ജർമിയിലെ പ്രശസ്ത പുരസ്കാരങ്ങളുടെ ചുരുക്കപ്പട്ടികയിൽ പോലും വന്നില്ലെങ്കിലും കയ്റോസ് വായിച്ച പലരും അവരവരെത്തന്നെ നോവലിൽ കണ്ട് അദ്ഭുതപ്പെട്ടു. അതുകൊണ്ടാണു ജീവിച്ചിരിക്കുന്ന ഒരാളുടെ മാതൃകയിലാണ് ഹാൻസിനെ ജെന്നി സൃഷ്ടിച്ചതെന്ന അഭ്യൂഹം പടർന്നത്.

ജർമിയിലെ പ്രശസ്ത പുരസ്കാരങ്ങളുടെ ചുരുക്കപ്പട്ടികയിൽ പോലും വന്നില്ലെങ്കിലും കയ്റോസ് വായിച്ച പലരും അവരവരെത്തന്നെ നോവലിൽ കണ്ട് അദ്ഭുതപ്പെട്ടു. അതുകൊണ്ടാണു ജീവിച്ചിരിക്കുന്ന ഒരാളുടെ മാതൃകയിലാണ് ഹാൻസിനെ ജെന്നി സൃഷ്ടിച്ചതെന്ന അഭ്യൂഹം പടർന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജർമിയിലെ പ്രശസ്ത പുരസ്കാരങ്ങളുടെ ചുരുക്കപ്പട്ടികയിൽ പോലും വന്നില്ലെങ്കിലും കയ്റോസ് വായിച്ച പലരും അവരവരെത്തന്നെ നോവലിൽ കണ്ട് അദ്ഭുതപ്പെട്ടു. അതുകൊണ്ടാണു ജീവിച്ചിരിക്കുന്ന ഒരാളുടെ മാതൃകയിലാണ് ഹാൻസിനെ ജെന്നി സൃഷ്ടിച്ചതെന്ന അഭ്യൂഹം പടർന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നേർക്കുനേർ കാണുമ്പോഴല്ല, തിരിഞ്ഞുനോക്കുമ്പോഴാണ് ചില മുഖങ്ങൾ കൂടുതൽ വ്യക്തമാകുന്നത്. അടുത്തു നിന്നു കാണുന്നതിനേക്കാൾ വ്യക്തമായി അകലെനിന്നു നോക്കുമ്പോൾ അറിയാൻ കഴിയും. എല്ലാക്കാലത്തും ജീവിതം മുന്നോട്ടുവയ്ക്കുന്ന അപൂർവ പ്രതിഭാസമാണ് കാഴ്ചയുടെയും അറിവിന്‍റെയും ഈ വൈചിത്ര്യം. ഒരു ബന്ധത്തിൽ സജീവമായിരിക്കെ അതിന്റെ ആഴവും പരപ്പും അറിയണമെന്നില്ല. എന്നാൽ, ജീവന്റെ ജീവനായ വ്യക്തിയിൽ നിന്ന് അകന്നതിനുശേഷം (അങ്ങനെ സംഭവിക്കുമെങ്കിലും സംഭവിക്കാതിരിക്കട്ടെ) തിരിഞ്ഞുനോക്കാമ്പോഴായിരിക്കും എന്താണു നഷ്ടപ്പെട്ടതെന്നു തിരിച്ചറിയുക. ഒരിക്കൽ എന്താണു നേടിയതെന്നും. മനസ്സിലാക്കാൻ അകലണം. അറിയാൻ അകന്നുനിൽക്കണം. വേർപിരിയുമ്പോൾ മാത്രം വേർപിരിയാനാവില്ലെന്നു തിരിച്ചറിയുന്ന വൈചിത്ര്യം. 

