ഓർമകളെ കുപ്പിയിലടച്ച് സൂക്ഷിക്കുന്നൊരാൾ
ആദ്യമായി ഒരു മാസികയിൽ കഥ അച്ചടിച്ചുവന്ന ദിവസം പനിയാണെന്നു പറഞ്ഞു കോളജിൽ പോകാതിരുന്നിട്ടുണ്ട് വീണ. സ്വയം വെളിപ്പെടുന്നതിനോട് അത്രയധികം അകൽച്ച കാണിക്കുന്ന കഥാകാരിയുടെ കഥകൾ പക്ഷേ, ആഴത്തിൽ രാഷ്ട്രീയം സംസാരിക്കുന്നവ കൂടിയാണ്.
ആദ്യമായി ഒരു മാസികയിൽ കഥ അച്ചടിച്ചുവന്ന ദിവസം പനിയാണെന്നു പറഞ്ഞു കോളജിൽ പോകാതിരുന്നിട്ടുണ്ട് വീണ. സ്വയം വെളിപ്പെടുന്നതിനോട് അത്രയധികം അകൽച്ച കാണിക്കുന്ന കഥാകാരിയുടെ കഥകൾ പക്ഷേ, ആഴത്തിൽ രാഷ്ട്രീയം സംസാരിക്കുന്നവ കൂടിയാണ്.
ആദ്യമായി ഒരു മാസികയിൽ കഥ അച്ചടിച്ചുവന്ന ദിവസം പനിയാണെന്നു പറഞ്ഞു കോളജിൽ പോകാതിരുന്നിട്ടുണ്ട് വീണ. സ്വയം വെളിപ്പെടുന്നതിനോട് അത്രയധികം അകൽച്ച കാണിക്കുന്ന കഥാകാരിയുടെ കഥകൾ പക്ഷേ, ആഴത്തിൽ രാഷ്ട്രീയം സംസാരിക്കുന്നവ കൂടിയാണ്.
‘ഇഫ് ഐ കുഡ് സേവ് ടൈം ഇൻ എ ബോട്ടിൽ’ എന്ന് ഹൃദയമുരുകുന്ന തീവ്രതയോടെ പാടിയ ജിം ക്രോചേയെ ഇഷ്ടപ്പെടുന്ന എഴുത്തുകാരിയാണു വീണാ റോസ്സ്കോട്ട്. ഓർമകളുടെ കൈപിടിച്ചു നടക്കുന്നവയാണു ആ എഴുത്തുകൾ. വീണയുടെ കഥകളിലും സ്കൂളെഴുത്തുകളിലുമെല്ലാം വിവിധ വർണങ്ങളിലുള്ള ഓർമപ്പൂക്കളുടെ സൗരഭ്യം നിറഞ്ഞിരിക്കും. ആദ്യമായി ഒരു മാസികയിൽ കഥ അച്ചടിച്ചുവന്ന ദിവസം പനിയാണെന്നു പറഞ്ഞു കോളജിൽ പോകാതിരുന്നിട്ടുണ്ട് വീണ. സ്വയം വെളിപ്പെടുന്നതിനോട് അത്രയധികം അകൽച്ച കാണിക്കുന്ന കഥാകാരിയുടെ കഥകൾ പക്ഷേ, ആഴത്തിൽ രാഷ്ട്രീയം സംസാരിക്കുന്നവ കൂടിയാണ്. അവ നിങ്ങളിലെ അരാഷ്ട്രീയവാദിയെ പലപ്പോഴും പുറത്തു കൊണ്ടുവന്നു ചോദ്യം ചെയ്തുകളയും. അരക്ഷിതാവസ്ഥകൾ, രാജ്യങ്ങൾ തമ്മിലുള്ള യുദ്ധങ്ങൾ, നിറത്തിന്റെയും ജാതിയുടെയും പേരിലുള്ള മേൽക്കോയ്മകൾ, അരികുവത്കരണങ്ങൾ, മാറുന്ന ലോക സാമ്പത്തികക്രമങ്ങൾ, രാജ്യങ്ങളുടെ തകർച്ച, അഭയാർഥിപ്രവാഹം, ഭീകര രോഗങ്ങൾ, സർവൈലൻസ്, ഉപഭോക്തൃ സംസ്കാരം, ചൂഷണം ചെയ്യപ്പെടുന്ന മനുഷ്യ വികാരങ്ങൾ, പരിസ്ഥിതി, ദലിത് മുന്നേറ്റങ്ങൾ, സാംസ്കാരിക വൈവിധ്യങ്ങളെ തകർത്ത് ഏകസങ്കൽപത്തിലേക്കുള്ള അപകടകരമായ പോക്ക്, ആവിഷ്കാരത്തിനു നേരെ നീളുന്ന വിലക്കുകൾ തുടങ്ങിയവയെല്ലാം എഴുത്തുകാരിയെ ചിന്തിപ്പിക്കുകയും എഴുതാൻ പേന കയ്യിലെടുക്കുമ്പോൾ അസ്വസ്ഥപ്പെടുത്തുകയും ചെയ്യുന്നു.
