തെന്നലിന്റെ തേരിലാണ് എഴുന്നള്ളത്ത്. മുൻപേയെത്തുന്നതു മിന്നൽക്കൊടികളാണെങ്കിലും ഐശ്വര്യത്തിന്റെ പൊൻവെളിച്ചം. പുഞ്ചിരിയുടെ ചാർത്ത്. കൺകോണുകളിൽ തൂമുത്തുപോലെ മഴമുത്തുകളുടെ ആടയാഭരണങ്ങൾ...
പൂവനത്തിനു പുളകമായി എഴുന്നള്ളുന്ന ശ്രാവണദേവതയെ വർണിക്കുമ്പോൾ അക്ഷരങ്ങൾക്കുപോലും പുളകം.കർക്കടകത്തിന്റെ നിഴലകറ്റി ചിങ്ങത്തിന്റെ നിലാവ് എത്തുമ്പോൾ, മിന്നലിനൊപ്പമെത്തുന്ന മഴമേഘങ്ങളെ വകഞ്ഞുമാറ്റി പൊൻവെയിൽ ഭൂമിയെ മണിക്കച്ചയണിയിക്കുമ്പോൾ ഒരൊറ്റ ഞൊടിയിൽ നാട് ആനന്ദസുന്ദരക്കാവായി മാറുന്നു.
മനസ്സിന്റെ മട്ടുപ്പാവിൽ സ്നേഹത്തിന്റെ നിറകതിർ ചാർത്തുന്ന പൊന്നിൻചിങ്ങം ആയിരം കൈത്തിരികൾ ഒരുമിച്ചു കത്തിച്ച തങ്കവിളക്കു പോലെയും നിത്യതയുടെ കേന്ദ്രത്തിൽനിന്നുമുതിർന്ന സത്യസൗന്ദര്യ മഹസ്സു പോലെയും കവിഹൃദയങ്ങളെ ആനന്ദം കൊള്ളിക്കുന്നു. ദുർഗ്ഗതി മാറ്റി സുഖത്തിന്റെ അമൃതം പകരുന്ന സ്വർഗ്ഗീയ ഗംഗാ സരിത്തായ തിരുവോണത്തോട് കവി അഭ്യർത്ഥിക്കുന്നു,
നീ ലസിച്ചീടുകെൻ നാടിന്റെ മംഗള–
കാലികമുദ്രയായോണനാളേ!
നിറകതിർ വീശിയെത്തുന്ന പൊന്നോണത്തെക്കുറിച്ചെഴുതുമ്പോൾ കവികൾ ഗന്ധർവഗായകരാണ്. സുന്ദരപദാവലികളാൽ, സമത്വസന്ദേശത്തെക്കുറിച്ചുള്ള സ്വപ്നങ്ങളുടെ ചന്തം നിറഞ്ഞ ആശയങ്ങളാൽ അവർ ഓണത്തെ വാഴ്ത്തിപ്പാടുന്നു.
കുമാരനാശാനും വൈലോപ്പിള്ളിയും വള്ളത്തോളും ചങ്ങമ്പുഴയും പി. കുഞ്ഞിരാമൻനായരും മുതൽ പാലാ നാരായണൻനായരും കടത്തനാട്ട് മാധവിയമ്മയുംവരെ ഓണത്തെ മലയാളമണ്ണിലേക്കു സ്വാഗതം ചെയ്ത് അക്ഷരങ്ങൾകൊണ്ട് അർച്ചന നടത്തി.
അവരുടെ ഓണക്കവിതകൾ ഇന്നും പ്രസക്തി നഷ്ടപ്പെടാതെ, അക്ഷരങ്ങളാൽ തീർത്ത നിത്യനൂതനപൂക്കങ്ങളായി നിലനിൽക്കുന്നു. സമ്പന്നമായ ഈ പാരമ്പര്യത്തിന്റെ ഇങ്ങേയറ്റത്തെത്തുമ്പോൾ പൂക്കൾ വിടപറഞ്ഞ പൂവാടിപോലെ മലയാള കവിത മാറുന്നു.
വിട പറയാതെ പോയ്മറഞ്ഞ പൂത്തുമ്പികൾ പോലെ മലയാളത്തിൽ ഓണക്കവിതകളും അപൂർവമായിരിക്കുന്നു. ആനുകാലിക പ്രസിദ്ധീകരണങ്ങളെല്ലാം മൽസരിച്ച് ഓണപ്പതിപ്പുകളും വാർഷികപ്പതിപ്പുകളുമിറക്കുന്നുണ്ടെങ്കിലും അക്ഷരങ്ങളിലെ ഓണസദ്യതേടി അലയുമ്പോൾ വായനക്കാർ നിരാശരാകുന്നു. അവർ സാന്ത്വനം തേടി പോയവർഷങ്ങളിലേക്കുതന്നെ മടങ്ങിപ്പോകുന്നു. അവിടെ ഓണത്തെക്കുറിച്ചുമാത്രം അമ്പതിലേറെ കവിതകളെഴുതിയ പി. കുഞ്ഞിരാമൻനായർ ഉൾപ്പെടെയുള്ള കവികളുടെ മാധുര്യമൂറുന്ന ഓണക്കവിതകൾ.
പഴഞ്ചനിൽപ്പഴഞ്ചൻ! പുത്തനിൽപ്പുത്തൻ– അതാണു സൗന്ദര്യം. അതുതന്നെയാണു വാക്കുകളുടെ മഹാബലിയായ പി. കുഞ്ഞിരാമൻനായർക്ക് ഓണക്കവിത. ആയിരമായിരം ചിത്രമെടുത്താലും തികവിനു കുറവില്ലാത്ത സൗന്ദര്യം.
സൗന്ദര്യം അപ്പോഴും പൂർണ്ണം. ചിത്രം അപൂർണ്ണവും. അതുപോലെ ആയിരമായിരം കവികൾ ആയിരമായിരം കവിതകളിൽ പകർത്തിയിട്ടും ഓണത്തിന്റെ ലാസ്യലയാനുഭൂതികളെ പൂർണമായി ആവിഷ്കരിക്കാൻ കഴിഞ്ഞിട്ടില്ലാത്തതിനാൽ പി. വീണ്ടും വീണ്ടും ഓണക്കവിതകൾ എഴുതിക്കൊണ്ടേയിരുന്നു. പൊന്നിൻകതിർക്കുല ചൂടി, മിന്നുന്ന പട്ടാട ചാർത്തി, പുത്തൻമലരിൻകുളിച്ചെത്തുന്ന ഓണത്തെ സഹർഷം സ്വാഗതം ചെയ്തു.
വർഷം മുഴുവൻ ദരിദ്രരായ ജനതയെപ്പോലെ വാടിനിന്ന ചെടികൾക്കുപോലും സമൃദ്ധി വാരിക്കോരിക്കൊടുത്ത ഓണം. വീണുകിടക്കുന്ന കുടിലിൽപ്പോലും നൂണുകയറി ഐശ്വര്യംകൊണ്ടനുഗ്രഹിച്ച ഓണം. ഐക്യത്തിന്റെ പൊട്ടാത്ത പൊന്നിൻചരടിൽ കോർത്ത സംസ്കാരമാല കേരളനാടിനെ അണിയിച്ച ഓണം. അന്തരാത്മാവിൽ പ്രകാശപൂരം നിറയ്ക്കുന്ന ഓണം. ഒടുവിൽ കാത്തിരിപ്പിനെ സാർത്ഥകമാക്കിയെത്തുന്ന ഓണം വിടപറയുമ്പോൾ കവി വേർപാടിന്റെ ഇരുട്ടിൽ ഒറ്റപ്പെടുന്നു.
പറന്നുപോയ് പഞ്ചവർണക്കിളിക്കൂട്ടങ്ങൾ പോലവേ
കുന്നിൻചെരുവിലോണപ്പൂക്കുമ്പിളേന്തിയ സന്ധ്യകൾ.
കണ്ണീരണിഞ്ഞു കുഗ്രാമലക്ഷ്മി നോക്കിയിരിക്കവേ
കേവഞ്ചികേറിപ്പോയോണവെണ്ണിലാവണി രാവുകൾ
ആധുനികതയെ അഞ്ഞുപുൽകിയിട്ടും പാരമ്പര്യത്തിന്റെ ശക്തമായൊരിഴ തന്റെ കവിതകളിൽ നിലനിർത്തിയ ബാലചന്ദ്രൻ ചുള്ളിക്കാട് ഓണത്തിന്റെ പശ്ചാത്തലത്തിൽ കവിതയെഴുതിയിട്ടുണ്ട്– ഓർമകളുടെ ഓണം.
