അറുപത്തിയെട്ടാമത്തെ വയസ്സിൽ മരിക്കുമ്പോഴും ആ മുഖത്ത് നിന്നും ഒരു കാലത്തിന്റെ സൗന്ദര്യത്തിളക്കം പൊലിഞ്ഞിരുന്നില്ല. അഭിനയത്തിന്റെ കൊടുമുടികൾ കയറി താരറാണിപ്പട്ടം തലയിലെത്തുമ്പോഴും പിന്നീട് പെട്ടെന്നൊരുനാൾ സിനിമയിൽ നിന്നും വിട്ടു മറ്റൊരു വഴിയിലേക്ക് പ്രിയപ്പെട്ട ഒരാളുടെ കൈപിടിച്ച് നടന്നു കയറുമ്പോഴും അവർ ആ റാണി പട്ടം സൂക്ഷിച്ചു വച്ചു. പതിനായിരക്കണക്കിന് മനുഷ്യരുടെ മനസ്സിലാണ് അവർ ആ ദീപം കൊളുത്തി വച്ചത്. വാസന്തിയുടെ 'Amma: Jayalalithaa’s Journey from Movie Star to Political Queen' എന്ന പുസ്തകം പറഞ്ഞിരുന്നതും അതെ കഥ തന്നെയാണ്. താരറാണിയിൽ നിന്നും രാഷ്ട്രീയ നായികയായ ജയലളിതയുടെ ജീവിതകഥ.
അന്ധമായ ആരാധനയാണ് അതിവൈകാരികമായി എന്തിനോടും പ്രതികരിക്കുന്ന തമിഴ് മക്കൾക്ക്. സ്നേഹിച്ചാൽ ചങ്കിലെ ചോര നൽകുന്ന, വെറുത്താലും ചോരയെടുക്കുന്ന തമിഴ് വൈകാരികത ഒരുപക്ഷെ ഏറ്റവുമധികം തിരിച്ചറിഞ്ഞിട്ടുണ്ടാവുക എം ജി ആറും ജയലളിതയും രജനികാന്തും ഒക്കെ തന്നെയാകും. എന്തുകൊണ്ട് ചില മനുഷ്യർ നമ്മെ അതിശയിപ്പിച്ച് കാലങ്ങളുടെ താളുകളിലേയ്ക്ക് കയറിയിരിക്കുന്നു? ഈ ചോദ്യത്തിനുള്ള ഉത്തരമാണ് 'Amma: Jayalalithaa’s Journey from Movie Star to Political Queen' എന്ന പുസ്തകം.

സ്‌കൂൾ പഠന കാലം മുതൽ സിനിമയെ ജീവിതത്തോട് ചേർത്ത് നിർത്തിയ ജയലളിത പിന്നീടൊരിക്കൽ പെട്ടെന്ന് സിനിമാലോകത്ത് നിന്ന് അപ്രത്യക്ഷയായതിനു പിന്നിൽ അവരുടെ അമ്മയുടെ മരണമുണ്ടായിരുന്നു. അമ്മയോട് അത്രമാത്രം സ്നേഹത്തിന്റെ, സുരക്ഷിതത്വമില്ലായ്മയുടെ ഒക്കെ സാരിത്തുമ്പ് പിടിക്കലുകൾ കൊച്ചു ജയയ്ക്ക് ഉണ്ടായിരുന്നിരിക്കണം. ഉറങ്ങുമ്പോൾ പോലും അമ്മയുടെ പുടവത്തുമ്പിലെ പിടി വിടാൻ അവർക്ക് കഴിഞ്ഞിരുന്നതേയില്ല. അതുകൊണ്ടുതന്നെയാകണം അമ്മയുടെ മരണം ഉണ്ടാക്കിയ ശൂന്യതയിൽ സ്വയം ഉള്ളിലേക്കൊതുങ്ങി എല്ലാം സ്വപ്നം മാത്രമാക്കി ജയ ഒരു ഒളിച്ചോട്ടം നടത്തിയത്. പിന്നീട് തിരിച്ചു വന്നപ്പോഴേക്കും കാലം മാറിയിരുന്നെങ്കിലും ജയലളിത എന്ന സുന്ദരിയായ അഭിനേത്രിയെ അങ്ങനെയങ്ങ് ഉപേക്ഷിക്കാൻ തമിഴ് മക്കൾക്കാകുമായിരുന്നില്ല.
