അതിവൈകാരികതയുടെ വാഗ്ദാനം; അവന്റെ കണ്ണുകളിൽ തുളുമ്പുന്ന രഹസ്യം
ഒരു പ്രേമത്തിൽനിന്നു മറ്റൊന്നിലേക്ക് അവൻ തെന്നിപ്പോകുന്നതു ഞാൻ സങ്കൽപിച്ചു. പെൺകുട്ടികൾ വരുന്ന വട്ടങ്ങളിൽ അവന്റെ കണ്ണുകൾ എവിടേക്കെല്ലാം പറക്കുന്നുവെന്നു ഞാൻ നിരീക്ഷിച്ചു. ഞങ്ങൾ കൂട്ടുകൂടിയിട്ട് അപ്പോൾ രണ്ടോ മൂന്നോ മാസമേ ആയിരുന്നുള്ളൂ. എന്നാൽ അവനെ എന്നേ അറിയും, എന്റെ നാട്ടിൽ വീട്ടിലേക്കുള്ള
ഒരു പ്രേമത്തിൽനിന്നു മറ്റൊന്നിലേക്ക് അവൻ തെന്നിപ്പോകുന്നതു ഞാൻ സങ്കൽപിച്ചു. പെൺകുട്ടികൾ വരുന്ന വട്ടങ്ങളിൽ അവന്റെ കണ്ണുകൾ എവിടേക്കെല്ലാം പറക്കുന്നുവെന്നു ഞാൻ നിരീക്ഷിച്ചു. ഞങ്ങൾ കൂട്ടുകൂടിയിട്ട് അപ്പോൾ രണ്ടോ മൂന്നോ മാസമേ ആയിരുന്നുള്ളൂ. എന്നാൽ അവനെ എന്നേ അറിയും, എന്റെ നാട്ടിൽ വീട്ടിലേക്കുള്ള
ഒരു പ്രേമത്തിൽനിന്നു മറ്റൊന്നിലേക്ക് അവൻ തെന്നിപ്പോകുന്നതു ഞാൻ സങ്കൽപിച്ചു. പെൺകുട്ടികൾ വരുന്ന വട്ടങ്ങളിൽ അവന്റെ കണ്ണുകൾ എവിടേക്കെല്ലാം പറക്കുന്നുവെന്നു ഞാൻ നിരീക്ഷിച്ചു. ഞങ്ങൾ കൂട്ടുകൂടിയിട്ട് അപ്പോൾ രണ്ടോ മൂന്നോ മാസമേ ആയിരുന്നുള്ളൂ. എന്നാൽ അവനെ എന്നേ അറിയും, എന്റെ നാട്ടിൽ വീട്ടിലേക്കുള്ള
ഒരു പ്രേമത്തിൽനിന്നു മറ്റൊന്നിലേക്ക് അവൻ തെന്നിപ്പോകുന്നതു ഞാൻ സങ്കൽപിച്ചു. പെൺകുട്ടികൾ വരുന്ന വട്ടങ്ങളിൽ അവന്റെ കണ്ണുകൾ എവിടേക്കെല്ലാം പറക്കുന്നുവെന്നു ഞാൻ നിരീക്ഷിച്ചു. ഞങ്ങൾ കൂട്ടുകൂടിയിട്ട് അപ്പോൾ രണ്ടോ മൂന്നോ മാസമേ ആയിരുന്നുള്ളൂ. എന്നാൽ അവനെ എന്നേ അറിയും, എന്റെ നാട്ടിൽ വീട്ടിലേക്കുള്ള കുന്നിൻപാതയിൽ ഞങ്ങൾ ഒരുമിച്ചു നടന്നു കിതച്ചിരുന്നുവെന്ന ഓർമ ഞാനറിഞ്ഞു.
