ഒരു ബാക്ക്പാക്കും തൂക്കി ഒരൊറ്റ 'മുങ്ങൽ'; ആയിരം രൂപ കൊണ്ടൊരു നേപ്പാൾ ചുറ്റൽ - അബ്രീദയുടെ 'കറക്ക'ങ്ങൾ ഇങ്ങനെ
ഒരു പെൺകുട്ടി കറങ്ങാനിറങ്ങുമ്പോൾ കൂടെ ലോകവും കറങ്ങുന്നു. ആ കറക്കത്തിനൊടുവിൽ കൂടുതൽ നല്ലൊരു ലോകത്തേക്ക് മനുഷ്യരെല്ലാം എത്തിച്ചേരുന്നു. അത്തരം കുറേ കറക്കങ്ങളെക്കുറിച്ചാണ് അബ്രീദ ബാനു ‘കറക്കം’ എന്ന തന്റെ പുസ്തകത്തിൽ എഴുതിയിരിക്കുന്നത്. ഡൽഹി ജാമിയ മിലിയ സർവകലാശാലയിൽ എൽഎൽബി അവസാനവർഷ വിദ്യാർഥിയായ അബ്രീദ
ഒരു പെൺകുട്ടി കറങ്ങാനിറങ്ങുമ്പോൾ കൂടെ ലോകവും കറങ്ങുന്നു. ആ കറക്കത്തിനൊടുവിൽ കൂടുതൽ നല്ലൊരു ലോകത്തേക്ക് മനുഷ്യരെല്ലാം എത്തിച്ചേരുന്നു. അത്തരം കുറേ കറക്കങ്ങളെക്കുറിച്ചാണ് അബ്രീദ ബാനു ‘കറക്കം’ എന്ന തന്റെ പുസ്തകത്തിൽ എഴുതിയിരിക്കുന്നത്. ഡൽഹി ജാമിയ മിലിയ സർവകലാശാലയിൽ എൽഎൽബി അവസാനവർഷ വിദ്യാർഥിയായ അബ്രീദ
ഒരു പെൺകുട്ടി കറങ്ങാനിറങ്ങുമ്പോൾ കൂടെ ലോകവും കറങ്ങുന്നു. ആ കറക്കത്തിനൊടുവിൽ കൂടുതൽ നല്ലൊരു ലോകത്തേക്ക് മനുഷ്യരെല്ലാം എത്തിച്ചേരുന്നു. അത്തരം കുറേ കറക്കങ്ങളെക്കുറിച്ചാണ് അബ്രീദ ബാനു ‘കറക്കം’ എന്ന തന്റെ പുസ്തകത്തിൽ എഴുതിയിരിക്കുന്നത്. ഡൽഹി ജാമിയ മിലിയ സർവകലാശാലയിൽ എൽഎൽബി അവസാനവർഷ വിദ്യാർഥിയായ അബ്രീദ
ഒരു പെൺകുട്ടി കറങ്ങാനിറങ്ങുമ്പോൾ കൂടെ ലോകവും കറങ്ങുന്നു. ആ കറക്കത്തിനൊടുവിൽ കൂടുതൽ നല്ലൊരു ലോകത്തേക്ക് മനുഷ്യരെല്ലാം എത്തിച്ചേരുന്നു. അത്തരം കുറേ കറക്കങ്ങളെക്കുറിച്ചാണ് അബ്രീദ ബാനു ‘കറക്കം’ എന്ന തന്റെ പുസ്തകത്തിൽ എഴുതിയിരിക്കുന്നത്. ഡൽഹി ജാമിയ മിലിയ സർവകലാശാലയിൽ എൽഎൽബി അവസാനവർഷ വിദ്യാർഥിയായ അബ്രീദ ഒരു ബാക്ക്പാക്കും തൂക്കി കറങ്ങാൻ പോയ സ്ഥലങ്ങളിൽ രാജസ്ഥാനും പഞ്ചാബും ഉത്തർപ്രദേശും ഉത്തരാഖണ്ഡും മഹാരാഷ്ട്രയും കൂടാതെ അയൽരാജ്യമായ നേപ്പാളുമുണ്ട്. ആലോചിച്ചുറപ്പിച്ച യാത്രകളായിരുന്നില്ല ഇവയൊന്നും എന്നതാണ് അബ്രീദയുടെ കറക്കങ്ങളുടെ പ്രത്യേകതകളിലൊന്ന്. ചുമ്മാ ഒന്നു കറങ്ങീട്ടു വരാം എന്നും പറഞ്ഞു വൈകുന്നേരങ്ങളിൽ നമ്മൾ വീട്ടിൽ നിന്നിറങ്ങാറില്ലേ. ഒരുനിമിഷം; അങ്ങനെ പറഞ്ഞു പുറത്തേക്കിറങ്ങാൻ നമ്മുടെ നാട്ടിൽ എത്ര പെൺകുട്ടികൾക്കു സാധിക്കുമെന്നതും ഇതിനോടു ചേർത്തു വായിക്കണേ. അത്തരം കറക്കങ്ങളാണ് അബ്രീദയുടേത്.
