ഭയവും വിശ്വാസവും ചേർന്ന അനുഭവങ്ങൾ, യക്ഷികളെ എഴുത്തിലേക്ക് ആവാഹിച്ച രചയിതാക്കളുടെ കൂടെ ഒരു യാത്ര
ഏറ്റുമാനൂരിലെ വീട്ടിൽ ഒരിക്കൽ ശിവകുമാറിനെ അന്വേഷിച്ച് ഒരാളെത്തി, വായനക്കാരനാണ്. സഹോദരങ്ങളുടെ കലഹം കാരണം ജീവിതം പൊറുതിമുട്ടി. കാശെത്രവേണമെങ്കിലും ചെലവാക്കാം, സാറ് മന്ത്രവിധി ഉപദേശിക്കണം; ഇതാണ് ആഗതന്റെ ആവലാതി. നോവലിസ്റ്റ് ധർമസങ്കടത്തിലായി.
ഏറ്റുമാനൂരിലെ വീട്ടിൽ ഒരിക്കൽ ശിവകുമാറിനെ അന്വേഷിച്ച് ഒരാളെത്തി, വായനക്കാരനാണ്. സഹോദരങ്ങളുടെ കലഹം കാരണം ജീവിതം പൊറുതിമുട്ടി. കാശെത്രവേണമെങ്കിലും ചെലവാക്കാം, സാറ് മന്ത്രവിധി ഉപദേശിക്കണം; ഇതാണ് ആഗതന്റെ ആവലാതി. നോവലിസ്റ്റ് ധർമസങ്കടത്തിലായി.
ഏറ്റുമാനൂരിലെ വീട്ടിൽ ഒരിക്കൽ ശിവകുമാറിനെ അന്വേഷിച്ച് ഒരാളെത്തി, വായനക്കാരനാണ്. സഹോദരങ്ങളുടെ കലഹം കാരണം ജീവിതം പൊറുതിമുട്ടി. കാശെത്രവേണമെങ്കിലും ചെലവാക്കാം, സാറ് മന്ത്രവിധി ഉപദേശിക്കണം; ഇതാണ് ആഗതന്റെ ആവലാതി. നോവലിസ്റ്റ് ധർമസങ്കടത്തിലായി.
കള്ളിയങ്കാട്ടു നീലി, ഇന്ത്യ എന്നെഴുതി ഒരു കത്തു പോസ്റ്റ് ചെയ്താൽ തപാൽ വകുപ്പ് അതു കേരളത്തിൽ എത്തിക്കുമെന്ന് ഉറപ്പ്. പിന്നെയാണ് ആശയക്കുഴപ്പം. ഏതു നാട്ടിൻപുറത്തെ നീലിക്ക് അതു കൈമാറും. ഏതു മൂടാമുടുക്കിലും ഒരു നീലി തക്കംനോക്കി രാപാർത്തിരുന്ന കാലം പോയി. ഒഴിഞ്ഞയിടങ്ങളും ഒളിയിടങ്ങളും കയ്യേറിപ്പോയതോടെ നിക്ഷേപത്തിനു വാങ്ങി നടയ്ക്കുതള്ളിയ ഫ്ലാറ്റുകളിലോ അതല്ലെങ്കിൽ സൈബർപൊന്തകളിലോ നീലി ഒളിപാർക്കുന്നുണ്ടാവാം.
