ജാഗ്രത! അതികായൻ ‘ചിരി’ച്ചെത്തുന്നു
മലയാളത്തിൽ ഏറ്റവും വിശപ്പുണ്ടായിരുന്ന എഴുത്തുകാരൻ വികെഎൻ ആയിരുന്നിരിക്കണം; വിശപ്പിന്റെ രുചി പല കഥകളിൽ പകർന്നുവച്ച ബഷീറിന്റെ ഘടാഘഡിയൻ വിശപ്പിനേക്കാളും കൊടിയ വിശപ്പ്. വില്വമലച്ചെരിവിലെ വടക്കേ കൂട്ടാല വീടിന്റെ ഉമ്മറത്ത് ചാരുകസേരയിൽ കിടക്കുമ്പോൾ നാണ്വായരുടെ ഉള്ളിലും ഉണർന്നിട്ടുണ്ടാകും ‘ജഗദ്ഭക്ഷകനാകും
മലയാളത്തിൽ ഏറ്റവും വിശപ്പുണ്ടായിരുന്ന എഴുത്തുകാരൻ വികെഎൻ ആയിരുന്നിരിക്കണം; വിശപ്പിന്റെ രുചി പല കഥകളിൽ പകർന്നുവച്ച ബഷീറിന്റെ ഘടാഘഡിയൻ വിശപ്പിനേക്കാളും കൊടിയ വിശപ്പ്. വില്വമലച്ചെരിവിലെ വടക്കേ കൂട്ടാല വീടിന്റെ ഉമ്മറത്ത് ചാരുകസേരയിൽ കിടക്കുമ്പോൾ നാണ്വായരുടെ ഉള്ളിലും ഉണർന്നിട്ടുണ്ടാകും ‘ജഗദ്ഭക്ഷകനാകും
മലയാളത്തിൽ ഏറ്റവും വിശപ്പുണ്ടായിരുന്ന എഴുത്തുകാരൻ വികെഎൻ ആയിരുന്നിരിക്കണം; വിശപ്പിന്റെ രുചി പല കഥകളിൽ പകർന്നുവച്ച ബഷീറിന്റെ ഘടാഘഡിയൻ വിശപ്പിനേക്കാളും കൊടിയ വിശപ്പ്. വില്വമലച്ചെരിവിലെ വടക്കേ കൂട്ടാല വീടിന്റെ ഉമ്മറത്ത് ചാരുകസേരയിൽ കിടക്കുമ്പോൾ നാണ്വായരുടെ ഉള്ളിലും ഉണർന്നിട്ടുണ്ടാകും ‘ജഗദ്ഭക്ഷകനാകും
മലയാളത്തിൽ ഏറ്റവും വിശപ്പുണ്ടായിരുന്ന എഴുത്തുകാരൻ വികെഎൻ ആയിരുന്നിരിക്കണം; വിശപ്പിന്റെ രുചി പല കഥകളിൽ പകർന്നുവച്ച ബഷീറിന്റെ ഘടാഘഡിയൻ വിശപ്പിനേക്കാളും കൊടിയ വിശപ്പ്. വില്വമലച്ചെരിവിലെ വടക്കേ കൂട്ടാല വീടിന്റെ ഉമ്മറത്ത് ചാരുകസേരയിൽ കിടക്കുമ്പോൾ നാണ്വായരുടെ ഉള്ളിലും ഉണർന്നിട്ടുണ്ടാകും ‘ജഗദ്ഭക്ഷകനാകും കാലം’; ബാലചന്ദ്രൻ ചുള്ളിക്കാട് ‘അന്നം’ നേദിച്ചതു വൈലോപ്പിള്ളിക്കു മാത്രമായിട്ടാവില്ലല്ലോ.
രുചിയിലൂടെയും അഭിരുചിയിലൂടെയും ആ വിശപ്പിനെ അതികായൻ നേരിട്ട വിധമാകുന്നു വികെഎൻ കഥകൾ. ‘ലഞ്ച്’ എന്ന കഥയിൽ മേനോന്റെ ആപ്പീസിൽ പോയാലെന്തെന്ന് ഓർക്കുകയാണ് പയ്യൻ. കാരണം ഉദരസുന്ദരം: ‘വിപ്ലവം സൃഷ്ടിക്കുന്ന പാർട്ടിയുടെ തലസ്ഥാനത്തെ മെസ്സിൽ നിന്ന് മേനോന് എടുപ്പുശാപ്പാട് വരുന്നുണ്ട്. നാടുവാഴിത്തകാലത്തെ സദ്യകളെ ഓർമിപ്പിക്കുന്നു ശാപ്പാട്’. നാടുവാഴിത്തത്തെ വിഴുങ്ങാനുള്ള എളുപ്പവഴി അവരുടെ സമൃദ്ധ സുന്ദര ശാപ്പാട് വിഴുങ്ങുകയാണെന്നാകണം വിപ്ലവപാർട്ടിയുടെ ‘മെനു’ഫെസ്റ്റോ!
