സോഷ്യലിസത്തിൽനിന്ന് ലിബറലിസത്തിലേക്ക് ഒരു യാത്ര
നോവൽ വായനക്കാർക്ക് എഴുത്തുകാരുടെ രാഷ്ട്രീയ, ആത്മീയ ജീവിതം അടിയന്തര താൽപര്യമുളള കാര്യമല്ലെങ്കിലും ഒരു ഘട്ടത്തിൽ നാം അവിടെയും ചെന്നുനോക്കാറുണ്ട്. നോവലിസ്റ്റ് എന്ന നിലയിൽ പ്രശസ്തി നേടിയ ശേഷമാണു ദസ്‌തയേവ്‌സ്‌കി 'റൈറ്റേഴ്സ് ഡയറി' എന്ന പംക്തി എഴുതാൻ ആരംഭിച്ചത്. സാഹിത്യത്തെക്കാൾ രാഷ്ട്രീയ, സാമൂഹിക
നോവൽ വായനക്കാർക്ക് എഴുത്തുകാരുടെ രാഷ്ട്രീയ, ആത്മീയ ജീവിതം അടിയന്തര താൽപര്യമുളള കാര്യമല്ലെങ്കിലും ഒരു ഘട്ടത്തിൽ നാം അവിടെയും ചെന്നുനോക്കാറുണ്ട്. നോവലിസ്റ്റ് എന്ന നിലയിൽ പ്രശസ്തി നേടിയ ശേഷമാണു ദസ്‌തയേവ്‌സ്‌കി 'റൈറ്റേഴ്സ് ഡയറി' എന്ന പംക്തി എഴുതാൻ ആരംഭിച്ചത്. സാഹിത്യത്തെക്കാൾ രാഷ്ട്രീയ, സാമൂഹിക
നോവൽ വായനക്കാർക്ക് എഴുത്തുകാരുടെ രാഷ്ട്രീയ, ആത്മീയ ജീവിതം അടിയന്തര താൽപര്യമുളള കാര്യമല്ലെങ്കിലും ഒരു ഘട്ടത്തിൽ നാം അവിടെയും ചെന്നുനോക്കാറുണ്ട്. നോവലിസ്റ്റ് എന്ന നിലയിൽ പ്രശസ്തി നേടിയ ശേഷമാണു ദസ്‌തയേവ്‌സ്‌കി 'റൈറ്റേഴ്സ് ഡയറി' എന്ന പംക്തി എഴുതാൻ ആരംഭിച്ചത്. സാഹിത്യത്തെക്കാൾ രാഷ്ട്രീയ, സാമൂഹിക
നോവൽ വായനക്കാർക്ക് എഴുത്തുകാരുടെ രാഷ്ട്രീയ, ആത്മീയ ജീവിതം അടിയന്തര താൽപര്യമുളള കാര്യമല്ലെങ്കിലും ഒരു ഘട്ടത്തിൽ നാം അവിടെയും ചെന്നുനോക്കാറുണ്ട്. നോവലിസ്റ്റ് എന്ന നിലയിൽ പ്രശസ്തി നേടിയ ശേഷമാണു ദസ്‌തയേവ്‌സ്‌കി 'റൈറ്റേഴ്സ് ഡയറി' എന്ന പംക്തി എഴുതാൻ ആരംഭിച്ചത്. സാഹിത്യത്തെക്കാൾ രാഷ്ട്രീയ, സാമൂഹിക