മുട്ടത്തുവർക്കിയെയും ബഷീറിനെയും കാരൂരിനെയും മാർകേസിനെയും കാഫ്കയെയും എ. രാമചന്ദ്രനെയും വൽസലയെയും സുനിൽ ഗാംഗോപാധ്യായയെയും ആഴത്തിൽ പിന്തുടരുന്ന വീണയുടെ വൈവിധ്യമാർന്ന ആ വായന നൽകുന്ന ഉൾക്കരുത്ത് എഴുത്തിലും തെളിഞ്ഞുകാണാം. പെൺജീവിതത്തിന്റെ ശ്വാസംമുട്ടലുകളും കുതിപ്പുകളും അടയാളപ്പെടുത്തുന്നവ കൂടിയാണു വീണയുടെ എഴുത്തുകൾ. മുംബൈയിലുള്ള ഫ്ലാറ്റുകൾ, ദില്ലിയിലെ ലോഡ്ജ് മുറികൾ, കോഴിക്കോട്ടുള്ള കടൽക്കരയിലെ റിസോർട്ടുകൾ ഇവിടെയൊക്കെ ഇരുന്ന് എഴുതി എന്നു പുരുഷന്മാർ പറയുമ്പോൾ എത്ര സ്ത്രീകൾക്ക് അതിനാവുന്നുണ്ടെന്നു ചോദിക്കുന്നു എഴുത്തുകാരി. എഴുത്തിനാവശ്യമായ സമയം, സാമ്പത്തികസ്വാതന്ത്ര്യം, ഒഴിവുദിനം, സ്ഥലം തുടങ്ങിയവ എത്ര എഴുത്തുകാരികൾക്ക് ഇച്ഛയ്ക്കനുസരിച്ചു ലഭിക്കുന്നുണ്ട് എന്നാലോചിച്ചാൽ മാത്രം പൊട്ടാവുന്ന ഒരു കുമിളയാണ് ആൺ പ്രിവിലേജുകളെന്ന് അങ്ങനെ നമുക്കു മനസ്സിലാകുന്നു. വീണ സംസാരിക്കുന്നു.
∙ ഫോട്ടോകളെക്കുറിച്ച് ‘ടൈം ഇൻ എ ബോട്ടിൽ’ എന്ന് വീണ എഴുതിയിട്ടുണ്ട്. കഴിഞ്ഞുപോകുന്ന സമയത്തെ, കാലത്തെ, ഒരു നിമിഷത്തിന്റെ മൂഡിനെയൊക്കെ എത്ര നന്നായി ആണ് അവ പിടിച്ചെടുക്കുക എന്നാണ് വീണ എഴുതിയത്. അതു തന്നെയാണോ വീണയ്ക്ക് എഴുത്തും? നമുക്ക് സന്തോഷവും സങ്കടവും തന്ന നിമിഷങ്ങളുടെ പുനരാഖ്യാനമോ ദൃശ്യവത്കരണമോ ആണോ എഴുത്ത്? സമയത്തെ അതൊരു കുപ്പിക്കുള്ളിലാക്കി വച്ചിരിക്കുകയാണോ? പിന്നീട് എന്നു വായിക്കുമ്പോഴും നമുക്ക് ആ കാലത്തെക്കുറിച്ച്, സമയത്തെക്കുറിച്ച്, മനസ്സിനെക്കുറിച്ച് അതേ വികാര, വിചാരങ്ങളുണ്ടാകുന്ന തരത്തിൽ?
ജിം ക്രോചേയുടെ ആ പാട്ട് എന്റെ ഹൃദയത്തെ പിടിച്ചുലച്ച ഒന്നാണ്. നമ്മളിൽ പകുതി നമ്മുടെ ഓർമകൾ തന്നെയാണെന്ന് എത്രയോ എഴുത്തുകാർ പറഞ്ഞിട്ടുണ്ട്. ഓർമകൾ മാഞ്ഞു തീരുമ്പോൾ നമ്മൾ ഇല്ലാതാകുന്നു. ചരിത്രങ്ങളിൽനിന്നു ചില ഓർമകളെ മായ്ച്ചു കളയുന്നു. ചിലതു മാറ്റിയെഴുതുന്നു. പകുതിയുള്ള ഓർമയിലേക്ക് നമ്മുടെ ചിന്തകളെ, പുതിയ കാലത്തിന്റെ ചിഹ്നങ്ങളെ കൂടി ഇഴുകിച്ചേർത്ത് ഒറാലിറ്റിയിൽ പുതിയ ടെക്സ്റ്റ് ഉണ്ടാക്കുന്നവരെക്കുറിച്ച് എ.കെ. രാമാനുജൻ പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ തലമുറയിലെ ആരെങ്കിലും പറഞ്ഞു തന്ന കഥകളുണ്ടോ എന്നന്വേഷിച്ച് ഇന്ത്യയുടെ ഏറ്റവും ഉള്ളിലെന്നൊക്കെ വിളിക്കാവുന്ന ഗ്രാമങ്ങളിൽ അദ്ദേഹം നടന്നു പോയിരുന്നു. ഓർമ കെടുത്തിക്കളഞ്ഞവയെ സ്വന്തമായി പൂരിപ്പിക്കുന്ന ആ ഇടത്താണ് സർഗാത്മകത. ഓർമകൾ എനിക്ക് വളരെ പ്രിയപ്പെട്ടവയാണ്. പഴയ ഫോട്ടോകൾ, ഓട്ടോഗ്രാഫ്, പണ്ടുപയോഗിച്ച സാധനങ്ങൾ ഒക്കെ ഞാൻ സൂക്ഷിക്കാറുണ്ട്. തിരുവനന്തപുരത്തെ നാച്വറൽ ഹിസ്റ്ററി മ്യൂസിയത്തിൽ ഇടയ്ക്കിടെ പോകും. പഴയ കാലത്തെ നോക്കി നിൽക്കും. പണ്ടു പോയ പ്രിയപ്പെട്ട ഇടങ്ങളിൽ വീണ്ടും പോകും. എനിക്ക് ഡിമെൻഷ്യ വരരുതേ എന്നു വിചാരിക്കും. ഓർമ തീരുമ്പോൾ ഒപ്പം നശിക്കുന്നത് പ്രിയപ്പെട്ടവരുടെ പേരുകൾ മാത്രമല്ല, മണങ്ങൾ, രുചികൾ എല്ലാമാണ്. പഴയകാലത്തെ വസ്തുക്കൾ വാങ്ങിക്കൂട്ടി അവയ്ക്കു നടുവിൽ ഒറ്റയ്ക്കിരുന്ന് ഇംഗ്ലിഷ് പാട്ടുകൾ കേൾക്കുന്ന ഒരു കുടുംബ സുഹൃത്ത് ഞങ്ങൾക്കുണ്ട്. തിരുവനന്തപുരം നഗരത്തിന്റെ ഏറ്റവും തിരക്കുള്ള ഒരിടത്ത് അദ്ദേഹം താമസിക്കുന്ന ഇടത്ത് ചെന്നാൽ പെട്ടെന്നു സമയം പുറകോട്ടു പോകുന്നതു പോലെ തോന്നും. കഥയുടെ ക്യാൻവാസിൽ ചില അനുഭവങ്ങളെ ആണിയടിച്ചു വയ്ക്കുന്നതും അതുപോലെ തന്നെയാണ്.
