മരിച്ചാൽ മതി എന്നു പലതവണ ആഗ്രഹിക്കുന്ന ഒരു കഥാപാത്രമുണ്ട് കോവിലന്റെ ‘റ’ എന്ന കഥയിൽ. ബാജിയുടെ അമ്മ. ജീവിക്കാൻ ഇഷ്ടമില്ലാത്തതുകൊണ്ടല്ല; മരിച്ചാൽപിന്നെ വിശപ്പറിയേണ്ടല്ലോ. ആഗ്രഹിച്ചിട്ടും അവർ മരിച്ചില്ല. വിശപ്പിന്റെ കാഠിന്യവുമായി ജീവിച്ചു. ബാജിയുടെ അമ്മയെ മരിക്കാൻ പ്രേരിപ്പിച്ച വിശപ്പ് എന്ന വികാരത്തിന്റെ എഴുത്തുകാരനായിരുന്നു കോവിലൻ.
‘ഞാൻ കാമത്തെപ്പറ്റി എഴുതിയിട്ടില്ല. വിശപ്പിനെപ്പറ്റിയാണ് എഴുതിയിട്ടുള്ളത് ’– കോവിലൻ ഒരിക്കൽ പറഞ്ഞു. അദ്ദേഹത്തിന്റെ ‘റ’ എന്ന കഥ വിശപ്പിനെക്കുറിച്ച് മലയാളത്തിലുണ്ടായ ഏറ്റവും മികച്ച രചനകളിലൊന്നാണ്. കഥയിലെ ബാജി എന്ന കുട്ടിയുടെ അമ്മ ഒരു കാക്കയല്ല എന്നെഴെതുന്നുണ്ട് കോവിലൻ. ഭാഷയും ഉപമയും ക്രൂരമാകുന്നില്ലേ എന്നു സംശയം തോന്നാം. കൊടും ക്രൂരമായ വിശപ്പിനെക്കുറിച്ചെഴുതുമ്പോൾ കോവിലന്റെ ഭാഷയ്ക്കു പരുക്കനാകാതെ വയ്യ. ബാജിയുടെ അമ്മ ഒരു കാക്കയല്ല. മനുഷ്യനായി ജനിച്ചുപോയതുകൊണ്ട് ഇനി ഒരു കാക്കയാകാനും കഴിയില്ല. ബാജിയും ഒരു കാക്കക്കുഞ്ഞാവുകയില്ല.
അവന്റെ അമ്മ ഒരു കാക്കയായിരുന്നെങ്കിൽ എന്തെങ്കിലും ഒന്നു കൊക്കുകൾക്കുള്ളിൽ ഒളിപ്പിച്ചുവച്ചുകൊണ്ടുവരാമായിരുന്നു. ഒരു നുള്ളു കാപ്പിപ്പൊടിയോ ഒരു ചപ്പാത്തിയുടെ പൊട്ടോ കൊണ്ടുവരാൻ അവർക്കായില്ല. കാലത്ത് ഒരു വീട്ടിൽ അവർ പണിക്കു പോകുന്നുണ്ട്. ജോലി കഴിഞ്ഞപ്പോൾ അവന്റെ അമ്മയ്ക്കു കൊടുത്ത പഴയ എച്ചിൽ വിഷം തിന്നുംപോലെ അവർ വിഴുങ്ങി. ആ വിഷം തിന്നിട്ടും അവർ മരിച്ചില്ല. അമ്മ തിരിച്ചുവന്നു. ബാജി ആഗ്രഹിച്ചതും അതുതന്നെ. അവന്റെ അപ്പച്ചൻ എണീറ്റു പണിക്കുപോയാൽ അവനു ചോറും കൂട്ടാനും കപ്പയും കാപ്പിയും വയറുനിറയെ കിട്ടും. പക്ഷേ, അപ്പച്ചനു പനിച്ചിട്ടു വയ്യ. അപ്പച്ചൻ ചുമയ്ക്കുമ്പോൾ നെഞ്ചു പറിയുന്നു. നെഞ്ചിൽ ജീവന്റെ വേരുകൾ പറിയുന്നു. നെഞ്ചിൽ പൊത്തിപ്പിടിച്ച് അവന്റെ അപ്പച്ചൻ ജീവന്റെ വേരുകൾ പറിച്ചെടുക്കുന്നതു കണ്ടുനിൽക്കാൻ ബാജിക്കു വയ്യ.
