ഭാവനാശൂന്യതയെ തിരിച്ചറിയുന്ന വായനക്കാർ എവിടെ?
സാഹിത്യവാരികകൾ വഴി മാത്രം സാഹിത്യവും സാഹിത്യവിചാരവും വിനിമയം ചെയ്തിരുന്ന കാലത്തു പരിമിതമായ അളവിലുള്ള പ്രകാശനങ്ങളാണു നടന്നിരുന്നത്. പത്രാധിപർക്കു രചനകളെ തമസ്കരിക്കാനാകുമായിരുന്നു. സാഹിത്യവാരികകളിലൂടെ, ചില സമ്മേളനങ്ങളിലൂടെ നിരൂപകർ നടത്തുന്ന തീർപ്പുകൾ ഏതാണ്ട് അന്തിമമായിരുന്നു. ഓരോ കാലത്തും
സാഹിത്യവാരികകൾ വഴി മാത്രം സാഹിത്യവും സാഹിത്യവിചാരവും വിനിമയം ചെയ്തിരുന്ന കാലത്തു പരിമിതമായ അളവിലുള്ള പ്രകാശനങ്ങളാണു നടന്നിരുന്നത്. പത്രാധിപർക്കു രചനകളെ തമസ്കരിക്കാനാകുമായിരുന്നു. സാഹിത്യവാരികകളിലൂടെ, ചില സമ്മേളനങ്ങളിലൂടെ നിരൂപകർ നടത്തുന്ന തീർപ്പുകൾ ഏതാണ്ട് അന്തിമമായിരുന്നു. ഓരോ കാലത്തും
സാഹിത്യവാരികകൾ വഴി മാത്രം സാഹിത്യവും സാഹിത്യവിചാരവും വിനിമയം ചെയ്തിരുന്ന കാലത്തു പരിമിതമായ അളവിലുള്ള പ്രകാശനങ്ങളാണു നടന്നിരുന്നത്. പത്രാധിപർക്കു രചനകളെ തമസ്കരിക്കാനാകുമായിരുന്നു. സാഹിത്യവാരികകളിലൂടെ, ചില സമ്മേളനങ്ങളിലൂടെ നിരൂപകർ നടത്തുന്ന തീർപ്പുകൾ ഏതാണ്ട് അന്തിമമായിരുന്നു. ഓരോ കാലത്തും
സാഹിത്യവാരികകൾ വഴി മാത്രം സാഹിത്യവും സാഹിത്യവിചാരവും വിനിമയം ചെയ്തിരുന്ന കാലത്തു പരിമിതമായ അളവിലുള്ള പ്രകാശനങ്ങളാണു നടന്നിരുന്നത്. പത്രാധിപർക്കു രചനകളെ തമസ്കരിക്കാനാകുമായിരുന്നു. സാഹിത്യവാരികകളിലൂടെ, ചില സമ്മേളനങ്ങളിലൂടെ നിരൂപകർ നടത്തുന്ന തീർപ്പുകൾ ഏതാണ്ട് അന്തിമമായിരുന്നു.
ഓരോ കാലത്തും ഉയർന്നുവന്ന സാഹിത്യപ്രസ്ഥാനങ്ങൾ തൊട്ടുമുൻപുള്ളതിനെ വലിച്ചുതാഴെയിടാൻ ശ്രമിച്ചു. ഖണ്ഡന വിമർശനത്തെ ന്യായീകരിച്ച്, അതാണു തന്റെ ഉത്തരവാദിത്തം എന്നു വാദിച്ച് കെ.പി. അപ്പൻ ഇങ്ങനെ പ്രസ്താവിച്ചു: “കലാസൃഷ്ടി എന്ന കള്ളപ്പേരിൽ പുറത്തുവരുന്ന കൃതികൾ സാഹിത്യത്തിന് അപകർഷം വരുത്തിവയ്ക്കുകയില്ലേ എന്ന ചോദ്യത്തിന് കിട്ടുന്ന ഉത്തരമാണ് ഖണ്ഡനവിമർശനം”.