വാരാന്ത്യങ്ങളിൽ ഞങ്ങൾ ഇരുവരും ഒരുമിച്ചാണു ഹോസ്റ്റലിൽനിന്ന് ഇറങ്ങുക, അവൻ റെയിൽവേ സ്റ്റേഷനിലേക്കും ഞാൻ ബസ് സ്റ്റോപ്പിലേക്കും പോകുന്നു. വീട്ടിലെത്തുന്ന ഞായറാഴ്ചയിൽ, ലോകത്തിലെ ഏറ്റവും വിരസമായ ദിവസം അതാണന്നു കരുതി, ഞായറാഴ്ചയുടെ പകൽവെളിച്ചത്തിലേക്ക് ഇറങ്ങിച്ചെല്ലാതെ കഴിയുന്നത്ര ഉദാസീനനായി ഒരു വീട്ടുജോലിയിലും സഹായിക്കാതെ നേരം കഴിക്കാൻ ഞാൻ ശ്രമിച്ചു. ഒരു ദിവസം ഒരു നോവലെഴുത്തുകാരനായിത്തീരുമ്പോൾ ഞായറാഴ്ചകളുടെ വിരസതയിൽനിന്ന് വിശേഷസൗന്ദര്യമുള്ള വാക്കുകൾ പെറുക്കിയെടുക്കുമെന്നും വിശ്വസിച്ചു.
പ്രേമം ഒരാളിലെ ബുദ്ധിയെയും ഭാവനയെയും ദീർഘകാലത്തേക്കു സൈബീരിയ പോലെയോ ആൻഡമാൻ ദ്വീപുകൾ പോലെയോ ഒരിടത്തു തടവിൽ വയ്ക്കുമെന്ന് അന്ന് ഊഹിക്കാനായില്ല. തിങ്കളാഴ്ചകളിൽ തമ്മിൽ കാണാൻ വൈകുമ്പോൾ അവനെത്തിരഞ്ഞു നടക്കുന്നു. ഒടുവിൽ ആ പെൺകുട്ടിക്കൊപ്പം അല്ലെങ്കിൽ ഒരു സംഘത്തിനു നടുവിൽ അവനെ കണ്ടെത്തുന്നു. അല്ലെങ്കിൽ ഇപ്പോൾ വരാമെന്നു പറഞ്ഞുപോകുന്ന ആളെ മണിക്കൂറുകളോളം കാണാതാകുന്നു.
അവൻ എന്നെയും കടന്നുപോകുമോ എന്നു ഞാൻ സംശയിച്ചു. ഈ വിചാരത്തിന്റെ ബാലിശതയിൽനിന്ന് മോചിതനാകാൻ ശ്രമിച്ചെങ്കിലും ഒരു ചതുപ്പിൽ എന്നവിധം ഓരോ കുതറലിലും ഞാൻ താണുകൊണ്ടിരുന്നു. എന്റെ സ്നേഹം ഏതു സൗഹൃദത്തെക്കാളും, പ്രേമത്തെക്കാളും വലുതാണെന്ന് പ്രഖ്യാപിക്കാൻ ഞാൻ വെമ്പി. എന്നാലത് അസാധ്യമായിരുന്നു. അതോടെ ഞങ്ങളുടെ കൂട്ടു തീർന്നുപോകും, ഞാൻ അപമാനിതനാകും, ആരുമില്ലാതെ ഓടിപ്പോകേണ്ടിവരുമെന്നെല്ലാം ഭയന്നു.
ഈ ക്ഷുദ്രാഹന്തയുടെ താപത്താൽ ഉള്ളം പുകഞ്ഞ്, മരണമാണു ഭേദമെന്ന മൗഡ്യത്തിൽ, ഒരു ഇരുപതുകാരൻ മിക്കവാറും ക്ലാസിൽ കയറാതെ,ആരുടെയും മുഖത്തുനോക്കാതെ, ഒന്നും വായിക്കാതെ മുറിയുടെ ഒരു മൂലയിൽ മിഴിനട്ടിരുന്നു മുക്തിരഹിതമായ ജന്മങ്ങളെക്കുറിച്ചു ചിന്തിക്കാൻ തുടങ്ങി. ഈ നിരർത്ഥകക്ഷോഭത്തിൽ ഞാനെരിയുമ്പോഴും ഞങ്ങൾക്കിടയിലെ സംസാരം, നടത്തം എന്നിവയെല്ലാം പതിവുപോലെ തുടർന്നു. യഥാർത്ഥത്തിൽ എന്താണ് എന്നെ അലട്ടിയത്? നിനക്ക് എന്തെങ്കിലും പ്രയാസമുണ്ടോ എന്ന് അവൻ പലവട്ടം ചോദിച്ചു; വീട്ടിൽ എന്തെങ്കിലും പ്രശ്നങ്ങൾ, പണം വല്ലതും വേണോ, എന്താണു നീ എപ്പോഴും ആലോചിക്കുന്നത്?
