അഞ്ചാം വയസ്സിൽ രാജാവ്, കോഹിനൂറിന്റെ അവസാന ഇന്ത്യൻ ഉടമ; ബ്രിട്ടനിൽ ഇല്ലാതായ പഞ്ചാബിന്റെ രത്നം!
മറ്റേതൊരു രാജാവിനെക്കാളും കോഹിനൂറിന്റെ മൂല്യത്തെ മഹത്വപ്പെടുത്തിയ മഹാരാജാവായിരുന്നു പഞ്ചാബിലെ രഞ്ജിത് സിങ്. എല്ലായ്പ്പോഴും തന്റെ കൈയ്യിൽ അദ്ദേഹം ആ വജ്രം ധരിച്ചിരുന്നു. പിന്നീട് തന്റെ ജീവിതത്തിന്റെ അവസാന ഘട്ടത്തിൽ ഒറീസ്സയിലെ ജഗന്നാഥ ക്ഷേത്രത്തിലേക്ക് അത് സംഭാവന നൽകണം എന്ന് രഞ്ജിത് സിങ് ആഗ്രഹിച്ചുവെങ്കിലും നടന്നില്ല.
മറ്റേതൊരു രാജാവിനെക്കാളും കോഹിനൂറിന്റെ മൂല്യത്തെ മഹത്വപ്പെടുത്തിയ മഹാരാജാവായിരുന്നു പഞ്ചാബിലെ രഞ്ജിത് സിങ്. എല്ലായ്പ്പോഴും തന്റെ കൈയ്യിൽ അദ്ദേഹം ആ വജ്രം ധരിച്ചിരുന്നു. പിന്നീട് തന്റെ ജീവിതത്തിന്റെ അവസാന ഘട്ടത്തിൽ ഒറീസ്സയിലെ ജഗന്നാഥ ക്ഷേത്രത്തിലേക്ക് അത് സംഭാവന നൽകണം എന്ന് രഞ്ജിത് സിങ് ആഗ്രഹിച്ചുവെങ്കിലും നടന്നില്ല.
മറ്റേതൊരു രാജാവിനെക്കാളും കോഹിനൂറിന്റെ മൂല്യത്തെ മഹത്വപ്പെടുത്തിയ മഹാരാജാവായിരുന്നു പഞ്ചാബിലെ രഞ്ജിത് സിങ്. എല്ലായ്പ്പോഴും തന്റെ കൈയ്യിൽ അദ്ദേഹം ആ വജ്രം ധരിച്ചിരുന്നു. പിന്നീട് തന്റെ ജീവിതത്തിന്റെ അവസാന ഘട്ടത്തിൽ ഒറീസ്സയിലെ ജഗന്നാഥ ക്ഷേത്രത്തിലേക്ക് അത് സംഭാവന നൽകണം എന്ന് രഞ്ജിത് സിങ് ആഗ്രഹിച്ചുവെങ്കിലും നടന്നില്ല.
ലോകം മുഴുവൻ അറിയപ്പെടുന്ന പേരാണ് കോഹിനൂർ. നൂറ്റാണ്ടുകളായി ചർച്ചാവിഷയമായി നിലനിൽക്കുന്ന ഈ വജ്രത്തിന്റെ ചരിത്രം, പഞ്ചാബിലെ അവസാനത്തെ രാജാവിന്റെ ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പലർക്കുമറിയില്ല. നിരവധി രക്തചൊരിച്ചിലുകളുടെ കഥകൾക്കൊപ്പം, പ്രവാസത്തിൽ ജീവിക്കാനും എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട് മരിക്കാനും വിധിക്കപ്പെട്ട ഈ പാവം മനുഷ്യന്റെ കഥയും കോഹിനൂറിനോട് ചേർന്നു നിൽക്കുന്നു.
