ആ നോവൽ, ഒന്നും സംഭവിക്കരുതെന്ന് ആഗ്രഹിച്ചു, നടുക്കം മാറുന്നില്ല; ടി.ഡി. രാമകൃഷ്ണൻ എഴുതുന്നു
തമിഴ്നാട്ടിലെ ഡാനിഷ്പേട്ടിൽ 28 വർഷം മുൻപു നടന്ന ട്രെയിൻ അപകടം പ്രമേയമാക്കി ‘പച്ച, മഞ്ഞ, ചുവപ്പ്’ എന്ന നോവലെഴുതുമ്പോൾ, അതുപോലൊരു അപകടം ആവർത്തിക്കരുതേ എന്നായിരുന്നു മനസ്സിൽ. പക്ഷേ, അതിലും വലിയൊരു അപകടം ബാലസോറിലുണ്ടായെന്നു കേട്ടപ്പോൾ വലിയ നടുക്കമാണ് അനുഭവപ്പെട്ടത്. ടിക്കറ്റ് കലക്ടർ മുതൽ ചീഫ് കൺട്രോളർ

തമിഴ്നാട്ടിലെ ഡാനിഷ്പേട്ടിൽ 28 വർഷം മുൻപു നടന്ന ട്രെയിൻ അപകടം പ്രമേയമാക്കി ‘പച്ച, മഞ്ഞ, ചുവപ്പ്’ എന്ന നോവലെഴുതുമ്പോൾ, അതുപോലൊരു അപകടം ആവർത്തിക്കരുതേ എന്നായിരുന്നു മനസ്സിൽ. പക്ഷേ, അതിലും വലിയൊരു അപകടം ബാലസോറിലുണ്ടായെന്നു കേട്ടപ്പോൾ വലിയ നടുക്കമാണ് അനുഭവപ്പെട്ടത്. ടിക്കറ്റ് കലക്ടർ മുതൽ ചീഫ് കൺട്രോളർ വരെയുള്ള പല ചുമതലകളിലായി റെയിൽവേയിൽ 35 വർഷം ജോലി ചെയ്തയാളെന്ന നിലയിൽ ഒരുകാര്യം എനിക്കു വ്യക്തമായി പറയാനാകും, റെയിൽവേയുടെ സുരക്ഷാ മാനദണ്ഡങ്ങൾ പ്രകാരം ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത അപകടമാണിത്. ഒരു കാലത്ത് പാഠപുസ്തകം പോലെ പഠിപ്പിച്ചിരുന്ന സംഭവമാണു വാണിയംപാടി ട്രെയിൻ ദുരന്തം. 4 പതിറ്റാണ്ടു മുൻപു നടന്ന ആ സംഭവത്തോടെ സുരക്ഷിതത്വത്തിന് റെയിൽവേ പ്രഥമ പരിഗണന നൽകിയിരുന്നു. എന്നിട്ടും ദുരന്തങ്ങൾ ആവർത്തിക്കുന്നതെങ്ങനെയെന്നതിൽ ഗൗരവത്തോടെയുള്ള അന്വേഷണം വേണ്ടതാണ്.
ഡാനിഷ്പേട്ടിലെ ട്രെയിൻ അപകടത്തിന്റെ ഉത്തരവാദിത്തം സ്റ്റേഷൻ മാനേജരുടെ ശിരസ്സിലേക്കു മാത്രമായി ഒതുങ്ങുന്നതും അദ്ദേഹം ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കുന്നതിൽനിന്നുമാണ് ‘പച്ച, മഞ്ഞ, ചുവപ്പ്’ ആരംഭിക്കുന്നത്. നോവലിനു പ്രചോദനമായ അപകടമുണ്ടായതു ട്രെയിനുകളുടെ കൂട്ടിയിടി മൂലമാണ്. ഏറക്കുറെ സമാനമാണ് ഒഡീഷയിലെ അപകടവും. ഇത്തരം സംഭവങ്ങൾ സാങ്കേതികത്തകരാറുകൾ മൂലമോ ജീവനക്കാരുടെ വീഴ്ച മൂലമോ ഒക്കെയാകാം സംഭവിക്കുക. എന്നാൽ, റെയിൽവേയുടെ സുരക്ഷാ മാനദണ്ഡങ്ങൾ പ്രകാരം സാങ്കേതികത്തകരാറോ ഒരു വ്യക്തിക്കു സംഭവിക്കുന്ന പിഴവോ ട്രെയിൻ അപകടത്തിനു കാരണമാകാൻ പാടില്ല. ഒരു വ്യക്തിക്കു സംഭവിക്കുന്ന പിഴവു മറ്റു ജീവനക്കാരാൽ തിരുത്തപ്പെടുംവിധമാണു റെയിൽവേയുടെ സുരക്ഷാ ക്രമീകരണം. അപകടകാരണം സംബന്ധിച്ച ഔദ്യോഗിക കണ്ടെത്തലുകൾ പുറത്തുവരാനിരിക്കുന്നതേയുള്ളൂ. റെയിൽവേയുടെ സുപ്രധാന കോറിഡോറുകളെല്ലാം പരമാവധി ശേഷി (ലൈൻ കപ്പാസിറ്റി) അധികരിച്ചാണു പ്രവർത്തിക്കുന്നത്.
