മേതിൽ=മേതിൽ: ചിന്തയിൽ രൂപകങ്ങളുടെ മഹാസമുദ്രത്തെ വഹിക്കുന്ന എഴുത്തുകാരൻ
പ്രിയ സുഹൃത്തേ, നമ്മുടെ കാലത്തെ ഏറ്റവും അഹങ്കാരിയായ ഒരു മനുഷ്യന്റെ സമ്പൂർണ കൃതികൾ പുറത്തിറങ്ങിയിരിക്കുന്നു. മൂന്നു വാല്യങ്ങളിൽ പടർന്നുകിടക്കുന്ന ഈ ബൃഹത് ലോകത്തിലേക്ക് കടക്കുന്ന വായനക്കാർക്ക് മേതിൽ എന്ന എഴുത്തുകാരന്റെ കെണിയിൽ നിന്നു പുറത്തെത്തുക എളുപ്പമാവില്ല. കാന്തക്കല്ലുപോലെ അടുപ്പിക്കുകയും
പ്രിയ സുഹൃത്തേ, നമ്മുടെ കാലത്തെ ഏറ്റവും അഹങ്കാരിയായ ഒരു മനുഷ്യന്റെ സമ്പൂർണ കൃതികൾ പുറത്തിറങ്ങിയിരിക്കുന്നു. മൂന്നു വാല്യങ്ങളിൽ പടർന്നുകിടക്കുന്ന ഈ ബൃഹത് ലോകത്തിലേക്ക് കടക്കുന്ന വായനക്കാർക്ക് മേതിൽ എന്ന എഴുത്തുകാരന്റെ കെണിയിൽ നിന്നു പുറത്തെത്തുക എളുപ്പമാവില്ല. കാന്തക്കല്ലുപോലെ അടുപ്പിക്കുകയും
പ്രിയ സുഹൃത്തേ, നമ്മുടെ കാലത്തെ ഏറ്റവും അഹങ്കാരിയായ ഒരു മനുഷ്യന്റെ സമ്പൂർണ കൃതികൾ പുറത്തിറങ്ങിയിരിക്കുന്നു. മൂന്നു വാല്യങ്ങളിൽ പടർന്നുകിടക്കുന്ന ഈ ബൃഹത് ലോകത്തിലേക്ക് കടക്കുന്ന വായനക്കാർക്ക് മേതിൽ എന്ന എഴുത്തുകാരന്റെ കെണിയിൽ നിന്നു പുറത്തെത്തുക എളുപ്പമാവില്ല. കാന്തക്കല്ലുപോലെ അടുപ്പിക്കുകയും
പ്രിയ സുഹൃത്തേ,
നമ്മുടെ കാലത്തെ ഏറ്റവും അഹങ്കാരിയായ ഒരു മനുഷ്യന്റെ സമ്പൂർണ കൃതികൾ പുറത്തിറങ്ങിയിരിക്കുന്നു. മൂന്നു വാല്യങ്ങളിൽ പടർന്നുകിടക്കുന്ന ഈ ബൃഹത് ലോകത്തിലേക്ക് കടക്കുന്ന വായനക്കാർക്ക് മേതിൽ എന്ന എഴുത്തുകാരന്റെ കെണിയിൽ നിന്നു പുറത്തെത്തുക എളുപ്പമാവില്ല. കാന്തക്കല്ലുപോലെ അടുപ്പിക്കുകയും ഭാവനയുടെ ലാബ്രിന്തിൽ അകപ്പെടുത്തുകയും ചെയ്യുന്ന ഇന്ദ്രജാലക്കാരനാണ് മേതിൽ രാധാകൃഷ്ണൻ. ഒരുകാൽ പാലക്കാടും മറുകാൽ പാശ്ചാത്യലോകത്തും ഊന്നിയാണ് മേതിലിന്റെ സഞ്ചാരം. രണ്ടു വള്ളങ്ങളിൽ ഒരേസമയം കാലുചവിട്ടരുതെന്ന ചൊല്ലിനെ ലംഘിക്കുന്നതാണ് ഈ എഴുത്തുകാരന് രസം.
'നിമ്നോന്നതമാം വഴിക്ക് തേരുരുൾ പായിക്കൽ' എന്ന ഇടശ്ശേരി വരി എല്ലാ അർത്ഥത്തിലും അന്വർത്ഥമാകുന്നത് ഈ മനുഷ്യനിലാണ്. സാധാരണത്വമാണ് ഏവർക്കും പ്രിയം. അസാധാരണമാവുക എന്നാൽ ചിത്തഭ്രമത്തിനോട് ചേർത്തുകെട്ടും നമ്മൾ. പാരമ്പര്യശീലങ്ങൾ, പാരമ്പര്യയുക്തി, അനുഷ്ഠാനബദ്ധമായ ജീവിതചര്യകൾ ഇവയ്ക്കെല്ലാം ശാസ്ത്രം പൈത്യമാണ്. ആ പൈത്യത്തിലാണ് മേതിലിന്റെ രചനാകോശം. അതിനാൽ ശീലങ്ങൾക്ക് വഴങ്ങാത്ത മേതിലിന്റെ എഴുത്തുഘടനയും പദസംഘാതങ്ങളും അന്നുവരെയുണ്ടായ മലയാള സാഹിത്യത്തിൽ നിന്നും വേറിട്ടു നിന്നു.
