എ.ആർ. രാജരാജവർമ്മ മലയാളത്തിലെ അനന്വയമാണ്. ബഹുമുഖ പ്രതിഭന്മാർ നമുക്കു വേറെയുമുണ്ട്, ചുരുക്കമായെങ്കിലും. എന്നാൽ നമ്മുടെ ഭാഷയെയും സാഹിത്യത്തെയും ആസകലം മാറ്റിയെടുക്കാൻവേണ്ടി അത്ഭുതാവഹമായ ദീർഘവീക്ഷണത്തോടെ യത്നിച്ച മഹാപ്രഭാവൻ രാജരാജവർമ്മ മാത്രമാണ്.
ഈ മഹാപുരുഷൻ കുട്ടിക്കാലത്ത് ഒരു വാക്കുപോലും ഉരിയാടിയിരുന്നില്ല. എന്നിട്ടും, അസ്പഷ്ടവും വിക്കലോടുകൂടിയതുമായ ഭാഷയായിരുന്നു ‘കൊച്ചപ്പ’ന്റേത്. പിതാവ് പാറ്റ്യാല നമ്പൂതിരി കുട്ടിയെ സരസ്വതീഭജനത്തിനായി പനച്ചിക്കാട്ടേക്ക് (കോട്ടയത്തിനടുത്ത് ദക്ഷിണ മൂകാംബിക എന്നു കീർത്തിപ്പെട്ട സരസ്വതീക്ഷേത്രം) കൊണ്ടുപോകുകയും മന്ത്രപൂതമായ നെയ് സേവിപ്പിക്കുകയും ചെയ്തു. കൊച്ചപ്പന് പൂർണമായ രോഗശാന്തി ലഭിക്കുകയും നന്നായി സംസാരിച്ചു തുടങ്ങുകയും ചെയ്തു.
കേരളപാണിനീയം (1916)
ഇങ്ങനെ സാക്ഷാൽ വാണീദേവിയിൽനിന്ന് അത്ഭുതസിദ്ധി നേടിയ അവതാരപുരുഷനാണ്, നൂറു വർഷം തികഞ്ഞിട്ടും, മഹാപണ്ഡിതന്മാരിലാർക്കും പകരം വയ്ക്കാവുന്ന മറ്റൊരു ഗ്രന്ഥം രചിക്കാൻ കഴിയാത്തവിധം അതിമഹത്തായ ‘കേരളപാണിനീയം’ എന്ന വ്യാകരണ ഗ്രന്ഥം നിർമിച്ചത്. നാലു കൊല്ലത്തെ (1891–1895) നിരന്തര പരിശ്രമത്തിന്റെ ഫലമായി 1896ൽ പ്രസിദ്ധീകരിച്ച കേരളപാണിനീയം ഒന്നാം പതിപ്പിനെപ്പറ്റി ഏറ്റവും നിശിതവും സൃഷ്ടിപരവുമായ വിമർശനം നടത്തിയത് ശേഷഗിരി പ്രഭുവാണ്, ‘ഭാഷാപോഷിണി’യുടെ പന്ത്രണ്ടു ലക്കങ്ങളിൽ.
പ്രഭുവിന്റെയും മറ്റുചിലരുടെയും വിമർശനങ്ങളിൽ സ്വീകാര്യമായവയെല്ലാം സ്വീകരിച്ചു എന്നതാണ് എ.ആർ. തിരുമേനിയുടെ അസാധാരണമായ മഹത്വം. പൂർണമായും ആഗമികരീതിയിൽ മാറ്റിയെഴുതിയ ‘പുതിയ കേരളപാണിനീയ’ത്തെ (1916) രണ്ടാം പതിപ്പ് എന്നു വിളിക്കുന്നത് വാസ്തവത്തിൽ അർത്ഥശൂന്യമാണ്. അത്രയേറെ അന്തരമുണ്ട് അവയ്ക്കു തമ്മിൽ. ഒരു നൂറ്റാണ്ടു തികഞ്ഞിട്ടും ഈ ഗ്രന്ഥം തന്നെയാണ് മലയാളികൾക്ക് ഏകാശ്രയം!
കോളജിൽ പഠിക്കാൻ അലങ്കാര ഗ്രന്ഥങ്ങൾ മലയാളത്തിൽ ഇല്ലെന്നുകണ്ടപ്പോൾ തയാറാക്കിയ ‘ഭാഷാഭൂഷണ’ത്തിനും (1902) പകരംവയക്കാവുന്ന മറ്റൊരു പുസ്തകം 114 വർഷം കഴിഞ്ഞിട്ടും ഉണ്ടായിട്ടില്ല.