പലതരക്കാരായ എഴുത്തുകാർ ഇതിനിടയിലൂടെ ഒഴുകി. ചിലർ കരകവിഞ്ഞു. മറ്റു ചിലർ വറ്റിപ്പോയി. എം. കൃഷ്ണൻ നായർക്ക് വൈലോപ്പിള്ളിയെ ഇഷ്ടമായിരുന്നില്ല. ആ ഇഷ്ടക്കേട് ഒരു അടിസ്ഥാനവും ഇല്ലാതെ വായനക്കാരിലേക്കും പകർന്നു. കെ.പി. അപ്പൻ കാക്കനാടനും കേശവദേവിനും എതിരെ നടത്തിയ കടന്നാക്രമണങ്ങൾ മാരകമായിരുന്നു. ഇത്തരത്തിലുള്ള ഖണ്ഡനവിമർശനം കാലഹരണപ്പെട്ടതായി എനിക്ക് തോന്നുന്നു. ഇന്ന് അത് എടുത്ത് പ്രയോഗിക്കുന്നവർ അൽപബുദ്ധിക്കാരോ ഭാവനാശൂന്യരോ ആണ്. സാഹിത്യത്തിന് ആരുടെയും പൊലീസിംഗ് ആവശ്യമില്ല. അവിടെ ശിക്ഷാവിധികൾക്ക് ഒരു സ്ഥാനവുമില്ല. ഒ.വി. വിജയനും ആനന്ദും മുകുന്ദനുമെല്ലാം ഈ പൊലീസിങ്ങിനു വിധേയരായിട്ടുണ്ട്. പക്ഷേ ആ ഖണ്ഡനവിമർശനക്കാരെ വായനക്കാർ മറന്നു, അവർ തള്ളിയ പുസ്തകങ്ങൾ ഇപ്പോഴും ജീവിക്കുന്നു.
തീർച്ചയായും നല്ല കൃതികൾക്കൊപ്പം ചീത്തയും ലോകത്ത് ഉണ്ടാകുന്നുണ്ട്. ആ കളകൾക്കിടയിൽനിന്ന് ഉന്നതമായ, നവീനമായ രചനകളെ കണ്ടെടുത്ത് കൂടുതൽ വായനക്കാരിലേക്ക് അവതരിപ്പിക്കാൻ നിരൂപകനു കഴിയണം. (സൂസൻ സൊന്റാഗാണ് ഈ നിരൂപണരീതിക്ക് മികച്ച ഉദാഹരണം. വിക്ടർ സർജ്, റോബർട്ട് വാൽസർ തുടങ്ങി ലോകശ്രദ്ധ നേടാതെ കിടന്ന എത്രയോ വലിയ എഴുത്തുകാരെയാണ് അവർ കണ്ടെടുത്ത് അവതരിപ്പിച്ചത്.)
ആധുനികതയുടെതോ ഉത്തരാധുനികതയുടെതോ ആയ പ്രമാണിമാരോട് കൺസൽറ്റ് ചെയ്യാതെ സ്വന്തമായി ഇഷ്ടങ്ങൾ വളർത്തി വായിച്ച സാഹിത്യത്തിനകത്ത് കുറെക്കാലം കഴിഞ്ഞപ്പോൾ ഏകാന്തമായ ചില അനുഭവങ്ങളുണ്ടായി. അതിലൊന്ന് വായന കൊണ്ടും മാറാത്ത ഒരുതരം വിരസതയായിരുന്നു. ഇത് എഴുത്തിനു മുൻപുളള ഒരു ദീനാവസ്ഥയാണെന്ന് എനിക്ക് അറിയില്ലായിരുന്നു, വല്യാപയ്ക്കൊപ്പം ഒരിക്കൽ ഒരു നടത്തത്തിനു പോകുംവരെ.
മരിക്കുന്നതിനു തൊട്ടുമുൻപുള്ള ദിവസങ്ങളിൽ കുത്തനെയുള്ള തരിശുമല കയറി കാട്ടിലേക്ക് ചെന്ന് അട്ടകളെപ്പേടിക്കാതെ ചെളിയിലൂടെ നടന്ന് അരുവിയിൽ ഇറങ്ങിമുങ്ങാൻ വല്യാപ്പയ്ക്ക് ഇഷ്ടമായിരുന്നു. ഒരു ദിവസം ഞാൻ അദ്ദേഹത്തിനു കൂട്ടുപോയി. കല്ലുകൾ നിറഞ്ഞ വഴി എന്നെ കഷ്ടപ്പെടുത്തി. വെള്ളത്തിലിറങ്ങാൻപേടിച്ച് കരയിൽ ഞാൻ ഉപ്പായുടെ മുണ്ടും തോർത്തും പിടിച്ചു വെള്ളത്തിന്റെയും കാറ്റിന്റെയും ഒച്ചകൾക്കിടയിൽ നിന്നു.
നിനക്കെഴുതാനുള്ള ഭാഷയാണു ഞാൻ എന്ന വാഗ്ദാനത്തോടെ വല്യാപ്പ അന്ന് അരുവിയിൽ ഇറങ്ങിനിന്ന് എന്നെ നോക്കി - ആ നോട്ടം തിളങ്ങിത്തെറിച്ച് എന്നിലേക്ക് വീണു; ഉന്നതമായ ഭാവനയുടെ നീർച്ചോല എന്നിൽ നിറയാൻ തുടങ്ങി.
