ഈയടുത്തു പ്രസിദ്ധീകരിക്കപ്പെട്ടവയിൽ ഏറെ വായിക്കപ്പെട്ട ഒരു കഥയാണ് മൃദുൽ വി.എം. എഴുതിയ ‘കുളെ’. കാസർകോട് ജില്ലക്കാരനായ മൃദുൽ ഉത്തരകേരളത്തിലെ ഒരാചാരം കേന്ദ്രബിന്ദുവാക്കിയെടുത്തു കേരള സമൂഹത്തെ നമുക്കു മുന്നിൽ തുറന്നുകാണിക്കുകയാണിവിടെ. രണ്ട് അമ്മമാരുണ്ട് ഈ കഥയിൽ. സത്യഭാമയും സരോജിനിയും. അവരുടെ ചിത്രീകരണം

ഈയടുത്തു പ്രസിദ്ധീകരിക്കപ്പെട്ടവയിൽ ഏറെ വായിക്കപ്പെട്ട ഒരു കഥയാണ് മൃദുൽ വി.എം. എഴുതിയ ‘കുളെ’. കാസർകോട് ജില്ലക്കാരനായ മൃദുൽ ഉത്തരകേരളത്തിലെ ഒരാചാരം കേന്ദ്രബിന്ദുവാക്കിയെടുത്തു കേരള സമൂഹത്തെ നമുക്കു മുന്നിൽ തുറന്നുകാണിക്കുകയാണിവിടെ. രണ്ട് അമ്മമാരുണ്ട് ഈ കഥയിൽ. സത്യഭാമയും സരോജിനിയും. അവരുടെ ചിത്രീകരണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈയടുത്തു പ്രസിദ്ധീകരിക്കപ്പെട്ടവയിൽ ഏറെ വായിക്കപ്പെട്ട ഒരു കഥയാണ് മൃദുൽ വി.എം. എഴുതിയ ‘കുളെ’. കാസർകോട് ജില്ലക്കാരനായ മൃദുൽ ഉത്തരകേരളത്തിലെ ഒരാചാരം കേന്ദ്രബിന്ദുവാക്കിയെടുത്തു കേരള സമൂഹത്തെ നമുക്കു മുന്നിൽ തുറന്നുകാണിക്കുകയാണിവിടെ. രണ്ട് അമ്മമാരുണ്ട് ഈ കഥയിൽ. സത്യഭാമയും സരോജിനിയും. അവരുടെ ചിത്രീകരണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈയടുത്തു പ്രസിദ്ധീകരിക്കപ്പെട്ടവയിൽ ഏറെ വായിക്കപ്പെട്ട ഒരു കഥയാണ് മൃദുൽ വി.എം. എഴുതിയ ‘കുളെ’. കാസർകോട് ജില്ലക്കാരനായ മൃദുൽ ഉത്തരകേരളത്തിലെ ഒരാചാരം കേന്ദ്രബിന്ദുവാക്കിയെടുത്തു കേരള സമൂഹത്തെ നമുക്കു മുന്നിൽ തുറന്നുകാണിക്കുകയാണിവിടെ. രണ്ട് അമ്മമാരുണ്ട് ഈ കഥയിൽ. സത്യഭാമയും സരോജിനിയും. അവരുടെ ചിത്രീകരണം മൃദുൽ എന്ന യുവകഥാകൃത്തിന്റെ രചനാവൈഭവം വായനക്കാർക്കു മുന്നിൽ വെളിപ്പെടുത്തുന്നു. ആൺമേൽക്കോയ്മയുള്ള ഏതു കുടുംബത്തിലുമെന്ന പോലെ നിശ്ശബ്ദരായി ജീവിച്ചുപോകുന്ന അമ്മമാരുടെ പ്രതിനിധികളാണവർ. എന്നാൽ ജീവിതത്തിന്റെ ഒരു പ്രത്യേകഘട്ടത്തിൽ, നിശ്ശബ്ദരായ അവർക്കു പെട്ടെന്നു ശബ്ദമുണ്ടാകുകയാണ്. അതു തിരുത്തലിന്റെയും സ്വയം നിർണയവകാശത്തിന്റെയും ശബ്ദമാണ്. തികച്ചും ഗ്രാമീണമായ പശ്ചാത്തലത്തിൽ, തികച്ചും പ്രാദേശികമായ ഒരാചാരത്തിന്റെ പരിസരത്തിൽ മൃദുൽ നെയ്തെടുക്കുന്ന കഥ ആ ഒരൊറ്റ നിമിഷം കൊണ്ടു സാർവലൗകിക സ്വഭാവം ആർജിക്കുകയാണ്. വായനക്കാരെ നല്ലൊരു കഥ വായിച്ച സന്തോഷാധിക്യത്തിലേക്കു നയിക്കുകയാണ്.

