Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ദുലേഖയിലൂടെ വിരിഞ്ഞ സാഹിത്യവസന്തം

chandu-menon

മലയാള സാഹിത്യത്തിന് നോവൽ അപരിചിതമായ ഒരു കാലഘട്ടമുണ്ടായിരുന്നു. കാവ്യങ്ങളും ഇതര കഥാഖ്യാനരീതികളും സമ്പന്നമാക്കിയിരുന്ന മലയാളസാഹിത്യ ചരിത്രത്തെ നോവൽ എന്ന അദ്ധ്യായം കൂടി എഴുതിച്ചേർത്ത് സമ്പൂർണ്ണമാക്കിയത് ഇന്ദുലേഖ എന്ന കൃതിയാണ്. മലയാളഭാഷയിൽ പിറന്ന ലക്ഷണമൊത്ത ആദ്യ നോവലായ ഇന്ദുലേഖയുടെ കർത്താവ് ഒ. ചന്തുമേനോന്റെ ജന്മദിനമാണ് ജനുവരി ഒൻപത്.

1847 ജനുവരി 9-ന് കണ്ണൂരിലായിരുന്നു ഒയ്യാരത്ത് ചന്തുമേനോൻ എന്ന ഒ. ചന്തുമേനോന്റെ ജനനം. സംസ്കൃതത്തിലും ഇംഗ്ലീഷിലും പാണ്ഡിത്യം നേടിയ ചന്തുമേനോൻ പതിനേഴാമത്തെ വയസ്സിൽ കോടതി ഗുമസ്തനായി ഔദ്യോഗിക ജീവിതം തുടങ്ങി. ചന്തുമേനോൻ തന്റെ ബുദ്ധിശക്തിയും പ്രവർത്തനപാടവവും കൊണ്ട് 1882 എത്തിയപ്പോഴേയ്ക്കും മുൻസിഫ് സ്ഥാനത്തേക്ക് ഉയർച്ച നേടിയിരുന്നു. ആ വർഷം തന്നെ കാത്തോളിവീട്ടിൽ ലക്ഷ്മിയമ്മയെ അദ്ദേഹം വിവാഹം കഴിച്ചു. 1889ൽ പരപ്പനങ്ങാടി മുൻസിഫായിരുന്ന കാലത്താണ് അദ്ദേഹം ഇന്ദുലേഖ എഴുതുന്നത്.

ഇംഗ്ലീഷ് സാഹിത്യത്തിൽ അതീവ തത്പരനായിരുന്നു ചന്തുമേനോൻ. വായിച്ച ഇംഗ്ലീഷ് നോവലുകൾ മലയാളത്തിലേക്കു പരിഭാഷപ്പെടുത്തി കേൾക്കണമെന്ന് സുഹൃത്തുക്കളും ഭാര്യയും നിരന്തരം ചന്തുമേനോനോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇതര ഭാഷയിലുള്ള കഥകൾ മലയാളത്തിലേക്കു പരിഭാഷപ്പെടുത്തുമ്പോൾ പൂർണ്ണത ലഭിക്കുന്നില്ല എന്ന് അദ്ദേഹത്തിനു തോന്നി. ആ തോന്നലിൽ നിന്നുമാണ് ഇന്ദുലേഖ എന്ന ആദ്യ നോവലിന്റെ പിറവി. ഇന്ദുലേഖയ്ക്കു മുൻപ് അപ്പു നെടുങ്ങാടി കുന്ദലത എന്ന കൃതി രചിച്ചിരുന്നുവെങ്കിലും സമ്പൂർണ്ണ നോവൽ എന്ന മാതൃക മലയാളത്തിന് കാട്ടിതന്നത് ചന്തുമേനോനാണ്.

