ആത്മഹത്യയിലേക്കടുക്കുന്ന പെണ്ണെഴുത്തുകാരികൾ 

ഒരുകാലത്തെ പെണ്ണെഴുത്തുകാരികൾ ആത്‍മഹത്യയെ പ്രേമിച്ചിരുന്നുവോ? സിൽവിയ പ്ലാത്ത് മുതൽ നന്ദിത വരെ...

ഭ്രാന്തിന്റെയും ഉന്മാദത്തിന്റെയും വിഷാദത്തിന്റെയും എല്ലാ അറ്റങ്ങളിലേക്കും ഒരു ഊഞ്ഞാലിലെന്നതുപോലെ യാത്ര ചെയ്യുക, തിരികെ വന്നു ഏറ്റവും നിർവ്വികാരയായിരിക്കുക, മരണത്തിന്റെ പടുകുഴിവരെ ചെന്നെത്തിയശേഷം പലപ്പോഴും തിരികെയെത്തുക, നാമറിഞ്ഞ എത്രയോ എഴുത്തുകാരികളെ ഇങ്ങനെ അടയാളപ്പെടുത്താമെന്നോ! 

ഒരുപക്ഷെ ജീവിതവും എഴുത്തും പാതിവഴിയിൽ നിർത്തി പടിയിറങ്ങിപ്പോയ എത്രയോ എഴുത്തുകാരികൾക്ക് ഉദാഹരണമായി ചൂണ്ടി കാട്ടാൻ മുന്നിലൊരാളുണ്ടായിരുന്നു. തനിക്ക് മുൻപേ ആത്മഹത്യയെന്ന മനോഹരമായ കവിതയായി  മാറിയ എഴുത്തുകാരികൾ. തൊട്ടുമുന്നിൽ സഞ്ചരിച്ചവരുടെ വഴികളെ കൂട്ടുപിടിച്ച് പലരും അങ്ങനെ യാത്ര ചെയ്തു, നാമറിയുന്നവരും അറിയാത്തവരുമായ എത്രയോ എഴുത്തുകാരികൾ. 

അമേരിക്കക്കാരനായ ജെയിംസ് സി കോഫ്മാന്‍ ആത്മഹത്യ ചെയ്ത എഴുത്തുകാരിയുടെ ജീവിതം പഠനവിഷയമാക്കി നിരവധി ലേഖനങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. സർഗ്ഗാത്മകതയിൽ നിരന്തരം ഏർപ്പെടുന്നവർക്ക് ഉന്മാദ-വിഷാദ രോഗങ്ങൾ കൂടുതലായി ഉണ്ടാകാനും അത് ജീവിതത്തെ ബാധിക്കാനുമുള്ള സാധ്യതകൾ ഉണ്ടാകാനുമുള്ള അവസരങ്ങൾ ഉണ്ടെന്നു അദ്ദേഹം കണ്ടെത്തി. പ്രത്യേകിച്ച് ഈ അവസ്ഥകൾ അധികമുണ്ടാവുക സ്ത്രീകൾക്ക് തന്നെയാകുമെന്നും ജെയിംസ് അഭിപ്രായപ്പെട്ടു. അതിനായി അദ്ദേഹം ഏറ്റവുമധികം ഉദ്ധരിച്ച പേര്, സിൽവിയ പ്ലാത്തിന്റേതായിരുന്നു.

ഇത്തരത്തിൽ ആത്മഹത്യ പ്രവണതയുമായി നടക്കുന്ന സർഗ്ഗാത്മകതയുള്ള സ്ത്രീകളുടെ മാനസിക അവസ്ഥയ്ക്ക് 'സിൽവിയ പ്ലാത്ത് എഫക്ട്' എന്ന പേരുനൽകിയതും ജെയിംസ്  തന്നെയാണ്. ഒരുപക്ഷെ എഴുത്തുകാരികളായി അറിയപ്പെടുന്ന നല്ലൊരു ശതമാനത്തിനും ഈ ഇഫക്ടിന്റെ ഏറ്റക്കുറച്ചിൽ അനുസരിച്ചുള്ള പ്രശ്നങ്ങളിൽ നിന്ന് മുക്തി നേടുക അത്ര എളുപ്പമല്ല. ജീവിത രീതികൾ, അവർ ഇടപെടുന്ന വ്യക്തികൾ, ജോലി എന്നിവയെ ഒക്കെ അനുസരിച്ച് അവയിൽ മാറ്റങ്ങൾ ഉണ്ടാകാം. സ്വയം പിടിച്ചു നിൽക്കാൻ കഴിയാത്തവരോ , തൊട്ടടുത്ത് നിന്ന് പിടിച്ചുനിർത്തി ധൈര്യത്തെ പകരാൻ ആരും ഇല്ലാത്തവരുമായ എഴുത്തുകാരികൾ ഒടുവിൽ സിൽവിയയെ പോലെ ആത്മഹത്യയെ തന്നെ അഭയം പ്രാപിക്കുന്നു.