ചരിത്രകാരനായ വില്യം ഡാൽറിമ്പിളും അനിത ആനന്ദും ചേർന്ന് എഴുതിയ 'കോഹ്–ഇ–നൂർ: ദി സ്റ്റോറി ഓഫ് ദി വേൾഡ്സ് മോസ്റ്റ് ഇൻഫേമസ് ഡയമണ്ട്' എന്ന പുസ്തകത്തിൽ കോഹിനൂർ എന്ന വജ്രത്തിന്റെ ചരിത്രം വിശദമായി പറയുന്നുണ്ട്. നിലവിൽ ബ്രിട്ടിഷിന്റെ ഭാഗമായി നിൽക്കുന്ന, 105.6 കാരറ്റ് ഭാരമുള്ള, ലോകത്തിലെ ഏറ്റവും വലിയ കട്ട് ഡയമണ്ടുകളിൽ ഒന്നായ കോഹിനൂർ വജ്രത്തിന്റെ ചരിത്രത്തിലേക്ക് കടന്നുചെല്ലുന്ന ഈ പുസ്തകം 2017ലാണ് പ്രസിദ്ധീകരിച്ചത്. ഇതിന്റെ മലയാള പരിഭാഷയും ലഭ്യമാണ്.
പേർഷ്യൻ ഭാഷയിൽ "വെളിച്ചത്തിന്റെ പർവ്വതം" എന്നർഥമുള്ള കോഹിനൂർ, അതിന്റെ നീണ്ടതും രക്തരൂക്ഷിതമായതുമായ ചരിത്രത്തിന് കുപ്രസിദ്ധമാണ്. കോഹിനൂറിന്റെ ഉത്ഭവത്തെക്കുറിച്ച് തർക്കങ്ങളുണ്ടെങ്കിലും ദക്ഷിണേന്ത്യയിലെ ഗോൽക്കൊണ്ട ഖനികളിൽ നിന്നാണ് ഇത് ലഭിച്ചതെന്ന് ചിലർ വിശ്വസിക്കുന്നു. ആദ്യമായി ഇതിനെക്കുറിച്ച് രേഖപ്പെടുത്തപ്പെട്ട ചരിത്രം പതിനാറാം നൂറ്റാണ്ടിൽ മുഗളന്മാർ വഴിയാണ്. ബാബർ തന്റെ ആത്മകഥയായ 'ബാബർനാമ'യിൽ ഈ മഹത്തായ വജ്രത്തെക്കുറിച്ച് പരാമർശിച്ചിട്ടുണ്ടെന്ന് ചരിത്രരേഖകള്‍ തെളിയിക്കുന്നു. എന്നാൽ കോഹിനൂർ പ്രസിദ്ധിയിലെത്തുന്നത്, ഷാജഹാന്റെ ഭരണകാലത്ത് ഈ വജ്രം മയൂരസിംഹാസനത്തെ അലങ്കരിച്ചപ്പോഴായിരുന്നു.
മുഹമ്മദ് ഷാ രംഗീലയുടെ ഭരണകാലത്ത് പേർഷ്യൻ യുദ്ധപ്രഭുവായ നാദിർ ഷാ ഇന്ത്യ ആക്രമിക്കുകയും ഡൽഹിയിൽ പ്രവേശിക്കുകയും ഡൽഹിയിലെ സാധാരണക്കാരെ കൂട്ടക്കൊല ചെയ്യാൻ ഉത്തരവിടുകയും അദ്ദേഹത്തിന്റെ സൈന്യം നഗരം മുഴുവൻ കൊള്ളയടിക്കുകയും മയൂരസിംഹാസനവും കോഹിനൂറും പിടിച്ചെടുക്കുകയും ചെയ്തു. കോടിക്കണക്കിന് രൂപയും വിലപിടിപ്പുള്ള രത്നങ്ങളും കല്ലുകളുമായി ഇറാനിലേക്കു മടങ്ങി. പക്ഷേ പിന്നീടും യുദ്ധങ്ങളിലൂടെയും സന്ധി സംഭാഷണത്തിന്റെ ഭാഗമായും കോഹിനൂർ പലതവണ കൈമാറ്റം ചെയ്യപ്പെട്ട്, തിരികെ ഇന്ത്യയിലെത്തി. അത് ഒടുവിൽ ലഭിച്ചതാകട്ടെ പഞ്ചാബിലെ രഞ്ജിത് സിങ്ങിന്റെ കൈയിലായിരുന്നു.
