ലഹരി, പക, ചതി, അധികാരം, അതിജീവനം; തങ്കമണി സംഭവത്തിന്റെ പിന്നിലെ ‘പാപക്കഥകൾ’
ഞാറ്റിലയിലെ അതിജീവനഘടകം യാഥാർഥ്യത്താൽ നിർമിതമായ സൗന്ദര്യലഹരിയാണ്. ജീവിക്കാനുള്ള വെമ്പലാണ് അവരെ കഞ്ചാവിലേക്കെത്തിക്കുന്നത്. ആ സംഭ്രമമാണ് ഞാറ്റിലയുടെ പ്രാണൻ. ഈ ഉത്കടമായ ഉത്കണ്ഠയും യാഥാർഥ്യബോധവും ഞാറ്റിലയെ നാർക്കോസിനു മുകളിൽ നിർത്തുന്നു.
ഞാറ്റിലയിലെ അതിജീവനഘടകം യാഥാർഥ്യത്താൽ നിർമിതമായ സൗന്ദര്യലഹരിയാണ്. ജീവിക്കാനുള്ള വെമ്പലാണ് അവരെ കഞ്ചാവിലേക്കെത്തിക്കുന്നത്. ആ സംഭ്രമമാണ് ഞാറ്റിലയുടെ പ്രാണൻ. ഈ ഉത്കടമായ ഉത്കണ്ഠയും യാഥാർഥ്യബോധവും ഞാറ്റിലയെ നാർക്കോസിനു മുകളിൽ നിർത്തുന്നു.
ഞാറ്റിലയിലെ അതിജീവനഘടകം യാഥാർഥ്യത്താൽ നിർമിതമായ സൗന്ദര്യലഹരിയാണ്. ജീവിക്കാനുള്ള വെമ്പലാണ് അവരെ കഞ്ചാവിലേക്കെത്തിക്കുന്നത്. ആ സംഭ്രമമാണ് ഞാറ്റിലയുടെ പ്രാണൻ. ഈ ഉത്കടമായ ഉത്കണ്ഠയും യാഥാർഥ്യബോധവും ഞാറ്റിലയെ നാർക്കോസിനു മുകളിൽ നിർത്തുന്നു.
ചരിത്രവും ഇതിവൃത്തവുമാണ് നോവലിനെ കടലാക്കുന്ന തിരയും ഗതിയും. മലയാള നോവലിന് ഇന്നുവരെ അപരിചിതമായ കാലാനുക്രമത്തിന്റേയും പ്രമേയത്തിന്റേയും കാറ്റു പ്രസരിപ്പിച്ചുകൊണ്ട് ഷെല്ലി മാത്യുവിന്റെ 'ഞാറ്റില' എന്ന നോവൽ യഥാർഥമായ അനുഭവങ്ങളുടെ മാന്ത്രികതയിലേക്ക് വീശിയടിക്കുന്നു.
എൺപതുകളിലെ ഇടുക്കി. കുടിയേറ്റ ഗ്രാമം. അവിടെ ജീവിതത്തെ ഉഴുത തീക്കല്ല് പോലെ കാറ്റു വീശുന്നു. കിനാവിന്റെ അടിവേര് പുഴകുന്നു. പാപത്തിന്റെ വിത്ത് വിതക്കാൻ അവരിൽ ചിലർ നിർബന്ധിതരാകുന്നു. ആ വിത്ത് വിതച്ചു വിളഞ്ഞത് ഏറ്റവും ചെടിപ്പുള്ള നീലച്ചടയൻ. ഇതാണ് ഞാറ്റിലയുടെ കഥാതന്തു. കുടിയേറ്റവുമായി ബന്ധപ്പെട്ട് ഇത്തരമൊരു പ്രമേയം മലയാള സാഹിത്യത്തിന് അന്യമാണ്. വിളയേതായാലും വിളവ് നന്നായാൽ മതി എന്നത് കൃഷിയെക്കുറിച്ചുള്ള സാമാന്യതത്വമാണ്. വിളവ് കർഷകരുടെ കിനാവാണ്. വിളവില്ലെങ്കിൽ സ്വപ്നമില്ല. ആ സ്വപ്നമൊക്കെയും കാറ്റിൽ പറന്നുപോയാൽ അവർ എന്തുചെയ്യും? എന്തും ചെയ്യുമെന്ന് പറയുന്നു ഷെല്ലി ഞാറ്റിലയിലൂടെ. ഞാറ്റിലയിൽ വിളയിക്കുന്നത് പാപമാണ്. കഞ്ചാവ് നട്ട് അവർ വടവൃക്ഷത്തിന്റെ അടിവേര് വരേക്കും കിനാവ് കാണുന്നു. ആ കിനാവ് ഉതിർക്കുമോ? അതോ കരിയുമോ?