indulekha-book

അക്കാലത്തെ സാമൂഹിക പശ്ചാത്തലത്തിലുള്ള ഒരു നായർ തറവാടിന്റെ കഥയാണ് ഇന്ദുലേഖയിലൂടെ ചന്തുമേനോൻ പറഞ്ഞത്. കേവലം ഒരു കഥ എന്നതിലുപരി നോവലിലെ സാമൂഹിക-രാഷ്ട്രീയ വിവരണങ്ങളും വ്യവസ്ഥിതിയോടുള്ള പ്രതികരണവുമാണ് ഇന്ദുലേഖയിലെ എടുത്തു പറയേണ്ട സവിശേഷതകൾ. അക്കാലത്തുണ്ടായിരുന്ന മരുമക്കത്തായം, ജാതി വ്യവസ്ഥ തുടങ്ങിയ അപരിഷ്കൃതങ്ങളായ സമ്പ്രദായങ്ങളെ ഇന്ദുലേഖയുടെയും മാധവന്റെയും ജീവിതത്തിലൂടെ വരച്ചുകാട്ടുകയാണ് അദ്ദേഹം ചെയ്തത്.

നോവൽ എന്ന സാഹിത്യശാഖയെക്കുറിച്ച് അധികമൊന്നും കേട്ടിട്ടില്ലാത്ത കേരളത്തിലെ ജനങ്ങൾക്ക് വേഗത്തിൽ മനസ്സിലാകുന്ന തരത്തിലായിരുന്നു ചന്തുമേനോന്റെ ആഖ്യാനശൈലി. കഥാപാത്രങ്ങളുടെ സ്വാഭാവിക സംസാരത്തിലൂടെ കഥ പറഞ്ഞതുകൊണ്ടു തന്നെ നോവൽ സാധാരണക്കാര്‍ക്കും പ്രിയപ്പെട്ടതായി. സ്ത്രികൾക്ക് സമൂഹത്തിൽ ഉന്നമനം വേണ്ടതിന്റെയും പല വേളികൾ കഴിക്കുന്ന സമ്പ്രദായം അവസാനിക്കേണ്ടതിന്റെയും ആവശ്യകത വിവരിക്കുന്ന നോവല്‍ കാലത്തോടുള്ള ചന്തുമേനോന്റെ പ്രതികരണമായിരുന്നു എന്നു തന്നെ വിശേഷിപ്പിക്കാം.

ചന്തുമേനോൻ അംഗമായിരുന്ന മലബാർ വിവാഹ കമ്മീഷന്റെ തീരുമാനങ്ങളെ സ്വാധീനിക്കുവാൻ ഈ നോവലിനു സാധിച്ചു എന്നത് എടുത്തു പറയേണ്ട കാര്യമാണ്. മലയാളത്തിലെ പിന്നീടുണ്ടായ നോവലുകളിൽ എല്ലാം ഇന്ദുലേഖയുടെ സ്വാധീനം ദൃശ്യമാണ്.

1892ൽ തന്റെ രണ്ടാമത്തെ നോവലായ ശാരദയുടെ ഒന്നാം ഭാഗം അദ്ദേഹം പുറത്തിറക്കി. തൊഴിലിലെ മികവിലൂടെ ഗവണ്മെന്റിന്റെ റാവു ബഹദൂർ ബഹുമതിക്ക് അർഹനായ അദ്ദേഹം മദിരാശി സർവകലാശാലാ നിയമപരീക്ഷകനും കലാശാലാംഗവുമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1899ൽ ശാരദയുടെ രണ്ടാം ഭാഗം പൂർത്തിയാക്കാതെ ചന്തുമേനോൻ യാത്രയായി. ഇന്ദുലേഖ എന്ന നോവലും ശാരദ എന്ന അപൂർണ്ണമായ കൃതിയും മാത്രമേ ചന്തുമോനോൻ രചിച്ചിട്ടുള്ളുവെങ്കിലും മലയാള സാഹിത്യത്തിൽ എക്കാലവും ഓർമ്മിക്കുന്ന സമുന്നത സ്ഥാനമാണ് അദ്ദേഹത്തിനുള്ളത്.