എംടിയുടെ എഴുത്ത്, ജീവിതം, ജീവിതവീക്ഷണം
എംടിയുടെ എഴുത്ത്, ജീവിതം, ജീവിതവീക്ഷണം എല്ലാം മലയാളത്തിനു പ്രധാനമാണ്. എംടിയുടെ നിശ്ചയം പക്ഷേ, ഇതിലൊക്കെയും താൻ അപ്രധാനം എന്നുമാണ്. കഡുഗണ്ണാവ എംടിയുടെ ഒരു കഥയാണ്. സിംഹളത്തിലെ ഒരു സ്ഥലവുമാണത്. അർഥം വഴിയമ്പലം.
എംടിയുടെ എഴുത്ത്, ജീവിതം, ജീവിതവീക്ഷണം എല്ലാം മലയാളത്തിനു പ്രധാനമാണ്. എംടിയുടെ നിശ്ചയം പക്ഷേ, ഇതിലൊക്കെയും താൻ അപ്രധാനം എന്നുമാണ്. കഡുഗണ്ണാവ എംടിയുടെ ഒരു കഥയാണ്. സിംഹളത്തിലെ ഒരു സ്ഥലവുമാണത്. അർഥം വഴിയമ്പലം.
എംടിയുടെ എഴുത്ത്, ജീവിതം, ജീവിതവീക്ഷണം എല്ലാം മലയാളത്തിനു പ്രധാനമാണ്. എംടിയുടെ നിശ്ചയം പക്ഷേ, ഇതിലൊക്കെയും താൻ അപ്രധാനം എന്നുമാണ്. കഡുഗണ്ണാവ എംടിയുടെ ഒരു കഥയാണ്. സിംഹളത്തിലെ ഒരു സ്ഥലവുമാണത്. അർഥം വഴിയമ്പലം.
നിർമമമായ കാലത്തിന്റെ ഒരു താൾ ആണ് എംടി. ആ താളിലും പരന്നു കിടക്കുന്നു നിർമമത. സംഭവിച്ചതിനെയും സംഭവിക്കാനിരിക്കുന്നതിനെയും കുറിച്ച് ആകുലങ്ങളില്ല. ഓരോന്നു ചെയ്തുതീർക്കാനും അദ്ദേഹം മുന്നോട്ടു വയ്ക്കുന്ന ചുവടുകൾ സ്വയം നൽകുന്ന താക്കീതുകളാണ്; മോഹങ്ങളല്ല. ഒന്നുകൊണ്ടും പ്രലോഭിപ്പിക്കാനാകാത്തൊരു സ്ഥൈര്യത്തിന്റെ കൊടുമുടി. ‘മഹാജനാനാം മനമിളകാ.....’ എന്നു കുറിച്ച വേള എംടിയെ കണ്ടിരുന്നിരിക്കണം. കാലം മനുഷ്യനു മുന്നിൽ വച്ചിട്ടുള്ള ഒരു പാഠപുസ്തകവുമാണ് എംടി. എല്ലാ കണക്കുകൂട്ടലുകൾക്കുമപ്പുറം, എല്ലാ അക്കാദമിക തീർപ്പുകൾക്കുമപ്പുറം കാലം പലതും ചെയ്യുന്നു. അതെങ്ങനെയൊക്കെയാകാം എന്ന് അദ്ഭുതപ്പെടാൻ എംടിയെ നോക്കിയാൽ മതി. അലസിപ്പിച്ചുകളയണമെന്നു ഡോക്ടർമാർ വിധിയെഴുതിയ ഗർഭം സർഗവൈഭവത്തിന്റെ ആരൂഢാംശങ്ങളെയാണു വഹിച്ചിരുന്നത്. 90 വയസ്സിന്റെ സർഗയൗവനത്തിൽ ഒരു നോവൽ അദ്ദേഹത്തിൽ ഗർഭപൂർത്തി പ്രാപിച്ചുകൊണ്ടിരിക്കുന്നു.
