മാതാപിതാക്കൾക്ക് നമ്മെ വേണ്ടെങ്കിൽ പിന്നെ ഈ ലോകത്തൊരാൾക്കും നമ്മളെ ആവശ്യം ഇല്ല. ഒരു വല്ലാത്ത മനോധൈര്യം അന്നുണ്ടായിരുന്നു. ചവിട്ടി നിൽക്കാൻ ഒരടി മണ്ണു പോലുമില്ലാതിരുന്നിടത്തു നിന്നുമാണ് ഒരു കുടുംബം പടുത്തുയർത്തിയത്.

മാതാപിതാക്കൾക്ക് നമ്മെ വേണ്ടെങ്കിൽ പിന്നെ ഈ ലോകത്തൊരാൾക്കും നമ്മളെ ആവശ്യം ഇല്ല. ഒരു വല്ലാത്ത മനോധൈര്യം അന്നുണ്ടായിരുന്നു. ചവിട്ടി നിൽക്കാൻ ഒരടി മണ്ണു പോലുമില്ലാതിരുന്നിടത്തു നിന്നുമാണ് ഒരു കുടുംബം പടുത്തുയർത്തിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാതാപിതാക്കൾക്ക് നമ്മെ വേണ്ടെങ്കിൽ പിന്നെ ഈ ലോകത്തൊരാൾക്കും നമ്മളെ ആവശ്യം ഇല്ല. ഒരു വല്ലാത്ത മനോധൈര്യം അന്നുണ്ടായിരുന്നു. ചവിട്ടി നിൽക്കാൻ ഒരടി മണ്ണു പോലുമില്ലാതിരുന്നിടത്തു നിന്നുമാണ് ഒരു കുടുംബം പടുത്തുയർത്തിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇച്ഛാശക്തിയുടെ മറുപേരാണ് നീതു പോൾസൺ. നീതുവിന്റെ പുസ്തകങ്ങളായ ‘ജിമിക്കി’യും ‘റോസമ്മ’യും വായിക്കുമ്പോൾ, തിരിച്ചടികളെ ആത്മധൈര്യത്താൽ പൂച്ചെണ്ടുകളാക്കി മാറ്റുന്ന നീതുവിന്റെ തന്നെ ജീവിതം തെളിഞ്ഞുവരും. സ്കൂൾ പഠനകാലത്ത് കഥകളെഴുതിയിരുന്ന നീതുവിന് ജീവിത സാഹചര്യങ്ങൾ കാരണം പത്താം ക്ലാസിനു ശേഷം ജോലിക്കു പോകേണ്ടി വന്നു. എഴുത്തുകാരിയാകാൻ മോഹിച്ചിരുന്ന ഒരു പെൺകുട്ടിയുടെ ജീവിതം അങ്ങനെ ഹോം നഴ്സിന്റെയും സെയിൽസ് ഗേളിന്റെയും വീട്ടുജോലിക്കാരിയുടെയും യാതനാവഴികളിലൂടെ മാറിയൊഴുകിത്തുടങ്ങി. അവഗണനയുടെയും സ്നേഹമില്ലായ്മയുടെയും കുത്തൊഴുക്കിൽ ജീവിതം കരയ്ക്കടുപ്പിക്കാൻ ശ്രമിക്കുന്നതിനിടെ എഴുതാൻ എവിടെ സമയം? പക്ഷേ, അക്ഷരങ്ങളോടുള്ള സ്നേഹം ഒരു വാശിയായി ആ മനസ്സിൽ കെടാതെ കത്തുന്നുണ്ടായിരുന്നു. കൂരിരുൾ കാലത്തും ആ നുറുങ്ങു വെളിച്ചം ദിശകാട്ടിയപ്പോൾ നീതു തന്റെ സ്വപ്നങ്ങളിലേക്കു ചുവടുവച്ചു തുടങ്ങി. ഏതാണ്ട് ഒറ്റയ്ക്കു തന്നെ നടത്തിയ വിവാഹശേഷം പങ്കാളി പോൾസന്റെ കൂടി പ്രോൽസാഹനത്താൽ എഴുത്തിന്റെ വഴികളിലേക്കു നീതു തിരിച്ചെത്തി. കണ്ടതും കേട്ടതും അനുഭവിച്ചതുമായ ജീവിതം കുഞ്ഞു കഥകളിലേക്കു കൂടുമാറിയപ്പോൾ 25 കഥകളുടെ ആദ്യ സമാഹാരമിറങ്ങി, ‘ജിമിക്കി’. സ്ത്രീജീവിതത്തിന്റെ ഉള്ളെരിച്ചിലുകൾ പ്രമേയമാക്കിയാണു രണ്ടാമത്തെ പുസ്തകം ‘റോസമ്മ’ എഴുതിയത്. ‘ഇലമഴക്കാലങ്ങൾ’ എന്ന അനുഭവക്കുറിപ്പുകളുടെ പുസ്തകം പുറത്തിറങ്ങാനിരിക്കുന്നു. എഴുത്തിന്റെ ഇടവേളകളിൽ ഓൺലൈനായി എംബ്രോയ്ഡറി ക്ലാസുകളെടുത്തു ചെറിയ വരുമാനമുണ്ടാക്കുന്നു, ഫെയ്സ്ബുക് റീലുകൾ ഇടുന്നു, വായനദിനാഘോഷ ചടങ്ങുകളിൽ ആദരിക്കപ്പെടുന്നു, നൃത്തം ചെയ്യുന്നു, പുസ്തക പ്രസാധന ചടങ്ങുകളുടെ ഭാഗമാകുന്നു, പാട്ടുപാടുന്നു, ലൈഫ് മിഷനിൽ ലഭിച്ച അഞ്ചു സെന്റിൽ ഒരു കുഞ്ഞു വീടു വയ്ക്കുന്നു – ഒരിക്കൽ തോൽപിക്കാൻ ശ്രമിച്ച ജീവിതത്തെ ചുണ്ടിലൊരു പുഞ്ചിരിയുമായി നീതു എതിരിടുകയാണ്. ജയിക്കുമെന്ന, ജയിക്കണമെന്ന ഉറച്ച വിശ്വാസത്തോടെ, അക്ഷരം ആയുധമാക്കി. ആ പോരാട്ടം നമുക്കും വലിയ പ്രചോദനമാണ്. എഴുത്ത് ഒരു അതിജീവിക്കൽ കൂടിയാണെന്നു മനസ്സിലാക്കിത്തരുന്നതിനാൽ...