പ്രശ്നങ്ങൾ കൈകാര്യം ചെയ്തിരുന്ന ആ കോളത്തിലെ നിരീക്ഷണങ്ങൾക്കു റഷ്യൻ ക്രൈസ്തവ ദാർശനികത മൂല്യസ്രോതസ്സായി നിലകൊണ്ടു. റഷ്യക്കു പുറത്തു വിഭിന്നമായ സാംസ്കാരികദേശങ്ങളും ദർശനങ്ങളും ഉണ്ടെന്നതു സ്വീകരിക്കാനാവാത്തവിധം തീവ്രമായ വംശീയതയും മതാത്മകതയും 'റൈറ്റേഴ്സ് ഡയറി' പങ്കുവയ്ക്കുന്നുണ്ട്. ഈ അറിവ് ദസ്‌തയേവ്‌സ്‌കിയുടെ നോവലുകളിലെ കഥാപാത്രങ്ങളുടെ ഭ്രമങ്ങളെയും കുഴപ്പം പിടിച്ച സന്ദർഭങ്ങളെയും അനാവരണം ചെയ്യാനും വായനയെ കൂടുതൽ ആഴത്തിലുള്ള അനുഭവമാക്കാനുമാണു സഹായിക്കുക എന്നു തോന്നുന്നു. അയാളുടെ കല നമ്മെ കൊണ്ടുനിർത്തുന്ന ചക്രവാളങ്ങളുടെ ഗൂഢമായ സൗന്ദര്യം എഴുത്താളിന്റെ വ്യക്തിപരമായ പരിമിതികളെ മറികടക്കുന്നു. താൻ ജീവിച്ച കാലത്തിന്റെ ഉൽപന്നം എന്ന സങ്കുചിതത്വത്തിൽനിന്നു കലയുടെ സാർവലൗകികതയിലേക്കു ആ രചനകൾ വികസിക്കുകയും ചെയ്യുന്നു.
നൊബേൽ സമ്മാനം ലഭിച്ചതിനുശേഷം പ്രിൻസ്റ്റൺ സർവകലാശാലയിൽ മരിയോ വർഗാസ് യോസ നടത്തിയ സംസാരങ്ങളിൽ നോവൽ കാലത്തെ നേരിടുന്നതെങ്ങനെ എന്ന ചോദ്യത്തിനു ഉത്തരം നൽകുമ്പോൾ, കാലക്രമത്തിൽ സാഹിത്യരചനയുടെ വായന മാറിമറിയുന്നതിനെപ്പറ്റി വിശദീകരിക്കുന്നു: വലിയ കലയിലെ പ്രാദേശികമോ ദേശീയമോ ആയ അടയാളങ്ങൾ കാലം ചെല്ലുമ്പോൾ കൊഴിഞ്ഞുപോകുന്നു. ഇതോടെയാണു കൃതി കാലത്തിനൊപ്പം ഭാവിയിലേക്കു സഞ്ചരിക്കാൻ പ്രാപ്തി നേടുന്നത്. എഴുതിയ കാലത്തു തമാശപ്പുസ്തകമായി വായിക്കപ്പെട്ട സെർവാന്റസിന്റെ ‘ഡോൺ കിഹോത്തെ’യാണ് കാലം മാറ്റിമറിച്ച നോവലിന് ഒരു ഉദാഹരണം.