കൂടുതൽ വണ്ടികൾ ഓടിക്കേണ്ടിവരുമ്പോൾ അതിനനുസരിച്ച് അടിസ്ഥാനസൗകര്യങ്ങൾ വർധിച്ചില്ലെങ്കിൽ അപകടങ്ങൾക്കു സാധ്യതയുണ്ട്. ഈ സമ്മർദം ഏറ്റെടുക്കേണ്ടിവരുന്ന ജീവനക്കാരുടെ അവസ്ഥയും നിർണായകമാണ്. ജീവനക്കാരെയും യന്ത്രതുല്യരായി കാണുന്ന അവസ്ഥ സുരക്ഷയെയാണ് ആദ്യം ബാധിക്കുക. സിഗ്നലിങ്, ആന്റി കൊളിഷൻ സംവിധാനം തുടങ്ങിയവയിൽ അത്യാധുനിക സാങ്കേതികവിദ്യകൾ സ്വന്തം നിലയ്ക്കു വികസിപ്പിച്ചു നടപ്പാക്കാൻ കഴിയാത്തതും വെല്ലുവിളിയാണ്. റെയിൽവേ സുരക്ഷയ്ക്കായുള്ള ഫണ്ടിന്റെ വിനിയോഗം എത്രത്തോളം കാര്യക്ഷമമാണെന്നതും പരിശോധിക്കപ്പെടണം. അപകടങ്ങളുണ്ടാകുമ്പോൾ തലപ്പത്തുള്ളവർ രാജിവയ്ക്കുന്നതും അന്വേഷണസമിതികൾ ഏതെങ്കിലും ജീവനക്കാരനുമേൽ പഴിചാരി തുടർനടപടികൾ അവസാനിപ്പിക്കുന്നതുമാണു പതിവായി കാണാറുള്ളത്.
എന്നാൽ, അപകടത്തിനിടയാക്കിയ കാരണമാണു കൂടുതൽ ഗൗരവത്തോടെ അന്വേഷിക്കണ്ടത്. ഭാവിയിൽ ഇത്തരം അപകടം ഒഴിവാക്കുക എന്നതാകണം എല്ലാ അന്വേഷണങ്ങളുടെയും ലക്ഷ്യം. സാങ്കേതികവിദ്യയും ആശയവിനിമയ സൗകര്യങ്ങളും വളരെയേറെ പുരോഗമിച്ചു. ട്രെയിൻ പാളംതെറ്റിയാൽ അതു കൺട്രോൾ റൂമിലറിയാനും മറ്റു ട്രെയിനുകൾ അതുവഴി കടന്നുപോകുന്നതു തടയാനും കൂട്ടിയിടി ഒഴിവാക്കാനുമൊക്കെ നിമിഷങ്ങൾ മതിയെന്നിരിക്കെ എന്തുകൊണ്ട് ഈ അപകടം സംഭവിച്ചുവെന്നു കണ്ടെത്തി തിരുത്തേണ്ടത് അനിവാര്യമാണ്.
(സാഹിത്യകാരനും ദക്ഷിണ റെയിൽവേ മുൻ ചീഫ് കൺട്രോളറുമാണ് ലേഖകൻ)