വളരെക്കുറച്ച് എഴുതുന്നയാളാണു മൃദുൽ. എന്നാൽ, ക്യാപ്ചെറിങ് വെള്ളംതെളിപ്പൻ, നീലനഖം, മരിച്ച വീട്ടിലെ മൂന്നുപേർ, എഡി, കുളെ തുടങ്ങിയ കഥകളിലൂടെയും അർബൻ നാടോടിക്കവിതകൾ എന്ന കവിതാ പരമ്പരയിലൂടെയും ഞാൻ ഇവിടെയുണ്ട് എന്ന് ഉറച്ചശബ്ദത്തിൽ മൃദുൽ വിളിച്ചുപറയുന്നുമുണ്ട്. കുളെയ്ക്ക് ലഭിച്ച സ്വീകാര്യതയിലൂടെ വലിയൊരു വായനാസമൂഹത്തിലേക്കാണു മൃദുൽ തന്റെ ജീവിതത്താൾ മറിക്കുന്നത്. കഥയ്ക്കും കവിതയ്ക്കുമൊപ്പം സിനിമയും മൃദുലിന് പാഷനാണ്. തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘കാണി’ എന്ന ഷോർട് ഫിലിം ഒട്ടേറെ പുരസ്കാരങ്ങളാണു നേടിയത്. ഈ വർഷം മൃദുലിന്റേതായി ചില സിനിമകളും സംഭവിക്കാനിരിക്കുന്നു. കഥകളിൽ താനെഴുതുന്നതു കൃത്യമായ രാഷ്ട്രീയമാണെന്ന ബോധ്യം മൃദുലിനുണ്ട്. അതാരെയും എന്തെങ്കിലും പഠിപ്പിക്കാനാണെന്ന അമിതവിശ്വാസമൊന്നും അയാൾക്കില്ല. വായനക്കാരുടെ മനസ്സിലെവിടെയെങ്കിലും തന്റെ കഥ ഒന്നു സ്പർശിച്ചാൽ കഥാകൃത്ത് കൃതാർഥനായി. അങ്ങനെ നോക്കുമ്പോൾ ഒരുപാടു പേരെ ചിന്തിപ്പിച്ച, പ്രചോദിപ്പിച്ച, ആഹ്ലാദിപ്പിച്ച കഥ തന്നെയാണു കുളെ. മൃദുൽ കഥകളെക്കുറിച്ചും കവിതകളെക്കുറിച്ചും സിനിമയെക്കുറിച്ചും സംസാരിക്കുന്നു

ADVERTISEMENT

 

∙‘കുളെ’ ഇത്രയധികം വായിക്കപ്പെടുമെന്നു പ്രതീക്ഷിച്ചിരുന്നോ? വായനക്കാരുടെ പ്രതികരണങ്ങളിൽ മൃദുൽ സന്തോഷവാനാണോ?‌

 

കഥ ഇത്രയധികം ശ്രദ്ധിക്കപ്പെടുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. ഇങ്ങനെ വായിക്കപ്പെടുമെന്നോ അതു പലരീതിയിൽ ചർച്ച ചെയ്യപ്പെടുമെന്നോ ഞാൻ കരുതിയില്ല. കഥ അച്ചടിച്ചു വന്നാൽ സന്തോഷം. അത്രമാത്രമായിരുന്നു എന്റെ മനസ്സിൽ.

ADVERTISEMENT

 

∙കാസർകോടിന്റെ തനതു സംസ്കാരവും ഭാഷാവൈവിധ്യവും മറ്റും നമ്മുടെ സാഹിത്യത്തിലോ സിനിമയിലോ അത്ര പ്രാധാന്യത്തോടെ പ്രതിനിധീകരിക്കപ്പെട്ടിട്ടില്ല. ഒരുകൂട്ടം എഴുത്തുകാരുടെ സജീവ സാന്നിധ്യം സാഹിത്യത്തിൽ കാസർകോടിന് വലിയ മേൽവിലാസം നൽകിയിട്ടുണ്ടെങ്കിലും അർഹിക്കുന്ന സ്ഥാനം ലഭിച്ചിട്ടുണ്ടോയെന്നു സംശയമുണ്ട്. അവരുടെ ഗണത്തിലേക്കാണു ഏറ്റവും പുതിയ തലമുറയിൽനിന്നു മൃദുലിനെപ്പോലുള്ളവർ വരുന്നത്. കാസർകോടിന് കേരളത്തോട് എന്താണു പറയാനുള്ളത്?

മൃദുൽ വി.എം.