ഈ സംസാരത്തിൽ 'എഴുത്തും രാഷ്ട്രീയവും' എന്ന വിഷയവും വിശദമായി ചർച്ച ചെയ്യുന്നുണ്ട്. അറുപതുകളിലെ ‘ലാറ്റിനമേരിക്കൻ ബൂമി’ൽ ലോകപ്രശസ്തി നേടിയ എഴുത്തുകാരിലേറെയും കമ്യൂണിസ്റ്റ് പാർട്ടിയുടെയോ ഇടതുപക്ഷത്തിന്റെയോ ഭാഗമായി എഴുത്തുജീവിതം നയിച്ചവരായിരുന്നു. യൗവനത്തിൽ സോഷ്യലിസ്റ്റ് പക്ഷത്തുനിൽക്കുകയും പിന്നീട് ലിബറലിസത്തിലേക്കു വഴിമാറുകയും ചെയ്ത എഴുത്തുകാരിലൊരാളാണു യോസ. തന്റെ രാഷ്ട്രീയ പരിണാമമടക്കം നോവൽ, കല, രാഷ്ട്രീയം, ജേണലിസം, വിവർത്തനം തുടങ്ങിയ ഒട്ടേറെ വിഷയങ്ങളിലും യോസ തന്റെ നിലപാടുകൾ 'കോൺവർസേഷൻ അറ്റ് പ്രിൻസ്റ്റൺ' എന്ന പുസ്തകത്തിൽ വിശദീകരിക്കുന്നു. ഈ നിലപാടുകളുടെ ദാർശനിക പരിസരമാണ് ‘ദ് കോൾ ഓഫ് ദ് ട്രൈബ്’ എന്ന കൃതിയിലുള്ളത്. ആദം സ്മിത് മുതൽ ഇശയ്യ ബർലിൻ വരെയുള്ള 7 ലിബറൽ ചിന്തകരെപ്പറ്റിയുള്ള ലേഖനങ്ങളുടെ സമാഹാരമാണിത്. മാർക്സിസം, സാർത്രിന്റെ അസ്തിത്വവാദം എന്നിവയിൽനിന്ന് ലിബറലിസത്തിലേക്കുള്ള യാത്രയാണിത്. ഈ മാറ്റത്തിന് അടിത്തറയിട്ടത് ആൽബേർ കമ്യു, ജോർജ് ഓർവെൽ, ആർതർ കെസ്‌ലർ തുടങ്ങിയ എഴുത്തുകാരാണ്.
അൻപതുകളിൽ എഴുത്തു തുടങ്ങുന്ന കാലത്ത് യോസയെ ഏറ്റവും സ്വാധീനിച്ച ഒരു പുസ്തകം സാർത്രിന്റെ ‘വാട്ട് ഈസ് ലിറ്ററേച്ചർ’ ആയിരുന്നു. സാഹിത്യം സുഖം തരുന്നു, ഭാവുകത്വത്തെ സമ്പന്നമാക്കുന്നു, അതിനൊപ്പം അത് സാമൂഹികപ്രശ്നങ്ങളിൽ വായനക്കാരിൽ അവബോധം വളർത്താനും ഉപയോഗിക്കാമെന്നു സാർത്രെ വാദിച്ചു. പെറു അടക്കം ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ സ്വേഛാധികാരം പിടിമുറുക്കിയ വർഷങ്ങളിൽ എഴുത്തും ഒരു രാഷ്ട്രീയപ്രവർത്തനമാണെന്ന സാർത്രിന്റെ വാദം ഏറ്റവും ആകർഷകമായിരുന്നു. അക്കാലത്തെ ലാറ്റിനമേരിക്കൻ എഴുത്തുകാരുടെ മറ്റൊരു വലിയ സ്വാധീനം ക്യൂബൻ വിപ്ലവമായിരുന്നു. യുഎസിന്റെ മൂക്കിനു താഴെ ഒരു ചെറുരാജ്യം നേടിയ വിജയം സോഷ്യലിസ്റ്റ് സ്വപ്നങ്ങൾക്കു വലിയ ഊർജം പകർന്നു.