എംടിയുടെ എഴുത്ത്, ജീവിതം, ജീവിതവീക്ഷണം എല്ലാം മലയാളത്തിനു പ്രധാനമാണ്. എംടിയുടെ നിശ്ചയം പക്ഷേ, ഇതിലൊക്കെയും താൻ അപ്രധാനം എന്നുമാണ്. കഡുഗണ്ണാവ എംടിയുടെ ഒരു കഥയാണ്. സിംഹളത്തിലെ ഒരു സ്ഥലവുമാണത്. അർഥം വഴിയമ്പലം. എഴുത്തച്ഛൻ പറഞ്ഞ പെരുവഴിയമ്പലത്തിലെ വഴിപോക്കൻ എന്ന് ആ പദംകൊണ്ട് എംടി തന്നെത്തന്നെയും കുറിച്ചിരിക്കുകയാണോ?
ഖേദങ്ങളില്ല. തന്നെപ്പറ്റി ആരെന്തു പറഞ്ഞാലും അതു തന്നെ ബാധിക്കാൻ ഇടം കൊടുക്കാറില്ല. താൻ പറഞ്ഞതിനെപ്പറ്റി ആരെങ്കിലും കൊമ്പുകുലുക്കി വന്നാലും അവർക്കങ്ങനെ കുലുക്കാമല്ലോ എന്നേയുള്ളൂ. ഏതിനും മുൻപിൽ അദ്ദേഹം കാണുന്നത് തന്റെ സർഗസപര്യ തന്നെ. ചെയ്തുതീർത്ത വർക്കുകൾ, അതു കഥയാകട്ടെ തിരക്കഥയാകട്ടെ സിനിമയാകട്ടെ, അദ്ദേഹത്തോടൊപ്പമുണ്ട്. തിരികെപ്പോയി ഒന്നും തിരുത്താൻ ഉദ്ദേശിക്കാത്തപ്പോഴും അതോരോന്നിനെക്കുറിച്ചും അദ്ദേഹത്തിനു വിചാരങ്ങളുണ്ട്. വീഴ്ചകൾ വന്നുപോയതെന്താണ്, നന്നാക്കാമായിരുന്നത് എവിടെയൊക്കെയാണ്, ഒഴിവാക്കാമായിരുന്നത് എന്തൊക്കെയാണ് എന്നൊക്കെയുള്ള വിചാരങ്ങൾ.
ആ വിചാരങ്ങളിലെ ‘ഒഴിവാക്കാവുന്നവ’യുടെ കൂട്ടത്തിൽ നിർമാല്യത്തിലെ ക്ലൈമാക്സ് രംഗവുമുണ്ടോ? ഇല്ല അതിലൊന്നും അത്തരമൊരു വിചാരവുമില്ല. ആത്യന്തികമായി നിർമാല്യം ദാരിദ്ര്യത്തെപ്പറ്റിയുള്ള സിനിമയാണെന്നും എംടി പറയുന്നു. ‘That film is about poverty.’
‘ദാരിദ്ര്യത്തിന്റെ ആ ആവിഷ്കാരത്തിൽ അൽപം അതിശയോക്തിയുണ്ടോ?’
‘ഒട്ടുമില്ല.’
‘നേരിട്ടു കണ്ടതോ, അതോ പിന്നിൽ കഴിഞ്ഞുപോയതിനെപ്പറ്റി പറഞ്ഞുകേട്ടതോ?’
‘ഞാൻ നേരിട്ടു കണ്ടിട്ടുള്ളതാണത്.’
