എഴുത്തിലെ മൂന്നു പതിറ്റാണ്ടോളം നീണ്ട നിശ്ശബ്ദതയവസാനിപ്പിച്ചുള്ള മടങ്ങിവരവാണിത്. ആ എഴുത്തുകാരിയുടെ അവസാന രചന പ്രസിദ്ധീകരിക്കപ്പെട്ടത് 1992 ൽ. പ്രിയ ജെ. എന്ന ഡിഗ്രിക്കാരി എഴുതിയ ‘വെള്ളിക്കൊലുസിട്ട നൊമ്പരം’ എന്ന കഥ സംസ്ഥാനതലത്തിൽ പുരസ്കാരാർഹമായപ്പോൾ ഒന്നാമത് എത്തിയതു മറ്റൊരു പ്രിയയുടെ കഥയായിരുന്നു.

എഴുത്തിലെ മൂന്നു പതിറ്റാണ്ടോളം നീണ്ട നിശ്ശബ്ദതയവസാനിപ്പിച്ചുള്ള മടങ്ങിവരവാണിത്. ആ എഴുത്തുകാരിയുടെ അവസാന രചന പ്രസിദ്ധീകരിക്കപ്പെട്ടത് 1992 ൽ. പ്രിയ ജെ. എന്ന ഡിഗ്രിക്കാരി എഴുതിയ ‘വെള്ളിക്കൊലുസിട്ട നൊമ്പരം’ എന്ന കഥ സംസ്ഥാനതലത്തിൽ പുരസ്കാരാർഹമായപ്പോൾ ഒന്നാമത് എത്തിയതു മറ്റൊരു പ്രിയയുടെ കഥയായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എഴുത്തിലെ മൂന്നു പതിറ്റാണ്ടോളം നീണ്ട നിശ്ശബ്ദതയവസാനിപ്പിച്ചുള്ള മടങ്ങിവരവാണിത്. ആ എഴുത്തുകാരിയുടെ അവസാന രചന പ്രസിദ്ധീകരിക്കപ്പെട്ടത് 1992 ൽ. പ്രിയ ജെ. എന്ന ഡിഗ്രിക്കാരി എഴുതിയ ‘വെള്ളിക്കൊലുസിട്ട നൊമ്പരം’ എന്ന കഥ സംസ്ഥാനതലത്തിൽ പുരസ്കാരാർഹമായപ്പോൾ ഒന്നാമത് എത്തിയതു മറ്റൊരു പ്രിയയുടെ കഥയായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എഴുത്തിലെ മൂന്നു പതിറ്റാണ്ടോളം നീണ്ട നിശ്ശബ്ദതയവസാനിപ്പിച്ചുള്ള മടങ്ങിവരവാണിത്. ആ എഴുത്തുകാരിയുടെ അവസാന രചന പ്രസിദ്ധീകരിക്കപ്പെട്ടത് 1992 ൽ. പ്രിയ ജെ. എന്ന ഡിഗ്രിക്കാരി എഴുതിയ ‘വെള്ളിക്കൊലുസിട്ട നൊമ്പരം’ എന്ന കഥ സംസ്ഥാനതലത്തിൽ പുരസ്കാരാർഹമായപ്പോൾ ഒന്നാമത് എത്തിയതു മറ്റൊരു പ്രിയയുടെ കഥയായിരുന്നു. ‘താളുകൾക്കിടയിലൊരു മയിൽപ്പീലി’ എന്ന കഥയെഴുതിയ പ്രിയ എ.എസ്. പിന്നീടു മലയാളത്തിന്റെ ഇഷ്ട എഴുത്തുകാരിയായി മാറിയതു ചരിത്രം. പഠനശേഷം അമേരിക്കയിലേക്കു ജീവിതം പറിച്ചുനടപ്പെട്ട അന്നത്തെ പ്രിയ ജെ. എന്ന എഴുത്തുകാരിയാണു 30 വർഷത്തിനു ശേഷം പ്രിയ ജോസഫ് എന്ന പേരിൽ ഇന്നു വായനക്കാരുടെ മനംകവർന്ന കഥകളിലൂടെയും ഓർമക്കുറിപ്പുകളിലൂടെയും എഴുത്തിന്റെ നഷ്ടവർഷങ്ങൾ തിരികെപ്പിടിക്കുന്നത്. പ്രിയ ജോസഫിനെ വീണ്ടും എഴുതാൻ നിർബന്ധിച്ചതും എഴുത്തിലേക്കുള്ള ആ തിരിച്ചുവരവിന് ഒരളവുവരെ കാരണക്കാരിയായതും പ്രിയ എ.എസ്. ആണെന്നതും യാദൃച്ഛികമധുരം.

 

ADVERTISEMENT

പ്രിയ ജോസഫ് എഴുതിയ ഗുർജ്ജറി ബാഗ്, കന്യാവ്രതത്തിന്റെ കാവൽക്കാരൻ, കാറൽമാർക്സ് ചരിതം എന്നീ കഥകൾ സമകാലീന കഥാചരിത്രത്തിൽ എഴുത്തുരീതി കൊണ്ടും കഥാപാത്രനിർമിതിയിലെ സവിശേഷ ശ്രദ്ധ കൊണ്ടും വായനക്കാരെ ഏറെ ആകർഷിച്ചവയാണ്. സൂക്ഷ്മവൈകാരികത നിറഞ്ഞ വാക്കുകളാൽ വായനക്കാരെ പൊതിഞ്ഞുപിടിക്കുന്നവയാണു പ്രിയയുടെ കഥകൾ. നമ്മുടെ ജീവിതത്തിൽനിന്നു നേരേ ഇറങ്ങിപ്പോയവരാണോയെന്നു തോന്നിപ്പിക്കുന്നവയാണു കഥാപാത്രങ്ങൾ. കഥയിൽ അവർ ചെയ്യുന്നതെന്തും നമ്മളും ചെയ്യുന്നതായിരിക്കുമെന്നൊരു ഐക്യദാർഢ്യം വായന കഴിഞ്ഞും വായനക്കാരന്റെയുള്ളിൽ കഥ അവശേഷിപ്പിക്കുന്ന സ്നേഹച്ചീന്താണ്. വനിതാ കോളജിൽനിന്ന് ബ്രൗൺ പേപ്പറിട്ടു പൊതിഞ്ഞ പുസ്തകം പോലെ ഗവൺമെന്റ് കോളജിലെത്തിയ ആനിയും മഞ്ജുവും ഷീബയും എന്നും ഹൃദയത്തിലെ പിണക്കഅറയിൽ തള്ളിയവർ എന്നും ജോസ് ചേട്ടന്റെ സങ്കടത്തിനും ചുറ്റും വളരെ സാവധാനം സഞ്ചരിച്ചുകൊണ്ടിരുന്ന കണ്ണുകൾ എന്നും പഴഞ്ചൻ തുണിസഞ്ചിയിൽ നിന്ന് ഉറവപൊട്ടിയൊഴുകിയ പ്രാർഥനകൾ എന്നും എഴുതുന്നതിലൂടെ പ്രിയ വായനക്കാരുടെ മനസ്സിലേക്കാണു നേരിട്ടു പ്രവേശിക്കുന്നത്. സൗഹൃദങ്ങളുടെ ഊഷ്മളതയും ബന്ധങ്ങളുടെ ഇഴയടുപ്പവും നിറഞ്ഞവയാണു പ്രിയ എഴുതുന്ന അനുഭവക്കുറിപ്പുകൾ. ആണധികാരത്തെ ചെറുത്തുനിൽക്കാൻ കെൽപുള്ള സ്ത്രീകഥാപാത്രങ്ങളെ സൃഷ്ടിക്കണമെങ്കിൽ സ്ത്രീകൾ പേനയെടുത്തേ മതിയാകൂ എന്നു പ്രിയ പറയുമ്പോൾ അത് എഴുത്തിൽ ഉറച്ചബോധ്യങ്ങളുള്ള ഒരാളുടെ ശബ്ദമായി നമുക്ക് അനുഭവപ്പെടുന്നു. പ്രിയ എഴുത്തും ജീവിതവും പറയുന്നു:

