വടക്കേമലബാറിലെ കേസരി വേങ്ങയിൽ നായനാരുടെ പാണപ്പുഴ തറവാടും ഇദ്ദേഹം പണിത മാതമംഗലം കൂറ്റൂർ, കാനായി വീടുകളിൽ നിന്നുമാണ് ആദ്യ ചെറുകഥ കേസരി നായനാർ പൂർത്തീകരിച്ചത്. യാത്രാ പ്രിയനായ കേസരി നായനാരുടെ തീവണ്ടിയാത്രയും, മദിരാശി നഗരവും ആദ്യ ചെറുകഥയുടെ പണിപ്പുരയായതായി നിരൂപകർ പറയുന്നുണ്ട്. ആദ്യ ചെറുകഥ വാസനാവികൃതിയുടെ മുഖ്യ കഥാപാത്രമായ ഇക്കണ്ടക്കുറുപ്പിന്റെ ജീവിത ചുറ്റുപാടും, മാനസാന്തരവും ഇവ വരച്ചുകാട്ടുന്നുണ്ട്. എന്നാൽ ആദ്യ ചെറുകഥ പൂർത്തീകരിച്ചതു കൂറ്റൂർ വീട്ടിൽ നിന്നാണെന്നു വിശ്വസിക്കുന്നു. കഥയിലെ കാടിനടുത്ത വീടും നായാട്ടും പിന്നെ നഗരജീവിതവും മദിരാശിയിലേക്കുള്ള യാത്രയും ആ കാലഘട്ടത്തിലെ സാമൂഹിക പശ്ചാത്തലം ചെറുകഥയിലൂടെ വരച്ചുകാണിക്കുന്നുണ്ട്. ഗ്രാമ-നഗര ജീവിതവും ചെറുകഥയിലുണ്ട്.
കാലം സാക്ഷി, ചരിത്രവും
ബഹുമുഖപ്രതിഭയായ കേസരി നായനാരെ അധികൃതർ അവഗണിക്കുമ്പോഴും കാലവും ചരിത്രവും മായ്ക്കാതെ നേർസാക്ഷ്യമായി മലയാള ഭാഷയ്ക്ക് ആദ്യ ചെറുകഥയുടെ ജന്മം നൽകിയ നായനാരുടെ
മാതമംഗലം കൂറ്റൂർ വീട് നായനാരുടെ ബന്ധുക്കൾ അതേപടി സംരക്ഷിച്ചു നിലനിർത്തിയിട്ടുണ്ട്. എന്നാൽ പാണപ്പുഴ തറവാട്ട് മാളിക കഴിഞ്ഞ വർഷം പൂർണമായും പൊളിച്ചുനീക്കി. തലശ്ശേരി കതിരൂരിലെയും കാനായിയിലെയും വീടുകൾ അവകാശികൾ കൈമാറി. കേസരി നായനാർ അന്ത്യവിശ്രമം കൊള്ളുന്ന പാണപ്പുഴയിൽ വേങ്ങയിൽ തറവാട്ട് അംഗങ്ങളുടെ സഹായത്താൽ മലയാള ഭാഷാ പാഠശാല നിർമിച്ച കേസരി നായനാർ സ്മൃതിമണ്ഡപമാണ് ഓർമകളെ മണ്ണിനോട് അലിഞ്ഞുചേരാതെ പുതുതലമുറയെ ഓർമപ്പെടുത്തുന്നത്.
