നിന്റെ ശേഷിക്കുന്ന സമയം നീയെന്തു ചെയ്യും?
എനിക്ക് പുസ്തകങ്ങളെപ്പറ്റി സംസാരിക്കാൻ വലിയ താൽപര്യമാണ്. ജീവിതത്തിൽ പക്ഷേ, അതിനായി തീരെ കുറച്ച് സമയമേ കിട്ടാറുള്ളു. നമുക്കെല്ലാം വേറെ ഒരുപാടു കാര്യങ്ങൾ ഉണ്ടല്ലോ. എങ്കിലും വായനയും സംസാരവും - രണ്ടും നല്ല സിദ്ധികളാണ്. ആദ്യത്തേത് ഒഴിവുനേരങ്ങളിൽ തനിച്ചിരുപ്പുകളിൽ മറ്റാരുടെയും പിന്തുണയോ നോട്ടമോ
എനിക്ക് പുസ്തകങ്ങളെപ്പറ്റി സംസാരിക്കാൻ വലിയ താൽപര്യമാണ്. ജീവിതത്തിൽ പക്ഷേ, അതിനായി തീരെ കുറച്ച് സമയമേ കിട്ടാറുള്ളു. നമുക്കെല്ലാം വേറെ ഒരുപാടു കാര്യങ്ങൾ ഉണ്ടല്ലോ. എങ്കിലും വായനയും സംസാരവും - രണ്ടും നല്ല സിദ്ധികളാണ്. ആദ്യത്തേത് ഒഴിവുനേരങ്ങളിൽ തനിച്ചിരുപ്പുകളിൽ മറ്റാരുടെയും പിന്തുണയോ നോട്ടമോ
എനിക്ക് പുസ്തകങ്ങളെപ്പറ്റി സംസാരിക്കാൻ വലിയ താൽപര്യമാണ്. ജീവിതത്തിൽ പക്ഷേ, അതിനായി തീരെ കുറച്ച് സമയമേ കിട്ടാറുള്ളു. നമുക്കെല്ലാം വേറെ ഒരുപാടു കാര്യങ്ങൾ ഉണ്ടല്ലോ. എങ്കിലും വായനയും സംസാരവും - രണ്ടും നല്ല സിദ്ധികളാണ്. ആദ്യത്തേത് ഒഴിവുനേരങ്ങളിൽ തനിച്ചിരുപ്പുകളിൽ മറ്റാരുടെയും പിന്തുണയോ നോട്ടമോ
എനിക്ക് പുസ്തകങ്ങളെപ്പറ്റി സംസാരിക്കാൻ വലിയ താൽപര്യമാണ്. ജീവിതത്തിൽ പക്ഷേ, അതിനായി തീരെ കുറച്ച് സമയമേ കിട്ടാറുള്ളു. നമുക്കെല്ലാം വേറെ ഒരുപാടു കാര്യങ്ങൾ ഉണ്ടല്ലോ. എങ്കിലും വായനയും സംസാരവും - രണ്ടും നല്ല സിദ്ധികളാണ്.
ആദ്യത്തേത് ഒഴിവുനേരങ്ങളിൽ തനിച്ചിരുപ്പുകളിൽ മറ്റാരുടെയും പിന്തുണയോ നോട്ടമോ ഇല്ലാതെ കഴിഞ്ഞുപോകും. ആ അനുഭുതി തലത്തിൽനിന്നു പുറത്തുവന്നാൽ, പിന്നിട്ട ഏകാന്തതയുടെ സുഖത്തെ ഒരു സംസാരമായി പരിവർത്തനം ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നു. പുസ്തകത്തെപ്പറ്റി സംസാരിക്കാൻ ഒരു മനുഷ്യനെ തിരയുന്നു. പുസ്തകം എഴുതുന്നതിനെക്കാൾ സർഗാത്മകമാണു പുസ്തകസംസാരങ്ങൾ.ആ സമയം ഏറ്റവും മോഹനകരമാകും. ഇംഗ്ലിഷ് കവികളായ വേഡ്സ്‌വർത്തും കോളിറിജും നല്ല സ്നേഹിതരായിരുന്നു. റൊമാന്റിക് പൊയട്രിക്ക് ഒരു മാനിഫെസ്റ്റോ വേണമെന്നു തോന്നിയപ്പോൾ അവർ ഒരുമിച്ചാണ് അത് എഴുതിയത്. പലപ്പോഴും വേഡ്സ്‌വർത്തിനെക്കാൾ പ്രതിഭാശക്തിയുള്ള കവിയായിരുന്നു കോളിറിജ്. എന്നിട്ടും വേഡ്സ്‌വർത്ത് എഴുതിയതിന്റെ നാലിലൊന്നു പോലും കവിത അയാൾ എഴുതിയില്ല. എന്തെടുക്കുകയായിരുന്നു കവി?