 

∙സോണിയാഗാന്ധി, തിരമിസ്യു, എപ്സം സോൾട്ട്, എൽവിസ് പ്രിസ്‌ലി, ജയിംസ് ജോയ്സ്, ആൻഡി വാർഹോൾ, യൗസേപ്പിതാവ്, ബൈബിൾ, ഫ്രോയ്ഡ്. കന്യാവ്രതത്തിന്റെ കാവൽക്കാരൻ എന്ന കഥയിൽ പ്രിയ അതീവ സൂക്ഷ്മമായി തുന്നിച്ചേർത്തിട്ടുള്ള ഈ ശകലങ്ങൾ കഥാബാഹ്യവിവരങ്ങളെന്നതിലുപരി റേച്ചലിന്റെയും ടോണിയുടെയും ജീവിതത്തെ വായനക്കാർക്കു മുൻപിൽ നിർവചിക്കുന്നവയായി മാറുന്നുണ്ട്. റേച്ചലിന്റെയും ടോണിയുടെയും ആന്തരികജീവിതം വായനക്കാർക്കു വ്യക്തമാകുന്നതിൽ ഇവയ്ക്കുള്ള പങ്കു വലുതാണ്. കഥയെഴുത്തിൽ ഇത്തരം ഡീറ്റെയിലിങ് പ്രിയയ്ക്ക് എത്രമാത്രം സഹായകരമാകുന്നുണ്ട്?

 

ADVERTISEMENT

ജുംബാ ലാഹിരിയുടെയും ആലിസ്‌ മൺറോയുടെയും റെയ്മണ്ട്‌ കാർവറിന്റെയുമൊക്കെ കഥകളിലെ ഡീറ്റെയിലിങ് എനിക്ക്‌ വളരെ ഇഷ്ടമാണ്‌.

മതം ഒരു മനുഷ്യനെ എത്ര വിദഗ്ധമായാണു കണ്ടീഷൻ ചെയ്യുന്നത്‌ എന്നു കാണിക്കാനാണ്‌ ഞാൻ ‘കന്യാവ്രതത്തിന്റെ കാവൽക്കാരൻ’ എഴുതിയത്‌. ഫുട്ട്‌ ഫെറ്റിഷിസം അതിനൊരു ടൂൾ ആക്കിയെന്നു മാത്രം. ഈ കഥയിലെ റേച്ചലിന്റെ കന്യകാത്വത്തിന്‌ മാനുഷികതലത്തിൽ ഭർത്താവ്‌ ടോണിയും ദൈവികതലത്തിൽ യൗസേപ്പിതാവുമാണ്‌ ഉത്തരവാദികൾ എന്ന രീതിയിലാണ്‌ ഞാനിത്‌ എഴുതാൻ ശ്രമിച്ചത്‌. അതിനു യോജിച്ച ഡീറ്റെയിലിങ് ആണു കഥയിൽ ഉൾപ്പെടുത്താൻ ശ്രമിച്ചത്‌. അത്‌ എത്രത്തോളം വായനക്കാരിലേക്ക്‌ എത്തി എന്നതിനുള്ള മറുപടി വായനക്കാരാണ്‌ തരേണ്ടത്‌.

 

∙കാറൽ മാർക്സ് ചരിതം എന്ന കഥയെഴുതുമ്പോൾ കേരളത്തിലെ ഒരു സാധാരണ ക്രൈസ്തവ കുടുംബം എക്കാലത്തും അഭിമുഖീകരിച്ചു പോന്നിട്ടുള്ള സംഘർഷം ആയിരുന്നോ പ്രിയയുടെ മനസ്സിൽ? ആ വിശ്വാസസമൂഹത്തിന്റെ ആണിക്കല്ലായ യേശുദേവന്റെ മേൽ രണ്ടായിരം വർഷം മുൻപ് അന്നത്തെ അധികാരിവർഗം ആരോപിച്ച അതേ ‘വഴിതെറ്റിക്കൽ’ തന്നെയല്ലേ നൂറ്റാണ്ടു മുൻപു ജീവിച്ച കാറൽ മാർക്സിനെതിരെ പിന്നീട് ആരോപിക്കപ്പെട്ടത്? ക്ലാസിനു പുറത്തും ചിലതു പഠിക്കാനുണ്ടെന്ന ജോസിന്റെ മകളോടുള്ള ഉപദേശത്തെ ഭയക്കുന്ന ആ കഥയിലെ അമ്മ അത്തരമൊരു സംഘർഷത്തിന്റെ സൃഷ്ടിയല്ലേ?

ADVERTISEMENT

 

ആദർശങ്ങളുടെ പുറകേ പോയി ജീവിതം കളഞ്ഞ ഒരു മനുഷ്യനെക്കുറിച്ചാണ്‌ ഞാൻ പറഞ്ഞിരിക്കുന്നത്‌. വ്യവസ്ഥിതിക്കെതിരെ കലഹിച്ച എത്ര പേർ അധികാര സ്ഥാനങ്ങളിൽ എത്തുന്നുണ്ട്‌? കൂടുതൽ പേരും വീട്ടുകാരാൽ തിരസ്കരിക്കപ്പെട്ട്‌ കാലയവനികയ്ക്കുള്ളിൽ മറയുന്നവരാണ്‌. ജാതി–വർഗ വ്യവസ്ഥിതികളിൽനിന്നു കേരളം കുറച്ചെങ്കിലും മുന്നേറിയത്‌ ഇതുപോലുള്ളവരുടെ ത്യാഗത്തിൽനിന്നാണ്‌. നമ്മളൊക്കെ ഇന്നതിന്റെ പങ്ക്‌ പറ്റുന്നുമുണ്ട്‌. പരിചയമുള്ള ക്രിസ്ത്യൻ പശ്ചാത്തലത്തിൽ അങ്ങനൊരു നന്മയുള്ള മനുഷ്യനെക്കുറിച്ച്‌ പറഞ്ഞെന്നേയുള്ളു.

 

∙‘‘വണ്ടിക്കുള്ളിൽ കയറി സ്റ്റിയറിങ്ങിൽ തല ചായ്ച്ച് കണ്ണടച്ച് കുറച്ചുനേരം വെറുതേ ഇരുന്നു’’. ഗുർജ്ജറി ബാഗ് എന്ന കഥ വായിച്ചു കഴിഞ്ഞപ്പോൾ കുറച്ചു നേരം കഥയിലെ മീന ചെയ്തതുപോലെ തന്നെ കണ്ണടച്ച് ഇരിക്കേണ്ടി വന്നു. മീനയും അന്നയും സൂപ്പർ മാർക്കറ്റിൽ വച്ചു മീന പരിചയപ്പെട്ട ആ ഗർഭിണിയും അവരുടെ കാറിനു പുറകിലെ സ്റ്റിക്കറും മനസ്സിൽനിന്നു മായുന്നതേയില്ല. പ്രാർഥനകൾക്ക് ശരിക്കും ആ യുവതി പറഞ്ഞതുപോലെയുള്ള ശക്തിയുണ്ടായിരിക്കുമല്ലേ. ചെറിയ ചെറിയ സന്തോഷങ്ങളുടെ, സ്നേഹാലിംഗനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചല്ലേ പ്രിയ പറയാൻ ശ്രമിച്ചത്?