∙പ്രസിദ്ധീകരിച്ചു വന്ന ആദ്യ കഥ ഏതാണ്? ആ കഥയെഴുത്തിന്റെയും പ്രസിദ്ധീകരണത്തിന്റെയും അനുഭവം പറയാമോ?
ആദ്യമായി എഴുതിയതു സ്കൂളിലെ കയ്യെഴുത്ത് മാസികയിലാണ്. ‘ഇരുട്ട്’ എന്നൊന്ന്. കഥയെന്ന് വിളിക്കാമോ? അറിഞ്ഞുകൂടാ. ആറിൽ പഠിക്കുമ്പോൾ. അന്നത്തെ മലയാളം ടീച്ചർ പറഞ്ഞത് ഓർമയുണ്ട്: ‘‘കുറച്ചുകൂടെ പ്രകാശമുള്ള എന്തെങ്കിലും എഴുതിക്കൂടേ?’’. ഇംഗ്ലിഷിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള വാക്ക് melancholy ആണ്, ഇപ്പോഴും. പിന്നീട് ബാലപക്തിയിൽ എഴുതി. അതും തുടർന്നില്ല. പ്രീഡിഗ്രി കാലം മുതൽ മനോരമയുടെ ക്യാംപസ് ലൈനിൽ എഴുതിത്തുടങ്ങി. പ്രീഡിഗ്രി കോളജുകളിൽനിന്നു വേർപെടാൻ തയാറെടുക്കുന്ന സമയം. സാഹിത്യത്തിന്റെ, കലയുടെ ഒരു വിസ്ഫോടനം ആ കാലത്തെ ക്യാംപസുകളിൽ നടന്നിരുന്നു. ഏതൊരാളെയും പോലെ ഏറ്റവും മനോഹരമായതു സംഭവിച്ച കാലം ആയിരുന്നു അതെന്നു ഞാനും വിശ്വസിച്ചു. ക്യാംപസുകൾ അരാഷ്ട്രീയമായിരുന്നില്ല. കേരളം മുഴുവനുള്ള ക്യാംപസുകളിലെ എഴുത്തിനെ, വായനയെ, ചിത്രകലയെ, റിപ്പോർട്ടിങ്ങിനെ, ശിൽപകലയെ തൊട്ടുണർത്താൻ ആ പേജിനായി. പ്രീഡിഗ്രി കാലത്ത് വനിതയുടെ സമ്മാനം കിട്ടി. വനിത ജനപ്രിയ മാസിക ആയതു കൊണ്ടുതന്നെ അത് എല്ലായിടത്തുമെത്തി. കഥ അച്ചടിച്ച മാസിക വരുന്ന ദിവസം ഞാൻ കോളജിൽ പോയില്ല. എന്റെ ആത്മാവ് നഗ്നമാക്കപ്പെട്ടതു പോലെ തോന്നി. എവിടെയോ ഞാൻ കെട്ടിപ്പൂട്ടി അടച്ചു വച്ച മനസ്സ് ഇതാ തുറക്കപ്പെട്ടിരിക്കുന്നു. പനിയാണെന്നു കള്ളം പറഞ്ഞാണു കോളജിൽ പോകാതിരുന്നത്. പനിക്കോളിനു വേണ്ടി അന്നു ഷവറിനടിയിൽ ഏറെ നേരം നിന്നപ്പോൾ ഞാൻ എഴുത്ത് എന്ന വിസ്മയത്തെക്കുറിച്ചോർത്തു.
∙ ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരൻ എ. രാമചന്ദ്രൻ ആണെന്നു വീണ എഴുതിയിട്ടുണ്ട്. ഏറ്റവും പ്രിയപ്പെട്ട കഥയെഴുത്തുകാരൻ/എഴുത്തുകാരി ആരാണ്?
പ്രിയപ്പെട്ട എഴുത്തുകാർ ഏറെയാണ്. ഒരാളെ മാത്രമായി എടുത്തു പറയാനാവില്ല. മലയാളത്തിൽ എഴുതുമായിരുന്നെങ്കിൽ എ. രാമചന്ദ്രൻ എന്ന ചിത്രകാരൻ ഏറ്റവും മനോഹരമായി എഴുതുമായിരുന്നേനെ. ഫിക്‌ഷനും നോൺ ഫിക്‌ഷനും വായിക്കാൻ ഇഷ്ടമാണ്. ബഷീറും കാരൂരും പി. വത്സലയും പ്രിയപ്പെട്ടവർ. ദസ്തയേവ്സ്കിയും ടോൾസ്റ്റോയിയും എന്നെ കരയിപ്പിച്ചിട്ടുണ്ട്. റെയ്‌മണ്ട് കാർവറെ ഒരുപാട് ഇഷ്ടമാണ്. റസ്കിൻ ബോണ്ടിനെ എന്നെങ്കിലും കണ്ടാൽ കെട്ടിപ്പിടിച്ചൊരുമ്മ കൊടുക്കണം. യാത്രയെഴുത്തിൽ രവീന്ദ്രൻ കഴിഞ്ഞേ ആരുമുള്ളൂ. വേണുവിനെയും ഇഷ്ടമാണ്. മുട്ടത്തുവർക്കിയുടെ ‘ഒരു കുടയും കുഞ്ഞു പെങ്ങളും’ ഒരുപാടു തവണ വായിച്ചതാണ്. അലക്സാണ്ടർ ഫ്രേറ്ററുടെ Chasing the monsoon, എം.പി. ശിവദാസമേനോന്റെ ‘മലബാറിലെ ശിക്കാറ്’, ജിം കോർബെറ്റ് ഇതൊക്കെ എന്നു വായിച്ചാലും മടുക്കില്ല. ഇന്ത്യൻ ഭാഷകളിൽ എഴുതപ്പെട്ട സാഹിത്യകൃതികളോട് ഒരുപിടി ഇഷ്ടം കൂടും. ജയമോഹനും ജയകാന്തനും സുന്ദരരാമസ്വാമിയും ചന്ദ്രശേഖര കമ്പാറും പ്രിയപ്പെട്ടവർ. സാന്തോർ മറോയി ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരനാണ്.