അയാൾ വേഡ്സ്‌വർത്തിന്റെ വീട്ടിൽ സംസാരത്തിനു നടുവിലായിരുന്നു ഏറെനേരവും. സഹൃദരായ സുഹൃത്തുക്കൾ അവിടെ പോകുകയും കോളിറിജിന്റെ ചുറ്റുമിരുന്ന് അയാളുടെ സംസാരം കേൾക്കുകയും ചെയ്തിരുന്നു. താൻ വായിച്ചതിനെപ്പറ്റിയും താനെഴുതാൻ പോകുന്നതിനെക്കുറിച്ചും അയാൾ മണിക്കൂറുകളോളം സംസാരിച്ചു. പക്ഷേ എഴുതുമെന്ന് പറഞ്ഞതൊന്നും അയാൾ ഒരിക്കലും എഴുതിയില്ല. കവിതയെഴുതാൻ മറന്ന്, എന്നാൽ കവിതയെക്കുറിച്ചുമാത്രം സംസാരിച്ച് കാലംകഴിച്ചു. സത്യത്തിൽ അയാൾ വേഡ്സ്‌വർത്തിന്റെ സഹോദരിയുമായി പ്രേമത്തിലായിരുന്നു. ആ പെണ്ണ് അയാൾ സംസാരം കേട്ടു. പ്രേമം എടുത്തില്ല. തിരിച്ചുകിട്ടാത്ത പ്രേമത്തിനു സമീപമിരുന്ന് തീരാത്ത സംസാരവുമായി കവി ജീവിച്ചുതീർന്നുപോയി.
അച്ചടിച്ച വാക്കുകൾ താരതമ്യേന ദുർബലമാണ്. അതിനു സംഗീതത്തോടോ സിനിമയോടോ നർത്തനത്തോടോ മൽസരിച്ചുജയിക്കാനാവില്ല. ഇതിനർത്ഥം വാക്കിന് ഒന്നും ചെയ്യാനാവില്ല എന്നല്ല. സൂക്ഷ്മതലത്തിലാണു വാക്കുകൾ മഹാശക്തിയാകുന്നത്. കൈവെള്ളയിലെ വൈറസ് ലോകത്തെ മുഴുവനും രോഗിയാക്കുമെങ്കിലും സോപ്പിട്ടുകഴുകിയാൽ അത് നശിച്ചു പോകും, അത്ര ദുർബലമാണത്. സംസാരിക്കാൻ ആരെയും കിട്ടുന്നില്ലെങ്കിലും വായന സ്വകാര്യമായി, നിശ്ശബ്ദമായി തുടരുന്നു. അതിന്റെ അതിജീവനശേഷി അദ്ഭുതകരമാണ്. പുസ്തകം എഴുതിയിട്ടു സ്ഥലം വിട്ട എഴുത്തുകാർ തനിക്ക്ശേഷം ആ വാക്കുകൾ സ്വന്തം നിലയിൽ അതിജീവിക്കുന്നത് കണ്ട് ചിലപ്പോൾ അമ്പരന്നേക്കാം.
മിക്കവാറും എഴുത്തുകാർ മറ്റൊന്നും ചെയ്യുന്നില്ല, സ്വന്തം മുറിയിൽ ഇരുന്ന് പഴയ കാലം ഓർമ്മിക്കുകയല്ലാതെ. ഇക്കാരണം കൊണ്ടാണ് കുട്ടിക്കാലത്തെ പറ്റി ഇത്രയധികം പുസ്തകങ്ങൾ ഉണ്ടായതെന്ന് അമേരിക്കൻ എഴുത്തുകാരിയായ ആനി ഡിലാർ പറയുന്നു. എഴുത്തുകാർക്ക് ജീവിതം സംബന്ധിച്ച് ഒന്നാംതരം അറിവു കുട്ടിക്കാലത്തുനിന്നാണു വരുന്നത്. ബാല്യകാല സുഹൃത്തുക്കൾ ആരും ഇപ്പോൾ ഒപ്പമില്ലെങ്കിലും ബാല്യകാലം അവരിൽനിന്ന് ഊർന്നുപോകുന്നില്ല.
