ഒരുനാളും വീഴാത്ത പൂവ്!
1924 ജനുവരിയിൽ ബോട്ടിൽ സഞ്ചരിക്കുമ്പോൾ സഹയാത്രികരെ അവസാനമായി ആശാൻ വായിച്ചുകേൾപ്പിച്ചതു ‘കരുണ’യാണ്. 100 വർഷത്തിനിപ്പുറവും അർഥഗാംഭീര്യത്തോടെ നിറഞ്ഞു നിൽക്കുന്നു ആശാന്റെ ജീവിതം. കുമാരനാശാന്റെ ആദ്യകാവ്യം ‘വീണപൂവ്’ തലശ്ശേരിയിൽനിന്നുള്ള ‘മിതവാദി’ പത്രത്തിലാണ് അച്ചടിച്ചത്– വർഷം 1907. പ്രചാരം കുറഞ്ഞ
1924 ജനുവരിയിൽ ബോട്ടിൽ സഞ്ചരിക്കുമ്പോൾ സഹയാത്രികരെ അവസാനമായി ആശാൻ വായിച്ചുകേൾപ്പിച്ചതു ‘കരുണ’യാണ്. 100 വർഷത്തിനിപ്പുറവും അർഥഗാംഭീര്യത്തോടെ നിറഞ്ഞു നിൽക്കുന്നു ആശാന്റെ ജീവിതം. കുമാരനാശാന്റെ ആദ്യകാവ്യം ‘വീണപൂവ്’ തലശ്ശേരിയിൽനിന്നുള്ള ‘മിതവാദി’ പത്രത്തിലാണ് അച്ചടിച്ചത്– വർഷം 1907. പ്രചാരം കുറഞ്ഞ
1924 ജനുവരിയിൽ ബോട്ടിൽ സഞ്ചരിക്കുമ്പോൾ സഹയാത്രികരെ അവസാനമായി ആശാൻ വായിച്ചുകേൾപ്പിച്ചതു ‘കരുണ’യാണ്. 100 വർഷത്തിനിപ്പുറവും അർഥഗാംഭീര്യത്തോടെ നിറഞ്ഞു നിൽക്കുന്നു ആശാന്റെ ജീവിതം. കുമാരനാശാന്റെ ആദ്യകാവ്യം ‘വീണപൂവ്’ തലശ്ശേരിയിൽനിന്നുള്ള ‘മിതവാദി’ പത്രത്തിലാണ് അച്ചടിച്ചത്– വർഷം 1907. പ്രചാരം കുറഞ്ഞ
1924 ജനുവരിയിൽ ബോട്ടിൽ സഞ്ചരിക്കുമ്പോൾ സഹയാത്രികരെ അവസാനമായി ആശാൻ വായിച്ചുകേൾപ്പിച്ചതു ‘കരുണ’യാണ്. 100 വർഷത്തിനിപ്പുറവും അർഥഗാംഭീര്യത്തോടെ നിറഞ്ഞു നിൽക്കുന്നു ആശാന്റെ ജീവിതം.
കുമാരനാശാന്റെ ആദ്യകാവ്യം ‘വീണപൂവ്’ തലശ്ശേരിയിൽനിന്നുള്ള ‘മിതവാദി’ പത്രത്തിലാണ് അച്ചടിച്ചത്– വർഷം 1907. പ്രചാരം കുറഞ്ഞ പത്രമായതിനാൽ അധികമാരും അതു കണ്ടില്ല. എന്നാൽ, ‘മനോരമ’യുടെ ‘ഭാഷാപോഷിണി’യിൽ ആ കാവ്യം സി.എസ്.സുബ്രഹ്മണ്യൻ പോറ്റിയുടെ ആസ്വാദനക്കുറിപ്പോടെ പിന്നീടു പ്രസിദ്ധീകരിച്ചു. കേരളവർമ വലിയകോയിത്തമ്പുരാനടക്കമുള്ള സമുന്നതരായ കവികളുടെ ശ്രദ്ധയിൽ ആ കാവ്യം എത്താൻ അതു കാരണമായി.
