Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആവിഷ്കാര സ്വാതന്ത്ര്യത്തിനു നേരെ വെടിയുതിർത്ത ഓർമകൾക്ക് ഒരു വയസ്സ് 

kalburgi കൽബുർഗിയുടെ ഓർമ്മകൾക്ക് ഒരു വയസ്സാകുമ്പോഴും ഇവിടെ സമുദായങ്ങളുടെയും രാഷ്ട്രീയത്തിന്റെയും സംഘർഷ സാധ്യത വർദ്ധിക്കുകയും ആവിഷ്കാര സ്വാതന്ത്ര്യങ്ങൾക്കു മേൽ വീണ ചങ്ങലയുടെ കുടുക്ക് മുറുകുകയും ചെയ്യുന്നു.

ആത്മാവിഷ്കാരത്തിന്റെ ഇരയായിരിക്കും മിക്കപ്പോഴും കലാകാരന്മാർ. പ്രത്യേകിച്ച് പുതിയ കാലത്തിന്റെ പ്രത്യേകത കൂടിയായി അത് മാറുന്നുണ്ട്. അതിൽ ബലിയാക്കപ്പെട്ടവരിൽ ആദ്യത്തെ പേരിലൊരാൾ കൽബുർഗിയായിരുന്നു. മല്ലേശപ്പ മഡിവാലപ്പ കൽബുർഗി എന്ന എം എം കൽബുർഗി. നിരന്തരം സമുദായവാദികളുടെ നോട്ടപ്പുള്ളിയായി മാറി വിവാദങ്ങളും ഭീഷണികളും ആരോപണങ്ങളും ഏറ്റു വാങ്ങി ഒടുവിൽ ക്രൂരമായ ഒരു കൊലപാതകത്തിന്റെ ഇരയായി മാറിയ കൽബുർഗിയുടെ ഓർമ്മകൾക്ക് ഇന്ന് ഒരു വയസ്സാകുന്നു. 

MM Kalburgi കൽബുർഗിയുടെ മരണം ഒരു തിരിച്ചറിവ് നൽകുന്നുണ്ട്. ആവിഷ്കാര സ്വാതന്ത്ര്യം എന്നതിന്റെ യാഥാർത്ഥ വ്യാഖ്യാനത്തിനു നേരെ ആ മരണം ചോദ്യമുയർത്തുന്നുണ്ട്.

കന്നഡ സാഹിത്യകാരനും യൂണിവേഴ്സിറ്റി വൈസ് ചാൻസലറുമായിരുന്നു കൽബുർഗി. യുക്തിവാദത്തിന്റെ സ്വാതന്ത്ര്യത്തെ ആവോളം ആഗ്രഹിച്ച അദ്ദേഹം അന്ധമായ മതാന്ധതയ്ക്കു നേരെയും വികാരങ്ങൾക്ക് നേരെയും വിമർശനം തൊടുത്തു. തന്റെ യുക്തിയെ മുൻ നിർത്തി ലേഖനങ്ങൾ എഴുതി. ലിംഗായത്ത്‌ സമുദായത്തിന്റെ ആത്മീയ നേതാവായ ബസവേശ്വരന്റെ കുടുംബബന്ധത്തെ വരെ ഉദ്ധരിച്ച് കൽബുർഗി വളരെ ശക്തമായി ആരോപണങ്ങൾ ഉന്നയിച്ചു. ബസവന്റെ സഹോദരീപുത്രൻ ചന്നബസവണ്ണയുടെ ദിവ്യപിറവിയെ പോലും ചോദ്യം ചെയ്തു കൊണ്ട് കൽബുർഗി നടത്തിയ പ്രതിഷേധമായിരുന്നു അദ്ദേഹത്തെ ആദ്യ കാലത്ത് സമുദായ നേതാക്കളുടെ എതിർപ്പിന് പാത്രമാക്കിയത്. എന്നാൽ നിരന്തരമായുണ്ടായ ഭീഷണിക്കുമുന്നിൽ ഒടുവിൽ ബസവേശ്വരൻ വിഷയത്തിൽ കൽബുർഗിക്ക് മാപ്പു പറയാതെ മറ്റു മാർഗ്ഗമില്ലായിരുന്നു.

വിപ്ലവ വഴിയിൽ നിരന്തരം കലഹിച്ച് നീങ്ങുന്ന ഒരു എഴുത്തുകാരന് നിശബ്ദത ഒരു ആയുധമല്ല. ചലനവും ശബ്ദവും തന്നെയാണ് അയാളുടെ ദിനങ്ങളെ മുന്നോട്ടു നീക്കുന്നത്. അയുക്തികമായ നിയമങ്ങളോടും ചരിത്രങ്ങളോടും കലഹിക്കാതെ മുന്നോട്ടു പോകാൻ കൽബുർഗിക്ക് കഴിയുമായിരുന്നില്ല. 'വിഗ്രഹങ്ങളിൽ മൂത്രവിസർജ്ജനം ചെയ്താലും തെറ്റൊന്നുമില്ല’ എന്ന അനന്തമൂർത്തിയുടെ വാചകത്തെ തന്റെ പ്രസ്ഥാവനകളിൽ ഉദ്ധരിക്കാനുള്ള ധൈര്യം കാട്ടിയതാണ് അദ്ദേഹത്തിന്റെ മരണത്തിനു കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. അനന്തമൂർത്തിയുടെ വാക്കുകളോടുള്ള എതിർപ്പ് ചില സമുദായ സംഘടനകൾ ആയുധമാക്കിയത് കൽബുർഗിയുടെ കൊലപാതകം നടത്തിക്കൊണ്ടാണ്. 2015 ആഗസ്റ്റ് 30 ന് ധാർവാഡിലെ വീട്ടിൽ കുടുംബത്തോടൊപ്പം പ്രഭാതഭക്ഷണം കഴിക്കുമ്പോഴാണ് രണ്ടുപേർ വീട്ടിലേക്ക്  കയറിവന്നു എഴുത്തുകാരനെ വെടി വച്ച് കൊന്നത്.

കൽബുർഗിയുടെ മരണം സാംസ്കാരിക ഇന്ത്യയുടെ നട്ടെല്ലിനേറ്റ വലിയൊരു മർദ്ദനമായി തന്നെയാണ് രാജ്യം കണ്ടത്. ഒരു എഴുത്തുകാരന്റെ ആത്മാവിഷ്കാരത്തിനു നേരെ എന്തും ചെയ്യാൻ ധൈര്യമുള്ള സമുദായ സംഘങ്ങൾ രാജ്യത്തുണ്ടെന്നുള്ള ഭീതി പരക്കുകയും ചെയ്തു, തുടർന്ന് അതിനെതിരെ പ്രതിഷേധങ്ങൾ നിരവധിയുണ്ടായി. ഏറ്റവുമധികം ഇക്കാര്യത്തിൽ പ്രതിഷേധിച്ചത് എഴുത്തുകാർ തന്നെയായിരുന്നു.  കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരത്തിന് അർഹനായിട്ടുള്ള കൽബുർഗിയുടെ മരണം അക്കാദമി പുരസ്കാരങ്ങളോടുള്ള എഴുത്തുകാരുടെ പരിത്യക്തതയ്ക്കാണ് കാരണമായത്. കേന്ദ്ര സാഹിത്യ അക്കാദമിയിൽ നിന്ന് നിരവധി എഴുത്തുകാർ ഉയർന്ന സ്ഥാനങ്ങളിൽ നിന്ന് പ്രതിഷേധിച്ചും അതുറക്കേ പറഞ്ഞും പടിയിറങ്ങി. നിരവധി എഴുത്തുകാർ തങ്ങൾക്ക് ലഭിച്ച അവാർഡുകൾ തിരികെ നൽകി. അത്തരത്തിൽ വലിയൊരു പ്രതിഷേധ മാർഗ്ഗം തന്നെ പുതിയതായി കണ്ടെടുക്കപ്പെടുകയായിരുന്നു. 

kalaburgi കൽബുർഗിയുടെ മരണം സാംസ്കാരിക ഇന്ത്യയുടെ നട്ടെല്ലിനേറ്റ വലിയൊരു മർദ്ദനമായി തന്നെയാണ് രാജ്യം കണ്ടത്

കൽബുർഗിയുടെ മരണം ഒരു തിരിച്ചറിവ് നൽകുന്നുണ്ട്. ആവിഷ്കാര സ്വാതന്ത്ര്യം എന്നതിന്റെ യാഥാർത്ഥ വ്യാഖ്യാനത്തിനു നേരെ ആ മരണം ചോദ്യമുയർത്തുന്നുണ്ട്. പക്ഷെ എന്താണ് ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പരിധികളെന്ന് ഇപ്പോഴും വ്യക്തമാക്കാതെ നിൽക്കുന്നു. കൽബുർഗിയുടെ ഓർമ്മകൾക്ക് ഒരു വയസ്സാകുമ്പോഴും ഇവിടെ സമുദായങ്ങളുടെയും രാഷ്ട്രീയത്തിന്റെയും സംഘർഷ സാധ്യത വർദ്ധിക്കുകയും ആവിഷ്കാര സ്വാതന്ത്ര്യങ്ങൾക്കു മേൽ വീണ ചങ്ങലയുടെ കുടുക്ക് മുറുകുകയും ചെയ്യുന്നു.

ഭീതിദമായ അന്തരീക്ഷങ്ങളിൽ പെരുമാൾ മുരുകന്മാർ എഴുത്തുകൾ എഴുതുന്നത് നിർത്താൻ തീരുമാനിക്കുകയും ജിംഷാറുമാർ മർദ്ദിക്കപ്പെടുകയും ചെയ്യുന്നു. എഴുത്തുകാരുടെ മതവും രാഷ്ട്രീയവും പേരിൽ പോലും കണ്ടെത്തി അവരെ വിഭാഗീയവത്കരിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തിൽ കൽബുർഗിമാർ വീണ്ടും ബലിയാക്കപ്പെടുമോ എന്ന ഭീതി പിന്നെയും ബാക്കി നിൽക്കുന്നു.