Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൃത്യുയോഗത്തിലെ ജീവിതപ്രേമം

kakkattil-mruthyu

ഇപ്പോൾ എല്ലാവരും ഉറങ്ങുന്നു. എല്ലാവരും ശ്വാസം വലിക്കുന്ന ഒച്ച എനിക്കു കേൾക്കാം. എന്നെത്തന്നെ ഒന്നെനിക്കു കാണാൻ ഞാൻ കണ്ണാടിയിൽ നോക്കി. ഒരുപക്ഷേ ഇതവസാനത്തെ കാഴ്ചയാകുമോ ?

മരണത്തെക്കുറിച്ചു ഭീതി നിറയ്ക്കുന്ന ഈ വാചകത്തിലാണ് അക്ബർ കക്കട്ടിലിന്റെ മികച്ച കഥകളിലൊന്നായ ചെറിയ അബൂബക്കർ മുസല്യാർ അവസാനിക്കുന്നത്. ജീവിതത്തിൽ ഇങ്ങനെ ഒരവസ്ഥ അനുഭവിച്ചു മാത്രമറിയേണ്ടതാണ്. എനിക്കതു വിശദീകരിക്കാനാവില്ല. റബ്ബേ, നാളെ ഞാനുണ്ടെങ്കിൽ ഏതു പരിതസ്ഥിതിയെയാവും എനിക്കു നേരിടേണ്ടിവരിക? എന്ന വാക്കുകളിൽ കഥ പൂർണമാകുന്നു. നാളെകളെക്കുറിച്ചു പേടിയോടെ ചിന്തിക്കുന്ന കഥാപാത്രങ്ങൾ അക്ബറിന്റെ കഥകളിൽ അപൂർവമല്ല. അദ്ദേഹത്തിന്റെ ആദ്യനോവൽ മൃത്യുയോഗത്തിന്റെ പ്രധാനപ്രമേയം തന്നെ മരണമാണ്. മരണം പേടിപ്പിക്കുന്നു. യഥാർഥ മരണത്തേക്കാൾ മരണ ചിന്തകൾ ജീവിതത്തിൽ പല തവണ മരണാനുഭവത്തിലൂടെ നയിക്കുന്നു.

മൃത്യുയോഗത്തിലെ നായകൻ മരണത്തെ ആഗ്രഹിക്കുന്നു. ജീവിതത്തിന്റെ ഓജസ്സും ഉഷാറുമൊക്കെ വേണ്ടുവോളമുണ്ടെങ്കിലും മരണനിമിഷത്തിനുവേണ്ടി തീവ്രമായി ആഗ്രഹിക്കുന്നു. ഒടുവിൽ നാവും കണ്ണും മാത്രം ചലിപ്പിക്കാനുള്ള ശേഷി മാത്രം അവശേഷിച്ച്, തളർന്നു ജീവനില്ലാത്തുപോലെ കിടക്കേണ്ടിവരുന്നു. അപ്പോഴും മരണം അയാളുടെ ചിന്തകളിലുണ്ട്. പക്ഷേ സ്വന്തമായി മരണത്തെ പുൽകാൻ അയാൾക്കു ശേഷിയില്ല. വിധിയുടെ ക്രൂരതയിലൂടെ ജീവിത സ്നേഹത്തിന്റെ ഉദാത്തമായ ആഖ്യാനം അക്ബർ ചിത്രീകരിക്കുന്നു.

ജീവിതം അവസാനിപ്പിക്കാൻ ഒരു മാർഗം ബുദ്ധിമുട്ടി കണ്ടെത്തുന്നു. നഗരത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിനുമുകളിൽ കയറി എല്ലാവരും നോക്കിനിൽക്കേ താഴോട്ടു ചാടുക. വെറുമൊരു അവസാനമല്ല അത്. വേദനിപ്പിക്കുന്ന ആ അനുഭവം മറ്റുള്ളവർക്കും പാഠമാകണം. നഗരത്തിരക്കിലൂടെ മരണത്തെ തേടിനടക്കുന്ന യുവാവ്. ലക്ഷ്യസ്ഥാനത്തെത്തുമ്പോൾ കാണുന്നതു വലിയൊരു ആൾക്കൂട്ടം. ഉയരത്തെ ചുംബിക്കുന്ന കെട്ടിടത്തിനു മുകളിൽ മറ്റൊരാൾ. ഏതുനിമിഷവും അയാൾ താഴേക്കു ചാടാം. അയാൾക്കും മരിക്കണം. ആളു കൂടുകയാണ്. തന്റെ സ്വപ്നം അകന്നു പോകുകയാണോ എന്നു യുവാവ് പേടിക്കുന്നു. ഇങ്ങനെയൊരു ക്ളൈമാക്സ് അയാൾ തീരെ പ്രതീക്ഷിച്ചിരുന്നില്ല. ഇതയാളുടെ മാത്രം അനുഭവമല്ല. മരണത്തെ കാമിക്കുന്ന പലരും ഒരിക്കൽക്കൂടി, ഒരവസരം കൂടി കിട്ടിയിരുന്നെങ്കിൽ എന്നാഗ്രഹിച്ചുപോകില്ലേ?

കെട്ടിടത്തിനുമുകളിൽനിൽക്കുന്നയാൾ താഴേക്ക്. ആൾക്കൂട്ടം ചിതറുന്നു. ആംബുലൻസ്. പൊലീസ്. പ്രതീക്ഷിക്കാത്ത സംഘർഷത്തിനൊടുവിൽ ആത്മഹത്യ ആഗ്രഹിച്ചുവന്ന ചെറുപ്പക്കാരനെ വാഹനം തട്ടുന്നു. ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും നിനച്ചിരിക്കാതെയെത്തിയ അപകടം. അബോധവാവസ്ഥയിലെ ദിവസങ്ങൾക്കുശേഷം ഓർമ വീണ്ടെടുക്കുമ്പോൾ യുവാവ് കിടക്കയിൽ നിസ്സഹായനായി കിടക്കുന്നു. ജീവിതത്തെ വെല്ലുവിളിച്ചു മരണത്തെ തേടിപ്പോയ മനുഷ്യൻ മരണത്തിന്റെ കാരുണ്യത്തിനുവേണ്ടി കാത്തുകിടക്കുന്ന അവസ്ഥ. ദൈവമന്ത്രങ്ങളുമായി പിതാവ് അരികിൽ. നാവു ചലിപ്പിക്കാനാകുന്നുണ്ട്. കണ്ണും. എല്ലാം കാണാം. ഒനി ഒരു കാഴ്ചയിൽനിന്നും മാറിനിൽക്കാനാവില്ല. ദേഹം ഒന്നു ചലിപ്പിക്കണമെങ്കിൽപ്പോലും മറ്റൊരാളുടെ കാരുണ്യം വേണമെന്ന അവസ്ഥ.

ആത്മഹത്യയിൽ അഭയം തേടിയവർക്കാണോ മരിക്കാൻപോലുമാവാത്ത നിസ്സഹായത അനുഭവിക്കുന്നവർക്കാണോ മൃത്യുയോഗം എന്ന വലിയ ചോദ്യമുയർത്തുന്നു അക്ബർ കക്കട്ടിൽ. മൃത്യുയോഗമെന്നു പേരിട്ട ആദ്യനോവലിലൂടെ അക്ബർ എഴുതിയതു ജീവിതപ്രേമത്തിന്റെ വിശുദ്ധവചനങ്ങൾ.

Your Rating:

Overall Rating 0, Based on 0 votes