അമ്മയല്ല മകൾ തന്നെ; എട്ടാം മാസത്തിൽ ഉപേക്ഷിച്ച് പുഴയിലേക്കു നടന്നുപോയ അമ്മേ, മകൾ എന്നല്ലാതെ മറ്റെന്തു ഞാൻ വിളിക്കും
യുവർ ലിറ്റിൽ മാറ്റർ എന്ന പേരിൽ നാലു വർഷം മുമ്പ് ഇറ്റലിയിൽ പ്രസിദ്ധീകരിച്ച പുസ്തകം എഴുതിയത് മരിയ ആണ്. എട്ടാമത്തെ മാസം തന്നെ ഉപേക്ഷിച്ച അമ്മയെക്കുറിച്ച്. മാസങ്ങളോളം ബെസ്റ്റ് സെല്ലറായി തുടർന്ന പുസ്തകം ഇപ്പോൾ ഇംഗ്ലിഷിലേക്കു മൊഴിമാറ്റി.
യുവർ ലിറ്റിൽ മാറ്റർ എന്ന പേരിൽ നാലു വർഷം മുമ്പ് ഇറ്റലിയിൽ പ്രസിദ്ധീകരിച്ച പുസ്തകം എഴുതിയത് മരിയ ആണ്. എട്ടാമത്തെ മാസം തന്നെ ഉപേക്ഷിച്ച അമ്മയെക്കുറിച്ച്. മാസങ്ങളോളം ബെസ്റ്റ് സെല്ലറായി തുടർന്ന പുസ്തകം ഇപ്പോൾ ഇംഗ്ലിഷിലേക്കു മൊഴിമാറ്റി.
യുവർ ലിറ്റിൽ മാറ്റർ എന്ന പേരിൽ നാലു വർഷം മുമ്പ് ഇറ്റലിയിൽ പ്രസിദ്ധീകരിച്ച പുസ്തകം എഴുതിയത് മരിയ ആണ്. എട്ടാമത്തെ മാസം തന്നെ ഉപേക്ഷിച്ച അമ്മയെക്കുറിച്ച്. മാസങ്ങളോളം ബെസ്റ്റ് സെല്ലറായി തുടർന്ന പുസ്തകം ഇപ്പോൾ ഇംഗ്ലിഷിലേക്കു മൊഴിമാറ്റി.
1965ലെ ജൂൺ മാസം. 8 മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ ബ്ലാങ്കറ്റിൽ പൊതിഞ്ഞ് റോമിലെ പൂന്തോട്ടത്തിൽ ഉപേക്ഷിച്ച് പെട്ടെന്നു നടന്നുപോകുന്ന യുവതി. ഏതാനും നിമിഷങ്ങൾക്കകം ഒരു വഴിപോക്കൻ കുട്ടിയെ കാണുന്നു. ഇങ്ങനെയുള്ള അവസരങ്ങളിൽ സാധാരണ കാണുന്ന കുറിപ്പോ കത്തോ ഒന്നും കുഞ്ഞിനൊപ്പം ഇല്ലായിരുന്നു. പേര് എഴുതിയ ഒരു പേപ്പർ കഷണം പോലും കിട്ടിയില്ല. അന്നു വൈകിട്ടു വരെ കുട്ടിയെ തേടി ആരും വരാതിരുന്നതോടെ തൊട്ടടുത്തുള്ള മഠത്തിലെ കന്യാസ്ത്രീകളെ ഏൽപ്പിച്ചു. മൂന്നാം ദിവസം ടൈബർ നദിയിലൂടെ ഒഴുകിനടന്ന മൃതദേഹം ആ കുഞ്ഞിന്റെ അമ്മയുടേതായിരുന്നു. മരിക്കും മുമ്പ് യുവതി പത്രമോഫിസുകളിലേക്ക് ഒരു കത്തയച്ചിരുന്നു. ജീവിതത്തിൽ തന്റെ തീരുമാനങ്ങൾ തെറ്റിപ്പോയതിനെക്കുറിച്ചും ജീവിതം അവസാനിപ്പിക്കുന്നതിനെക്കുറിച്ചും അറിയിച്ചുകൊണ്ട്. കൈ കൊണ്ട് എഴുതിയ ആ കത്തിൽ നിന്നാണ് കുഞ്ഞിന്റെ ജനനത്തീയതിയും പേരും കണ്ടെത്തിയത്.