 

വടക്കൻ കേരളത്തിൽ വളരെ സജീവമായിട്ടുള്ള എഴുത്തു നടക്കുന്നുണ്ട്. ഒട്ടേറെ മികച്ച എഴുത്തുകാരുമുണ്ട്. പത്താം ക്ലാസിൽ പഠിക്കുമ്പോൾ അംബികാസുതൻ മാഷിന്റെ ‘മരക്കാപ്പിലെ തെയ്യങ്ങൾ’ വായിച്ചതൊക്കെ ഇപ്പോഴും ഓർമയിലുണ്ട്. പിന്നീട് സന്തോഷ് ഏച്ചിക്കാനത്തെയും പി.വി. ഷാജികുമാറിനെയുമൊക്കെ വായിച്ചാണു ഞാൻ വളരുന്നത്. ഷാജിയേട്ടൻ എന്റെ അയൽവാസി കൂടിയാണ്. ചെറുപ്പം മുതലേ ഷാജിയേട്ടനെ അറിയാം. വടക്കിന്റെ എഴുത്ത് എന്നും സജീവമായിരുന്നു. കഥാകൃത്തുക്കൾ മാത്രമല്ല, സിനിമ ചെയ്യുന്ന ആളുകളുണ്ട്, കവിത എഴുതുന്നവരുണ്ട്, എഴുത്തിലും മറ്റു സാംസ്കാരികമേഖലകളിലും ശ്രദ്ധ നേടിയവരുണ്ട്. കാസർകോട് പൊളിയാണ്. എന്നാൽ കാസർകോടിനോടുള്ള ഒരു പ്രത്യേക മനോനില എഴുത്തിൽ മാത്രമല്ല, മറ്റു പല മേഖലകളിലും ഇന്നും കാര്യമായ മാറ്റമില്ലാതെ തുടരുന്നു.

ADVERTISEMENT

 

∙വളരെ ദീർഘമായ ഇടവേളകളെടുത്ത് എഴുതുന്നയാളാണ് മൃദുൽ? കഥാരചനയിലേക്കു പ്രവേശിക്കുന്നതെങ്ങനെയാണ്? എന്തൊക്കെ ആയിരുന്നു പ്രചോദനങ്ങൾ?

 

ചെറുപ്പത്തിൽത്തന്നെ എഴുതാനും വായിക്കാനുമുള്ള താൽപര്യം ഉണ്ടായിരുന്നതായിട്ടാണ് തോന്നുന്നത്. ആറാം ക്ലാസ് മുതൽക്കേ ലൈബ്രറി പുസ്തകങ്ങളൊക്കെ വായിക്കുന്നുണ്ട്. നാട്ടിൽ ‘ഡ്യൂസ്’ എന്ന പേരിലൊരു വായനശാലയുണ്ട്. വീട്ടിൽനിന്ന് മുക്കാൽ മണിക്കൂറോളം നടന്നുപോകണം അവിടേക്ക്. വായനശാലയിലേക്കു നടന്നു പോയി പുസ്തകമെടുത്തു തിരിച്ചുവരുന്നതൊക്കെ നല്ല രസമായിരുന്നു. ശനിയും ഞായറുമൊക്കെ പോയി പുസ്തകമെടുത്താൽ ആ ആഴ്ച അതെന്റെ കയ്യിലുണ്ടാകും. അടുത്ത ഞായർ അതു മടക്കിക്കൊടുത്തു പുതിയ പുസ്തകമെടുക്കും. അങ്ങനെയായിരുന്നു പതിവ്. മാധവിക്കുട്ടിയെയും ബഷീറിനെയും ഒ.വി.വിജയനെയുമൊക്കെ വായിച്ചതായിട്ടുള്ള ഓർമയെനിക്കുണ്ട്. വിജയന്റെ ഗുരുസാഗരം വായിച്ച് അന്ന് എനിക്കെന്താ മനസ്സിലായതെന്ന കാര്യം അറിയില്ല കേട്ടോ. പക്ഷേ, ഞാൻ വായിക്കുന്നുണ്ടായിരുന്നു. അന്ന് മലയാള ഉപപാഠപുസ്തകത്തോടൊക്കെ പ്രത്യേക ഇഷ്ടമുണ്ടായിരുന്നു. അതു നിറയെ കഥകൾ ആയിരുന്നല്ലോ. 

 