 

ADVERTISEMENT

∙ ‘ജിമിക്കി’ എന്ന 25 കഥകളുടെ സമാഹാരമായ ആദ്യ പുസ്തകം പുറത്തിറക്കിയ അനുഭവം എങ്ങനെയായിരുന്നു? സാഹിത്യരംഗത്തും എഴുത്തിന്റെ ലോകത്തും ഒരു മുൻപരിചയവുമില്ലാത്തൊരാൾ സ്വന്തം പുസ്തകം പ്രസിദ്ധീകരിക്കുമ്പോൾ നേരിട്ട വിഷമസന്ധികൾ എന്തൊക്കെയായിരുന്നു? അതൊക്കെ അതിജീവിച്ചത് എങ്ങനെയായിരുന്നു? ‘വെയിൽ ഇപ്പോൾ പൊള്ളിക്കുന്നതു നെഞ്ചിനെയാണ്’ എന്നെഴുതിയതു പോലെ അതെത്രമാത്രം ഉള്ളുരുക്കിയ അനുഭവമായിരുന്നു?

 

എന്റെ പതിമൂന്നാം വയസ്സിൽ ഞാൻ കണ്ട സ്വപ്നമാണ് ‘ജിമിക്കി’ എന്ന എന്റെ പുസ്തകം. അന്നത്തെ എന്റെ അധ്യാപിക സുമ ടീച്ചർ നീതുവെന്ന എഴുത്തുകാരിയോടു പറഞ്ഞത് നീയൊരു പുസ്തകം ഇറക്കുമെന്നായിരുന്നു. കാലം അനുകൂലമല്ലായിരുന്നു. എഴുത്തും വായനയും നഷ്ടപ്പെട്ട ഞാൻ പല ദേശത്തും പലയിടങ്ങളിലും സഞ്ചരിച്ചു. കുടുംബവും കുഞ്ഞുങ്ങളുമായി. 2014ൽ ഒരു ഫെയ്സ്ബുക് അക്കൗണ്ട് തുടങ്ങി ഗ്രൂപ്പുകളിൽ നുറുങ്ങു വരികൾ എഴുതാനാരംഭിച്ചു. രണ്ടു കൊല്ലം കഴിഞ്ഞപ്പോൾ എന്നെ വായിക്കാൻ ആളുണ്ടായി. 2019ൽ എഴുതിയ ‘കല്യാണസാരി’ എന്ന അനുഭവക്കുറിപ്പ് വൈറൽ ആയതോടെ എഴുത്തിന്റെ വഴി എനിക്ക് മുൻപിൽ തെളിഞ്ഞു വന്നു. ശേഷമാണ് പുസ്തകത്തിലേക്കെത്തുന്നത്. പണമായിരുന്നു പ്രശ്നം. ആഗ്രഹം പക്ഷേ, പിന്നോട്ടു നടത്തിയില്ല. കടം വാങ്ങിയ തുക കൊണ്ട് പുസ്തകം ഇറക്കി. വിചാരണ പബ്ലിക്കേഷനാണ് ‘ജിമിക്കി’ പ്രസിദ്ധീകരിച്ചത്. തൊടുപുഴ ഇടവെട്ടിയിലുള്ള പ്രണവം ലൈബ്രറി ഹാളിൽ വച്ച് അശോകൻ മറയൂർ മാഷും പഞ്ചായത്ത് പ്രസിഡന്റ് ഷീജ നൗഷാദും ചേർന്നാണ് പ്രകാശനം ചെയ്തത്. ആദ്യത്തെ 500 കോപ്പി വളരെ വേഗത്തിൽ വിറ്റു പോയി. അതിന്റെ രണ്ടാം പതിപ്പ് ഇറങ്ങി. എന്റെ പ്രൊഫൈൽ വഴി വായനാക്കുറിപ്പുകളുടെ പിൻബലത്തിൽ മാത്രമാണ് ‘ജിമിക്കി’ വിറ്റഴിഞ്ഞു പോയത്. വലിയ എഴുത്തുകാരൊന്നും ‘ജിമിക്കി’ വാങ്ങി വായിക്കാൻ മിനക്കെട്ടില്ല. പക്ഷേ, ഒരുപറ്റം സാധാരണ മനുഷ്യർ ആ പുസ്തകം ഏറ്റെടുത്തു. അതോടെ എഴുത്ത് എന്നെ കൈവിടില്ലെന്ന് ഞാൻ മനസ്സിലാക്കി. എങ്കിലും പുതിയൊരാളെ ഇവിടെ ഒരാളും അംഗീകരിക്കില്ലെന്നറിയാമായിരുന്നു. പക്ഷേ, തോറ്റു പിൻമാറിയില്ല, ഇന്നൊരു വേദിയിൽ ഇരിക്കാനൊരു കസേര കിട്ടുന്നുണ്ടെങ്കിൽ അതിലെന്റെ കഷ്ടപ്പാടും പ്രയത്നവും ഉണ്ട്. അൽപം വൈകുമെങ്കിലും വളരുമെന്നും പന്തലിക്കുമെന്നും തന്നെയാണെന്റെ വിശ്വാസം.

