Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗോഡ്സെയെ വാഴ്ത്തുന്ന പുസ്തകം എന്തുചെയ്യണം?

godse-book-ban

ഇന്ത്യയുടെ ചരിത്രത്തിൽ ചോരയിൽ കുളിച്ചുകി‌ടക്കുന്ന ദിവസമാണ് ജനുവരി 30. അന്നു വെടിയേറ്റു വീണത് ഒരു വെറും മനുഷ്യനായിരുന്നില്ല. ഇന്ത്യയുടെ മനഃസാക്ഷി തന്നെയായിരുന്നു. മഹാത്മാവിന്റെ രക്തസാക്ഷിത്വത്തിന്റെ ആ ദിവസം ഇന്ത്യൻ ദേശീയതയ്ക്കു സ്വയം ഓർമപ്പെടുത്താനുള്ള ദിവസമാണ്. ഗാന്ധി ഘാതകനും ഇന്ത്യാ ചരിത്രത്തിൽ ഏറ്റവും അധികം വെറുക്കപ്പെടുന്ന വ്യക്തികളിൽ ഒരാളുമായ നാഥുറാം ഗോഡ്സെയെക്കുറിച്ചുള്ള ഒരു പുസ്തകം പ്രകാശനം ചെയ്യാൻ അതേ ദിവസം തിരഞ്ഞെടുക്കുക എന്നതിന് അർഥം എന്താണ്? പ്രകോപിപ്പിക്കുക എന്നല്ലാതെ. 'നാഥുറാം ഗോഡ്സെ: ദ് സ്റ്റോറി ഓഫ് ആൻ അസാസിൻ' എന്ന അനുപ് സർദേശായിയുടെ പുസ്തകമാണ് ഗോവയിൽ വച്ചു പ്രകാശനം ചെയ്യപ്പെ‌ട്ടത്.

നാഥുറാം ഗോഡ്സെയു‌ടെയും സവർക്കറിന്റെയും പിൻമുറക്കാരു‌ടെ സാന്നിധ്യത്തിലായിരുന്നു പ്രകാശനം. അസഹിഷ്ണുതയും അതേക്കുറിച്ചുള്ള സംവാദങ്ങളും ആളിക്കത്തുന്ന സാഹചര്യത്തിലാണ് ഗോഡ്സെ പുസ്തകത്തിൽ മഷി പുരളുന്നത്. എഴുത്തുകാരന്റെ‌ ഉദ്ദേശം വസ്തുതകളിലൂന്നിയ ചരിത്രമെഴുത്തല്ലെന്നതിന് അദ്ദേഹത്തിന്റെ‌ ആദ്യ പുസ്തകം തന്നെ സാക്ഷ്യം പറയുന്നു. 'മഹാത്മാസ് ബ്ലണ്ടേഴ്സ്' എന്നായിരുന്നു അതിന്റെ പേര്. മഹാത്മാവിനെ താഴ്ത്തിക്കെ‌ട്ടാനോ അദ്ദേഹത്തിന്റെ ഘാതകനെ വാഴ്ത്തുകയോ അല്ല പുതിയ പുസ്തകത്തിനു പിന്നിലെ ഉദ്ദേശമെന്നും മത​ഭ്രാന്തിന്റെ ഇരയായിരുന്നു ഗാന്ധിജിയെന്ന മിത്തിനെ അനാവരണം ചെയ്യാനാണു ശ്രമമെന്ന അവകാശവാദത്തിൽ നിന്നു തന്നെ പുസ്തകത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ചു മനസ്സിലാക്കാം. ഗോഡ്സെയു‌ടെ രാജ്യസ്നേഹത്തെയും മറ്റും വാഴ്ത്തുന്ന പുസ്തകം ഇതാദ്യമായല്ല പുറത്തിറങ്ങുന്നത്.

ഗാന്ധിയെ വധിച്ചതിനു ശേഷം ഗോഡ്സെ കുടുംബം വലിയ പ്രതിസന്ധികളിലൂ‌ടെയും കഷ്ടതകളിലൂടെയും കടന്നുപോയെന്നും അവയെ അടയാളപ്പെ‌ടുത്താനുള്ള ശ്രമമാണ് തന്റേതെന്നുമാണ് എഴുത്തുകാരൻ അവകാശപ്പെടുന്നത്. ഗോഡ്സെയെക്കുറിച്ച് ആർക്കും പുസ്തകം എഴുതാം. ഇന്ത്യ ജനാധിപത്യരാജ്യമാണല്ലോ. പക്ഷേ ചരിത്രത്തിലെ വിട്ടുപോയ അധ്യായങ്ങൾ പൂരിപ്പിക്കുകയെന്ന വ്യാജേനെ ഗോഡ്സെയെ ആദർശവൽക്കരിക്കാനും കൊണ്ടാടാനുമാണ് പുസ്തകത്തിന്റെ ശ്രമമെങ്കിൽ അതിനോട് പൊതുസമൂഹം നിശിതമായി പ്രതികരിക്കുക തന്നെ വേണം. പക്ഷേ ഗോഡ്സെയെക്കുറിച്ചുള്ള പുസ്തകം നിരോധിക്കണമോ? ഹിറ്റ്ലറ‌ുടെ ആത്മകഥ മെയ്ൻ കാംഫ് ലോകത്തെ ഏറ്റവും അപകടം പിടിച്ച പുസ്തകങ്ങളിലൊന്നാണല്ലോ. എന്നാൽ അതു നിരോധിക്കണമെന്ന് ആവശ്യപ്പെ‌ടുന്നതിൽ യുക്തിയുണ്ടോ?

ചരിത്രം വായിക്കുന്നത് അത് ആവർത്തിക്കാൻ മാത്രമല്ലല്ലോ. ആവർത്തിക്കാതിരിക്കാൻ കൂടിയാണല്ലോ. ഗോഡ്സെയെക്കുറിച്ച് പുസ്തകമെഴുതാൻ എഴുത്തുകാരനുള്ള അവകാശത്തെ മാനിക്കുക. എന്നാൽ ചരിത്രത്തോ‌ട് അനീതി കാട്ടാനുള്ള ഓരോ ശ്രമത്തെയും ജനാധിപത്യപരമായി ചെറുക്കുക. അതാണു വേണ്ടത്. ബീഫ് നിരോധനം പോലെ നിരർഥകവും അപകടകരവുമാണ് പുസ്തകങ്ങളുടെ നിരോധനവും. ഇഷ്‌ടമുള്ളവരെല്ലാം എഴുത‌ട്ടെ. എഴുതിയതിനോ‌ട് എതിർപ്പുള്ളവരും എഴുതട്ടെ. ഗാന്ധിജി ഉണ്ടായിരുന്നെങ്കിൽ ഇതുതന്നെയാവും പറയുക. അതുകൊണ്ടു ഗോഡ്സെ പുസ്തകം പുറത്തിറങ്ങട്ടെ. ചരിത്രത്തിന്റെ കുപ്പത്തൊട്ടിയിലേക്ക് വലിച്ചെറിയാനും നമുക്കു പുസ്തകങ്ങൾ വേണമല്ലോ.

Your Rating:

Overall Rating 0, Based on 0 votes

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.