വീണപൂവിനു രണ്ടു പ്രാധാന്യമാണുള്ളത്. ഒന്ന്– മലയാളത്തിലെ ആദ്യ ഖണ്ഡകാവ്യം. രണ്ടാമത്തേത്, കാവ്യരചനാ സമ്പ്രദായത്തിൽ വിപ്ലവകരമായ മാറ്റം വരുത്തിയ കൃതി. മഹാകാവ്യങ്ങൾ രചിക്കാൻ മത്സരിച്ചിരുന്ന കവികളിൽ പലരും ആ ഖണ്ഡകാവ്യത്തിന്റെ സ്വാധീനത്താൽ ഭാവഗീതരചനയിലേക്കു തിരിഞ്ഞു.
1873ൽ ജനിച്ച കുമാരൻ വളർന്നുവന്നതു ചില പ്രത്യേകതകളോടെയാണ്. ശക്തമായ വിജ്ഞാനതൃഷ്ണ ആ ബാലനെ നയിച്ചു. അകാരണമായ ദുഃഖം എപ്പോഴും അലട്ടി. അതിനിടയിൽ സംസ്കൃതപഠനം, സമസ്യാപൂരണം, നാടകരചന തുടങ്ങിയവ ഉത്സാഹത്തോടെ തുടർന്നു. അപ്പോഴെല്ലാം ഉള്ളിൽ വേദന അസഹ്യമാംവിധം വളർന്നു. പ്രാർഥനകളെല്ലാം വിഫലമായ ഘട്ടത്തിലാണു ശ്രീനാരായണ ഗുരുവിനെ കാണുന്നത്. കുമാരനെഴുതിയ ചില കവിതകൾ ഗുരു വായിക്കുകയും വാസനയുണ്ടെന്ന് അംഗീകരിക്കുകയും ചെയ്തു. വീണ്ടും ഗുരുവിന്റെ സമീപത്തേക്കു പോകണമെന്ന ആഗ്രഹമുണ്ടായി. അങ്ങനെ തിരുവനന്തപുരം കോലത്തുകര ക്ഷേത്രത്തിൽചെന്നു ഗുരുവിനെ നമസ്കരിച്ചു. ആ സന്ദർഭത്തിൽ ഗുരു ഒരു സമസ്യ കുമാരനെ ചൊല്ലിക്കേൾപ്പിച്ചു.
‘കോലത്തുകര കുടികൊണ്ടരുളും
ബാലപ്പിറ ചൂടിയ വാരിധിയെ...’
അതു പൂരിപ്പിക്കാൻ ആവശ്യപ്പെട്ടപ്പോൾ താമസംവിനാ പൂരിപ്പിച്ചു,
‘കാലൻ കനിവറ്റുകുറിച്ചുവിടു–
ന്നോലപ്പടിയെന്നെയയയ്ക്കരുതേ.’
ഗുരുവിനു തൃപ്തിയായി. അടുത്ത ചോദ്യം, ‘കുമാരൻ നമ്മോടൊപ്പം വരുന്നോ?’ ചിരകാലാഭിലാഷം സാധ്യമായ ആനന്ദത്തോടെ കുമാരൻ അരുവിപ്പുറത്തെത്തി.
സന്യാസം സ്വീകരിക്കുന്നതിനാവശ്യമായ നിഷ്ഠകൾ ആചരിച്ചുകഴിയുന്നതിനിടെ ഗുരു ഏൽപിച്ച ആശ്രമസംബന്ധമായ ചുമതലകൾക്കൂടി കുമാരനിലെത്തി. അതിനിടയിലും കവിത എഴുതാതിരുന്നില്ല. ഒരു കൃതി പ്രസിദ്ധീകരിക്കുകയും ചെയ്തു. അതിൽ കവിയുടെ പേരു ‘ചിന്നസ്വാമി കുമാരു ആശാൻ’ എന്നാണു കൊടുത്തത്. സന്യാസവൃത്തി സ്വീകരിക്കാൻ ആഗ്രഹിച്ചിരിക്കവേ ഒരു ദിവസം ഗുരുവിന്റെ നിർദേശമുണ്ടായി, ‘നമ്മോടൊപ്പം ബാംഗ്ലൂർക്കു പോകാൻ കുമാരൻ ഒരുങ്ങിക്കോളൂ.’ അവിടെ കുമാരനെ ഡോ.പൽപുവിനെ ഏൽപിച്ചു ഗുരു പറഞ്ഞു, ‘ഇവൻ അനുഗൃഹീതനും വാസനാസമ്പന്നനുമാണ്. ഉപരിപഠനത്തിലൂടെ ആ വാസന ലോകത്തിനു സംഭാവന ചെയ്യാൻ ഡോക്ടറെ ഞാൻ ഏൽപിക്കുന്നു.’ ഗുരു പിരിയാൻനേരം 18 വയസ്സുള്ള കുമാരൻ ശിശുവിനെപ്പോലെ പൊട്ടിക്കരഞ്ഞെന്നാണു രേഖപ്പെടുത്തിയിട്ടുള്ളത്.