കോഴിക്കോട് കൊട്ടാരം റോഡിലെ എംടിയുടെ വീട് റോഡിൽ നിന്ന് അൽപം ഉള്ളിലേക്കു മാറിയാണ്. ഗേറ്റ് ചാരാത്ത വീട്. ബഹളങ്ങളുടെ മുഖ്യപാതയിൽ നിന്നു മാറിനടക്കാനാണ് എംടിക്ക് ഇഷ്ടം. അപ്പോഴും ചുറ്റുമുള്ള എല്ലാ സ്പന്ദനങ്ങളും ആ മനസ്സ് പിടിച്ചെടുക്കുന്നുണ്ട്. ഓർമയിൽ അതെല്ലാം ഉണ്ട്. എംടി ഒന്നും മറന്നുപോകുന്നില്ല. സൂക്ഷ്മമായ ഓർമ അദ്ദേഹത്തിനുള്ള മറ്റൊരു വരമാണ്. അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ കേട്ടിരിക്കുമ്പോഴറിയാം ആ ഓർമയുടെ ആഴം. എംടി ഓർമിക്കപ്പെടുന്നതോ? അതു സർഗവൈഭവത്തിന്റെ മുദ്രകൾ കൊണ്ടുതന്നെയാണ്. അത് എല്ലാ മലയാളിയുടെയും മുൻപിലുണ്ട്. സാഹിത്യത്തിനു പുറത്തു നിൽക്കുന്ന മലയാളിക്കു മുൻപിലും അതുണ്ട്. എംടി തന്നെ പറയുന്നതുപോലെ സിനിമയ്ക്കു കൂടുതൽ ജനകീയതയുണ്ട്. ആസ്വാദകരുണ്ട്. സിനിമയുടെ മണ്ഡലത്തിലും എംടി ഒരു സൂപ്പർ സ്റ്റാറാണ്. പോസ്റ്ററിൽ എം.ടി. വാസുദേവൻ നായർ എന്നു കാണുന്നതുകൊണ്ടു മാത്രം തിയറ്ററിലേക്കു പോയ ആരാധകർ എംടിക്കുണ്ടായിരുന്നു. ഇപ്പോഴുമുണ്ട്.
‘ഒരു വടക്കൻവീരഗാഥ’ 27 തവണ കണ്ട ഒരു തൃശൂർക്കാരൻ ഓർമയിലുണ്ട്. ആയിരക്കണക്കിനു ഭാഗ്യക്കുറി എടുത്തതും എടുത്തവ സൂക്ഷിച്ചുവച്ചതുംവഴി വാർത്ത സൃഷ്ടിച്ചിട്ടുള്ള സുബ്രഹ്മണ്യൻ എന്ന ചുമട്ടുതൊഴിലാളി. മമ്മൂട്ടിയുടെ ഫാൻ ആയിരുന്നതുകൊണ്ട് ആളുകൾ പിന്നെ മമ്മൂട്ടി സുബ്രഹ്മണ്യൻ എന്നു വിളിച്ചു. എന്തുകൊണ്ടാണ് പിന്നെയും പിന്നെയും പിന്നെയും വീരഗാഥ കണ്ടത് എന്ന ചോദ്യത്തിനുള്ള മറുപടിയിൽ ഇതും: ‘ഒടുവിലൊടുവിൽ ഞാൻ കേൾക്കാനാണു പോയത്. ഡയലോഗ് കേൾക്കാൻ!’ സൂപ്പർസ്റ്റാറുകൾ പറഞ്ഞത് എംടിയുടെ സൂപ്പർ ഡയലോഗുകളാണ്. എഴുത്തിനു പുറത്ത് എംടി ഡയലോഗിന്റെ ആളല്ല. പ്രതികരണസംവിധാനം അദ്ദേഹം ‘ലൈവ്’ ആക്കി വച്ചിട്ടില്ല. എഴുത്തുകാരൻ എല്ലാറ്റിനോടും പ്രതികരിച്ചുകൊള്ളണം എന്ന കാഴ്ചപ്പാടുകാരെ അദ്ദേഹം നിരാശപ്പെടുത്തും. ‘എന്റെ അഭിപ്രായം കൊണ്ടാണ് ലോകം നടന്നുപോകുന്നത് എന്ന വിചാരമില്ല’ എന്നും കൂടി അദ്ദേഹം പറയുന്നു. വെറുതെ വർത്തമാനം പറഞ്ഞിരിക്കാനും അദ്ദേഹത്തിനാവില്ല. ‘ചുമ്മാ ഒന്നു കാണാൻ’ ആരെങ്കിലും എത്തുന്നതിനോട് അദ്ദേഹത്തിനു മമത തീരെയില്ല.
എഴുത്തുകാരനും പത്രാധിപരുമായ എംടി അധ്യാപകനുമായിരുന്നു. പാഠങ്ങൾ അദ്ദേഹം നന്നായി പറഞ്ഞുകൊടുക്കുന്നു. കാഥികന്റെ പണിപ്പുരയും കാഥികന്റെ കലയും ഒക്കെ വായിക്കുന്നവർക്ക് അതു നന്നായി മനസ്സിലാകും. ട്രെയിനിങ് നേടിയ അധ്യാപകനായിരുന്നുവെങ്കിൽ ചിലപ്പോൾ ആ വഴി അദ്ദേഹം തിരഞ്ഞെടുത്തേനെ. എഴുതാൻ കൂടുതൽ ഒഴിവുനേരങ്ങൾ നൽകുന്ന സൗകര്യം അധ്യാപകജോലിക്കുള്ളതും അദ്ദേഹം ശ്രദ്ധിച്ചിട്ടുണ്ട്. എന്നാലും കൂടുതൽ സമ്മർദമുള്ള പത്രാധിപരുടെ ജോലി തിരഞ്ഞെടുത്തു. അതു മലയാളത്തിന്റെ പുണ്യമായി. എത്രയോ എഴുത്തുകാരെ അദ്ദേഹം കണ്ടെടുത്തു!
എംടി മലയാളത്തെ വായിച്ചതുപോലെ ലോകത്തെയും വായിച്ചു. ഹെമിങ്‌വേയെക്കുറിച്ചും മാർക്കേസിനെക്കുറിച്ചും ആദ്യമായി മലയാളിയോടു പറഞ്ഞ എംടി ഇന്നും ലോകസാഹിത്യത്തിൽ ഉണ്ടാകുന്ന പുതിയ പൊടിപ്പുകൾ ആദ്യം വായിക്കുന്നൊരു വായനക്കാരനാണ്. പലരും അദ്ദേഹത്തിനു ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു പുതുപുതു പുസ്തകങ്ങൾ അയച്ചുകൊടുക്കാറുണ്ട്. അദ്ദേഹത്തിന്റെ സന്തോഷങ്ങളിൽ ഒന്ന് അങ്ങനെ പുസ്തകങ്ങൾ കിട്ടുന്നതും അവ വായിക്കാനാകുന്നതുമാണ്. വായിക്കുന്നതു നേരമ്പോക്കിനായല്ലെന്നും താൻ തിരയുന്നതെന്തോ, താൻ ഇഷ്ടപ്പെടുന്നതെന്തോ വായനയിലൂടെ തനിക്കു ലഭിക്കുന്നുണ്ടെന്നും അദ്ദേഹം കരുതുന്നു.
എഴുതുന്നൊരാൾക്ക് വായനയോ എഴുത്തോ മുന്നിൽ നിൽക്കേണ്ടത്?
എഴുത്ത് നമുക്കു സ്വാഭാവികമായി വരുന്നതാണ്. എഴുത്തിന്റെ പൊടിപ്പുകൾ നമ്മുടെ ചിന്തകളിൽ നിന്നാണ്. ചിന്തകൾക്കു വഴിവയ്ക്കാം വായന. നമ്മുടെ ചുറ്റുപാടുകളിലെ ലോകത്തു കാണുന്നവയിൽ നിന്നു നമ്മുടെ ചിന്തകളുണ്ടാകാം. വായനയും നമ്മെ നമ്മളതുവരെയറിയാത്ത ലോകത്തേക്കു കൊണ്ടുപോകാം. അവയും പുതിയ ചിന്തകൾ തരും. വായിക്കുന്ന അതേ വേളയിലാകണം അത് എന്നൊന്നുമില്ല. ഒരു കൊല്ലം കഴിഞ്ഞൊക്കെയാകാം. അതു വ്യത്യസ്തമായ ഒരു ആലോചനയിലേക്കു നമ്മളെ കൊണ്ടുപോകും. വായനയ്ക്കു പുറത്തുള്ള നമ്മുടെ അനുഭവങ്ങളും അങ്ങനെയാകാം. അമേരിക്കൻ യാത്രയിൽ ഒരു വീട്ടിൽ അവിടത്തെ വീട്ടുകാരി ഒരു പൂച്ചയുടെ ഭക്ഷണത്തെപ്പറ്റി വേവലാതിപ്പെടുന്നതൊരിക്കൽ കണ്ടു. എല്ലാ ഭക്ഷണവും കഴിക്കാത്തൊരു പൂച്ച. അതുകൊണ്ടുതന്നെ അതു പ്രത്യേകതകളുള്ള ഒരു പൂച്ചയാണെന്നു തിരിച്ചറിയാൻ കഴിയുന്നു. ചെറിയ ഒരനുഭവം. അതാണ് പിന്നെ ‘ഷെർലക്ക്’ എന്ന കഥയാകുന്നത്. വായനയിലെ അനുഭവങ്ങളും ഇങ്ങനെ മനസ്സിൽ ഉണർന്നു കിടക്കാം. എഴുത്തായി അത് എണീറ്റുവരാം. ഒറ്റ വായനയിൽ ഒന്നും തോന്നാതെ പോകുന്നവയിൽനിന്ന് എപ്പോഴോ രൂപപ്പെട്ടുവരാം ഒരു ചിന്ത. എഴുത്തിനെ സഹായിക്കുന്ന ഒന്ന്.