30 വർഷം മുൻപ് 1989 നവംബർ 9 ന് സുഹൃത്തുക്കൾക്കൊപ്പമായിരുന്നു ജെന്നി ഏർപെൻബാക്ക്. അന്ന് അവർക്ക് കാതറീനയുടെ അതേ പ്രായം കാണും. അതേ, കയ്റോസിലെ നായിക തന്നെ. ഒരു കെട്ടിടത്തിന്റെ നാലാം നിലയിലായിരുന്നു അവർ അന്ന്. വൈൻ കുടിച്ച് സ്നേഹവും സൗഹൃദവും പങ്കിട്ട വൈകുന്നേരം. ടെലിവിഷൻ ഓൺ ചെയ്യണം എന്നുപോലും അവർക്കു തോന്നിയില്ല. പുറത്തിറങ്ങി കുറച്ചു നടന്നിരുന്നെങ്കിൽ തകർന്ന ബെർലിൻ മതിൽ കടന്ന് ഇല്ലാതായ ഒരു രാജ്യത്തുനിന്നുള്ളവർ സ്വാതന്ത്ര്യവും ശുദ്ധവായുവും ശ്വസിക്കാൻ ആവേശത്തോടെ ഓടിയടുക്കുന്നതു കാണാമായിരുന്നു. ആ ചരിത്ര മൂഹൂർത്തത്തിനു സാക്ഷിയാകാമായിരുന്നു. ചരിത്രത്തിന്റെ തന്നെ ഭാഗമാകാമായിരുന്നു. എന്നാൽ, നിസ്സംഗതയോടെ സൗഹൃദത്തിനു മാത്രം തീറെഴുതിക്കൊടുത്ത ആ വൈകുന്നേരത്തെ ജെന്നി പൂർണമായും മനസ്സിലാക്കുന്നതും അറിയുന്നതും ദശകങ്ങൾക്കു ശേഷമാണ്. തിരിഞ്ഞുനോക്കിയപ്പോൾ മാത്രം. വേർപാടിന്റെ വേദന അറിഞ്ഞതപ്പോൾ മാത്രം. ആ വേദനയുടെ വാക്കുകൾകൊണ്ടാണ് അവർ കയ്റോസ് എന്ന നോവൽ എഴുതിയത്. 

ജെന്നി ഏർപെൻബെക്ക്, Photo Credit: BENJAMIN CREMEL / AFP
ADVERTISEMENT

കാതറിനയും തിരിഞ്ഞുനോക്കുകയായിരുന്നു. മരണം അറിഞ്ഞ നിമിഷത്തിൽ, പോയ ജീവിതത്തിലെ പ്രണയത്തിലേക്ക്. അയച്ചുകിട്ടിയ അട്ടിയട്ടിയായ പേപ്പറുകൾക്കു മുന്നിൽ അവൾ ഇരുന്നു. ഒന്നൊന്നായി വായിക്കാൻ തുടങ്ങി. ഹാൻസ് എന്ന മധ്യവയസ്കൻ മുന്നിൽ തെളിയുകയായിരുന്നു. അയാളുടെ പകരം വയ്ക്കാനാവാത്ത പ്രണയവും. നിമജ്ജനം തന്നെ. ഓർമകളിലല്ല; ജീവിതത്തിൽ. വിരഹത്തിലല്ല, സാന്നിധ്യത്തിൽ. സമഗ്രമായ്, നിരവദ്യമായ്.... 1986 ലാണ് അവർ ആദ്യമായി കണ്ടത്. കാതറീനയ്ക്ക് 19 വയസ്സ്; ഒരു ജീവിതം മുഴുവൻ മുന്നിൽ. ഹാൻസിന് 53; പാതിയിലധികം തീർന്ന ജീവിതത്തിന്റെ പടിവാതിലിൽ. കാതറീന ജീവിക്കാൻ തുടങ്ങുന്നേയുള്ളൂ; അയാൾ അറിയപ്പെടുന്ന എഴുത്തുകാരനും. വിവാഹിതൻ. പിതാവ്. റേഡിയോ അവതാരകൻ. എന്നാൽ അടുക്കാൻ, അകലാനും അവർക്ക് അവയൊന്നും തടസ്സമായില്ല. അവരെ തമ്മിൽ കൂടുതൽ അടുപ്പിച്ചതേയുള്ളൂ. മരണത്തിനു പോലും വേർപിരിക്കാനാവാതെ എന്നേ അന്നേ അവരുടെ ജാതകത്തിൽ എഴുതിയിരിക്കണം. 

അടുത്ത മൂന്നു വർഷം അവരുടെ പ്രണയം വളർന്നു;  കിഴക്കൻ ജർമനി തകർന്നു. കാണാതിരിക്കാനാവാതെ കാണുകയും അകലാനാവാതെ അടുക്കുകയും ചെയ്തപ്പോൾ ബെർലിൻ മതിലിന്റെ കല്ലുകൾ ഒന്നൊന്നായി പൊളിയുകയായിരുന്നു. സ്നേഹത്തിൽ നിന്ന് സ്വാർഥതയിലേക്ക് അവർ വളർന്നു. നിരുപാധികമായ കണ്ടുമുട്ടലിൽ നിന്ന് ഉപാധികളിലേക്ക് അവർ ചുവടുവച്ചു. കാമുകൻ രക്ഷാധികാരിയുടെ വേഷം ധരിച്ചു. വേദനിപ്പിക്കാനും ഉപദ്രവിക്കാനും പോലും മടിച്ചില്ല. സമത്വം വാഗ്ദാനം ചെയ്തു സംരക്ഷിക്കാനെത്തിയ കിഴക്കൻ ജർമനിയെ ധൃതരാഷ്ട്ര ആലിംഗനത്തിൽ ബന്ധനസ്ഥമാക്കിയ കമ്മ്യൂണിസത്തെപ്പോലെ തന്നെ. 