ദയനീയമായ സാഹചര്യത്തിൽ എന്റെ കുഞ്ഞിനെ നിങ്ങളുടെയെല്ലാം കൈയ്യിൽ ഏൽപ്പിക്കുകയല്ലാതെ എനിക്കു മറ്റൊരു മാർഗവുമില്ല. ഒറ്റയ്ക്കല്ല ഞാൻ പോകുന്നത്. മരണം കൊണ്ട് മറുപടി പറയാൻ സുഹൃത്തും എനിക്കൊപ്പമുണ്ട്. തെറ്റോ ശരിയോ എന്നൊന്നും അറിയില്ല. ഗ്രെക്കോ എന്ന ലൂസിയ ഗലാൻ ആണ് ആ കത്ത് എഴുതിയത്. കത്തിൽ സുഹൃത്ത് എന്ന് ലൂസിയ വിശേഷിപ്പിച്ചയാളാണ് കുട്ടിയുടെ അച്ഛൻ എന്ന് അനുമാനിക്കാം. ഒരാഴ്ചയ്ക്കു ശേഷം പുഴയിൽ ഒരു അനാഥ ശവം കൂടി ഒഴുകിനടന്നു. വർഷങ്ങളോളം, അമ്മയെക്കുറിച്ചും ജനനത്തെക്കുറിച്ചും ഇത്ര വിവരങ്ങൾ മാത്രമേ മരിയ ഗ്രേസിയ കലണ്ഡ്രോണിന് അറിയാമായിരുന്നുള്ളൂ. കൂടുതൽ അറിയാൻ ശ്രമിച്ചതുമില്ല.
അമ്മ എനിക്ക് അവ്യക്തമായ ഒരു രൂപം മാത്രമായിരുന്നു. സ്നേഹത്തിന്റേതായിരുന്നില്ല. മറ്റേതോ ജീവിതത്തിന്റെ ഭാഗം– മരിയ പറയുന്നു, എഴുതുന്നു. ഇപ്പോൾ 60 വയസ്സുണ്ട് അന്ന് പൂന്തോട്ടത്തിൽ ഉപേക്ഷിക്കപ്പെട്ട പെൺകുഞ്ഞിന്. അമ്മയെക്കുറിച്ച് അറിയാൻ ആഗ്രഹിക്കാത്തതുപോലെ തന്നെ എഴുതാനും മരിയ തയാറായില്ല; ഇറ്റലിയിലെ അറിയപ്പെടുന്ന കവിയായിട്ടും. എന്നാൽ, വർഷങ്ങൾ പോകെ, അമ്മ അനുഭവിച്ച കഷ്ടപ്പാടിനെക്കുറിച്ച് വെളിപാട് ഉണ്ടായി. ഒറ്റപ്പെട്ട അനുഭവമല്ല അതെന്ന് തിരിച്ചറിവുണ്ടായി.അതായിരുന്നു വഴിത്തിരിവ്. 'യുവർ ലിറ്റിൽ മാറ്റർ' എന്ന പേരിൽ നാലു വർഷം മുമ്പ് ഇറ്റലിയിൽ പ്രസിദ്ധീകരിച്ച പുസ്തകം എഴുതിയത് മരിയ ആണ്. എട്ടാമത്തെ മാസം തന്നെ ഉപേക്ഷിച്ച അമ്മയെക്കുറിച്ച്. മാസങ്ങളോളം ബെസ്റ്റ് സെല്ലറായി തുടർന്ന പുസ്തകം ഇപ്പോൾ ഇംഗ്ലിഷിലേക്കു മൊഴിമാറ്റി. ഇറ്റലിക്കു പുറത്തുള്ള ലോകത്തിലേക്ക് തന്റെ കുഞ്ഞിക്കാൽ വച്ചു മരിയ നടക്കാൻ പഠിച്ചതുപോലെ.
മരിയയുടെ അനുഭവത്തിന്റെ തീവ്രത കൊണ്ടു മാത്രമല്ല പുസ്തകം ഒട്ടേറെപ്പേർ വായിച്ചത്. പലരും മരിയയ്ക്ക് കത്തെഴുതി; ജീവിതത്തിന്റെ പല ഘട്ടങ്ങളിൽ കണ്ട അസന്തുഷ്ടകളായ സ്ത്രീകളെക്കുറിച്ച്. കഷ്ടപ്പാടും ദുരന്തവും മാത്രം ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ടവരെക്കുറിച്ച്. ജീവിതം ഒരിക്കൽപ്പോലും അവരെ നോക്കി പുഞ്ചിരിച്ചുപോലുമില്ല. പകരം ആട്ടിയകറ്റുകയായിരുന്നു. പുഴയുടെ ആഴങ്ങളിലേക്കും ഒരു മുഴം കയറിലേക്കും ട്രെയിനിനു മുന്നിലേക്കും..
ഇറ്റാലിയൻ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവും അധ്യാപികയായ ഭാര്യയുമാണ് മരിയയെ ദത്തെടുത്തത്. രണ്ടാനമ്മയിൽ നിന്ന് നല്ലതും ചീത്തയുമായ അനുഭവങ്ങൾ മരിയയ്ക്ക് നേരിടേണ്ടിവന്നിട്ടുണ്ട്. അവരെക്കുറിച്ച് ഒരു ദീർഘ കവിത തന്നെ എഴുതിയിട്ടുമുണ്ട്. എന്തൊക്കെ ചീത്ത അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ആ സ്ത്രീയാണ് തന്നെ എഴുത്തിന്റെ ലോകത്തേക്ക് ധൈര്യപൂർവം നടത്തിച്ചതെന്ന് മരിയ സാക്ഷ്യപ്പെടുത്തുന്നു; സ്നേഹം കലർന്ന കടപ്പാടോടു കൂടി.
മരിയ പഠിച്ചു വളർന്ന് അധ്യാപികയായി. രണ്ടു മക്കളുടെ അമ്മയായി. കവിതയ്ക്ക് പുരസ്കാരം നേടിയ എഴുത്തുകാരിയായി. മരിയയെക്കുറിച്ച് കേട്ട ചിലർ വിളിച്ചു; അകാലത്തിൽ ജീവനൊടുക്കിയ അമ്മയെക്കുറിച്ച് അറിയാമെന്നും കൂടുതൽ വിവരങ്ങൾ പങ്കുവയ്ക്കാമെന്നും അറിയിച്ചുകൊണ്ട്. എന്നാൽ, അവരെയൊന്നും പ്രോത്സാഹിപ്പിച്ചില്ല. ആ പുസ്തകം ഇനിയൊരിക്കലും തുറക്കില്ല എന്നാണ് മരിയ തീരുമാനിച്ചത്. എന്നാൽ, ജീവിതത്തിലെ ഒരു ഘട്ടത്തിൽ ആ തീരുമാനം മാറ്റി അമ്മയെ തിരക്കിയിറങ്ങി. ആ യാത്രയാണ് യുവർ ലിറ്റിൽ മാറ്റർ എന്ന ഹൃദയഭേദകമായ പുസ്തകം.
മരിയയുടെ പ്രധാന പ്രവർത്തന മേഖല സാമൂഹിക പ്രവർത്തനമാണ്. സ്കൂളുകളിലും ജയിലിലും ക്ലാസ് എടുക്കാൻ പോകാറുണ്ട്. ജീവിതത്തിൽ സർഗാത്കമായ മാറ്റം വരുത്താനുള്ള കവിതയുടെ ശക്തിയിൽ ഉറച്ചുവിശ്വസിക്കുന്ന വ്യക്തിയാണ്. എഴുതിയ ഒരു പൂസ്തകം പൂർണമായും കാണാതായ മനുഷ്യരെക്കുറിച്ചുള്ളതാണ്. കൗമാരത്തിലെത്തിയ മകൾ അന്നയ്ക്കൊപ്പമാണ് മരിയ അമ്മയുടെ ജൻമദേശത്തേക്കു പോയത്. വേരുകളിലേക്കും. അമ്മയെ പരിചയമുണ്ടായിരുന്ന പലരും പറഞ്ഞ കഥകളിൽ നിന്ന് വ്യത്യസ്തമായ ഒരു ചിത്രം മരിയ കണ്ടെടുത്തു; അവഗണിക്കപ്പെട്ട, അനീതിക്ക് ഇരയായ, ജീവതത്തിൽ തോറ്റുപോയ ഒരു യുവതിയുടെ പരിതാപകരമായ ചിത്രം. വിസ്മരിക്കപ്പെട്ട ചരിത്രം.
മരിയയുടെ അമ്മ ലൂസിയ ജനിക്കുമ്പോൾ ഇറ്റലിയുടെ ഭരണാധികാരി മുസ്സോളിനി ആയിരുന്നു. യുദ്ധാനന്തരം ദാരിദ്ര്യവും കഷ്ടപ്പടുകളും പിടിമുറുക്കിയ പ്രദേശത്താണു ജനിച്ചതും വളർന്നതും. ലൂസിയയുടെ സ്കൂൾ കാലത്തെ ചിത്രങ്ങൾ സൂക്ഷിച്ചുവച്ച സുഹൃത്തുക്കളെ മരിയ കണ്ടു. ഇഛാശക്തിയുള്ള, ദൃഢനിശ്ചയമുള്ള, മിടുക്കിയായ പെൺകുട്ടിയുടെ ചിത്രം. കൗമാരത്തിൽ ലൂസിയ ഒരു യുവാവിനെ സ്നേഹിച്ചിരുന്നു. എന്നാൽ, ദരിദ്രനായ യുവാവുമായുള്ള ബന്ധം പിതാവ് എതിർത്തു. സാമ്പത്തികമായി പ്രതീക്ഷയുള്ള മറ്റൊരു യുവാവുമായി വിവാഹം ഉറപ്പിച്ചു. കല്യാണ ദിവസം പോലും സന്തുഷ്ടയല്ലാത്ത ലൂസിയയുടെ ചിത്രം അദ്ഭുതത്തോടെ മരിയ കണ്ടു.
ഈ ഭൂമിയിലെ എന്റെ അമ്മയുടെ അവശിഷ്ട ഗന്ധം കൂടി തുടച്ചുമാറ്റാനാണ് ഞാൻ ഈ പുസ്തകം എഴുതുന്നത്: മരിയ ആദ്യ വരി എഴുതി. വിവാഹത്തോടെ ലൂസിയയുടെ ജീവിതം ദുരിതപൂർണമായി. എത്ര കഠിനമായി അധ്വാനിച്ചാലും ഭക്ഷണം പോലും ലഭിക്കാത്ത സാഹചര്യം. എന്നാൽ ഗിസപ്പെ എന്ന എൻജീനീയർ ആ നാട്ടിൽ വന്നതോടെ സ്ഥിതിഗതികൾ ആകെപ്പാടെ മാറി. അയാളുമായി ലൂസിയ പ്രണയത്തിലായി. വിലക്കപ്പെട്ട ബന്ധത്തിന്റെ മാധുര്യവും രഹസ്യാത്മകതയും പാപവും എന്നാൽ, വിവാഹ മോചനം നിയമവിരുദ്ധമായിരുന്നു. ഭർത്താവിന്റെ വീട്ടിൽ നിന്ന് ഇറങ്ങുന്ന സ്ത്രീയെ കാത്ത് തടവുമുറികൾ വാതിൽ തുറന്നിരുന്നു.
ഭർത്താവിന്റെ വീട്ടുകാരും ഗ്രാമവും അപ്പാടെ ആ ബന്ധത്തെ എതിർത്തു. സ്നേഹത്തെ ലൂസിയ തിരസ്കരിച്ചില്ല. അവരന്ന് ഗർഭിണിയുമായിരുന്നു. പരസ്യ വിചാരണയിൽ നിന്ന്, കല്ലേറിൽ നിന്ന് മിലാനിലേക്കു രക്ഷപ്പെടാൻ അവർ ഒരുമിച്ചു തീരുമാനിച്ചു. ഗിസെപ്പെയും ലൂസിയയും മിലാനിൽ എത്തിയെങ്കിലും അവരെ വരവേറ്റത് അരക്ഷിതാവസ്ഥയാണ്. ദാരിദ്ര്യവും. 6 മാസം ഗർഭിണിയായിരിക്കെ ശുചീകരണ തൊഴിലാളിയുടെ ജോലി മാത്രമാണു ലഭിച്ചത്. അതിനുശേഷം നടന്ന സംഭവങ്ങളുടെ സ്വാഭാവിക പരിണാമമായാണ് ലൂസിയ തന്റെ ആദ്യ കുട്ടിയെ ഉപേക്ഷിക്കുന്ന സ്ഥിതിയിലേക്ക് എത്തിയത്. മറ്റൊരു മാർഗവും ഉണ്ടായിരുന്നില്ല എന്നത് യാഥാർഥ്യം തന്നെയാണ്. എന്നാലും മരിയ ചോദിക്കുന്നു: ആദ്യത്തെ കുട്ടിയെ ഉപേക്ഷിച്ച് മരണത്തിലേക്കു നടക്കാൻ എങ്ങനെ അമ്മയ്ക്കു കഴിഞ്ഞു? ആ ചോദ്യത്തിന്റെ ഉത്തരം കൂടിയാണ് ഈ പുസ്തകം. എന്റെ അമ്മ: ഒരു പത്രവാർത്ത എന്നാണ് സബ് ടൈറ്റിൽ.
ലൂസിയ ആത്മാർഥമായി സ്നേഹിക്കുകയും എന്നാൽ ഉപേക്ഷിക്കേണ്ടിവരികയും ചെയ്ത കാമുകനെയും മരിയ പോയി കണ്ടു. അദ്ദേഹത്തിപ്പോൾ 80 വയസ്സുണ്ട്. തന്റെ ആദ്യത്തെ കാമുകിയുടെ മകളെ അദ്ദേഹം സ്നേഹവായ്പോടെ നോക്കി. ഇന്നും മരിച്ചിട്ടില്ലാത്ത ലൂസിയയുടെ ഓർമകളിൽ സഞ്ചരിച്ചു. പണ്ടത്തെപ്പോലെ വിവാഹ മോചനം ഇപ്പോൾ നിയമവിരുദ്ധമല്ല. തന്റെ രണ്ടു കുട്ടികളുടെ പിതാവുമായി അകന്നാണ് മരിയ താമസിക്കുന്നത്. എന്നാൽ, അതേ നിയമത്തിന്റെ നൃശംസതയ്ക്കു മുന്നിലാണ് ഒരിക്കൽ ലൂസിയ തോറ്റുപോയത്.
മരിയ ഇപ്പോൾ നിൽക്കുന്നത് ലൂസിയയുടെ ശവകുടീരത്തിലാണ്. പുസ്തകത്തിന്റെ അവസാന വരിയിലും. അമ്മയെ മകൾ എന്ന അഭിസംബോധന ചെയ്തുകൊണ്ട് മരിയ അവസാന വരിയും എഴുതി: മകളേ (അമ്മേ...) ഞാൻ നിനക്കു വേണ്ടി പാടുന്ന പാട്ട് കേട്ടുകൊണ്ട് ശാന്തയായി ഉറങ്ങുക....