പതിനഞ്ചാം വയസില്‍ തെരുവിലേക്ക് വലിച്ചിഴയ്ക്കപ്പെട്ട ഒരു പെണ്‍കുട്ടി എത്തിച്ചേരാനിടയുള്ള സാമാന്യമായ ഒരു ഇടത്തെക്കുറിച്ച് ആര്‍ക്കും ചിന്തിക്കാവുന്നതേയുള്ളൂ പക്ഷേ അത്തരം മുന്‍ധാരണകളെ മാറ്റിമറിച്ചു കൊണ്ടുവേണം ലിസ് മുറൈയുടെ ജീവിതത്തിലേക്ക് കടന്നുചെല്ലുവാന്‍.
ജീവിതദുരിതങ്ങളുടെ പ്രഹരമേറ്റ് തെരുവില്‍ എത്തിപ്പെട്ട അവള്‍ ഹാര്‍വാര്‍ഡ് വരെ എത്തിച്ചേര്‍ന്ന അതിശയകരമായ ജീവിതപരിണാമം വിവരിക്കുന്ന കൃതിയാണ് ലിസ് തന്നെ എഴുതിയ ബ്രേക്കിംങ് നൈറ്റ്. ഭവനരഹിതയായ ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലെ ഉയര്‍ച്ചകളെക്കുറിച്ചാണ് ഈ കൃതി പറയുന്നത്. ഒരേസമയം അത് ക്ഷമയുടെയും അതിജീവനത്തിന്റെയും കൂടി പുസ്തകമാണ്. ബ്രേക്കിംങ് നൈറ്റിന് ഗ്രന്ഥകാരി തന്നെ കൊടുത്തിരിക്കുന്ന ഉപശീര്‍ഷകം അത്തരത്തിലുള്ളതാണ്. ബ്രേക്കിംങ് നൈറ്റ്: എ മെമ്മറി ഓഫ് ഫൊര്‍ഗീവ്‌നസ്, സര്‍വൈവല്‍, ആന്റ് മൈ ജേര്‍ണി ഫ്രം ഹോംലെസ് റ്റു ഹാര്‍വാര്‍ഡ് എന്നാണ് കൃതിയുടെ പൂര്‍ണ്ണനാമം.
ഇനിയൊരു മടങ്ങിവരവോ ജീവിതത്തിന്റെ സ്വപ്‌നങ്ങളിലേക്ക് തിരിച്ചുവരവോ ഇല്ലെന്ന് കരുതിയിടത്തു നിന്ന് പുതിയൊരു തുടക്കം ഉണ്ടാവുക. അതാവട്ടെ ഇന്നേവരെയുള്ള ജീവിതത്തിന്റെ ആകെമാനമുള്ള ഗതിവിഗതികളെ പിടിച്ചുലയ്ക്കുക തന്നെ ചെയ്യും. അത്തരമൊരു കഥയാണ് ഈ പുസ്തകം വിവരിക്കുന്നത്.
മയക്കുമരുന്നിന് അടിമകളായി ജീവിച്ച മാതാപിതാക്കളുടെ മകളായിരുന്നു ലിസ്. ഹിപ്പി സംസ്‌കാരത്തിന്റെ ഇരകളായിരുന്നു ആ മാതാപിതാക്കള്‍. ഒടുവില്‍ അവര്‍ക്ക് തങ്ങളുടെ ജീവിതം കൊണ്ട് തന്നെ അതിന് വില കൊടുക്കേണ്ടതായി വന്നു. ഇരുവരും എയ്ഡ്‌സ് ബാധിച്ചാണ് മരിച്ചത്. 1996 ല്‍ അമ്മയും 2006 ല്‍ പിതാവും.
അമ്മയുടെ മരണത്തോടെയാണ് അവര്‍ക്ക് വീടില്ലാതായത്. റെയില്‍വേ സ്‌റ്റേഷനുകളിലും ട്രക്കുകളിലും വഴിയോരങ്ങളിലുമാണ് അക്കാലത്ത് ലിസ് അന്തിയുറങ്ങിയിരുന്നത്. അന്ന് അവള്‍ക്ക് പതിനഞ്ച് വയസായിരുന്നു പ്രായം. അത്തരമൊരു ദിനം അവള്‍ തീരുമാനിച്ചു തനിക്ക് തന്റെ ജീവിതം തിരിച്ചുപിടിക്കേണ്ടതുണ്ടെന്ന്..തന്റെ വിധി താന്‍ തന്നെ തീരുമാനിക്കുമെന്ന്.
തിരികെ സ്‌കൂളിലേക്ക് മടങ്ങാന്‍ അവള്‍ തീരുമാനിച്ചു. മുടങ്ങിപ്പോയ പഠനം നല്ലരീതിയില്‍ പൂര്‍ത്തീകരിച്ചു. ന്യൂയോര്‍ക്ക് ടൈംസിന്റെ ഒരു സ്‌കോളര്‍ഷിപ്പ് കിട്ടിയത് പുതിയൊരു വഴിതുറക്കലായിരുന്നു. അവിടെ നിന്നാണ് ഇന്ന് അറിയപ്പെടുന്ന മോട്ടിവേഷനല്‍ സ്പീക്കര്‍ കൂടിയായ ലിസ് മുറൈയുടെ ജീവിതത്തിന്‍റെ ഗ്രാഫ് ഉയര്‍ന്നത്.
ജീവിതം എങ്ങനെയാണ് ജീവിച്ചുതീര്‍ക്കേണ്ടത് എന്ന് ലോകത്തോട് പറയുന്ന പുസ്തകമാണിത്. തിക്താനുഭവങ്ങളുണ്ടാകാം..പ്രതിസന്ധികളുണ്ടാകാം. പക്ഷേ ഉള്ളില്‍ പ്രത്യാശയും ആത്മവിശ്വാസവും ധൈര്യവും ഉണ്ടെങ്കില്‍ അവയെ കഠിനാദ്ധ്വാനത്തിലൂടെ മറികടക്കാനാകും എന്നാണ് ഈ ജീവിതവും പുസ്തകവും പറയുന്നത്. അനേകായിരങ്ങളെ പ്രചോദിപ്പിച്ച പുസ്തകമാണിത്.
രാത്രി ഒഴിവാക്കാനാവില്ല നമുക്ക്. പക്ഷേ രാത്രിയിലും നമുക്ക് പ്രഭാതത്തിന്റെ കടന്നുവരവിന് വേണ്ടി പ്രതീക്ഷയോടെ കാത്തിരിക്കാനാവും. അങ്ങനെ രാവെളുക്കാന്‍ കാത്തിരിക്കുന്നവര്‍ക്ക് പുതിയൊരു സൂര്യോദയം കാണിച്ചുകൊടുക്കാന്‍ ബ്രേക്കിംങ് നൈറ്റിന് കഴിയുന്നുണ്ട്.
Search in
Malayalam
/
English
/
Product