മറ്റേതൊരു രാജാവിനെക്കാളും കോഹിനൂറിന്റെ മൂല്യത്തെ മഹത്വപ്പെടുത്തിയ മഹാരാജാവായിരുന്നു പഞ്ചാബിലെ രഞ്ജിത് സിങ്. എല്ലായ്പ്പോഴും തന്റെ കൈയ്യിൽ അദ്ദേഹം ആ വജ്രം ധരിച്ചിരുന്നു. പിന്നീട് തന്റെ ജീവിതത്തിന്റെ അവസാന ഘട്ടത്തിൽ ഒറീസ്സയിലെ ജഗന്നാഥ ക്ഷേത്രത്തിലേക്ക് അത് സംഭാവന നൽകണം എന്ന് രഞ്ജിത് സിങ് ആഗ്രഹിച്ചുവെങ്കിലും നടന്നില്ല. അത് അദ്ദേഹത്തിന്റെ അവകാശിക്കായി സൂക്ഷിച്ചു വെയ്ക്കപ്പെട്ടു.
പഞ്ചാബ് രാജ്യം പിടിച്ചടക്കുവാൻ ശ്രമിച്ച ബ്രിട്ടീഷുകാർക്ക് രഞ്ജിത് സിങ്ങിന്റെ മരണം (1839) കാര്യങ്ങൾ എളുപ്പമാക്കി. രഞ്ജിത് സിങ്ങിന്റെ മൂത്ത സന്താനങ്ങൾ മുഴുവനും തമ്മിൽ തല്ലിയും ബ്രിട്ടിഷുകാരുടെ കുതന്ത്രങ്ങൾക്കു വിധേയരായും ഇല്ലാതെയായപ്പോൾ അവശേഷിച്ചത് മഹാറാണി ജിന്ദൻ കൗറും മകനായ ദുലീപ് സിങ്ങുമായിരുന്നു. അഞ്ചു വയസ്സുകാരനായ മകനെ രാജാവായി വാഴിച്ച് (1843), കുട്ടിയ്ക്ക് ഭരിക്കാനാകില്ല എന്ന കാരണം കാട്ടി എല്ലാ അധികാരവും കൈക്കലാക്കാൻ ബ്രിട്ടിഷുകാർ നടത്തിയ ശ്രമത്തെ ജിന്ദൻ പരമാവധി പ്രതിരോധിച്ചു. മകന്റെ മേൽനോട്ടം നടത്തുന്നയാൾ എന്ന നിലയിൽ രാജാവിന്റെ പ്രായപൂർത്തി വരെ രാജ്യത്തെ ബ്രിട്ടിഷുകാർക്ക് നൽകാതെ കാത്തു സൂക്ഷിക്കുവാൻ റോയൽ റീജന്റ് സ്ഥാനത്തിരുന്ന് അവർ പൊരുതി. എന്നാൽ ആ ശ്രമത്തെ ബ്രിട്ടിഷുകാർ ഇല്ലാതാക്കിയത് ആ അമ്മയെ മകനിൽ നിന്ന് വേർപെടുത്തിയാണ്.
യുദ്ധത്തിലൂടെ അല്ലാതെ തന്ത്രപൂർവമായിരുന്നു ആ നീക്കം. രാജാവിനെ വലിയ രീതിയിൽ മാനിക്കുന്ന ജനത, തങ്ങളുടെ രാജാവിന്റെ മേൽനോട്ടക്കാരായ ബ്രിട്ടിഷുകാരെ എതിർക്കില്ല എന്ന് മനസ്സിലാക്കി ദുലീപ് സിങ്ങിനെ വരുതിയിലാക്കാൻ തീരുമാനിച്ചു. ജിന്ദൻ കൗറിനെ തടവിലിട്ടു, വർഷങ്ങളോളം മകനെ കാണാൻ അനുവദിച്ചില്ല. ഇംഗ്ലിഷ് ആംഗ്ലിക്കൻ മിഷനറിമാരെ കൊണ്ടാണ് ദുലീപിന് വിദ്യാഭ്യസം നൽകിയത്. വിശ്വസ്തരായ സേവകരല്ലാതെ ഒരു ഇന്ത്യാക്കാർക്കും ദുലീപ് സിംഗിനെ സ്വകാര്യമായി കാണാൻ കഴിഞ്ഞില്ല. പഞ്ചാബിലെ സ്വന്തം കൊട്ടാരത്തിൽ ആ കുട്ടി തടവിലാക്കപ്പെട്ടു.
