എഴുത്തിന്റെയും വായനയുടേയും മൂന്നു തലമുറയിൽപ്പെട്ട എഴുത്തുകാർ ഒന്നിച്ചിരുന്നപ്പോൾ അവർക്ക് പറയാനുണ്ടായത് പലകാലഘട്ടങ്ങളിലായി ഉരുത്തിരിഞ്ഞ് വന്ന എഴുത്തിന്റെ വഴികൾ. സാംസ്‌കാരിക വിമര്‍ശകനും എഴുത്തുകാരനുമായ എം.എന്‍.കാരശ്ശേരി, കാരശ്ശേരിയുടെ ശിഷ്യന്‍ കൂടിയായ ചലച്ചിത്രതാരം ജോയ് മാത്യു, പുതുതലമുറ

എഴുത്തിന്റെയും വായനയുടേയും മൂന്നു തലമുറയിൽപ്പെട്ട എഴുത്തുകാർ ഒന്നിച്ചിരുന്നപ്പോൾ അവർക്ക് പറയാനുണ്ടായത് പലകാലഘട്ടങ്ങളിലായി ഉരുത്തിരിഞ്ഞ് വന്ന എഴുത്തിന്റെ വഴികൾ. സാംസ്‌കാരിക വിമര്‍ശകനും എഴുത്തുകാരനുമായ എം.എന്‍.കാരശ്ശേരി, കാരശ്ശേരിയുടെ ശിഷ്യന്‍ കൂടിയായ ചലച്ചിത്രതാരം ജോയ് മാത്യു, പുതുതലമുറ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എഴുത്തിന്റെയും വായനയുടേയും മൂന്നു തലമുറയിൽപ്പെട്ട എഴുത്തുകാർ ഒന്നിച്ചിരുന്നപ്പോൾ അവർക്ക് പറയാനുണ്ടായത് പലകാലഘട്ടങ്ങളിലായി ഉരുത്തിരിഞ്ഞ് വന്ന എഴുത്തിന്റെ വഴികൾ. സാംസ്‌കാരിക വിമര്‍ശകനും എഴുത്തുകാരനുമായ എം.എന്‍.കാരശ്ശേരി, കാരശ്ശേരിയുടെ ശിഷ്യന്‍ കൂടിയായ ചലച്ചിത്രതാരം ജോയ് മാത്യു, പുതുതലമുറ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്: ഒരു ചാക്ക് അരിയുടെ വില കൊടുത്തൊരു പുസ്തകം വാങ്ങാന്‍ വായനക്കാരുണ്ടായിരുന്നൊരു കാലത്തെക്കുറിച്ചാണ് കാരശ്ശേരി മാഷ് പറഞ്ഞത്. ആ പുസ്തകം, ഒ.ചന്തുമേനോന്റെ ഇന്ദുലേഖ, മലയാളത്തിലെ ലക്ഷണമൊത്ത ആദ്യത്തെ നോവല്‍, മൂന്നു മാസം കൊണ്ടു വിറ്റുതീര്‍ന്നിരുന്നു.

ഹോർത്തൂസ് വായന’ സംവാദത്തിൽ പങ്കെടുക്കാൻ എത്തിയവർക്കൊപ്പം നിമ്ന വിജയ്, എം.എൻ.കാരശ്ശേരി, ജോയ് മാത്യു എന്നിവർ.

ആല്‍ബേര്‍ കാമുവിനെയും ആനന്ദിനെയുമെല്ലാം ആര്‍ത്തിയോടെ വായിച്ച്, എഴുത്തുകാരന്റെയും പുസ്തകപ്രസാധകന്റെയും അഭിനേതാവിന്റെയും സംവിധായകന്റെയുമെല്ലാം ജീവിതങ്ങള്‍ ജീവിച്ചിട്ടും, പുതിയ തലമുറയിലെ ഒരെഴുത്തുകാരിയുടെ, ഇരുപത്തിയെട്ടു പതിപ്പുകള്‍ അതിനകം ഇറങ്ങിക്കഴിഞ്ഞൊരു നോവലിനെക്കുറിച്ച് കഴിഞ്ഞ ദിവസമാണ് ആദ്യമായ് കേട്ടത് എന്ന് കൗതുകമോ കുറ്റബോധമോ ഇല്ലാതെ തുറന്നു പറഞ്ഞു ജോയ് മാത്യു.

ADVERTISEMENT

മാര്‍ക്കേസിന്റെ 'ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍' വാങ്ങാന്‍ വരി നിന്ന മലയാളി വായനക്കാരുടെ കാലം കഴിഞ്ഞിട്ടില്ലെന്നു സാക്ഷ്യപ്പെടുത്താന്‍ സ്വന്തം എഴുത്തുജീവിതം തന്നെയാണ് നിമ്‌ന വിജയ് എടുത്തുകാട്ടിയത്. പുതിയ കാലത്തിന്റെ എഴുത്തുകാരുടെ ഏറ്റവും പുതിയ കൃതികള്‍ക്കായി പുസ്തകശാലയില്‍ മണിക്കൂറുകളോളം കൊതിയോടെ കാത്തുനില്‍ക്കുന്ന വായനക്കാര്‍ ഇപ്പോളും ഇവിടെയുണ്ടെന്ന് നിമ്‌നയോളം അറിയാവുന്ന വേറാരുണ്ട്?

‘ഹോർത്തൂസ് വായന’ സംവാദത്തിൽ സംസാരിക്കുന്നയാൾ.

മൂന്നു കാലങ്ങളുടെ, മൂന്നു തലമുറകളുടെ, എഴുത്തിന്റെയും വായനയുടെയും പ്രതിനിധികളായാണ് മലയാള മനോരമയുടെ 'ഹോര്‍ത്തൂസ് വായന' സംവാദവേദിയില്‍ അവര്‍ മൂന്നു പേരും ഒന്നിച്ചിരുന്നു സംസാരിച്ചത്: സാംസ്‌കാരിക വിമര്‍ശകനും എഴുത്തുകാരനുമായ എം.എന്‍.കാരശ്ശേരി, കാരശ്ശേരി മാഷിന്റെ ശിഷ്യന്‍ കൂടിയായ ചലച്ചിത്രതാരം ജോയ് മാത്യു, പുതുതലമുറ വായനക്കാര്‍ക്കിടയില്‍ തരംഗമായ 'ഏറ്റവും പ്രിയപ്പെട്ട എന്നോട്' എന്ന ബെസ്റ്റ് സെല്ലര്‍ നോവലിന്റെ എഴുത്തുകാരി നിമ്‌ന വിജയ്. 

ADVERTISEMENT

വ്യത്യസ്ത ഭാവുകത്വങ്ങളും വിഭിന്നമായ അഭിരുചികളും അവര്‍ മറച്ചുവച്ചില്ല. പുതിയകാലത്ത് എഴുത്തുകാര്‍ക്കു സമൂഹത്തിലെ സ്ഥാനം നഷ്ടമായിരിക്കുന്നുവെന്നും, സാഹിത്യം വലിയൊരു കാര്യമല്ലാതായി മാറിയിരിക്കുന്നുവെന്നും കാരശ്ശേരി തുറന്നു പറഞ്ഞു. ആനന്ദിന്റെ ആള്‍ക്കൂട്ടം വായിച്ചു വളര്‍ന്ന തലമുറയില്‍പെട്ട ഞങ്ങള്‍ക്ക് പുതുതലമുറ എഴുത്തുകളില്‍ ആഴമോ ആത്മാവോ കാണാനാവുന്നില്ലെന്നു ജോയ് മാത്യു സങ്കടപ്പെട്ടു. ഗൗരവമുള്ള സാഹിത്യ സംവാദവേദികളില്‍ ജനപ്രിയ എഴുത്തിന് ഇടംകിട്ടുന്നത് പുതിയ കാലത്തിന്റെ വായനാശീലങ്ങള്‍ക്കുള്ള അംഗീകാരമായിക്കണ്ട് നിമ്‌ന ആഹ്ലാദവും അഭിമാനവും കൊണ്ടു.

ഹോർത്തൂസ് വായന’ സംവാദത്തിൽ ജോയ് മാത്യു സംസാരിക്കുന്നു. എം.എൻ.കാരശ്ശേരി, നിമ്ന വിജയ് എന്നിവർ സമീപം.

ഭാവുകത്വഭേദങ്ങള്‍ക്കപ്പുറം, വായനയുടെ പുതുവസന്തകാലത്ത് എഴുത്തുകാരായി ജീവിച്ചിരിക്കാന്‍ കഴിയുന്നതിന്റെ ആനന്ദം മൂവരുടെയും വാക്കുകളിലുണ്ടായിരുന്നു. വായനയ്ക്ക് ഇവിടെയൊരു വസന്തകാലമുണ്ടായിരുന്നുവെന്നും, അതു വീണ്ടും തിരികെയെത്തിയിരിക്കുകയാണെന്നും ആ വാക്കുകള്‍ സാക്ഷ്യപ്പെടുത്തി. 