വായനക്കാർ സ്വന്തം ജീവിതത്തോട് സത്യസന്ധതയിൽ ഉറച്ചുനിന്ന് മുന്നോട്ടുപോകണം. ഏതൊരു വായനക്കാരിയും ഒരു “വർക്ക് ഓഫ് ജീനിയസ്” ആണു തിരയുന്നത്. അല്ലെങ്കിൽ അയാൾക്ക് അതാണു കൊടുക്കേണ്ടത്. അതുകൊണ്ട് ഒരു എഴുത്താൾ ഒരിക്കൽ താൻ ഒരു വർക്ക് ഓഫ് ജീനിയസ് ചെയ്യുമെന്ന് തീരുമാനമെടുക്കുകയും അതിനു വേണ്ടി നിരന്തരം പണിയെടുക്കുകയും വേണം. ഇതിനായി മെക്സിക്കൻ എഴുത്തുകാരൻ സെർഗിയോ പിറ്റോൾ നൽകുന്ന നിർദ്ദേശങ്ങൾ ഇവയാണ്:
തുടക്കം മുതൽ അയാൾ തന്നിലെ സർഗ്ഗ ചേതനയോടു വിശ്വസ്തയാകണം. ഭാഷയോട് ഉയർന്ന ബഹുമാനം വേണം, അതിനെ ജീവസുറ്റതായി നിലനിർത്തണം, നവീകരിക്കാൻ ശ്രമിക്കണം, കഴിയുമെങ്കിൽ.
ഒരു ചവറ് പുസ്തകം, സ്ഥൂലമായ ഒരു ഭാവന ഏതൊരു എഴുത്താളിന്റെയും ദുർവിധിയാണ്. വലിയ എഴുത്തുകാർ പോലും ആദ്യമൊക്കെ തല്ലിപ്പൊളി രചനകൾ ചെയ്യാറുണ്ട്. അവർ നന്നായി അദ്ധ്വാനിച്ചു തങ്ങൾ വരുത്തിവച്ച സാംസ്കാരികശോഷണം പിന്നീടു തിരുത്തിയിട്ടുമുണ്ട്. ചീത്തകവിതകൾ എഴുതിയാണു സെർവ്വാന്റസിന്റെ തുടക്കം. ഒടുക്കം ഡോൺ കിഹോത്തേ സംഭവിച്ചു. തുടർന്നു സ്പാനിഷ് സാഹിത്യം ഡോൺ മാത്രം ആശ്രയിച്ചാണു വളർന്നത്.
ഇത്തരത്തിൽ പ്രതിഭാപൂർണ്ണമായ കലയ്ക്കുവേണ്ടി അദ്ധ്വാനിക്കുകയും കലയുടെ കാര്യത്തിൽ മാത്രം വിട്ടുവീഴ്ചയ്ക്കു വഴങ്ങാതെ ജീവിക്കുകയും ചെയ്തവരുടെ കാലം അസ്തമിച്ചുപോയെന്നാണോ നിങ്ങൾ കരുതുന്നത്? ഉന്നതനിലവാരത്തിന്റെ കാര്യത്തിൽ മാത്രം കർക്കശക്കാരായ റീഡർ ഇന്നും ഉണ്ട്. സെർഗിയോ പിറ്റോൾ, ഇത്തരം വായനക്കാർക്കായി ആന്റൺ ചെക്കോവ് സ്വയം നവീകരിച്ചതിനെപ്പറ്റി എഴുതി. ചെക്കോവ് ആദ്യകാലത്ത് കുറെ ട്രാഷ്‌എഴുതിക്കൂട്ടി. അയാൾക്ക് കുടുംബം നോക്കാൻപണംവേണമായിരുന്നു. പിന്നീട് തമാശക്കഥ പറയുന്നതുമാത്രമല്ല സാഹിത്യമെഴുത്ത് എന്ന് ചെക്കോവ് തിരിച്ചറിഞ്ഞു. അങ്ങനെയാണ് നമ്മുടെ ‘സമകാലീകനായ’ ചെക്കോവ് ഉണ്ടായത്.