 

ADVERTISEMENT

∙ രണ്ടാമത്തെ പുസ്തകം ‘റോസമ്മ’ നമ്മുടെ ചുറ്റിലുമുള്ള അതിജീവിതമാരുടെ കഥയാണല്ലോ. നോവലിന്റെ വിത്ത് മനസ്സി‍ൽ വീണത് എപ്പോഴാണ്? അതൊരു പുസ്തകമായി പിറന്നതെങ്ങനെ?

 

ഞാൻ കണ്ട കുറച്ചു സ്ത്രീ ജീവിതങ്ങൾ, കുറച്ചു പെണ്ണുങ്ങളുടെ കഥ എന്ന പേരിൽ ഫെയ്സ്ബുക്കിൽ രണ്ട് അധ്യായങ്ങൾ മാത്രം എഴുതിയിട്ട നോവലാണ് ‘റോസമ്മ’. അതു വായിച്ച് സജ്ന നിഷാദ് എന്ന സുഹൃത്ത് വന്നു പറഞ്ഞു, നീതു അതിലൊരു ത്രഡ് ഉണ്ട്, അതു സൂക്ഷിച്ചു വയ്ക്കൂ. ചിലപ്പോൾ പുസ്തകം ആക്കാൻ കഴിഞ്ഞാലോയെന്ന്. ഫെയ്സ്ബുക്കിൽ എഴുതുന്നതു ഞാൻ നിർത്തി. പിന്നെയും രണ്ടു വർഷം കഴിഞ്ഞു മറ്റൊരു സുഹൃത്ത് ലിജു ഗോപാൽ ആണു ചിത്രരശ്മി ബുക്സിനെക്കുറിച്ചു പറഞ്ഞത്. പ്രസാധനച്ചെലവ് അവർ വഹിക്കുമെന്നും റോയൽറ്റി കിട്ടുമെന്നും അറിഞ്ഞപ്പോൾ എനിക്കും ഉത്സാഹം തോന്നി. കാരണം ആദ്യത്തെ പുസ്തകം ഹിറ്റ് ആയിരുന്നുവെങ്കിലും അതിറക്കുവാൻ വേണ്ടി വന്ന സാമ്പത്തികബാധ്യത ഓർത്തു മറ്റൊരു പുസ്തകം ചിന്തകളിൽ പോലും ഇല്ലായിരുന്നു. മറ്റൊരു സുഹൃത്ത് ഗീതാ ദാസ് വഴി അതയച്ചു കൊടുത്തു. ഒടുവിൽ ചിത്രരശ്മി അതു പ്രസിദ്ധീകരിക്കാൻ സമ്മതിച്ചു. ആദ്യത്തെ പ്രിന്റ് കൈയിൽ കിട്ടിയപ്പോൾ ഞാൻ സന്തോഷം കൊണ്ടു കരഞ്ഞു പോയി. ആദ്യ പുസ്തകം പ്രകാശനം ചെയ്ത അതേ വേദിയിൽ ‘റോസമ്മ’യും പ്രകാശനം ചെയ്യപ്പെട്ടു. ഇത്തവണ പഞ്ചായത്ത് പ്രസിഡന്റ് ഷീജ നൗഷാദും സോഷ്യൽ ആക്ടിവിസ്റ്റായ മൃദുലാ ദേവിയുമാണ് ‘റോസമ്മ’യെ വായനക്കാരിലേക്കെത്തിച്ചത്. നോവലിറങ്ങിയ ശേഷം ഒരുപാടു പേർ വിളിച്ചു. അവരുടെ അനുഭവങ്ങൾ പങ്കുവച്ചു. കുറച്ചുപേരത് ഏറ്റെടുത്തു. ഇപ്പോൾ തോന്നാറുണ്ട്, കുറച്ചു കൂടി മികച്ച രീതിയിൽ അതെഴുതാമായിരുന്നുവെന്ന്.

 

ADVERTISEMENT

∙ എഴുത്തിന്റെ ഉള്ളായ്മകളാൽ കരയിച്ച പെണ്ണ് എന്നാണു എഴുത്തുകാരി മൃദുലാദേവി നീതുവിനെ ഒരിക്കൽ വിശേഷിപ്പിച്ചത്. നീതുവിന്റെ എഴുത്തിന്റെ സവിശേഷതകളായ ആ ഉള്ളായ്മകൾ, ആ നിറവുകൾ എന്തൊക്കെയാണ്?

 

ഒരിക്കൽ എന്റെയൊരു അനുഭവക്കുറിപ്പ് വായിച്ചതിനു ശേഷം സ്വന്തം വാളിൽ, എന്തുകൊണ്ടാണു പ്രമുഖ പ്രസാധകർക്കൊന്നും നീതുവിന്റെ എഴുത്തുകൾ വേണ്ടാത്തതെന്നു പരസ്യമായി പോസ്റ്റ് ഇട്ട ഒരാളാണ് മൃദുല ചേച്ചി. എന്റെ അനുഭവക്കുറിപ്പുകളായ ഇലമഴക്കാലങ്ങളുടെ അവതാരിക എഴുതിയതും ചേച്ചിയാണ്. ഒരുപാടു സാഹിത്യമൊന്നും എന്റെ എഴുത്തുകളിൽ കാണാൻ കഴിയാറില്ല. പക്ഷേ, നെഞ്ച് മുറിഞ്ഞു ഞാൻ കരഞ്ഞു എന്നെഴുതിയപ്പോൾ അതു വായിച്ചു കണ്ണു നിറഞ്ഞെന്നു പറഞ്ഞവരുണ്ട്. അതുതന്നെയാവാം എന്റെ എഴുത്തിലെ നിറവുകൾ...ഉള്ളായ്മകൾ...