എന്നാൽ സോവിയറ്റ് യൂണിയനും ക്യൂബയും കൊണ്ടുവന്ന സമഗ്രാധിപത്യമാകട്ടെ വിമതസ്വരങ്ങളെ നിഷ്ഠുരമായി അടിച്ചമർത്തി. പുറംലോകത്തെ പുറത്തിട്ടടച്ചു. ക്യൂബയിൽ സ്വവർഗാനുരാഗികളെയും പ്രതിവിപ്ളവകാരികളെയും ക്രിമിനലുകൾക്കൊപ്പം പാർപ്പിക്കുന്ന തടങ്കൽപാളയങ്ങളുണ്ടായിരുന്നു. സോവിയറ്റ് യൂണിയനിലാകട്ടെ മുപ്പതുകളിൽ ജോസഫ് സ്റ്റാലിൻ തുടങ്ങിവച്ച പീഡനമുറകളൊന്നും ക്രൂഷ്‌ചേവിന്റെ കാലത്തും അവസാനിച്ചിരുന്നില്ല. ഇക്കാര്യങ്ങൾ സംബന്ധിച്ചു പാശ്ചാത്യലോകത്ത് എഴുത്തുകാർക്കും ബുദ്ധിജീവികൾക്കും ബോധ്യമുണ്ടായെങ്കിലും പുരോഗതിയെയും ഭാവിയെയും സംബന്ധിച്ച വലിയ പ്രതീക്ഷയായി സോവിയറ്റ് യൂണിയനും ക്യൂബയും അപ്പോഴും നിലകൊണ്ടു. ‘അവിടെ വേശ്യകളോ കള്ളന്മാരോ പുരോഹിതരോ ഇല്ല’ എന്ന് സോവിയറ്റ് റഷ്യയെ വാഴ്ത്തുന്ന ഫ്രഞ്ച് കവി പോൾ ഏലുവയുടെ കവിത യോസ ഉദ്ധരിക്കുന്നുണ്ട്. എന്നാൽ എല്ലാത്തരം സ്വേച്ഛാധികാര വ്യവസ്ഥകളെയും എതിർത്ത് വിമതനാകുക, നിരന്തര പ്രതിപക്ഷമാകുക എന്നതാണു മനുഷ്യാസ്തിത്വത്തിനു അർഥം നൽകുന്ന ഏക പ്രവൃത്തിയെന്ന നിലപാടാണു ആൽബേർ കമ്യു സ്വീകരിച്ചത്. ഈ ഭിന്നത സാർത്രും കമ്യുവും തമ്മിലുള്ള സൗഹൃദത്തെ ഇല്ലാതാക്കുകയും ചെയ്തു. സ്പാനിഷ് ആഭ്യന്തരയുദ്ധത്തിൽ ഫാസിസവിരുദ്ധ പക്ഷത്തുനിന്നു ആയുധമെടുത്തു പോരാടുകയും കഴുത്തിനു വെടിയേൽക്കുകയും ചെയ്ത ജോർജ് ഓർവെൽ ആകട്ടെ സോവിയറ്റ് സമഗ്രാധികാരമാതൃകയുടെ ഭയാനകതയെപ്പറ്റി മരണം വരെ എഴുതി. ‘സോവിയറ്റ് റഷ്യയിൽ ഏറ്റവും പ്രിവിലേജുള്ള മനുഷ്യർ ആരാണ്?’ഒരിക്കൽ യോസ ഒരു റഷ്യക്കാരനോടു ചോദിച്ചു. അയാൾ പറഞ്ഞ മറുപടി ഇതാണ്: ‘വിധേയരായ എഴുത്തുകാർ! അവർക്ക് അവധിക്കാലവസതികളുണ്ട്. അവർക്കു വിദേശയാത്രകൾ നടത്താം. മറ്റെന്തുവേണം?’
ക്യൂബൻ വിപ്ളവത്തിൽ പങ്കെടുക്കുകയും മന്ത്രിയായിരിക്കുകയും ചെയ്ത കവി ഹെർബർട്ടോ പൊഡിയോയെ സിഐഎ ഏജന്റ് എന്നാരോപിച്ച് 1970 ൽ കാസ്ട്രോ ഭരണകൂടം ജയിലിൽ അടച്ചു. പൊഡിയോയെ വ്യക്തിഹത്യ ചെയ്തു ക്യൂബൻ മാധ്യമങ്ങൾ നിരന്തരമെഴുതുകയും ചെയ്തു. അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ യോസ അടക്കമുള്ള ഒരു സംഘം എഴുത്തുകാർ, കവിയുടെ മോചനം ആവശ്യപ്പെട്ടു തുറന്ന കത്തെഴുതി. ബാർസിലോണയിലെ യോസയുടെ അപ്പാർട്ട്മെന്റിലിരുന്നാണ് ഈ കത്ത് തയാറാക്കിയത്. സാർത്ര്, സൂസൻ സൊന്റാഗ്, സിമോൺ ഡി ബുവ്വ, അൽബെർട്ടോ മൊറേവിയ, കാർലസ് ഫുഅന്റസ് തുടങ്ങിയ എഴുത്തുകാർ പൊഡിയോക്കുവേണ്ടി പിന്നീടു രംഗത്തുവന്നു. ഫിദൽ കാസ്ട്രോ നേരിട്ടാണ് ഇതിനോടു പ്രതികരിച്ചത്. തുറന്ന കത്തിൽ ഒപ്പിട്ട മുഴുവൻ എഴുത്തുകാരും ക്യൂബയിൽ പ്രവേശിക്കുന്നതു അദ്ദേഹം വിലക്കി.