നേരത്തേ പറഞ്ഞ പോലെ, പത്തിലോ പ്ലസ് വണ്ണിലോ മറ്റോ പഠിക്കുമ്പോഴാണു ‘മരക്കാപ്പിലെ തെയ്യങ്ങൾ’ ഞാൻ വായിക്കുന്നത്. കാസർകോട്ടു നിന്നുള്ള ഒരു എഴുത്തുകാരൻ ഇത്ര ഗംഭീരമായ ഒരു നോവലെഴുതിയിട്ടുണ്ട് എന്നത് എനിക്ക് വലിയ അദ്ഭുതമായിരുന്നു. മാഷിനെ കാണണമെന്നും പരിചയപ്പെടണമെന്നുമുള്ള ആഗ്രഹമാണ് എന്നെ കാഞ്ഞങ്ങാട് നെഹ്റു കോളജിലെത്തിച്ചത്. അവിടെ വച്ച് യൂണിയൻ കലോൽസവത്തിൽ ഒരു കഥയെഴുതി. ആ കഥ മാഷ് കണ്ടെത്തി, അത് വാരികയ്ക്ക് അയയ്ക്കാൻ പറഞ്ഞു. അതു പ്രസിദ്ധീകരിച്ചു വന്നു. ആ സമയത്ത് തുടർച്ചയായി 3 കഥകളും ഒരു കവിതയും മാതൃഭൂമി കോളജ് മാഗസിനിൽ അച്ചടിച്ചു വന്നു. അങ്ങനെയാണു പതിയെപ്പതിയെ കഥയെഴുതണമെന്ന ഒരു തോന്നലുണ്ടായത്. അംബികാസുതൻ മാഷ് ആ സമയത്ത് എന്നെ ഒരുപാട് പ്രോൽസാഹിപ്പിച്ചിട്ടുണ്ട്. മാഷിന്റെ ശിഷ്യൻമാർ തന്നെയായിരുന്നു സന്തോഷ് ഏച്ചിക്കാനവും പി.വി. ഷാജികുമാറുമൊക്കെ. അവരോടൊക്കെ വലിയ സ്നേഹമുണ്ട്. നല്ല സൗഹൃദം പുലർത്തുന്നുണ്ട്. നെഹ്റു കോളജിൽ സാഹിത്യവേദി എന്നു പറഞ്ഞൊരു കൂട്ടായ്മയുണ്ട്. അതിന്റെ പ്രവർത്തനങ്ങളിൽ ഞങ്ങളൊക്കെയുണ്ട്. എഴുത്തിലേക്കുള്ള ഒരു പ്രവേശനസാഹചര്യം ഇങ്ങനെയൊക്കെ ആയിരുന്നു. 

 

2015നു ശേഷം ഞാൻ കഥകളെഴുതിയതു വളരെ കുറവാണ്. എംഎ രണ്ടാം വർഷം പഠിക്കുമ്പോഴാണ് ഞാൻ ‘ക്യാപ്ചെറിങ് വെള്ളംതെളിപ്പൻ’ എന്ന കഥ എഴുതുന്നത്. അതിനു വി.പി. മനോഹരൻ സ്മാരക കഥാപുരസ്കാരം കിട്ടി. സംസ്ഥാനതല മൽസരമായിരുന്നു അത്. അതിനു ശേഷം യു.പി. ജയരാജ് കഥാപുരസ്കാരം, സംസ്കൃതി കഥാപുരസ്കാരം തുടങ്ങിയ അവാർഡുകളും അതിനു ലഭിച്ചു. അങ്ങനെ ചെറിയ തോതിൽ അംഗീകരിക്കപ്പെട്ട കഥയായിരുന്നു അത്. അതിനുശേഷം വലിയ രീതിയിൽ ഞാനൊന്നും എഴുതിയിരുന്നില്ല. പിന്നെ എഴുതുന്നത് 2019 ലാണ്. ‘നീലനഖം’ എന്ന കഥ. 2020 ലെ കേസരി പുരസ്കാരം ആ കഥയ്ക്ക് ലഭിച്ചു. എഴുത്തിൽ വലിയ ഇടവേളകൾ വരുന്നുണ്ടായിരുന്നു. 

 

രണ്ടു മൂന്നു വർഷം ഞാൻ പല സ്കൂളുകളിലും താൽക്കാലിക അധ്യാപകനായി ജോലി ചെയ്തിരുന്നു. കുടുംബത്തിലെ സാമ്പത്തിക സ്ഥിതി അന്നും ഇന്നും ഒട്ടും ഭദ്രമായ ഒരവസ്ഥയിലായിരുന്നില്ല. അപ്പോ പല പ്രശ്നങ്ങളുണ്ടാകുമല്ലോ. അങ്ങനെ ഒരു നീണ്ട ഇടവേളയ്ക്കു ശേഷം വന്ന കഥയാണു നീലനഖം. അത് എനിക്ക് ഇഷ്ടപ്പെട്ട ഒരു കഥയുമാണ്. പെട്ടെന്നായിരിക്കും എനിക്ക് എന്തിനെപ്പറ്റിയെങ്കിലും എഴുതാൻ തോന്നുക. അതു പെട്ടെന്നു തന്നെ പുറത്തുവരികയും ചെയ്യും. ‘മരിച്ച വീട്ടിലെ മൂന്നു പേർ’ എന്ന കഥ ഒറ്റയെഴുത്തായിരുന്നു. പിന്നെ മാറ്റേണ്ടിയൊന്നും വന്നിട്ടില്ല. ഒറ്റയെഴുത്തിൽത്തന്നെ അതു തീർന്നു. ശരിക്കും ഇടവേള വരുന്നതിനു കാരണം, കഥ എന്തെങ്കിലും മനസ്സിൽ വരുമ്പോൾ എഴുതണമെന്നു തോന്നുന്ന സമയത്തു മാത്രമല്ലേ നമുക്ക് എഴുതാൻ പറ്റൂ. ആ സമയത്തു പെട്ടെന്നു തന്നെ കഥ പുറത്തുവരികയും ചെയ്യും. ഭയങ്കര ഗവേഷണമോ പഠനമോ ഒക്കെ നടത്തി വലിയ സമയമെടുത്ത് എഴുതുന്ന ആളുമല്ല ഞാൻ. എഴുതിക്കഴിഞ്ഞ് മിനുക്കുക, ഭംഗിയാക്കുക തുടങ്ങിയ പരിപാടികളും കുറവാണ്.

