നവതിയിൽ ഒരു പത്മശ്രീ

അമ്പലക്കുളത്തില്‍ മുങ്ങിക്കുളിച്ചതിന് ശേഷം ദീപാരാധനയ്ക്കായി ക്ഷേത്രത്തില്‍ എത്തിയതായിരുന്നു ആ കുട്ടി. അപ്പോഴാണ് ശ്രീകോവിലിന്റെ പുറം ചുവരില്‍ കരിക്കട്ട കൊണ്ടുള്ള കുത്തിവരകള്‍ കണ്ടത്. അതവനെ ഒരേസമയം വേദനിപ്പിക്കുകയും രോഷാകുലനാക്കുകയും ചെയ്തു. ഒരു പ്രതിഷേധം ഉള്ളില്‍ നിന്ന് നുര മാന്തിയെണീറ്റുവന്നു. കരിക്കട്ട കൊണ്ട് ക്ഷേത്രഭിത്തിയില്‍ തന്നെ ആ ബാലന്‍ നാലുവരിയെഴുതി

അമ്പലങ്ങളിലീവണ്ണം
തുമ്പില്ലാതെ വരയ്ക്കുകില്‍
വമ്പനാമീശ്വരന്‍ വന്നി
ട്ടെമ്പാടും നാശമാക്കിടും

 
അനുഷ്ഠിപ്പിലെഴുതിയ ആ നാലുവരികളില്‍ ഒരു കവി ജനിക്കുകയായിരുന്നു. ആ കവിയത്രെ അക്കിത്തം അച്യൂതന്‍ നമ്പൂതിരി.
ഏഴാം വയസിലായിരുന്നു അക്കിത്തത്തിന്റെ ആദ്യ രചന. അതുവരെ അദ്ദേഹത്തിന് ചിത്രമെഴുത്തിലായിരുന്നു താല്പര്യം. സാമൂഹികമായ പ്രശ്‌നങ്ങളോടുള്ള അക്കിത്തത്തിന്റെ കലാപമനസ്സിന്റെ ആദ്യസ്ഫുരണം തന്നെയായിരുന്നു അന്ന് ക്ഷേത്രഭിത്തിയിലെഴുതിയ ആ നാലുവരികള്‍. അതിന്റെ തുടര്‍ച്ച വലിയൊരു പരിണാമത്തിലെത്തിയതിന്റെ അത്ഭുതമാണ് ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസത്തില്‍ മലയാളകവിത ദര്‍ശിച്ചത്. പുതിയൊരു ഭാവുകത്വത്തിന്റെ മികവില്‍ മലയാളം ആ കവിതയ്ക്ക് മുമ്പില്‍ അഞ്ജലീബദ്ധമായി നിന്നു.

വെളിച്ചം ദു:ഖമാണുണ്ണീ
തമസല്ലോ സുഖപ്രദം
എന്നും

കാക്ക കൊത്തുന്നു
ചത്തപ്പെണ്ണിന്റെ കണ്ണുകള്‍
മുലച്ചപ്പി വലിക്കുന്നു
നരവര്‍ഗ്ഗനവാതിഥി


എന്നുമെല്ലാമുള്ള വരികള്‍ മലയാളത്തിന്റെ ചിന്താധാരകളെ ശക്തമായി പിടിച്ചുലയ്ക്കുക തന്നെ ചെയ്തു. നിരത്തില്‍ ചത്തുകിടക്കുന്ന പെണ്ണിന്റെ മുല നരവര്‍ഗ്ഗ നവാതിഥി ചപ്പി വലിക്കുമ്പോള്‍ അവളുടെ കണ്ണുകള്‍ കാക്ക കൊത്തിവലിക്കുന്നു. എത്ര ഭീതിദമായ ദൃശ്യവര്‍ണ്ണനയാണ് ഇവിടെ കവി നടത്തിയിരിക്കുന്നത്!