ബാജി സ്കൂളിൽ പോകുന്നുണ്ട്. കാരണം അറിവിനോടുള്ള അടങ്ങാത്ത ആഗ്രഹമൊന്നുമല്ല. വിശപ്പ്. സ്കൂളിൽ ചെന്നാൽ ഉപ്പുമാവു കിട്ടുമെന്ന് അപ്പച്ചൻ പറഞ്ഞു. രണ്ടാമത്തെ ആഴ്ചമുതലേ ഉപ്പുമാവു കിട്ടൂ. ഒരാഴ്ച കഴിഞ്ഞപ്പോൾ ബാജിക്കു പ്രതീക്ഷയായി. പക്ഷേ ഇതുവരെയും ഉപ്പുമാവു കിട്ടിയില്ല. രാവിലെ പോകുമ്പോൾ അവന്റെ കുഞ്ഞിച്ചട്ടി കൂടി എടുക്കണമെന്ന് അപ്പച്ചൻ പറഞ്ഞിട്ടുണ്ട്. സ്കൂളിൽ എത്തിയ ഉടനെ അവൻ ബെഞ്ചിൽ സ്ഥാനം പിടിച്ചു. താഴെ അവന്റെ കുഞ്ഞിച്ചട്ടി കമിഴ്ന്നുകിടന്നു. ..റ...എഴുതാൻ ഒരു പണിയുമില്ലാത്ത അക്ഷരം പോലെ ചട്ടി.
ക്ളാസിൽ ഹാജർ വിളിക്കുമ്പോൾപോലും എഴുന്നേറ്റുനിൽക്കാൻ ബാജിക്കു കഴിയുന്നില്ല. അവനു വേണ്ടി ഹാജർ പറയുന്നതും അവന്റെ പേരു പറയുന്നതുമെല്ലാം മറ്റു കുട്ടികൾ. കോവിലൻ എഴുതുന്നു: ഇതാണ് ഇവിടുത്തെ തകരാറ്. എണീറ്റുനിൽക്കേണ്ടവനു നിൽക്കാൻ അവസരം കൊടുക്കില്ല. അവനെ ശബ്ദിക്കാൻ അനുവദിക്കുകയില്ല. അവനുവേണ്ടി മറ്റുള്ളവർ എഴുന്നേറ്റു നിൽക്കുന്നു. അവർക്ക് ഒന്നു നിൽക്കാനോ എന്തെങ്കിലും പറയാനോ അറിയില്ല. വിശപ്പുകൊണ്ട് എണീറ്റുനിൽക്കാൻ ആവാത്തവരെക്കുറിച്ച്, ശബ്ദമില്ലാതെപോയവരെക്കുറിച്ച് കോവിലൻ എഴുതി. തീയിൽ ചുട്ട അദ്ദേഹത്തിന്റെ വാക്കുകളിലൂടെ വിശപ്പിന്റെ കാഠിന്യം മലയാളി അനുഭവിച്ചു.
‘ഒരു കഷണം അസ്ഥി’ എന്ന പേരിൽ ഒരു കഥയെഴുതിയിട്ടുണ്ട് കോവിലൻ. കഥയിലെ അച്ഛൻ ഒരു കഷണം അസ്ഥി സൂക്ഷിച്ചുവച്ചിട്ടുണ്ട്. കൂടെ ഒരു കുറിപ്പും. ‘ഞാൻ മരിച്ചാൽ എന്നോടൊപ്പം ഈ അസ്ഥി മറവുചെയ്യണം. അവൾ ചേർന്ന മണ്ണിലല്ലെങ്കിലും അവളുടെ ശരീരത്തോടു ചേർന്നു മണ്ണാകാൻ ഇടവന്നല്ലോ’.
മരണമില്ലാത്ത മനുഷ്യൻ എന്ന കഥയിലെ രാമചന്ദ്രൻ മലഞ്ചെരിവിൽവച്ചു തന്നെ പരിചരിച്ച ബിന്നി നൽകിയ ഒരുപിടി മണ്ണ് ജീവനെപ്പോലെ ഒരളുക്കിൽ സൂക്ഷിക്കുന്നു. ഉണങ്ങിയ മണ്ണിൽ അവളുടെ അനുരാഗമുണ്ട്. കോവിലൻ എഴുതുന്നു: ഈ ഭൂമി നിലനിൽക്കുന്നിടത്തോളം കാലം അവർ ഒന്നാണ്. മരിച്ചു മണ്ണോടു ചേർന്നാലും അവൾ അയാളുടേതാണ്.
ഇന്ത്യ മുഴുവൻ സന്ദർശിച്ച എഴുത്തുകാരനാണ് കോവിലൻ. ഭാരതീയതയെ സ്വാംശീകരിച്ച അദ്ദേഹത്തിന്റെ കഥകളിൽ കേരളത്തിന്റെ തനിമയുമുണ്ടായിരുന്നു. വിശപ്പ് എന്ന വലിയ വേദാന്തത്തെക്കുറിച്ചും ജഠരാഗ്നിയെക്കുറിച്ചും എഴുതിയപോലെ യുദ്ധമുന്നണിയിലെ പട്ടാളക്കാരെക്കുറിച്ചും അദ്ദേഹം എഴുതി. ഒരു സൈനിക മുന്നണി മുന്നോട്ടു മാർച്ചുചെയ്തുപോകുംപോലെയായിരുന്നു കോവിലന്റെ എഴുത്ത്. അതുകൊണ്ടാണ് ഓടുന്ന ട്രെയിനിലിരുന്ന് അദ്ദേഹത്തിന്റെ കൃതികൾ വായിക്കാൻ പറ്റില്ലെന്ന് നിരീക്ഷണമുണ്ടായതും.
ഓർമ്മകൾ എന്ന കഥയിൽ കോവിലൻ പറയുന്നു: ഓ, പറഞ്ഞില്ല. ഞാൻ പട്ടാളക്കാരനാണ്. ഒമ്പതുകൊല്ലമായി പട്ടാളത്തിലാണ്. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള സന്ദർഭങ്ങൾ മലഞ്ചെരിവുകളിലും ട്രഞ്ചുകളിലും കഴിഞ്ഞുപോയി എന്നു മനസ്സിലാക്കണം. കഴിഞ്ഞ യുദ്ധകാലത്തെ സംഭവങ്ങൾ മനസ്സിൽകണ്ടുകൊണ്ടാണ് ഞാൻ സംസാരിക്കുന്നത്. യുദ്ധത്തെക്കുറിച്ചു പറയുമ്പോൾ നിങ്ങൾക്കു മുഷിയും. ഷെർമൻ ടാങ്കുകളുടെ പിന്നിൽ അക്യാബിൽനിന്നു ഞങ്ങൾ അഡ്വാൻസ് ചെയ്തു എന്നാണു പറയേണ്ടത്. അരാക്കൻ മലകളുടെ ഇടയിലൂടെയാണ്. സംശയിച്ച്, സംശയിച്ച് ഒരുക്കിയ തോക്കുകളോടെ മുന്നോട്ടുനീങ്ങുകയാണ്....
പരുക്കൻ വാക്കുകളിലൂടെ, സൈനിക മുന്നേറ്റത്തെ ഓർമിപ്പിക്കുന്ന ശൈലിയിൽ കഠിനസത്യങ്ങൾ മലയാളത്തിനു പകർന്നുനൽകിയ കോവിലൻ ഇന്നും എന്നും ജ്വലിക്കുന്ന സത്യമായി മലയാളി മനസ്സുകളിൽ ജീവിക്കുന്നു.