 

∙ തുണിക്കടയിലെ ഏറ്റവും വില കുറഞ്ഞ 750 രൂപയുടെ കല്യാണസാരിയുൾപ്പെടെ മാലയും താലിയും നിലവിളക്കുമെല്ലാം സ്വന്തമായി വാങ്ങി വാങ്ങി സ്വന്തം കല്യാണം സ്വന്തം ഇഷ്ടപ്രകാരം നടത്തിയയാളാണു നീതു. വീടു വയ്ക്കുന്നതിലുൾപ്പെടെ ജീവിതത്തിലെ പല പ്രധാന മുഹൂർത്തങ്ങളിലും നീതുവിലൊരു പോരാളിയെ കാണാനാകും. എന്നു മുതലാണു ജീവിതത്തോട് ഈ പോരാട്ടം തുടങ്ങിയത്. ആ അനുഭവങ്ങൾ പങ്കുവയ്ക്കാമോ?

 

ജീവിതത്തോടുള്ള സമരം ഓർമ വച്ച നാൾ മുതൽ തുടങ്ങിയതാണ്. കലഹിച്ചും പിണങ്ങിയും കരഞ്ഞുമല്ലാതെ ഒരു ദിവസവും കടന്നു പോയിട്ടില്ല. മാതാപിതാക്കൾക്ക് നമ്മെ വേണ്ടെങ്കിൽ പിന്നെ ഈ ലോകത്തൊരാൾക്കും നമ്മളെ ആവശ്യം ഇല്ല. ഒരു വല്ലാത്ത മനോധൈര്യം അന്നുണ്ടായിരുന്നു. ചവിട്ടി നിൽക്കാൻ ഒരടി മണ്ണു പോലുമില്ലാതിരുന്നിടത്തു നിന്നുമാണ് ഒരു കുടുംബം പടുത്തുയർത്തിയത്. സ്വന്തം കല്യാണം നടത്തി എന്നു പറയുമ്പോൾ പലരും നെറ്റിചുളിക്കാറുണ്ട്. ഇതിലൊക്കെ പറയാനെന്തിരിക്കുന്നു എന്നാണ്. ഒരിക്കലും ഇരുപത് വയസ്സിൽ വിവാഹിതയാവാൻ ആഗ്രഹിച്ചിരുന്ന ഒരാളല്ല ഞാൻ. പക്ഷേ, എനിക്ക് താമസിക്കാൻ ഒരിടമില്ലാതെ പോയി. ഞാൻ വീട്ടുജോലിയെടുത്തു നടന്നു മടുത്തപ്പോഴും ഒരു തണൽ ചിലപ്പോൾ ഒക്കെ ആഗ്രഹിച്ചിട്ടുണ്ട്. പോളിനെ കണ്ടുമുട്ടിയപ്പോൾ ഞാൻ പറഞ്ഞതും അതാണ്. ഞങ്ങൾ എല്ലായ്പ്പോഴും ഭാവിയെ പറ്റി ആകുലരായിരുന്നു. ഒരു നിലനിൽപ്പ് ഉണ്ടായിട്ടു മതി വിവാഹം എന്നു ഞങ്ങൾ തീരുമാനിച്ചിരുന്നു. ഞാനപ്പോൾ വീട്ടുജോലി ഒക്കെ മതിയാക്കി നാട്ടിൽ വന്ന സമയമാണ്. ഒരു ചെറിയ തുണിക്കടയിൽ ജോലിക്കായി പോവുന്നുണ്ടായിരുന്നു. ഞാനും വല്യമ്മയും ഉറങ്ങിക്കിടന്നപ്പോൾ ജനലരികിൽ ഒരു മനുഷ്യനെ കണ്ടു വല്യമ്മ ഭയന്നു. ഇരുപതു വയസ്സ് പ്രായമുള്ള ഒരു പെൺകുട്ടിയുമായി അടച്ചുറപ്പില്ലാത്ത ആ വീട്ടിൽ കഴിയാൻ വല്ല്യമ്മ പേടിച്ചു. അതൊടുവിൽ വിവാഹത്തിലെത്തി. യാതൊരു മുന്നൊരുക്കങ്ങളും ഉണ്ടായിരുന്നില്ല. എല്ലാവരും ഉണ്ടായിട്ടും ഒരനാഥയെപ്പോലെ ഒരു പുതുജീവിതം ആരംഭിക്കേണ്ടി വന്നതോർത്ത് വിഷമിച്ചിട്ടുണ്ട്. അമ്മ ഏറ്റവും നിസ്സഹായതയോടെ നിന്നു. രണ്ടാനച്ഛനെ അമ്മയ്ക്ക് പേടിയായിരുന്നിരിക്കണം. അതാവാം കാരണം. മുല്ലപ്പൂ വയ്ക്കണം എന്ന ആഗ്രഹം ഉണ്ടായിരുന്നതു കൊണ്ടും വാങ്ങാൻ കാശ് ഇല്ലാത്തതു കൊണ്ടും അയൽ വീട്ടിലെ പൂ പറിച്ചു തനിയെ കോർത്തെടുത്തതും തനിയെ ഒരുങ്ങിയിറങ്ങിയതും ഒക്കെ എപ്പോഴും ഓർക്കും. തൊടുപുഴയിൽ പോൾ ഒരു വീട് തരപ്പെടുത്തിയിരുന്നു. വിവാഹം ശേഷം ആ വീട്ടിലേക്കാണു പോയത്. എല്ലാവരും തള്ളിപ്പറഞ്ഞപ്പോൾ ആരുടെ മുൻപിലും തോൽക്കാൻ തോന്നിയില്ലെന്നതാണു സത്യം. അന്യമതക്കാരിയായതിനാൽ പോളിന്റെ വീട്ടുകാരും ബന്ധത്തിൽ താൽപര്യം കാണിച്ചില്ല. ഇപ്പോഴും രണ്ടു മതങ്ങളിൽ നിന്ന്, പരസ്പരം ബഹുമാനിച്ച് ഞങ്ങൾ ജീവിക്കുന്നു. വ്യക്തിപരമായ ഒന്നിനും തടസ്സമാവില്ലെന്നതും പരസ്പരം കള്ളം പറയുകയില്ലെന്നതുമാണ് ഞങ്ങളുടെ ദാമ്പത്യത്തിന്റെ അഖിലിത നിയമം.

