Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാസനാവികൃതി, മലയാളത്തിലെ ആദ്യ ചെറുകഥയ്ക്ക് 125 വയസ്സ്

വേങ്ങയില്‍ കുഞ്ഞിരാമൻ നായനാർ വേങ്ങയില്‍ കുഞ്ഞിരാമൻ നായനാർ

മലയാളത്തിലെ ആദ്യത്തെ ചെറുകഥയാണ്  വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാരുടെ വാസനാവികൃതി.1891 ല്‍ വിദ്യാവിനോദിനി മാസികയിലാണ്  ഈ കഥ പ്രസിദ്ധീകൃതമായത്.

ഇക്കണ്ട കുറുപ്പ് എന്നാണ് കഥാനായകന്റെ പേര്.  രാജ്യശിക്ഷ അനുഭവിച്ചിട്ടുള്ളതില്‍ എന്നെ പോലെ ഭാഗ്യഹീനന്മാരായി മറ്റാരും ഉണ്ടായിട്ടില്ല എന്ന ആത്മഗതത്തോടെയാണ് ഈ കഥ ആരംഭിക്കുന്നത്. കൊച്ചിശ്ശീമയിലാണ് നായകന്റെ വീട്. കഥാപാത്രം നേരിട്ടു കഥ പറയുന്ന രീതിയിലാണ് കഥ മുന്നോട്ടുപോകുന്നത്.

കഥാനായകനാവട്ടെ ഒരു മോഷ്ടവാണ്. ഇരുപത് വയസ് തികഞ്ഞപ്പോഴേക്കും എന്റെ പ്രകൃതം അശേഷം മാറിയെന്നും ചില്ലറ കളവ് വിട്ട് വന്‍തരത്തില്‍ മോഹം തുടങ്ങിയെന്നും ഇക്കണ്ടക്കുറുപ്പ് പറയുന്നു. രണ്ടുവിധത്തിലാണ് ഇയാള്‍ മോഷ്ടിക്കുന്നത്. ഒന്ന് ദീവട്ടിക്കൊള്ള. മറ്റേത് ഒറ്റയ്ക്ക് പോയി കക്കുക. 

തൊണ്ടിനായാട്ടും തെളിനായാട്ടും പോലെയുള്ള വ്യത്യാസം പോലെയുണ്ട് ഇവ രണ്ടും തമ്മിലെന്നും ഇയാള്‍ പറയുന്നു. ഒരു മോഷണക്കേസില്‍ പെട്ട് ആറുമാസം തടവും പന്ത്രണ്ടടിയും കൊണ്ട് പുറത്തുവരുന്ന ഇയാള്‍ ഞാനെന്റെ തൊഴിലും താവഴിയും ഒന്നു മാറ്റിനോക്കട്ടെയെന്ന് തീരുമാനിച്ചുകൊണ്ടാണ് കഥ അവസാനിക്കുന്നത്. തന്റെ പാപങ്ങള്‍ക്ക് ഗംഗാസ്‌നാനവും വിശ്വനാഥ ദര്‍ശനവും ചെയ്യാനും അയാള്‍ തീരുമാനിക്കുന്നുമുണ്ട്. ഇന്നും സരസമായി വായിച്ചുപോകാവുന്ന ഒരു കഥ തന്നെയാണ് വാസനാവികൃതി.

പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായിരുന്നു വേങ്ങയില്‍ കുഞ്ഞിരാമന്‍ നായര്‍. 1914 നവംബര്‍ 14 ന് മദ്രാസ് നിയമസഭയില്‍ പ്രസംഗിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ഹാസ്യസാഹിത്യകാരന്‍, രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകന്‍, കൃഷിശാസ്ത്രജ്ഞന്‍ എന്നീ നിലകളിലും അദ്ദേഹം അറിയപ്പെട്ടിരുന്നു. 

വാസനാവികൃതിക്ക് പുറമെ മറ്റനേകം കഥകളും അദ്ദേഹം എഴുതിയിട്ടുണ്ട്. ദ്വാരക, മേനോക്കിയെ കൊന്നതാരാണ്, മദിരാശിപ്പിത്തലാട്ടം, പൊട്ടഭാഗ്യം എന്നിവയാണവ. കേസരി, വജ്രസൂചി, വജ്രബാഹു എന്നീ തൂലികാനാമങ്ങളിലും അദ്ദേഹം എഴുതാറുണ്ടായിരുന്നു. 

ജന്മിത്തറവാട്ടിലാണ് ജനിച്ചുവീണതെങ്കിലും സാധാരണക്കാരനോട് പക്ഷം ചേര്‍ന്നുള്ള ജീവിതമായിരുന്നു കുഞ്ഞിരാമന്‍ നായനാരുടേത്. അക്കാലത്ത് സമൂഹത്തില്‍ നിലനിന്നിരുന്ന പല അനാചാരങ്ങളോടും സന്ധിയില്ലാ സമരം ചെയ്യാന്‍ അദ്ദേഹത്തിലെ എഴുത്തുകാരനും വിമര്‍ശകനും സന്നദ്ധനായിരുന്നു. 

പാശ്ചാത്യസാഹിത്യത്തില്‍ മേല്‍ക്കൈ നേടിയിരുന്ന ചെറുകഥ എന്ന സാഹിത്യരൂപത്തെ മലയാളത്തിന് പരിചയപ്പെടുത്തി എന്ന വിപ്ലവമാണ് അദ്ദേഹം മലയാളസാഹിത്യത്തില്‍ നടത്തിയത്. തന്മൂലം മലയാള ചെറുകഥയുടെ പിതാവായി അദ്ദേഹം വിരാചിക്കുന്നു. എഴുതുമ്പോള്‍ നായനാരെ പോലെ എഴുതണം എന്നായിരുന്നു മലയാളത്തിലെ ലക്ഷണമൊത്ത ആദ്യ നോവലായ ഇന്ദുലേഖയുടെ കര്‍ത്താവ് ഒ ചന്തുമേനോന്‍ നായനാരെക്കുറിച്ച് അഭിപ്രായപ്പെട്ടിരിക്കുന്നത് എന്നത് തന്നെ ആ പ്രതിഭയെ തിരിച്ചറിയാന്‍ ഏറെ സഹായകമാണ്.

അതുപോലെ മഹാകവി ഉള്ളൂര്‍ നായനാരെ ഉപമിച്ചിരിക്കുന്നത് അമേരിക്കന്‍ സാഹിത്യകാരനായ മാര്‍ക്ക് ട്വയിനോടായിണ്. മലയാള ചെറുകഥയുടെ ഈ പിതാവിനെ മലയാളം വേണ്ടത്ര പരിഗണിക്കുകയോ ഓര്‍മ്മിക്കുകയോ ചെയ്തിട്ടില്ല എന്നതും ഇവിടെ സ്മരിക്കേണ്ടിയിരിക്കുന്നു.

വാസനാവികൃതി പ്രസിദ്ധീകരിച്ചതിന്റെ 125 ാം വാര്‍ഷികം ഡിസി ബുക്ക്‌സിന്റെ നേതൃത്വത്തില്‍ ഓഗസ്റ്റ് 27 ന് തലശ്ശേരിയില്‍ ആഘോഷിക്കുന്നുണ്ട്. മലയാള ചെറുകഥയുടെ പിറന്നാള്‍ ആഘോഷം എന്ന മട്ടിലാണ് ചടങ്ങ്.എന്‍ പ്രഭാകരനും വിഎസ് അനില്‍കുമാറും തുടങ്ങി  പ്രശസ്തരായ കഥാകൃത്തുക്കള്‍ പങ്കെടുക്കുന്ന പരിപാടിയില്‍ പുതിയ കഥാകൃത്തുക്കളുടെ പുസ്തകങ്ങളെയും പരിചയപ്പെടുത്തുന്നുണ്ട്.