എന്താണ് രാജ ലക്ഷ്മിയെയും സിൽവിയയെയും നന്ദിതയെയും പോലെയുള്ള എഴുത്തുകാരിയുടെ ആത്‌മഹത്യയ്ക്കു പിന്നിൽ? ഒരിക്കലും സർഗ്ഗാത്മക സാഹിത്യകാരിൽ ആത്മഹത്യ ചെയ്തവരുടെ എണ്ണം ഇവിടം കൊണ്ടവസാനിക്കുന്നതല്ല. ഉള്ളിലൊരു മഞ്ഞുമല എടുത്തു വച്ചതു പോലെ ഒരായിരം സങ്കടങ്ങളുടെ ഭാരമുണ്ട് ഓരോ എഴുത്തുകാരികളുടെയും തലയ്ക്കുള്ളിൽ. പൊതുവെ ഇത്തരത്തിൽ മാനസിക രോഗങ്ങളുടെ വലിയ അവസ്ഥയിലേക്ക് എഴുത്തുകാരൻ  ചെന്ന് എത്തപ്പെടാത്തതിന്റെ കാരണം അവർക്ക് എഴുത്തു എന്നാൽ ഒരു ജോലി, അല്ലെങ്കിൽ സ്വാഭാവികമായ സർഗ്ഗപ്രക്രിയ എന്നതിനാലാണത്.

എഴുതണം എന്ന തോന്നലുണ്ടാകുമ്പോൾ ഒരു മുറിയിൽ അടച്ചിരുന്നു എഴുതാനും ആവശ്യമെന്നു തോന്നുമ്പോൾ വയറു നിറയെ കുടിക്കാനുള്ള കട്ടൻ കാപ്പി ഓർഡർ ചെയ്യാനും അവയെ പ്രതീക്ഷിച്ചിരിക്കാതെ വരുമെന്ന ഉറപ്പിനുമേൽ എഴുത്തിൽ തപസ്സിരിക്കാനും അവർക്ക് കഴിയും. വീട്ടിൽ സമാധാനം കിട്ടുന്നില്ല എങ്കിൽ സുഹൃത്തുക്കളുടെ വീട്ടിലോ മറ്റെവിടെയെങ്കിലുമോ ഒറ്റയ്ക്കിരുന്നു ഉള്ളിലെ ഫ്രസ്‌ട്രേഷനുകളെ പുറത്തേക്ക്  പകർത്തിയിട്ട് മനസ്സിനെയും ശരീരത്തെയും ഏറ്റവും ശുദ്ധമായി വയ്ക്കാൻ അവർക്ക് കഴിയുന്നുണ്ട്. എന്നാൽ എന്താണ് എഴുത്തുകാരിയുടെ കാര്യം? 

വീട്, കുഞ്ഞുങ്ങൾ, കുടുംബം, മാതാപിതാക്കൾ, ജോലി, ചിലവുകൾ ഇതൊക്കെ കഴിഞ്ഞാലും സദാചാരം നിയന്ത്രിക്കുന്ന സമൂഹത്തിന്റെ ചോദ്യം ചെയ്യലുകൾ. ഒറ്റയ്ക്ക് ഒരു വീട്ടിൽ താമസിച്ചു എഴുതുന്നത് പോയിട്ട് ഒറ്റയ്ക്ക് ഒരു മുറിയിൽ കുറച്ചു നേരം ഇരുന്നാൽ കുടുംബത്തിന്റെ ഒരായിരം കലമ്പലുകൾ, എഴുതാതെ ഇരിക്കുന്നതിന്റെ ഉള്ളിലെ പൊട്ടിത്തെറിക്കലുകൾ, എന്തെങ്കിലും എഴുതിപ്പോയാൽ അത് അവളുടെ ജീവിതമെന്ന വായനക്കാരുടെ ഊഹങ്ങളിൽ ലഭിക്കുന്ന പരദൂഷണങ്ങൾ, അതിന്മേൽ തൂങ്ങിയാടുന്ന ജീവിതങ്ങൾ... എഴുതാതെ ഇരിക്കുന്നത് തന്നെ ഭേദം എന്ന് ആലോചിച്ചു പോകുന്ന അവസ്ഥ.

എന്നാൽ എഴുതാതെ ഇരിക്കാനാകാത്ത വലിഞ്ഞു മുറുക്കലുകൾക്ക് എങ്ങനെയെങ്കിലും പുറത്തെത്തിയെ മതിയാകൂ. നിരാശകളും സമൂഹത്തോടുള്ള ദേഷ്യവും പലയിടങ്ങളിൽ നിന്നും ലഭിക്കുന്ന അവഗണകളും പ്രണയദു:ഖവുമെല്ലാം അവരെ ചിന്തകളിൽ നിന്നുവരെ ദൂരെ കൊണ്ടുപോയി എല്ലാത്തിൽ നിന്നും വിടുതൽ സ്വയം പ്രഖ്യാപിക്കും. "ജീവിച്ചിരുന്നാൽ ഞാൻ എഴുതിപ്പോകും, എഴുതിയാൽ അത് ജീവിച്ചിരിക്കുന്നവരെ വേദനിപ്പിക്കുന്നത് ആകും..." മരിക്കുന്നതിന് മുൻപ് എഴുത്തുകാരി രാജലക്ഷ്മി അവശേഷിപ്പിച്ചു പോയ കുറിപ്പുകൾ ഈ സത്യം ഉറക്കെ വിളിച്ചു പറയുന്നു. 

"ഓരോ ദിവസവും വിലപ്പെട്ടതാണ്‌. സമയം ഉരുകിത്തീരുകയാണെന്ന്‌ ഞാനറിയുന്നു. കഴിഞ്ഞ 17 വര്‍ഷങ്ങളിലേക്ക്‌ തിരിഞ്ഞുനോക്കുമ്പോള്‍ എനിക്ക്‌ ദുരന്തങ്ങളും ആനന്ദങ്ങളും കണ്ടെത്താന്‍ കഴിയുന്നുണ്ട്‌. എനിക്കിപ്പോഴും എന്നെ അറിയില്ല. ഒരുപക്ഷേ, ഒരിക്കലും അറിയാന്‍ കഴിയില്ലായിരിക്കാം. ഇപ്പോള്‍ ഞാന്‍ സന്തുഷ്‌ടയാണ്‌. ജീവിതം ഏന്നെ ആഴത്തില്‍ സ്വാധീനിക്കണമെന്ന്‌ ഞാന്‍ ആഗ്രഹിക്കുന്നു. പ്രായമാവുന്നതിനെ കുറിച്ച്‌ എനിക്ക്‌ വേവലാതിയുണ്ട്‌. വിവാഹിതയാവുന്നതിനെ കുറിച്ചും. മൂന്നുനേരവും ഭക്ഷണം പാകം ചെയ്യുന്നതില്‍ നിന്ന്‌ എന്നെ വെറുതെ വിടുക. എനിക്ക്‌ സ്വതന്ത്ര്യയാവണം. ലോകം മുഴുവന്‍ ബന്ധനങ്ങളില്ലാതെ ചുറ്റിപ്പറക്കണം. "