'ഖസാക്കിന്റെ ഇതിഹാസ'മുണ്ടാക്കിയ തിരയേറ്റത്തിലാണ് മിന്നലിൽ ഉടൽ പൂകുന്ന കൂണുകൾ പോലെ അസംഖ്യം എഴുത്തുകാർ മലയാളത്തിൽ ഉണ്ടായത്. അതിലേറെപ്പേരും വിജയന്റെ രചനാശൈലിയുടെ വികൃതമായ അനുകരണമായി. മറ്റ് ചിലർ ബോധപൂർവ്വം ആ ധൃതരാഷ്ട്രാലിംഗനത്തിൽ നിന്നും കുതറുവാൻ ശ്രമിച്ചു. ഈ കുതറലുകൾ ഭാഷയിലെ നൂതനമായ വഴിയൊരുക്കലിനുള്ള തുടക്കമായി. അപ്പോഴും യുവാക്കളായ ഈ എഴുത്തുകാരിൽ വിജയന്റെ ഭാഷാഛായ വീണു കിടന്നിരുന്നു.
ശ്മശാനത്തിന്റെ നിഗൂഢമായ വൃക്ഷകോടരത്തിലേക്കു ചക്രപാണി തിരിച്ചുപോയി. ഒരു കൂമനെപ്പോലെ. ഭൂമിയുടെ തണുത്ത മൺഗുഹയിലേക്കു ചക്രപാണി തിരിച്ചുപോയി. ഒരു തേളിനേപ്പോലെ.
(സൂര്യവംശം – നോവൽ)
1974-ൽ ആണ് സൂര്യവംശം പ്രസിദ്ധീകൃതമായത്. അതേവർഷം മേതിലിന്റെ രണ്ട് നോവൽകൂടി പ്രസിദ്ധീകരിക്കപ്പെട്ടു 'ബ്രാ'യും 'വിദൂഷകന്റെ അഞ്ചാംപത്തിയും' ഈ രണ്ട് നോവലുകളും തന്റെ ആദ്യ നോവലിന്റെമേൽ പടർന്ന വിജയന്റെ ഛായകളെ പൂർണമായും ഉച്ചാടനം ചെയ്തുകൊണ്ടാണ് എഴുതപ്പെട്ടത്. സൂര്യവംശത്തിൽ മേതിൽ പുതിയൊരു ഭാവുകത്വ സൃഷ്ടിക്കായുള്ള ശ്രമമാണ് നടത്തിയതെങ്കിൽ 'ബ്രാ'യിലും 'വിദൂഷകന്റെ അഞ്ചാംപത്തി'യിലും ഇതാണെന്റെ രീതി, ഇതാണെന്റെ ദേശം എന്നുള്ള പ്രഖ്യാപനമായിരുന്നു. ബ്രായുടെയും വിദൂഷകരുടെ അഞ്ചാംപത്തിയുടെയും വികാസപരിണാമങ്ങളാണ് പിന്നീടുള്ള മേതിൽ രചനകൾ. താങ്കളുടെ അറിവിലേക്കായി പറയട്ടെ അക്കാലത്ത് പ്രസിദ്ധീകരിക്കപ്പെട്ട മേതിൽ കൃതികളുടെ പുറംചട്ടയുടെ രൂപകൽപ്പനയും മേതിലായിരുന്നു. 'വിദൂഷകരുടെ അഞ്ചാംപത്തി'യുടെ കവർ രൂപകൽപ്പനയ്ക്ക് മേതിലിന് പ്രചോദനമായത് ബോബ് ഡിലന്റെ സംഗീത റിക്കോഡിന്റെ കവറായിരുന്നു!
ഈ കത്തിന്റെ തുടക്കത്തിൽ മേതിലിനെ അഹങ്കാരി എന്ന് വിശേഷിപ്പിച്ചത് താങ്കളെ ചൊടിപ്പിച്ചിട്ടുണ്ടാവും. മേതിൽ അഹങ്കാരിയാണ്. അതുകൊണ്ടാണ് സഹസ്രക്കണക്കിന് വായനക്കാരുടെ ഹുറേ വിളികൾക്ക് കാതോർക്കുവാനല്ല ഇഷ്ടമെന്ന് സ്വയം തീരുമാനമെടുത്തത്. ആർപ്പുവിളികൾക്ക് പുറം തിരിഞ്ഞുനിന്ന ബധിരകർണൻ! (സൂര്യവംശൻ!) ഞാൻ ഞാൻ എന്ന ആത്മരതിയിൽ ആമഗ്നരായ എഴുത്തുകാരുടെ കൂട്ടങ്ങൾക്ക് പുറത്തു ജീവിക്കാൻ ഇഷ്ടപ്പെടുന്നു മേതിൽ.