ADVERTISEMENT

യുനെസ്‌കോയുടെ സാഹിത്യനഗര പദവി സ്വന്തമാക്കിയ കോഴിക്കോട് നഗരവുമായുള്ള ആത്മബന്ധവും അവര്‍ പങ്കുവച്ചു. സാഹിത്യപദവിക്കും മുന്‍പ്, സത്യത്തിന്റെ നഗരമെന്നും കോഴിക്കോടിന് പേരുണ്ടായിരുന്നുവെന്നു കാരശ്ശേരി ഓര്‍ത്തെടുത്തു. എസ്‌കെയും ബഷീറും ഉറൂബും എംടിയുമെല്ലാം അക്ഷരങ്ങളില്‍ ആറാടി നടന്ന പഴയ കോഴിക്കാടന്‍ സന്ധ്യകളില്‍ ചിലതിലെങ്കിലും കാഴ്ചക്കാരനായി താനുമുണ്ടായിരുന്നു.

ഏതു വിദൂരദേശങ്ങളിലേക്കു പുറപ്പെട്ടുപോയാലും ഇവിടേക്കു തിരിച്ചുവിളിക്കുന്ന എന്തോ ചിലത് കോഴിക്കോടിനുണ്ടെന്നു ജോയ് മാത്യുവിനറിയാം. മധുമാഷും ബോധിബുക്‌സുമെല്ലാം ജോയ് മാത്യുവിന്റെ കോഴിക്കോടനോര്‍മകളില്‍ മായാതെയുണ്ട്; അവസാന ബസ്സും പോയ്ക്കഴിഞ്ഞ പാതിരാത്രികളില്‍ ബേപ്പൂരില്‍ നിന്നു മലാപ്പറമ്പിലേക്കു നടന്നു തീര്‍ത്ത നാടകനാളുകളും. എഴുതിത്തുടങ്ങിയൊരു പെണ്‍കുട്ടിയുടെ ആദ്യത്തെ രണ്ടു പുസ്തകങ്ങളും പുറത്തുവന്ന നഗരമെന്ന് നിമ്‌ന വിജയ് കോഴിക്കോടിനെ നെഞ്ചോടു ചേര്‍ത്തുവച്ചു. കോഴിക്കോട്ടു നിന്നു പുറപ്പെട്ടു പോയ നാളുകളിലെ ഏകാന്തതയും സങ്കടങ്ങളുമാണല്ലോ നിമ്‌നയെ എഴുത്തുകാരിയാക്കിയതും.

ദേശഭാഷകളുടെ അതിരുകള്‍ ഭേദിക്കുമ്പോഴും അക്ഷരങ്ങൾ അതിന്റെ വേരുകളെ സ്വന്തം മണ്ണില്‍ പടര്‍ത്തിക്കൊണ്ടിരിക്കുക തന്നെ ചെയ്യുമെന്ന് ഓര്‍മിപ്പിക്കുന്നതായിരുന്നു 'ഹോര്‍ത്തൂസ് വായന' സംവാദവേദി. മറക്കാതെ മനസ്സില്‍ സൂക്ഷിക്കാന്‍ കാരശ്ശേരി ഇത്രയും കൂടി ഓര്‍മിപ്പിച്ചു: കേരളം മലയാളികളെ സൃഷ്ടിക്കുകയായിരുന്നില്ല, മലയാളം കേരളീയരെയാണു സൃഷ്ടിച്ചത്, മറക്കരുത്.

കോഴിക്കോട് നടന്ന ‘ഹോർത്തൂസ് വായന’ സംവാദത്തിൽ എം.എൻ.കാരശ്ശേരി, ജോയ് മാത്യു, നിമ്ന വിജയ് എന്നിവർ. ചിത്രം: മനോരമ

നവംബര്‍ 1 മുതല്‍ 3 വരെ കോഴിക്കോട് കടപ്പുറത്ത് മലയാള മനോരമ ഒരുക്കുന്ന 'ഹോര്‍ത്തൂസ്' രാജ്യാന്തര സാഹിത്യ - സാംസ്‌കാരികോത്സവത്തിനു മുന്നോടിയായി ജില്ലതോറും നടത്തിവരുന്ന 'ഹോർത്തൂസ് വായന' പരമ്പരയുടെ ഭാഗമായാണ് നടക്കാവ് മനോരമ അങ്കണത്തില്‍ സംവാദം സംഘടിപ്പിച്ചത്. സദസ്സിൽ നിന്നുള്ള ചോദ്യങ്ങൾക്കും എഴുത്തുകാർ മറുപടി നൽകി.

മനോരമ ചീഫ് ഓഫ് ബ്യൂറോ ജയൻ മേനോൻ, അസിസ്റ്റന്റ് എഡിറ്റര്‍മാരായ മനോജ് തെക്കേടത്ത്, ജോസഫ് പുന്നവേലി എന്നിവര്‍ പ്രസംഗിച്ചു. ചീഫ് സബ് എഡിറ്റര്‍ ഡോ.എം.കെ.സന്തോഷ് കുമാര്‍ ഒ.വി.വിജയന്റെ 'ഖസാക്കിന്റെ ഇതിഹാസ'ത്തിലെ തിരഞ്ഞെടുത്ത ഭാഗം വായിച്ചു.