കാവ്യനിർമാണത്തിലും സാഹിത്യനിരൂപണം തുടങ്ങി പല വിഷയങ്ങളിലും വ്യാപരിച്ചിട്ടുണ്ടെങ്കിലും, ഏകാഗ്രതയോടെ നിരന്തരം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന മേഖല പാഠ്യഗ്രന്ഥ നിർമ്മിതിയുടേതായിരുന്നു. പതിനൊന്ന് അമൂല്യഗ്രന്ഥങ്ങൾ ഈ വകയിൽ കൈരളിക്കു ലഭിച്ചു. ഭൂമിശാസ്ത്രം, രസതന്ത്രം, ചരിത്രം, ജ്യോതിശാസ്ത്രം എന്നീ വിഷയങ്ങൾക്കുവേണ്ട പുസ്തകങ്ങൾ താൻ തന്നെ എഴുതിയുണ്ടാക്കി.
കാവ്യരംഗത്തും സാഹിത്യനിരൂപണരംഗത്തും എ.ആറിനുള്ള സ്ഥാനം വേണ്ടതുപോലെ ചർച്ച ചെയ്യപ്പെട്ടിട്ടില്ല. ആധുനിക മലയാള കവിതയുടെ സമുദ്ഘാടകനാണ് രാജരാജവർമ്മയെന്നും ചരിത്രപ്രധാന്യം തികഞ്ഞ ആ കാവ്യം മലയവിലാസം (1895) ആണെന്നും പ്രഫ. ജോസഫ് മുണ്ടശേരിയെയും പ്രഫ. എൻ. കൃഷ്ണപിള്ളയെയും എ.കെ. പരമേശ്വരൻ നായരെയും പോലുള്ള ചില നിരൂപകപ്രമുഖർ പറഞ്ഞു.
രാജരാജവർമ്മ പ്രസ്ഥാനത്തിന്റെ മഹത്വത്തെയും പ്രചാരത്തെയും അവർ ഏറെ പ്രകീർത്തിക്കുകയും ചെയ്തു. പക്ഷേ, 1888–1892 കാലത്തുതന്നെ ഭങ്ഗവിലാപഃ (1888) പിതൃപ്രലാപഃ (1892) വിടവിഭാവതീ (1888) എന്നീ മൂന്നു സംസ്കൃതകാവ്യങ്ങളിലൂടെ രാജരാജവർമ്മ നൂതന (റൊമാന്റിക്) കാവ്യമാതൃകയവതരിപ്പിച്ചിരുന്നു എന്ന ചരിത്രവസ്തുത കണ്ടെത്താൻ അവർക്കും കഴിഞ്ഞിരുന്നില്ല.
മലയവിലാസത്തിലെപ്പോലെയൊരു കാവ്യാരംഭം മലയാളകവിതയിൽ ആദ്യമായിരുന്നു. അന്നു മാത്രമല്ല, ഇന്നും അതൊരു പുതുമയായിത്തന്നെ നിലകൊള്ളുന്നു. ഇതുതന്നെയാണ് ഈ കാവ്യത്തിലെ സർവപ്രധാനമായ റൊമാന്റിക് മുദ്ര.
ഈ കാവ്യഭാഷയും സംസ്കൃത ലഘുകാവ്യങ്ങളിലെ റൊമാന്റിക് ഭാവവും ചേർന്നാണ് റൊമാന്റിക് ഭാവരൂപസമ്മിളിതമായ ‘മലയവിലാസം’ എന്ന കാവ്യം രൂപപ്പെടുന്നത്. ഈ കാവ്യത്തിന്റെ രചനയിലൂടെ രാജരാജവർമ്മ മലയാളത്തിലെ ആദ്യത്തെ പ്രീ–റൊമാന്റിക് കവിയായി.
1888 ജനുവരിയിൽ നടന്ന ബിഎ (കെമിസ്ട്രി) പരീക്ഷയിൽ പരാജിതനായ രാജരാജവർമ്മ ജീവിതത്തിലാദ്യമായി സംഭവിച്ച പരാജയമുളവാക്കിയ തീവ്രദുഃഖത്തിനു കാവ്യരൂപം നൽകിയതാണ് 28 പദ്യമുള്ള ‘ഭങ്ഗവിലാപഃ’ (1888) എന്ന സംസ്കൃത വിലാപകാവ്യം. ഇഷ്ടജനവിയോഗമാണല്ലോ ഏതു ഭാഷയിലെയും വിലാപകാവ്യത്തിന്റെ വിഷയം. എന്നാൽ ഇങ്ങനെയൊരു വിഷയം ആധാരമാക്കി ഏതെങ്കിലും ഭാഷയിൽ വിലാപകാവ്യമുണ്ടായിരിക്കുമെന്നു തോന്നുന്നില്ല.