ആത്മരതിക്കാരുടെ ഇച്ഛാഭംഗം ഒരു കാലത്തും മേതിലിനെ തീണ്ടിയിട്ടില്ല. അവരുടെ അസ്വസ്ഥതകളോ ആർത്തിയോ ഇല്ല.ഞാനൊരു ഇക്കോളജിസ്റ്റാണ് എന്ന് ഈ എഴുത്തുകാരൻ പറയുന്നിടത്ത് നമ്മുടെ സാമാന്യയുക്തികളെല്ലാം ഒരു നിമിഷം കൊണ്ട് നിലംപരിശാവും. ശാസ്ത്രമാണ് മേതിലിന്റെ ഇഷ്ട പഥം. വാക്കുകളുടെ കൂട്ടിച്ചേർക്കലിലെ അസാമാന്യ സാമർത്ഥ്യമുള്ള പാലക്കാടൻ കരുവാന്റെ തഴമ്പാണ് കൈയ്യിൽ.
ചിന്തയിൽ രൂപകങ്ങളുടെ മഹാസമുദ്രത്തെ വഹിക്കുന്നു ഈ എഴുത്തുകാരൻ. ഇവയെല്ലാം ഒരേപോലെ മേളിയ്ക്കുന്ന ഒരു ചിന്താലോകത്തിന് നൽകാവുന്ന പേരുകൂടിയാണ് മേതിൽ! ഇത് അപൂർവ്വമാണ്. ഈ അപൂർവ്വതയെക്കുറിച്ചുള്ള സ്വബോധത്തിലാണ് മേതിലിലെ അഹം തലയുയർത്തുക. അത് നേർക്കുനേരുള്ള ബൗദ്ധിക യുദ്ധത്തിനായുള്ള വെല്ലുവിളിയാണ്. ഇന്നുവരെ മലയാളത്തിൽ ഒരെഴുത്തുകാരനോ എഴുത്തുകാരിയോ ഈ വെല്ലുവിളി സ്വീകരിക്കുവാൻ തന്റേടം കാണിച്ചിട്ടില്ല. മൗലിക ശബ്ദമായി മുഴങ്ങുവാൻ എല്ലാവർക്കും കഴിയില്ല, എന്നാൽ മേതിലിനതാവും. ആ മൗലികതയാണ് ഈ എഴുത്തുകാരനിലെ അഹങ്കാരം.
1974-ന് ശേഷം മറ്റൊരു 4ൽ അതായത് 1994 ലാണ് 'ഡിലൻ തോമസിന്റെ പന്ത്' പ്രസിദ്ധീകരിക്കപ്പെടുന്നത്.രണ്ട് ദശകങ്ങളുടെ നിശ്ശബ്ദതയ്ക്ക് ശേഷം മേതിൽ എഴുതിയ 'കയറിന്റെ അറ്റം 'എന്ന കഥ ഈ സമാഹാരത്തിലുണ്ട്. ഇതിൽ ഒരു പുലവനുണ്ട്. റോപ്പ് മാജിക്കിൽ വിദഗ്ദ്ധനായവൻ. മേതിൽ പുലവനാണ്. ചിലപ്പോൾ കയർ.ചിലപ്പോൾ ഡിലൻ തോമസ്. ചിലപ്പോൾ മണ്ണിര.രൂപാന്തരങ്ങളുടെ അനന്തസാധ്യതകൾക്ക് സ്വയം വിട്ടുകൊടുക്കുവാൻ മടിയില്ലാത്ത എഴുത്തുകാരുടെ കുലത്തിൽപ്പിറന്നതിന്റെ തന്റേടം എഴുത്തിലുടനീളം കാണാനാവും.
കവിയോ നോവലിസ്റ്റോ കഥാകൃത്തോ എന്ന സമസ്യകളിൽ ഉഴലേണ്ട ആവശ്യം മേതിലിന് ഇല്ല. മലയാളത്തിലെ ഏതൊരു ആധുനിക കവിയേക്കാളും മികച്ച കവിതകൾ 'ഭൂമിയേയും മരണത്തെയും കുറിച്ച്' എന്ന കാവ്യസമാഹാരത്തിലുണ്ട്. 'വാൻഗോഗിന്റെ ചെവി' എന്ന കവിതയിൽ വാൻഗോഗിന്റെ നേട്ടമായി മേതിൽ എഴുതുന്നു:' എന്നെ സംബന്ധിച്ചിടത്തോളം, എല്ലാറ്റിലുമുപരി വിൻസെന്റ് വാൻഗോഗിന്റെ നേട്ടം ഇതായിരുന്നു! മഞ്ഞയെ - നിറങ്ങളിൽവെച്ച് കാട്ടുകുതിരയായ മഞ്ഞയെ അദ്ദേഹം മെരുക്കിയെടുത്തു!
