കവിയായും കാമുകനായും രോഗിയായും; ഇതാണ് യഥാർഥ കാഫ്ക; എഡിറ്റ് ചെയ്യാത്ത ജീവിതം
കാഫ്ക ഒറ്റ രാത്രി കൊണ്ടെഴുതിയ കഥ വീർപ്പടക്കിപ്പിടിച്ചാണു സാഹിത്യലോകം വായിച്ചത്. ജീവിതം എന്ന കോട്ടയിലെ ഇരുട്ടിനെക്കുറിച്ചുള്ള പുതിയ വെളിപാടുകൾ. വിധി പറയുന്നതിന്റെ ഇടിമുഴക്കങ്ങൾ. ഇനിയും കയറാനുള്ള ഗോവണിപ്പടികൾ.
കാഫ്ക ഒറ്റ രാത്രി കൊണ്ടെഴുതിയ കഥ വീർപ്പടക്കിപ്പിടിച്ചാണു സാഹിത്യലോകം വായിച്ചത്. ജീവിതം എന്ന കോട്ടയിലെ ഇരുട്ടിനെക്കുറിച്ചുള്ള പുതിയ വെളിപാടുകൾ. വിധി പറയുന്നതിന്റെ ഇടിമുഴക്കങ്ങൾ. ഇനിയും കയറാനുള്ള ഗോവണിപ്പടികൾ.
കാഫ്ക ഒറ്റ രാത്രി കൊണ്ടെഴുതിയ കഥ വീർപ്പടക്കിപ്പിടിച്ചാണു സാഹിത്യലോകം വായിച്ചത്. ജീവിതം എന്ന കോട്ടയിലെ ഇരുട്ടിനെക്കുറിച്ചുള്ള പുതിയ വെളിപാടുകൾ. വിധി പറയുന്നതിന്റെ ഇടിമുഴക്കങ്ങൾ. ഇനിയും കയറാനുള്ള ഗോവണിപ്പടികൾ.
ജഡ്ജ്മെന്റ് എന്ന കഥ ഒറ്റരാത്രി കൊണ്ടാണ് ഞാൻ എഴുതിയത്. 22 ന് രാത്രി 10 മണി മുതൽ 23 നു പുലർച്ചെ ആറു വരെ. ഒറ്റയിരിപ്പിനെത്തുടർന്ന് രാവിലെ എഴുത്തുമേശയുടെ അടിയിൽ നിന്ന് കാലുകൾ വലിച്ചെടുക്കാൻ ഏറെ ബുദ്ധിമുട്ടേണ്ടിവന്നു.
കാഫ്ക ഒറ്റ രാത്രി കൊണ്ടെഴുതിയ കഥ വീർപ്പടക്കിപ്പിടിച്ചാണു സാഹിത്യലോകം വായിച്ചത്. ജീവിതം എന്ന കോട്ടയിലെ ഇരുട്ടിനെക്കുറിച്ചുള്ള പുതിയ വെളിപാടുകൾ. വിധി പറയുന്നതിന്റെ ഇടിമുഴക്കങ്ങൾ. ഇനിയും കയറാനുള്ള ഗോവണിപ്പടികൾ. വലിച്ചുകെട്ടിയ നേർത്ത കയറിൽക്കൂടി ഏതു നിമിഷവും താഴേക്കു വീഴാവുന്ന കാലടികളുടെ ആകാംക്ഷയും ഉൽക്കണ്ഠയും. ലോകസാഹിത്യത്തെ കാഫ്ക രണ്ടായി പകുത്തു. ഗ്രിഗർ സാംസ മനുഷ്യനായും പരാദമായും ജീവിച്ചതുപോലെ കാഫ്കയ്ക്കു മുമ്പും ശേഷവുമായി സാഹിത്യ ചരിത്രം വഴിമാറി.