ഒരു സിനിമയിൽ അഭിനയിക്കുന്നവർക്ക് പോലും ക്ഷേത്രങ്ങൾ കെട്ടുന്ന തമിഴ് ആരാധന ജയലളിതയ്ക്ക് അത് നൽകിയത് ഓരോ മനുഷ്യന്റെയും ഹൃദയത്തിൽ അവരുടെ മുഖം പച്ചകുത്തിക്കൊണ്ടായിരുന്നു. എംജിആറും ആയുള്ള ജയലളിതയുടെ പ്രണയവും അവർ മൂടി വച്ചിരുന്നില്ല. ലോകം മുഴുവൻ അറിഞ്ഞിട്ടും ഒന്നിച്ച് ജീവിക്കാൻ കഴിയാതെ അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവളായി തുടരുമ്പോഴും അവർ സിനിമയിൽ നിലകൊണ്ടു. തുടർന്ന് അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഭാഗമായി രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമ്പോൾ അത്രയ്ക്കൊന്നും പ്രിയമില്ലായിരുന്ന സിനിമയെ എന്നെന്നേയ്ക്കുമായി ജയലളിത വഴിയിലുപേക്ഷിച്ചിരുന്നു. പിന്നെയങ്ങോട്ട് ജയലളിത എന്ന രാഷ്ട്രീയ നായികയുടെ പ്രഭാവലയത്തിനുള്ളിൽ തമിഴ് ലോകം. എം ജി ആർ എന്ന നായകന്റെ മരണശേഷം അമ്മയുടേതെന്നതിനു സമമായി നീണ്ട കാലം ഒരു പ്യൂപ്പയിലെന്നതു പോലെ ജയ കഴിച്ചു കൂട്ടി. പ്യൂപ്പയുടെ കാലം അവസാനിച്ചാൽ ശലഭത്തിനു ഉയർന്നു പറക്കാതെ മറ്റു തരമില്ലല്ലോ... ആ പറക്കൽ പിന്നീട് ചെന്ന് നിന്നത് ഇന്ത്യയിലെ തന്നെ ഏറ്റവും കരുത്തുറ്റ വനിത എന്ന വാക്കിന്റെ പുറത്തായിരുന്നു.
സോഷ്യൽ മീഡിയയുടെ കാലത്തും അതിനെയൊന്നും തന്റെ രാഷ്ട്രീയത്തിന്റെ ഭാഗമാക്കാൻ ജയലളിത ശ്രമിച്ചിരുന്നില്ല എന്ന് എഴുത്തുകാരി വാസന്തി പറയുന്നു. ജയയുടെ പാർട്ടിയായ AIADMK യ്ക്ക് ട്വിറ്റർ അക്കൗണ്ട് ഉണ്ടെങ്കിൽ പോലും ഇപ്പോഴും അതിൽ അത്ര വലിയ പ്രവർത്തനങ്ങൾ ഒന്നും നടക്കുന്നില്ല, സോഷ്യൽ മീഡിയയ്ക്കപ്പുറമുള്ള ഒരു വലിയ ലോകത്ത് നിന്ന് തന്നെയാണ് ഇപ്പോഴും പതിനായിരങ്ങൾ അവരുടെ അമ്മയ്ക്ക് മുന്നിൽ ജീവൻ പോലും സമർപ്പിക്കാൻ തയ്യാറായതെന്നതിനു മുന്നിൽ അതിനുള്ള കാരണങ്ങൾ ഉണ്ട്. തമിഴ് മക്കളുടെ പ്രിയപ്പെട്ട "'അമ്മ" അവരുടെ മനസ്സുകളിൽ കയറിയത് ഒരിക്കലും സോഷ്യൽ മീഡിയ വഴി ആയിരുന്നുമില്ല, ജനങ്ങളുടെ ചിന്തകളിലേക്കും ജീവിതങ്ങളിലേക്കും അവർക്ക് താങ്ങായും തണലായും നിന്ന് കൊണ്ടായിരുന്നു.