തൂവെള്ള സാരിയും അടക്കിപ്പിടിച്ച കോന്ത്രൻപല്ലുകളുകളുമായി ഭാവനയുടെ അരുകുപറ്റി കാലമെത്രയോയായി ഇരുട്ടിൽ മാത്രം ആ യക്ഷിപ്പെണ്ണിനെ നാം തേരാപ്പാരാ നടത്തി. (ആരാവോ അവളുടെ തയ്യൽക്കാരൻ, അളവൊത്തു തയ്പിച്ച ആ കറുകറുത്ത മേൽകുപ്പായത്തിന്റെ ഡിസൈനർ). ഉടയാടഭാരങ്ങളില്ലാത്ത പരിഷ്കാരിയായ യക്ഷിക്കൊച്ചിനെ കണ്ടു, ‘ഭ്രമയുഗം’ സിനിമയിൽ. അതെന്താവോ ഇങ്ങനെയൊരു യക്ഷിയെന്ന് ആ സിനിമയ്ക്കു സംഭാഷണമെഴുതിയ ടി.ഡി.രാമകൃഷ്ണനോടു ചോദിച്ചു. ‘അത് യക്ഷിയാണെന്ന് ആരു പറഞ്ഞു?’ ടിഡിയുടെ മറുചോദ്യം ന്യായമാണെങ്കിലും സിനിമയിലെ (പ്രതി) നായകനായ കൊടുമൺപോറ്റിയുടെ മനയിലേക്കു ചില വരുത്തുപോക്കുകളുണ്ട് കക്ഷിക്ക്. സിനിമ തുടങ്ങുമ്പോൾ ഒരു പാവത്തെ അവൾ ‘സ്നേഹിച്ചുകൊല്ലുന്ന’തും കണ്ടു. യക്ഷിയല്ലെങ്കിൽ പിന്നെയവൾ ആരാണു ദൈവമേയെന്ന് ആരും നെഞ്ചത്തു കൈവച്ചുപോകും. ഇമ്മാതിരി കഥകളെ പോറ്റിവളർത്തുമെങ്കിലും എഴുതിനിറയ്ക്കുമെങ്കിലും ഇതിലൊന്നും ലവലേശം വിശ്വാസമില്ല, ടി.ഡി.രാമകൃഷ്ണന്. ‘കുന്നംകുളത്തു ജനിച്ചുവളർന്ന ഞാൻ ഇത്തരം ഭയകഥകൾ കേട്ടില്ലെങ്കിലല്ലേ അതിശയം. പക്ഷേ അതൊന്നും കുട്ടിക്കാലത്തെന്നല്ല ഒരു കാലത്തും എന്നെ തൊട്ടിട്ടില്ല...’
മാന്ത്രികനോവലുകളിലൂടെ മലയാളിയെ ഭയപ്പാടോടെ നടത്തിയ ഏറ്റുമാനൂർ ശിവകുമാർ കുട്ടിക്കാലത്തേ മന്ത്രവാദം കണ്ട ആളാണ്. അച്ഛനൊപ്പം ഒരു കുടുംബവീട്ടിലെ മന്ത്രവാദക്കളത്തിലേക്ക് പോയ ഓർമയുണ്ട്. അതു ദുർമന്ത്രവാദമോ, സദ്മന്ത്രവാദമോ? ‘അതൊന്നും ഓർക്കുന്നില്ല, ഭയവും വിശ്വാസവും ഇഴചേർന്ന അനുഭവമാണത്. രോഗം, കലഹം, സങ്കടം; ഇതെല്ലാംകൂടി കൊണ്ടെത്തിക്കുന്ന നിസ്സഹായതയാണ് മനുഷ്യരെ ഈ കളത്തിലേക്കു വലിച്ചിടുന്നത്. കുട്ടിക്കഥകളാണ് ഞാൻ എഴുതിത്തുടങ്ങിയതെങ്കിലും മന്ത്രവാദ നോവലുകളിലേക്കു കടന്നതോടെ അതൊക്കെ കാര്യമായി മനസ്സിലാക്കണമെന്നു തോന്നി. ചാത്തൻസേവയും കൂടോത്രവുമൊക്കെ ചെയ്യുന്നവരെ കണ്ടു, ചോദിച്ചറിഞ്ഞു. മന്ത്രങ്ങൾ പഠിച്ചു...’