എഴുത്തുകാരൻ, വായനക്കാരൻ എന്നതിനൊപ്പം എഴുത്തുകാരെ വളർത്തിയയാളുമാണ് എംടി. മലയാളത്തിലെ സാഹിത്യപത്രാധിപരിൽ ആദ്യം മനസ്സിൽ വരുന്ന പേരുകളുടെ കൂട്ടത്തിൽ എംടി ഉണ്ട്. എംടി എന്ന പത്രാധിപർ കണ്ടെടുത്തവർ പിന്നെ മലയാളത്തിന്റെ സാഹിത്യലോകത്തു തലയെടുപ്പുള്ളവരായി. പുനത്തിൽ കുഞ്ഞബ്ദുള്ളയോടൊരിക്കൽ സംസാരിച്ചിരിക്കെ അദ്ദേഹം അക്കാര്യം നേരിട്ടു പറഞ്ഞിട്ടുണ്ട്. ആരെയും വിട്ടുപോകാതിരിക്കാനുള്ള അദ്ദേഹത്തിന്റെ ജാഗ്രതയെക്കുറിച്ചും. കുഞ്ഞബ്ദുള്ളയുടെ നോവലിന് ‘സ്മാരകശിലകൾ’ എന്ന പേരു തന്നെയും എംടിയുടെ സംഭാവനയായിരുന്നല്ലോ. ആരൊക്കെ നേരിട്ടു സാക്ഷ്യം പറഞ്ഞാലും എംടി പക്ഷേ, താനായൊരു കണ്ടെടുക്കൽ നടത്തിയതായി സമ്മതിക്കില്ല. താനല്ലായിരുന്നുവെങ്കിൽ മറ്റൊരാൾ അതു ചെയ്യാനുണ്ടാകുമായിരുന്നു എന്ന് അദ്ദേഹത്തിനുറപ്പുണ്ട്. തനിക്കു ശേഷം എന്ത് എന്നതും അദ്ദേഹം പറയാനിഷ്ടപ്പെടുന്ന വിഷയമല്ല.
സാഹിത്യ പത്രപ്രവർത്തനത്തെ സ്വീകരിച്ചത് കൂടുതൽ ആകർഷകമായ സേവനവേതന വ്യവസ്ഥകളുണ്ടായിരുന്ന ദിനപത്ര പത്രപ്രവർത്തനം വേണ്ടെന്നു വച്ചിട്ടാണെന്ന് എഴുതിയിട്ടുണ്ടല്ലോ. നാളെയിലേക്കുള്ള എഴുത്തുകാരെ കണ്ടെത്തുക എന്ന വലിയൊരു ദൗത്യം അവിടെ അങ്ങ് നിർവഹിക്കുകയായിരുന്നു. പിൽക്കാല മലയാള മാധ്യമരംഗത്ത് സാഹിത്യ മാധ്യമപ്രവർത്തനത്തിന് അർഹമായൊരു പ്രാധാന്യം കിട്ടാതിരുന്നതു മലയാള സാഹിത്യത്തിന്റെ രൂപഭാവങ്ങളെ എങ്ങനെ ബാധിച്ചതായാണു കരുതുന്നത്?