 

റാൻഡം ആക്ട് ഓഫ്‌ കൈൻഡ്നെസിനെക്കുറിച്ചാണു (random act of kindness) ഞാൻ പറയാൻ ശ്രമിച്ചത്‌. നമ്മളെല്ലാം, ജീവിതത്തിൽ ഏതെങ്കിലുമൊരു ഘട്ടത്തിൽ ആരുടെയെങ്കിലും ദയ കൈപ്പറ്റിയിട്ടുണ്ടാവണം. മനസ്സിലെ ഇരുട്ടിനെ മാറ്റിക്കളയുന്ന പ്രകാശമാണ്‌ ഈ അപ്രതീക്ഷിത സ്നേഹങ്ങൾ. അവൽപൊതിയുമായി നിൽക്കുന്ന കുചേലന്റെ മുൻപിൽ കൃഷ്ണനാവാനുള്ള അവസരം നമുക്കെല്ലാം ജീവിതത്തിൽ ലഭിക്കാറുണ്ട്‌. വലിയ കൊട്ടാരമോ പണമോ ഒന്നുമായിട്ടല്ല, ട്രാഫിക്കിൽ പിറകേ വരുന്ന വാഹനത്തിന്‌ സൈഡ്‌ കൊടുക്കുന്നതോ ഷോപ്പിങ് കാർട്ട്‌ കാർട്ട്‌സ്റ്റേഷനിൽ കൊണ്ടുപോയി ഇടുന്നതോ ഒക്കെയായിട്ട്‌. ഈ ചെറിയ ചെറിയ ദയകളല്ലേ ശരിക്കും നമ്മുടെയെല്ലാം ജീവിതം. എനിക്കതാണ്‌. അതാണു ഞാൻ പറയാൻ ശ്രമിച്ചത്‌.

 

∙ വളരെ ലളിതമായ കഥാഖ്യാന രീതിയാണു പിന്തുടരുന്നതെങ്കിലും വൈകാരികമായി വായനക്കാരെ പിടിച്ചുകുലുക്കുന്നവയാണ് പ്രിയയുടെ കഥകളെന്നു തോന്നിയിട്ടുണ്ട്. കഥ വായിച്ചു കഴിഞ്ഞ് അതേൽപിക്കുന്ന ആഘാതം ഏറെനേരം മനസ്സിൽ തങ്ങിനിൽക്കും. കാറൽ മാർക്സ് ചരിതത്തിലെ എട്ടു വയസ്സുകാരിയും കന്യാവ്രതത്തിലെ റേച്ചലും ഗുർജ്ജറി ബാഗിലെ മീനയും വായന കഴിഞ്ഞും മനസ്സിനെ അസ്വസ്ഥമാക്കിക്കൊണ്ടിരിക്കും. തീവ്രമായ ജീവിതാനുരാഗം നിറഞ്ഞ അവരെ സൃഷ്ടിച്ചതെങ്ങനെയെന്നു വിശദീകരിക്കാമോ?

 

ഗുർജ്ജറി ബാഗ്‌ എന്റെ ജീവിതം തന്നെയാണ്‌. എനിക്ക്‌ വാൾമാർട്ടിൽ വച്ച്‌ ആ ഗർഭിണി തന്ന ബാഗും ആ റാൻഡം ആക്ട് ഓഫ്‌ കൈൻഡ്നസും രേഖപ്പെടുത്തേണ്ടത്‌ തന്നെയായി തോന്നിയതുകൊണ്ടാണ്‌ അതു ഞാൻ കഥയായി എഴുതിയത്‌. ജീവിതാനുഭവമായിട്ടാണ്‌ ആദ്യം എഴുതിത്തുടങ്ങിയത്‌. അന്ന് ആ പാർക്കിങ് ലോട്ടിൽ വച്ച്‌ എന്റെയുള്ളിൽ ഞാൻ അനുഭവിച്ച ആഘാതത്തിന്റെ (positive shock) നൂറിൽ ഒരംശം പോലും എനിക്ക്‌ വാക്കുകളായി പകർത്താൻ പറ്റിയില്ലല്ലോ എന്ന വിഷമം നന്നായിട്ടുണ്ട്‌. അവരുടെ അഡ്രസ് വാങ്ങിയില്ലല്ലോ എന്ന നഷ്ടബോധവും നന്നായിട്ടുണ്ട്‌. കാറൽമാക്സ്‌ ചരിതത്തിന്റെ സ്പാർക്കും വീട്ടിൽനിന്നു തന്നെ. മമ്മിയുടെ കുടുംബത്തിൽ ഒരാളുണ്ടായിരുന്നു. വല്ല്യ സ്നേഹക്കാരൻ. കമ്യൂണിസ്റ്റ്‌ പാർട്ടിയിൽ ചേർന്ന് പഠനമൊക്കെ ഉഴപ്പിയ ഒരാൾ. കുറേ വർഷങ്ങൾക്കു മുൻപ്‌ എന്റെ മോളുടെ തെറപ്പിസ്റ്റ്‌ ഒരു അനുഭവം പറഞ്ഞിരുന്നു. Severe foot fetishism ഉള്ള ഒരു ഭർത്താവിനെക്കുറിച്ച്‌ ഭാര്യ പങ്കുവച്ച ചില രഹസ്യങ്ങൾ. അന്നതു ഭയങ്കര കൗതുകത്തോടെയാണ്‌ കേട്ടിരുന്നത്‌. ഒരു സുന്ദരിയെക്കണ്ടാൽ ആദ്യം അവളുടെ പാദങ്ങളാണ്‌ നോക്കുക എന്നു ചില പുരുഷസുഹൃത്തുക്കൾ പറഞ്ഞുകേട്ടിട്ടുണ്ടെങ്കിലും ഇങ്ങനൊരു severe foot fetishism ഉള്ള ആളെക്കുറിച്ച്‌ ഞാനാദ്യമായിട്ടായിരുന്നു കേൾക്കുന്നത്‌. അതിന്റെ ഒരു പ്രത്യേകത കൊണ്ടുതന്നെ അതു മനസ്സിൽ കിടന്നിരുന്നു. കന്യാവ്രതത്തിന്റെ കാവൽക്കാരൻ എന്ന കഥയുടെ സ്പാർക്ക്‌ അവിടുന്നാണ്.

 

∙‘‘അപ്പോ അന്നക്കുട്ടി ടീച്ചറെന്തു ചെയ്തു, അതുകേട്ട പോൾ പുതുശേരി സാറെന്തു പറഞ്ഞു, എന്നിട്ട് നീയപ്പോൾ എന്തു പറഞ്ഞു, അയ്യോ അതു പറഞ്ഞപ്പോൾ ജയ്മരിയ ടീച്ചറതു കണ്ടുപിടിച്ചില്ലേ’’. ഇങ്ങനെ തുടരെത്തുടരെ വിശേഷം ചോദിച്ചുകൊണ്ടിരുന്ന മമ്മിയാണോ പ്രിയയുടെ മനസ്സിൽ കഥയുടെ ആദ്യവിത്തുകൾ പാകിയത്?