 

∙എഴുത്തെന്ന പോലെ മൃദുലിന്റെ മറ്റൊരു പ്രധാന ഇഷ്ടമേഖലയാണു സിനിമ. സിനിമയിലെ ഇടപെടലുകളെക്കുറിച്ചും ഭാവി പദ്ധതികളെക്കുറിച്ചും പറയാമോ?

 

2013 മുതൽ തുടർച്ചയായി രാജ്യാന്തര ചലച്ചിത്രോൽസവത്തിൽ (ഐഎഫ്എഫ്കെ) പങ്കെടുക്കാറുണ്ട്. ഒരു വർഷം പോലും മുടക്കിയിട്ടില്ല. സിനിമയോടു ചെറുപ്പം മുതലേ നല്ല താൽപര്യമുണ്ട്. ആദ്യം ടിവിയിലും തിയറ്ററിലും വരുന്ന ജനപ്രിയ സിനിമകൾ മാത്രമാണു കാണാറുണ്ടായിരുന്നത്. ചലച്ചിത്രമേളകൾക്കു പോയിത്തുടങ്ങി പല രാജ്യങ്ങളിൽനിന്നുള്ള പല തരത്തിലുള്ള മനുഷ്യരെ പ്രതിനിധീകരിക്കുന്ന സിനിമകൾ കാണാൻ തുടങ്ങിയതു വലിയ രീതിയിൽ പ്രചോദിപ്പിക്കാൻ തുടങ്ങി. ആത്യന്തികമായി ലോകത്ത് എല്ലാ മനുഷ്യരുടെയും പ്രശ്നങ്ങളും ദുഃഖങ്ങളുമൊക്കെ ഒന്നാണെന്ന് മനസ്സിലാക്കാൻ തുടങ്ങുന്ന ഒരു സമയമുണ്ടല്ലോ, അത് ഇത്തരം സിനിമകൾ കണ്ടതിനു ശേഷമാണ് എനിക്കു കിട്ടിയത്. അത്തരം സിനിമകൾ എല്ലാവരെയും പോലെ എന്നെയും സ്വാധീനിച്ചിട്ടുണ്ട്. 

 

യൂണിവേഴ്സിറ്റി കലോൽസവങ്ങളിൽ തുടർച്ചയായി തിരക്കഥാരചനയ്ക്ക് ഒന്നാം സമ്മാനം കിട്ടിയിട്ടുണ്ട്. ചെറിയ ഷോർട്ട് ഫിലിമുകൾക്കൊക്കെ തിരക്കഥ എഴുതിയിരുന്നു. അവ അങ്ങനെ ശ്രദ്ധിക്കപ്പെട്ടതൊന്നുമായിരുന്നില്ല. അവിടെനിന്നു പിന്നീടു വലിയ സിനിമകളിലേക്കുമുള്ള ചില ജോലികളൊക്കെ കിട്ടാൻ തുടങ്ങി. 2018ൽ ‘കാണി’ എന്നൊരു ഷോർട് ഫിലിം തിരക്കഥയെഴുതി സംവിധാനം ചെയ്തു. അതിന് കുറച്ചു പുരസ്കാരങ്ങൾ ലഭിച്ചു. കേരളത്തിലെ ആദ്യത്തെ ഇന്റർനാഷനൽ ഫോക്‌ലോർ ഫിലിം ഫെസ്റ്റിവലിൽ മികച്ച സിനിമയായി തിരഞ്ഞെടുക്കപ്പെട്ടതും ‘കാണി’യായിരുന്നു. ഇതൊക്കെ എന്റെ സിനിമയോടുള്ള ഇഷ്ടം വർധിപ്പിച്ചു. ഇപ്പോൾ വേറെ ജോലിയൊന്നും ചെയ്യുന്നില്ല. രണ്ടു മൂന്നു ഫീച്ചർ ഫിലിമുകൾക്കായി എഴുതിക്കൊണ്ടിരിക്കുകയാണ്. മൂന്ന് ജോണറിലുള്ള സിനിമകളാണ്. അത് വൈകാതെ സംഭവിക്കുമെന്നാണു കരുതുന്നത്.

 

∙‘കുളെ’യിലെ അമ്മമാരുടെ ചിത്രീകരണം ഏറെ സൂക്ഷ്മതയോടെയാണു മൃദുൽ നടത്തിയിരിക്കുന്നത്. ശരിക്കും സമൂഹത്തിലെ എല്ലാ ദുരാചാരങ്ങളോടും പൊരുതി നിൽക്കുന്നത് ആ അമ്മമാരാണ്. മാനവികതയുടെ വലിയൊരു തലത്തിലേക്ക് കഥയെ അവരുടെ ബന്ധം ഉയർത്തുന്നുണ്ട്. അതേപ്പറ്റി പറയാമോ?