ശിവകുമാറിന്റെ ആദ്യ നോവലുകളിൽ ആ മന്ത്രമുഴക്കം കേൾക്കാം. വായനക്കാർ ഭയന്നുവായിച്ചു, അതൊക്കെയും അച്ചടിച്ച വാരികകൾ വച്ചടി കയറി. ഏറ്റുമാനൂരിലെ വീട്ടിൽ ഒരിക്കൽ ശിവകുമാറിനെ അന്വേഷിച്ച് ഒരാളെത്തി, വായനക്കാരനാണ്. സഹോദരങ്ങളുടെ കലഹം കാരണം ജീവിതം പൊറുതിമുട്ടി. കാശെത്രവേണമെങ്കിലും ചെലവാക്കാം, സാറ് മന്ത്രവിധി ഉപദേശിക്കണം; ഇതാണ് ആഗതന്റെ ആവലാതി. നോവലിസ്റ്റ് ധർമസങ്കടത്തിലായി. എഴുത്തുവിദ്യയേ പരിചയമുള്ളൂ, മന്ത്രവിദ്യ അറിയുന്ന ആളെ പരിചയപ്പെടുത്താമെന്ന് പറഞ്ഞിട്ടും കക്ഷി തൃപ്തനായില്ല. അത്ര വിശ്വാസമായിരുന്നു വായനക്കാരന് ശിവകുമാറിന്റെ നോവൽതാന്ത്രിക വിദ്യയിൽ. തീർന്നില്ല, വായനക്കാർ തുടരെ കത്തുകളെഴുതി. അതിലൊക്കെയും പലതരം യക്ഷിക്കഥകൾ, ആഭിചാരവിധികൾ; നോവലിസ്റ്റിന്റെ വിധിയെന്നു പറഞ്ഞാൽമതിയല്ലോ.
ആർതർ കോനൻ ഡോയ്ലിന്റെയും എഡ്ഗാർ അലൻപോയുടെയും ഡബ്ല്യു ആർ. ജേക്കബ്സിന്റെയും, കടൽ കടന്നെത്തിയ പേടിക്കഥകളെക്കാൾ ഈ ചാത്തനേറിനോടായി മലയാളിക്ക് ഹരം. ‘ഘോരവും വിചിത്രവുമായ ഒരു കട്ടിലിന്റെ കഥ.. ഒരു സഞ്ചാരിയുടെ ഭാഷയിൽ’ എന്നൊരു ദീർഘവിദേശ രചനയുണ്ട്. സംഗതിയുടെ പരിസരം പേടികൊണ്ട് പടച്ചതാണ്. എഴുതിയത് വിൽകീ കോളിൻസ്. കിടക്കുന്നവനെ ഞെരുക്കിപ്പൊടിച്ചുകളയുന്ന ഒരു ‘മാരണക്കട്ടിലു’ണ്ട് ഈ കഥയിൽ. സായിപ്പ് എഴുതിയതുകൊണ്ടു വല്യസംഭവമായി. ഇതൊക്കെ നമ്മുടെ നാട്ടിലും കുറേ ഓടിയതാണെന്നു പറഞ്ഞാൽ വിശ്വസിക്കുമോ ആവോ. ഇതുപോലൊരു ‘ഭയ’ങ്കരൻ കട്ടിലും മേശയും ആളെ പേടിപ്പിക്കുന്ന തളിപ്പറമ്പിലെ വീട്ടിൽ ഒരു രാത്രി താമസിച്ച അനുഭവം കഥാകൃത്ത് ജി. ആർ. ഇന്ദുഗോപൻ എഴുതിയിട്ടുണ്ട്. പ്രേതഭവനങ്ങളിൽ അന്തിയുറങ്ങി ഫീച്ചറെഴുതാനുള്ള പദ്ധതിയുമായി പോയതാണ്.