ഹോസ്റ്റൽ മുറിയിൽ മൂടിപ്പുതച്ചു കിടന്നുറങ്ങുമ്പോഴായിരിക്കും നേപ്പാളിലേക്കു പോകാനുള്ള ‘വിളി’ വരുന്നത്. അടുത്തനിമിഷം ബാഗുമെടുത്ത് ഇറങ്ങുകയായി. ആയിരം കിലോമീറ്ററിലേറെ അകലെയുള്ള അയൽരാജ്യത്തിലേക്കു പോയിവരാനായി കയ്യിലുള്ള തുകയാകട്ടെ ആയിരം രൂപയും. പൈസയുടെ കുറവോ സൗകര്യങ്ങളുടെ അപര്യാപ്തതയോ ഒന്നും യാത്ര പോകുന്നതിൽനിന്ന് അബ്രീദയെ പിന്തിരിപ്പിക്കുന്നില്ല എന്നതാണ് മറ്റൊരു പ്രത്യേകത. കാരണം മനുഷ്യരുടെ നന്മയിലും സ്നേഹത്തിലുമുള്ള അപാരമായ വിശ്വാസമാണ് യാത്രയിൽ കൈമുതൽ. അങ്ങനെയാണു നേപ്പാളുകാരനായ നരേന്ദ്രനെപ്പോലുള്ളവരെ ബസിൽ വച്ചു പരിചയപ്പെടുന്നതും പിന്നീടവർ യാത്രയുടെ മാത്രമല്ല, ജീവിതത്തിന്റെ തന്നെ ഭാഗമായി മാറുന്നതും. ചുറ്റുമുള്ള നൂറുകണക്കിനു മനുഷ്യരുടെ കണ്ണുകളിലൂടെയാണ് അബ്രീദ ഓരോ സ്ഥലത്തെയും കാഴ്ചകളൊക്കെയും കാണുന്നത്. പുസ്തകം വായിച്ചു കഴിയുമ്പോൾ അബ്രീദയുടെ പരിചയക്കാർ നമ്മുടെയും അടുപ്പക്കാരായി മാറുന്നു. അവരിലൂടെ നമ്മളും ലോകം കാണുന്നു. പത്ത് അധ്യായങ്ങൾ പിന്നിട്ടു ‘കറക്ക’മവസാനിപ്പിക്കുമ്പോൾ നമ്മളുമൊരു പുതിയ മനുഷ്യനായിക്കഴിഞ്ഞിരിക്കും.
∙ ‘കറക്കം’ എന്ന പുസ്തകമെഴുതിയതിന്റെ രീതി എങ്ങനെയായിരുന്നു. യാത്രയ്ക്കിടയിൽ കുറിപ്പുകൾ എഴുതി സൂക്ഷിച്ച് ഒടുവിൽ അതു ക്രോഡീകരിക്കുകയായിരുന്നോ? അതോ ഒറ്റയടിക്ക് ഓർമയിൽനിന്ന് യാത്രാനുഭവങ്ങൾ ഒരുമിച്ച് എഴുതുകയായിരുന്നോ?