എഴുത്തിലെപ്പോലെ വായനയിലും തുടർച്ച പാലിക്കാൻ എന്തോ കഴിഞ്ഞിട്ടില്ല. അത് ഇടയ്ക്കു മുറിഞ്ഞുപോയി. പിന്നെയും പൊടിച്ചു വന്നു. സ്ത്രീകളെഴുതിയ സെൽഫ് ഹെൽപ് എന്നു പൂർണമായും അവകാശപ്പെടാനാവാത്ത വിഭാഗത്തിൽ പെട്ട രണ്ടു പുസ്തകങ്ങൾ എന്നെ ഒരുപാട് ആകർഷിച്ചിട്ടുണ്ട്. Miriam Lancewood ന്യൂസീലൻഡ് കാടുകളിൽ താമസിക്കുന്നതിനെക്കുറിച്ച് എഴുതിയ Woman in the Wilderness എന്ന പുസ്തകവും Maria Kondoയുടെ ലോകപ്രശസ്തമായ De-cluttering സംബന്ധിച്ച പുസ്തകവും. എക്കാലവും ഹൃദയത്തിലുള്ള മാർകേസിനെയും എന്നെ കവിയാക്കിയ നെരുദയെയും മോഹഭംഗത്തിലേക്ക് തള്ളിയിട്ട കാഫ്കയെയും മറക്കാൻ പറ്റില്ല. കൂടെ എപ്പോഴും കാണുക ഭാരതീയ നോവലുകൾ തന്നെയാണ്. ഒറ്റയ്‌ക്കൊരു ദ്വീപിൽ പോയാൽ കൊണ്ടുപോവുക സെൻ മണമുള്ള പുസ്തകങ്ങളാവും. ഞാനങ്ങനെ ഒരുപാടു വായിക്കുന്ന ആളല്ല. എന്നാൽ വി.എസ്. രാമചന്ദ്രൻ മനുഷ്യന്റെ ബ്രെയിനിനെക്കുറിച്ച് എഴുതിയതു കോളജ് കാലത്ത് വായിക്കാനായത് വലിയ ഒരു കാര്യമായി തോന്നുന്നു. വായിച്ച് ഇഷ്ടമായ പുസ്തകങ്ങൾ വീണ്ടും വീണ്ടും വായിക്കാനും ഇഷ്ടമാണ്. ഡ്രാക്കുള, Half of a yellow sun, മലയാറ്റൂരിന്റെ യക്ഷി ഒക്കെ ആ ഗണത്തിൽപ്പെട്ടവയാണ്.
∙ വളരെ തീവ്രമായി മനുഷ്യ ബന്ധങ്ങളെ സമീപിക്കുന്നവയാണു വീണയുടെ കഥകൾ. അത്തരം ഒരു അനുഭവം വായനയിൽ ലഭിച്ചിട്ടുള്ള ഒരു കഥയെക്കുറിച്ചോ നോവലിനെക്കുറിച്ചോ പറയാമോ?
അതുറപ്പായും സുനിൽ ഗംഗോപാധ്യായയുടെ ‘സ്വർഗം തേടുന്ന മനുഷ്യർ’ തന്നെയാണ്. സ്ത്രീ പുരുഷ ബന്ധങ്ങളിലെ അഗാധതയും നൈമിഷിക ചാപല്യങ്ങളും ശക്തിയും കരുത്തും അതിമനോഹരമായി വരുന്നുണ്ട് ഈ നോവലിൽ. ആദിമപ്രകൃതി, അതിനു മുന്നിൽ നിസ്സാരന്മാരായ മനുഷ്യർ, മൃഗങ്ങളും മനുഷ്യനും പങ്കിടുന്ന ലോകം എല്ലാം ഈ നോവലിന്റെ പല പല അടരുകളിൽ ഉറങ്ങിക്കിടപ്പുണ്ട്. ഈ നോവൽ വായിക്കുമ്പോൾ നമ്മളും സ്വർഗത്തിലേക്ക് ഒഴുകിപ്പോകുന്ന ഒരു മല കയറും പോലെ തോന്നും. പ്രണയാഭിനിവേശത്തിന്റെ സ്വർഗത്തിലേക്ക് വായന നമ്മെ കൊണ്ടെത്തിക്കും. പുനത്തിൽ കുഞ്ഞബ്ദുല്ലയുടെ ‘ക്ഷേത്രവിളക്കുകൾ’ എന്ന കഥ സൃഷ്ടിച്ച സൗന്ദര്യാനുഭൂതി എത്രയോ വലുതാണ്.
∙ വീണയുടെ ‘ബ്ലഡ് കാൻസർ’ എന്ന കഥയെക്കുറിച്ച് കഥാകൃത്ത് വി.എച്ച്.നിഷാദ് ഇങ്ങനെ എഴുതി: വീണയുടെ കഥകളിൽ എനിക്ക് ഏറ്റവും ഇഷ്ടം. നിഷ്കളങ്കതയുടെ പ്രഹരശേഷി എന്നൊരു പ്രയോഗമുണ്ടെങ്കിൽ അത് ഈ കഥയ്ക്ക് വേണ്ടി ഉണ്ടാക്കിയതാവും, ഉറപ്പ്. മലയാളത്തിന് ‘കഥയ്ക്കായൊരു പേജ്’ സമ്മാനിച്ച എഴുത്തുകാരനെ ഏറ്റവും ആകർഷിച്ച ആ കഥയുടെ പിറവി എങ്ങനെയായിരുന്നു?