അവൻ എന്നും എന്റെ കൂടെ ഏറെനേരം ചെലവഴിച്ചു, ഏതു നേരത്തായാലും ചായ കുടിക്കാൻ പോകുന്നേരം എന്നെ കൂടെക്കൂട്ടി. പലരാത്രികളിൽ ഞങ്ങൾ ഒരുമിച്ചിരുന്നു വായിച്ചു.ഒരു ദിവസം അവനു ഷർട്ട് വാങ്ങാൻ എന്നെ കൂട്ടു വിളിച്ചു. ഞങ്ങൾക്ക് ഒരേ അളവാണെന്ന് എനിക്ക് അന്നു മനസ്സിലായി. എന്നെ അമ്പരിപ്പിച്ച് എനിക്കുകൂടി അവൻ ഷർട്ട് വാങ്ങി. അവൻ മനപ്പൂർവ്വം ഒന്നും ചെയ്തില്ലെങ്കിലും ദിവസം ചെല്ലുന്തോറും എന്റെ വിവശത കൂടുകയാണു ചെയ്തത്. എന്തായിരുന്നു എന്റെ പ്രശ്നം?
ഞാൻ അവന്റെ കണ്ണുകളിൽ നോക്കി പുഞ്ചിരിക്കാൻ ശ്രമിച്ചു. അവൻ സുന്ദരനായിരുന്നു. അവന്റെ പുരികത്തിന്റെ വടിവ്, കീഴ്ച്ചുണ്ടിന്റെ വക്കിലെ കറുപ്പ്. സജലമായ ആ കണ്ണുകൾ പ്രസരിപ്പിക്കുന്ന ഉന്മത്തതയിൽ ഞാൻ വിശ്വസിച്ചു. അതൊരു വാഗ്ദാനമാണെന്ന് എനിക്കു ഉറപ്പുണ്ടായിരുന്നു. അവനെ ആദ്യം കണ്ടദിവസം, ലൈബ്രറിയിൽനിന്നു കിട്ടിയ കക്കാടുകോയയുടെ നോവലിനെപ്പറ്റി അവനോടുപറയാൻ തുടങ്ങി. അപ്രകാശിതമായ ഒരു ഹൃദയത്തിന്റെ പ്രതിബിംബം ആയിരുന്നു ആ രചന. ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ എന്റെ നാട്ടിൽ മറ്റൊരു കക്കാടു കോയ ഉണ്ടായിരുന്നു. ആ നോവലിലെഴുതിയ കക്കാടു കോയയും ഞാനറിയുന്ന എന്റെ നാട്ടിലെ കക്കാടുകോയയും ഒരാളല്ല; അവർക്കിടയിൽ മുപ്പതോ നാൽപതോ വർഷങ്ങളുടെ വിടവുണ്ടെന്നതും എനിക്കറിയാം. എന്നിട്ടും രണ്ടുപേരും ഒരാളെന്ന് എനിക്കു തോന്നി.
നോവലെഴുതിയ കോയ മുപ്പതു വർഷം കഴിഞ്ഞു വരാനുള്ള ബീഡിതെറുപ്പുകാരനും കവിയുമായ കോയയുടെ മനസ്സ് സങ്കൽപിച്ചാണോ ആ നോവലെഴുതിയത്? ചെങ്കുളം വൈദ്യുതി നിലയത്തിനു സമീപം നിരന്തര ജലപാതത്തിന്റെ ഒച്ചയിൽ കുരുങ്ങിയ തന്റെ ഭാവനയെ മോചിപ്പിക്കാൻ ശ്രമിച്ച കോയ, താനെഴുതേണ്ട എഴുത്ത് നേരത്തേ പിറന്നുവെന്ന് അറിഞ്ഞിരുന്നോ? തന്റെ വീട് പുഴവെള്ളം എടുക്കുന്നതിനും മുൻപേ ഭാര്യയും രണ്ടു മക്കളുമായി ആ യുവാവ് നാടുവിട്ടുപോയി. അങ്ങനെ അയാൾ എന്റെ ലോകത്തുനിന്ന് എന്നന്നേക്കുമായി അപ്രത്യക്ഷനായി. അവൻ ഞാൻ പറഞ്ഞ കഥ മുഴുവനും കേട്ടശേഷം ഇത് ഡെസ്റ്റോയെവ്സ്കിയുടെ ഹിപോലിറ്റ് എന്ന പതിനേഴുകാരൻ കഥാപാത്രമാണു പിന്നീട് ഫ്രാൻസ് കാഫ്കയായി ജനിച്ചതെന്നു വിശ്വസിക്കും പോലെയാണല്ലോ എന്ന് പറഞ്ഞു ഉറക്കെ ചിരിച്ചു. ചിരിക്കുമ്പോൾ ആ കണ്ണുകൾ തുളുമ്പുന്നു.