പുസ്തകമെഴുതുകയെന്ന ആഗ്രഹവും കൊണ്ടുനടന്നിരുന്ന ഒരാളേ അല്ലായിരുന്നു ഞാൻ. ഒരു പുസ്തകത്തിനു വേണ്ടത്ര കാമ്പുള്ള ആശയങ്ങൾ എന്നിലില്ല എന്ന തോന്നൽ തന്നെയായിരുന്നു കാരണം. ആ സമയത്താണു കൊറോണയും അതിനെത്തുടർന്നു ലോക്ഡൗണും സംഭവിക്കുന്നത്. അങ്ങനെ പ്രത്യേകിച്ച് പണികളൊന്നുമില്ലാതിരിക്കുന്ന സമയത്താണു സുഹൃത്തായ ഷഫീഖ, എന്തുകൊണ്ടു യാത്ര പോയ അനുഭവങ്ങളെയെല്ലാം കൂട്ടിയിണക്കി ഒരു പുസ്തകമെഴുതിക്കൂടാ എന്ന ആശയം മുന്നോട്ടുവയ്ക്കുന്നത്. അങ്ങനെയാണു പുസ്തകം എന്നൊരാഗ്രഹത്തിലേക്കു ഞാൻ എത്തിപ്പെടുന്നത്. അതിനു ശേഷമാണ് ആറു മാസമെടുത്ത്, ഞാൻ പോയതിൽ എനിക്കേറെ ഇഷ്ടമുള്ള പത്തു സ്ഥലങ്ങൾ തിരഞ്ഞെടുത്ത് എഴുതുന്നത്.
∙ അബ്രീദയ്ക്ക് ഏറ്റവുമിഷ്ടപ്പെട്ട യാത്രാസാഹിത്യ പുസ്തകമേതാണ്? എന്താണ് ആ ഇഷ്ടത്തിനു കാരണം?
ഞാൻ വായിച്ച സഞ്ചാരസാഹിത്യങ്ങൾ എണ്ണത്തിൽ വളരെ കുറവാണ്. ഈയടുത്തായി വായിച്ച ബെന്യാമിന്റെ ‘ഇരട്ടമുഖമുള്ള നഗരം’ ഒരുപാടിഷ്ടമായി. ഒരുപക്ഷേ, എന്നെങ്കിലും ഒരിക്കൽ പോയാൽ കൊള്ളാം എന്നാഗ്രഹിക്കുന്ന ഒരു സ്ഥലമായതു കൊണ്ടും പ്രിയപ്പെട്ട എഴുത്തുകാരന്റെ പുസ്തകമായതു കൊണ്ടുമായിരിക്കാം ആ പ്രിയം.
∙ പുഷ്കർ മേള എന്ന അധ്യായത്തിന്റെ തുടക്കത്തിൽ അബ്രീദ ഇങ്ങനെയെഴുതി: ‘‘പക്ഷേ, ഒൻപത് ആൺകുട്ടികൾക്കൊപ്പം ഒരു പെണ്ണു മാത്രം എന്ന ഒരൊറ്റക്കാരണം കൊണ്ട് അന്നെനിക്കു നേരിടേണ്ടി വന്ന പല ചോദ്യങ്ങളും വിമർശനങ്ങളും കുറച്ചൊന്നുമായിരുന്നില്ല’’. അന്നത്തെ സ്ഥിതിയിൽ ഇന്ന്, ഈ 2022 ൽ മാറ്റങ്ങളുണ്ടോ? സമൂഹത്തിന്റെ മനോഭാവം ഇന്നെങ്ങനെയാണ്?
