Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓണക്കോടിയുടെ നിറം

റഫീക്ക് അഹമ്മദ്

ഈണത്തിനൊപ്പിച്ച് സുന്ദരഗാനങ്ങളെഴുതാൻ ഒരു പാടുമില്ല റഫീക്ക് അഹമ്മദിന് . പക്ഷേ നാലാം ക്ലാസിൽ പഠിക്കുമ്പോൾ കൂട്ടുകാരന്റെ ഇഷ്ടത്തിനൊപ്പിച്ച് ഓണക്കോടിയിട്ടുകൊണ്ടു വരാൻ അദ്ദേഹം ഇത്തിരി ബുദ്ധിമുട്ടി .

‘ഓണക്കോടിയെടുക്കുമ്പോൾ നീ നീലനിറമുള്ള കുപ്പായം എടുക്കണേ . ഞാനും അങ്ങനത്തെ തന്നെ എടുക്കാം’ എന്നു ഓണത്തിന് സ്കൂൾ അടച്ച ദിവസം കൂട്ടുകാരൻ പറഞ്ഞപ്പോൾ റഫീക്ക് അന്നേരത്തെ ഒരു ഗമയ്ക്ക് അതങ്ങ് സമ്മതിച്ചു .

എന്നാൽ ഓണക്കോടി വാങ്ങുന്ന പതിവൊന്നുമില്ലാത്ത വീട്ടിൽ താൻ ഇക്കാര്യം എങ്ങനെ പറയുമെന്നാണ് വീട്ടിലേക്കുള്ള വഴിയിൽ റഫീക്ക് ആലോചിച്ചത് . ഓണം അവധി തുടങ്ങിയപ്പോൾ , വരുന്നിടത്ത് വച്ച് കാണാം എന്ന മട്ടിൽ റഫീക്ക് അക്കാര്യം വിട്ടു .

അങ്ങനെയിരിക്കെ അത്തവണ ഓണത്തിന് ഒരു മഹാസംഭവമുണ്ടായെന്ന് റഫീക്ക് അഹമ്മദ് . ഓണം പ്രമാണിച്ച് സൗജന്യനിരക്കിൽ എല്ലാവർക്കും ഓണക്കോടി വിതരണം ചെയ്യാനുള്ള സർക്കാർ തീരുമാനമായിരുന്നു അത് .

റേഷൻ കട വഴിയോ സൊസൈറ്റികൾ വഴിയോ ആയിരുന്നു അത് എന്നാണ് റഫീക്കിന്റെ ഓർമ്മ . റേഷൻകാർഡുള്ളവർക്കെല്ലാം ഓണക്കോടി എന്നതായിരുന്നു സർക്കാർ പ്രഖ്യാപനം . ലാഭമുള്ള പരിപാടിയല്ലേ , നമുക്കും വാങ്ങിക്കളയാം എന്ന് റഫീക്കിന്റെ വീട്ടുകാരും തീരുമാനിച്ചു .

തനിക്ക് നീലനിറമുള്ള തുണി തന്നെ വാങ്ങണേ എന്ന് അത് വാങ്ങാൻ പോയ ചേട്ടനെ റഫീക്ക് ശട്ടം കെട്ടി .എന്നാൽ എല്ലാവർക്കുമുള്ള ഓണക്കോടിയുമായി ചേട്ടൻ തിരിച്ചെത്തിയപ്പോൾ കിട്ടിയതോ വെളുപ്പിൽ ചുവപ്പ് വരകളുള്ള തുണിയും .

ആ ഒരിനമേ അവിടയുള്ളൂ എന്നാണ് ചേട്ടൻ പറഞ്ഞത് . സ്കൂൾ തുറക്കുമ്പോൾ നീല ഷർട്ടിട്ട് വരുന്ന കൂട്ടുകാരൻ തന്നോട് പിണങ്ങുമോ എന്നോർത്തപ്പോൾ റഫീക്കിന് സങ്കടമായി . ഓണപ്പൂട്ടിന്റെ പത്തുദിവസം കഴിഞ്ഞ് പുതിയ കുപ്പായമിട്ട് റഫീക്ക് സ്കൂളിലെത്തി .

ദൂരെ നിന്ന് കൂട്ടുകാരന്റെ തലവെട്ടം റഫീക്ക് കണ്ടു. അവനെ കാണാത്ത മട്ടിൽ പുറത്തേക്ക് നോക്കിയിരുന്നു . പക്ഷേ കൂട്ടുകാരൻ റഫീക്കിന്റെ അടുത്തുവന്നിരുന്നു . സൂത്രത്തിൽ റഫീക്ക് ചരിഞ്ഞുനോക്കിയപ്പോൾ കൂട്ടുകാരനുണ്ട് ഇളിഭ്യനായി തന്നെ നോക്കുന്നു . അപ്പോഴാണ് അവർ അറിയുന്നത് രണ്ടാൾക്കും ഒരേ തരം ഓണക്കോടി .

റഫീക്കിന്റെ കവിതയുടെ പേര് കടമെടുത്ത് പറഞ്ഞാൽ രണ്ടാളുടെയും മനസ്സിൽ സന്തോഷത്തിന്റെ ‘തോരാമഴ’ പെയ്തു .അങ്ങനെ ഈണവും വരികളും പരസ്പരം ഇഴുകിച്ചേർന്നാലെന്നതു പോലെ കൂട്ടുകാരന്റെയും റഫീക്കിന്റെയും ഇഷ്ടങ്ങൾ ഒന്നായി . ഓണക്കോടിക്ക് ഒരേ നിറമായി .