ബാംഗ്ലൂരിലും കൽക്കട്ടയിലും മദ്രാസിലുമായി ഉപരിപഠനം തുടർന്നു. ഇംഗ്ലിഷ് എളുപ്പത്തിൽ വശമാക്കി. പഠിച്ച സ്ഥാപനങ്ങളിൽനിന്നു ജാതിവിവേചനം എന്തെന്നു നേരിട്ടനുഭവിച്ചു. ആശാൻ ബംഗാളിൽ താമസിക്കുന്ന കാലത്തു രബീന്ദ്രനാഥ ടഗോറിന്റെ മധുരമായ കവിതകളും ‘സന്യാസി’ എന്ന നാടകവും കുമാരനിൽ അഗാധ സ്വാധീനം ചെലുത്തി. ഇംഗ്ലിഷ് കവിതകളുമായി നല്ലപോലെ പരിചയപ്പെടുകയും ചെയ്തു. എഡ്വിൻ അർനോൾഡിന്റെ ‘ലൈറ്റ് ഓഫ് ഏഷ്യ’ അക്കാലത്താണു വായിച്ചത്. അതിന്റെ സ്വാധീനം ആശാന്റെ ഹൃദയത്തിൽ എന്നേക്കുമായി മുദ്രിതമായി.
ആശാൻ കേരളത്തിൽ മടങ്ങിയെത്തിയതു പുതിയൊരു വീക്ഷണത്തോടും കർമശേഷിയോടുംകൂടിയാണ്. അതു മനസ്സിലാക്കിയ ഗുരു എസ്എൻഡിപി യോഗത്തിന്റെ പ്രഥമ കാര്യദർശിയാക്കി. പിന്നാക്കസമുദായത്തെ സംഘടിപ്പിക്കുക, അവരിൽ പരിവർത്തനേച്ഛ വളർത്തുക തുടങ്ങിയ കാര്യങ്ങൾ നിർവഹിക്കാൻ നാടുതോറും സഞ്ചരിച്ചു. ഓഫിസ് കാര്യങ്ങൾ ചുമതലാബോധത്തോടെ നിർവഹിച്ചു. സെക്രട്ടറിയുടെയും ക്ലാർക്കിന്റെയും തൂപ്പുകാരന്റെയുംവരെ ചുമതല ചെയ്തുതീർത്തു. ഇതിനിടെയാണു സ്വപ്നംപോലെ ഖണ്ഡകാവ്യങ്ങൾ ആശാന്റെ തൂലികയിൽനിന്നു പിറന്നത്.
‘വീണപൂവിന്’ അംഗീകാരം നൽകുന്നതിൽ മലയാള മനോരമയും ഭാഷാപോഷിണിയും വഹിച്ച പങ്കിനെക്കുറിച്ച് ആദ്യംതന്നെ പരാമർശിച്ചിരുന്നല്ലോ? കണ്ടത്തിൽ വറുഗീസ് മാപ്പിളയുടെ നേതൃത്വത്തിലുള്ള ഭാഷാപോഷിണിസഭയുടെ സമ്മേളനങ്ങളിൽ പങ്കെടുത്തതും ആ സ്വാധീനഫലമായാണ്.
എ.ആർ.രാജരാജവർമയെപ്പോലുള്ള സാഹിത്യാചാര്യന്മാരുടെ പ്രീതിഭാജനമായി ആശാൻ വളർന്നു. രണ്ടാമത്തെ കാവ്യമായ ‘നളിനി’ക്കു രാജരാജവർമ അവതാരിക കുറിച്ചതു യാദൃച്ഛികമായല്ല. ഭാഷാപോഷിണി സഭയിൽവച്ചുണ്ടായ പരിചയമാണതിന്റെ പശ്ചാത്തലം. ആ അവതാരിക വലിയ നിധിയായാണ് ആശാൻ കണക്കാക്കിയത്. 1919ൽ ‘പ്രരോദനം’ എന്ന ചരമകാവ്യം രചിക്കാൻ പ്രേരകമായതും ആ ഗാഢസമ്പർക്കംതന്നെ.
‘ലീല’ എന്ന സ്വപ്നാടന കാവ്യം 1914ൽ പുറത്തിറങ്ങി. സാമൂഹിക പരിവർത്തനത്തിനായി കവിതയെഴുതാൻ പ്രാരംഭംമുതൽ ആശാൻ മുതിർന്നിരുന്നു. ‘ഒരു തിയ്യക്കുട്ടിയുടെ വിചാരം’ നല്ലൊരു ഉദാഹരണമാണ്. ‘വീണപൂവ്’ പ്രസിദ്ധീകരിച്ച അതേ വർഷമാണ് അതും രചിച്ചത്. പിന്നീടു ദുരവസ്ഥ, ചണ്ഡാലഭിക്ഷുകി തുടങ്ങിയ കാവ്യങ്ങൾ പരിവർത്തനേച്ഛയുടെ ചലനം അനുവാചകരിൽ ജനിപ്പിച്ചവയാണ്.
എന്നാൽ, അവസാന കാവ്യമായ ‘കരുണ’ തുലോം വ്യത്യസ്തമാണ്. ധനികവേശ്യയായ നായിക വാസവദത്ത ബുദ്ധഭിക്ഷുവായ ഉപഗുപ്തനിൽ അനുരക്തയാകുന്നു. ആ അനുരാഗം അവളുടെ ബലഹീനതയാകുന്നു. അവൾ തോഴിയോടു പറയുന്നു,
‘‘അർഥഭാണ്ഡങ്ങൾതൻ
കനംകുറഞ്ഞുപോകുന്നു, തോഴീ–
യിത്തനുകാന്തിതൻ വിലയിടിഞ്ഞിടുന്നു,
വ്യർഥമായ്ത്തോന്നുന്നു കഷ്ട!മവൻ
കാണാതെനിക്കുള്ള
നൃത്തഗീതാദികളിലെ
നൈപുണീപോലും.’’
ആ വ്യർഥതാബോധത്തിന്റെ മരുഭൂമിയിൽ ആത്മാവലയുമ്പോഴും അവളുടെ ശരീരം പാപകർമങ്ങൾക്കു മുതിരാതിരിക്കുന്നില്ല. അതിന്റെ തിരിച്ചടിയെന്ന നിലയ്ക്കു കരചരണാദി അവയവങ്ങൾ ഛേദിക്കപ്പെട്ടു ചുടുകാട്ടിൽ അശരണയായി കിടക്കുമ്പോൾ മാത്രമാണ് ഉപഗുപ്തൻ എത്തുന്നതും ആ നെറുകയിൽ തലോടുന്നതും. അതൊരു ഉദാത്തസന്ദർഭമാണ്. വേശ്യയും യോഗിയും മരണത്തിന്റെ മധ്യത്തിൽ ഒന്നിച്ചുചേരുന്ന നിമിഷം.
1924 ജനുവരിയിൽ ബോട്ടിൽ സഞ്ചരിക്കുമ്പോൾ സഹയാത്രികരെ അവസാനമായി ആശാൻ വായിച്ചുകേൾപ്പിച്ചതു ‘കരുണ’യാണ്. വിരുദ്ധമായ ഭാവങ്ങളെ ഒരേ ബിന്ദുവിൽ സംയോജിപ്പിക്കുകയും അതിൽനിന്നുളവാകുന്ന സംഘർഷം പടിപടിയായി ഉയർത്തുകയും ചെയ്താണ് ആശാന്റെ കാവ്യശിൽപചാതുര്യം അതിന്റെ പാരമ്യത്തിലെത്തുന്നത്. വിരക്തിയും ആസക്തിയും ജീവിതവും മരണവും എല്ലാം അവിടെ ഒരേ ബിന്ദുവിൽ സംഘർഷം സൃഷ്ടിച്ചു സന്ധിക്കുന്നു. നിർവഹണമാകട്ടെ പരമമായ ശാന്തിയിലുമാണ്. അതിനാൽ അശാന്തിയിൽനിന്നു ശാന്തിയിലേക്ക് അനുവാചകരെ നയിക്കുന്ന കാവ്യലോകമാണു കുമാരനാശാൻ മലയാള ഭാഷയ്ക്ക് എന്നന്നേക്കുമായി സംഭാവന ചെയ്തതെന്നു നിസ്സംശയം പറയാം.