 

മമ്മിയുടെ സ്വാധീനം പറയാൻ വാക്കുകളില്ല. ലയിച്ചിരുന്നു പുസ്തകങ്ങൾ വായിക്കുന്ന മമ്മിയെ കണ്ടാണ്‌ വളർന്നത്‌. മമ്മി വായിക്കുക മാത്രമല്ല, എഴുതുകയും ചെയ്യുമായിരുന്നു. വളരെ യാഥാസ്ഥിതിക ചുറ്റുപാടിൽ വളർന്ന മമ്മിക്ക്‌ കോളജ്കാലത്ത്‌ എഴുതിയത്‌ സത്യദീപം പോലുള്ള ക്രിസ്ത്യൻ മാസികകളിൽ പ്രസിദ്ധീകരിക്കാനേ അനുവാദമുണ്ടായിരുന്നുള്ളു. ക്ലബ്‌ മാസികയ്ക്കു വേണ്ടി വെറും രണ്ടു മണിക്കൂർ കൊണ്ടൊക്കെ പുല്ലു പോലെ കഥയെഴുതി തീർക്കുന്ന മമ്മിയെ കണ്ടിട്ടുണ്ട്‌. നല്ല ഒന്നാന്തരം കഥകൾ. ഇവിടെ ഒരു ആവറേജ്‌ കഥ തന്നെ എഴുതിത്തീർക്കാൻ പെടുന്ന പാട്‌ എനിക്കേ അറിയാവൂ! മമ്മി എഴുതിയിരുന്നെങ്കിൽ നല്ല എഴുത്തുകാരിയാകുമായിരുന്നെന്ന് എനിക്ക്‌ ഉറപ്പുണ്ട്‌. അതുപോലെ തൊടുപുഴ ഡീപോളിൽ വച്ച്‌ ഹൗസ്‌ തിരിച്ചുള്ള മത്സരങ്ങൾക്ക്‌ കളിക്കാനുള്ള നാടകം എഴുതിത്തന്നിരുന്നത്‌ മമ്മിയാണ്‌. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെയാണ്‌ മത്സരം. സ്കൂൾ ലൈബ്രറിയിലും മുനിസിപ്പൽ ലൈബ്രറിയിലുമുള്ള നാടകങ്ങളിൽ കൂടുതലും പുരുഷകഥാപാത്രങ്ങളാണുള്ളത്‌. മരുന്നിനൊരു സ്ത്രീകഥാപാത്രം വല്ലതും കാണും. ഞങ്ങൾ പെൺകുട്ടികൾ മീശയൊക്കെ വച്ച്‌ ഇഷ്ടമില്ലാത്ത പുരുഷവേഷം കെട്ടണം. ഇതെന്തു ന്യായം എന്നുപറഞ്ഞ്‌ പ്രശ്നം മമ്മിയുടെ അടുത്ത്‌ അവതരിപ്പിച്ചു. മമ്മി പൊലിപ്പിച്ചെഴുതുന്ന നായികാ റോൾ ഞാനെടുത്താൽ മാത്രം നാടകം എഴുതിത്തരാം എന്ന ഒറ്റ കണ്ടീഷൻ മമ്മി വച്ചു. ആകാശദൂത്‌ സ്റ്റൈലിൽ ആൾക്കാരെ കരയിപ്പിച്ചേ അടങ്ങൂ എന്ന വാശിയിൽ, എല്ലാ ചേരുവകളും ചേർത്ത്‌ മമ്മി എല്ലാ വർഷവും എനിക്ക് വേണ്ടി മാത്രം നാടകമെഴുതാൻ തുടങ്ങി. തുടക്കം തൊട്ട്‌ ഒടുക്കം വരെ കരഞ്ഞു തകർത്ത്‌ ഏഴാം ക്ലാസ്സ്‌ തൊട്ട്‌ പത്താം ക്ലാസ്സ്‌ വരെ നാടകത്തിന്‌ ഫസ്റ്റ്‌ പ്രൈസും ബെസ്റ്റ്‌ ആക്ട്രസ് അവാർഡും ആർക്കു കിട്ടി എന്നു പ്രത്യേകം പറയേണ്ടല്ലോ!! കണ്ണുഡോക്ടറുടെ മുറിയിലെ ബോർഡിലെ ആദ്യ വരിയിലെ അക്ഷരങ്ങൾ പോലെ ആൾക്കാരെ വായിക്കാൻ പഠിച്ചത്‌ മമ്മിയിൽ നിന്നാണ്‌. അതു കഥയെഴുത്തിൽ മാത്രമല്ല ജീവിതത്തിലും ഉപകാരപ്പെടുന്നുണ്ട്‌.

 

∙മുപ്പതു വർഷം മുൻപ് എറണാകുളത്തെ നസ്രേത്ത് ഹോസ്റ്റലിലെ ആകാശം കാണാവുന്ന ജനാലയ്ക്കരികിലിരുന്ന് പ്രിയ ജോസഫ് എന്ന കൗമാരക്കാരി എഴുതിയിരുന്ന കുറിപ്പുകളെക്കുറിച്ചു കൂട്ടുകാർ ഇന്നും വാചാലരാകുന്നുണ്ടല്ലോ. അന്ന് പ്രിയ എഎസിന് ഒന്നാം സ്ഥാനം ലഭിച്ചൊരു കഥാമൽസരത്തിൽ രണ്ടാം സ്ഥാനം നേടിയ പ്രിയ ജോസഫ് പിന്നീടു മൂന്നു പതിറ്റാണ്ടോളം തുടർന്ന മൗനത്തിനു കാരണമെന്താണ്? ഇപ്പോൾ എഴുത്തിലേക്കു തിരിച്ചുവരുമ്പോൾ പഴയ ആ പ്രിയ ജോസഫ് തന്നെയാണോ മനസ്സിൽ?

പ്രിയ ജോസഫ് കുടുംബത്തോടൊപ്പം

 

രണ്ടുതവണ സമ്മാനം കിട്ടിയെങ്കിലും എഴുത്ത്‌ ഒരിക്കലും ഗൗരവമായി കണ്ടിരുന്നില്ല എന്നുള്ളതാണു സത്യം. മറിച്ചു വായനയായിരുന്നു എപ്പോഴും കൂടെയുണ്ടായിരുന്നത്‌. അന്നും ഇന്നും മടുപ്പില്ലാത്ത ഒരേയൊരുകാര്യം വായനയാണ്‌. അന്നത്തെ പ്രിയയാണോ ഇന്നത്തെ പ്രിയ എന്നു ചോദിച്ചാൽ തീർച്ചയായും അല്ല എന്നേ പറയൂ. കേരളം തലയിൽ വച്ചുതന്ന ഒരുകുന്ന് ദുരഭിമാനങ്ങളുമായാണ് അമേരിക്കയിൽ കാലുകുത്തുന്നത്‌. രണ്ടുവർഷം പോലും വേണ്ടി വന്നില്ല അതെല്ലാം വലിച്ചെറിഞ്ഞ്‌ ഒരു നല്ല വ്യക്തിയായി മാറാൻ. ഈ ഇരുപത്തിനാല്‌ വർഷങ്ങൾ കൊണ്ട്‌ എന്ത്‌ മാറ്റമാണുണ്ടായത്‌ എന്നു ചോദിച്ചാൽ ഒരു നല്ല വ്യക്തിയായി എന്ന് എനിക്ക് എറ്റവും ഉറപ്പോടുകൂടിത്തന്നെ പറയാൻ പറ്റും. എത്ര കുടഞ്ഞെറിയാൻ നോക്കിയിട്ടും പോകാത്ത മലയാളം കനല്‌ പോലെ ഉള്ളിൽ കിടന്ന് പുകയുന്നുണ്ടെന്നുള്ളതും തിരിച്ചറിഞ്ഞതു കുറച്ചു നാളുകൾക്കു മുൻപാണ്‌. എഴുത്തിനെ അതിന്റെ വഴിക്കുവിടുന്നു.