ആ വീട്ടുടമസ്ഥയുടെ അപ്പൂപ്പന്റെ അടുത്ത ബന്ധു ഡോക്‌ടറായിരുന്നു; ആൻഡമാനിൽ. വീടു വയ്‌ക്കുന്നതിനായി കക്ഷി വയനാട്ടിൽ നിന്നൊരു മരം മുറിക്കാൻ തീരുമാനിച്ചു. ആദിവാസികൾ ആരാധിക്കുന്ന മരം. അവരുടെ സമ്മതം കൂടാതെ മരം വെട്ടി. പ്രശ്നമായെന്നു പറഞ്ഞാൽമതിയല്ലോ. ടൈഫോയ്ഡ് ബാധിതനായി അദ്ദേഹം മരിച്ചു. 2 മാസം കഴിഞ്ഞ് ഭാര്യയും. പിന്നാലെ, നാലു മക്കളിൽ ഏറ്റവും ഇളയ കൈക്കുഞ്ഞും. ആ തടി ഫർണിച്ചറായി പല ബന്ധുക്കൾ കൊണ്ടുപോയി. അവിടെയെല്ലാം കാലക്കേടുകൾ. വീട്ടുടമയുടെ അപ്പൂപ്പൻ വക്കീലായിരുന്നു. അദ്ദേഹമാണ് ഈ അനുഭവകഥയിലെ കട്ടിലും മേശയും പണിയിച്ചത്. ദുർമരണങ്ങൾ പലതും ആ വീടിനെയും സങ്കടത്തിൽ മുക്കി. ആ വീട്ടിലെ ആ ഭയങ്കരൻ കട്ടിലിലാണ് ഇന്ദുഗോപൻ ഒരു രാത്രിയുറങ്ങിയത്. പുലർച്ചെ ഞെട്ടിയുണർന്നു. ശേഷം ഇന്ദുഗോപൻ എഴുതുന്നു...
‘അസ്വാഭാവികമെന്നു തോന്നാവുന്ന ഒന്നേ സംഭവിച്ചുള്ളൂ. കൃത്യം മൂന്നു മണിയായപ്പോൾ ഉണർന്നു. ഉണർച്ചയെന്നു വച്ചാൽ, ഒരു തളർച്ചയുമില്ലാത്ത ഉണർവ്. എഴുന്നേറ്റു. കുറേ നേരം കണ്ണടച്ചു കിടന്നു. ഇരുട്ടിലും ഭയം വരുന്നില്ല. ശാന്തമല്ലാതെ ഒന്നുമില്ല. വെളിച്ചമിട്ടു. ജനാല തുറന്നു പുറത്തേക്കുനോക്കി. ഓരോ ഇലയും അണുക്കളും സൂക്ഷ്‌മമായ മയക്കത്തിലാണ്. വിശാലമായ പൂമുഖത്തിറങ്ങി, ശുദ്ധവായു ശ്വസിച്ചു കിടക്കണമെന്നുണ്ടായിരുന്നു. ജീവിച്ചിരിക്കുന്ന മനുഷ്യരെ വിശ്വസിച്ചുകൂടാ. ഞാനാണ് ഇന്നത്തെ വീടുകാവൽക്കാരൻ. സ്വയം സുരക്ഷയ്‌ക്കൊപ്പം വീടും നോക്കണം. അഞ്ചര കഴിഞ്ഞപ്പോഴേക്കും പത്മനാഭൻചേട്ടൻ വന്നു കൊട്ടി. അകത്ത് ആൾ ജീവനോടെയുണ്ട്. ആറരയുടെ ബസ് പിടിക്കണം. ഏഴരയ്‌ക്ക് തിരുവനന്തപുരത്തേക്ക് തീവണ്ടിയുണ്ട്. രാവിലെ ഉടമസ്‌ഥ വിളിച്ചു. ഞാൻ നന്ദി പറഞ്ഞു. അവർ പറഞ്ഞു: ആദ്യമായാണു ഞങ്ങളുടെ കുടുംബത്തിനു പുറത്തുള്ള ഒരാൾ ഒറ്റയ്‌ക്ക് ആ വീട്ടിൽ താമസിക്കുന്നത്....’
ഇരുട്ടുവാക്ക്: മസനഗുഡി വഴി ഊട്ടിയിലേക്കു വച്ചുപിടിക്കുംപോലെ ഈ വീട്ടിലുറങ്ങി ഊട്ടിക്കു പോയിവരാനൊന്നും പ്ലാനിടേണ്ട. ഈ വീട് അങ്ങനെയാർക്കും തുറന്നുകൊടുക്കാറില്ല.