 

വിവാഹശേഷമാണ് സമാധാനമായി ഉറങ്ങാൻ കഴിഞ്ഞത്. എപ്പോഴും സാമ്പത്തികം ഒരു പ്രശ്നമായിരുന്നു. പക്ഷേ, ഞങ്ങൾക്കിടയിലെ ഊഷ്മളതയെ, സ്നേഹത്തിനെ അതൊരിക്കലും ബാധിച്ചില്ല. അദ്ദേഹം കുറച്ചു കൂടി നല്ല നിലയിൽ ജീവിച്ച ഒരാളായിരുന്നു. വാച്ചും ഷൂവും ഇല്ലാതെ പുറത്തുപോകാനും പരിമിതമായ സാഹചര്യങ്ങളിൽ ജീവിക്കാനും അദ്ദേഹം പഠിച്ചു എന്നതാണു സത്യം. രണ്ടു മക്കളെയും കൊണ്ട് ആശുപത്രികൾ കയറിയിറങ്ങി നടന്ന ഒരു കാലമുണ്ടായിരുന്നു. ആ പ്രതിസന്ധികളിലൊക്കെ സുഹൃത്തുക്കളാണ് കൂടെ നിന്നത്. വാടകവീട് ജീവിതം മടുത്തു തുടങ്ങിയ സമയത്താണ് പഞ്ചായത്തിൽ ലൈഫ് മിഷന് അപേക്ഷിക്കുന്നത്. അഞ്ച് വർഷത്തെ നടപ്പിനൊടുവിൽ സ്ഥലം കിട്ടി. കൊറോണ വല്ലാതെ കൂടി നിന്ന സമയം. ജോലിയോ വരുമാനമോ ഇല്ല. വാടക കൊടുക്കാൻ യാതൊരു മാർഗവും ഇല്ല. സ്ഥലത്ത് ഒരു ചെറിയ ഷെഡ് കെട്ടി മാറാൻ തീരുമാനിച്ചു. സുഹൃത്തുക്കളിൽനിന്നു കടം വാങ്ങിയതും മറ്റും കൂട്ടിച്ചേർത്ത് ഒരൊറ്റ മുറി ഷെഡ് പണിതു. താമസം മാറി. അതിനു ശേഷം ഈയടുത്തായി വീടു പണി തുടങ്ങി. ഷെഡ് വയ്ക്കാൻ കടം വാങ്ങേണ്ടി വന്നു. പക്ഷേ, പുതിയ വീട് വയ്ക്കുമ്പോൾ കടങ്ങൾ ഒന്നും വേണ്ടെന്നു തീരുമാനിച്ചിരുന്നു. ആരുമില്ലാത്തവർക്ക് ആരെങ്കിലും ഉണ്ടാവും എന്നാണു പറയാറ്.. എന്റെ കാര്യത്തിൽ അതു നൂറുശതമാനം സത്യമാണ്. പ്രിയങ്ക, ബിന്ദു, ജോഷ്ന, രഞ്ജു, അനു, നന്ദകുമാർ മാഷ്, നിഫിത്ത, രാഖി, ആർഷ, റോഷൻ, അങ്ങനെ ആ സൗഹൃദങ്ങളുടെ പട്ടിക വളരെ വലുതാണ്. ഞാൻ ഓൺലൈൻ ആയിട്ട് എംബ്രോയ്ഡറി ക്ലാസുകൾ എടുക്കാറുണ്ട്. ഭർത്താവ് പോൾസൺ വെൽഡറാണ്. ഒപ്പം, മലയാളം, ഹിന്ദി, കണക്ക് എന്നീ വിഷയങ്ങളിൽ ഓൺലൈൻ ആയി ട്യൂഷൻ എടുത്തു കൊടുക്കുന്നു. മക്കളായ അലനും എഡ്വിനും തൊടുപുഴ മുതലക്കോടം എസ്ജിയുപി സ്കൂളിൽ അഞ്ചിലും ഒന്നിലും പഠിക്കുന്നു. ഒരു വീടില്ലല്ലോ എന്നതായിരുന്നു മക്കൾക്ക് ഏക സങ്കടം. പക്ഷേ, ലോകത്തിന്റെ ഏതു കോണിൽ പോയാലും വന്നു കയറാൻ ഇന്നവർക്കൊരു വീടുണ്ട്. ഞങ്ങളെ സംബന്ധിച്ച് അതുതന്നെയാണു സന്തോഷവും.

 

∙ ക്രിസ്മസ് അപ്പൂപ്പൻ വീട്ടിലേക്ക് വരാത്തതിനാൽ അപ്പൂപ്പനെ കാത്തിരുന്ന മകനെ സന്തോഷിപ്പിക്കാൻ സമ്മാനപ്പൊതിയുണ്ടാക്കി രാത്രി വീടിനു മുന്നിൽ വച്ചതും അടുത്തദിവസം മകൻ അതു കണ്ടു സന്തോഷിച്ചതും നീതു എഴുതിയിരുന്നല്ലോ. കുട്ടിക്കാലത്തു നീതുവിനുണ്ടായ സമാന അനുഭവത്തിൽ നിന്നാണല്ലോ മകന് ആ സമ്മാനപ്പൊതിയുണ്ടാക്കി വയ്ക്കണം എന്നു തീരുമാനിച്ചത്. അവഗണനകളും ഇല്ലായ്മകളും നിരാസങ്ങളും പിന്നീടു ജീവിതത്തിലും എഴുത്തിലുമുണ്ടാക്കിയ സ്വാധീനം എത്രമാത്രമാണ്?

 

കഥ എഴുതാനുള്ള പരിസരങ്ങളോ സംഭവങ്ങളോ അന്വേഷിച്ച് എനിക്ക് നടക്കേണ്ടതായി വന്നിട്ടില്ല. അനുഭവങ്ങളുടെ വലിയൊരു കടൽ ഉള്ളിലുള്ളതാവാം കാരണം. എന്റെ കൈയിൽ കിട്ടുന്ന ഒരു മിഠായിക്കവറിനു പോലും പറയാൻ ഒരു കഥയുണ്ടാവുമെന്നതാണ് സത്യം. ഹൃദയത്തിൽ വരുന്നതെന്തോ അതുമാത്രമാണ് എഴുതുന്നത്. തല പുകഞ്ഞു, ബുദ്ധി കൊണ്ടെഴുതൂ എന്നു പറഞ്ഞാൽ ഒരുപക്ഷേ, എനിക്കതിനു സാധിച്ചെന്നു വരില്ല. അനുഭവങ്ങളാണ് എന്റെ ധൈര്യം. പഴകുംതോറും അതിനു വീര്യമേറുകയേയുള്ളൂ.

 

∙ ഒരു ഡ്രീം ക്യാച്ചർ ആയിട്ടാണ് നീതുവിന്റെ ജീവിതം അനുഭവപ്പെട്ടിട്ടുള്ളത്. ഇഷ്ടമുള്ളവയെ എല്ലാം വാശിയോടെ പിന്തുടരുകയും അവ സ്വന്തമാകുന്നതു വരെ പരിശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന സ്വഭാവം മടുപ്പിക്കാറുണ്ടോ? എപ്പോഴെങ്കിലും നിരാശ തോന്നിയ സന്ദർഭങ്ങളുണ്ടായിട്ടുണ്ടോ?

 

നായകൻ ഉൾപ്പെടെയുള്ളവർ വായിച്ച് ഏറ്റവും സംതൃപ്തിയോടെ, നമുക്കിതു ചെയ്യാം എന്നു പറഞ്ഞ ഒരു സിനിമ. അതിന്റെ ക്യാംപ്, കഥപറയാൻ പോയത് ഒക്കെ മനോഹരമായ ഓർമകളാണ്. അതിന്റെ തിരക്കഥ എഴുതിയതു ഞാനായിരുന്നു. ഷൂട്ടിങ് തുടങ്ങുവാൻ തീരുമാനിച്ച് അവസാന നിമിഷത്തിലാണ് നിർമാതാവ് പിൻമാറിയത്. അവർ മുൻപോട്ട് വച്ചൊരു ഡിമാൻഡ് എനിക്ക് അംഗീകരിക്കാൻ കഴിഞ്ഞില്ല. കാരണം നാലുമാസത്തെ അധ്വാനം സ്ക്രീനിൽ കഥ, തിരക്കഥ, സംഭാഷണം നീതു പോൾസൺ എന്ന പേര് കാണുവാൻ വേണ്ടി മാത്രമുള്ളതായിരുന്നു. അതിൽ കുറഞ്ഞൊരു ഡിമാൻഡ് എനിക്ക് ഇല്ലായിരുന്നു. പക്ഷേ, തുടക്കക്കാരിയെ അംഗീകരിക്കാനുള്ള മടി, കൂലിയെഴുത്ത് താൽപര്യം ഇല്ലാത്ത എന്റെ നിലപാട്. ആ തിരക്കഥ ഇന്നും എന്റെ കൈയിൽ ഉണ്ട്. ജീവിതത്തിൽ ആകെ തോന്നിയ നിരാശ അതു മാത്രമാണ്.

 

∙ എഴുത്തിന്റെ ലോകത്ത് ഏറ്റവും വിഷമമുണ്ടാക്കിയ ഒരു സന്ദർഭമോ സംഭവമോ ചൂണ്ടിക്കാട്ടാനുണ്ടോ? ഉണ്ടെങ്കിൽ അത് അതിജീവിച്ചത് എങ്ങനെയാണ്?

 

കുറെയേറെ വർഷങ്ങൾക്കു മുൻപ്, ഒൻപതാം ക്ലാസിൽ വച്ചാണെന്നു തോന്നുന്നു, ആ വർഷത്തെ സബ്ജില്ലാ കലോത്സവത്തിന് കഥ, കവിത മത്സരത്തിന് ഞാനുമുണ്ടായിരുന്നു. സംസ്ഥാനതലത്ത് മത്സരിക്കണം എന്ന വലിയ മോഹത്തോടെയാണ് ഞാൻ പങ്കെടുക്കാൻ പോയത്. പക്ഷേ, നീതുമോൾ കെ.എം. എന്ന പേര് അവിടെ ഉണ്ടായിരുന്ന ടീച്ചർ വായിച്ചത് നീതുമോൾ കെ.എൻ. എന്നാണ്. അങ്ങനെയൊരു കുട്ടി പങ്കെടുക്കാനുള്ളവരുടെ ലിസ്റ്റിൽ ഇല്ലെന്ന് പറഞ്ഞവർ ആ നിമിഷം തന്നെ എന്നെ മത്സരം നടന്നിരുന്ന ഹാളിൽനിന്നു പുറത്താക്കി. അവരോട് കാലുപിടിച്ചും കരഞ്ഞും ഞാൻ ആവുന്നത്ര പറഞ്ഞു നോക്കി. ഒടുവിൽ എന്റെ സ്കൂൾ അധികൃതർ വന്നു. അവർ വായിച്ചതിന്റെ കുഴപ്പം ആണെന്നു മനസ്സിലായതും അവർ എന്നെ തിരിച്ചു വിളിച്ചു. പക്ഷേ, അത്രയും കുട്ടികളുടെ മുൻപിൽ വച്ച് ഏറ്റ അപമാനവും മനസ്സിനേറ്റ മുറിവും വളരെ വലുതായിരുന്നു. അന്ന് അവസാനിപ്പിച്ചതായിരുന്നു എന്റെ എഴുത്ത്. എപ്പോൾ എഴുതാനിരുന്നാലും ആ ഹാളും കരഞ്ഞ കണ്ണുകളോടെ തല കുനിച്ചു നിൽക്കുന്ന ആ പെൺകുട്ടിയെയും എനിക്കോർമ വരും. അതുകൊണ്ടാവാം അവഗണനകളും തിരസ്ക്കരണങ്ങളും ആവോളം ഉണ്ടായിട്ടും പിടിച്ചുനിൽക്കാൻ കഴിയുന്നത്. ഒരിക്കലും പഴയതുപോലെ എഴുതുവാൻ എനിക്കിനിയും കഴിഞ്ഞിട്ടില്ലെന്നതാണു സത്യം.

 

ഇവിടെയുള്ള സ്കൂളുകളിലും ലൈബ്രറികളിലുമൊന്നും ഒരിക്കൽ പോലും വായനദിനം പോലുള്ള യാതൊരു ദിവസങ്ങളിലും വിളിക്കുകയോ അംഗീകരിക്കുകയോ ചെയ്തിട്ടില്ലെന്നത് ആദ്യമൊക്കെ വിഷമിപ്പിച്ചിരുന്നു. പക്ഷേ, തൊടുപുഴ ഇടവെട്ടി ഗ്രാമപഞ്ചായത്ത് ഒരു എഴുത്തുകാരി എന്ന നിലയിൽ ആദരിച്ചിട്ടുണ്ട്. ഈയടുത്തായി കോസ്മോപൊളിറ്റൻ ക്ലബ് ആൻഡ് പബ്ലിക് ലൈബ്രറി കരിങ്കുന്നം പുസ്തകചർച്ചയ്ക്കായി വിളിച്ചതും ഒക്കെ വലിയ സന്തോഷങ്ങളാണ്. ഇന്നും എന്റെ എഴുത്തിനെ സമ്മതിച്ചു തരാത്തവർ പോലും ഉണ്ട്. ആദ്യ പുസ്തകമായ ‘ജിമിക്കി’ വായിച്ച് പഠിപ്പിച്ച അധ്യാപകൻ വിളിച്ചു പറഞ്ഞത് ഇങ്ങനെയായിരുന്നു: ‘എനിക്ക് അതിശയം തോന്നുന്നു, നീയാണിതെഴുതിയതെന്ന് എനിക്ക് വിശ്വസിക്കുവാൻ കഴിയുന്നില്ല’. ഇങ്ങനെയൊരാൾ ഇവിടെയുണ്ടായിരുന്നുവെന്ന് ഒരിക്കലെങ്കിലും ആരും അറിയാതെയിരിക്കില്ല. ചിലപ്പോൾ തളരും, വീഴും, എന്നാലും എഴുന്നേറ്റ് നടക്കും. ജീവിതം അതും കൂടിയാണല്ലോ.

 

∙നീതുവിന്റെ വായന എങ്ങനെയാണ്? ഏറ്റവും ഇഷ്ടപ്പെട്ട പുസ്തകങ്ങളെക്കുറിച്ചും മറ്റ് എഴുത്തുകളെക്കുറിച്ചും പറയാമോ?

 

പുസ്തങ്ങളെക്കുറിച്ചും വായനയെക്കുറിച്ചും പറയുമ്പോൾ മൂന്നു പേരുകൾ തീർച്ചയായും പറയണം. ഒന്ന് ഗീത ടീച്ചർ. പിന്നെ സുഹൃത്തുക്കളായ ജോഷ്ന, പ്രിയങ്ക ഭാസ്കരൻ. പാഠപുസ്തകത്തിനപ്പുറത്തേക്കു വായന വളർന്നത് രാജലക്ഷ്മിയുടെ ‘ഒരു വഴിയും കുറെ നിഴലുകളും’ വായിച്ചപ്പോഴാണ്. സ്കൂൾ ലൈബ്രറിയിൽനിന്ന്, മലയാളം അധ്യാപിക കൂടിയായിരുന്ന ഗീത ടീച്ചറാണ് ആ പുസ്തകം വായിക്കാൻ തന്നത്. സ്വന്തമായി വരുമാനം ഉണ്ടായപ്പോൾ മാധവിക്കുട്ടിയുടെ ‘നീർമാതളം പൂത്തകാലം’ ആണ് ആദ്യം വാങ്ങി വായിച്ചത്. പുസ്തകത്തോടുള്ള ഭ്രമമറിഞ്ഞ് പ്രിയങ്ക അയച്ചു തന്ന ‘ഒരു ദേശത്തിന്റെ കഥ’, ജോഷ്ന വാങ്ങിത്തന്ന പൗലോ കൊയ്‌ലോയുടെ പുസ്തകങ്ങളായ ‘ആൽക്കെമിസ്റ്റ്’, ‘ചാരസുന്ദരി’ ഇതൊക്കെ മനസ്സിരുത്തി വായിച്ച പുസ്തകങ്ങളാണ്. അനീഷ് ഫ്രാൻസിന്റെ ‘വിഷാദവലയങ്ങൾ’, ടി.ഡി.രാമകൃഷ്ണന്റെ ‘സുഗന്ധി എന്ന ആണ്ടാൾ ദേവനായകി’ തുടങ്ങിയവയൊക്കെ ഭ്രമിപ്പിക്കുന്ന വായനാനുഭവം തന്ന പുസ്തകങ്ങളാണ്. ഡ്രാക്കുള പോലൊരു നോവൽ ഇനിയുണ്ടാവില്ലെന്നും തോന്നാറുണ്ട്. നിഫി റഷീദ്, ധന്യ ഷംജിത്ത്, ഋതുപർണ, കവിത എം.കെ., ഗീത കൃഷ്ണൻ, ഭരതൻ എസ്. പുത്തൻ, സന്ധ്യ എം., സീമ ജവഹർ, സുജീഷ അനിൽകുമാർ എന്നിവരുടെ പുസ്തകങ്ങളാണ് ഈയടുത്തു വായിച്ചത്.

 

∙വളരെ സജീവമായൊരു സമൂഹമാധ്യമ ജീവിതം നീതുവിനുണ്ട്. റീലുകൾ, പോസ്റ്റുകൾ, ഓൺലൈൻ ക്ലാസുകൾ തുടങ്ങി ജീവിതത്തിന്റെ സമസ്തമേഖലകളെയും സ്പർശിച്ചു കൊണ്ടിരിക്കുന്ന ഒന്ന്. അതെത്ര മാത്രം പോസിറ്റീവായി ജീവിതത്തെ സ്പർശിക്കുന്നുണ്ട്? നല്ല മാറ്റങ്ങൾ കൊണ്ടുവരുന്നുണ്ട്? വിർച്വൽ ലോകത്തു നിന്നുള്ള മോശം അനുഭവങ്ങളെ നേരിടുന്നതെങ്ങനെയാണ്?

 

സോഷ്യൽ മീഡിയ എന്ന വലിയ പ്ലാറ്റ്ഫോം കിട്ടിയപ്പോൾ എന്റെ ആഗ്രഹങ്ങൾക്കനുസരിച്ച് അതുപയോഗിക്കുകയായിരുന്നു. എനിക്ക് ഇഷ്ടമുള്ളതെല്ലാം ചെയ്യുവാനൊരു വേദിയായി ഇതിനെ കാണുന്നു. ഡാൻസായാലും അഭിനയമാണെങ്കിലും എഴുത്താണെങ്കിലും. പുതിയതായി എന്തെങ്കിലും പഠിക്കാനാണെങ്കിൽ കൂടിയും ഞാനിതാണ് ഉപയോഗപ്പെടുത്തുന്നത്. ആദ്യമൊക്കെ നെഗറ്റീവ് കമന്റുകൾ വല്ലാതെ വിഷമിപ്പിച്ചിരുന്നു. ഇൻബോക്സിൽ വരുന്ന മോശം മെസേജ് ഒക്കെ മനസ്സിനെ വല്ലാതെ ബാധിച്ചിരുന്നു. ഇവിടെ ഇത്തരം ആരോപണങ്ങളുടെ കൂടെ നിൽക്കാൻ ആരുമുണ്ടാകില്ല എന്ന ബോധ്യം ഇല്ലാത്തതുകൊണ്ടത് ടൈംലൈനിൽ ഇടാറില്ല. ബ്ലോക്ക് ചെയ്യും. എങ്കിലും ഒരു ലോഗൗട്ടിൽ തീരുന്നതാണ് വിർച്വൽ ലോകമെന്നിരിക്കെ എല്ലാത്തിനെയും പോസിറ്റീവ് ആയി കാണാൻ തുടങ്ങി. എന്റെ ജീവിതത്തിൽ വന്നു ചേർന്ന മാറ്റങ്ങളെക്കുറിച്ച് മാത്രം ഓർമിച്ചു മുന്നോട്ടു പോകുവാൻ തുടങ്ങി. ഇപ്പോൾ മോശം കമന്റുകളെയോ മെസേജുകളെയോ പേടിയില്ലാതെയായി. ഏതു തിരഞ്ഞെടുക്കണമെന്നത് നമ്മുടെ ഓപ്ഷൻ ആണല്ലോ. അങ്ങനെ ഉള്ളതിൽ നിന്നൊക്കെ അകലം പാലിക്കുന്നു. എന്റേതായ ചെറിയ വഴിയിലൂടെ മുന്നോട്ടു പോവുന്നു. ദാരിദ്ര്യകഥകളെഴുതി ഫെയ്മസായി എന്നു പറഞ്ഞവരുണ്ട്. അവരോടു ഞാൻ പറയാറുള്ളത് എനിക്ക് എഴുതാൻ എന്റെ ജീവിതമുണ്ട്, അതു ഞാനെഴുതും എന്നാണ്, കെട്ടുകഥകളെന്നും ദാരിദ്ര്യകഥകളെന്നും നിങ്ങൾക്കു തോന്നുന്നത് അതു നിങ്ങൾ അനുഭവിക്കാത്തതു കൊണ്ടു മാത്രമാണെന്നാണ്. അടുക്കളയുടെ നാലുചുമരുകൾക്കുള്ളിൽ ഒതുങ്ങാതെ, ഒരു സ്ത്രീ എന്ന നിലയിൽ ആഗ്രഹത്തിനൊത്തു ജീവിക്കാൻ സോഷ്യൽ മീഡിയ എന്നെ സഹായിച്ചിട്ടുണ്ട്. ഭർത്താവ് പോൾസൺ തരുന്ന സ്നേഹവും പിന്തുണയുമാണ് എന്റെ ജീവിതത്തിലെ വിജയം. ഒരു ജീവിതവും ചെറുതല്ല. ഒരു മനുഷ്യനും. ഈ ഭൂമി എല്ലാവർക്കും വേണ്ടിയുള്ളതാണല്ലോ.

 

∙ വരാനിരിക്കുന്ന പുസ്തകത്തെക്കുറിച്ചു പറയാമോ?

 

‘ഇലമഴക്കാലങ്ങൾ’ എന്ന പുസ്തകം. അതെന്റെ അനുഭവക്കുറിപ്പുകൾ ഉൾപ്പെട്ട പുസ്തകമാണ്. പതിനഞ്ച് വയസ്സ് തൊട്ട് ഇരുപത് വയസ്സു വരെയുള്ള ജീവിതത്തെ അതിൽ വരച്ചു വച്ചിരിക്കുന്നു. പിന്നെയൊരു നോവൽ. ചെറുകഥകളടങ്ങിയ മറ്റൊരു പുസ്തകം. അക്ഷരങ്ങൾ ചതിക്കില്ലെന്നാണ് എന്റെ വിശ്വാസം. കാലവും സമയവും അനുയോജ്യമാണെങ്കിൽ അവ അച്ചടിമഷി പുരളും. അതിനായി എന്റെ പരിശ്രമം തുടരുകയും ചെയ്യും.

 

Content Summary: Puthuvakku talk with writer Neethu Paulson

 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT