മഹാത്മാഗാന്ധിയുടെ ഘാതകൻ നാഥുറാം ഗോഡ്സെയെക്കുറിച്ചുള്ള പുസ്തകത്തിന്റെ പ്രകാശനം ബിജെപി നേതൃത്വം നൽകുന്ന ഗോവ സർക്കാർ റദ്ദാക്കി. വിവിധ സാമൂഹ്യ സംഘടനകളുടെയും രാഷ്ട്രീയ പാർട്ടികളുടെ പ്രതിഷേധത്തെ തുടർന്നാണ് പ്രകാശനം റദ്ദാക്കാൻ സർക്കാർ തീരുമാനിച്ചത്.
അനൂപ് അശോക് സർദേശായിയാണ് 'നാഫുറാം ഗോഡ്സെ- ദി സ്റ്റോറി ഓഫ് ആൻ അസാസിൻ' (Nathuram Godse – The Story of an Assassin) എന്ന പുസ്തകം രചിച്ചിരിക്കുന്നത്. സർക്കാർ ഉടമസ്ഥതയിലുള്ള ഓഡിറ്റോറിയത്തിൽ വച്ചാണ് പുസ്തക പ്രകാശനം നിശ്ചയിച്ചിരുന്നത്. കോൺഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ പ്രകാശനത്തിനെതിരെ പ്രതിഷേധം ഉയർത്തിയിരുന്നു. ഗോഡ്സെയ്ക്ക് ദൈവിക പരിവേഷം നൽകാനുള്ള ബിജെപിയുടെയും ആർഎസ്എസിന്റെയും ശ്രമങ്ങളുടെ ഭാഗമായാണ് പുസ്തകം പ്രകാശനം ചെയ്യാൻ നീക്കം നടന്നതെന്നും അഭിപ്രായം ഉയർന്നിരുന്നു.
എന്നാൽ വേദി വിട്ടു നൽകാൻ സർക്കാർ തയ്യാറായില്ലെങ്കിലും മറ്റൊരു വേദിയിൽ പുസ്തകം പ്രകാശനം ചെയ്യുമെന്ന് അനൂപ് സർദേശായ് പറഞ്ഞു. രവീന്ദ്രഭവൻ ചെയർമാനും ബിജെപി നേതാവുമായ ദാമോദർ നായിക്കാണു പ്രകാശനം കർമ്മം നടത്താനിരുന്നത്.