1917 ലെ വേനൽക്കാലത്തിന്റെ അവസാന ദിവസങ്ങളിലാണ് കാഫ്ക മരണത്തിന്റെ നിഴൽ കണ്ടത്. ക്ഷയരോഗത്തിന്റെ ആദ്യ അടയാളങ്ങൾ. ഏതാനും വർഷത്തിനകം അദ്ദേഹത്തെ അകാലത്തിൽ ഇല്ലാതാക്കിയ മാരക രോഗത്തിന്റെ ആദ്യ ആക്രമണം. ഗ്രാമത്തിൽ താമസിക്കുന്ന സഹോദരിയുടെ വീട്ടിലേക്കു കാഫ്ക പോയി. മരണത്തിനു മുമ്പുള്ള പേടിപ്പിക്കുന്ന കാത്തിരിപ്പിനെ അതിജീവിക്കാൻ. സ്വസ്ഥമായി ജീവിതത്തോടു യാത്ര പറയാനുള്ള മുന്നൊരുക്കം.
വലിച്ചുകെട്ടിയ കയർ അല്ല മുന്നിലുള്ളത്. രണ്ട് അറ്റങ്ങളും കാണാനരുതാത്ത നീണ്ട കയർ. ഇതാരോ അലക്ഷ്യമായി വലിച്ചെറിഞ്ഞതുപോലുണ്ട്. ഇതിലൂടെയാണ് ഇനി യാത്ര... ആ കയർ ജീവിതത്തിന്റേതാണ്; മരണത്തിന്റേതും. അതിലൂടെയാണ് അടുത്ത വർഷങ്ങളിൽ അദ്ദേഹം വീഴാതെ നടന്നതും ഒടുവിൽ വീണുപോയതും. തനിക്കുശേഷം തന്റെ അക്ഷരങ്ങൾ അവശേഷിക്കരുതെന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യാഭിലാഷം. എന്നാൽ, മാക്സ് ബ്രോഡ് സുഹൃത്തിനെതിരെയാണു പ്രവർത്തിച്ചത്. ആ വഞ്ചനയുടെ ഫലമാണ് ലോകം ആരാധിക്കുന്ന കാഫ്കയുടെ പൂർണവും അപൂർണവുമായ കൃതികൾ. എഴുത്തുകാരൻ അവശേഷിപ്പിച്ച ഡയറിക്കുറിപ്പുകളും ബ്രോഡ് പ്രസിദ്ധീകരിച്ചു; എഡിറ്റ് ചെയ്ത്. ഒരു നൂറ്റാണ്ടിനുശേഷം കാഫ്കയുടെ ഡയറിക്കുറിപ്പുകൾ പൂർണരൂപത്തിൽ പുറത്തുവന്നിരിക്കുന്നു. എഡിറ്ററുടെ വിരൽസ്പർശമില്ലാതെ. ആരുടെയും വിശേഷണവും അലങ്കാരങ്ങളുമില്ലാതെ. യഥാർഥ കാഫ്കയുടെ വീണ്ടെടുപ്പ്. 1990 ൽ ജർമൻ ഭാഷയിലിറങ്ങിയ പുസ്തകം റോസ് ബെഞ്ചമിൻ ഇംഗ്ലിഷിലേക്കു വിവർത്തനം ചെയ്തിരിക്കുന്നു.
എഡിറ്റ് ചെയ്യാത്ത ഈ കുറിപ്പുകളിൽ അക്ഷരത്തെറ്റുകളുണ്ട്. പൂർണമാക്കാത്ത വാചകങ്ങളുണ്ട്. നിരാശയും സന്തോഷവും വേശ്യാഗൃഹ സന്ദർശനങ്ങളുടെ വിവരണങ്ങൾ പോലുമുണ്ട്. മാർജിനിൽ പിന്നീടു കൂട്ടിച്ചേർത്ത വാക്കുകളും നിർദേശങ്ങളുമുണ്ട്. 1912–14 കാലത്തെ കാഫ്കയുടെ ജീവിതത്തിന്റെയും എഴുത്തിന്റെയും നേർച്ചിത്രമുണ്ട്.