 

∙വനിതാകോളജിൽനിന്ന് ബ്രൗൺ പേപ്പറിട്ടു പൊതിഞ്ഞ പുസ്തകം പോലെ ഗവൺമെന്റ് കോളജിലെത്തിയ ആനിയും മഞ്ജുവും ഷീബയും എന്നൊരു പ്രയോഗമുണ്ട് ‘തമ്മനം മുതൽ ഷിക്കാഗോ വരെ ഒരു അധോലോക കഥ’ എന്ന പ്രിയയുടെ കഥയിൽ. പെൺജീവിതങ്ങളുടെ ഇത്തരം രസകരങ്ങളായ നിരീക്ഷണങ്ങൾ പ്രിയയുടെ എഴുത്തിലുടനീളം കാണാം. ഏറെക്കാലമായി അമേരിക്കയിൽ ജീവിക്കുന്ന ഒരാളെന്ന നിലയിൽ കേരളത്തിലെ പെൺജീവിതത്തെപ്പറ്റി പറയാമോ?

 

കേരളത്തിലെ പെൺജീവിതം എന്നതിനേക്കാൾ ഞാൻ കണ്ടതും അനുഭവിച്ചതുമായ പെൺ ജീവിതത്തെക്കുറിച്ച്‌ പറയുന്നതായിരിക്കും ശരിയെന്നു തോന്നുന്നു. 24 വർഷമാണു ഞാൻ കേരളത്തിൽ ജീവിച്ചത്‌. ആദ്യം കണ്ട സ്ത്രീജീവിതങ്ങൾ എന്നുപറയുന്നതു തൊടുപുഴയിലെ മമ്മിയുടെ സുഹൃത്തുക്കളെയാണ്‌. ഒരു വലിയ സുഹൃദ്‌വലയമുണ്ടായിരുന്നു മമ്മിക്ക്‌. വൽസമ്മയാന്റി, കുമുദാന്റി, റോസിചേച്ചി, ഫിലോ ആന്റി, മേരിചേച്ചി, കൊച്ചുത്രേസ്യാന്റി, കുഞ്ഞമ്മചേച്ചി, ആൻസിയാന്റി, ബീനചേച്ചി തുടങ്ങിയവർ. ഇനിയുമുണ്ട്‌ കൂട്ടുകാർ. കാര്യപ്രാപ്തികൊണ്ടും, സ്വതന്ത്രചിന്താഗതികൊണ്ടും, പോസിറ്റീവ്‌ സ്പിരിറ്റ്കൊണ്ടും എന്നെ ഇത്രയധികം അമ്പരിപ്പിച്ച സ്ത്രീകൾ വേറെയില്ലെന്നു തന്നെപറയാം. ആർക്കെങ്കിലും ഒരാൾക്ക്‌ ഒരാവശ്യമുണ്ടെങ്കിൽ രാത്രിയെന്നോ പകലെന്നോ നോക്കാതെ ഓടി വരുന്നതരം ഇവരുടെ ആഴത്തിലുള്ള സൗഹൃദം കണ്ടാണു വളർന്നത്‌. പപ്പയുടെ ബിസിനസിൽ ഒരു വലിയ തകർച്ച വന്ന സമയം. വീട്‌ ജപ്തിയിലാകും എന്നറിഞ്ഞു ബാങ്കിലടയ്ക്കാനുള്ള തുകയുമായി ഓടി വന്ന വൽസമ്മയാന്റി. സ്വപ്നയ്ക്ക്‌ മെഡിക്കൽ കോളജിൽ അഡ്മിഷൻ കിട്ടിയപ്പോൾ പരമ്പരാഗതമായി കൈമാറിക്കിട്ടിയ ആഭരണങ്ങളുമായി വന്ന് അതു പണയം വച്ചു കാശെടുക്കാമെന്ന് പറഞ്ഞ കുമുദാന്റി. ചേച്ചിയുടെ കല്യാണാലോചനാസമയം. ആന മെലിഞ്ഞാലും തൊഴുത്തിൽ കെട്ടാൻ പറ്റില്ല എന്നു പറഞ്ഞതു പോലെ മുറ്റത്ത്‌ കാറ്‌ കിടപ്പുണ്ട്‌, പക്ഷേ, പെട്രോളടിക്കാൻ കാശില്ല. ആലപ്പുഴയിൽ ചെറുക്കന്റെ വീട്ടിൽ പോകാൻ ഫുൾ ടാങ്ക്‌ പെട്രോളടിച്ചു ഡ്രൈവറുമായി വണ്ടി അയച്ച റോസി ചേച്ചി, ടൈഫോയ്ഡ്‌ വന്നു തലപൊക്കാൻ വയ്യാതെ ഞാൻ ഹോസ്പിറ്റലിൽ കിടക്കുമ്പോൾ ന്യൂമാൻ കോളജ്‌ ലൈബ്രറിയിൽ നിന്ന് മമ്മിക്ക്‌ വായിക്കാൻ പുസ്തകങ്ങളുമായി എല്ലാ ദിവസവും വൈകുന്നേരം ഹാജർ വയ്ക്കുന്ന കൊച്ചുത്രേസ്യാന്റി, അതേസമയം തന്നെ പലഹാരങ്ങളുമായി മുറിയിൽ പ്രത്യക്ഷപ്പെടുന്ന മേരി ചേച്ചി, പേഷ്യന്റ്‌ ബ്രേക്കിൽ ഓടി മുറിയിൽ വരുന്ന കുമുദാന്റി. മമ്മി മരിച്ചപ്പോൾ താമരപ്പൂ വയ്ക്കണമെന്ന് തങ്കമ്മ പറഞ്ഞിട്ടുള്ളതാ, നാലു താമരപ്പൂവേ കിട്ടിയുള്ളൂ, ഇനിയെന്നാ ചെയ്യും എന്നു വിഷമിച്ച ഫിലോ ആന്റി. ഇവരുടെയൊക്കെ തണലിൽ വളർന്നതുകൊണ്ടാവാം എന്റെ വേരുകൾ ഉറപ്പുള്ളതായത്. അവരൊരുമിച്ചുള്ള കൂടലുകളുടെയും യാത്രകളുടെയും തമാശകളുടെയും ഭാഗമായാണു ഞാൻ വളർന്നത്‌. പുരുഷന്മാരുടെ ഇടപെടൽ ഇല്ലാത്ത ഒരു ലോകമായിരുന്നു അത്‌. സമാന ഇഷ്ടങ്ങളുള്ള കൂട്ടുകാരെ കിട്ടിയതു നസ്രത്ത്‌ ഹോസ്റ്റലിലാണ്‌.

 

∙ഹൃദയത്തിലുള്ള ഒരു പിണക്കഅറയെപ്പറ്റിയും അതിൽ സൂക്ഷിച്ചിരുന്ന ഒരു കൂട്ടുകാരിയെപ്പറ്റിയും അവരെക്കുറിച്ചു പിന്നീടു പശ്ചാത്താപത്തോടെ കുമ്പസാരിച്ചതിനെപ്പറ്റിയും പ്രിയ എഴുതിയിട്ടുണ്ട്. നമുക്കെല്ലാവർക്കുമുണ്ടാകുമല്ലോ അത്തരം രഹസ്യപിണക്കഅറകൾ. അവിടെ അതീവരഹസ്യമായി സൂക്ഷിക്കപ്പെടുന്നവർ. മറ്റൊരു കുറിപ്പിൽ ഐറിഷ് സ്പ്രിങ് സോപ്പിന്റെ മണം ഓടിച്ചുവിട്ടൊരു കല്യാണാലോചനക്കാരെപ്പറ്റി പറയുന്നുണ്ട്. ഇതെല്ലാം സ്വന്തം ജീവിതത്തിൽ നിന്നു പ്രിയ കണ്ടെടുക്കുന്ന രസകരങ്ങളായ നിരീക്ഷണങ്ങളാണ്. പക്ഷേ, അതെല്ലാം സമാന അനുഭവങ്ങളുള്ള വായനക്കാരെ നേരിട്ടു സ്പർശിക്കുന്നുണ്ട്. ഇത്തരം അനുഭവങ്ങൾ ജീവിതമെഴുത്തായി മാറുന്നത് എങ്ങനെയാണ്?

