അയയ്ക്കാത്ത കത്തുകളുടെ കാവൽക്കാരൻ 

വെറും സാധാരണക്കാരനായ ഒരു നാട്ടിൻപുറത്തുകാരന്റെ സ്നേഹത്തിന്റെ ഓർമ്മകളിലേക്കാണ് പാത്തുമ്മയുടെ ആടും ബാല്യകാലസഖിയുമൊക്കെ എത്തിച്ചേരുന്നത്. കുട്ടിക്കാലം ബഷീറിയൻ കഥകളാൽ സമൃദ്ധമായ ഒരാൾക്ക് അദ്ദേഹത്തിന്റെ കൃതികളെ ഉപേക്ഷിക്കാനെ ആകില്ല.

സ്‌കൂളിലേക്ക് പോകുന്ന വഴിയിൽ നീളൻ വരാന്തകളുള്ള വീട്ടിലേയ്ക്ക് പതിവായി കണ്ണുകളോടിക്കും. അവിടെ നല്ല ചെരിവുള്ള ചാരു കസേരയിൽ നീണ്ടു നിവർന്നു കിടന്നൊരാൾ മുറ്റത്തെ ചാമ്പ മരത്തിലേക്ക് കണ്ണുകളെറിഞ്ഞു ചിരിക്കുന്നുണ്ടോ എന്നാണു ആ നോട്ടം ഉദ്ദേശിക്കുന്നത്. ആ പ്രായത്തിൽ ബഷീറിനെ സ്‌കൂളിൽ പഠിച്ചിട്ടുള്ള ആരും അത്തരമൊരു നോട്ടം പ്രതീക്ഷിച്ചിട്ടുണ്ടാകണം, അരപ്ലെയ്‌സുള്ള ഒരു നീളൻ വരാന്തയും അര മീശയുള്ള, പൊക്കമുള്ള ബഷീറും. സ്‌കൂൾ പഠനകാലത്തുള്ള വായനകൾ ഏറ്റവുമധികം കൊതിപ്പിച്ചതും പൈങ്കിളിവത്കരിച്ചതും ബഷീർ വായനകൾ തന്നെയാണ്. ആഴ്ചപ്പതിപ്പുകളിലെ പൈങ്കിളി വായനകളല്ല, മറിച്ച് സാഹിത്യവും പൈങ്കിളിയും വളരെ നേർത്ത നൂലിഴമേൽ ഇഴ നെയ്തു മെരുക്കി മോൾഡ് ചെയ്തെടുത്തു സുന്ദരമായ വാക്കുകൾ.

കുട്ടിക്കാലം മുതൽ അറിയേണ്ട ഒരാൾ തന്നെയാണ് ബഷീർ. കാരണം ഭാഷയുടെ മണമുള്ള സാഹിത്യം എഴുതുന്ന വളരെ കുറച്ചു സാഹിത്യകാരിൽ ഒരാളായിരുന്നു അദ്ദേഹം. യാതൊരു ബന്ധവുമില്ലാത്ത മനുഷ്യരോട് വരെ ഇന്നലെ കണ്ടു മറന്നാലെന്നത് പോലെ സംസാരിക്കാൻ തക്ക മാനുഷികത നെഞ്ചിൽ പേറിയ ഒരു സാധാരണ മനുഷ്യൻ. പ്രണയത്തെ കുറിച്ചും ബന്ധങ്ങളെ കുറിച്ചും സരസമായും വികാരതീക്ഷ്ണമായും കുറിച്ച അസാമാന്യ പ്രതിഭ.

എഴുത്തുകളെ കുറിച്ച് ചോദിച്ചു അയച്ച ഒരു ചെറിയ കത്തിന് പതിനെട്ടു പേജുള്ള നീണ്ട മറുപടി അയച്ച ബഷീറിന്റെ സ്നേഹം ഇന്നും എഴുത്തുകാരി കെ എ ബീന അടയാളപ്പെടുത്തുന്നുണ്ട്. "പൊന്നമ്പിളി" എന്ന വിളിപ്പേരിൽ അദ്ദേഹം വിളിച്ച ബീന അദ്ദേഹം അയച്ച കത്തുകൾ ചേർത്ത് വച്ച് പുസ്തകവും പുറത്തിറക്കിയിട്ടുണ്ട്. "ബഷീറിന്റെ കത്തുകൾ"  എന്ന പേരിൽ ഡി സി പ്രസിദ്ധീകരിച്ച ഈ പുസ്തകം ഏറെ വായിക്കപ്പെടുകയും ചെയ്തു. കത്തുകളാണെങ്കിൽ പോലും സാഹിത്യത്തോടും അക്ഷരങ്ങളോടും സ്നേഹമെന്ന വികാരത്തോടും ഏറെ നീതി പുലർത്തുന്നവയായിരുന്നു ആ കത്തുകൾ എന്നും ബീന പറയുന്നു.


"ഓരോ യാത്രയും കഴിയുമ്പോള്‍ നിങ്ങള്‍ മറ്റൊരാളാകുന്നു’ എന്ന് ചൈനീസ് പഴമൊഴി. അന്ന് വൈലാലില്‍ വീട്ടില്‍നിന്ന് മടങ്ങിയപ്പോള്‍ സ്‌നേഹത്തിന്റെ മഹാസ്പര്‍ശമറിഞ്ഞ ഒരാളെക്കണ്ട അനുഭവം എന്നെയും മറ്റൊരാളാക്കി- ആ യാത്രയോടെ ഷാഹിനയുടെ റ്റാറ്റ എനിക്കും റ്റാറ്റയായി." വിവാഹ ശേഷമുള്ള ആദ്യ യാത്ര പ്രിയപ്പെട്ട എഴുത്തുകാരന്റെ വീട്ടിലേയ്ക്കായിരുന്നതിന്റെ ഓർമ്മയിൽ കെ എ ബീന സ്വയം അദ്ദേഹത്തിന്റെ മകളായി മാറുന്നു.

അടുത്ത് ചേർന്നവരെയൊക്കെ സ്വന്തം പോലെ ചേർത്ത് നിർത്തിയ മനുഷ്യൻ തന്നെയായിരുന്നു വൈക്കം മുഹമ്മദ് ബഷീർ. ജാതിയുടെയോ മതത്തിന്റെയോ വേരുകളല്ല മനുഷ്യത്വത്തിന്റെ വേരുകളിൽ കൂടി യാത്ര നടത്തിയ ഉറച്ച നിലപാടുകളുള്ള മനുഷ്യൻ. "എടിയേ" എന്ന അദ്ദേഹത്തിന്റെ വിളിയിൽ പൂത്തു തളിർക്കുന്ന ഒരു റോസാച്ചെടി പോലെ ഫാബി ബഷീർ, അദ്ദേഹത്തിന്റെ ഭാര്യ. പ്രിയപ്പെട്ടവന്റെ ഓർമ്മകളിൽ ഒരു സ്ത്രീയ്ക്ക് എന്തൊക്കെ ചെയ്യാനാകും? എന്തുമാകാം, ഫാബി ചെയ്തത് ഒരു പുസ്തകമെഴുതുക തന്നെയായിരുന്നു. എഴുത്തുകാരനായ ഭർത്താവിന്റെ ഓർമ്മകളിലേക്ക് ഒരു മടക്കയാത്ര. "എടിയേ" എന്ന പുസ്തകം ബഷീറിന്റെ വീടിനുള്ളിലെ കുടുംബസ്ഥന്റെ അനുഭവ രീതികളെ വരഞ്ഞു വയ്ക്കുന്നു. ഫാബിയ്ക്ക് മാത്രം അറിയുന്ന ടാറ്റ എന്ന ബഷീറിയൻ ശൈലികൾ വായനക്കാരനും അതോടെ സുപരിചിതമാകുന്നു.

വെറും സാധാരണക്കാരനായ ഒരു നാട്ടിൻപുറത്തുകാരന്റെ സ്നേഹത്തിന്റെ ഓർമ്മകളിലേക്കാണ് പാത്തുമ്മയുടെ ആടും ബാല്യകാലസഖിയുമൊക്കെ എത്തിച്ചേരുന്നത്. കുട്ടിക്കാലം ബഷീറിയൻ കഥകളാൽ സമൃദ്ധമായ ഒരാൾക്ക് അദ്ദേഹത്തിന്റെ കൃതികളെ ഉപേക്ഷിക്കാനെ ആകില്ല. അതുകൊണ്ടുതന്നെ എഴുതിവയ്ക്കപ്പെട്ടു പോസ്റ്റ് ചെയ്യാൻ കഴിയാതെ പോയ എത്രയോ കത്തുകളിൽ ബഷീറിന്റെ ഓർമ്മകൾ ഇപ്പോഴും മയങ്ങി കിടക്കുന്നു. ചിതലരിച്ചു പഴകിപ്പോയ ഓർമ്മകൾ... എങ്കിലും മറ്റൊരാൾക്കയച്ച അദ്ദേഹത്തിന്റെ കത്തുകളിൽ കാണാനാകും ആ സ്നേഹത്തിന്റെ മങ്ങാത്ത പ്രകാശം.

"പ്രിയപ്പെട്ട ബീനേ,
പ്രപഞ്ചങ്ങളായ എല്ലാ പ്രപഞ്ചങ്ങളുടെയും വെളിച്ചവും ചൈതന്യവുമായ സനാതനസത്യം -കാരുണ്യവാനായ ദൈവം ബീനയെ അനുഗ്രഹിക്കട്ടെ. എല്ലാ സൗഭാഗ്യങ്ങളും തന്ന്. അങ്ങനെയങ്ങനെ അനുഗ്രഹാശിസ്സുകളോടെ ബീന മുന്നോട്ടുപോകുക. വയസ്സ് ഇരുപത്തി ഒന്നാണല്ലേ. കൊച്ചുപെണ്ണാണ്. ഓര്‍ക്കുക: ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യം സൂക്ഷിക്കണം. തലയും മറ്റും സ്വന്തമാക്കിത്തന്നെവയ്ക്കണം. ചിന്തിക്കാന്‍ പഠിക്കുക. തല ഗ്യാസ്‌കുറ്റി ആക്കരുത്. ഇതൊക്കെ ഓര്‍ത്തുകൊണ്ട് സുഖദു:ഖങ്ങളിലൂടെ ജീവിക്കുക. ദീര്‍ഘദീര്‍ഘമായ സുവര്‍ണ്ണകാലമാണു ബീനയുടെ മുമ്പിലുള്ളത്. ധൈര്യത്തോടെ മുന്നോട്ടുപോകുക. മംഗളം.


ഇനി എന്താണു അമ്പിളിക്കുവേണ്ടത്? ബീനക്കൊച്ചിന്റെ സ്‌നേഹം നിറഞ്ഞ കത്തു കിട്ടിയിട്ടു രാപകലുകള്‍ കുറെ ആയി. ഈ കാലങ്ങളിലെല്ലാം അമ്പിളിക്കു മറുപടി എഴുതണമല്ലോ എന്നുള്ള ഓര്‍മ്മയുണ്ടായിരുന്നു. കത്തുവായിച്ചുകഴിഞ്ഞപ്പോള്‍ അമ്പിളി എന്നുള്ള പേരാണു മനസ്സില്‍ത്തങ്ങിയത്. അങ്ങനെ അമ്പിളിയെയുംകൊണ്ട് ഇക്കണ്ട ദിവസങ്ങളിലെല്ലാം സുന്ദരമായി നടന്നു. അമ്പിളിയോട് അല്പസ്വല്പം സ്‌നേഹവും തോന്നി. ആള്‍ മഹാമണ്ടനാണെന്നുള്ളതിനു തെളിവു വേറെ വല്ലതും വേണോ? മറുപടി എഴുതാനായി കത്ത് ഇപ്പോള്‍ വായിച്ചപ്പോള്‍ - ഹെഡാ ഈ കെ.എ.ബീന കോസ്രാക്കൊള്ളി ഏത്? എന്റെ ഇഷ്ടക്കാരി അമ്പിളിയല്ലേ? ദൈവംതമ്പുരാനേ, ഞാന്‍ കത്തു ആര്‍ക്കെഴുതും? അതുപറ! ഈ ട്രാജഡിയില്‍ ഞാന്‍ എങ്ങനെ പെട്ടു? ആള്‍ മരമണ്ടുസുതന്നെ. ച്ചിരിപ്പിടിയോളം മോഹഭംഗവുമുണ്ട്. ഞാന്‍ പൊന്നമ്പിളി എന്നൊക്കെ പറഞ്ഞുനടന്നതാണ്. പോട്ടെ; പോട്ടെ. ബീനയെ എനിക്കു ഒരു പരിചയവും തോന്നീല്ല കേട്ടോ. ഈ കോസ്രാക്കൊള്ളി ഏതെന്നുവരെ ചിന്തിച്ചുപോയി. കത്തു പിന്നെയും വായിച്ചു. അങ്ങനെയാണു ബീനയ്ക്കു മറുപടി എഴുതുന്നത്." (കെ എ ബീനയ്ക്ക് ബഷീർ അയച്ച കത്തുകളിൽ നിന്ന്)

ബഷീറിന്റെ മറുപടി കത്തുകളിൽ മുറ്റത്ത് ഒരു ചാമ്പമരം പൂവിടുന്നുണ്ട്... അതിൽ നിറയെ ചുവന്ന നിറമുള്ള ചാമ്പങ്ങകൾ മൂത്തുപഴുത്തു ഞാന്നു കിടക്കുന്നുണ്ട്. സ്‌കൂളിലെ വഴികളിൽ നിന്നും പെൺ നോട്ടങ്ങൾ ഇപ്പോഴും ചാഞ്ഞും ചരിഞ്ഞും ചാമ്പങ്ങകളിലേയ്ക്കും ചിലപ്പോഴൊക്കെ ചാരുകസേരയിൽ കിടക്കുന്ന ആറടിപ്പൊക്കക്കാരനിലേയ്ക്കും പാളി വീഴുന്നുമുണ്ട്. ഒരു ദിവസം കൈനിറയെ ചാമ്പക്കയുമായി ഗേറ്റിനരികിൽ നിന്ന് അദ്ദേഹം അമ്പരപ്പിക്കുമെന്ന ബഷീറിയൻ വിശ്വാസം.
ചിതലരിച്ച അയക്കാത്ത കത്തുകൾക്ക് മുകളിൽ ചിതലരിക്കാത്ത വായനയുടെ സ്നേഹം. മുറ്റത്തെ ചാമ്പങ്ങ മരത്തിനും അയക്കാത്ത കത്തുകൾക്കും കാവൽക്കാരനായ ബഷീർ എന്ന സ്നേഹം...