അമ്മ എന്ന പദം ആദിയിലുണ്ടായ വാക്കുകളിൽ ഒന്നായിരിക്കണം. കാരണം ഒരു കുഞ്ഞു ലോകത്തിലേയ്ക്ക് പിറന്നു വീണു ആദ്യം ഉച്ചരിയ്ക്കാൻ പഠിക്കുന്ന പേര് അമ്മ എന്ന് തന്നെയാകും. ഉദരത്തിനുള്ളിൽ കിടക്കുമ്പോൾ പോലും അമ്മയുടെ സ്നേഹത്തിന്റെ ചൂട് ഏൽക്കുന്നതു കൊണ്ടാകാം അവൻ ആദ്യം തിരിച്ചറിയുന്നതും അമ്മയെ തന്നെ. അപ്പോൾ അമ്മയുടെ മഹത്വമറിയുന്നവൻ ഒരു പുതിയ കാര്യം തുടങ്ങുമ്പോൾ അതും അമ്മയിൽ തുടങ്ങിയതിൽ അതിശയിക്കാനില്ലല്ലോ. മലയാളത്തിലെ ഏറ്റവും പുതിയ റ്റൈപ്പൊഗ്രഫി സീരീസുകളിലെയ്ക്കാണ് 'അമ്മ ഫോണ്ട്' ആദ്യമായി കയറി വന്നിരിക്കുന്നത്.
ഡിസൈനർ ഫോണ്ടുകൾ പൊതുവേ ശ്രദ്ധിച്ചാൽ അറിയാം, മലയാളം ഫോണ്ടുകളുടെ അഭാവം. കൂടുതലും ആംഗലേയ ഫോണ്ടുകളാണ് ഈ തരത്തിൽ ഉള്ളതും. അതിനാൽ തന്നെ പരമാവധി ആംഗലേയത്തിൽ തന്നെ നാം വാക്കുകളെ ഇട്ടു നിരത്തി വയ്ക്കുകയും ചെയ്യും. എന്നാൽ പരമ്പരാഗത 'ട്രൂടൈപ്പ്' ഫോണ്ടുകളിൽ ഒതുങ്ങിയിരിക്കുന്ന ഫോണ്ടിനെ ടൈപ്പോഗ്രഫിയുടെ സാധ്യതയിൽ അവതരിപ്പിക്കുകയാണ് ഇവിടെ കുറച്ചു കൂട്ടുകാർ. ഈ സീരിസിൽ ആദ്യത്തെ ഫോണ്ടാണ് അമ്മ ഫോണ്ട്. ആർക്കും എളുപ്പത്തിൽ ടൈപ്പ് ചെയ്ത് കസ്റ്റമൈസ് ഡിസൈനുകളായി അവതരിപ്പിക്കാൻ പാകത്തിലാണ് അമ്മ ഫോണ്ട് ഡിസൈൻ ചെയ്തിരിക്കുന്നത്.

നമ്മുടെ അമ്മമാർ എവിടെയും ഫ്ലെക്സിബിളാണ്. ആ ഒരു കോൺസെപ്‌ററ് ബേസ് ചെയ്താണ് ഈ ഫോണ്ട് രൂപപ്പെടുത്തിയിരിക്കുന്നത്. സോഷ്യൽസ്‌പേസിൽ പെട്ടെന്ന് കമ്മ്യൂണിക്കേറ്റ് ചെയ്യുന്ന അക്ഷരങ്ങളാണ്, അതിന്റെ വലിയ സാധ്യതകളാണ് ഇനി വരാനുള്ളത്. കൊച്ചിയിലെ ഫോണ്ട് ഡിസൈൻ കമ്പനിയായ ടൈപ്പോയെട്രിയാണു ഈ പുതിയഫോണ്ടുകളുടെ സീരീസ് ഉടൻ പുറത്തിറക്കുന്നത് . മലയാളത്തിലെ പുതിയ നിരവധി എഴുത്തുകാരുടെ ടൈപ്പോഗ്രഫി പുസ്തകങ്ങളും അനുബന്ധപ്രൊഡക്ടുകളുമാണ് ഇതിലൂടെ പുറത്തിറങ്ങാനിരിക്കുന്നത്.
മലയാളത്തിലെ നിരവധി ഐകൺഫോണ്ടുകളുടെ സീരിസും റീലീസിനൊരുങ്ങിയിരിക്കുന്നു. പരസ്യഡയറക്ടറും അനിമേറ്ററും എഴുത്തുകാരനുമായ മുരളീ ധരിൺ ആണ് ഈ ഫോണ്ട് സീരീസ് ഡിസൈൻ ചെയ്ത് അവതരിപ്പിക്കുന്നത്. ഫോണ്ട് ഡിസൈൻ ചെയ്യാൻ താൽപര്യമുള്ളവർക്ക് എല്ലാവർക്കും പുതിയ അവസരവും മാർഗ്ഗനിർദ്ദേശങ്ങളും വിപണനസാധ്യതകളും ടൈപ്പോയെട്രിയിലൂടെ നൽകുന്നുണ്ട്. കൊച്ചിയിലെ പനമ്പിള്ളി നഗറിലെ പരസ്യ ബ്രാൻഡിങ് ഗ്രൂപ്പായ തിങ്കിങ് ഫിലിംസാണ് ടൈപ്പോയെട്രി എന്ന ഫോണ്ട് ഡിസൈൻ ആശയം കേരളത്തിൽ അവതരിപ്പിക്കുന്നത്. സജീവപങ്കാളിത്തത്തോടെ ഈ വർഷം തന്നെ നിരവധി ഫോണ്ടുകൾ മലയാളത്തിന് നൽകി ടൈപ്പോഗ്രഫി സാധ്യതകൾക്ക് ചുക്കാൻപിടിക്കുകയാണ് ടീം ടൈപ്പോയെട്രി.