‘നളിനി’ക്ക് എഴുതിയത്ര ഹ്രസ്വവും സാരവത്തുമായ ഒരവതാരിക മലയാളത്തിലുണ്ടായിട്ടില്ല. പതിനേഴു വാക്യങ്ങളേയുള്ളൂ. പക്ഷേ, അവ ഓരോന്നുമെടുത്തു പരിശോധിച്ചാൽ സമകാല കവിതയിലെ മുഖ്യദോഷങ്ങളെല്ലാം വ്യക്തമാകുന്നതോടൊപ്പം ഒരു നൂതനകാവ്യസങ്കല്പത്തിന്റെ സൂക്ഷ്മചിത്രം ലഭിക്കയും ചെയ്യും.
എത്രയെത്ര പീഡനങ്ങൾ!
എ.ആർ. എന്ന മഹാകുലപതി എത്രയെത്ര പീഡനങ്ങൾ സഹിച്ചുകൊണ്ടാണ് കൃത്യനിർവഹണത്തിലേർപ്പെട്ടിരുന്നതെന്ന് ഇന്നുള്ള എത്രപേർക്കറിയാം? തിരുവനന്തപുരം മഹാരാജാസ് കോളജിൽ ചാർജെടുത്ത ‘നാട്ടുഭാഷാ സൂപ്രണ്ടി’ന് (1899) സേച്ഛാപ്രഭുവായ പ്രിൻസിപ്പൽ മിച്ചൽ സായിപ്പ് ആഴ്ചയിൽ ഇരുപത്തൊന്നര മണിക്കൂർ ജോലി നൽകിയിരുന്നു. ഇരിപ്പിടം അനുവദിച്ചതോ, ബഹളം നിറഞ്ഞ ലൈബ്രറിയുടെ ഒരു മൂലയിൽ! ഒരു പരീക്ഷാദിവസം അഞ്ചു മിനിറ്റ് വൈകിയതിന് പ്രിൻസിപ്പൽ എല്ലാവരും കേൾക്കെ കഠിനമായി ശകാരിച്ചു!
പ്രിൻസിപ്പലിനെക്കണ്ടു സംസാരിക്കാനായി ചെന്നാൽ, പറയാനുള്ളതു വരാന്തയിലൂടെ നടന്നുകൊണ്ടേ അദ്ദേഹം കേൾക്കുകയുള്ളൂ. ദീർഘകായനായ പ്രിൻസിപ്പൽ വളരെ വേഗത്തിലാണു നടക്കുക. അത്ര പൊക്കമില്ലാത്ത തിരുമേനി കൂടെയെത്താൻ ചെറിയ തോതിൽ ഓടുകതന്നെ വേണ്ടിയിരുന്നു! ‘‘അയാൾ എന്നെ മനഃപൂർവം പരിഹസിക്കുകയാണെ’’ന്നു മലയാള വിഭാഗത്തിലിരുന്ന് അദ്ദേഹം സഹപ്രവർത്തകരോടു ദുഃഖത്തോടെ പറഞ്ഞിരുന്നു.
ആദ്യ ഇന്ത്യൻ പ്രിൻസിപ്പൽ
അന്നു മഹാരാജാസ് ആർട്സ് കോളജ് എന്ന് അറിയപ്പെട്ടിരുന്ന സ്ഥാപനത്തിൽ ആദ്യത്തെ ഇന്ത്യൻ പ്രിൻസിപ്പലായി എ.ആർ. ചാർജെടുക്കുന്ന ദിവസം (1914) സായിപ്പന്മാരായ പ്രഫസർമാർ പ്രതിഷേധിച്ചത്രേ! അന്നു സായിപ്പന്മാർ വല്ല കുഴപ്പവും ഒപ്പിക്കുമോ എന്നു വീട്ടിലുള്ളവർക്കെല്ലാം പേടിയുണ്ടായിരുന്നു. ‘‘ഉച്ചവരെ താൻ (വിദ്യാർഥി – 21 വയസ്സ്) പ്രിൻസിപ്പലിന്റെ വാതിൽക്കൽ ഉത്കണ്ഠയോടെ പതുങ്ങി നിന്നു.’’ എന്ന് എ.ആറിന്റെ മകൻ പ്രഫ. രാഘവവർമ ഈ ലേഖകനോടു പറഞ്ഞിട്ടുണ്ട്. ‘‘ഉച്ചതിരിഞ്ഞപ്പോൾ അച്ഛൻ കണ്ണുകാണിച്ചതനുസരിച്ചു ഞാൻ വീട്ടിലെത്തി എല്ലാവരെയും ആശ്വസിപ്പിച്ചു.’’