ഒരു പേജിൽ തിയറ്ററിലേക്കു നടത്തിയ യാത്ര. തൊട്ടടുത്ത പേജിൽ ഒരു സ്ത്രീയെക്കുറിച്ചുള്ള വിവരണമാണ്. ബെർലിനിൽ എഴുത്തുകാരനായി കരിയർ കെട്ടിപ്പടുക്കുന്നതിനെക്കുറിച്ചുള്ള സ്വപ്നമുണ്ട്. യുദ്ധത്തിൽ നെപ്പോളിയൻ വരുത്തിയ പിഴവുകളെക്കുറിച്ചുള്ള ചിന്തകളുണ്ട്. പ്രതീക്ഷകൾ പുലർത്തുന്ന ഒരു യുവാവ് ജീവിതത്തിൽ നേരിടുന്ന തിരിച്ചടികൾ. പുതിയ അനുഭവങ്ങൾക്കുവേണ്ടിയുള്ള വെമ്പൽ. തിരിച്ചടികളെ പിന്നിലാക്കി മുന്നോട്ടുള്ള കുതിപ്പ്. ഇതുവരെ നമ്മൾ കണ്ടതും അറിഞ്ഞതുമായ എഴുത്തുകാരനല്ല ഈ ഡയറിയിലെ കാഫ്ക. അതുതന്നെയാണ് വൈകിയെത്തുന്ന ഈ ഡയറിയുടെ പ്രസക്തിയും.
ഒറ്റരാത്രി ജഡ്ജ്മെന്റ് എന്ന നീണ്ട കഥയെഴുതിയ കാഫ്ക ഒരു വാക്കുപോലും എഴുതാനാവാതെ വിഷമിച്ച ദിനരാത്രങ്ങളുമുണ്ട്.
ഒന്നും എഴുതിയില്ല: 1912 ജൂൺ ഒന്നിനെക്കുറിച്ച് രണ്ടു വാക്കുകൾ മാത്രം എഴുതി കാഫ്ക.
ഒന്നും തന്നെ എഴുതിയില്ല എന്നാണ് അടുത്ത ദിവസത്തെ കുറിപ്പ്.
ഒരു മാസം കഴിഞ്ഞിട്ടും കാര്യങ്ങൾ മെച്ചപ്പെടുന്നില്ല.
കാര്യമായി ഒന്നുമെഴുതാനാവുന്നില്ല.
ഒന്നുമില്ല.
ഉപയോഗശൂന്യമായ ദിവസം.
എഴുത്തുമേശയിലേക്കു ഞാൻ നോക്കി. ഇവിടെയിരുന്ന് കാര്യമായി എന്തെങ്കിലും എഴുതാനാവുമെന്ന പ്രതീക്ഷയേയില്ല.
നിരാശയുടെ വാക്കുകൾ ഒന്നൊന്നായി ഡയറിയിൽ നിറയുന്നു.
പറയുന്നതുപോലെയല്ല ഞാൻ എഴുതുന്നത്. ചിന്തിക്കുന്നതുപോലെയല്ല പറയുന്നത്. ചിന്തിക്കേണ്ട കാര്യങ്ങളല്ല എന്റെ മനസ്സിലുള്ളത്. ഇരുട്ടിനുള്ളിലേക്കാണ് എന്റെ യാത്ര.
വിലാപത്തിന്റെ വാക്കുകൾ, കരഞ്ഞുകൊണ്ടെഴുതിയ വിചാരങ്ങൾ സഹോദരിക്കുള്ളതാണ്.
രണ്ടു തവണ പരാജയപ്പെട്ട പ്രണയത്തിലെ നായിക ഫെലിസ് ബോവറിനുള്ള കത്തുകൾ. പ്രണയത്തിന്റെ തിടുക്കവും പരാജയത്തിന്റെ ആഘാതവും.
1913 ഓഗസ്റ്റ് 21 ന് കാഫ്ക എഴുതി: ഞാൻ ഒന്നുമല്ല; സാഹിത്യമല്ലാതെ.
അവസാന ദിവസങ്ങളിൽ സംസാരിക്കാൻ പോലും കഴിഞ്ഞിരുന്നില്ല അദ്ദേഹത്തിന്. പേപ്പറുകളിൽ കുത്തിക്കുറിച്ചാണ് ആശയ വിനിമയം നടത്തിയത്. ഉള്ളിലെ വെളിച്ചം അണയാൻ പോകുന്നത് അദ്ദേഹം പൂർണമായി മനസ്സിലാക്കി. എന്നാൽ, താൻ നിർമിച്ച കോട്ട കാലത്തെ അതിജീവിക്കുമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരിക്കണം. കത്തിക്കാൻ പറഞ്ഞ കോട്ട ആളിക്കത്താതെ, ലോകത്തിനു വഴിയും വെളിച്ചമായി. അന്നും ഇതാ, ഒരു നൂറ്റാണ്ടിനു ശേഷവും.