എല്ലാ സമഗ്രാധിപത്യ ഭരണകൂടങ്ങളും ‘ഗോത്ര മനോഭാവം’ ഉണർത്തുകയാണു ചെയ്യുന്നത്. ‘സ്പിരിറ്റ് ഓഫ് ട്രൈബ്’ എന്നതു കാൾ പോപ്പറുടെ ഒരു പ്രയോഗമാണ്. ബാഹ്യലോകത്തെ വേലി കെട്ടിയടച്ചു കഴിയാനുള്ള ത്വര പരിഷ്കൃതിയിൽ എത്ര മുന്നോട്ടുപോയാലും മനുഷ്യരെ വിട്ടുപോകുകയില്ല. ഈ ഗോത്ര മനഃസ്ഥിതിയിൽ മനുഷ്യർ അലംഘനീയമായ കൂട്ടായ്മയുടെ ഭാഗമാണ്. സർവാധികാരിയായ ഒരു അധികാരിക്ക്, ഒരു മൂപ്പന് എല്ലാവരും കീഴ്പ്പെട്ടിരിക്കുന്നു. ഈ നേതാവാണ് അവർക്കുവേണ്ടി എല്ലാ തീരുമാനവും എടുക്കുന്നത്. ഈ മതിലിനുള്ളിൽ, ഒരു തൊഴുത്തിൽ അടക്കത്തോടെ നിൽക്കുന്ന മൃഗങ്ങളെപ്പോലെ അവർ സംതൃപ്തരായിത്തീരുന്നു. ദേശീയതയുടെയോ പ്രത്യയശാസ്ത്രത്തിന്റെയോ വംശീയതയുടെയോ പേരിലുള്ള ഗോത്ര മനോഭാവങ്ങളും ജനാധിപത്യത്തിനും യുക്തിക്കും വ്യക്തിസത്തയ്ക്കും എതിരാണെന്ന നിലപാടാണു യോസ സ്വീകരിച്ചത്. അദ്ദേഹം ലിബറലിസത്തിലേക്കു പരിവർത്തനം ചെയ്യുന്ന സാഹചര്യമിതായിരുന്നു.
എഴുത്തുകാരിലെ രാഷ്ട്രീയ പരിണാമങ്ങൾ സംബന്ധിച്ചു വിശദീകരിക്കുമ്പോൾ കോർത്തസറിന്റെ അനുഭവം കൂടി യോസ പറയുന്നുണ്ട്. 1951ൽ അർജന്റീന വിട്ട കോർത്തസർ സ്വദേശത്തേക്കു തിരിച്ചുപോകാൻ ആഗ്രഹിച്ചില്ല. സാഹിത്യവും സംഗീതവുമായി അദ്ദേഹം പാരിസിലാണു ജീവിച്ചത്.