ഗുരുശിഷ്യ പരമ്പര
എ.ആർ. രാജരാജവർമ്മയിലാരംഭിക്കുന്ന ഗുരുശിഷ്യ പരമ്പര പോലെ പ്രൗഢവും പ്രശസ്തവും വ്യാപകവുമായ മറ്റൊന്ന് കേരളത്തിലുണ്ടായിട്ടില്ല. സി.എസ്. സുബ്രഹ്മണ്യൻപോറ്റി, സാഹിത്യ പഞ്ചാനനൻ പി.കെ. നാരായണപിള്ള, സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ള, ജി. രാമൻ മേനോൻ, എ. ഗോപാലമേനോൻ, ആർ. നാരായണപ്പണിക്കർ എന്നിവർ ആദ്യകാല ശിഷ്യരാണെന്നു പല ഗ്രന്ഥങ്ങളിൽനിന്നറിയാം. 1913 മുതലുള്ള വിവരങ്ങൾ സൂക്ഷ്മമായിത്തന്നെ അറിയാം.
എ.ആറിന്റെ രണ്ടാം തലമുറക്കാരിൽ ഒന്നാംസ്ഥാനം ബിഎ മലയാളം ഐച്ഛികത്തിലെ(1913) (ഏക – ആദ്യ) വിദ്യാർഥിയും ‘താടകാവധം’ ആട്ടക്കഥയുടെ രചയിതാവുമായ വി. കൃഷ്ണൻ തമ്പിക്കാണ്. കൃഷ്ണൻ തമ്പിയുടെയും എആറിന്റെ മറ്റൊരു ശിഷ്യനായ പി. അനന്തൻപിള്ളയുടെയും എആറിന്റെ മകനും ഇംഗ്ലിഷധ്യാപകനുമായ രാഘവവർമയുടെയും ശിഷ്യരായ മൂന്നാം തലമുറക്കാരാണ് എൻ. കൃഷ്ണപിള്ള, സി.എൽ. ആന്റണി, എസ്. ഗുപ്തൻനായർ, കെ.എം. ജോർജ്, കെ.എം. ഡാനിയൽ, ആനന്ദക്കുട്ടൻ, എം. കൃഷ്ണൻനായർ തുടങ്ങിയവർ.
ഇവരുടെയൊക്കെ ശിഷ്യന്മാരായ ഒട്ടേറെ പ്രശസ്താധ്യാപകർ ജീവിച്ചിരിക്കുന്നു. കൃഷ്ണപിള്ള സാറിന്റെയും ഗുപ്തൻനായർ സാറിന്റെയും ശിഷ്യരാണ് നാലാം തലമുറക്കാരായ ബി.സി. ബാലകൃഷ്ണൻ, ആറ്റൂർ രവിവർമ്മ, ചെമ്മനം ചാക്കോ, തിരുനല്ലൂർ കരുണാകരൻ, നബീസാ ഉമ്മാൾ, എം.കെ. സാനു, ഒ.എൻ.വി., പുതുശേരി, പന്മന തുടങ്ങിയവർ.
എണ്ണമറ്റ ആ ശിഷ്യപരമ്പര തുടരുകയാണ്. പരമ്പരയിൽ നേരിട്ടു കണ്ണിയാവാത്ത ലക്ഷക്കണക്കിനു പരോക്ഷ ശിഷ്യരും രാജരാജവർമ്മയ്ക്കുണ്ട്. വർഷംതോറും പത്താംതരം ജയിച്ചും തോറ്റും പുറത്തുവരുന്ന വിദ്യാർത്ഥിലക്ഷങ്ങളിൽ ‘ഒന്നിനൊന്നോടു സാദൃശ്യം – ചൊന്നാലുപമയാമത്’ എന്നോ ‘ചൊല്ലാം വസന്തതിലകം തഭജം ജഗംഗം’ എന്നോ പഠിച്ചിട്ടുള്ളവരെല്ലാം എ.ആർ. രാജരാജവർമ്മ എന്ന മഹാകുലപതിയുടെ പരോക്ഷശിഷ്യരാണല്ലോ.
എന്റെ പരമാചാര്യനായ എ.ആർ. തിരുമേനി തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ ദീർഘകാലം വിരാജിച്ചിരുന്ന മലയാള വിഭാഗം അധ്യക്ഷസ്ഥാനത്ത് നാലരക്കൊല്ലം ഇരിക്കാൻ വിധിനിയോഗം ലഭിച്ച ഈ പ്രശിഷ്യൻ, അവിടന്ന് രണ്ടാം എഴുത്തച്ഛനാണെന്നു തീർത്തും വിശ്വസിക്കുന്നു.