അന്നത്തേതിൽനിന്ന് ഇന്ന് ഒരുപാട് മാറ്റങ്ങളുണ്ടായിട്ടുണ്ട്. പല ഇടങ്ങളിലുമെന്നതു പോലെ യാത്രകളിലും പെൺകുട്ടികൾ തുടക്കകാലങ്ങളിൽ ഒരുപാടു പ്രതിസന്ധികൾ നേരിടേണ്ടി വരും. പിന്നെ ഇതാണു നമ്മുടെ പാഷൻ, ആഗ്രഹം, സന്തോഷം എന്നെല്ലാം ആളുകൾ തിരിച്ചറിയാൻ ഒരുപാടു സമയമെടുക്കും. എത്ര സമയമെടുത്താലും തിരിച്ചറിയാത്ത മനുഷ്യരുമുണ്ട്. എന്റെ കാര്യത്തിൽ ഇപ്പോൾ ഞാൻ കേൾക്കേണ്ടി വരുന്ന വിമർശനങ്ങളുടെ എണ്ണം വിരളമാണ്. അതു ഞാൻ നിരന്തരമായി നടത്തിയ പോരാട്ടത്തിന്റെ ഫലമാണെന്ന് എനിക്ക് തീർച്ചയായും പറയാൻ കഴിയും. എങ്കിലും ഇപ്പോഴും ചോദ്യത്തിന്റെ മുനകളുമായി നോട്ടമെറിയുന്നവരും കുറ്റപ്പെടുത്തുന്നവരുമില്ലെന്നല്ല. അവരെയൊന്നും ഞാൻ ശ്രദ്ധിക്കുന്നില്ല എന്നു മാത്രം. എങ്കിലും ‘കറക്കം’ എന്റെ യാത്രയ്ക്കുള്ള വലിയ പ്രോത്സാഹനം തന്നെയാണ്.
∙ ആയിരം രൂപ മാത്രം കയ്യിലുള്ളപ്പോഴാണല്ലോ നേപ്പാൾ യാത്രയ്ക്കിറങ്ങിയത്. ആ ധൈര്യം എങ്ങനെ കിട്ടി? ചെറിയ പൈസ കൊണ്ടു യാത്ര ചെയ്യുന്നവരോട് അബ്രീദയ്ക്ക് പറയാനുള്ളത് എന്താണ്? സൗജന്യ താമസത്തിനും ഭക്ഷണത്തിനും ആശ്രയിക്കാവുന്ന ഗുരുദ്വാരകളെപ്പോലെ അവർക്ക് ഉപകാരപ്രദമാകുന്ന മറ്റെന്തൊക്കെയുണ്ട്?
സാധാരണ മിഡിൽക്ലാസ് കുടുംബത്തിൽ ജനിച്ചു വളർന്ന കുട്ടിയാണു ഞാൻ. ഫീസിനും താമസത്തിനുമുള്ള പണം മാത്രമേ എനിക്കവരിൽനിന്നു വാങ്ങാൻ കഴിയുമായിരുന്നുള്ളൂ. അവരെ സംബന്ധിച്ച് വിദ്യാഭ്യാസം എന്നത് ഏറ്റവും ആവശ്യമുള്ള കാര്യവും യാത്രയെന്നത് എന്റെ മാത്രം പാഷനുമായിരുന്നു. ആ തിരിച്ചറിവ് എനിക്കുമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ അവരയയ്ക്കുന്ന പണത്തിൽനിന്നു മിച്ചംവയ്ക്കുന്ന കാശു കൊണ്ടായിരുന്നു ഞാൻ തുടക്കത്തിൽ യാത്ര ചെയ്തിരുന്നത്. ആ സമയത്ത് എനിക്ക് ഒരുപക്ഷേ, മിച്ചംവയ്ക്കാൻ കഴിയുന്നതു വെറും ആയിരമോ രണ്ടായിരമോ മാത്രം ആയിരിക്കും. ഒന്നുകിൽ ആ പണം കൊണ്ട് സൗകര്യങ്ങൾ കുറച്ചു യാത്ര ചെയ്യുകയോ അല്ലെങ്കിൽ യാത്ര ചെയ്യാതിരിക്കുകയോ മാത്രമാണ് എന്റെ മുന്നിലുള്ള രണ്ടു വഴികൾ. അതിൽ ഞാൻ ഒന്നാമത്തേതു തിരഞ്ഞെടുത്തു. അത്ര മാത്രം. സത്യത്തിൽ യാത്ര ചെയ്യാനുള്ള അതിയായ ആഗ്രഹം തന്നെയാണ് ഏതു സാഹചര്യങ്ങളിലും യാത്ര ചെയ്യാനുള്ള ധൈര്യത്തിൽ നമ്മെ കൊണ്ടെത്തിക്കുന്നത്. യാത്ര ചെയ്യണം എന്ന ആഗ്രഹവും ഏതു സാഹചര്യങ്ങളെയും പോസിറ്റീവ് ആയി കാണാനുള്ള മനസ്സും തന്നെയാണു യാത്രകൾ ചെയ്യാൻ നമുക്ക് ആദ്യം വേണ്ടത്.