പകുതി തുറന്നു കിടക്കുന്ന ഒരു മുറിയിലേലേക്ക് കയറുന്നതു പോലെയായിരുന്നു ജയലളിതയുടെ ജീവിതത്തെ കണ്ടെത്തുന്നത്. ഏറെ നിഗൂഡതകളുള്ള, ജീവിതം മുഴുവൻ തുറന്നു വയ്ക്കാത്ത ഒരു സ്ത്രീ എന്ന നിലയിൽ ഏറെ ബുദ്ധിമുട്ടായിരുന്നു ജീവചരിത്രമെഴുതാൻ എന്ന് ജയലളിതയുടെ ജീവചരിത്രകാരി വാസന്തി സ്വയം സമ്മതിക്കുന്നു. ഒരുപാട് തലങ്ങൾ അവരുടെ ജീവിതത്തിനുണ്ടായിരുന്നു, അതൊന്നും ഒരിക്കലും ജയ ആരുടെ മുന്നിലും തുറന്നു വച്ചിട്ടുമില്ല. പലപ്പോഴും സങ്കീർണമായ ഒരു സ്ത്രീയുടെ ജീവിതം തന്നെയാണ് അവർ നയിച്ചതും. എഴുത്തുകാരി അഭിപ്രായപ്പെടുന്നു.
മന്ത്രിസഭയുടെ ഭാഗമായി കാബിനറ്റിൽ എത്തിയപ്പോൾ ആദ്യമായി തന്റെ കാൽക്കീഴിൽ നീണ്ടു നിവർന്നു കിടന്നു തന്നെ ആരാധിക്കുന്ന മന്ത്രി സഭാംഗങ്ങളെയാണ് ജയലളിതയ്ക്ക് കാണേണ്ടി വന്നതും. ഒരു പുതിയ രീതിയ്ക്ക് അവിടെ തുടക്കം കുറിയ്ക്കുകയായിരുന്നു, മന്ത്രി സഭയിൽ പോലും കാലിൽ വീഴാൻ തക്ക ആരാധനയുള്ള കാബിനറ്റ് അംഗങ്ങളുടെ അന്ധമായ ആരാധന സ്വീകരിക്കേണ്ടി വന്ന ജയലളിത എന്ന കരുത്തുറ്റ മുഖ്യമന്ത്രിയുടെ ജീവിതത്തിന്റെ തുടക്കം.
13 വയസ്സുള്ള അമ്മു എന്ന് വിളിപ്പേരുള്ള സമയത്ത് ജീവിതം നൽകിയ ചതിയും വഞ്ചനയും പിന്നീട് ജീവിതം തുടർന്നും ജയലളിതയ്ക്ക് നൽകിയിട്ടുണ്ടെന്ന് വാസന്തി ജീവചരിത്രത്തിൽ പറയുന്നു. പലപ്പോഴും ജയലളിത ഒരു തുറന്ന പുസ്തകമായി തോന്നുമ്പോഴും നിരവധി ചോദ്യങ്ങൾ അവരുമായി ബന്ധപ്പെട്ട് ഉയരുന്നു, തെലുങ്ക് നടൻ ശോഭൻ ബാബുവുമായി ജയയുടെ വിവാഹം കഴിഞ്ഞിരുന്നോ? പലരും പറയുന്നത് പോലെ ബുള്ളറ്റ് പ്രൂഫ് വസ്ത്രങ്ങൾ അണിഞ്ഞു കൊണ്ടായിരുന്നോ ജയ യാത്ര ചെയ്തിരുന്നത്? തേവർ വിഭാഗത്തിൽ നിന്ന് എന്തുകൊണ്ട് അവർ ഒരു മകനെ ദത്തെടുത്തു? പുസ്തകവായന പലതിനുമുള്ള ഉത്തരമായേക്കാം...