്തായി അണിനിരന്നു.
ഫോർഡ് ലിങ്കണ്‍ കാറിൽ നേതാജി എത്തി. കൊടി പൊങ്ങി. ദേശീയഗാനം മുഴങ്ങി. സ്ഫുടമായ ശബ്ദത്തിൽ നേതാജി ചെറു പ്രസംഗം നടത്തി. അത് അദ്ദേഹത്തിന്റെ വിടവാങ്ങൽ പ്രസംഗമായിരുന്നു. തുടർന്ന് അദ്ദേഹം ഒരറ്റം മുതൽ ഓരോരുത്തർക്കായി ഹസ്തദാനം നൽകി.
‘എന്റെ ഊഴവും വന്നു. ഞാൻ ആ മുഖത്തേക്കു നോക്കി. മൂടൽമഞ്ഞിന്റെ മൂടുപടത്തിൽ ഒരു വലിയ നിഴൽ.’– എൻ.എൻ.പിള്ളയുടെ കാഴ്ചയിലെ അവസാനത്തെ നേതാജിച്ചിത്രം ഇങ്ങനെയാണ്.
അന്ന് അദ്ദേഹം നടത്തിയ പ്രസംഗത്തിന്റെ ചുരുക്കവും എൻ.എൻ.പിള്ള ആത്മകഥയിൽ ചേർത്തിട്ടുണ്ട്:
‘സഖാക്കളെ, ഞാൻ നിങ്ങളോടു വിടചോദിക്കുകയാണ്. ഞാൻ ബർമായിൽ നിന്നു പോകുന്നത് എന്റെ ഇഷ്ടമനുസരിച്ചല്ല. ഉത്തരവാദിത്തമുള്ള എന്റെ ഉദ്യോഗസ്ഥരുടെ കർശനമായ ഉപദേശം അനുസരിച്ചാണ്. ഒരു മഹാസമരം പല ചെറിയ യുദ്ധങ്ങൾ ചേർന്നതാണ്. അവസാനത്തെ യുദ്ധമാണ് അന്ത്യവിധി കൽപിക്കുന്നത്. ഈ യുദ്ധത്തിൽ നമ്മൾ തോറ്റു. പക്ഷേ, സമരം തീർന്നില്ല. സൗകര്യമുപയോഗിച്ച് കിട്ടുന്ന താവളങ്ങളിൽ നിന്നെല്ലാം നമ്മൾ സമരം തുടരും, ഇന്ത്യ പരിപൂർണ സ്വതന്ത്രയാകുന്നതുവരെ. ജയ്ഹിന്ദ്.’