ഇന്ന് സന്ധ്യയ്ക്ക് നീ മരിക്കാൻ പോകുന്നു എന്ന് ഒരാൾ എന്നോട് പറയുന്നു. ശേഷിക്കുന്ന സമയം നീയെന്തു ചെയ്യും? ഇങ്ങനെയാണു പലസ്തീൻ കവി മഹ്മൂദ് ദർവീശ് ഒരു കവിത ആരംഭിക്കുന്നത്. ദർവീശിന്റെ ഉത്തരം:
“ഞാൻ വാച്ചിൽ നോക്കും. ഒരു ഗ്ലാസ് പഴനീരു കുടിക്കും. ഒരു ആപ്പിൾ തിന്നും. അന്നത്തെ തീറ്റയുമായി ഒരു ഉറുമ്പു പോകുന്നതു നോക്കി അങ്ങനെയിരിക്കും. ഷേവ് ചെയ്യാനും കുളിക്കാനും കൂടി സമയമുണ്ട്. അതു ചെയ്തിട്ട് കവി എഴുതാനിരിക്കും. എഴുതാനിരിക്കുമ്പോൾ നല്ല വേഷമായിരിക്കണം. നീല നിറമുള്ള ഒരുടുപ്പിട്ട് എഴുത്തുമേസയ്ക്കു മുന്നിലിരുന്ന് ഉച്ച വരെ എഴുതും. പിന്നെ അവസാനനേരത്തേക്കുള്ള ഭക്ഷണം ഒരുക്കും. 2 ഗ്ലാസിൽ വൈൻ പകരും . അപ്രതീഷിതമായി എത്തുന്ന ഒരു അതിഥിക്കു വേണ്ടിയാണു രണ്ടാമത്തേ ഗ്ലാസ്.
രണ്ടുസ്വപ്നങ്ങൾക്കിടയിൽ ഞാൻ ഉറങ്ങിപ്പോകുമ്പോൾ എന്റെ കൂർക്കംവലി കേട്ടു ഞാനുണർന്നു പോകും. എന്നിട്ടു ഞാൻ വാച്ചിൽ നോക്കും വായിക്കാൻ നേരമുണ്ടല്ലോ. ഡാന്റെയുടെ ഒരു കാന്റോ ഞാൻ വായിക്കും അല്ലെങ്കിൽ മുഅല്ലഖാത്തിൽനിന്ന് പകുതി.
ഞാൻ തലമുടി ചീകും കവിത കുപ്പയിലിടും ഇറ്റലിയിൽനിന്ന് കൊണ്ടുവന്ന പുതിയ ഷർട്ട് ഇടും. സ്പാനിഷ് വയലിനുകളുടെ അകമ്പടിയോടെ ഞാൻ അന്ത്യയാത്രാമൊഴി പറയും..
എന്നിട്ട് കുഴിമാടത്തിലേക്ക് നടന്നുപോകും..”
ഈ കവിതയ്ക്കുശേഷം എനിക്ക് ഒരു ചോദ്യം തോന്നി - നിന്റെ ശേഷിക്കുന്ന സമയം നീയെന്തുചെയ്യും? വായിച്ച പുസ്തകം പങ്കിടാൻ സംസാരത്തിന് ഒരാളെ നീ കണ്ടുപിടിച്ചോ?
നീ വായിച്ചത് എന്നോടു സംസാരിക്കുമ്പോൾ മാത്രമേ നിന്റെ വായന സർഗ്ഗാത്മം ആകുകയുള്ളു. ഒരു വർക്ക് ഓഫ് ജീനിയസ് നീ വായിക്കുകയും പുസ്തകസംസാരം ഉണ്ടാകുകയും ചെയ്യുന്ന ദിവസം ഞാൻ പ്രതീക്ഷിക്കുന്നു. ആ സമയം എങ്ങനെ ചെലവഴിക്കുമെന്നത് ഒരു വേവലാതി ഇല്ല. എന്റെ വായന എന്റെ മൗനമാണ്. നീ വരുമ്പോൾ, അതുവരെ വായിച്ച വാക്കുകൾ എന്റെ സംസാരമാകും. സ്വരം വാക്കിനെ ദുർബലതയിൽനിന്ന് മോചിപ്പിക്കും. ഞാൻ എത്ര മാറിയിക്കുന്നുവെന്ന് എന്റെ സംസാരം നിന്നോടു പറയും.