സ്വാതന്ത്ര്യത്തെ കുറിച്ച് പുരുഷനോളം തന്നെ വ്യക്തമായ കാഴ്ചപ്പാട് സ്ത്രീകൾക്കുമുണ്ട് എന്ന് സിൽവിയയുടെ ഈ എഴുത്തു സൂചിപ്പിക്കുന്നുണ്ട്.  സദാചാരത്തിന്റെ കെട്ടുപാടുകളിൽ സ്ത്രീകൾ ഏറ്റവുമധികം അനുഭവിക്കുന്ന അടിമത്തത്തിന്റെ ഊരാക്കുടുക്കിൽ അവരനുഭവിക്കുന്ന ഒറ്റപ്പെടലിന്റെ ദുഖമുണ്ട്. തുറന്നെഴുതാൻ ആകാത്തതിന്റെ സങ്കടങ്ങളുണ്ട്. എന്തുവന്നാലും പൊതിഞ്ഞു പിടിക്കാൻ കൈകളില്ലാത്തതിന്റെ സങ്കടങ്ങളിൽ ഉന്മാദത്തിന്റെയും വിഷാദത്തിന്റെയും കരകളിലേക്ക്  ഊയലാടി നിൽക്കുമ്പോൾ പിന്നെ നശിച്ച ലോകത്ത് നിന്നും യാത്രയാകുന്നത് തന്നെ ഭേദം എന്ന് ചിന്തിച്ചാൽ എങ്ങനെ അതിശയിക്കാൻ? 

പ്രശസ്ത എഴുത്തുകാരി വിർജീനിയ വൂൾഫും അത്തരമൊരു ആത്മഹത്യയുടെ ഇരയായിരുന്നു. നദിയിലേക്കു ചാടി ആത്മഹത്യ ചെയ്ത എഴുത്തുകാരിയും കഠിനമായ മാനസിക പ്രശ്നങ്ങളാൽ ബുദ്ധിമുട്ടിയിരുന്നു എന്ന് പറയപ്പെടുന്നു. തലയ്ക്കുള്ളിൽ എപ്പോഴും മുഴങ്ങിയിരുന്ന ഒച്ചകളാൽ അസ്വസ്ഥമായിരുന്നു വിർജീനിയയുടെ മനസ് എപ്പോഴും. പാചകവാതകം തുറന്നു വിട്ടു വിഷപുക ശ്വസിച്ച് മുപ്പതാമത്തെ വയസ്സിലായിരുന്നു സിൽവിയയുടെ ആത്മഹത്യ. ഇറ്റാലിയന്‍ കവി അമേലിയാ റോസെല്ലി ആത്മഹത്യ ചെയ്തത് നദിയിൽ മുങ്ങിയായിരുന്നു, സുപ്രസിദ്ധ ജര്‍മ്മന്‍ കവി ഇങ്മില്ലര്‍ മരിച്ചത് പ്രണയം നഷ്ടപ്പെട്ടത് കൊണ്ടുള്ള തകർച്ച മൂലമാണെന്ന് പറയപ്പെടുന്നു. ഏകാന്തമായ ജീവിതങ്ങളിലേക്ക് സാഹിത്യത്തിന്റെ കൂട്ട് കിട്ടുകയും എന്നാൽ അത് പെട്ടെന്നൊരിക്കൽ നഷ്ടപ്പെടുത്തേണ്ടിയും വരുമ്പോൾ അകാരണമായ ഒരു നിരാശയിലേക്ക് തള്ളിയിടപ്പെടുകയും ജീവിതം തന്നെ വഴിമുട്ടി അതിനെ അവസാനിപ്പിക്കാൻ തോന്നുകയും ചെയ്യുന്ന അവസ്ഥയിലേക്കാണ് ഈ എഴുത്തുകാരികളെല്ലാം തന്നെ ചെന്നെത്തപ്പെട്ടിരുന്നത്.

മലയാളം എഴുത്തുകാരികളിൽ നിരവധി പേരാണ് ആത്മഹത്യയിലേക്ക് ചെന്നെത്തിയത്. രാജലക്ഷ്മിയും നന്ദിതയും ഷൈനയുമൊക്കെ ഇതിൽ മുന്നിട്ടു നിൽക്കുന്നു. ഷൈനയുടെയും നന്ദിതയുടേയുമൊന്നും കവിതകൾ മരണത്തിനു മുൻപ് വായനക്കാർ അപൂർവ്വമായിരുന്നവയുമായിരുന്നു എന്ന് എടുത്തു പറയണം. അവനവന്റെ ഭ്രാന്തുകൾ ഡയറി താളുകളിലേക്ക് പകർന്നു വയ്ക്കുമ്പോൾ താൽക്കാലികമായി ലഭിച്ചിരുന്ന സമാധാനത്തിനു പക്ഷെ ആയുസ്സ് കുറവായിരുന്നുവെന്നു ഏറ്റവും അടുത്തുള്ളവർ പോലും അറിഞ്ഞത് ഇവരുടെ ആത്മഹത്യയ്ക്ക് ശേഷമാണ്. സിൽവിയ പ്ലാത്തിന്റെ കവിതകളോടുള്ള നന്ദിതയുടെയും ഷൈനയുടേയുമൊക്കെ ആഴത്തിലുള്ള ഇഷ്ടം ഒരു സൂചനകൾ തന്നെയായിരുന്നു എന്നനുമാനിക്കാം.

ഭ്രാന്തിനോടും ആത്മഹത്യയോടും അകാരണമായ ഭ്രമം. കാരണമൊന്നുമില്ലാതെ പോലും ആത്മഹത്യ ചെയ്യാൻ അവർക്കു കഴിയുമായിരുന്നിരിക്കണം, കാരണം എഴുത്തു എന്നത് നന്ദിതയ്ക്ക് ഒരു അവനവനെ പകർത്തിയെഴുത്തു എന്നതിനപ്പുറം പ്രശസ്തിയുടെ അളവുകോലായിരുന്നില്ല. എങ്കിലും പകർത്തു വയ്ക്കലിൽ പോലും ഒന്നും പൂർണമായി അവസാനിക്കപ്പെടുന്നില്ല എന്ന തോന്നലാകാം എല്ലാം ഇല്ലാതാക്കാൻ അവരെ പ്രേരിപ്പിച്ചത്. 

ജീവിച്ചിരുന്നാൽ എഴുതിപ്പോകുന്ന അവസ്ഥയിൽ അടുത്തുള്ളവരെ നോവിക്കുന്നതിന്റെ സങ്കടങ്ങളിൽ നിന്നുള്ള രക്ഷപെടലായിരുന്നു രാജലക്ഷ്മിക്ക് ആത്മഹത്യ. ഓരോ ആത്മഹത്യകളിലേക്കും സദാചാര പ്രേമിയായ മനുഷ്യന്റെ മനസ്സുണരും, കഥകളും മാറുകഥകളും ചമയ്ക്കും, അതും പ്രസ്തതയായ സ്ത്രീകളെ കുറിച്ചാകുമ്പോൾ കഥകൾക്കുണ്ടോ പഞ്ഞം? അഴിഞ്ഞാട്ടക്കാരിയും കാമാര്‍ത്തയുമായി പലരും അവരെ ചിത്രീകരിച്ചിട്ടുമുണ്ട്. എന്നാൽ അറിയുന്നവർ പറയും രാജലക്ഷ്മി എന്ന വിഷാദം നിറഞ്ഞു ചിരിക്കുന്ന മുഖമുള്ള എഴുത്തുകാരിയെകുറിച്ച്. 

ആത്മഹത്യ ചെയ്യുന്ന എഴുത്തുകാരിയുടെ എണ്ണം താരതമ്യപ്പെടുത്തുമ്പോൾ ഇന്നുകളിൽ എണ്ണം എത്രയോ കുറയുന്നുണ്ട്. കുറച്ചുകൂടി തുറന്ന സ്പെയ്സിലേക്ക് എഴുത്തുകാരികൾ എത്തിപ്പെടുന്നതിന്റെ കാരണമായിരിക്കാം. കുറച്ചുകൂടി അവസരങ്ങളും ധൈര്യവും സ്ത്രീ എഴുത്തുകാരികൾ ഇന്ന് കാലത്തിന്റെ പ്രതിഫലനമെന്നോണം നേടിയെടുക്കുന്നുണ്ട്. എങ്കിലും ആത്മഹത്യകൾ കുറയുന്നു എന്നേയുള്ളൂ അവർ അനുഭവിക്കുന്ന ഫ്രസ്‌ട്രേഷനുകൾ, അതങ്ങനെ തന്നെ കൂടിയും കുറഞ്ഞും തുടരുന്നു. ഉ്മാദത്തിന്റെയും വിഷാദങ്ങളുടെയും അറ്റങ്ങളിലേക്കുള്ള ഊഞ്ഞാലാട്ടങ്ങൾ പരമാവധിയിലധികം മനസ്സോടെ ആടി തീർക്കുകയും ചെയ്യുന്നു.