പിറ്റേന്ന് ഇടവഴിക്കുണ്ടില്‍ ശിശുവിന്റെ ശവം കണ്ടപ്പോഴാണ് വെളിച്ചം ദു:ഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം എന്ന് കവി ചിന്തിച്ചുപോകുന്നത്. ഈ വിരുദ്ധ കല്പനയുടെ പേരില്‍ അനേകം വിമര്‍ശനങ്ങളും കവിക്ക് ഏറ്റുവാങ്ങേണ്ടിവന്നിട്ടുണ്ട്.
വിപ്ലവത്തെക്കുറിച്ചും സ്‌നേഹത്തെക്കുറിച്ചും കവിക്കുണ്ടായിരുന്ന പ്രതീക്ഷകളും ഉത്സാഹങ്ങളും പിന്നീട് കടുത്ത മോഹഭംഗത്തിന് വഴിമാറിയപ്പോള്‍ ആ വൈരുദ്ധ്യത്തെക്കുറിച്ച് കവി എഴുതിയപ്പോയതായിരുന്നു ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം എന്ന് നിരൂപകര്‍ നിരീക്ഷിച്ചിട്ടുണ്ട്.

1952 ഓഗസ്റ്റ്ല്‍ മാതൃഭൂമിയിലായിരുന്നു ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം ആദ്യമായി പ്രസിദ്ധീകരിച്ചത്. വടക്കെ മലബാറിലെ സായുധ വിപ്ലവമാണ് രചനയ്ക്ക് പിന്നിലെ ആദ്യകാരണം. നാരായണ ജപം മനസ്സിനെ ശാന്തമാക്കുന്നു എന്നതാണ് അക്കിത്തത്തിന്റെ വിശ്വാസം. ഏകാകിയായ ഒരു മനുഷ്യന് ആശ്രയിക്കാന്‍ കഴിയുന്ന ഏക കേന്ദ്രവും ഈശ്വരന്‍ തന്നെ. അക്കിത്തം പറയുന്നു.


 
ഏറ്റവും നല്ല കവിത ഇനിയും എഴുതപ്പെടാനിരിക്കുകയാണെന്നാണ് നവതിയുടെ നിറവിലും അക്കിത്തം വിശ്വസിക്കുന്നത്. ഓരോന്നും എഴുതിതീരുമ്പോള്‍ അത് മുമ്പത്തേതിലും മീതെയായിട്ടുണ്ട് എന്ന വിശ്വാസവും ഇദ്ദേഹത്തിനുണ്ട്.

മലയാളി മനസ്സില്‍ ചേക്കേറിയ  അനേകം കവിതകളുടെ രചയിതാവായ അക്കിത്തം പറയുന്നത് താനല്ല ഇതൊന്നും എഴുതിയിരിക്കുന്നത് എന്നാണ്. മനസ്സിലുള്ള മറ്റാരോ ആണ് ഇതെല്ലാം എഴുതിയിരിക്കുന്നത്. തന്റെ അറിവിലുള്ളതിനുമപ്പുറം എന്തൊക്കെയോ കാര്യങ്ങള്‍.. എഴുതിവരുമ്പോള്‍ അഭൂതപൂര്‍വ്വമാം വിധത്തിലുള്ള  ടുംടും എന്ന മട്ടില്‍ ഹൃദയത്തിലേക്ക് തുറക്കപ്പെടുന്ന ആന വാതിലുകള്‍. ആ വാതിലുകളിലൂടെ അക്കിത്തം എന്ന കവി കടന്നുപോകുമ്പോള്‍ കിട്ടിയ അക്ഷരഖനികളാണ് അദ്ദേഹം മലയാളത്തിന് സമ്മാനിച്ച ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസവും പണ്ടത്തെ മേശ്ശാന്തിയും കരിഞ്ചന്തയും പോലെയുള്ള കവിതകള്‍.

1926 മാര്‍ച്ച് 18 ന് പാലക്കാട് കുമാരനെല്ലൂരില്‍ ജനിച്ച അക്കിത്തത്തിനുള്ള നവതി സമ്മാനമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന പത്മശ്രീ പുരസ്‌ക്കാരം.