ചരിത്രം, പ്രണയം, വീരകഥ, അതിജീവനം എന്നിങ്ങനെ എത്ര വിശേഷണങ്ങൾ വേണമെങ്കിലും ഒരു നോവലിൽ വരാം. നാർക്കോസ് പോലുള്ള ക്രൈം ഡ്രാമ സീരീസുകൾ നോക്കുക. ലഹരി, അധികാരം, അതിനുവേണ്ടിയുള്ള യുദ്ധം. ഇതാണ് ഇത്തരം സീരീസുകളുടെ രീതി. അത്തരത്തിൽ വായിച്ചു കാണാവുന്ന നോവലാണ് ഷെല്ലി മാത്യുവിന്റെ ഞാറ്റില. നോവൽ കാണുക എന്നത് സാധാരണ ഉപയോഗിക്കുന്ന പ്രയോഗമല്ല. എന്നാൽ ഞാറ്റില ഒരു കാഴ്ചാനുഭവം ആണ്. എഴുത്തിലെ ഓരോ വരിയും അത്രകണ്ട് സിനിമാറ്റിക് ആണ്. കാഴ്ച കൊണ്ട് ഞാറ്റില അസാധാരണമാകുന്നു. നോവൽ വായന സിനിമാക്കാഴ്ചയാകുന്നു. ഞാറ്റിലയിലെ അതിജീവനഘടകം യാഥാർഥ്യത്താൽ നിർമിതമായ സൗന്ദര്യലഹരിയാണ്. ജീവിക്കാനുള്ള വെമ്പലാണ് അവരെ കഞ്ചാവിലേക്കെത്തിക്കുന്നത്. ആ സംഭ്രമമാണ് ഞാറ്റിലയുടെ പ്രാണൻ. ഈ ഉത്കടമായ ഉത്കണ്ഠയും യാഥാർഥ്യബോധവും ഞാറ്റിലയെ നാർക്കോസിനു മുകളിൽ നിർത്തുന്നു.
ഞാറ്റിലയിൽ അതിജീവനം പതിയെ അഭിവൃദ്ധിയായി രൂപാന്തരപ്പെടുന്നു. ഗ്രാമത്തിലേക്ക് വൈദ്യുതിയെത്തുന്നു, അലക്സിയുടെ കയ്യിൽ സ്വർണനിറമുള്ള എച്ച്എംടി വാച്ച് വരുന്നു, പൈലിക്ക് രണ്ടേക്കർ സ്ഥലവും ജീപ്പും നൽകുന്നു. ലഹരിയിലൂടെയുള്ള ഈ കവിഞ്ഞുജീവിതം നമ്മുടെ ചരിത്രം വേണ്ടവിധത്തിൽ ചർച്ചചെയ്യാതെപോയ ഒരേടു കൂടിയാണ്. എൺപതുകളിലെ ഇടുക്കി മുഴുവൻ കഞ്ചാവുതോട്ടങ്ങൾ നിറഞ്ഞിരുന്ന ഇടമല്ല. എന്നാൽ ചിലരെങ്കിലും ഗതികെട്ട് ഈ സാഹസത്തിനു മുതിർന്നു. അത് നമ്മൾ മറന്നതാണ്. സുഖമില്ലാത്ത കാര്യങ്ങളെ ചരിത്രത്തിൽനിന്നും ഇറക്കിവിടുക എന്നത് കാലാകാലങ്ങളായുള്ള ശീലമാണ്. അന്നത്തെ ഇടുക്കിയിൽ പലയിടത്തുമുണ്ടായിരുന്ന ലഹരി വിളയിച്ചിരുന്ന കാലത്തെക്കുറിച്ചും ഇതേ മറവി ചരിത്രത്തിൽ കാണാം. അക്കാലത്തെക്കുറിച്ച് പറഞ്ഞുപോകുന്നതിൽ മറ വേണമെന്ന ധാരണ ചിലർക്കെങ്കിലും ഉണ്ട്. മറയാണ് മറവി. കഞ്ചാവിനെക്കുറിച്ച് എഴുതുന്നത് ലഹരിയെ വാഴ്ത്താനാണ് എന്ന വിചാരമാകാം അതിന്റെ പിന്നിൽ.