1950–60കളിൽ രാഷ്ട്രീയമായി സജീവമായിരുന്ന യൂറോപ്പിലെ എഴുത്തുകാരിൽനിന്നെല്ലാം അദ്ദേഹം അകലം പാലിച്ചു. യോസ കോർത്തസാറിനെക്കാണുമ്പോൾ രാഷ്ട്രീയമൊഴിച്ചു മറ്റെന്തും സംസാരിക്കാം എന്നാണ് അദ്ദേഹം പറഞ്ഞത്. ആ സമയം ഫ്രാൻസിലുണ്ടായിരുന്ന ലൂയി ഗോയിട്ടിസോളോയെപ്പറ്റി യോസ പറഞ്ഞപ്പോൾ, ‘എനിക്ക് അയാളെ കാണണമെന്നില്ല. എനിക്ക് സഹിക്കാൻ പറ്റാത്തവിധം പൊളിറ്റിക്കൽ ആണ് അയാൾ’ എന്നായിരുന്നു പ്രതികരണം. ഇത്രമാത്രം രാഷ്ട്രീയവിമുഖനായിരുന്ന കോർത്തസാർ ഒരുദിവസം പൊടുന്നനെ ക്യൂബ സന്ദർശിക്കാമെന്നു സമ്മതിച്ചു. ആ യാത്ര അയാളുടെ ജീവിതം മാറ്റിമറിച്ചു. കോർത്തസർ ഒരു വിപ്ലവകാരിയായി മാറി ലാറ്റിനമേരിക്കൻ രാഷ്ട്രീയത്തിന്റെ മുഖ്യ വക്താവായി. അതുവരെ അധികം സൗഹൃദങ്ങളില്ലാതെ, അങ്ങേയറ്റം സ്വകാര്യമായ ജീവിതം നയിച്ചിരുന്ന എഴുത്തുകാരൻ തെരുവിലിറങ്ങി. രാഷ്ട്രീയസമരങ്ങളിലും പങ്കെടുത്തു. പ്രസംഗിക്കാൻ പോയി. അറുപതാം വയസ്സിലാണു കോർത്തസർ രാഷ്ട്രീയം കണ്ടെത്തിയത്.
ലിബറലിസം എന്നത് അഭിപ്രായസ്വാതന്ത്ര്യവും ജനാധിപത്യവും മാത്രമല്ല സ്വതന്ത്ര വിപണി കൂടിയാണ്. ഈ നിലയിൽ ലിബറലിസത്തിന്റെ വിജയകരമായ രാഷ്ട്രീയമുഖങ്ങളായാണു മാർഗരറ്റ് താച്ചറെയും റൊണാൾഡ് റീഗനെയും യോസ അവതരിപ്പിക്കുന്നത്. ഇരുവരും സ്വതന്ത്രവിപണിയുടെ സാധ്യതകളെ സമർഥമായി ഉപയോഗിക്കുകയും അത് യുകെയെയും യുഎസിനെയും ജനാധിപത്യസമൂഹം എന്ന നിലയിൽ ബഹുദൂരം മുന്നോട്ടു നയിച്ചുവെന്നും യോസ അവകാശപ്പെടുന്നുണ്ട്.
'കോൺവർസേഷൻ അറ്റ് പ്രിൻസ്റ്റൺ', 'ദ് കോൾ ഓഫ് ദ് ട്രൈബ്' എന്നീ പുസ്തകങ്ങൾ ഇരുപതാം നൂറ്റാണ്ടിലെ പ്രമുഖനായ ഒരു എഴുത്തുകാരന്റെ കലാജീവിതവും രാഷ്ട്രീയജീവിതവും സരളമായി അവതരിപ്പിക്കുന്നു. 'മെയ്ക്കിങ് വേവ്സ്', 'ടച്ച്സ്റ്റോൺസ്' എന്നീ ലേഖനസമാഹാരങ്ങൾക്കുശേഷം ഉന്മേഷകരമായ യോസയുടെ ഗദ്യം ഇവിടെ വായിക്കാം, ഇതിലെ കാഴ്ചപ്പാടുകളോടു വിയോജിപ്പിക്കാൻ തോന്നുന്ന ഘട്ടങ്ങളിലും.