സിഖുകാർ തങ്ങളുടെ പഴയ പ്രതാപം വീണ്ടെടുക്കാൻ ശ്രമിക്കുമെന്ന് അന്നത്തെ ഗവർണർ ജനറലായിരുന്ന ഡൽഹൗസി പ്രഭുവിന് തോന്നിയതിന്റെ ഫലമായി ദുലീപ് സിങ്ങിനെ മെല്ലെ മെല്ലെ സ്വന്തം സംസ്കാരത്തിൽ നിന്നകറ്റി. ക്രിസ്ത്യൻ ഗ്രന്ഥങ്ങൾ തുടർച്ചയായി നൽകി, ബാല്യകാല സുഹൃത്തുക്കളായി ബ്രിട്ടിഷുകാർ മാത്രം. 10-ാം വയസ്സിൽ രാജ്യത്തിന്റെ പരമാധികാരം ഉപേക്ഷിക്കാൻ ദുലീപ് നിർബന്ധിതനായി. അതാണ് ശരിയായ തീരുമാനം എന്ന തരത്തിലേക്ക് വിശ്വസിക്കുന്ന വിധത്തിൽ ആ കുട്ടിയെ അവർ മാറ്റി മറിച്ചു.
ബ്രിട്ടിഷുകാരായ ഒരു ദമ്പതികള്‍ക്ക് ദുലീപ് സിങ്ങിന്റെ നിയന്ത്രണം നൽകപ്പെട്ടു. വേഷം, ഭാഷ, ജീവിതരീതികള്‍, വിശ്വാസങ്ങൾ എല്ലാം മാറ്റിയെടുക്കാനായിരുന്നു ഉദ്ദേശം. സ്കോട്ടിഷ് ഡോക്ടർ ജോൺ സ്പെൻസർ ലോഗിൻ, ഭാര്യ ലെന എന്നിവരുടെ സംരക്ഷണയില്‍ പൂർണ്ണമായും ആംഗലേയവൽക്കരിക്കപ്പെട്ട ദുലീപ് ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തു. 1854 മെയ് മാസത്തിൽ വിക്ടോറിയ രാജ്ഞിയുടെ ദത്തുപുത്രനായി ഇംഗ്ലണ്ടിൽ താമസിക്കാൻ ദുലീപിനെ അയച്ചു. അതോടെ സ്വന്തമായതെല്ലാം ദുലീപിന് നഷ്ടമായി, ഇന്ത്യക്ക് കോഹിനൂറും.
രാജ്യത്തിന്റെ പരമാധികാരം കൈമാറുന്ന ചടങ്ങിലാണ് തന്റെ രാജ്യത്തിന്റെ പ്രൗഢിയായിരുന്ന കോഹിനൂറും ബ്രിട്ടിഷ് രാജ്ഞിക്ക് നൽകേണ്ടി വന്നത്. വർഷങ്ങളായി ആംഗലേയ സ്വാധീനത്തിൽ കഴിഞ്ഞ ദുലീപിന് താൻ കഥകളിൽ കേട്ട രാജ്ഞിയെ കാണുന്നതിന്റെ ആവേശമായിരുന്നു. അവിടെ നടക്കുന്നത് പഞ്ചാബ് എന്ന രാജ്യത്തെ തകർക്കാൻ നടത്തപ്പെട്ട നാടകത്തിന്റെ അവസാനമായിരുന്നുവെന്ന് ആ കുട്ടിക്ക് മനസ്സിലായില്ല. അങ്ങനെ കോഹിനൂർ ബ്രിട്ടനിലെത്തി.
വർഷങ്ങളോളം ദുലീപ് നിരീക്ഷണത്തിലായിരുന്നു. തന്റെ ജീവിതത്തിൽ ഒരു തീരുമാനവും എടുക്കാൻ തനിക്ക് അനുവാദമില്ലെന്ന് തുടക്കത്തിൽ അയാൾക്ക് മനസ്സിലായില്ല. വര്‍ഷാവർഷം ഒരു നിശ്ചിത തുക അലവൻസായി നൽകി, ഒരു ആഡംബര വീട്ടിൽ അവർ വളർത്തിയത് ഒരു രാജാവിനെയാണ്. 100 മുതൽ 200 കാരറ്റ് വരെയുള്ള 108 വലിയ മാണിക്യങ്ങളും 30 മുതൽ 60 കാരറ്റ് വരെയുള്ള 116 വലിയ മരതകങ്ങളും അസംഖ്യം വജ്രങ്ങളും രത്നക്കല്ലുകളും പതിച്ച മയൂരസിംഹാസനത്തിൽ ഇരിക്കേണ്ട പഞ്ചാബിന്റെ മഹാരാജാവിനെ...!
എന്നാൽ പിന്നീട് ദുലീപ് ബ്രിട്ടിഷുകാരുടെ പദ്ധതി മനസ്സിലാക്കി അവരോടൊപ്പം തുടരാൻ വിസമ്മതിച്ചു. എന്നാൽ നാട്ടിൽ പോകുവാനോ നാടുമായി ബന്ധപ്പെടുവാനോ അനുവാദമില്ലാതായതോടെ ദുലീപ് അസ്വസ്ഥനായി. ഒളിച്ചു കടത്താനായി അദ്ദേഹം ഏൽപ്പിച്ച കത്തുകൾ ഇന്ത്യയിലെ ബ്രിട്ടിഷ് അധികാരികൾ തടഞ്ഞു വെച്ചു. ഒടുവിൽ ജിന്ദൻ ഇനി ഒരു ഭീഷണിയല്ലെന്ന് ബ്രിട്ടിഷ് ഗവൺമെന്റ് തീരുമാനിക്കുകയും 1861 ജനുവരി 16ന് കൽക്കട്ടയിലെ സ്പെൻസ് ഹോട്ടലിൽ വെച്ച് ദുലീപിനെ കാണുവാൻ അനുവദിക്കുകയും ചെയ്തു.
ദുലീപിനൊപ്പം വിദേശത്തേക്ക് വന്ന മഹാറാണി ജിന്ദൻ കൗർ തന്റെ ജീവിതത്തിന്റെ അവസാന രണ്ട് വർഷങ്ങളിലും തന്റെ മകനെ സിഖ് പൈതൃകത്തെ കുറിച്ച് ഓർമ്മിപ്പിക്കുകയും തിരികെ പോയി സ്വതന്ത്രമായി ജീവിക്കുവാൻ പ്രേരിപ്പിക്കുകയും ചെയ്തു. 1863 ഓഗസ്റ്റ് 1ന് ജിന്ദ് കൗർ മരിച്ചു. പിന്നീടങ്ങോട്ട് അസന്തുഷ്ടമായ ജീവിതമാണ് ദുലീപ് നയിച്ചത്. വേരുകളിൽ നിന്ന് പറിച്ചെടുത്ത് ഒരു പുതിയ സ്ഥലത്ത് സ്ഥാപിക്കപ്പെട്ട ആ മനുഷ്യൻ, ആഡംബരപൂർണ്ണമായ ജീവിതശൈലിയിൽ ജീവിക്കുമ്പോഴും യാതൊരു സ്വാതന്ത്ര്യവുമില്ലാതെ, തുറന്ന ജയിലിനുള്ളിലെന്ന പോലെ കഴിഞ്ഞു.
1864ൽ, ഒരു ജർമ്മൻ–എത്യോപ്യൻ യുവതിയുമായുള്ള വിവാഹം പോലും തീരുമാനിക്കപ്പെട്ടത് മേൽനോട്ടക്കാരായ ബ്രിട്ടിഷുകാരുടെ സാന്നിധ്യത്തിലാണ്. കാലക്രമേണ ബ്രിട്ടിഷുകാരോട് അതൃപ്തിയും അമർഷവും ശക്തമായി പ്രകടിപ്പിച്ച ദുലീപ്, സിഖ് മതത്തിലേക്ക് മടങ്ങി. അതോടെ നൽകപ്പെട്ടിരുന്ന അലവൻസും കുറഞ്ഞു, ആർഭാടം എന്ന കാരണം കാട്ടിയായിരുന്നു ഈ നീക്കം. സ്വന്തം നാടായ ഇന്ത്യയിലേക്ക് വരുവാനുള്ള അദ്ദേഹത്തിന്റെ ആവർത്തിച്ചുള്ള അഭ്യർഥന ബ്രിട്ടീഷ് ഉദ്യോഗസ്ഥർ നിരസിച്ചു. ഒളിച്ചു കടക്കാൻ തീരുമാനിച്ച അദ്ദേഹത്തെയും കുടുംബത്തെയും ഏഡനിൽ അറസ്റ്റ് ചെയ്യുകയും യൂറോപ്പിലേക്ക് മടങ്ങാൻ അവർ നിർബന്ധിതരാവുകയും ചെയ്തു.
എന്നാൽ തന്റെ ജീവിതം മടുത്ത് ഇന്ത്യയിലേക്ക് മടങ്ങാൻ നിരന്തരമായി ശ്രമിക്കുന്നതിനിടെ 1893ൽ 55–ാം വയസ്സിൽ പാരിസിലെ ഒരു മോശം ഹോട്ടൽ മുറിയിൽ നിരാശനും ദരിദ്രനും ഏകാന്തനുമായിട്ടാണ് മഹാരാജ ദുലീപ് സിങ് മരണമടയുന്നത്. പതിനഞ്ച് വയസ്സിനുശേഷം 1861ൽ അമ്മയെ ഇംഗ്ലണ്ടിലേക്ക് കൊണ്ടുവരാനും 1863ൽ അമ്മയുടെ മൃതദേഹം സംസ്‌കരിക്കുന്നതിനുമായി രണ്ട് ഹ്രസ്വ കർശന നിയന്ത്രിത സന്ദർശനങ്ങളിൽ മാത്രം ഇന്ത്യയിൽ കാലുകുത്താനായ ആ പാവം മനുഷ്യന് തന്റെ മൃതദേഹം ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരണമെന്ന അവസാന ആഗ്രഹം പോലും സാധിച്ചു കൊടുക്കപ്പെട്ടില്ലെന്ന് 'കോഹ്–ഇ–നൂർ: ദി സ്റ്റോറി ഓഫ് ദി വേൾഡ്സ് മോസ്റ്റ് ഇൻഫേമസ് ഡയമണ്ട്' എന്ന പുസ്തകത്തിൽ പറയുന്നു.
'പഞ്ചാബിന്റെ സിംഹം' എന്നറിയപ്പെട്ടിരുന്ന മഹാരാജ രഞ്ജിത് സിങ്ങിന്റെ മകനെ, അവർ എൽവെഡൻ പള്ളിയില്‍ ക്രിസ്ത്യൻ ആചാരപ്രകാരമാണ് സംസ്‌കരിച്ചത്. തിരികെ സിഖ് മതം സ്വീകരിച്ച് നാട്ടിലേക്ക് മടങ്ങാൻ 22 വർഷം ശ്രമിച്ച ആ മനുഷ്യനെ മരണശേഷവും തോൽപ്പിക്കുന്നതിൽ ബ്രിട്ടീഷ് ഉദ്യോഗസ്ഥർ രസം കണ്ടെത്തി. കിഴക്കൻ ഇംഗ്ലണ്ടിലെ എൽവെഡൻ പള്ളിയിൽ ചെന്നാൽ ഇന്നും ആ കല്ലറ കാണാം.
കോഹിനൂറിന്റെ കഥകൾ എന്നും ആവേശത്തോടെ കേൾക്കുന്നവർ അതിന്റെ ശരിയായ ഉടമസ്ഥതയെക്കുറിച്ചുള്ള ചർച്ചകൾ നടത്തുമ്പോൾ, തിരിച്ചുവരാനാവാതെ ഇന്ത്യയെ ഓർത്ത് തേങ്ങിയ ഒരു മനുഷ്യനെക്കുറിച്ച് അറിയുന്നുണ്ടാവില്ല. ബാല്യം ഇല്ലാതാക്കി, സ്വത്വം തട്ടി പറിച്ച് ചിലർ നശിപ്പിച്ചത് ഒരു കുട്ടിയുടെ ജീവിതം മാത്രമല്ല. മഹാരാജ ദുലീപ് സിങ് എന്ന മനുഷ്യന്റെ മരണത്തെക്കൂടിയാണ്. ചരിത്രമായി മാറേണ്ടിരുന്ന ഒരു ജീവനെ തല്ലിക്കൊഴിച്ചു കളഞ്ഞപ്പോൾ അധികമാരുമറിയാതെ ഇംഗ്ലണ്ടിന്റെ തണുപ്പിൽ ആ ഇന്ത്യൻ രാജാവ് ഉറങ്ങിക്കിടപ്പുണ്ട്. കോഹിനൂറിനൊപ്പം നഷ്ടമായി പോയ മറ്റൊരു രത്നം...!