ആ ധാരണ വെറും അബദ്ധമാണ് എന്ന് ഞാറ്റിലയിലൂടെ ഷെല്ലി പറയുന്നു. “പോയി… ഈ കാറ്റത്ത് മുരുക്കില് കൊടിവേര് നിക്കില്ല… അല്ലേത്തന്നെ കരിഞ്ഞുനിക്കുവാ… ഇനി എന്നാ ചെയ്യും കർത്താവേ” എന്ന മാണിയുടെ ആത്മഗതം. “മോടെ കല്ല്യാണത്തിനു മുന്നേ പെര പണിയണോന്നോർത്താ മൊളകെല്ലാം വിറ്റേ. ഇപ്പോ പെര തീർന്നുമില്ല. കൊടി പോകേം ചെയ്തു” എന്ന നാറാണപിള്ളയുടെ പരിതാപം. ദാരിദ്ര്യം വന്ന് പ്രാണനിൽ ശവക്കച്ച മൂടുംമുൻപ് പത്തിരട്ടി ലാഭമുള്ള കഞ്ചാവ് കൃഷിയുമായി ഈശോ അവതരിക്കുന്നു. ഈശോ അവർക്ക് ഉയിർപ്പാകുന്നു. ഈശോയുടെ അവതാരമാണ് ഞാറ്റിലയുടെ ആരംഭം. ഇവിടെ വാഴ്ത്തപ്പെടുന്നത് ലഹരിയല്ല, ജീവിതത്വരയാണ്. ജീവിതം വഴിമുട്ടുമ്പോൾ മനുഷ്യൻ ഏതറ്റം വരെയും പോകും എന്ന സാമാന്യസത്യമാണ്.
ക്രമേണ ഇരട്ടിക്കിരട്ടി ലാഭം വന്നപ്പോൾ അതിജീവനം മറക്കുന്നു. പകയൊരുക്കുന്നു. ഒറ്റുകാരുണ്ടാകുന്നു. അധികാരമുണ്ടാകുന്നു. അധികാരം ജനങ്ങളെ പീഢിപ്പിക്കുന്നതിന്റെ ചരിത്രമാണ് മനുഷ്യചരിത്രം. ആ ചരിത്രത്തിന്റെ ഏടാണ് തങ്കമണി സംഭവം. തേർവാഴ്ചയെ കുതന്ത്രം കൊണ്ട് പകവീട്ടലിന് ഉപയോഗിക്കുന്നു. ജീവനെടുക്കുന്നു. കിനാവുണങ്ങുന്നു. പാപികളുടെ ഇഹലോകത്തു തന്നെ ചിലർ ജീവന്റെ നീതിസാരം അറിയുന്നു.
പാപത്തിന്റെ ശമ്പളം മരണമാണെന്നത് വചനവും സത്യവുമാണ്. എന്നാൽ ആ പാപത്തിലേക്ക് ഒരു ജനത എത്തുന്നത് നിവൃത്തികേടുകൊണ്ടുകൂടിയാണ് എന്നത് സത്യത്തിന്റെ മറുപുറം ആണ്. ഞാറ്റിലയിൽ ആ മറുപുറം നമ്മുടെ കുടിയേറ്റ ചരിത്രത്തിന്റെ കൂടി മറുകരയാകുന്നു. ഒരുപക്ഷേ ചരിത്രത്തിന്റെ വീണ്ടെടുപ്പാകുന്നു. തങ്കമണിസംഭവവും കേരളത്തിന്റെ എൺപതുകളുടെ രാഷ്ട്രീയചിത്രവും അലക്സിയുടെ ഒറ്റവരിയിലോടുന്ന തീവണ്ടിപോലുള്ള പ്രണയവും പ്രണയഭംഗവുമെല്ലാം മിന്നിമറഞ്ഞു വരുമ്പോഴും ഞാറ്റിലയുടെ ആത്മാവ് കുടികൊള്ളുന്നത് ചരിത്രത്തിന്റെ വീണ്ടെടുപ്പിലും പ്രമേയത്തിന്റെ പുതുമയിലുമാണ്.
ചരിത്രവും ഇതിവൃത്തവും ചേർന്ന് ജീവനിൽ കര കവിയുന്ന അതിജീവനത്തിന്റെ കടലായി ഞാറ്റില ഇരമ്പുന്നു. കഥാവസ്തുവിന്റേയും കാലചരിതത്തിന്റേയും നിശ്ചിതത്വത്തിൽനിന്നും ഉതറിമാറുന്ന ഞാറ്റിലയ്ക്ക് മലയാള നോവൽ സംസ്കാരത്തെ പുതുക്കാനുള്ള കെൽപ്പുണ്ട്. രക്തമാംസങ്ങളാൽ നിർമിതമായ അസ്ഥിബലമുള്ള എഴുത്തിലൂടെ ജീവനിടുന്ന ഇതുവരെ കാണാത്ത ഞാറ്റിലപ്പകർച്ച അതിന്റെ സാക്ഷ്യമാണ്.
ഞാറ്റില
ഷെല്ലി മാത്യു
ഡീ സീ അപ്മാർക്കറ്റ് ഫിക്ഷൻ