 

‘കുളെ’യിലെ അമ്മമാരുടെ കഥാപാത്രങ്ങൾ യാദൃച്ഛികമായി ബലപ്പെട്ടു വന്നവയായാണ് തോന്നിയിട്ടുള്ളത്. എഴുത്തിന്റെ ഇടവേളകളിൽ ക്രമമായി രൂപപ്പെട്ടു വന്ന കഥാപാത്രങ്ങളാണ് സത്യഭാമയും സരോജിനിയും. കഥ എങ്ങനെയാണ് അവസാനിപ്പിക്കേണ്ടത് എന്നു നേരത്തേ ആലോചനയുണ്ടാകുമെങ്കിലും ഇടവേളകളിലെ സംഭവങ്ങളിൽ അപ്പപ്പോഴുള്ള മാറ്റങ്ങൾ സംഭവിക്കാറുണ്ട്. അങ്ങനെ രൂപപ്പെട്ടവരാണ് അവർ. രണ്ടു പേരും രണ്ടു തലത്തിൽ വലിയ വൈകാരികമായ പ്രതിസന്ധികൾ ഉള്ളിൽ കൊണ്ടുനടക്കുന്ന കഥാപാത്രങ്ങളാണ്. സത്യഭാമയുടെ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങളൊക്കെ യാദൃച്ഛികമായിട്ട് സംഭവിച്ചതാണ്. സത്യഭാമ ഒട്ടും വോയ്സ് ഇല്ലാത്ത ഒരാളാണ്. നമ്മുടെ പുരുഷാധിപത്യ സമൂഹത്തിൽ, കുടുംബത്തിൽ അമ്മമാരൊക്കെ ഒച്ചയില്ലാത്ത ആളുകളാണല്ലോ. കൂടുതലും സ്ത്രീകൾ അങ്ങനെയാണല്ലോ. പഴയകാലത്ത് പ്രത്യേകിച്ചും. ഇപ്പോൾ ചെറിയ മാറ്റങ്ങളുണ്ടാകുന്നുണ്ട്. സാമ്പ്രദായിക കുടുംബങ്ങളിൽ അമ്മമാരിൽ വലിയ മാറ്റങ്ങളൊന്നുമങ്ങനെ ഉണ്ടാകാറില്ലല്ലോ. ഇവിടെ സത്യഭാമയിൽ പെട്ടെന്നൊരു മാറ്റമുണ്ടാകുകയാണ്. അതു പലരീതിയിൽ നമുക്കു കാണാൻ പറ്റും. അങ്ങനെ കനം കുറഞ്ഞ ഒരു ശബ്ദത്തെ കനപ്പെടുത്തുക എന്നൊരു കാര്യം മാത്രമേ അവിടെ ഞാൻ ചെയ്തിട്ടുള്ളൂ. അവരുടെ തിരിച്ചുപോക്കും മറ്റു കാര്യങ്ങളുമൊക്കെ ഒരുപക്ഷേ, വളരെ ദയനീയമായിരിക്കാം. അതേപ്പറ്റിയൊന്നും ഞാൻ കൂടുതൽ പറഞ്ഞിട്ടില്ല. അതു വായനക്കാർക്കു വിടുകയാണ്. കഥ ആത്യന്തികമായി മറ്റൊരു രാഷ്ട്രീയം കൂടി ഉയർത്തിക്കൊണ്ട് വരുന്നുണ്ട്.

 

∙മൃദുലിന്റെ ‘അർബൻ നാടോടി കവിതകൾ’ എന്ന സീരീസിലെ ആറാമത്തെ കവിത ‘ബാത് ടബിലെ മീൻ’ പ്രസിദ്ധീകരിച്ചല്ലോ. ഈ സീരീസ് തുടങ്ങാനുള്ള പ്രചോദനം എന്തായിരുന്നു? മൃദുലിന്റെ ഉള്ളിൽ മൂടപ്പെട്ടുപോയ ഒരു ഗ്രാമജീവിതം ഉണ്ടായിരുന്നോ? നഗരവൽക്കരണം മറച്ചുകളഞ്ഞ ആ ഗ്രാമീണത വീണ്ടെടുക്കാനുള്ള ശ്രമമായിരുന്നോ സീരീസ്?