 

ജീവിതത്തിൽ നിന്നുള്ള പൊട്ടും പൊടികളും എഴുതുന്നത്‌ വായിക്കാൻ ഇഷ്ടമാണ്‌. ഇവിടെ ന്യൂയോർക്കറിലും ന്യൂയോർക്ക്‌ ടൈംസിലുമൊക്കെ ഞാൻ ഏറ്റവുമിഷ്ടത്തോടെ വായിക്കുന്നത്‌ ജീവിതാനുഭവങ്ങളാണ്‌. ആനി ഇർണ്ണോക്സ് എഴുതുന്നത്‌ ജീവിതമാണോ ഫിക്‌ഷനാണോ എന്നു തിരിച്ചറിയാൻ പറ്റാത്തതുപോലെ ഇഴ ചേർന്നാണു കിടക്കുന്നത്‌. അങ്ങനെയുള്ള എഴുത്തുകൾ ഇഷ്ടമാണ്‌.

 

∙എറണാകുളത്തെ തിരക്കിലേക്ക് ഇടയ്ക്കിടെ നിന്നുപോകുന്ന ഒരു ‘പൊട്ട’ കാറും കൊടുത്തുവിട്ടു ഡ്രൈവിങ് ‘പഠിപ്പിച്ച’ പപ്പ, തന്റേടിയും സംഭാഷണപ്രിയയും സ്നേഹസമ്പന്നയും അതേസമയം സ്വന്തം വ്യക്തിത്വം ആരുടെ മുന്നിലും അടിയറവയ്ക്കാത്തയാളുമായ മമ്മി, മൂന്നാമത്തെ പെണ്ണുകാണൽ ചടങ്ങിലൂടെ എന്നന്നേക്കുമായി മനസ്സിൽകയറിയ കൂട്ടുകാരൻ, മൂന്നു സഹോദരിമാർ, മക്കൾ, അടുത്ത കൂട്ടുകാർ എന്നിവരെയെല്ലാം പ്രിയയുടെ വിവിധ കുറിപ്പുകളിലൂടെ അടുത്തറിയാം. ഇവരെല്ലാം ജീവിതത്തിലും എഴുത്തിലും എത്രവലിയ സ്വാധീനമാണ്?

 

പപ്പ ഞങ്ങൾ നാലു പെൺമക്കളെയും ചെറുപ്പം മുതൽ തന്നെ എല്ലാം തനിയെ ചെയ്യാൻ ശീലിപ്പിച്ചതുകൊണ്ട്‌ ഞാൻ ചിലപ്പോഴെങ്കിലും ഭർത്താവിൽനിന്നു കേൾക്കുന്ന ഒരു സ്റ്റേറ്റ്മെന്റുണ്ട്‌. You are too independent Priya എന്ന്. ശരിയാണ്‌. അത്രയ്ക്ക് സ്വാഭിമാനബോധവും സ്വതന്ത്ര ചിന്താഗതിയും പപ്പ ഞങ്ങൾ നാലുപേരിലും കുത്തിനിറച്ചിട്ടുണ്ട്‌. വീണ്ടും എഴുതിത്തുടങ്ങിയപ്പോൾ കുറച്ചുകാലത്തേക്കാണെങ്കിലും അതുകാണാൻ പപ്പയുണ്ടായിരുന്നു എന്നുള്ളത്‌ വലിയ ആശ്വാസമാണ്‌. എന്തെഴുതിയാലും അതിന്റെ ആദ്യ വായനക്കാർ റോബിനും കുട്ടികളുമാണ്‌. എ.ജെ. ക്രോണിന്റെ സിറ്റഡൽ മാത്രമേ വായിച്ചിട്ടുള്ളൂവെങ്കിലും കൃത്യമായ വായനയാണ്‌ റോബിന്റേത്‌. ഞാനെന്ത്‌ ചവറെഴുതിയാലും അതു മുഴുവൻ ക്ഷമയോടെയിരുന്നു വായിക്കും. കുട്ടികളെ വായിച്ചുകേൾപ്പിക്കുകയാണ്‌ പതിവ്‌. മലയാളം കേട്ടാൽ നന്നായിട്ട്‌ മനസ്സിലാകും രണ്ടുപേർക്കും. ഇവർ മൂന്നുപേരുമാണ്‌ എന്റെ ഏറ്റവും വലിയ ചിയർലീഡേഴ്സ്‌. മറ്റുരാജ്യങ്ങളിൽ നിന്നുള്ള, മലയാളം കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത അവരുടെ കൂട്ടുകാരെകൊണ്ട് ലൈക്കും കമന്റും ഇടീപ്പിക്കാൻ ബദ്ധശ്രദ്ധരായവർ. ദീപ ചേച്ചിയും സ്വപ്നയും ശുഭയും പ്രാണൻ പകുത്ത്‌ മൂന്നു സ്ഥലങ്ങളിൽ ഇട്ടിരിക്കുന്നത്‌ പോലെയാണ്‌. പിന്നെ കൂട്ടുകാർ. ജീവശ്വാസം പോലെ കൂടെ കൂട്ടിയിരിക്കുന്നവർ. അവരെ വിട്ടിട്ടൊരു കളിയില്ല.

 

∙പ്രിയ ഈയടുത്തു വായിച്ചവയിൽ ഏറ്റവും ഇഷ്ടപ്പെട്ട കഥകളെക്കുറിച്ചു പറയാമോ?

 

ഉണ്ണി ആർ., വിനോയ്‌ തോമസ്‌, സന്തോഷ്‌ ഏച്ചിക്കാനം, ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്‌, ഇ.സന്തോഷ് കുമാർ, സുസ്മേഷ് ചന്ത്രോത്ത്, എസ്.ഹരീഷ്, ഫ്രാൻസിസ്‌ നൊറോണ, കെ.വി.മണികണ്‌ഠൻ, മനോജ്‌ വെള്ളനാട്‌, അബിൻ ജോസഫ്‌, ഷിനിലാൽ, അമൽരാജ്‌ പാറമ്മേൽ, ജ്യോതി ശങ്കർ, മനോജ്‌ വെങ്ങോല, ഗ്രേസി, പ്രിയ എഎസ്‌, രേഖ കെ. ഇവരുടെയൊക്കെ കഥകൾ കൃത്യമായി ഫോളോ ചെയ്യാറുണ്ട്‌. വളരെ പരിമിതമായ എന്റെ മലയാള വായനയ്ക്കുള്ളിൽ നിന്ന് എന്നെ സ്പർശിച്ച കഥകൾ മാത്രമാണ്‌ ഞാൻ ഇവിടെ പറയുന്നത്‌. പല എഴുത്തുകാരെയും വായിക്കുമ്പോൾ ലോകസാഹിത്യത്തിന്റെ നിലവാരത്തിൽ തന്നെ എഴുതുന്നതുപോലെ തോന്നാറുണ്ട്‌. മണികണ്‌ഠന്റെ ‘തത്വമസി’ വായിച്ചപ്പോൾ സംഭാഷണത്തിലൂടെ കഥ പറയുന്ന ഏണസ്റ്റ്‌ ഹെമിങ്‌വേയെ ഓർമ വന്നു. വിനോയ്‌ തോമസിന്റെ ‘മുള്ളരഞ്ഞാണം’ എന്ന കഥയിലെ ക്യാരക്‌ടർ പോർട്രയൽ എത്ര മനോഹരം. റെയ്മണ്ട്‌ കാർവറിന്റെ കഥകളിലുള്ള ഡേർട്ടി റിയലിസം അതിന്റെ ഒരു പടികൂടി മുകളിലായി കണ്ടിരിക്കുന്നത്‌ ഉണ്ണിയുടെ കഥകളിലാണ്‌ എന്നു തോന്നിയിട്ടുണ്ട്‌. മുഖമടച്ച്‌ ഒരടികിട്ടുന്നതു പോലുള്ള അനുഭവമാണ്‌ ഉണ്ണിയുടെ കഥകൾ വായിക്കുമ്പോൾ തോന്നുക. 

 

ഒരു കഥ വിജയമാകുന്നതിന്റെ മാനദണ്ഡമെന്താണ്‌? ആദ്യ വരി തൊട്ട്‌ അവസാന വരി വരെ കഥാകാരന്റെ ഒപ്പം വായനക്കാരനെ സഞ്ചരിപ്പിക്കുക എന്നതാണ്‌ ആദ്യപടി. റീഡബിലിറ്റി ഒരു പ്രധാന വസ്തുതയാണ്‌. എന്നാൽ റീഡബിലിറ്റിയുള്ളതെല്ലാം നല്ല കഥകളാകുന്നുമില്ല. ചിന്തിപ്പിക്കുന്നതായിരിക്കണം. വായന കഴിയുമ്പോൾ മനസ്സിൽ ഏതു വികാരമായിക്കോട്ടെ അത്‌ അതിന്റെ മൂർധന്യത്തിൽ വായനക്കാരനു തോന്നിയാൽ ആക്കഥ വിജയിച്ചു എന്നുവേണം കരുതാൻ. ഉദാഹരണം സന്തോഷ്‌ ഏച്ചിക്കാനത്തിന്റെ ബിരിയാണി-വിശപ്പറിഞ്ഞവന്റെ, പട്ടിണികൊണ്ട്‌ മകൾ മരിച്ചവന്റെ മുന്നിൽ ബിരിയാണി കുഴിച്ചുമൂടുന്ന രംഗം വായിക്കുമ്പോൾ വായനക്കാരന്റെ മനസ്സിൽ തോന്നുന്ന രോഷം ആ കഥയുടെ വിജയമാണ്‌. മറ്റൊരു ഉദാഹരണം ഇന്ദുഗോപന്റെ ‘മറുത’ എന്ന കഥ. പകയുടെ ഭംഗി കാണണമെങ്കിൽ ആ കഥ വായിക്കണം. വായിച്ചുകൊണ്ടിരിക്കുമ്പോൾ ഇരിക്കുന്നിടത്തുനിന്ന് അയ്യോ എന്നു പറഞ്ഞ്‌ അറിയാതെ എഴുന്നേറ്റു നിന്നുപോയ കഥയാണിത്‌. ഉണ്ണി ആറിന്റെ ‘ലീല’ ഇപ്പോഴും മനസ്സിനെ അസ്വസ്ഥമാക്കുന്ന കഥയാണത്‌. പുരുഷന്റെ വൈകൃതകാമനകൾക്ക്‌ വിധേയയാകേണ്ടി വരുന്ന സ്ത്രീയുടെ നിസ്സഹായതയും ദൈന്യതയുമാണ്‌ ആ കഥ വായിച്ചുകഴിയുമ്പോൾ വായനക്കാരന്റെ കൂടെപ്പോരുന്ന വികാരം. മറുതയും ലീലയും വായിച്ചുകഴിഞ്ഞു് ആദ്യം തോന്നിയ വികാരം ഒരു തോക്ക്‌ വാങ്ങി കഥാകൃത്തുക്കളുടെ നെഞ്ചിലേക്ക്‌ തുരുതുരെ നിറയൊഴിക്കാനാണ്‌. അത്രയ്ക്ക്‌ ക്രൂരതയാണ്‌ ഈ രണ്ടുകഥകളിലും പുരുഷൻമാർ അതിലെ സ്ത്രീകളോട്‌ ചെയ്തിരിക്കുന്നത്‌. അവിടെയാണ്‌ ആ കഥകളുടെ വിജയവും. ഗ്രേസി, കെ.ആർ.മീര, ഇവരുടെയൊക്കെ എഴുത്തിൽ കണ്ട കൂസലില്ലായ്മ മോഹിപ്പിച്ചിട്ടുണ്ട്‌. ഗ്രേസി എന്ന പേര്‌ കേൾക്കുമ്പോൾ തന്നെ ഓർമവരുന്നത്‌ അവരുടെ ‘പടിയിറങ്ങിപ്പോയ പാർവതി’ എന്ന കഥയാണ്‌. എനിക്കു തോന്നുന്നപോലെ ഞാൻ കഥ പറയും, വേണേൽ കേട്ടാൽ മതീന്ന് പറയുന്ന പോലുള്ള ഇവരുടെ കഥകളോട്‌ ഒരു പ്രത്യേക ഇഷ്ടം കൂടുതലുണ്ട്‌. കുറഞ്ഞ വൊക്കാബുലറിയിൽ ലളിതമായി കഥ പറയുന്ന മാധവിക്കുട്ടിയുടെ രീതിയിൽ നിന്നു വളരെ വ്യത്യസ്തമാണ്‌ ഇവരുടെ കഥകൾ. പ്രിയ എഎസിന്റെ കഥകൾ ശാന്തമായൊഴുകുന്ന നദി പോലെയാണ്‌. പ്രിയയുടെ ഓർമ എഴുത്തുകളോട്‌ ഇഷ്ടം കൂടുതലുണ്ട്‌. രേഖ കെ.യുടേത് ഉറച്ച ശബ്ദമാണ്‌. ഈയിടെ വായിച്ച ‘ഒതുക്കിലെ വല്ല്യമ്മ’ ഒത്തിരി ഇഷ്ടപ്പെട്ട കഥയാണ്‌. ഫർസാനയുടെ ‘ഇഫ്‌രീത്തെന്ന് പേരുള്ള പെൺ ജിന്നി’ന്റെ കഥ വായിച്ച്‌ എക്സൈറ്റഡ്‌ ആയി കഥവായിക്കുന്ന എല്ലാ ഫ്രണ്ട്സിനും അയച്ചുകൊടുത്തു. അത്രയ്ക്ക്‌ പെർഫെക്‌ഷൻ തോന്നിയ കഥയാണത്‌.

 

∙മലയാളത്തിലെ 5 ഇഷ്ട പുസ്തകങ്ങൾ?

 

ഇഷ്ടപുസ്തകങ്ങളെ അഞ്ചിലെങ്ങനെ ഒതുക്കാൻ പറ്റും. കാത്തിരുന്നു വായിക്കുന്നത്‌ ആരെയാണ്‌ എന്നു പറയുന്നതാവും കൂടുതൽ നല്ലത്‌. സി. രാധാകൃഷ്ണന്റെ നോവലുകളോട്‌ ഒരു പ്രത്യേക താൽപര്യം കൂടുതലുണ്ട്‌. ബെന്യാമിന്റെ നോവലുകൾ തുടങ്ങിയാൽ താഴെവയ്ക്കാതെ വായിക്കുന്നവയാണ്‌. ടി.ഡി. രാമകൃഷ്ണന്റെ നോവലുകളും അങ്ങനെ തന്നെ. കെ.ആർ. മീരയുടെ ആദ്യകാല നോവലുകളാണ്‌ കൂടുതൽ വായിച്ചിട്ടുള്ളത്‌. മീരയുടെ ശൈലി ഇഷ്ടമാണ്‌.

 

∙പുതുതലമുറയിലെ മലയാള കഥ ശ്രദ്ധിക്കാറുണ്ടോ? എന്താണു വിലയിരുത്തൽ?