ADVERTISEMENT

ജർമിയിലെ പ്രശസ്ത പുരസ്കാരങ്ങളുടെ ചുരുക്കപ്പട്ടികയിൽ പോലും വന്നില്ലെങ്കിലും കയ്റോസ് വായിച്ച പലരും അവരവരെത്തന്നെ നോവലിൽ കണ്ട് അദ്ഭുതപ്പെട്ടു. അതുകൊണ്ടാണു ജീവിച്ചിരിക്കുന്ന ഒരാളുടെ മാതൃകയിലാണ് ഹാൻസിനെ ജെന്നി സൃഷ്ടിച്ചതെന്ന അഭ്യൂഹം പടർന്നത്. എന്നാൽ, അത് എഴുത്തുകാരി നിഷേധിക്കുന്നു. ഒരാളല്ല. പലരാണ്. എല്ലാവരുമാണ്. കാതറിനയിൽ സ്വയം കണ്ടെത്തിയത് ജെന്നി മാത്രവും. അതോ വേറെയും സ്ത്രീകളുണ്ടോ. 50 വയസ്സു കഴിഞ്ഞവർ. പുതിയൊരു പ്രണയത്തിന്റെ പ്രലോഭനത്തെ ചെറുക്കാൻ മാത്രം ശേഷിയുള്ളവർ. 

എന്തേ ഈ പ്രണയത്തിന് ഇത്രയും തീഷ്ണത എന്ന ചോദ്യവും ജെന്നിക്കു നേരിടേണ്ടിവന്നു. തിരിഞ്ഞുനോക്കുമ്പോഴല്ലേ അതു തിരിച്ചറിയൂ എന്നുതന്നെയാണ് ജെന്നിയും പറഞ്ഞത്. 50 വയസ്സ് കഴിഞ്ഞില്ലേ. എനിക്കിനി പ്രണയത്തെക്കുറിച്ചെഴുതാം; ആ അപകടം വീണ്ടും സംഭവിക്കുമെന്ന പേടിയില്ലാതെ. എന്നാൽ, വായിക്കുന്നവരോ. അമ്പതോ അറുപതോ എഴുപതോ കഴിഞ്ഞോട്ടെ. ഹാൻസ് പലരെയും പ്രലോഭിപ്പിക്കുന്നു. പ്രണയത്തിന്റെ ശുദ്ധശൂന്യതയിലേക്ക്. അനന്ത വിഹായസ്സ് എന്ന പോലെ. തിരക്കൈകളാൽ പിന്നെയും പിന്നെയും വിളിക്കുന്ന കടൽ പോലെ. അലിയാൻ. മുങ്ങാൻ. ഒഴുകാൻ. ഇല്ലാതാകാൻ. അവശേഷിക്കാതെ ശേഷിക്കാൻ....

ADVERTISEMENT

കയ്റോസിന്റെ തുടക്കത്തിൽ ആ ജാഗ്രതാ സന്ദേശം എഴുതാൻ ജെന്നി മറന്നതായിരിക്കും. 50 വയസ്സ് കഴിഞ്ഞവർ മാത്രം വായിച്ചാൽ മതിയെന്ന മുന്നറിയിപ്പ്. 20 വയസ്സിനു മുന്നെയും വായിക്കരുതെന്ന ഉപദേശം. അഥവാ, പ്രണയത്തിൽ അകപ്പെടുകയും തീരാവേദനയുടെ ചുഴിയിൽ സ്വയം നഷ്ടപ്പെടുകയും ചെയ്താൽ കയ്റോസ് ഉത്തരവാദിയല്ല.. ജെന്നി ബാധ്യത ഏറ്റെടുക്കില്ല. നഷ്ടങ്ങളെ നേട്ടങ്ങളായി എണ്ണാൻ പഠിക്കുക. മുറിവുകളിൽ നിന്നു സന്തോഷം കണ്ടെത്തുക. ആകാംക്ഷയാലും ഉൽക്കണ്ഠയാലും മിടിച്ചു മിടിച്ചു മരിക്കുന്ന ഹൃദയത്തിന്റെ ആകുലതകൾ ജീവിതം തന്നെയാണെന്നു സമാധാനിക്കുക. ജെന്നിയെ എഴുതാൻ മോഹിപ്പിച്ച മിലൻ കുന്ദേര എഴുതിയതുപോലെ , മറ്റെവിടെയോ ആണു ജീവിതം. Life is elsewhere. ജീവിച്ചിരിക്കുന്നതിന്റെ അസഹനീയമായ ഭാരമില്ലായ്മ (the unbearable lightness of being) അവർക്കുള്ളതല്ല. അവർക്കൊരു പ്രണയത്തിന്റെ മാറാപ്പുണ്ട്; കൈമാറാനാവാത്ത കുരിശിന്‍റെയും. 