ആർത്തവത്തെക്കുറിച്ചുള്ള തുറന്ന ചർച്ചകൾ നടക്കുന്ന കാലത്തിനും മുൻപാണ് ആ കഥ എഴുതിയത്. വളരെ വ്യക്തിപരമായ ഒരു അനുഭവ പരിസരത്തു നിന്നാണ് അത് എഴുതിയത്. സാനിറ്ററി പാഡുകൾക്കു പകരം എന്റെയൊക്കെ കുട്ടിക്കാലത്ത് സമീപപ്രദേശങ്ങളിലെ സ്ത്രീകൾ തുണിയാണ് ഉപയോഗിച്ചിരുന്നത്. ഒരിക്കൽ ഉപയോഗിക്കുന്ന തുണി വീണ്ടും വീണ്ടും കഴുകിയുണക്കി ഉപയോഗിക്കും. മെൻസ്ട്രൽ കപ്പുകളും ആർത്തവഅവധിയും ഉള്ള ഈ കാലത്തുനിന്നു തിരിഞ്ഞു നോക്കുമ്പോൾ, ആ കഥ ഒരു കൗമാരക്കാരിക്ക് എന്തായിരുന്നുവെന്ന് ഓർക്കുമ്പോൾ ഇന്നുമെന്റെ ഉള്ളം പൊള്ളുന്നു. ഉൾനാടൻ ഗ്രാമങ്ങളിൽ മാത്രമല്ല, പരിഷ്കൃത നഗരങ്ങളിൽ പോലും ആർത്തവ സമയത്തെ ‘പുറത്താക്കൽ’ ഇപ്പോഴുമുണ്ട്. വീടിനു പുറത്ത് മറ്റൊരു മുറിയിൽ പാത്രങ്ങളോ വസ്ത്രങ്ങളോ ഒന്നും തൊടാതെയിരിക്കൽ. ഇപ്പോഴും ആർത്തവ സമയത്ത് ചാക്കും കച്ചിയും മണ്ണും ഇലയും വച്ചു ജീവിക്കുന്ന സ്ത്രീകൾ നമ്മുടെ നാട്ടിലുണ്ട്. ഈ കഥ എഴുതിയ സമയത്ത് എനിക്ക് ഇതൊന്നും അറിഞ്ഞുകൂടായിരുന്നു.
∙‘ഓപ്പൺ ഡിഫൻസ് എന്ന നോവൽ, എം.ഐ ബാൻഡ്, ജലജയുടെ ജലയുദ്ധങ്ങൾ, ഒരു സരളോപദേശ കഥ – വീണയുടെ മിക്ക എഴുത്തുകളിലും അടിമുടി ഒരു പെൺമണം നിറഞ്ഞു കിടപ്പുണ്ട്. പെൺ ജീവിതമെഴുത്തിൽ ഏറ്റവും സ്പർശിച്ചിട്ടുള്ള അനുഭവം ഏതാണ്?
എനിക്കൊരിക്കലും ബുദ്ധി കൊണ്ട് എഴുതാൻ കഴിഞ്ഞിട്ടില്ല. ബുദ്ധി കൊണ്ട് എന്തെങ്കിലും കാര്യം ചെയ്യാൻ ശ്രമിച്ചാൽ അതു തകർന്നു തവിടുപൊടിയാകും. ഹൃദയം കൊണ്ടു മാത്രമേ എഴുത്ത് നടക്കൂ. അപ്പോൾ അതിലേക്ക് സ്ത്രീകൾ സ്വാഭാവികമായി കയറി വരികയായിരുന്നു . ബസ്സിൽ, മാർക്കറ്റിൽ, ജോലി സ്ഥലത്ത്, മരണവീടുകളിൽ ഒക്കെ കണ്ടുമുട്ടുന്ന സ്ത്രീകൾ ഉറപ്പായും കഥയിൽ കയറിക്കൂടും. സ്ത്രീമുന്നേറ്റങ്ങളെയും ലിംഗരാഷ്ട്രീയത്തെയും അതിജീവിതാ പോരാട്ടങ്ങളെയും കണ്ടില്ലെന്നു നടിക്കാനാവില്ല. മുംബൈയിലുള്ള ഫ്ലാറ്റുകൾ, ദില്ലിയിലെ ലോഡ്ജ് മുറികൾ, കോഴിക്കോട്ടുള്ള കടൽക്കരയിലെ റിസോർട്ടുകൾ ഇവിടെയൊക്കെ ഇരുന്ന് എഴുതി എന്ന് പുരുഷന്മാർ പറയുമ്പോൾ എത്ര സ്ത്രീകൾക്ക് അതിനാവുന്നുണ്ട്? വിർജീനിയ വൂൾഫ് മുന്നോട്ട് വച്ച A Room of One's Own എന്ന ആശയം ഒരു വലിയ രാഷ്ട്രീയ പ്രഖ്യാപനമാണ്. എഴുതാനുള്ള മുറി എന്നാൽ അത് ഇടം മാത്രമല്ല. സാമ്പത്തിക സ്വാതന്ത്ര്യം, സമാധാനം, ഒഴിവു ദിവസം, സ്വതന്ത്രചിന്ത ഇതെല്ലാം കൂടെയാണ്.
∙തിരുവിതാംകൂറിന്റെ ത്രസിപ്പിക്കുന്ന ചരിത്രം സി.വി.രാമൻപിള്ളയുമായി രക്തബന്ധമുള്ള എഴുത്തുകാരിയെ എത്രമാത്രം ആവേശിച്ചിട്ടുണ്ട്. ‘അരശുപള്ളി’ പോലുള്ള കഥകളിൽ ആ സ്വാധീനം പ്രകടമാകുന്നുമുണ്ടല്ലോ. വീട്, കുട്ടിക്കാലം, പഠനകാലം, എഴുത്ത്, സി.വി. ഇവയെപ്പറ്റിയൊക്കെ ഒന്നു വിശദമാക്കാമോ?