സാഹിത്യ പത്രപ്രവർത്തനം എന്നു പറയുമ്പോഴും അതു സാഹിത്യത്തിൽ ഒതുങ്ങുന്നില്ല. സാധാരണ പത്രപ്രവർത്തനത്തിലുള്ളതുപോലെ ശാസ്ത്രവും കൃഷിയുമൊക്കെ അതിൽ കടന്നുവരും. നമ്മുടെ വായനക്കാർ അറിയേണ്ടതാണല്ലോ എന്നു തോന്നുന്നതൊക്കെ അതിൽ വരും. ലോകത്തെപ്പറ്റി അറിയേണ്ട കാര്യങ്ങൾ. വിവർത്തനങ്ങളായി നൽകേണ്ടവയുണ്ടാകും. പലേടത്തു നിന്നും കിട്ടുന്നവ നമ്മൾ വായിക്കുന്നു. അതിന്റെ പ്രാധാന്യം ബോധ്യമാകുക പിന്നീടാകും. നമ്മൾ കണ്ടിട്ടുള്ള ജീവിതത്തിനു സമാനമായ ജീവിതം ലോകത്തു മറ്റിടങ്ങളിൽ ഉള്ളതറിയുന്നത് ഇവിടുത്തെ ജീവിതത്തെക്കുറിച്ചോർക്കാൻ സഹായിക്കും. അങ്ങോട്ടു നോക്കാൻ സഹായിക്കും. അതൊക്കെ നമ്മുടെ സമീപനമാണ്. കാലം എല്ലാറ്റിനും മാറ്റം വരുത്തും. അങ്ങനെ മാറുന്നതു നല്ലതിനാകാം. നല്ലതല്ലാത്തതുമുണ്ടെന്നു നമ്മുടെ കാഴ്ചകൾ നമുക്കു തോന്നലുണ്ടാക്കുന്നുമുണ്ടാകാം. കാലം കാര്യങ്ങൾ നിശ്ചയിക്കുന്നു. അത്രയേ പറയാനാകൂ.
അപാരമായ തത്വചിന്താഭാരങ്ങളൊന്നും എംടി വായനക്കാരുടെ മേൽ ഇറക്കിവയ്ക്കുന്നില്ല. ‘എന്റേതൊരു ഫിലസോഫിക്കൽ മൈൻഡ് അല്ല’ എന്നു പറയാൻ അദ്ദേഹം മടിക്കുന്നില്ല. അറിയാത്ത അദ്ഭുതങ്ങളെ വഹിക്കുന്ന മഹാസമുദ്രങ്ങളെക്കാൾ, അറിയുന്ന എന്റെ നിളാനദിയെയാണെനിക്കിഷ്ടം’ എന്ന വാക്കുകളിൽ ഒരുപക്ഷേ, അദ്ദേഹം പറഞ്ഞുവച്ചിട്ടുള്ളത് തന്റെ എഴുത്തിന്റെ ഫിലോസഫി കൂടിയാണ്.
എഴുത്തുകാരൻ എന്ന നിലയ്ക്കുള്ള അംഗീകാരം ഇനിയൊന്നും കിട്ടാൻ എംടിക്കു ബാക്കിയില്ല. ജ്ഞാനപീഠം കിട്ടി എന്നതിലോ നവതി സർക്കാർ തലത്തിൽ ആഘോഷിച്ചതോ ഒന്നുമല്ല, എല്ലാ വിഭാഗം വായനക്കാരും എംടിയെ മനസ്സിൽ ചേർത്തു എന്നതാണു കാര്യം. ഗണനീയമായി എംടി കാണുന്നതും അതാണ്. സാഹിത്യവായന മുൻഗണനയല്ലാത്ത സാധാരണക്കാരും എംടിയെ ആരാധിച്ചു; സിനിമകൾ വഴിക്ക്. തനിക്കു വന്ന അംഗീകാരങ്ങളെ എംടി വിലമതിക്കുന്നു, ബഹുമാനിക്കുന്നു. അപ്പോഴും അംഗീകാരങ്ങൾ എംടിയുടെ ദാഹമല്ല. എഴുതുക എന്നതു നിർവഹിച്ചുകഴിഞ്ഞാൽ അതവിടെ കഴിഞ്ഞു. ഒരുപക്ഷേ, അംഗീകാരങ്ങളിൽ ഏറ്റവും പ്രധാനമായി അദ്ദേഹം കാണുന്നത് ഒരു കൃതി കൂടുതൽ വായിക്കപ്പെടുന്നതാണ്.