ഹാൻസിന്റെ ക്രൂരതയ്ക്ക് അതിരുകളില്ല. കർക്കശക്കാരനായ ഹെഡ് മാസ്റ്ററാണ് അയാളിപ്പോൾ. കാതറിന ഹെഡ് മാസ്റ്ററെ കാണുമ്പോൾ പേടിച്ചുവിറയ്ക്കുന്ന പെൺകുട്ടിയും. അവൾക്കു മോചനം വേണം. രക്ഷപ്പെടണം. സഹിക്കാനാവുന്നില്ല. കിഴക്കൻ ജർമനിയെപ്പോലെ തന്നെ. കമ്മ്യൂണിസത്തിൽ നിന്ന്. ഒരൊറ്റ ലക്ഷ്യത്തിൽ നിന്ന് മറ്റനേകം ലക്ഷ്യങ്ങളിലേക്ക്. 

ബെർലിൻ മതിൽ തകർന്നതോടെ പടിഞ്ഞാറേക്കു പാഞ്ഞെത്തിയ കിഴക്കൻ ജർമനിക്കാർ കണ്ടതെല്ലാം അദ്ഭുതങ്ങളായിരുന്നു. കമ്മ്യൂണിസത്തിന്റെ നശിച്ച(സുവർണ)നാളുകളിൽ അവർ തെരുവിൽ യാചകരെ കണ്ടിട്ടേയില്ല. കമ്മ്യൂണിസത്തിൽ യാചകരോ. സഖാക്കൾ മാത്രം. പിച്ചച്ചട്ടിയുമായി തെണ്ടുന്നവരെ കണ്ടപ്പോഴാണ് യഥാർഥ ജീവിതം അവർ അറിയുന്നത്. സിദ്ധാർഥ രാജകുമാരനിൽ നിന്നും യാഥാർഥ്യം മറച്ചുവയ്ക്കാൻ നടന്ന ശ്രമം ഓർമയില്ലേ. പെട്ടെന്നൊരു ദിനം രോഗികളെ, ഭിക്ഷക്കാരെ, വേദനിക്കുന്നവരെ കണ്ടപ്പോൾ രാജകുമാരൻ ഊരുതെണ്ട‌ിയായി. ബുദ്ധനായി. ആലിലകളിൽ നിന്നു ഗ്രഹിച്ച മന്ത്രം ലോകത്തിനു പറഞ്ഞുകൊടുത്തു; സ്വന്തമാക്കാൻ കൊതിക്കാതെ സ്നേഹിക്കുക. വിട്ടുകളയാതെ ഉപേക്ഷിക്കുക. ആഗ്രഹിക്കാതെ അനുഭവിക്കുക. വീണ പൂവല്ല വിരിയുന്ന പൂവ്. ഹാ പുഷ്പമേ എന്നല്ല, അധിക തുംഗപദത്തിൽ എന്നല്ല. തിരിഞ്ഞുനോക്കുന്നേയില്ല. യാത്ര തുടരുക. കൊട്ടാരത്തിൽ നിന്ന്. സ്നേഹത്തിൽ നിന്ന്. ആസക്തിയുടെ കിടക്കയിൽ നിന്ന്. പിൻവിളിയിൽ നിന്ന്. ദൂരേക്ക്. കഷ്ടപ്പെടുന്നവരിലേക്കും സ്നേഹം സ്വപ്നം പോലും കാണാൻ കഴിയാത്തവരിലേക്കും. മഹായാനം. അതിന്നും തുടരുന്നു.. 