 

Magzter ആണ്‌ ആശ്രയം. അതിൽ വരുന്നതും ഓൺലൈൻ പ്ലാറ്റ്ഫോമിൽ വരുന്നതുമായ സകല കഥകളും വായിക്കാറുണ്ട്‌. അമേരിക്കയിൽ ഇരുന്നു വായിക്കുന്നതുകൊണ്ടാവും ഇന്റർനാഷനൽ അപ്പീലുള്ള കഥകളോട്‌ കൂടുതൽ ഇഷ്ടം തോന്നാറുണ്ട്‌. ലോകം നമ്മുടെ വിരൽത്തുമ്പിൽ വിരിയുന്ന കാലമാണല്ലോ. ഇപ്പോഴത്തെ കുട്ടികളുടെ കഥകളിലും ആ മാറ്റം കാണാനുണ്ട്‌. ഈ തലമുറ എന്തിനെക്കുറിച്ചും എഴുതാൻ ധൈര്യം കാണിക്കുന്ന തലമുറയാണെന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌. വളരെ പ്രാക്റ്റിക്കലായി എഴുതുന്ന തലമുറ. കാൽപനികതയുടെ അമിത ഭാരമില്ലാത്ത, റീഡബിലിറ്റിയുള്ള, ചിന്തിപ്പിക്കുന്ന കഥകൾ എഴുതുന്നവരാണ്‌ കൂടുതൽ പേരും. വലിയ സന്തോഷവും വാത്സല്യവും തോന്നാറുണ്ട്‌ അവരുടെ കഥകൾ വായിക്കുമ്പോൾ. എഴുതിത്തുടങ്ങിയ, ഇപ്പോൾ എഴുതിക്കൊണ്ടിരിക്കുന്ന കുട്ടികളെക്കുറിച്ച്‌ ഒരു പ്രാർത്ഥനയേ ഉള്ളൂ, അവർക്ക്‌ തടസ്സങ്ങളില്ലാതെ എഴുതാൻ സാധിക്കണേയെന്ന്. ഇവിടെയൊക്കെ എഴുത്തുകാർക്ക്‌ ജോലിയിൽനിന്ന് അവധിയെടുത്ത്‌ എഴുതാൻ ഗ്രാന്റും ഫെല്ലൊഷിപ്പും കൊടുക്കുന്ന രീതിയുണ്ട്‌. ജീവിതച്ചെലവുകൾക്കുള്ള പണംകിട്ടിക്കൊണ്ട്‌, സ്വസ്ഥമായിരുന്ന് എഴുതാൻ സാധിക്കുക എന്നുള്ളത്‌ ഒരു വലിയ കാര്യമാണ്‌. എഴുത്തും ജീവിതവും മുന്നിൽ വന്നു നിൽക്കുമ്പോൾ ജീവിതം തിരഞ്ഞെടുക്കാനാണ്‌ പലരും തീരുമാനിക്കുക. ഷബിതയുടെ ‘മന്ദാക്രാന്ത മഭനതതഗം’ വായിച്ചപ്പോൾ അസൂയ തോന്നിയത്‌ അതിലെ ക്രാഫ്റ്റ്‌ കണ്ടിട്ടാണ്‌. ജിസ ജോസിന്റെ കഥകളിലെ ഡീറ്റെയിലിങ് കാണുമ്പോഴെല്ലാം ആലിസ്‌ മൺറോ (Alice Munro) യുടെ കഥകളാണ്‌ ഓർമ വരുന്നത്‌. സായ്റയുടെ ‘തൈമൂർ’ കോഴിപ്പോരിന്റെ പശ്ചാത്തലത്തിൽ ഇന്നേവരെ മലയാളത്തിൽ ആരും പറയാത്ത ഭൂമികയാണ്‌ വായനക്കാരുടെ മുന്നിൽ വരച്ചുകാട്ടിയിരിക്കുന്നത്‌. പുണ്യ സി.ആറിന്റെ ‘അടക്കം’ എന്ന ചെറുകഥ തുടങ്ങുന്നതിങ്ങനെയാണ്‌. ‘ശവം സംസ്കരിക്കുക എന്നത് ഒരു കലയാണ്. ഒരു കവി, കവിതയിലെ അവസാനത്തെ വരിയെഴുതി ചിലയേറെ കുത്തുകളിട്ട് അതവസാനിപ്പിക്കാതിരിക്കാൻ കാണിക്കുന്ന ജാഗ്രതയോടെ, ഒരു ഗായകൻ, മറന്നുപോയ പാട്ടിന്റെ വരികൾ അതു മറന്നുവച്ചിടത്തുനിന്നു തന്നെ ഓർത്തെടുക്കുന്ന സൂക്ഷ്മതയോടെ ചെയ്തുപോരേണ്ട ഒന്ന്’. ശവം സംസ്കരിക്കുക എന്ന അത്ര നല്ലതല്ലാത്ത ജോലിയെ എത്ര മനോഹരമായ ഹുക്കോടുകൂടിയാണ്‌ തുടങ്ങിയിരിക്കുന്നത്‌. ഈയൊരൊറ്റക്കഥ വായിക്കുമ്പോൾ തന്നെ ഭാവിയുള്ള എഴുത്തുകാരി എന്ന് അറിയാതെ മനസ്സിൽ തോന്നിപ്പോകും. ഷബിത, ജിസ ജോസ്‌, പുണ്യ സി.ആർ., പ്രിയ സുനിൽ, ബീന, ഫർസാന അലി, സായ്റ, വീണ, അഖില കെ.എസ്‌., പ്രവീണ ഇവരുടെയൊക്കെ കഥകൾ കാത്തിരുന്ന് വായിക്കുന്നത്‌ വേറൊന്നും കൊണ്ടല്ല, സ്ത്രീകളുടെ കാര്യങ്ങൾ പുരുഷന്മാർ എഴുതുന്നത്‌ പലപ്പോഴും കൃത്യമാകാറില്ല എന്നു തോന്നാറുണ്ട്‌. നേരെ തിരിച്ചും സംഭവിക്കാം. ഞങ്ങളുടെ കാര്യം എഴുതാൻ ഞങ്ങൾക്കറിയാം. അതു പുരുഷ കാഴ്ചപ്പാടിലൂടെയുള്ള സ്ത്രീകഥാപാത്രങ്ങൾ ആകേണ്ട എന്നൊരു ധിക്കാരം കൂടിയാണത്‌. സാഹിത്യത്തിൽ സ്ത്രീയുടെ ചിന്തകളെക്കുറിച്ച്‌ അവർ തന്നെ പറയുന്നതു കേൾക്കാനാണ്‌ എനിക്ക്‌ കൂടുതൽ ഇഷ്ടം. അതിൽ സത്യത്തിന്റെ ആളലുണ്ട്‌. ആണധികാരത്തെ ചെറുത്തുനിൽക്കാൻ കെൽപുള്ള സ്ത്രീകഥാപാത്രങ്ങളെ സൃഷ്ടിക്കണമെങ്കിൽ സ്ത്രീകൾ പേനയെടുത്തേ മതിയാകൂ. പ്രശസ്ത എഴുത്തുകാരി ടോണി മോറിസൺ പറഞ്ഞിട്ടുണ്ട്‌: “If there's a book that you want to read, but it hasn't been written yet, then you must write it.” ഞാനീ വാചകങ്ങൾ ചെറുതായി ഒന്നു തിരുത്തുന്നു. നമ്മളാഗ്രഹിക്കുന്നതുപോലെയുള്ള സ്ത്രീ കഥാപാത്രങ്ങൾ ആരും എഴുതിയിട്ടില്ലെങ്കിൽ അത്‌ എഴുതേണ്ടത്‌ നമ്മളാണ്‌. നമ്മൾ സ്ത്രീകൾക്ക്‌ മാത്രമേ അതിനു കഴിയൂ.

 

Content Summary: Puthuvakku, Talk with writer Priya Joseph