വായിച്ചാൽ വിളഞ്ഞു വളരും വായിച്ചില്ലേൽ വളഞ്ഞു വളരും... കുഞ്ഞുണ്ണി മാഷിന്റെ വളരെയേറെ രസം നിറഞ്ഞ ചൊല്ലുകൾ അറിയാത്ത മലയാളി ഉണ്ടാകുമോ? നിരവധി ചൊല്ലുകളാൽ സമൃദ്ധമായിരുന്നു കുഞ്ഞുണ്ണി മാഷിന്റെ എഴുത്തുകൾ. കുട്ടികളുടെ പ്രിയപ്പെട്ട മുത്തശ്ശനായും വട്ട കണ്ണട വച്ച മുതിർന്നവരുടെ പ്രിയ മാഷായും അദ്ദേഹം പ്രിയപ്പെട്ടവനായി.
ദാർശനിക ആശയങ്ങളിലുള്ള കവിതകൾ കൊണ്ടാണ് കുഞ്ഞുണ്ണി മാഷ് ആസ്വാദകരുടെ ഹൃദയത്തിൽ ഇടം നേടിയത്. പൊതുവേ കുട്ടി കവിതകളാണ് കുഞ്ഞുണ്ണി മാഷിനെ പ്രശസ്തനാക്കിയതെങ്കിലും അത്തരം കുഞ്ഞു കവിതകളിൽ ഉറച്ചു പോയ ഒരു കവി ആയിരുന്നില്ല അദ്ദേഹം. പക്ഷേ എന്തു തന്നെ ആയാലും ആ കുഞ്ഞു കവിതകളോളം ദാർശനികത മലയാളത്തിൽ മറ്റൊരു കവിയ്ക്കും നൽകാൻ ആയിട്ടില്ല. അതും വളരെ ലളിതമായ മലയാളത്തിൽ, കുഞ്ഞുങ്ങൾക്ക് പോലും മനസ്സിലാകുന്ന ഭാവുകത്വത്തോടെ. അതുകൊണ്ട് തന്നെ ജപ്പാനിലെ ഹൈക്കു കവിതകളോട് കുഞ്ഞുണ്ണിക്കവിതകളെ സാദൃശ്യപ്പെടുത്താറുണ്ട് പലപ്പോഴും ആസ്വാദകർ.
നർമ്മരസപ്രധാനമായ സംഭാഷണവും കലാനിപുണതയും എന്നുമുണ്ടായിരുന്നു ആ ഇത്തിരി മനുഷ്യനിൽ. എഴുത്തുകാരൻ മാത്രമായിരുന്നില്ല കുഞ്ഞുണ്ണി എന്ന വ്യക്തി. നല്ലൊരു ചിത്രകാരനും കൂടിയായിരുന്നു. അതുമാത്രമോ ഭൂമിഗീതം എന്നൊരു സിനിമയിൽ അദ്ദേഹം അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. നാടോടി ശൈലിയിലാണ് ചിത്രകലയെ മാഷ് സമീപിച്ചിരുന്നത്. വരയുടെ ആന്തരിക സൗന്ദര്യത്തിൽ ഏറെ മുഴുകി നില്ക്കുന്ന നിറക്കൂട്ടുകൾ കാഴ്ചക്കാരന്റെ കണ്ണിനെ മാത്രമല്ല മനസ്സിനെയും സ്വാധീനിക്കാൻ പോന്നതായിരുന്നു. പക്ഷേ ചിത്രങ്ങളില്‍ പലതും തന്റെ സുഹൃത്തുക്കൾക്കും മറ്റും നൽകിയതിനാൽ അവ ഇപ്പോൾ നഷ്ടപ്പെട്ട അവസ്ഥയിലാണ്. അതിനാൽ തന്നെയാകണം മാഷിനെ ചിത്രകാരനെന്ന നിലയിൽ അധികം ആരും അറിയാതെ പോയത്.
1.കേട്ടപ്പോൾ കാണാൻ തോന്നി
കണ്ടപ്പോൾ കെട്ടാൻ തോന്നി
കെട്ടിയപ്പോൾ , കഷ്ടം പെട്ടുപൊയെന്നും തോന്നി
തോന്നലാണിതെല്ലാമെന്നതാശ്വാസമെന്നും തോന്നി
പുലരുമ്പോൾ പഠിച്ചാൽ , പഠിപ്പ് പുലരും
മിന്നുന്നതൊന്നും പൊന്നല്ലെങ്കിലും മിന്നാത്തതൊന്നും പൊന്നല്ല
പിന്നോട്ടു മാത്രം മടങ്ങുന്ന കാലുകൊണ്ടല്ലയോ
മുന്നോട്ടു പായുന്നിതാളുകൾ
- എനിക്കു തന്നെ കിട്ടുന്നു ഞാനയക്കുന്നതൊക്കെയും
ആരിൽ നിന്നെന്നേ നോക്കൂ വിഡ്ഢിശ്ശിപായിയീശ്വരൻ
ഇങ്കു ലാബിലും, സിന്ദാ ബാദിലും ഇന്ത്യ തോട്ടിലും
ഉണർന്നിരിക്കുമ്പോളുദാസീനമായി-
ട്ടൊരു നിമിഷവും കളയരുതൊരാളും
- ഉടുത്തമുണ്ടഴിച്ചിട്ടു പുതച്ചങ്ങു കിടക്കുമ്പോൾ
മരിച്ചങ്ങു കിടക്കുമ്പോഴുള്ളൊരു സുഖമുണ്ടിടാം
എഴുത്ത് പോലെ മഹത്താണ് വായനയും രണ്ടും സർഗാത്മകമാണ്
അത്ഭുതമെന്നൊരു സാധനം കൊണ്ടല്ലോ
സൃഷ്‌ടിച്ചതീശ്വരൻ എന്നെ നന്നായ്
എന്നിട്ടതിന്‍ ബാക്കിയെടുത്തവന്‍
ഒപ്പിച്ചതീ പ്രപഞ്ചത്തിനേയും..!
- ഒരക്ഷരത്തിന് നീളമധികം
ഒരക്ഷരത്തിന് വണ്ണമധികം
എന്റെ പേരില്‍ ഒരക്ഷരം
മാത്രമേ എന്നെപ്പോലെയുള്ളൂ..!
12.കൊച്ചിയില്‍ നിന്നും കൊല്ലത്തെത്തിയ
കുസൃതിക്കാരൻ പൂച്ച
കാപ്പിക്കടയിൽ കഥകൾ പറഞ്ഞു
കാപ്പി കുടിച്ചുരസിച്ചു
കാപ്പി കുടിക്കാൻ കൂടെക്കേറിയ
കൊതിയച്ചാരൻ ഈച്ച
കഥകൾ കേട്ടുചിരിച്ചു പിന്നെ
കാപ്പിയിൽ വീണു മരിച്ചു..!
വളരെ രസകരവും ദാർശനിക പ്രധാനവുമായ ഇത്തരം എത്രയധികം കുഞ്ഞു കവിതകൾ കുഞ്ഞുണ്ണി മാഷെ ഓർമ്മിക്കാൻ മലയാളിയുടെ മനസ്സിൽ ഇപ്പോഴും തത്തിക്കളിക്കുന്നുണ്ട്. എണ്ണിയാലൊടുങ്ങാതെ സമുദ്രം പോലെ അവയങ്ങു പറന്നു കിടക്കുകയുമാണ്. അദ്ദേഹത്തിന്റെ വാക്കുകളുടെ ലാളിത്യം കൊണ്ട് തന്നെ ബാല സാഹിത്യ കർത്താവായാണ് കുഞ്ഞുണ്ണിമാഷ് പുറമേ അറിയപ്പെട്ടതും. മാത്രമല്ല തനിയ്ക്ക് വരുന്ന കുട്ടികളുടെ കത്തുകൾക്ക് പോലും ഒരു മുത്തശ്ശനായി നിന്ന് കൊണ്ട് അദ്ദേഹം മറുപടികൾ അയക്കുകയും ചെയ്യുമായിരുന്നു.
ഞായപ്പള്ളി ഇല്ലത്തെ നീലകണ്ഠൻ മൂസതിന്റെയും അതിയാരത്തു നാരായണിയമ്മയുടെയും മകനായി 1927 മേയ് 10-ന് ആണ് കുഞ്ഞുണ്ണി ജനിയ്ക്കുന്നത്. തന്റെ വലപ്പാടുള്ള തറവാട്ടിൽ 2006 മാർച്ച് 26-നു ലോകത്തോട് യാത്രയും പറഞ്ഞു. "പൊക്കമില്ലായ്മയാണെന്റെ പൊക്കം" എന്ന് പറഞ്ഞു തന്റെ പൊക്കമില്ലായ്മയെ കളിയാക്കവരോട് തന്റേടത്തോടെ മറുപടിയും നല്കി അദ്ദേഹം. ആ കുറിയ്ക്കു കൊള്ളുന്ന മറുപടി ആർക്കു മറക്കാൻ കഴിയും?
സാഹിത്യ അക്കാദമി പുരസ്കാരം നൽകി കുഞ്ഞുണ്ണി മാഷിനെ ആദരിച്ചിട്ടുണ്ട്. അതിലും എത്രയോ ഏറെയായിരുന്നു അദ്ദേഹത്തിന് കുഞ്ഞുങ്ങളിൽ നിന്നും തന്റെ പ്രിയ വായനക്കാരിൽ നിന്നും ലഭിച്ച ആദരവും സ്നേഹവും. അല്ലെങ്കിലും ഒരു എഴുത്തുകാരൻ ജനിയ്ക്കുന്നത് വായനക്കാരന്റെ ഉള്ളിലാണല്ലോ. അതിനാൽ തന്നെയാണ് ആ എഴുത്തുകാരന് മരണം ഇല്ലാത്തതും. കുഞ്ഞുണ്ണി മാഷിനെയും അദ്ദേഹത്തിന്റെ കുഞ്ഞു കവിതകളെയും മലയാളം ഉള്ള കാലത്തോളം മറക്കാൻ എത്ര ന്യൂ ജനറേഷൻ വന്നാലും മലയാളിയ്ക്ക് ആകുമെന്ന് തോന്നുന്നില്ല. അത്രയധികം വരികൾ കൊണ്ട് ജിവിതം വരച്ചു വച്ചിട്ടുണ്ട് അദ്ദേഹം.