 

എഴുത്ത് എനിക്ക് പെട്ടെന്നാണു സംഭവിക്കുക. കവിതയൊക്കെ തോന്നിയാൽ അതുടൻ ഫെയ്സ്ബുക്കിൽ എഴുതിയിടുകയായിരുന്നു പതിവ്. ആനുകാലികങ്ങളിലേക്ക് അങ്ങനെ അയയ്ക്കാറില്ല. അങ്ങനെ വളരെ പെട്ടെന്നു തോന്നിയ ഒരു കവിതയായിരുന്നു ‘പപ്സ് എന്നൊരു മരം, അതിനുണ്ടൊരു വിത്ത്’ എന്നത്. പപ്സ് ഒരു പഴം ആയും അതിനകത്തെ മുട്ട ഒരു വിത്ത് ആയും കാണുകയാണ്. ആ സങ്കൽപത്തിൽ ഒരു കവിതയെഴുതി എഫ്ബിയിലിട്ടു. അത് വായനക്കാർക്ക് ഇഷ്ടപ്പെട്ടു. പണ്ടൊക്കെ നമ്മൾ പൈസയൊക്കെ കുഴിച്ചിട്ട് തിരിച്ചെടുക്കുന്ന ഒരു പരിപാടിയുണ്ടല്ലോ. അതു മുളച്ചു പൈസ മരമായി വരും എന്നൊക്കെയുള്ള സങ്കൽപം. അങ്ങനെയുള്ള സംഭവങ്ങളെ അർബൻ രീതിയിലേക്കു കൊണ്ടുവന്നാൽ എങ്ങനെയിരിക്കും എന്നാലോചിച്ചു നോക്കി. ഇപ്പോൾ നമ്മുടെ ഗ്രാമങ്ങളൊക്കെ നഗരവത്കരണത്തിന്റെ ഭാഗമായി ചെറിയ ചെറിയ പട്ടണങ്ങളായി മാറിക്കൊണ്ടിരിക്കുകയാണല്ലോ. ഭാവിയിൽ ഈ നഗരവത്കരണം പൂർത്തിയായി ഗ്രാമങ്ങളൊക്കെ ഇല്ലാതായി എല്ലായിടത്തും പട്ടണങ്ങൾ മാത്രമായി മാറിക്കഴിഞ്ഞാൽ ഈ മിത്തുകളും നാടോടിക്കഥകളും എങ്ങനെയായിരിക്കും നിലനിൽക്കുക എന്ന ചിന്തയിൽ നിന്നാണ് ഈ കവിത വരുന്നത്. രണ്ടാമത്തെ കവിതയും എഴുതി എഫ്ബിയിൽ ഇട്ടു കഴിഞ്ഞപ്പോൾ ലിറ്റാർട്ടിലെ ജിഷ്ണുവാണ് ഇതു സീരീസായി ചെയ്തു കൂടേയെന്നു ചോദിക്കുന്നത്. അങ്ങനെ അതു സീരീസായി തുടരുകയായിരുന്നു. നഗരവത്കരണം പൂർത്തിയായിക്കഴിഞ്ഞാൽ മിത്തുകളൊക്കെ ബാക്കിയുണ്ടാകും, പക്ഷേ, അവയുടെ വളരെ മിനുസപ്പെടുത്തിയിട്ടുള്ള രൂപം ആയിരിക്കില്ലേ നമ്മുടെ കയ്യിലുണ്ടാകുക എന്ന ആലോചനയുമാണ് ആ കവിതാ പരമ്പരയുടെ പുറകിൽ.

 

∙എഡി വായിക്കുമ്പോൾ പരിചിതരായ ആരൊക്കെയോ നമ്മളെ വന്നു തൊടുന്നുണ്ട്. ദാമോദരനും നാരായണനും ഒരു തണുത്ത കാറ്റുപോലെ കഥയിൽ നിന്നിറങ്ങിവന്നു നമ്മളെ സ്പർശിച്ചു കടന്നു പോകുന്നു. അവരെ കണ്ടെടുത്തത് എങ്ങനെയാണ്?

 

ഒറ്റപ്പെട്ട ചില മനുഷ്യരൊക്കെയുണ്ടാകുമല്ലോ. പ്രിയപ്പെട്ടവരെക്കുറിച്ചുള്ള അവരുടെ ചിന്തകൾ എങ്ങനെയായിരിക്കുമെന്നാണു ഞാൻ ആലോചിച്ചത്. എനിക്ക് പരിചിതമായ അസിസ്റ്റന്റ് ഡയറക്ടർ (എഡി) എന്ന പരിസരം അതിനു നൽകുകയായിരുന്നു. എനിക്ക് നേരിട്ട് അനുഭവമുള്ള കാര്യമല്ല. അങ്ങനെയൊരു വലിയ സിനിമാപരിചയവും എനിക്കില്ല. എങ്കിലും അസി. ഡയറക്ടർമാരുടെ ജീവിതം പശ്ചാത്തലമാക്കി എടുത്തുവെന്നേ ഉള്ളൂ. ഒറ്റപ്പെട്ട മനുഷ്യരുടെ വേവലാതികളെക്കുറിച്ചും ഭ്രമങ്ങളെക്കുറിച്ചുമൊക്കെ ആലോചിക്കുന്ന സമയത്ത് പെട്ടെന്നുണ്ടായ കഥയാണ് എഡി.