അപ്പോൾ അവിടെ ഒരു രഹസ്യം, മൂർച്ഛിക്കുന്ന ഏതോ കാമലയം, ഞാൻ പിന്നെയും കണ്ടു; മറ്റൊരാളുമായി, നിശ്ചയമായും കലാകാരിയുമായി അവൻ പ്രേമത്തിലാണെന്നു ഞാൻ സംശയിച്ചു. അവന്റെ കൂടെ നടക്കുമ്പോഴെല്ലാം ഞാൻ അതോർത്തു. അവൻ എന്നോട് ഒരിക്കലും പറയില്ല.
എന്തെങ്കിലും സൂചന തേടി എനിക്കു വായിക്കാൻ തന്നെ അവന്റെ കവിതകളിൽവരെ ഞാൻ തിരഞ്ഞു. ചില ദിവസങ്ങളിൽ, എന്റെ തോന്നൽ മാത്രമാണതെന്നു കരുതി സമാധാനിക്കാനും ശ്രമിച്ചു. പക്ഷേ അവന്റെ കണ്ണുകളിൽ ആ രഹസ്യം മിന്നുന്നത് ഞാൻ കണ്ടുപിടിച്ചിരുന്നു. ആ രഹസ്യത്തെപ്പറ്റിയുള്ള വിചാരമാണ് എന്നെ അലട്ടുന്നതെന്ന് എങ്ങനെ അവനോടു പറയും? ആ പെൺകുട്ടി ആരാണെന്നോ അവളുടെ പേരെന്താണെന്നോ അറിയാതെ എന്തു ചോദിക്കാനാണ്? അതിനാൽ എന്റെ ഉൽകണ്ഠ മറച്ചുവച്ച് കക്കാടുകോയയുടെ നോവൽ പോലെ എന്നെ രസിപ്പിക്കുകയോ ചിന്തിപ്പിക്കുകയോ ചെയ്യുന്ന കാര്യങ്ങളിലേക്കു സംസാരത്തെക്കൊണ്ടുപോയി. ഞാൻ ഒഴിഞ്ഞുമാറുന്നതും വിഷയം മാറ്റുന്നതും അവനിൽ നീരസ്സമുണ്ടാക്കുകയാണുചെയ്തത്.
ഒരു ദിവസം ഉച്ചയ്ക്കുശേഷം അവൻ പറഞ്ഞു, നമുക്ക് ആർട്ട് ഗാലറിയിൽ പോകാം. ബോട്ട്ജെട്ടിയിൽനിന്ന് കുറച്ചുദൂരം ഇടിഞ്ഞുപൊളിഞ്ഞ പഴയ കെട്ടിടങ്ങൾക്കിടയിലൂടെ നടന്ന് അവിടെയെത്തി. പൗരാണികമായ വായു മണക്കുന്ന അവിടെ ഒരു ചിത്രപ്രദർശനം നടക്കുകയായിരുന്നു. ചെറിയ ആൾക്കൂട്ടം ആ ഹാളിൽ ചുറ്റിനിന്നു. മന്ദഹാസം ഒട്ടിച്ചുവച്ച മുഖമുള്ള ഒരു പെൺകുട്ടിയുടേതായിരുന്നു ആ പ്രദർശനം. നീണ്ട മുഖവും ഇരുണ്ട ചുണ്ടുകളുകളുമുള്ള ചിത്രകാരി അവനെ പ്രതീക്ഷിച്ചിരുന്നുവെന്ന് എനിക്കു മനസ്സിലായി. ആർട്ട് ഗാലറിയുടെ അകത്തു കയറിയതും അവർ പരസ്പരം കണ്ടു കൈ പിടിച്ചതും അവനെ എനിക്കു നഷ്ടമായി. അവൻ എന്നിൽനിന്ന് തെന്നിപ്പോയി.
30 വർഷം മുൻപത്തെ ഒരു സായാഹ്നമാണു ഞാൻ ഇപ്പോൾ എഴുതുന്നത്. മനുഷ്യർക്കിടയിൽ, വസ്തുക്കൾക്കിടയിൽ, ഒച്ചകൾക്കിടയിൽ ഇങ്ങനെ നഷ്ടമായി നിൽക്കുന്ന യൗവനഭാരം എങ്ങനെ വിവരിക്കണമെന്ന് ഇപ്പോഴും ഞാൻ പഠിച്ചിട്ടില്ല. അതിനുചേർന്ന ഭാഷ കണ്ടെത്താൻ കഴിഞ്ഞില്ല. വർഷങ്ങളുടെ വിടവുകളിലൂടെ വാക്കുകളെ സ്ഥിരമായി ചോർത്തിക്കളഞ്ഞ് ആ സായാഹ്നത്തിന്റെ പാരുഷ്യം അകന്നകന്നുപോകുന്നു. ആ പെൺകുട്ടി വരച്ച പെയിന്റിങ്ങുകൾക്കു മുന്നിൽ നിന്നു കലാസ്വാദകൻ ആകാൻ പ്രയാസപ്പെടുന്നു. ചരിത്രത്തിൽനിന്നോ സാഹിത്യത്തിൽനിന്നോ എടുത്ത ചില സന്ദർഭങ്ങളുടെ ആഖ്യാനമായ ഓരോ ചിത്രത്തിനും മനോഹരമായ അടിക്കുറിപ്പുകളുണ്ടായിരുന്നു. ഞാൻ അതു വായിച്ചു, അന്നേരം മണലിൽ ഉരഞ്ഞതുപോലെ നെഞ്ചിനകം നീറാൻ തുടങ്ങി.
അടിക്കുറിപ്പുകൾ അവനെഴുതിയതായിരുന്നു. അവന്റെ ഭാഷ ഞാനാണ് ആദ്യം തിരിച്ചറിയുക, എന്നിൽനിന്നതിനു മറഞ്ഞിരിക്കാനാവില്ല. ആത്മഹത്യയുടെ തലേന്നു മറ്റ് ജൂത അഭയാർഥികൾക്കൊപ്പം സ്വിസ് അതിർത്തിയിൽ രണ്ടു വലിയ സ്യൂട്ട്കേസുമായി നിൽക്കുന്ന വാൾട്ടർ ബെന്യാമിനെ ചിത്രീകരിക്കുന്ന, ഇരുണ്ടു തീവ്രമായ നിറങ്ങളുള്ള ഒരു പെയിന്റിങ്ങിനു താഴെ ഞാൻ വായിച്ചു.
'ഒരു സമുദായത്തിലും നീ അംഗമല്ല. വായനക്കാരുടെയും എഴുത്തുകാരുടെയും ലോകം, സംഗീതജ്ഞരുടെയും ചിത്രമെഴുത്തുകാരുടെയും ലോകം, വിപ്ലവകാരികളുടെയും രാഷ്ട്രീയ ചിന്തകരുടെയും ലോകം, കാമുകരുടെയും മദ്യപാനികളുടെയും ലോകം–ഇവിടെങ്ങളിലെവിടെയോ ആനന്ദമോ അർത്ഥമോ ഉണ്ടായിരിക്കുമെന്നു നീവിശ്വസിച്ചു. പക്ഷേ ലോകം നിന്നെ തളർത്തിക്കളഞ്ഞു’.
താനെഴുതിയ കടലാസുകൾ മാത്രം ഉൾക്കൊള്ളുന്ന സൂട്കെയ്സുമായി നിൽക്കുന്ന ആ മനുഷ്യൻ ചുമരിൽനിന്ന് എന്നെ ഉറ്റുനോക്കി. 1926ലോ മറ്റോ മോസ്കോയിലെ ഒരു മഞ്ഞുകാലത്ത്, ക്രിസ്മസിനു തൊട്ടുമുൻപ് കൂട്ടുകാരിയെ കാണാൻ ബർലിനിൽ നിന്നു ട്രെയിനിൽ കയറിയ യുവാവായ ബെന്യാമിന്റെ മുഖമല്ല , മോസ്കോയിലെ ചന്തയിൽനിന്ന് തടിയിൽ നിർമ്മിച്ച കളിപ്പാട്ടങ്ങൾ വാങ്ങിക്കൂട്ടിയ, കൂട്ടുകാരിക്ക് ഒരു കോഴിമുട്ട വാങ്ങി അതിന്നുപുറത്ത് അവളുടെ പേരെഴുതി സമ്മാനിച്ച, മാർസൽ പ്രൂസ്റ്റിന്റെ പരിഭാഷകനായ, അവളെ പിരിയാൻ നേരം കണ്ണീരൊഴുക്കി ബസിന്റെ പിൻസീറ്റിലിരുന്നു റെയിൽ സ്റ്റേഷനിലേക്കു പോയ ആളല്ല, പാരിസിലെ തന്റെ താമസസ്ഥലത്തുള്ള പുസ്തകശേഖരമത്രയും നാത്സികൾ പിടിച്ചെടുത്തുവെന്ന വാർത്തയ്ക്കൊപ്പം യുഎസിലേക്കു പലായനം ചെയ്യാനുള്ള വീസ കൂടി നിഷേധിക്കപ്പെട്ടതോടെ താനെഴുതിയതിന്റെയും താൻ ഭാവന ചെയ്തതിന്റെയും മുഴുവൻ ഭാരവുമായി നിൽക്കുന്ന മനുഷ്യന്റെ മുഖമായിരുന്നു അത്.
തിളങ്ങുന്ന ഉടുപ്പിട്ട ചിത്രകാരിക്കൊപ്പം ഒരിടത്തുനിന്നു മറ്റൊരിടത്തേക്ക് അവൻ ചലിക്കുമ്പോൾ അവർക്കിടയിലേക്കു ചെല്ലാനുള്ള ധൈര്യമില്ലാതെ ഞാൻ വീർപ്പുമുട്ടിനിന്നു. ഒടുവിൽ അവനോടു പറയാതെ, ആ സന്ധ്യയിലെ പൊടിയിലേക്ക് തനിച്ചു ഞാനിറങ്ങിപ്പോന്നു. ഞങ്ങൾ തമ്മിൽ മുഖത്തോടു മുഖം ഒരു തർക്കമോ വഴക്കോ ഉണ്ടാകുമെന്നു ഞാൻ കരുതിയില്ല. പിന്നീടു വളരെ വേഗം ഞങ്ങൾക്കിടയിൽ കലഹം ഒരു വിനിമയരീതിയായി മാറി. അതിന്റെ തുടക്കം ഞാനറിഞ്ഞത് ആർട്ട് ഗാലറിയിൽനിന്ന് ഞാനിറങ്ങിപ്പോന്ന അന്നു രാത്രിയാണ്. എന്നെക്കാണാൻ ഒടുവിൽ അവൻ മുറിയിലേക്കു വരുമെന്നു എനിക്കുറപ്പായിരുന്നു.
അവൻ വന്നില്ലെങ്കിൽ ഞങ്ങളുടെ സൗഹൃദം അന്നത്തോടെ അവസാനിക്കുമെന്നു നിശ്ചയിച്ച് വൈകുന്ന രാത്രിയുടെ മിടിപ്പറിഞ്ഞു ഞാൻ മുറിയിലിരുന്നു. അസ്വസ്ഥമാകുന്ന നേരത്തു ചിന്തയെ പിടിച്ചുകെട്ടാൻ ഞാൻ മുറിയുടെ മൂലയിൽ നിലത്തിരിക്കുകയാണു പതിവ്. വിയർപ്പ് ഇറ്റുന്നതു മുതൽ റോഡിലൂടെ പോകുന്ന വണ്ടിയുടെ കുലുക്കം വരെ അറിഞ്ഞ് എത്രനേരം വേണമെങ്കിലും ആ ഇരിപ്പ് തുടരാൻ എനിക്കു കഴിഞ്ഞിരുന്നു.
വാതിൽ ചാരിയിട്ടേയുണ്ടായിരുന്നുള്ളു. അത് അവന് അറിയാം. മെല്ലെ അകത്തുവന്നു. മേശപ്പുറത്തു ചിതറിയ കടലാസുകൾം ഓരോന്നായി എടുത്ത് അടുക്കിവച്ചു. പുസ്തകങ്ങൾ ഒതുക്കിവച്ചു. കട്ടിലിൽ കിടന്ന തുണികൾ സാവധാനം മടക്കിവച്ചിട്ടു കസേരയിൽ വന്നിരുന്നു. നീ എന്താണു പറയാതെ പോന്നത്, അവൻ ചോദിച്ചു. എനിക്കു മടുപ്പുതോന്നി, ഞാൻ പറഞ്ഞു. എന്താണു പറയാതെ പോന്നത് എന്നാണു ഞാൻ ചോദിച്ചത്, അവന്റ സ്വരം കടുത്തു. ഞാൻ അവന്റെ കണ്ണിൽ നോക്കി. അവിടെ എന്നെ മുക്കിക്കൊല്ലുന്ന രഹസ്യം, അതിന്റെ ചുഴികൾ.