യാത്രകളിൽ താമസത്തിനും ഒരുനേരത്തെ ഭക്ഷണത്തിനുമെല്ലാം നമുക്കു ഗുരുദ്വാരകളും പള്ളികളും അമ്പലങ്ങളുമെല്ലാം ഉപയോഗിക്കാം. അവർ നമുക്കു ചെയ്തു തരുന്ന സേവനത്തിനു പകരമായി അവരുടെ വിശ്വാസങ്ങളെയും സംസ്കാരങ്ങളെയും ബഹുമാനിക്കാനുള്ള ഒരു മനസ്സ് മാത്രം കാണിച്ചാൽ മതി.
∙കറക്കത്തിൽ പ്രതിപാദിക്കുന്ന യാത്രകളിൽ അബ്രീദയ്ക്ക് ഏറ്റവുമിഷ്ടപ്പെട്ട യാത്രാനുഭവം ഏതാണ്? സ്ഥലം ഏതാണ്?
കറക്കത്തിൽ പ്രതിപാദിച്ചിട്ടുള്ള പത്ത് സ്ഥലങ്ങളും എനിക്ക് പത്തു രീതിയിൽ പ്രിയപ്പെട്ടതാണ്. അതിനു കാരണം ഒരുപക്ഷേ, ഞാൻ കണ്ട കാഴ്ചകളാവാം, കണ്ടുമുട്ടിയ മനുഷ്യരാവാം, ഞാൻ പഠിക്കുകയും, തിരുത്തുകയും ചെയ്ത പാഠങ്ങളാവാം. അങ്ങനെയങ്ങനെ എന്തുമാവാം. അവയിലൊരെണ്ണം മാത്രം പറയാൻ പറഞ്ഞാൽ പത്ത് കുഞ്ഞുങ്ങളെ പ്രസവിച്ച ഒരമ്മ ഇതിൽ ഏതു കുഞ്ഞിനെയാണ് ഏറ്റവും ഇഷ്ടം എന്ന ചോദ്യം കേട്ട അവസ്ഥയാകും.
∙ട്രെയിനുകളെ അബ്രീദ രണ്ടാം വീടായി പുസ്തകത്തിൽ വിശേഷിപ്പിക്കുന്നുണ്ട്. അതേപ്പറ്റി വിശദമാക്കാമോ?
ചെലവു ചുരുക്കിയുള്ള യാത്രകളായതു കൊണ്ടു തന്നെ ഞാനേറ്റവും കൂടുതൽ തിരഞ്ഞെടുത്തിട്ടുള്ള യാത്രാമാർഗം ട്രെയിനുകളാണ്. അതേ ട്രെയിനുകളിൽ തന്നെയാണു മിക്ക യാത്രകളിലും രാത്രി ഉറങ്ങാറും പല്ല് തേക്കാറും പ്രാഥമിക കർമങ്ങൾ നിർവഹിക്കാറുമെല്ലാം. ബസിനും ഓട്ടോക്കുമൊന്നുമില്ലാത്ത ഈ സൗകര്യങ്ങളും ചെറിയ ടിക്കറ്റ് ചാർജും പെട്ടെന്നെത്താം എന്നുള്ളതുമൊക്കെയാണ് യാത്രകളിൽ ട്രെയിൻ തിരഞ്ഞെടുക്കാനുള്ള കാരണങ്ങൾ. കൂട്ടത്തിൽ, മോഷൻ സിക്നെസ്സ് നല്ലവണ്ണം ഉള്ളൊരാളാണു ഞാൻ. ബസുകളിലും കാറിലുമെല്ലാമുള്ള ഏറെ സമയത്തെ യാത്ര എന്നെ ആകെ കുഴക്കും. അതുകൊണ്ടു തന്നെ മറ്റു മാർഗങ്ങൾ ഒന്നുമില്ലാത്ത സമയത്തു മാത്രമാണ് ഞാൻ ട്രെയിനുകളല്ലാതെ മറ്റു വാഹനങ്ങളെ ആശ്രയിക്കുന്നത്. പിന്നെ ട്രെയിൻ യാത്രകളിൽ കണ്ടുമുട്ടപ്പെടുന്ന പല മനുഷ്യരും പിന്നീട് എന്റെ ഏറ്റവും അടുത്തവരുമായിട്ടുണ്ട് എന്നതും ഒരു വലിയ കാരണമാണ്. പുതിയ പുതിയ യാത്രകളിൽ ഞാൻ പുതിയ മനുഷ്യരെക്കൂടിയാണു തേടിക്കൊണ്ടിരിക്കുന്നത്. എന്നെ ഇത്രയും കംഫർട്ടബിൾ ആക്കി യാത്ര ചെയ്യിപ്പിക്കുന്നതുകൊണ്ടു തന്നെയാണു ട്രെയിനുകൾ എന്റെ സെക്കൻഡ് ഹോം ആവാനുള്ള കാരണവും.