ജനനം... വിദ്യാഭ്യാസം....എഴുത്ത്
കേസരി വേങ്ങയിൽ നായനാർ
1861ൽ തളിപ്പറമ്പ് ചവനപ്പുഴ ഹരിദാസ് സോമയാജിയുടെയും പാണപ്പുഴ വേങ്ങയിൽ കുഞ്ഞമ്മയുടെയും മകനായി ജനനം. തളിപ്പറമ്പ് ഇംഗ്ലിഷ് സ്കൂളിൽ പ്രാഥമിക പഠനം, കോഴിക്കോട് ഗവ. കോളജ്, സെയ്ദാപ്പേട്ട കാർഷിക കോളജ് എന്നിവിടങ്ങളിൽ നിന്നു ബിരുദവും നേടി. നാട്ടിൽ ശാസ്ത്രീയ കൃഷിരീതിയും എഴുത്തുകളും തുടങ്ങി. 1879ൽ തിരുവിതാംകൂറിൽ നിന്നു പ്രസിദ്ധീകരിച്ച കേരള ചന്ദ്രികയിലൂടെ 18ാം വയസ്സിൽ പത്രപ്രവർത്തകനായി തുടങ്ങിയ കേസരി നായനാർ 1888ൽ കേരള സഞ്ചാരിയുടെ മുഖ്യപത്രാധിപരായി കേസരി എന്ന തൂലികാനാമം സ്വീകരിച്ചു. മലയാള മനോരമ, വിദ്യാവിനോദിനി, ഭാഷാപോഷിണി, ജനരഞ്ജിനി തുടങ്ങിയവയിലും കേസരി എഴുതിയിട്ടുണ്ട്. ഇക്കാലത്തു വടക്കേമലബാറിൽ റെയിൽപാത വേണമെന്ന കേസരി നായനാരുടെ മുഖപ്രസംഗം ഏറെ ചർച്ചചെയ്യപ്പെട്ടു. സാഹിത്യകാരൻ, പത്രലേഖകൻ എന്നീ മേഖലയോടൊപ്പം നിയമസഭാംഗം, കൃഷി ശാസ്ത്രജ്ഞൻ, തറവാട്ട് കാരണവർ, പരിഷ്കരണവാദി എന്നീ നിലകളിലും തന്റെ 53 വർഷക്കാല ജീവിതവേളയിൽ കേസരി സജീവമായിരുന്നു.
ആദ്യ ചെറുകഥാകൃത്തായ കേസരി നായനാർ തന്നെയാണ് ആദ്യ അപസർപ്പക കഥയും മലയാള ഭാഷയ്ക്കു നൽകിയത്. 1892ൽ എഴുതിയ ‘മേനോക്കിയെ കൊന്നതാര്’ എന്ന കഥയാണ് ആദ്യ അപസർപ്പക കഥയായി അറിയപ്പെടുന്നത്. വിവിധ വിഷയങ്ങളിൽ ലേഖനങ്ങൾ നായനാർ എഴുതിയിട്ടുണ്ട്. വൈദ്യം, നാട്ടെഴുത്തച്ഛൻ, കപട വേദാന്തികൾ, ശീട്ടുകളി, ഭ്രമം, മഹാകവികളുടെ ജീവിതകാലം, സ്വഭാഷ, ആചാര പരിഷ്കാരം, കേരള ജൻമിസഭ, കൃഷി പരിഷ്കാരം എന്നിവയാണു ലേഖനങ്ങൾ. ഒരു പൊട്ട ഭാഗ്യം, ദ്വാരക, മദിരാശി, കഥയൊന്നുമല്ല, പിത്തലാട്ടം തുടങ്ങിയ ചെറുകഥകൾ നായനാർ എഴുതി.
എഴുത്തിലും ജീവിതത്തിലും പരിഷ്കരണവാദി
ജൻമം കൊണ്ടു ജൻമിയായിട്ടും കർമം കൊണ്ടും എഴുത്തിലൂടെയും കേസരി സമൂഹത്തിന്റെ വളർച്ചയ്ക്കു വേണ്ടിയാണു നിലകൊണ്ടതും പ്രവർത്തിച്ചതും. വടക്കേമലബാറിൽ 2000 ഏക്കര്‍ സ്വത്തിന്റെ തറവാട്ടു കാരണവർ സ്ഥാനം വഹിക്കുമ്പോഴും പഴയ അനാചാരങ്ങളെ എതിർക്കുകയും ഒഴിവാക്കുകയും ചെയ്തു. ജന്മി വ്യവസ്ഥയിലെ പല അനാചാരങ്ങളെയും എതിർക്കുകയും കുടിയാൻമാരെ തറവാട്ട് അംഗങ്ങളെപ്പോലെ കരുതണമെന്നും 1911 മേയ് 11നു തിരുവല്ലയിൽ നടന്ന കേരള ജൻമിസഭാ സമ്മേളനത്തിൽ ശക്തമായി വാദിച്ച വിപ്ലവകാരിയായിരുന്നു.
ചില പാശ്ചാത്യ രാജ്യങ്ങളിൽപോലും 1920ൽ ആണു സ്ത്രീകൾക്കു കോളജ് വിദ്യാഭ്യാസം നിയമമാക്കിയത്. എന്നാൽ 1910 മുതൽ കേസരി ജന്‍മിസഭയിലും നിയമസഭയിലും സ്ത്രീകൾക്കു വിദ്യാഭ്യാസവും സർക്കാർ ജോലിയും നൽകണമെന്നു വാദിക്കുകയും എഴുതുകയും ചെയ്തു. കൃഷിശാസ്ത്രം പഠിച്ചു ഗ്രാമത്തിലെ തൊഴിലാളികളോടൊപ്പം ചേർന്നു പരമ്പരാഗത കൃഷിരീതിയോടൊപ്പം ആധുനിക കൃഷിരീതിയും സമന്വയിപ്പിച്ചു നടപ്പാക്കി.
1892ൽ മലബാർ ഡിസ്ട്രിക്ട് ബോർഡ് അംഗമായി. കോയമ്പത്തൂർ കൃഷി വിദ്യാശാലയിൽ അനൗദ്യോഗിക അംഗമായി സേവനമനുഷ്ഠിച്ചു. വിദേശത്തു പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികളുടെ ക്ഷേമ ഉപദേശക സമിതി അംഗവുമായി പ്രവർത്തിച്ചിട്ടുണ്ട്.
1912ൽ മദിരാശി നിയമസഭയിൽ മലബാർ, ദക്ഷിണ കന്നട ജില്ലയിലെ ജന്മിമാരുടെ പ്രതിനിധിയായി മത്സരിച്ചു ജയിച്ചാണു നിയമസഭാംഗമാകുന്നത്.
പഴയ തലമുറ അംഗീകരിച്ചു
നായനാരെപ്പോലെ എഴുതാൻ ശീലിക്കണം. മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവലിന്റെ കഥാകൃത്തായ ഒ.ചന്തു മേനോൻ മറ്റ് എഴുത്തുകാരോടു പറഞ്ഞ വാക്കുകളാണ്. ഉദ്യോഗസ്ഥ അഴിമതിയെ നഖശ്ശിഖാന്തം ലേഖനത്തിലൂടെ എതിർത്ത എഴുത്തുകാരനാണു കേസരിയെന്നു മൂർക്കോത്ത് കുമാരൻ വിശേഷിപ്പിച്ചിരുന്നു.
മാതൃഭാഷയെയും നാടിനെയും സ്നേഹിച്ചു
മലയാളത്തിനു ചെറുകഥാ സാഹിത്യം നൽകിയ കേസരി നായനാർ മലയാള ഭാഷയെയും കേരളത്തെയും ഏറെ സ്നേഹിച്ചിരുന്നു. ഈ കാലഘട്ടത്തിലും മാതൃഭാഷ മലയാളം പൂർണമായും ഭരണഭാഷയാക്കണമെന്ന് ആവശ്യമുയരുന്നു. എന്നാൽ 117 വർഷം മുൻപേ സ്വഭാഷാ ലേഖനത്തിലൂടെയും നിയമസഭയിലും സർക്കാർ ഓഫിസിലും കോടതിയിലും മാതൃഭാഷയാക്കണമെന്നു കേസരി നായനാർ പറഞ്ഞിരുന്നു. ഒന്നാം ലോകയുദ്ധത്തിന്റെ വേളയിൽ 1914 നവംബർ 14നു മദിരാശിയിൽ നിയമസഭാ സമ്മേളനം നടക്കുന്നു.
നിയമസഭാ അംഗമായ കേസരി നായനാർ രാജഭക്തി പ്രമേയത്തെക്കുറിച്ചുള്ള ചർച്ചയിൽ പ്രസംഗിക്കുന്നു, ഒരു മലബാറുകാരനായതിലും മലയാളിയായതിലും ഞാൻ അഭിമാനിക്കുന്നുവെന്നു തുടങ്ങിയ പ്രസംഗത്തിനിടയിലാണു നായനാർ കുഴഞ്ഞുവീണു മരിക്കുന്നത്. കേസരി നായനാരുടെ മൃതദേഹം മാതമംഗലം പാണപ്പുഴ തറവാട്ടുവളപ്പിൽ സംസ്കരിച്ചു.ആദ്യ ചെറുകഥ 125 പിന്നിടുമ്പോഴും കഥാകൃത്ത് കേസരി നായനാരുടെ 102ാം ചരമവാർഷികം കടന്നുപോകുമ്പോൾ പുതുതലമുറയ്ക്ക് ഓർത്തുവയ്ക്കാൻ അധികൃതർ ഒരു സ്മാരകം പോലും നിര്‍മിച്ചിട്ടില്ല.