മലയാള ഭാഷയെ മറ്റൊരു തരത്തിൽ തന്റെ ചിന്തയ്ക്കനുസൃതമായി മെരുക്കിയെടുക്കുവാൻ ഒരു പരിധിവരെ മേതിലിന് കഴിഞ്ഞിട്ടുണ്ട്. ശുഷ്ക്കമായ മലയാള പദാവലി തന്റെ ചിന്തയെ പൂർണമായും പ്രകാശിപ്പിക്കുന്നതിൽ തടസമായും മേതിൽ കാണുന്നുണ്ട്. എന്നാൽ, ഈ ശബ്ദകോശത്തെ നവീനമായൊരു ഭാവുകത്വ പരിസരത്തിലേക്ക് നടുന്നതിൽ മേതിലിന്റെ പങ്ക് നിർണായകമാണ്. ഭാഷയിലെ തെളിച്ചം, രൂപകസമൃദ്ധിക്കൊപ്പം പുതുപ്രയോഗങ്ങൾ, ഇങ്ങനെയെല്ലാമാണ് മേതിൽ വിജയന്റെ നിഴലിനെ തോൽപ്പിച്ചതും മലയാളത്തിന് വേറിട്ടൊരു ശബ്ദത്തെ നൽകിയതും.
മേതിലിന്റെ നോവലുകൾ, കഥകൾ, കവിതകൾ, ലേഖനങ്ങൾ എല്ലാം ചേരുന്ന മൂന്ന് ബൃഹത്ഗ്രന്ഥങ്ങളാണ് മനോരമ ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പലയിടങ്ങളിലായി ചിതറിക്കിടന്ന, റീപ്രിന്റുകൾ മുടങ്ങിയ മേതിൽ കൃതികൾ, സമാഹരിക്കാത്ത കവിതകൾ ഇതെല്ലാം ഈ സമാഹാരത്തിൽ കാണാൻ കഴിഞ്ഞതിലെ സന്തോഷം ചെറുതല്ല. സമാഹൃത കൃതികളുടെ ഏറ്റവും വലിയ സവിശേഷത നിങ്ങൾക്ക് ഒരാളെ ആപാദചൂഢം അറിയുവാൻ കഴിയുന്ന ഏറ്റവും മികച്ച സാധ്യത എന്നാണ്. ഇതൊരു സാധ്യത മാത്രമാണ്. നല്ല വായനക്കാർ അതിനായി ശ്രമിക്കും.
ഈ കത്തിലോ അല്ലെങ്കിൽ നീണ്ടൊരു പഠനത്തിനോ വഴങ്ങുന്നവയല്ല മേതിലിന്റെ രചനാലോകം. അത് മറ്റൊരു ആവാസവ്യവസ്ഥയാണ്. അതറിയുവാൻ വിവേകിയായ ഒരു വായനക്കാരനാവും. അയാളാവട്ടെ പേർത്തും പേർത്തും ആ ലോകത്തിന്റെ ഭാഷ ഉരുവിടുകയും ഒടുവിൽ മൗലികമായൊരു ശബ്ദത്തിനായി ശ്രമിക്കുകയും ചെയ്യും. വരൂ എന്നേ തോൽപ്പിച്ച് നിങ്ങൾ കടന്നുപോകൂ എന്ന് അതുകൊണ്ടാണ് മേതിൽ പറയുന്നത്.
'എന്നോട്' എന്ന് പഴുതാരയും മനുഷ്യരും പറയുന്നത് ഒരേ ഭാഷയിലാണെന്ന് മേതിൽ എഴുതുന്നു. മേതിലിലേക്ക് എത്തുവാൻ നമ്മൾ ചെരിപ്പുകൾ ഉപേക്ഷിക്കേണ്ടതുണ്ട്. മുൻധാരണകൾ വെടിയേണ്ടതുണ്ട്. മറ്റൊരു ലോകത്തിന്റെ ധ്യാനമാർഗ്ഗമറിയുവാൻ ശീലിക്കേണ്ട അച്ചടക്കം ആവശ്യമാണ്. ഇനിയുള്ള നാളുകളിൽ താങ്കൾ മേതിലിനെ വായിക്കുമെന്ന പ്രതീക്ഷയോടെ...
സ്നേഹപൂർവ്വം
UiR