ആ വിഭവങ്ങൾ വികെഎൻ ഇങ്ങനെ നിരത്തുന്നു: ‘മോരൊഴിച്ച ഒന്നാംതരം കൂട്ടാൻ. ഇളംമഞ്ഞ നിറമായ അസ്സൽ അവിയൽ. കറിവേപ്പിലയും വാഴക്കയും മുരിങ്ങക്കായും പച്ചമുളകും തലങ്ങും വിലങ്ങും പച്ചനിറത്തിൽ കിടക്കുന്ന ഉഗ്രൻ ഉപദംശം. കേമൻ മെഴുക്കുപുരട്ടി. പച്ചമാങ്ങ ചെറുതായി ചതുരത്തിൽ മുറിച്ച് മുളകും ഉപ്പും കായവും തിരുമ്പി അന്നു നിർമിച്ച ഉപ്പിലിട്ടത്. പൊള്ളം നിറഞ്ഞ പപ്പടം. മുഷിയാത്ത മോര്. ഒരു ശാപ്പാട് രണ്ടാൾക്ക് പൂർണമായി ഭക്ഷിക്കാം’.
ഉണ്ടാലുമുണ്ടാലും അപ്പോഴപ്പോൾ ഇലകളിൽ വിഭവങ്ങൾ നിറഞ്ഞുകൊണ്ടേയിരിക്കുന്ന രുചിപ്പലമയുടെ മഹാസദ്യയാണ് വികെഎൻ വിളമ്പിവച്ചത്. ആഹാരത്തിന്റെ രുചി അധികാരത്തിന്റെ രുചിയുമാണെന്നു പയ്യൻ നേരത്തേ തിരിച്ചറിഞ്ഞിരുന്നു. സുന്ദരിയായ കേണൽ രേണുവിന്റെ അടുക്കളയിൽ നിന്നു പൊറോട്ടയും മുട്ടയും ചിക്കനുമടിച്ചിരുന്ന ദിനങ്ങളിലൊന്നിലാകണം ആ തിരിച്ചറിവിന്റെ പ്രഹരത്തിൽ പയ്യൻ ആടിയാടി ഉലഞ്ഞിട്ടുണ്ടാകുക. രുചി ഇങ്ങനെയെങ്കിൽ അഭിരുചിയുടെ കാര്യം പറയണോ?
വായിക്കുന്നവന്റെ റേഞ്ചിനോളമാണു വികെഎന്നിനെ പിടികിട്ടുക. ചരിത്രം നിങ്ങൾക്കു തൃണമൂലെങ്കിൽ, രാഷ്ട്രീയത്തിലെ അടിയൊഴുക്കുകളും മേലൊഴുക്കുകളും പരിചിതമെങ്കിൽ, നാലു ദിവസത്തെ നളചരിതം കഥകളിയും അഞ്ചുദിവസത്തെ ടെസ്റ്റ് ക്രിക്കറ്റും മുഷിയാതെ കണ്ണിലെണ്ണയൊഴിച്ചു കണ്ടിരിക്കുമെങ്കിൽ, രതിയുടെ നേരംപോക്കുകൾ ‘ക്ഷ’ പിടിക്കുമെങ്കിൽ, ഉണ്ണിയച്ചീ ചരിതവും ഉണ്ണായിവാരിയരും തൊട്ടിങ്ങോട്ട് ആധുനികാനന്തരം വരെയുള്ള കവിത കാണാപ്പാഠമെങ്കിൽ, കാളിദാസോപമകളും ഷെയ്ക്സ്പിയർ ക്വോട്സും നാവിൻതുമ്പത്തെങ്കിൽ, നളപാകം അറിയാമെങ്കിൽ, തെങ്ങിനു തടമെടുക്കാനും ആണ്ടോടാണ്ടു കണ്ടമൊരുക്കാനും വിതയ്ക്കാനും കൈ തരിക്കുമെങ്കിൽ നിങ്ങൾക്കു മുന്നിൽ വികെഎൻ വിശ്വരൂപനാകും. നിങ്ങൾ വല വീശിയെറിയുന്നതിനനുസരിച്ചുള്ള വികെഎന്നാണ് ഓരോ ദിവസവും കിട്ടുക.