പുതിയതലമുറക്കവിതകളുടെ കൂട്ടത്തിൽ ശ്രദ്ധേയമായ അപൂർവ്വ ഓണക്കവിത. ജൻമനാടിന്റെ ഓർമകളുമായി കവിയുടെ ഓണം ബന്ധപ്പെട്ടിരിക്കുന്നു. പക്ഷേ, ഓർമകളൊക്കെയും പോയകാലത്തിന്റെ നൻമകളുടേതല്ല; ദുരനുഭവങ്ങളുടേതാണ്. അവയൊക്കെയും എണ്ണിപ്പറയുന്ന കവി ആ ഓർമകളെ ഉപേക്ഷിക്കാതിരിക്കാനാണു താൻ വീണ്ടും ഓണദിനങ്ങളിൽ നാട്ടിലേക്കെത്തുന്നെന്നു പറയുന്നു.
ആദ്യാനുരാഗത്തിന്റെ പാരവശ്യത്തിൽ ആത്മരക്തം കൊണ്ടെഴുതിയ വാക്കുകൾ കൂട്ടുകാരികളെ കാണിച്ചുപരിഹസിച്ചുചിരിച്ച പെൺകുട്ടി മുതൽ വീടും നാടും അവഗണിച്ചപ്പോൾ രക്ഷിക്കൂ എന്നു കേണപേക്ഷിച്ചിട്ടും കണ്ണു തുറക്കാതെയിരുന്ന കാളി വരെ ചുള്ളിക്കാടിന്റെ ഓർമകളിൽ ഓണത്തിന്റെ ദുഃഖാനുഭൂതി നിറയ്ക്കുന്നു; ഉണങ്ങാത്ത മുറിവിൽ തീക്കൊള്ളികൊണ്ടു സ്പർശിക്കുമ്പോൾ വേദനയുണരുന്നതുപോലെയുള്ള ഓർമകൾ.
കാലം മാറിയപ്പോൾ കവിതയും മാറി. ഊഷരജീവിതത്തെ കുളിർമ്മയുള്ളതാക്കുന്ന പ്രകൃതിക്കു മാറ്റം വന്നപ്പോൾ കവിതകളിൽനിന്നും ലാസ്യഭംഗികൾ പോയ്മറഞ്ഞു. വൃത്തവും താളവും നഷ്ടപ്പെട്ടു കവിത മെല്ലിച്ചപ്പോൾ ഓണത്തിന്റെ കാൽപനിക ഭംഗികളും അപ്രത്യക്ഷമായി.
ഓണക്കവിത തേടി അക്ഷരലോകത്തുകൂടി അലയുമ്പോൾ തേടിയെത്തുന്നതു സാഹിത്യത്തിൽ സ്ഥിരപ്രതിഷ്ഠ നേടിയ കവികളുടെ പ്രശസ്ത കവിതകൾ മാത്രം. ഓണത്തിന്റെ ഐശ്വര്യത്തെ വരികളിലേക്കാനയിക്കാൻ പുതിയ കവികൾ മടിക്കുന്നതുപോലെ.
മലനാടിന്റെ പൊന്നോണം എന്ന കവിതയിൽ കടത്തനാട്ടു മാധവിയമ്മ എഴുതി:
ഏണും കോണുമിണങ്ങി വൈവിധ്യ –
ചാരുവാം വർണ്ണരാജികൾ
ഓണനാളിന്റെ നിത്യനൂതന–
പ്രാണവായുവായ് തീരട്ടെ!
കള്ളമില്ലാത്ത, കാവലില്ലാത്ത
നല്ല നാളെയെത്തീർക്കട്ടെ.
മേലാളില്ലാത്ത, കീഴാളില്ലാത്ത
നാളെ തൻ കൊടിയേറട്ടെ!
ഓണത്തപ്പനുടുത്തൊരുങ്ങിയ
കേരളം കണി കാണട്ടെ!
ഉടുത്തൊരുങ്ങിയ കേരളം കണികാണാനെത്തുന്ന ഓണത്തപ്പനു കാഴ്ചവയ്ക്കാൻ പുതിയ തലമുറയിൽ നിന്നും ഓണക്കവിതകൾ ഉണ്ടാവട്ടെ. ആയിരമായിരം കവികൾ വർണ്ണിച്ചിട്ടും വറ്റിപ്പോകാത്ത വർണസമൃദ്ധിയാണല്ലോ ഓണം, നമ്മുടെ പൊന്നോണം.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.