∙പോകുന്ന സ്ഥലത്തെല്ലാം ഈ നല്ല മനുഷ്യരെ മാത്രം എങ്ങനെ കണ്ടെത്തുന്നു? ചീത്ത മനുഷ്യരില്ല എന്നാണോ? മോശം അനുഭവങ്ങളുമുണ്ടായിട്ടില്ലേ? അവയെങ്ങനെ തരണം ചെയ്തു?
മോശം അനുഭവങ്ങൾ വളരെ വിരളമാണ്. ഞാൻ വിശ്വസിക്കുന്നത് ഈ ലോകത്തു ചീത്ത മനുഷ്യരേക്കാളേറെ നല്ല മനുഷ്യർ തന്നെയാണെന്നാണ്. അതിനർഥം ചീത്ത മനുഷ്യർ ഇല്ലേയില്ല എന്നല്ല. പിന്നെ ഒരു പെൺകുട്ടിയായി യാത്രയ്ക്കിറങ്ങിത്തിരിക്കുന്നത് ഇതെല്ലാം പ്രതീക്ഷിച്ചു തന്നെയാണ്. അതിനെയെല്ലാം നേരിടാനുള്ള ധൈര്യം സംഭരിച്ചു വച്ചു തന്നെയാണ്. സ്വന്തം നാട്ടിലെ ഒരു പ്രൈവറ്റ് ബസിൽ ഒരു സ്ത്രീ കയറിയാൽ അവൾക്ക് പലപ്പോഴും നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ തന്നെയേ എനിക്കും നേരിടേണ്ടി വന്നിട്ടുള്ളൂ. അതു തരണം ചെയ്യാനും ഞാൻ ശീലിച്ചിരുന്നു. ചോദിക്കേണ്ടിടത്ത് ചോദിച്ചും കൊടുക്കേണ്ടിടത്തു കൊടുത്തും സ്നേഹിക്കേണ്ടിടത്തു സ്നേഹിച്ചും തന്നെയാണു യാത്രകൾ ചെയ്യാറുള്ളത്.
∙ അബ്രീദയുടെ ആദ്യത്തെ യാത്ര എങ്ങോട്ടേക്കായിരുന്നു? അതേപ്പറ്റി പറയാമോ?
അത് ഹിമാചലിലെ ഡാൽഹോസിയിലേക്കായിരുന്നു. ആ യാത്രയെ കുറിച്ച് ഞാൻ പുഷ്കർ മേള എന്ന അധ്യായത്തിൽ ചെറുതായൊരു പരാമർശം നടത്തുന്നുണ്ട്. ഒൻപത് ആൺകുട്ടികൾക്കൊപ്പം ഒരു പെൺകുട്ടി എന്നതു മറ്റുള്ളവരെ ചൊടിപ്പിച്ചെങ്കിലും എന്നെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷിപ്പിച്ച യാത്രയായിരുന്നു അത്. ഞാൻ ആദ്യമായി മഞ്ഞു കണ്ട, ഡൽഹിക്കു പുറത്തേക്ക് സഞ്ചരിച്ച, ഒരുപാട് മനുഷ്യരെ പരിചയപ്പെട്ട, അങ്ങനെ ഒരുപാടു സവിശേഷതകളുള്ള ഒരു യാത്രയായിരുന്നു അത്.
∙ അബ്രീദയുടെ വായന എങ്ങനെയാണ്? ഇഷ്ടപ്പെട്ട പുസ്തകങ്ങൾ? എഴുത്തുകാർ?