നിന്നെ ബുദ്ധിമുട്ടിക്കണ്ടെന്നു കരുതി, ഞാൻ പറഞ്ഞു. നിനക്ക് ആ പെണ്ണിനെ പിടിച്ചില്ല അല്ലേ, അവൻ ചോദിച്ചു. അവന്റെ ചുണ്ടുകളിൽ ചിരി പോലെ കണ്ടു. അവൾ നല്ല ചിത്രകാരിയാണ്, ഞാനാണ് ആ ചിത്രങ്ങൾക്ക് അടിക്കുറിപ്പുകൾ എഴുതിയത്, അവൻ പറഞ്ഞു. എനിക്ക് മനസ്സിലായി.. ഞാൻ പരുഷമാകാൻ ശ്രമിച്ചു. പകരം സ്വരം ഇടറിപ്പോയി. അവൻ എഴുന്നേറ്റുവന്ന് എനിക്കെതിരെ നിലത്തിരുന്നു. മുന്നോട്ടാഞ്ഞു അരക്കെട്ടിൽ പിടിച്ച് സ്വരം താഴ്ത്തി ചോദിച്ചു, നിനക്കത് ഇഷ്ടമായില്ല അല്ലേ ? ഞാൻ അവനെ നോക്കി. ആഴം, അപകടകരമായ ആഴം ഓളം വെട്ടുന്നു. അടിത്തട്ടു വരെ കാണാമെന്നു നാം കരുതുന്നു. എന്നാൽ മുങ്ങിയാൽ പൊങ്ങാനാവില്ല. പറയൂ, അവൻ മന്ത്രിച്ചു, നിനക്ക് ഞാനെഴുതിയത് ഇഷ്ടമായില്ലേ? ആഹാ, അവന്റെ ഉടുപ്പെല്ലാം വിയർപ്പിൽ കുതിർന്നു നാറുന്നു. അവന്റെ കഴുത്തിൽ അവളുടെ ഉടുപ്പിൽനിന്നുള്ള ഗിൽറ്റ് പറ്റിയതുപോലെ തിളങ്ങുന്നു. അവളെ എനിക്ക് ഇഷ്ടമായില്ല, ഞാൻ പെട്ടെന്നു പറഞ്ഞു. അടുത്ത നിമിഷം അപ്പറഞ്ഞതു തിരുത്തണമെന്നു തോന്നി.
എനിക്ക് എന്തോ വല്ലായ്മ തോന്നി, അതാണു ഞാൻ പോന്നത്. അവളുടെ ചിത്രങ്ങൾ നല്ലതായിരുന്നു, ഞാൻ പറഞ്ഞു. അവൻ ചിരിച്ചു. നോക്കൂ, അവൾ നല്ല ആർട്ടിസ്റ്റാണ്. നീ പോയശേഷം അവൾ നിന്നെ അന്വേഷിച്ചു, നീ മര്യാദകേടു കാട്ടി, മേലാൽ ഇങ്ങനെയൊന്നും ചെയ്യരുത്, അവൻ ശബ്ദം കനപ്പിച്ചു.
ഞാൻ പ്രതികരിക്കാതെ തല കുമ്പിട്ടു. അവൻ എഴുന്നേറ്റു കസേരയിൽ പോയിരുന്ന് നേരത്തേ അടുക്കിവച്ച കടലാസുകൾ എടുത്തുനോക്കാൻ തുടങ്ങി. കുറച്ചുനിമിഷങ്ങൾ അങ്ങനെ കടന്നുപോയി. അവൻ എന്തോ ആലോചിക്കുന്നുവെന്ന് എനിക്ക് അറിയാനാകുന്നു. അവന് പറയാനുണ്ട്, ഞാൻ കാത്തിരുന്നു. ആ കടലാസുകൾ എടുത്ത് എന്റെ അടുത്തു വന്നിരുന്നു. ഞാനെഴുതിയത്, ഭയങ്കരമായ പ്രേമതാപത്താൽ, ഏകാന്തതയാൽ, ഓരോ ഞൊടിയിലും ഉൽകണ്ഠയാൽ പൊരഞ്ഞ് എഴുതിയ വരികൾ ആ കടലാസുകളിൽ. അത് അവൻ ഉയർത്തി എന്റെ മുഖത്തിനു നേരെ ഉയർത്തി. അതിവൈകാരികത അണിഞ്ഞുനിൽക്കാനാണു നിനക്ക് ഇഷ്ടം, അവൻ എന്റെ നെഞ്ചിൽ വിരൽ അമർത്തി പറയാൻ തുടങ്ങി.
മെലോഡ്രാമയിലാണു നീ ശോഭിക്കുക. ഈ മനസ്സ് കൊണ്ടു നീ എന്തു കഥയാണ് എഴുതാൻ പോകുന്നത്? അവൻ എന്നെ പരിഹസിക്കുകയാണോ തിരുത്തുകയാണോ എന്ന് അറിയാത്ത ആ നിമിഷത്തിൽ പെട്ടെന്ന് എനിക്കു കണ്ണീരു പൊട്ടി. സത്യമായും അവൻ നീരസ്സത്തിലായിരുന്നു. ഞാൻ പരിധിവിടുന്നുവെന്നതു പറയുന്നതിനു പകരം ഞാൻ എഴുതുന്നതിനെ, എന്റെ ഭാഷയെ അവൻ വിമർശിച്ചതാണ്. ഇതിനോടു പ്രതികരിക്കില്ലെന്നു ഞാൻ നിശ്ചയിച്ചു. ചിത്രകാരിയുടെ ലോകത്ത് അവൻ മെലോഡ്രാമയില്ലാത്ത സംഭാഷണങ്ങൾ എഴുതട്ടെ. ഞാൻ താമസിയാതെ ആരും അറിയാതെ മരിച്ചുപോകും. ഇരുപതുകാരനു തോന്നി, മരണം അനായാസമാണ്. ഇരുപതുകാരനു തോന്നി, താൻ പ്രേമത്തിൽ നിരന്തരം പരാജയപ്പെടുന്നു, അതിലും നല്ലത് പൊടുന്നനെ ഒരു ദീർഘനിശ്വാസത്തിനൊടുവിൽ അപ്രത്യക്ഷമാകുന്നതാണ് എന്ന്.
ആ രാത്രിയിൽ ഞാനും അവനും നഗരത്തെരുവിലൂടെ ഇറങ്ങി നടന്നു. റെയിൽവേ സ്റ്റേഷനടുത്തുള്ള തട്ടുകട വരെ മിണ്ടാതെ നടന്നു. എനിക്കു വിശക്കുന്നുണ്ടായിരുന്നു. വൈകിട്ടുമുതൽ ഒന്നും കഴിച്ചിരുന്നില്ല. ഭക്ഷണം കഴിഞ്ഞു തിരിച്ചുനടക്കാനൊരുങ്ങുമ്പോൾ അവൻ പറഞ്ഞു, നമുക്ക് ഒരു സിഗരറ്റ് വലിക്കാം. ഞങ്ങൾ റോഡരുകിൽ ഒരിടത്ത് ഇരുന്നു സിഗരറ്റ് വലിച്ചു. ഞാൻ അടുത്തയാഴ്ച വീട്ടിൽ പോകുന്നുണ്ട്, നീ വരുന്നോ? അവൻ പെട്ടെന്നു ചോദിച്ചു. ഞാൻ വരാം, ഒന്നും ആലോചിക്കാതെ ഞാൻ മറുപടി പറഞ്ഞു. സത്യത്തിൽ ആ നിമിഷത്തിനു വേണ്ടി, ആ ക്ഷണത്തിനു വേണ്ടിയാണു ഞാൻ ആ ദിവസങ്ങളിലെല്ലാം ഞാനെരിഞ്ഞത്. അങ്ങനെയാണ് അവന്റെ വീട്ടിലേക്ക് ഞാൻ ആദ്യം പോയത്. പക്ഷേ, അന്ന് പാതിരാവിലെ നഗരത്തെരുവിൽനിന്ന് ആ യാത്ര സങ്കൽപിക്കുമ്പോൾ അവിടെ അവൾ ഉണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു.