വിഷാദത്തിന്റെ മലവെള്ളപ്പാച്ചിലില്‍ ജീവിതം കുത്തിയൊലിച്ചുപോയവള്‍. ബാല്യകാലം മുതല്‍ക്കേ നേരിടേണ്ടിവന്ന ലൈംഗികപീഡനങ്ങളും വിഷാദവും കുടുംബജീവിതത്തിന്റെ സുഗമമായ പ്രയാണത്തിന് വിഘാതം സൃഷ്ടിക്കുകയും തന്മൂലം അമ്മയാകാനുള്ള ആഗ്രഹം പോലും വേണ്ടെന്ന് വയ്ക്കുകയും ചെയ്യേണ്ടിവന്നവള്‍. ഒടുവില്‍ 1941 മാര്‍ച്ച് 18 ന് രാവിലെ 11.30 ന് ഔസ് നദിക്കരയില്‍ നോക്കിനില്ക്കവെ ഏതോ മുന്‍തീരുമാനം പോലെ കോട്ടിന്റെ കീശയിലേക്ക് വലിയൊരു കല്ല് കെട്ടിവച്ച് നദിയിലേക്ക് എടുത്തുചാടി ജീവിതം അവസാനിപ്പിച്ചവള്‍. ഇത് വെര്‍ജീനിയ വൂള്‍ഫ്.
അമ്പത്തിയൊന്‍പതാം വയസില്‍ ആത്മഹത്യ ചെയ്യുന്ന നാള്‍വരേയ്ക്കും കാറ്റില്‍പെട്ട തിരിനാളം പോലെ ആടിയുലയുകയായിരുന്നു വെര്‍ജിനീയായുടെ ജീവിതം. മനോരോഗത്തിന്റെ ചങ്ങലക്കൊളുത്തുകളില്‍ വീണുപിടയുകയായിരുന്നു അവള്‍. മാനിക് ഡിപ്രഷനും ബൈപോളാര്‍ ഡിസോര്‍ഡറും അവളുടെ ജീവിതത്തില്‍ മാറിമാറി വന്നുകൊണ്ടിരുന്നു.
വീടുകളില്‍ കഴിഞ്ഞതിനെക്കാളേറെ വെര്‍ജിനീയ ആശുപത്രികളിലായിരിക്കാം കൂടുതലും കഴിഞ്ഞിട്ടുണ്ടാവുക എന്ന് പോലും ന്യായമായും സംശയിക്കാവുന്നതാണ്. പക്ഷേ മനോരോഗത്തിന്റെ ഓരോ മൂര്‍ദ്ധന്യാവസ്ഥകളും വെര്‍ജീനിയായ്ക്ക് നിറച്ചുകൊടുത്തത് സര്‍ഗ്ഗാത്മകതയുടെ എഴുത്തുമഷികളായിരുന്നു.
റ്റൂ ദ ലൈറ്റ് ഹൗസ്, മിസിസ് ഡാലോവെ എന്നീ നോവലുകളും ഫെമിനിസ്റ്റ് ലേഖനമെന്ന് വിലയിരുത്തപ്പെടുന്ന 'എ റൂം ഓഫ് വണ്‍സ് ഓണ്‍' എന്നിവയും വെര്‍ജീനിയ എഴുതിയത് രോഗത്തില്‍നിന്ന് മുക്തിനേടി വന്ന കാലഘട്ടത്തിലായിരുന്നു. ആറാം വയസിലായിരുന്നു വെര്‍ജിനീയ ആദ്യമായി ലൈംഗികപീഡനത്തിന് ഇരയായത്. അര്‍ദ്ധസഹോദരനായ ജോര്‍ജ് ആയിരുന്നു പ്രതി. ഇരുപത്തിയൊന്നുവയസു വരെ അവള്‍ക്ക് അതിന് ഇരയായി നിന്നു കൊടുക്കേണ്ടിവന്നു. അപ്പോഴേയ്ക്കും ലൈംഗികതയെക്കുറിച്ചുള്ള സകലമതിപ്പും അവള്‍ക്ക് നഷ്ടമായി പോവുകയും ചെയ്തിരുന്നു.
അതുകൊണ്ടാണ് പില്ക്കാലത്ത് ഭര്‍ത്താവിനോട് 'എനിക്ക് നിങ്ങളോട് യാതൊരുവിധത്തിലുള്ള ലൈംഗികതാല്പര്യവും തോന്നുന്നില്ല' എന്നവൾക്ക് പറയേണ്ടി വന്നതും. ഭാര്യയുടെ മാനസികാവസ്ഥകളെയും സര്‍ഗ്ഗാത്മകതയെയും അതതിന്റേതായ അര്‍ത്ഥത്തില്‍ മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്ന വ്യക്തിയായിരുന്നു ഭര്‍ത്താവ് ലിയോനാര്‍ഡ്. എന്നിട്ടും വെര്‍ജീനിയായ്ക്ക് കുട്ടികള്‍ ജനിക്കാന്‍പാടില്ല എന്ന ഡോക്ടേഴ്‌സിന്റെ നിര്‍ദ്ദേശം വളരെ ഹൃദയഭേദകമായിരുന്നു ഭര്‍ത്താവ് എന്നനിലയില്‍ ലിയോനാര്‍ഡിനെ സംബന്ധിച്ച്.
ഇരുപതാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് സാഹിത്യത്തെ ഏറ്റവും അധികം സ്വാധീനിച്ച പ്രതിഭയായിരുന്നു വെര്‍ജീനിയ. ബോധധാരാസമ്പ്രദായത്തിലുള്ള രചനയായിരുന്നു അവളുടേത്. സ്വന്തം മനസ്സിന്റെ പ്രതിഫലനങ്ങള്‍ കഥാപാത്രങ്ങളിലേക്ക് സന്നിവേശിപ്പിക്കുകയായിരുന്നു വെര്‍ജീനിയ ചെയ്തിരുന്നത്.
തന്റെ എല്ലാ കുറവുകളിലും തന്നോട് ചേര്‍ന്നുനടന്നിരുന്ന തന്റെ പ്രിയതമനോടുള്ള സ്‌നേഹം വ്യക്തമാക്കുന്ന ഹൃദയസ്പര്‍ശിയായ ഒരു ആത്മഹത്യാക്കുറിപ്പ് എഴുതിവച്ചിട്ടാണ് നദിയില്‍ അവള്‍സ്വജീവിതം വലിച്ചെറിഞ്ഞത്...