സ്വന്തം കൃതികളിൽ അർഹിക്കുന്ന, ആശിച്ച അംഗീകാരവും ആസ്വാദനവും കിട്ടാതെ പോയൊരു കൃതി–അങ്ങനെയൊന്നുണ്ടോ? ഉണ്ടെങ്കിൽ ആ അവസ്ഥയെ എങ്ങനെയാണു സ്വീകരിക്കുന്നത്? അതോ എഴുത്തു കഴിഞ്ഞാൽ കൃതികളെ അവയുടെ വിധിക്കു വിടുകയാണോ?
ഒരു സംഗതി എഴുതിക്കഴിഞ്ഞാൽ അതിന് എത്ര അംഗീകാരം കിട്ടും എന്ന കണക്കുകൂട്ടലുകൾ ഇല്ല. എഴുതിയ കൃതി എത്രയധികം പ്രചരിക്കും എന്ന ആലോചനകളുമില്ല. തൊഴിലിന്റെ ഭാഗമായിട്ടാണ് പലരെപ്പറ്റി, പല സംഭവങ്ങളെപ്പറ്റി ഒക്കെ എഴുതുക. എത്ര അംഗീകാരം അതിനു വരും എന്ന് ആലോചിച്ച് എഴുതാനാകില്ല. ഒരു കൃതി കൂടുതൽ പ്രചരിക്കുന്നതു സന്തോഷം. പലരും കൃതികളെപ്പറ്റിയൊക്കെ വിളിച്ചറിയിക്കും. നന്നായി എന്ന്. അതു കേൾക്കുന്നതും സന്തോഷം.
എംടിയുടെ സന്തോഷങ്ങൾ അങ്ങനെയൊക്കെയാണ്. എംടി ചിരിക്കുന്നത് അപൂർവം. പൊട്ടിച്ചിരിക്കുന്നത് ഇല്ലേയില്ല. ദുഃഖങ്ങളുടെ ഓരം ചേർന്നാണ് എംടിയുടെ നടപ്പ്. ഒരു ദുഃഖം ഒളിപ്പിച്ചുവയ്ക്കാത്ത ഏതു കഥയാണ് അദ്ദേഹത്തിന്റേതായുള്ളത്? ഏകാന്തതയെ ഉപാസിക്കുന്ന മനസ്സ്. മൗനം തപസ്സു ചെയ്യുന്ന ചുണ്ടുകൾ. ഒറ്റയ്ക്കിരിക്കുമ്പോൾ അദ്ദേഹം ആൾക്കൂട്ടത്തിന്റെ നടുവിലാണ്. അപ്പോൾ ആരെല്ലാം എന്തെല്ലാം കഥകളാണ് അദ്ദേഹത്തോടു പറയുന്നുണ്ടാവുക! എന്തെല്ലാം കാര്യങ്ങളാണ് അദ്ദേഹം അവരോടു പറയുന്നുണ്ടാവുക!! ഒന്നും മിണ്ടാതെയിരിക്കുമ്പോൾ നമുക്കു കാണാം, എംടിയുടെ കൈകൾ ആംഗ്യങ്ങൾ പൊഴിച്ചുകൊണ്ടിരിക്കും. വർത്തമാനം പറയുന്നതു കൊണ്ടാണല്ലോ ആംഗ്യങ്ങൾ ഉണ്ടാകുന്നത്. എംടി മിണ്ടാതെയിരിക്കുന്നേയില്ല.
Content Summary: Article about M. T. Vasudevan Nair by P. J. Joshua