സാധാരണ കുട്ടിക്കാലം. കളി ഒന്നാമതും വായന രണ്ടാമതും. ഊഞ്ഞാലാട്ടം, തട്ടുമ്പുറത്ത് കയറൽ, അധികമൊന്നും പഠിക്കാതിരിക്കുക, കണക്കിനെ വെറുക്കുക അങ്ങനെയൊക്കെ നീങ്ങുന്നതിനിടെ വായന ഒരു പിടി പിടിച്ചു. ജനാലകൾ തുറന്നു. ഞാൻ നാടായ നാടെല്ലാം കറങ്ങി നടന്നു. അപ്പൂപ്പൻ പറഞ്ഞ കഥകളിൽ സി.വി. അപ്പൂപ്പൻ ഉണ്ടായിരുന്നു. അപ്പൂപ്പന്റെ അപ്പൂപ്പൻ ആയിരുന്നു സി.വി. അദ്ദേഹം ദേഷ്യം കൊണ്ട് ഒരു പർവതം പോലെ തിളയ്ക്കുമായിരുന്നു എന്നു കേട്ടിട്ടുണ്ട്. അത് ക്രിയേറ്റീവ് ഊർജം ആയിരുന്നു എന്ന് ആ കഥ കേട്ട സമയത്ത് എനിക്ക് മനസ്സിലായിരുന്നില്ല. എല്ലാക്കാലവും സിവിയുമായുള്ള ബന്ധം വായനയിലൂടെ മാത്രം നിലനിർത്തി. ആ മേൽവിലാസം എന്റെ ഉള്ളിൽ മാത്രം നിൽക്കണമെന്നും എന്റെ എഴുത്തുയാത്രയിൽ ആരെയും തള്ളി മാറ്റി ഓടി ഒന്നാമതെത്താനുള്ള ഒരു എളുപ്പപ്പണി ആവരുതെന്നും ഒരു വാശി എനിക്കുണ്ടായിരുന്നു. പ്രതിഭ കൊണ്ട് നേടുന്നവരെ ജീൻ കൊണ്ട് നേടിയ ഞാൻ തട്ടി മാറ്റരുതെന്ന് ഒരു നിർബന്ധം എനിക്ക് ഇപ്പോഴും ഉണ്ട്. കിഴക്കേക്കോട്ട, പടിഞ്ഞാറേക്കോട്ട വഴി പോകുമ്പോൾ, അവിടത്തെ കാറ്റടിക്കുമ്പോൾ തിരുവിതാംകൂറിന്റെ ചരിത്രം വന്നു തൊടുന്നതു പോലെ തോന്നും. രോമാഞ്ചം വരും.
2018ലാണ് ഞാൻ തിരുവനന്തപുരത്തെ ചാലയിലിരിക്കുന്ന അരശുപ്പള്ളിയിലെത്തുന്നത്. A slice of south India ആണവിടം. വിവിധ വിഭാഗത്തിൽപെട്ടവർ തിങ്ങിപ്പാർക്കുന്ന സ്ഥലം. തമിഴ് ന്യൂനപക്ഷം, തെലുങ്ക് ചെട്ടി. ദിനതന്തിക്ക് മുന്നിലൂടെ ശിവകാമി പാത്രക്കട കടന്ന്, ചെട്ടിയാർ കട കടന്നാണ് സ്കൂളിലേക്ക് പോക്ക്. ഇസ്തിരിയിടുന്നവർ, കപ്പലണ്ടി വിൽപ്പനക്കാർ, ചെരുപ്പ് തയ്ക്കുന്നവർ, ആക്രി വിൽപ്പനക്കാർ, പൂവ് കെട്ടുന്നവർ, അലുമിനിയം പാത്രം ഇടിച്ച് നിരത്തുന്നവർ, അലക്കുന്നവർ ഇങ്ങനെ വൈവിധ്യം നിറഞ്ഞ ഒരു കൂട്ടം ആളുകൾ ചാലയിൽ തിങ്ങിപ്പാർക്കുന്നു. ആക്രി കച്ചവടക്കാരിൽത്തന്നെ മുതലാളിമാരുമുണ്ട്. തമിഴ് ന്യൂനപക്ഷത്തിന്റെ ജീവിതത്തിലൂടെ, തിരുവിതാംകൂറിന്റെ ചരിത്രം ഉറങ്ങുന്ന വഴിയിലൂടെ നടക്കാനാണ് ആ കഥയിലൂടെ ശ്രമിച്ചത്.
ചരിത്രം, രാഷ്ട്രീയം ഒന്നും ഞാൻ എഴുതുമ്പോൾ കഥകളിൽ പ്രത്യക്ഷത്തിൽ വരാറില്ല. മനുഷ്യാവസ്ഥകൾ ആണ് ആദ്യം. വികാരവിചാരങ്ങൾ കെട്ടുപിണഞ്ഞു കിടക്കുന്ന ആ അവസ്ഥ പകർത്താനാണ് എഴുത്തിലൂടെ ശ്രമിക്കാറുള്ളത്. എന്നാൽ പുറത്തെ ലോകത്തെ സംഘർഷങ്ങൾ ഏതൊരാളെയും പോലെ എനിക്കും കണ്ടില്ലെന്നു നടിക്കാനാവില്ല. അരക്ഷിതാവസ്ഥകൾ, രാജ്യങ്ങൾ തമ്മിലുള്ള യുദ്ധങ്ങൾ, നിറത്തിന്റെയും ജാതിയുടെയും പേരിലുള്ള മേൽകോയ്മകൾ, അരികുവത്കരണങ്ങൾ, മാറുന്ന ലോക സാമ്പത്തികക്രമങ്ങൾ, രാജ്യങ്ങളുടെ തകർച്ച, അഭയാർത്ഥിപ്രവാഹം, ഭീകര രോഗങ്ങൾ, സർവൈലൻസ്, ഉപഭോക്തൃ സംസ്കാരം, ചൂഷണം ചെയ്യപ്പെടുന്ന മനുഷ്യ വികാരങ്ങൾ, പരിസ്ഥിതി, ദലിത് മുന്നേറ്റങ്ങൾ, സാംസ്കാരിക വൈവിധ്യങ്ങളെ തകർത്ത് ഏകസങ്കൽപത്തിലേക്കുള്ള അപകടകരമായ പോക്ക്, ആവിഷ്കാരത്തിന് നേരെ നീളുന്ന വിലക്കുകൾ. ഇവയെല്ലാം ചിന്തിപ്പിക്കാറുണ്ട്. എഴുതാൻ പേന കയ്യിലെടുക്കുമ്പോൾ, മനസ്സ് ഒരുങ്ങുമ്പോൾ, അതുതന്നെ വലിയ ഒരു രാഷ്‌ടീയ പ്രവർത്തനമാണ്.
∙മലയാളത്തിലെ പുതുതലമുറക്കാരിൽ എഴുത്തിന്റെ ഭാവുകത്വം എത്രമാത്രം നവീകരിക്കപ്പെടുന്നുണ്ട്. പൂർവമാതൃകകളിൽനിന്നും എത്രമാത്രം വ്യതിചലിച്ചാണ് അവരുടെ യാത്ര? ഈയടുത്തകാലത്തു മനസ്സിൽത്തട്ടിയ ശ്രദ്ധേയമായ കുറച്ച് എഴുത്തുകളെക്കുറിച്ചു പറയാമോ?
ഒരു കൂട്ടം എഴുത്തുകാരുണ്ട്. ഒരുപറ്റം കിളികളെപ്പോലെ. എല്ലാവരെയും ശ്രദ്ധയോടെ വായിക്കാറുണ്ട്. ധീരമായ പരീക്ഷണങ്ങൾ നടത്തുന്ന അവരോടു ബഹുമാനം ഉണ്ട്. ആഖ്യാനത്തിലോ ക്രാഫ്റ്റിലോ ഉള്ള പരീക്ഷണത്തെക്കാൾ അവരുടെ എഴുത്തുകാരൻ/കാരി എന്ന ജീവിതരീതിയെയാണ് ഇഷ്ടപ്പെടുന്നത്. എഴുതി മാത്രം ജീവിക്കാൻ തീരുമാനമെടുത്ത ഒരു 40 പേരെയെങ്കിലും എനിക്ക് നേരിട്ടറിയാം. അവർ മറ്റൊന്നും ചെയ്യാതെ സ്വയം എഴുത്തിനായി മാത്രം ഉഴിഞ്ഞു വച്ചിരിക്കുകയാണ്. എഴുത്തിന്റെ തന്നെ വേറിട്ട വഴികൾ അവർ കണ്ടെത്തുന്നു. പുതിയ ജോണറുകൾ വെട്ടിപ്പിടിക്കുന്നു. അവരാരും തോറ്റുപോകരുതേ എന്ന് എന്റെ മനസ്സ് ശക്തമായി പറയുന്നു. വളരെ ധീരമായ ഒരു ചുവടുവയ്പ്പാണ് അവരുടേത്. ഞാൻ ആഗ്രഹിച്ചിട്ടും പരീക്ഷിക്കാൻ മടിക്കുന്ന ഒന്നാണത്. മൾട്ടി നാഷനൽ കമ്പനികളിലെ ജോലി രാജിവയ്ച്ചും നീണ്ട അവധികൾ എടുത്തും ഒട്ടേറെപ്പേർ എഴുത്തിൽ നിൽപ്പുണ്ട്. ആ മുന്നേറ്റം വലിയ ഒരു മാറ്റം കൊണ്ടുവരിക തന്നെ ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നു. പാരിസിലെ പോലെ ആർട്ട് കഫേകളും കോഫി ക്ലബ്ബുകളും മിഡിൽ ഈസ്റ്റിലുള്ളതു പോലെ കഥ പറയുന്ന കാപ്പിക്കടകളും മാന്യമായ എഴുത്തോഹരി കിട്ടുന്ന എഴുത്തുകാരും ഒരു സ്വപ്നം തന്നെയാണ്. അതിനുള്ള കളം ഒരുങ്ങിക്കഴിഞ്ഞു.
∙അവധിക്കാലമാണല്ലോ. കുട്ടികൾ ഉറപ്പായും വായിച്ചിരിക്കേണ്ട 10 പുസ്തകങ്ങളെക്കുറിച്ചു പറയാമോ? എന്താണവയുടെ പ്രത്യേകതയെന്നും?
1. അച്ഛന്റെ ബാല്യം. അലക്സാണ്ടർ റാസ്കിൻ. When Daddy was a little boy. ഈ ലോകത്തെ ഏറ്റവും മനോഹരമായ പുസ്തകം ഇതാണെന്ന് ഞാൻ വിശ്വസിക്കുന്നു. മാനവസ്നേഹത്തെ ഇത് ആഘോഷിക്കുന്നു. നല്ല മനുഷ്യനാവാൻ ഒരാളെ പ്രേരിപ്പിക്കുന്നു. ഇത് വായിക്കുന്ന കുട്ടി മനോഹരമായ ഒട്ടേറെ പുസ്തകങ്ങൾ പിന്നീടു വായിക്കും.
2. ടോട്ടോ-ചാൻ, ജനാലയ്ക്കരികിലെ വികൃതിക്കുട്ടി. രണ്ടാം ലോകമഹായുദ്ധത്തിന് മുൻപ് കൊബായാഷി എന്ന അധ്യാപകൻ തുടങ്ങിയ ടോമോ എന്ന ആത്മവിദ്യാലയം. സ്വപ്നങ്ങളും പ്രതീക്ഷകളും ആഗ്രഹങ്ങളും ഇവിടെ നിന്നു പൊട്ടിപ്പുറപ്പെടുന്നു. വലിയ സ്വപ്‌നങ്ങൾ കാണാൻ ഈ പുസ്തകം കുട്ടികളെ പ്രേരിപ്പിക്കും.
3. സ്റ്റീഫൻ ഹോക്കിങ് മകളുമായി ചേർന്നെഴുതിയ ശാസ്ത്ര ഗ്രന്ഥങ്ങൾ.
4.റോൾഡ് ഡാലിന്റെ പുസ്തകങ്ങൾ. കുസൃതിക്കാരായ കുട്ടികളെ ഈ വായന കൊടും കുസൃതിക്കാരായി മാറ്റും. അച്ചടക്കമില്ലായ്മയും കുരുത്തക്കേടും ഭാവന കൊണ്ട് വിശാലമാക്കിയിരിക്കുന്നു.
5. ഉണ്ണിക്കുട്ടന്റെ ലോകം - നന്തനാർ. ഒരു കുട്ടിക്ക് അവനോ അവളോ ജീവിക്കുന്ന പരിസരത്തെ അടുത്തറിയാൻ അവസരം ഒരുക്കുന്ന പുസ്തകം. 70 കാലഘട്ടത്തിലെ കേരളീയ പരിസരത്തിൽ നിൽക്കുന്ന ഈ കൃതി ഓരോ കുട്ടിക്കും നാടിനെയും ജീവിതരീതികളെയും തൊട്ടറിയാൻ സഹായിക്കും.
6. അറേബ്യൻ നാടോടിക്കഥകൾ - ആയിരത്തൊന്ന് രാവുകൾ കുട്ടികൾ വായിച്ചു വളരണമെന്ന് ഞാൻ വിചാരിക്കുന്നു. പഞ്ചതന്ത്രം കഥകൾ, തെനാലി രാമൻ കഥകൾ, ഈസോപ്പ് കഥകൾ ഇവയിൽ നിന്നെല്ലാം വളരുന്ന കുട്ടിയെ മുതിർന്നവരുടെ ലോകത്തേക്കും വ്യവഹാരങ്ങളിലേക്കും അനന്തമില്ലാത്ത ഭാവനാലോകത്തേക്കും കൊണ്ടെത്തിക്കും.
7. ഫെലൂദ കഥകൾ -സത്യജിത്ത് റേ. സാഹസികരും അന്വേഷണതത്പരരുമായവർക്ക് ഈ വായന ഊർജം നൽകും.
8. എൻ.പി. ഹാഫിസ് മുഹമ്മദിന്റെ കുട്ടിപ്പട്ടാളത്തിന്റെ കേരളപര്യടനം. യാത്രികരും പരിസരത്തെ നിരീക്ഷിക്കുന്നവരും ആയി മാറും നിങ്ങൾ.
9. എൻ.ബി.ടിയുടെ എല്ലാ പുസ്തകങ്ങളും. പിന്നെ അമർച്ചിത്രകഥകളും. ദൃശ്യപരത മേൽക്കോയ്മ നേടിയ കാലത്ത് സ്വയം ദൃശ്യങ്ങൾ ഭാവനയിൽ മെനയാനും സ്വയം ഒരു സ്രഷ്ടാവാകാനും ഈ വായന സഹായിക്കും.
10. സുധാമൂർത്തി, ആർ.കെ. നാരായൺ, റസ്കിൻ ബോണ്ട്:
ഈ ലിസ്റ്റ് പൂർണമായും എന്റെ ഇഷ്ടങ്ങൾക്ക് പ്രാധാന്യം നൽകിയതാണ്. ഓരോരുത്തരുടെയും വായനയുടെ രീതികളും അഭിരുചികളും വത്യസ്തമായിരിക്കും. ഒരു പുസ്തകത്തിൽ തുടങ്ങി ആ ലോകത്തേക്ക് പോയാൽ പിന്നെ കുട്ടി സ്വയം വഴി ചോദിച്ച് പൊയ്ക്കോളും. സ്വയം കണ്ടെത്തിക്കോളും. കുട്ടികളുടെ ഭാവനാലോകത്തേക്ക് കടന്നുചെല്ലുക എന്നത് ഏറെ വെല്ലുവിളി നിറഞ്ഞ ഒന്നാണ് ഇക്കാലത്ത്. വെബ് സീരീസുകൾ, വ്ലോഗുകൾ, ബിടിഎസ് പോലുള്ള ബാന്റുകൾ, ജെറോനിമോ, വിംപി കിഡ്ഡ്, അവഞ്ചേഴ്സ് സീരീസ്, ഇതിന്റെയൊക്കെ കളിപ്പാട്ട വിപണികൾ ഒക്കെയുള്ള ഒരു മൈതാനത്താണ് കുട്ടികൾ നിൽക്കുന്നത്. പ്രഫ. എസ്. ശിവദാസിന്റെ ‘വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം’ ഒക്കെ കുട്ടിയെ കൈ പിടിച്ച് മറ്റൊരു ലോകത്ത് എത്തിക്കും.
∙ജീവിതപങ്കാളിയും സാഹിത്യകാരനാണല്ലോ. എഴുത്തിലുള്ള കൊടുക്കൽവാങ്ങലുകൾ എങ്ങനെ ജീവിതത്തെ മുന്നോട്ടുകൊണ്ടുപോകുന്നു?
എന്നും എഴുതുന്ന ആളാണ് ജേക്കബ്. എനിക്ക് അങ്ങനെ എപ്പോഴും എഴുതാൻ പറ്റാറില്ല. എന്റെ എഴുത്തിൽ തുടർച്ചയില്ല. അനുഭവങ്ങൾ, പ്രത്യേകിച്ചും യാത്രകളിൽനിന്നു കിട്ടുന്നവ എല്ലാം പൊതുവായവയാണ്. സർഗാത്മകതയുള്ളവർക്ക് ഉണ്ടാവുന്ന മൂഡ് സ്വിങ്സ്, വികാരവിക്ഷോഭങ്ങൾ എല്ലാം ഞങ്ങൾക്കുമുണ്ടാവാറുണ്ട്. ചിലപ്പോൾ അതൊരു കൊടുങ്കാറ്റ് പോലെ ആഞ്ഞടിക്കാറുമുണ്ട്. വായനയിൽ നിന്നു കിട്ടുന്നവ ഷെയർ ചെയ്യപ്പെടാനാവുക എന്നതാണ് ഏറ്റവും മെച്ചമുള്ള പങ്കാളിത്തമായി തോന്നിയിട്ടുള്ളത്. ശരിക്കും ക്രീയേറ്റീവ് ആയ ഒരു പങ്കാളി നമ്മെ വഴി തെറ്റിക്കും. ക്ലൈമാക്സ്, കഥാപാത്രങ്ങളുടെ പേരുകൾ ഒക്കെ പറഞ്ഞ് തിരിച്ച് വിടും. ആ വഴി പോകാം, പോകാതെയുമിരിക്കാം.
Content Summary: Puthuvakku, talk with writer Veena