‘മരിക്കും ഞാൻ നിനക്കായി,
കാവ്യാദർശ ദേവതേ’ എന്ന പി.കുഞ്ഞിരാമൻ നായരുടെ വരികൾ അറിയുന്നവർക്കേ
‘മരിക്കും ഞാൻ നിനക്കായി,
കുലടാദർശ ദേവതേ’ എന്നു വികെഎൻ നടത്തുന്ന അപനിർമാണം പിടികിട്ടൂ. മുന്തിയ ഒരു പയ്യൻ സന്ദർഭമൊന്ന് ഓർത്തുനോക്കൂ. പയ്യൻ കുളിമുറിയിലേക്കു നടക്കുകയാണ്. ‘അടച്ചിരുന്ന വാതിലിനപ്പുറത്തു നിന്നും ഷവറിന്റെ ഷീൽക്കാരം ഉയരുന്നു. തനിക്ക് മനപ്പാഠമായ അവളുടെ നഗ്നമായ ഭൂമിപാഠത്തെ നീരിന്റെ ഈർക്കിലനാമ്പുകൾ ഷീൽക്കാരത്തോടെ നക്കുന്നത് മനസ്സിൽ കണ്ടപ്പോൾ പയ്യൻ പുളഞ്ഞു’. അകത്തു നിന്നു രേണുവും പുറത്തു നിന്ന് പയ്യനും സംവാദം തുടരുകയാണ്. ഷവറിനു ചോട്ടിലേക്ക് ഒരു വഴി തുറക്കാൻ പയ്യൻ അടവെടുക്കുന്നു:
‘നീ കുളിച്ചുകൊള്ളുക. ഞാൻ വന്നു പല്ലു തേച്ചു തുടങ്ങട്ടെ. കണ്ണടച്ചുകൊള്ളാം’ പയ്യനെ ‘ഷട്ടപ്പ്’ കൊണ്ടാണ് രേണു നേരിടുന്നത്. തന്റെ രാഷ്ട്രതന്ത്രജ്ഞത പുറത്തെടുത്തുകൊണ്ട് ചരിത്രത്തിൽ നിന്നു ചീന്തിയെടുത്തൊരു ഉദ്ധരണി പയ്യൻ രേണുവിനു നേർക്കെറിയുന്നു. ‘എന്നിൽ നിന്നും മറച്ചുപിടിക്കാൻ നിനക്കെന്തു രഹസ്യമാണുള്ളത്, മെം?’ എന്നാണു പയ്യൻ ചോദിക്കുന്നത്.
‘നിന്റെ ചർച്ചിൽ–റൂസ്‌വെൽട്ട് ഡയലോഗുമായി നീ പോ പയ്യൻ’ എന്നാണു േരണുവിന്റെ തിരിച്ചടി. ഇതു ഫലിതമാണെങ്കിൽ നീയെന്നോടിത് അഞ്ചാമത്തെ പ്രാവശ്യമാണു പറയുന്നതെന്നും മനുഷ്യരോടു ദയ കാണിക്കെന്നും രേണു പറയുന്നു. ബ്രിട്ടിഷ് പ്രധാനമന്ത്രി ചർച്ചിലിന്റെ 1941ലെ യുഎസ് സന്ദർശനവും വൈറ്റ് ഹൗസിലെ കുളിമുറിയിൽ നിന്ന് ഉടുതുണിയില്ലാതെ അദ്ദേഹം പ്രസിഡന്റ് റൂസ്‌വെൽറ്റിന്റെ മുന്നിലേക്ക് ഇറങ്ങിവന്നതും ‘ബ്രിട്ടിഷ് പ്രധാനമന്ത്രിക്ക് യുഎസ് പ്രസിഡന്റിൽ നിന്ന് ഒന്നും മറയ്ക്കാനില്ല’ എന്നു പറഞ്ഞതുമെല്ലാം അറിയാമെങ്കിലേ പയ്യൻവചനത്തിന്റെ ചരിത്രവ്യാപ്തി നിങ്ങൾക്കു പിടികിട്ടൂ. ഇവിടെ രേണു ക്ലൂവെങ്കിലും നൽകുന്നുണ്ടെന്നു കരുതി സമാധാനിക്കുക. പലയിടത്തും അത്തരം ഉപചാരങ്ങൾക്കും വികെഎൻ മുതിരുന്നില്ല. വെറുതെ മുട്ടിയാലൊന്നും വികെഎൻ തുറക്കപ്പെടില്ല; താഴിനനുസരിച്ചുള്ള താക്കോൽ വേണം.
വികെഎൻ ഒരു ക്രിക്കറ്ററായിരുന്നെങ്കിൽ കോപ്പിബുക്ക് കീറിക്കളയുകയാകും ആദ്യം ചെയ്യുക. അസാധ്യതകളുടെ ആംഗിളുകളിൽ നിന്നാകും ഷോട്ടുകൾ ഉതിർക്കുക. മുട്ടിമുട്ടി നിൽക്കും ദ്രാവിഡ് മട്ടുണ്ടാകില്ല. ക്രീസിനു പുറത്താകും നിത്യ വിഹാരം. ബോൾ ചെയ്യുമ്പോൾ ‘ബോഡിലൈൻ’ ആയിരിക്കും പഥ്യം. ബാറ്ററുടെ ചോര കാണാതെയോ ‘മുക്കുറ്റികൾ’ തെറിപ്പിക്കാതെയോ അടങ്ങില്ല. അഞ്ചുദിവസത്തെ കളി ‘അരനാഴിക നേരം’ കൊണ്ടു തീർത്ത് മറ്റു നേരംപോക്കുകളിലേക്കു തിരിയും.
വിഗ്രഹഭഞ്ജകനായിരുന്നു വികെഎൻ. അദ്വൈതശങ്കരനായാലും മാർക്സിസ്റ്റ് ശങ്കരനായാലും വേണ്ടുവോളം വാങ്ങിച്ചുകൂട്ടി. ഇഎംഎസിന്റെ സമ്പൂർണകൃതികൾ നൂറു വോള്യങ്ങളായി ചിന്ത പബ്ലിക്കേഷൻസ് പുറത്തിറക്കിയിട്ടുണ്ടെന്നും തരം പോലെ വായിക്കണമെന്നും പറഞ്ഞ പാർട്ടി പ്രവർത്തകരോടു വികെഎൻ ചോദിച്ചത്രേ, ‘ഇപ്പോൾ ചിന്തയിൽ സബ് എഡിറ്റർമാരൊന്നുമില്ലേ? എന്ന്. എന്തേ എന്ന മട്ടിൽ നോക്കിയ പാർട്ടിക്കാരോട് ദയാലേശമില്ലാതെ വികെഎൻ പറഞ്ഞത് ‘നന്നൊയൊന്ന് എഡിറ്റ് ചെയ്താൽ ഒറ്റ വോള്യത്തിൽ ഇറക്കാമല്ലോ, എന്തിനാണു നൂറു വോള്യങ്ങൾ’ എന്നായിരുന്നു. വികെഎൻ കഥകളിൽ അതിശയോക്തി ഏറ്റവും കുറഞ്ഞ ഒന്നാണിതെന്നു സി.ആർ.പരമേശ്വരൻ എഴുതിയിട്ടുണ്ട്. ഇഎംഎസ് വിട്ടുനൽകിയ സ്റ്റേറ്റ് കാറിൽ സ്റ്റേറ്റിലെ കള്ളുഷാപ്പായ ഷാപ്പെല്ലാം കുടിച്ചുവറ്റിച്ചു സഞ്ചരിച്ചതിനെക്കുറിച്ചും നാടോടിക്കഥയുണ്ട്.
രാഷ്ട്രീയശരിയുടെ കണ്ണട വച്ചുള്ള വായനയുടെ കാലത്ത്, വികെഎൻ വായന ഭാവുകത്വത്തിനു നല്ലൊരു ചവിട്ടിത്തിരുമ്മലാകും. അപ്രവചനീയതയുടെ സൗന്ദര്യമെന്തെന്നു നാമറിയും. ആശാനെപ്പോലെ, ബഷീറിനെപ്പോലെ, കുഞ്ചൻ നമ്പ്യാരെപ്പോലെ, നമ്മുടെ എല്ലാ വലിയ എഴുത്തുകാരെയും പോലെ ഒരു സമാന്തരപ്രപഞ്ചം തന്നെ വികെഎൻ സൃഷ്ടിച്ചു. വിടവാങ്ങി ഇരുപതാണ്ടു തികയുമ്പോഴും ആ പ്രപഞ്ചം നിത്യനൂതനമായിത്തന്നെ ഇരിക്കുന്നു. ഓർമയ്ക്കായി ഇലയിടുമ്പോൾ ജാഗ്രത! അതികായൻ ‘ചിരി’ച്ചെത്താം. ‘ഇന്നും ഇഡ്ഡലി തന്നെയല്ലേ?’ എന്നു ചോദിച്ച് ഇല വലിച്ചിട്ടിരിക്കാം, ഇരുത്തിച്ചിരിപ്പിക്കാം, ഇരുത്തിച്ചിന്തിപ്പിക്കാം!