 

∙മൃദുൽ ഒരു കഥയിലേക്കെത്തുന്നത് എങ്ങനെയാണ്? കഥയെഴുത്തിന്റെ രീതി എങ്ങനെയാണ്?

 

കഥ പെട്ടെന്നു സംഭവിക്കുന്നതാണ്. വിഷയങ്ങളൊക്കെ പലവട്ടം എവിടെയെങ്കിലും കേട്ടതായിരിക്കും. നമുക്കു ചുറ്റും നടക്കുന്നതൊക്കെയും കഥകളാണല്ലോ. കഥകളെ മനോഹരമായി കണ്ടെടുക്കുന്നയാളാണല്ലോ കഥാകൃത്ത്. എല്ലാവരും കഥയെഴുതുന്ന പോലെ തന്നെയായിരിക്കും ‍ഞാനും കഥയെഴുതുക. പക്ഷേ, ഭയങ്കരമായിട്ടു സമയമെടുത്ത് ചെയ്യുന്ന കാര്യമല്ല. കുറേ മിനക്കെട്ടിരുന്ന് കഥയെഴുതാൻ എനിക്കറിയില്ല. അതങ്ങനെ സംഭവിച്ചുപോകുകയാണ്. അപ്പോൾ തോന്നുന്നത് അപ്പപ്പോൾ എഴുതുന്നു. കഥകളിലൂടെ നമുക്ക് ആരെയുമങ്ങനെ പഠിപ്പിക്കാനൊന്നുമില്ല. അവരുടെയുള്ളിൽ എവിടെയെങ്കിലും ആ കഥ സ്പർശിക്കുന്നുണ്ടെങ്കിൽ അതൊരു കഥയായി എന്ന തോന്നലാണ് എനിക്കുള്ളത്. കഥ തന്നെയൊരു രാഷ്ട്രീയമായി കാണുന്നയാളാണ് ഞാൻ. എന്റെ കഥകളിൽ വ്യക്തമായ രാഷ്ട്രീയം ഉണ്ട്. എഴുതുക എന്നതു തന്നെ രാഷ്ട്രീയപ്രവർത്തനമാണെന്നു ഞാൻ കരുതുന്നു.

 

∙ഈയടുത്തകാലത്ത് വായിച്ചവയിൽ മൃദുലിന് ഇഷ്ടമായ കുറച്ചു കഥകളെക്കുറിച്ചു സംസാരിക്കാമോ?

 

വായനയിൽ എനിക്ക് വലിയ പരിമിതിയുണ്ട്. എല്ലാ കഥകളും എല്ലാ എഴുത്തുകളും അരിച്ചുപെറുക്കി വായിക്കുന്ന ആളല്ല ‍ഞാൻ. എന്നാൽ അത്യാവശ്യം ശ്രദ്ധിക്കപ്പെട്ടു എന്നു തോന്നലുള്ളവ തേടിപ്പിടിച്ചു വായിക്കാറുണ്ട്. ഓരോ ആഴ്ചയും ഇറങ്ങുന്നവയിൽ മികച്ചവ സുഹൃത്തുക്കളൊക്കെ ശ്രദ്ധയിൽപ്പെടുത്തിയാൽ കണ്ടെത്തി വായിക്കും. കെ. രേഖയുടെ കഥകളുടെ സമാഹാരം ഈയടുത്താണു വായിച്ചത്. അതിലെ കുറേ കഥകൾ എനിക്കിഷ്ടപ്പെട്ടു. ഇ. സന്തോഷ്കുമാറിന്റെ വ്യാഘ്രവധു, വിവേക് ചന്ദ്രന്റെ തടാകം, അംബികാസുതൻ മങ്ങാടിന്റെ കാരക്കുളിയൻ, സലിം ഷെരീഫിന്റെ പൂക്കാരൻ, ഷബിതയുടെ മന്ദാക്രാന്താ മഭനതതഗം എന്നിവയും ഇഷ്ടമായവയാണ്. അഖിലിന്റെയും അമലിന്റെയും അമൽരാജ് പാറമ്മേലിന്റെയും ഡി.പി. അഭിജിത്തിന്റെയും അഖിൽ എസ്. മുരളീധരന്റെയും അബിന്റെയും കഥകൾ വലിയ ഇഷ്ടമാണ്. ഇതൊക്കെ, ഇപ്പോൾ ഇങ്ങനെ ചോദിച്ചപ്പോൾ, പെട്ടെന്നുള്ള ഓർമയിൽനിന്നു പറയുന്നതാണു കേട്ടോ. ഒരുപാടു നല്ല കഥകൾ ഞാൻ വായിക്കാതെ വിട്ടുപോയിട്ടുണ്ടാകും. അതുകൊണ്ട് ഈ പട്ടിക വളരെ, വളരെ അപൂർണമാണ്...

 

Content Summary: Puthuvakku - Talk with writer Mridul V.M. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT