ആത്മപ്രകാശനമാണ് സാഹിത്യം എന്ന് പറയും. അങ്ങനെ വരുമ്പോൾ അക്ബർ കക്കട്ടിൽ എന്ന എഴുത്തുകാരന് അധ്യാപക കഥകൾ എഴുതിയെ മതിയാകുമായിരുന്നുള്ളൂ. ഒരു വ്യക്തിയ്ക്ക് കഥകൾ ചുറ്റുപാടുകളിൽ നിന്നൊക്കെ ലഭിക്കും, പക്ഷെ ഏറ്റവുമധികം കഥകൾ ഉണ്ടാകുന്ന കൂടുകൾ ആശുപത്രികളും വിദ്യാലയങ്ങളും തന്നെയാണ്. ഒരിടത്ത് ആരോഗ്യം എന്ന വിഷയം കഥകൾ ഉണ്ടാക്കുമ്പോൾ വിദ്യാലയങ്ങളിൽ കുട്ടികളിൽ നിന്ന് കഥകൾ ഉണ്ടാകുന്നു. അക്ഷരങ്ങള കൈവശം ഉള്ള ഒരാൾ അധ്യാപകനെങ്കിൽ കഥാകാരൻ ആയില്ലെങ്കിലെ അപ്പോൾ അദ്ഭുതപ്പെടാനുള്ളൂ . അക്ബർ കക്കട്ടിൽ മലയാളത്തിലെ പ്രഥമ അദ്ധ്യാപക സർവീസ് സ്റ്റോറിയുടെ വക്താവ് ആകുന്നതും അങ്ങനെ തന്നെയാണ്.
മലയാളത്തിലെ പോസ്റ്റ് മൊഡേൺ എഴുത്തുകളുടെ തുടക്കത്തിൽ അക്ഷരങ്ങളുടെ കൈപിടിച്ച് തുടങ്ങിയിട്ടുണ്ട് കക്കട്ടിൽ മാഷ്. അതിനാൽ തന്നെ അത്ര നിഗൂഡമല്ലാത , വന്യമാല്ലാത്ത ഭാഷയും സരസമായ ശൈലിയും അദ്ദേഹത്തിന് കൈമോശം വന്നിട്ടുമില്ല. ഉത്തരാധുനികതയ്ക്ക് മുൻപേ പിറന്നു വീണ അക്ഷരങ്ങൾ കൂടുതലും പറയുന്നത് നർമ്മ പ്രധാനമായ ജീവിതങ്ങളെ കുറിച്ച് തന്നെ ആയിരുന്നു .
കുട്ടികളുടെ പംങ്തിയിൽ നിന്ന് തുടങ്ങി മലയാള സാഹിത്യത്തിന്റെ എഴുത്തുകാരുടെ മുന് നിരകളിൽ ഒന്നില സ്ഥാനം പിടിച്ച സാഹിത്യകാരനാണ് കക്കട്ടിൽ. 4 നോവലുകളും 27 ചെറുകഥാ സമാഹാരങ്ങളുമടക്കം ഇദ്ദേഹത്തിന്റെ 54 പുസ്തകങ്ങൾ സാഹിത്യ ലോകത്തിനു മുതൽ കൂട്ടാണ്. രണ്ടു തവണ ലഭിച്ച കേരള സാഹിത്യ അക്കാദമി പുരസ്കാരം ഉൾപ്പെടെ എണ്ണിയാൽ ഒടുങ്ങാത്തത്ര പുരസ്കാരങ്ങളും മാഷിനു സ്വന്തം. അതിനുമപ്പുറം എണ്ണമില്ലാത്ത പ്രിയ വായനക്കാരുടെ സ്നേഹവും.
ഒരു എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം ആദ്യ കൃതി തന്നെയാണ് ഏറ്റവും വലിയ വെല്ലുവിളിയെന്ന് മാഷ് എവിടെയോ എഴുതിയത് ഓർമ്മിക്കുന്നു. അത്തരം തിരിച്ചറിവുകൾ ഒരു എഴുത്തുകാരന് ഉണ്ടായിരിക്കേണ്ട പ്രഥമഗണനീയ ഗുണമാണ്. കാരണം ആ തിരിച്ചറിവുള്ള എഴുത്തുകാരനെ തുടർന്നുള്ള തന്റെ അക്ഷരങ്ങളിൽ കയ്യടക്കവും നിയന്ത്രണവും നേടാനാകൂ. അത് കക്കട്ടിൽ മാഷിന്റെ കൃതികളിൽ കാണുകയും ചെയ്യാം. കഥാകാരനായും നോവലിസ്റ്റ് ആയും ഉപന്യാസകാരനായും വാക്കുകളെ ഉപാസിച്ചിരുന്ന അക്ബർ കക്കട്ടിൽ നിരവധി സാഹിത്യ പുരസ്കാരങ്ങൾക്ക് അർഹനായിട്ടുണ്ട്. അധ്യാപകനായും എഴുത്തുകാരനായും വിവിധ സാഹിത്യ സംഘടനകളിലെ അംഗമായും പത്രമാധ്യമങ്ങളിൽ പത്രാധിപരായും ഒക്കെ പ്രവർത്തിച്ച അനുഭവങ്ങൾ അദ്ദേഹത്തിന്റെ എഴുത്തുകൾക്ക് മുതൽക്കൂട്ടായിട്ടുമുണ്ട്. പച്ചയായ മനുഷ്യൻ എന്ന് അടുത്തറിയുന്ന പലരും അദ്ദേഹത്തെ വ്യക്തിപരമായി കുറിയ്ക്കുമ്പോൾ അക്ബർ കക്കട്ടിൽ എന്ന എഴുത്തുകാരൻ ഈ ഭൂമിയിൽ നിന്ന് വിട വാങ്ങുന്നില്ല. ശരീരമേ പോകുന്നുള്ളൂ, അക്ഷരങ്ങള ഗന്ധമുള്ള പുസ്തകങ്ങളായും വായനക്കാരുടെ പൊട്ടിച്ചിരിയായും നിലനില്ക്കും.