എൺപതുകൾ മുതൽ തൊണ്ണൂറുകളുടെ അവസാനം വരെ സാഹിത്യവാരികകളെ മാത്രം ആശ്രയിച്ചാണ് ഞങ്ങളിൽ പലരും സാഹിത്യസമ്പാദനം നടത്തിയിരുന്നത്. കെ.പി. അപ്പൻ, വി. രാജകൃഷ്ണൻ, ആഷാമേനോൻ എന്നിവർക്ക് അക്കാലത്തു ഉന്നതമായ ഒരു പദവി അച്ചടിയിൽ ലഭിച്ചിരുന്നു. വാരികകൾ കയ്യിൽ കിട്ടിയാൽ നിരൂപണലേഖനങ്ങൾ ആദ്യം വായിക്കുന്ന ഒരു ശീലം, അത്തരമൊരു ഇഷ്ടം, വളർന്നുവരാനുള്ള കാരണം കെ. പി. അപ്പന്റെ ശൈലിയോടുള്ള ആരാധനയായിരുന്നു. ആ ചുവടു പിടിച്ച് മലയാളമെഴുതാനുള്ള ഒരു ത്വര ശക്തമായി വളരുകയും ചെയ്തു.
സാഹിത്യമെഴുതാനുള്ള താൽപര്യത്തെക്കാൾ സാഹിത്യം അഗാധമായി വായിക്കാനും അതിൽനിന്നു സ്വന്തമായ ഒരു അനുഭവലോകത്തെ രൂപപ്പെടുത്താനും അപ്പൻ കാരണമായെന്നു പറയാം. അപ്പൻ സ്ഥിരമായി സൂചിപ്പിക്കാറുള്ള കൃതികളുടെയും ഉദ്ധരണികളുടെയും പിന്നാലെപോകുകയാണ് ആദ്യം ചെയ്തത്. അക്കാലത്ത് എം. കൃഷ്ണൻനായരും ഏതാണ്ട് ഇതേപോലെ ലോകസാഹിത്യത്തെ പരിചയപ്പെടുത്തിയെങ്കിലും അപ്പൻ താൻ വായിച്ച ലോകസാഹിത്യ ചിന്തകളെ നമ്മുടെ ഭാവുകത്വത്തിന്റെ ഭാഗമാക്കാനുള്ള ശ്രമമാണ് നടത്തിയത്. ആ ഭാഷയിലെ അതിഭാവുകത്വം, അതിശയോക്തി എന്നിവ അദ്ദേഹത്തിന്റെ കൗശലങ്ങളായി പിൽക്കാലത്തു തോന്നുകയും ചെയ്തു
വായനയുടെ കല എങ്ങനെയാണു വികസിക്കുന്നതെന്ന്, അതെങ്ങനെയാണു പ്രയോഗിക്കുന്നതെന്ന് എനിക്ക് ചിന്താവിഷയമാണ്. സാഹിത്യപ്രസ്ഥാനങ്ങൾക്കും കലാസിദ്ധാന്തങ്ങൾക്കും അപ്പുറത്തേക്ക് വളരുകയും വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അതിജീവിക്കുകയും ചെയ്യുന്ന കലാസ്വത്വബോധം എന്ന ഒന്ന് ഉണ്ടെന്ന് എനിക്കു തോന്നുന്നു. ഇതിന് ഒരു ഉദാഹരണം ബഷീറാണ്. മറ്റൊരാൾ ആനന്ദും. ആധുനികതാ പൂർവ്വ കാലത്തുനിന്ന് എത്തിയ ബഷീർ മറ്റ് എല്ലാവരെക്കാളും പോസ്റ്റ് മോഡേണിറ്റിയുടെ ഭാഗമായിനിന്നു. ആധുനികതയുടെ മുഖ്യ പ്രതീകമായിരുന്ന ആനന്ദ് ആകട്ടെ ഉത്തരാധുനികത പിന്നിട്ടും ഏറ്റവും തീവ്രമായി ധൈഷണികത പ്രസരിപ്പിക്കുന്ന എഴുത്തുകാരനായി തുടരുന്നു. തകഴിയുടെ കാര്യത്തിൽ, വിശേഷിച്ച് കയർ എന്ന നോവൽ മുൻനിർത്തി പുതിയ വായനകൾ ഉണ്ടാകുന്നുണ്ടെന്നാണു ഞാൻ കരുതുന്നത്. ഇത്തരം വായനക്കാർ നമ്മുടെ ഭാഷയിലെ ഭാവനാശൂന്യതയെ തുടച്ചുനീക്കുന്ന പുതിയ എഴുത്തുകാരുടെ പിറവിക്കും കാരണമാകും.
പ്രസ്ഥാനത്തിനകത്തു നിർത്താൻ നോക്കിയാലും അവിടെ കെട്ടിക്കിടക്കാത്ത എഴുത്തുകാരും കലാകാരന്മാരുമാണ് ശുഷ്കരചനകൾക്കുള്ള ശരിയായ മറുപടി.തങ്ങളുടെ ജീവിതകാലവും അതുണ്ടാക്കിയ സിദ്ധാന്തങ്ങളും കടന്ന് വലിയ എഴുത്തുകാർ മുന്നോട്ടുപോകുന്നു. നോക്കൂ, ഫ്രാൻസ് കാഫ്ക ഇപ്പോഴും മറ്റാരെക്കാളും സമകാലീനനായി പ്രസരിക്കുന്നു, ആ ഭാവന സാർവ്വദേശീയമായ മനുഷ്യാനുഭവത്തിന്റെ ഭാഷയായി, ഓരോ ദേശത്തും കൂടുതൽ എഴുത്തുകാരെ പ്രചോദിപ്പിക്കുന്നു.
മോഡേണിറ്റി എന്നത് ഏതുകാലത്തെയും നവീനവും പ്രക്ഷുബ്‌ധവുമായ ചിന്തയാണ്. അതാണു പുതിയ വായനക്കരെയും എഴുത്തുകാരെയും ഉണ്ടാക്കുന്നത്. കേവല ആധുനികതാവാദ പ്രസ്ഥാനങ്ങൾ മാഞ്ഞുപോകുന്നു, മോഡേണിറ്റി പുതിയതായി ജനിച്ചുകൊണ്ടിരിക്കുന്നു. ഇതാണ് ലോകത്ത് പഴയ കൃതികളുടെ പുതിയ വായനയ്ക്ക് കാരണമാകുന്നത്. പൗരാണികനായ സോഫോക്ലിസിന്റെ ഇഡിപ്പസ് ട്രിലോജിക്ക് ബ്രയാൻ ഡോറീസ് നടത്തിയ ഇംഗ്ലിഷ് പരിഭാഷ വായിക്കുമ്പോൾ അത് ഈ വർഷമിറങ്ങിയ ഒരു നോവൽ പോലെ സമകാലീകമായിത്തോന്നി. സമഗ്രാധികാരം ഉണ്ടാക്കുന്ന അന്തസ്സാരശൂന്യതയെ ഇത്ര തീവ്രമായി അനുഭവിപ്പിക്കുന്നതാണു സോഫോക്ലിസ് തരുന്ന മോഡേണിറ്റി.
സ്വന്തം നാടിനെ ഗ്രസിച്ച വരൾച്ചയ്ക്കും പകർച്ചവ്യാധിക്കും കാരണം താൻതന്നെയാണ് എന്ന് സ്വേച്ഛാധികാരി മനസ്സിലാക്കുന്നില്ല. വിമർശിക്കുന്ന എല്ലാവരും ശത്രുക്കളാണെന്നും അയാൾ കരുതുന്നു. അന്ധനായ പ്രവാചകൻ തൈരിഷ്യസിനെ പറയുന്നതിലെ പൊരുൾ കാണാതെ ഇഡിപ്പസ് അയാളെ ശത്രുവായി സംശയിക്കുന്നു. പ്രവാചകന്റെ അന്ധതയെ പരിഹസിക്കുന്നു. എന്നാൽ തന്റെ കണ്ണിലെ വെളിച്ചം ആണ് യഥാർത്ഥ അന്ധത എന്നു രാജാവ് വൈകാതെ മനസ്സിലാക്കുന്നു. അന്ധനായ തൈരിഷ്യസ്, കണ്ണുകളിലെ ഇരുട്ടിനപ്പുറത്തു ദുർവിധിയുടെ സത്യം കാണുന്നുവെന്ന് അറിയുന്ന ഇഡിപ്പസ് സ്വന്തം കണ്ണുകളെ കുത്തിപ്പൊട്ടിച്ചിട്ട് തെരുവിൽ അലയാൻ പോകുന്നു. പ്രാചീന യവനമഹാകവിയുടെ മോഡേണിറ്റിയാണ് നാം ഇഡിപസിൽ കാണുന്നത്; സർവ്വാധികാരമെന്നത് സമകാലീനമായ തിന്മയായതിനാൽ.
“സാഹിത്യത്തിലെ പ്രധാന ചോദ്യം എന്താണ്, സത്യം പറയുന്നത് ആരാണ് എന്നതാണ് ആ ചോദ്യം" - ഒരിക്കൽ കെ. പി. അപ്പൻ എഴുതി.
പഴയഭാവനയുടെ പുതിയ പൊരുൾ അറിയുന്നതാണ്, അതിന്റെ സത്യാനുഭവം ആണ് ഏറ്റവും അനുഭൂതിദായകം എന്നു സോഫോക്ലിസ് കാണിച്ചുതരുന്നു.