കൂടുതലും നോവലുകൾ വായിക്കാനാണ് ഏറെയിഷ്ടം. ബെന്യാമിൻ തന്നെയാണ് എക്കാലത്തെയും പ്രിയപ്പെട്ട എഴുത്തുകാരൻ. അദ്ദേഹത്തിന്റെ ആടുജീവിതവും മഞ്ഞവെയിൽ മരണങ്ങളും ഏറ്റവും ഇഷ്ടപ്പെട്ടതും പലതവണ ആവർത്തിച്ചു വായിച്ചതുമായ പുസ്തകങ്ങളാണ്. അതുകൂടാതെ അഖിൽ പി. ധർമജന്റെ റാം c/o ആനന്ദി, സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം, അജയ് പി. മങ്ങാട്ടിന്റെ സൂസന്നയുടെ ഗ്രന്ഥപ്പുര തുടങ്ങിയവയും പ്രിയപ്പെട്ട പുസ്തകങ്ങളാണ്.
∙ യാത്രയെ സ്നേഹിക്കുന്നവരോട്, യാത്ര പോകാനാഗ്രഹിക്കുന്നവരോട് അബ്രീദയ്ക്കു പറയാനുള്ളത് എന്താണ്?
യാത്രയെ സ്നേഹിക്കുന്നവരോടു പ്രത്യേകിച്ച് ഒന്നും പറയാനില്ലെന്നു തോന്നുന്നു. കാരണം അവരുടെ ഉള്ളിൽ യാത്രകളോടുള്ള സ്നേഹം ജനിച്ചു കഴിഞ്ഞിരിക്കുന്നു. ഇനിയൊരിക്കലും മറ്റൊന്നിനും അവരെ ആ യാത്രകളിൽനിന്നു പിന്തിരിപ്പിക്കാൻ കഴിയുകയില്ല. അവർ യാത്രകൾ ചെയ്തുകൊണ്ടേയിരിക്കും. യാത്ര പോകുന്നവരോടു പറയാനുള്ളത് എപ്പോഴും ഒരു റെസ്പോൺസിബിൾ ട്രാവലർ ആവുക എന്നതാണ്. യാത്ര ചെയ്യാൻ തുടങ്ങുന്നതു മുതൽ ചില ഉത്തരവാദിത്തങ്ങൾ നമ്മളിൽ വന്നു പതിക്കയാണ്. നമ്മൾ കാണുന്ന സ്ഥലങ്ങൾ അതേപടി, അതിന്റെ ഭംഗി ഒട്ടും ചോരാതെ മറ്റുള്ള മനുഷ്യരിലേക്കും എത്തിക്കുക എന്നത് വലിയ ഒരുത്തരവാദിത്തമാണ്. ഒന്നുകിൽ ആ ഉത്തരവാദിത്തം ഏറ്റെടുക്കുകയോ അല്ലെങ്കിൽ യാത്രകൾ ഒഴിവാക്കുകയോ ചെയ്യുക. എല്ലാ മനുഷ്യരും ആദ്യത്തേത് തിരഞ്ഞെടുക്കണമെന്നു തന്നെയായിരിക്കും പ്രകൃതിയും ദൈവവും ആഗ്രഹിക്കുന്നത്.
∙ ഇനി പോകാനാഗ്രഹമുള്ള സ്ഥലങ്ങളേതൊക്കെയാണ്?
പ്രപഞ്ചത്തിലുള്ള എല്ലാ സ്ഥലങ്ങളും പോയി കാണാൻ ആഗ്രഹിക്കുന്നതു തന്നെയാണ്. നമ്മുടെയീ ഇത്തിരി കുഞ്ഞൻ ജീവിതത്തിൽ നമുക്കൊരുപാട് പരിമിതികളുണ്ടാവും. അതിൽനിന്നു കൊണ്ടും അതിനെ തരണം ചെയ്യാൻ പരിശ്രമിച്ചു കൊണ്ടും യാത്രകൾ തുടർന്നുകൊണ്ടേയിരിക്കണം എന്നതാണു വലിയ ആഗ്രഹം.
English Summary: Puthuvakku, Talk with writer Abreeda Banu