സ്വന്തം രാജ്യത്തെക്കുറിച്ച്, ചരിത്രത്തെക്കുറിച്ച് എഴുതിക്കൊണ്ടിരുന്ന പുസ്തകത്തിന്റെ രചനയിലായിരുന്നു ഹാൻസ്. താളുകൾ മറിക്കുന്നതിനിടെയാണ് കാതറിനയുടെ കുറിപ്പ് കണ്ടെത്തിയത്. അവിശ്വസ്തതയെക്കുറിച്ച്. മറക്കാനാവുമോ. പൊറുക്കാനാവുമോ. തലമുറകൾ കഴിഞ്ഞാലും കമ്മ്യൂണിസത്തിന്റെ ദുർന്നടപ്പുകൾ പിൻതുടരുന്നതുപോലെ തന്നെ. 

1989 ആയി. നവംബറിന്റെ നഷ്ടം. പൊളിഞ്ഞുവീണ മതിൽ ക‌ടന്നു കാതറിന നടക്കുകയാണ്. അകലേക്ക്. സ്വാതന്ത്ര്യത്തിലേക്ക്. തിരഞ്ഞെടുപ്പുകളിലേക്ക്. ഹാൻസ് എന്ന ഒറ്റ ചോയ്സിൽ നിന്നും ഒ‌ട്ടേറെ യുവാക്കളിലേക്ക്. ഉപദ്രവിക്കുന്നതിനു പകരം പരിലാളിക്കുന്ന കൈകളിലേക്ക്. ഹെഡ് മാസ്റ്ററിൽ നിന്ന് സുഹൃത്തുക്കളിലേക്ക്. മറ്റൊരു കസ്റ്റമർ മാത്രമാണോ കാതറിന. ഹാൻസിന്റെ പേപ്പറുകൾ വായുവിൽ പറക്കുന്നു. കാതറിനയ്ക്കു ചുറ്റും പറക്കുന്നു. അനാഥമായ ആ പേപ്പറുകളിൽ ഏത് ആദ്യം വായിക്കണമെന്ന ആശയക്കുഴപ്പത്തിലാണു കാതറിന. അങ്ങകലെ, സ്വേഛാധിപത്യം കുഴിച്ചുമൂടിയ മണ്ണിൽ നിന്ന്, ഹാൻസിന്റെ കുഴിമാടത്തിൽ നിന്ന് വീശുന്ന കാറ്റിൽ പശ്ചാത്താപമോ പ്രായശ്ചിത്തമോ. നഷ്ടപ്പെടുത്തിയ നിമിഷങ്ങളോ നേടിയ ഓർമകളോ. പിന്നിൽ അവശേഷിച്ച ചരിത്രമോ മുന്നിൽ കാണുന്ന ഭാവിയോ. തിരഞ്ഞെടുക്കേണ്ടത് കാതറിനയാണ്. അവൾ ഒരു കസ്റ്റമർ മാത്രമാണല്ലോ. ലാഭം മാത്രമാണു കസ്റ്റമറുടെ ലക്ഷ്യം. നേട്ടം വിറ്റ് നഷ്ടം നേടുമോ അവൾ. അതോ, നഷ്ടത്തെ കുഴിച്ചുമൂടി ഒരു പുച്ഛച്ചിരി കൂടി ആ ചുണ്ടിൽ വിരിയുമോ. ഒരു ജീവിതത്തിന്റെ, സൗഹൃദത്തിന്റെ മൃതിമുദ്ര.....

ജീവിതം ഇനിയും ബാക്കിയാണ്. ഹാൻസ് ഇനിയില്ല; കമ്മ്യൂണിസവും. 20 ന്റെ തുടക്കത്തിലുള്ള ആ പെൺകുട്ടിക്ക് ഇനിയും പ്രണയിക്കാൻ കഴിയുമോ. ജീവിക്കാൻ സാധിക്കുമോ. മരിച്ചു ജീവിക്കുമോ ജീവിച്ചു പ്രണയിക്കുമോ. ആ ചോദ്യത്തെ ആർക്കും നേരിടേണ്ടിവരാതിരിക്കട്ടെ. ഒരു പൂവും വീണ്ടും വിരിയുന്നില്ല. ഒരിക്കൽ കണ്ട നിലാവല്ല വീണ്ടും കാണുന്നത്. ഒരു പുഴയിലേക്കും വീണ്ടും ഇറങ്ങാനാകില്ല. പിന്നെന്തേ ജീവിതം മാത്രം ഇനിയും ബാക്കി. ജീവിച്ചുതന്നെ, പ്രണയിച്ചു തന്നെ മറുപടി കണ്ടെത്തേണ്ടിയിരിക്കുന്നു...