കുരുത്തംകെട്ടവന്റെ കൈയ് അടങ്ങിയിരിക്കത്തേയില്ല. ഒപ്പിച്ചുവെച്ച പണികണ്ടോ! എന്നിട്ടിതേണ്ടെ കരണ്ടടിച്ച് കെടക്കുന്നു!’ ഓടിവന്ന അമ്മാവന്മാർ സിനിമാ മുറിയുടെ തറയിലിട്ട് എന്നെ ഉരുട്ടിയെടുക്കുകയാണ്. അവരെന്റെ തലയിൽ വെള്ളം ഒഴിച്ചു. ചങ്കിന് ഇടിച്ചു. വായിൽനിന്ന് പത വന്നെങ്കിലും കുറച്ചു സമയത്തിനുള്ളിൽ ഞാൻ എഴുന്നേറ്റിരുന്നു. എന്നെ ഇടിക്കാനും തലമുഴങ്ങാരം വെള്ളമൊഴിക്കാനും പടമോടിപ്പുകാരൻ അനിയൻ ചേട്ടനും ഉണ്ടായിരുന്നു. അമ്മാവന്മാർ അയാളെയും കണക്കിന് ചീത്ത വിളിച്ചു. ആദ്യം മുതലേ തീരെ ഇഷ്ടപ്പെടാത്ത മട്ടിലായിരുന്നു എന്നോടുള്ള അനിയൻ ചേട്ടന്റെ പെരുമാറ്റം. സ്വന്തം കൊട്ടകയാണെന്ന് ഞാൻ ഉടമസ്ഥൻ ചമഞ്ഞത് അയാൾക്ക് പിടിച്ചു കാണില്ല. കിന്നിക്കിഴിച്ചുള്ള എന്റെ ചോദ്യങ്ങളും അധികാരം കാണിക്കലും ഒക്കെക്കണ്ടിട്ട് നല്ല അടി തരാനുള്ള കലി വന്നിരിക്കണം. പക്ഷേ, പയ്യൻ മുതലാളിയുടെ ബന്ധുവാണ്. അതുകൊണ്ട് ആരുമറിയാതെ ‘ഒരു നേരത്തേക്കുള്ള മരുന്ന്’ ഇവന് കൊടുക്കാം എന്ന് അനിയൻ ചേട്ടൻ തീരുമാനിച്ചതാകണം. കാർബൺ എരിയുന്ന യന്ത്രത്തിലേക്ക് വൈദ്യുതി വിടുന്ന കുന്തത്തിലാകണം ഞാൻ പിടിച്ച് വലിച്ചത്. അതിന്റെ പുറത്തു തൊട്ടാൽ കറന്റ് അടിക്കുന്നതുപോലെ ഇണക്കിയതാവാം. അങ്ങനെ കരുതാനേ ന്യായമുള്ളൂ. കാരണം മുമ്പൊരിക്കലും എനിക്ക് ഇങ്ങനെ പറ്റിയിട്ടുണ്ട്.
പാട്ടുകേൾപ്പിക്കുന്ന ഉപകരണങ്ങളോട് എനിക്ക് വല്ലാത്ത ഭ്രമമായിരുന്നു. ഉച്ചഭാഷിണി പ്രവർത്തിപ്പിക്കുക എന്നതായിരുന്നു അപ്പോഴത്തെ എന്റെ വലിയ ആഗ്രഹങ്ങളിൽ ഒന്ന്. പള്ളിക്കൂടത്തിൽ പാട്ടുവയ്ക്കുന്നത് എന്റെ ക്ലാസ്സിൽത്തന്നെയുള്ള കപ്യാർ ബാബു ആയിരുന്നു. ഒരിക്കലെങ്കിലും എന്നെക്കൊണ്ട് അവൻ പാട്ട് വയ്പിക്കും എന്ന പ്രതീക്ഷയിൽ അവന്റെ പിന്നാലെ കുറേ നടന്നു. അവൻ അടുപ്പിച്ചതേയില്ല. പക്ഷേ, പെട്ടെന്നൊരു ദിവസം ‘എടാ, ഇന്നു വേണേ നീ പാട്ടു വെച്ചോ’ എന്നു പറഞ്ഞു. സന്തോഷം സഹിക്കാൻ വയ്യാതെ ‘എന്നതാടാ ചെയ്യണ്ടെ?’ എന്ന് ഞാൻ ചോദിച്ചു. ‘എല്ലാം ശെരിയാക്കി വെച്ചിരിക്കുവാ. നീ ചെന്ന് ‘മാസ്റ്റർ’ എന്ന് എഴുതീരിക്കുന്ന വട്ടൺ പിടിച്ചു തിരിച്ചാ മതി’. ഞാൻ ചെന്ന് ആമ്പ്ലി ഫയറിൽ തൊട്ടതും എന്നെ നന്നായി കറന്റ് അടിച്ചു. കൈ കുടഞ്ഞുകൊണ്ട് ‘എടാ ബാബൂ.. എന്നെ കരണ്ടടിച്ചെടാ’ എന്ന് ഞാൻ പറഞ്ഞുതീരുന്നതിനു മുമ്പേ കപ്യാർ ബാബുവും സംഘവും തലകുത്തിമറിഞ്ഞ് ചിരി തുടങ്ങി.
ഉച്ചഭാഷിണിയോടെന്നതുപോലെ ടേപ്പ് റിക്കാർഡറിനോടുള്ള മോഹവും എനിക്ക് ഒഴിയാബാധയായി. ഞങ്ങൾ എരുമപ്പാൽ കൊടുത്തുകൊണ്ടിരുന്ന ചെട്ടിക്കവലയിലെ ചായക്കടക്കാരൻ രാമേഷ്ണൻ ചേട്ടന് വലിയ ഒരു ടേപ്പ് റിക്കാർഡർ ഉണ്ടായിരുന്നു. ചായക്കടയ്ക്കു പിന്നിൽ ചാഞ്ഞുകിടന്ന സമൃദ്ധമായ കൃഷിപ്പറമ്പിന് നടുവിലെ അവരുടെ വീട്ടിലിരുന്ന് ആ ടേപ്പ് റിക്കാർഡർ ഉച്ചത്തിൽ പാടി. അതൊന്ന് അടുത്ത് കാണാനും അതിൽ നല്ല നാല് സിനിമാപ്പാട്ട് കേൾക്കാനും എനിക്ക് വല്ലാത്ത മോഹമുണ്ടായിരുന്നു. ഒരു ദിവസം പാൽക്കാശ് വാങ്ങാൻ ഞാൻ ചായക്കടയിലെത്തി. അവിടെ പണിക്കാർ മാത്രം. കാശ് പിന്നെത്തരാം എന്നായി അവർ. എനിക്ക് കാശ് ഉടനെ കിട്ടിയേ പറ്റൂ. വീട്ടിൽ അരി വാങ്ങാനുള്ള പണമാണ്. പക്ഷേ, ലക്ഷ്യം അതല്ല. ആ കാശുംകൊണ്ട് കട്ടപ്പനയിലെത്തി പുതിയതായി മാറിവന്ന സിനിമകൾ കാണണം.
കാശ് കിട്ടണം എന്ന് ഞാൻ വാശിപിടിച്ചുകൊണ്ടിരിക്കുമ്പോൾ കടയുടമയുടെ ഏഴെട്ട് വയസ്സുള്ള മകൾ അങ്ങോട്ടോടി വന്നു. ‘വീട്ടിൽ ആരൊക്കെയോ വന്നിരിക്കുന്നു. അവരെ സൽക്കരിക്കാൻ പപ്പടബോളി, പഴംബോണ്ടാ, മടക്ക്‌സാൻ, വത്സൻ എന്നിവ പൊതിഞ്ഞ് തരാൻ അച്ഛൻ പറഞ്ഞു.’ ‘പാലിന്റെ കാശ്..’ ഞാൻ മുറുമുറുത്തുകൊണ്ടിരുന്നു. ‘ഇവനെക്കൊണ്ട് തോറ്റല്ലോ! അത്രയ്ക്ക് അത്യാവിശവാണേൽ ഈ കൊച്ചിന്റെ പൊറകേ വീട്ടിച്ചെന്ന് ചേട്ടനോട് കാശ് ചോതീരെടാ.’ അത് കൊള്ളാം. കാശും കിട്ടും ടേപ്പും കാണാം.
വീട്ടുമുറ്റത്തെത്തുമ്പോൾ വരാന്തയിൽ പളുപളുത്ത മഞ്ഞ സാരിയുടുത്ത് വെളുത്ത് തടിച്ച് സുന്ദരിയായ ഒരു സ്ത്രീയും ചാരനിറമുള്ള പാന്റ്സും വെള്ള ഷർട്ടുമിട്ട മെലിഞ്ഞുനീണ്ട മനുഷ്യനും ഇരിക്കുന്നു. രണ്ടുപേർക്കും പത്തുമുപ്പത്തഞ്ച് വയസ്സു കാണും. വരാന്തച്ചുവരുകളിൽ കൃഷ്ണനും കാളിയുമടക്കം പല ദൈവങ്ങളുടെ ചില്ലിട്ട വലിയ പടങ്ങൾ. വരാന്തയുടെ അരികിലുള്ള കുറിയ ഭിത്തിയിലെ പലകത്തട്ടിൽ അതാ ടേപ്പ് റിക്കാർഡർ! അതിന്റെ ചതുരവും വട്ടവും മുഴകളും തിരിപ്പുകളും കണ്ണുകൊണ്ടളന്ന് മുറ്റത്തിന്റെ ഒരു മൂലയ്ക്ക് ഞാൻ നിന്നു.
സുന്ദരിയായ വിരുന്നുകാരി ചിരിച്ചു തിളങ്ങുന്നു. രാമേഷ്ണൻ ചേട്ടൻ വലിയ ഉൽസാഹത്തിൽ എണ്ണപ്പലഹാരങ്ങൾ കൊണ്ടുവന്ന് അവരെ സൽക്കരിക്കുന്നു. ഇടയ്ക്ക് തെല്ലൊരു ചൂളലോടെ ‘നിങ്ങള് എവിട്ന്ന് വരുന്നെന്നാ പറഞ്ഞെ?’ എന്ന് ചോദിച്ചു. ഓ.. അപ്പോൾ ഇത് ഇവരുടെ സ്വന്തക്കാരോ പരിചയക്കാരോ ഒന്നുമല്ല! കുശലംപറച്ചിലുകൾക്കിടയിൽ മുറ്റത്തേക്ക് നോക്കിയ രാമേഷ്ണൻ ചേട്ടൻ എന്നെക്കണ്ടു.
‘നീയെന്തിനാടാ ഇവിടെ വന്നെ?’ ‘പാലിന്റെ കാശിനാ’. ‘കടേന്ന് മേടിച്ചോ’. ‘ഇവിടെ ചോദിക്കാൻ ചായയടിക്കുന്ന ചേട്ടൻ പറഞ്ഞു’. ‘നീ പ്പം പോ.. കാശ് പിന്നെത്തരും’. ‘ഇപ്പമ്മേണം.. അ ത്യാവിശം ഒള്ളതാ..’ കാശുകിട്ടാതെ അവിടെ നിന്ന് അനങ്ങില്ല എന്ന ഭാവത്തിൽ ഞാൻ നിന്നു. പെട്ടെന്ന് വിരുന്നുകാരി പറയുന്നു ‘ആ കൊച്ചനും നിയ്ക്കട്ടെന്നേ. എല്ലാർക്കും കേക്കാവുന്ന കാര്യവാ ഞാൻ പറയാമ്പോന്നെ’.
രാമേഷ്ണൻ ചേട്ടൻ എന്നെവിട്ട് അവർക്കു നേരേ ഒരു കുളിർന്ന ചിരിയോടെ ‘അപ്പം വന്ന കാര്യം പറഞ്ഞേ’. ‘പറേന്നേലും നല്ലെ പാടുന്നതാ. ഇവിടെ വെല്ല്യ ടേപ്പ് റിക്കാഡ് ഒണ്ടല്ലോ. ഞാൻ പാടാം? പിടിച്ചെടുക്കാവോ? എന്നാപ്പിന്നെ നിങ്ങക്ക് പിന്നേം പിന്നേം കേക്കാവല്ലോ!’ ആ അമൂല്യ വസ്തുവിന്റെ ഉടമ താനാണല്ലോ എന്ന് വെളുക്കെ ചിരിച്ചുകൊണ്ട് രാമേഷ്ണൻ ചേട്ടൻ ടേപ്പ് റിക്കാർഡർ എടുത്ത് ബട്ടൺ ഞെക്കിയതും ഞാൻ അതിനടുത്തേക്ക് പാഞ്ഞെത്തി. ‘നീ നിന്നടത്തുതന്നെ അങ്ങ് നിന്നാ മതി കേട്ടോടാ..’ എന്നു പറഞ്ഞ രാമേഷ്ണൻ ചേട്ടൻ പെട്ടെന്ന് വാ പൊത്തി ‘ശ്യോ.. അതും പിടിച്ചെടുത്തു കാണും’ എന്ന് പറഞ്ഞുകൊണ്ട് ടേപ്പ് നിർത്തി. തിരിച്ചോടിച്ചപ്പോൾ കണ്ടൻപൂച്ച കുമുറുന്നതുപോലെയുള്ള ശബ്ദത്തിൽ ‘നീ നിന്നടത്തുതന്നെ അങ്ങ് നിന്നാ മതി കേട്ടോടാ.. ശ്യോ.. അതും പിടിച്ചെടുത്തു കാണും’ എന്ന് പുറത്തുകേട്ടു! എല്ലാവരും ചിരിയായി. രാമേഷ്ണൻ ചേട്ടൻ ചമ്മലോടെ ‘ശരി.. ഇനി ആരും മിണ്ടണ്ട.. എന്നാ പാട്ട് തൊടങ്ങിക്കോ..’ എന്ന് ടേപ്പിന്റെ ബട്ടൺ അമർത്തി. ആ സ്ത്രീ പരമാവധി ശബ്ദത്തിൽ ‘ജീവിത യാത്രക്കാരാ.. കാലടികളെങ്ങോട്ട്..? നാശത്തിൻ പാതയോ ജീവന്റെ മാർഗ്ഗമോ.. ലക്ഷ്യം നിൻ മുൻപിലെന്ത്..? അൻപിൻ രൂപി യേശൂ നാഥൻ നിന്നേ വിളിക്കുന്നല്ലോ.. നിന്നേ വിളിക്കുന്നല്ലോ..’ എന്ന് പാടി നിർത്തി. ‘കർത്താവിന്റെ ഈ ദൂത് രാമേഷ്ണൻ സഹോദരനെ അറിയിക്കാനാ ഞങ്ങള് വന്നത്’.
അപ്പോൾ അതാണ് കാര്യം. ഏതോ പെന്തക്കോസ്ത് സഭയിലേക്ക് ആളെ ചേർക്കാൻ വന്നവരാണ്. വേഷവും സൗന്ദര്യവും ഒക്കെ കണ്ട് മയങ്ങിയ രാമേഷ്ണൻ ചേട്ടൻ വിളിച്ചിരുത്തി സൽക്കരിച്ചുപോയതാണ്. കടുത്ത ഹിന്ദുമതവിശ്വാസിയായ അങ്ങേരുടെ മുഖം മാറിയെങ്കിലും കോപം പുറത്തുകാട്ടാത്ത മഞ്ഞളിച്ച ചിരിയോടെ ‘എന്റെ മോള് ഇയിനെക്കാളും നല്ലവോലെ പാടും. എടീ കൊച്ചേ.. നീ ഇഞ്ഞോട്ട് വന്നൊരു പാട്ടു പാടിക്കേടീ’ എന്ന് അകത്തേക്ക് നോക്കി വിളിച്ചു. പലഹാരം കൊണ്ടുവന്ന അതേ പെൺകുട്ടി വേഗം പുറത്തേക്ക് വന്ന് പെറ്റിക്കോട്ടിന്റെ ഇരുവശത്തും കൈയൊതുക്കി വടിപോലെ നിവർന്ന് നിന്ന് ഒരൊറ്റപ്പാട്ട്. ‘ഹിന്ദുക്കൾ നാമൊന്നാണേ.. ഹിന്ദുക്കൾ നാമൊന്നാണേ.. ഇനിമേൽ ജാതികൾ വേണ്ടിവിടെ.. വർഗം വർണംവേണ്ടിവിടെ.. ഹിന്ദുക്കൾ നാമൊന്നാണേ.. ഹിന്ദുക്കൾ നാമൊന്നാണേ..’ വിരുന്നുകാരിയുടെ വിളറിവെളുത്ത മുഖത്തേക്ക് ഒന്നുകൂടി നോക്കാനുള്ള ശേഷിയില്ലാതെ ഞാൻ സംഭവസ്ഥലത്തുനിന്ന് മാറി. പാൽക്കാശ് കിട്ടിയില്ല. എന്റെ സിനിമാ കാണലും നടന്നില്ല.
‘കളിയും ചിരിയും മാറി, കൗമാരം വന്നുകേറി..’ വിലയ്ക്കു വാങ്ങിയ വീണയിലെ പാട്ടുപോലെ എന്റെ ബാല്യവും പള്ളിക്കൂടക്കാലവും പെട്ടെന്ന് അവസാനിച്ചു. നിന്ന നിലയിൽ ഞാൻ ‘കനവേറും കൗമാരപ്രായ’ത്തിലേക്ക് കടന്നു. മീശ മുളച്ചു. ശരീരം മെലിഞ്ഞ് നീണ്ടു. പത്താംതരം കഴിഞ്ഞാൽ കട്ടപ്പന സർക്കാർ കോളജിൽ ചേർന്ന് പഠിക്കണം എന്നായിരുന്നു ആഗ്രഹം. പഠിച്ച് മിടുക്കനാകാൻ വേണ്ടിയല്ല. നിയന്ത്രണങ്ങളൊന്നും ഇല്ലാത്ത കോളജാണ്. എന്നും ടൗണിലെത്തുക. എല്ലാ സിനിമകളും കാണുക. നാടിന്റെ നാനാ ഭാഗങ്ങളിൽനിന്ന് വരുന്ന കാണാൻ കൊള്ളാവുന്ന പെൺകുട്ടികളെ നോക്കുക എന്നതൊക്കെ ആയിരുന്നു മനസ്സിലുണ്ടായിരുന്ന പരിപാടികൾ. കാമക്കഥകളുള്ള സിനിമകൾ കാണാൻ അക്കാലത്ത് നല്ല താൽപര്യമായിരുന്നു. രതിനിർവേദം കാണാൻ രണ്ടു തവണ ഇരട്ടയാർ നിർമലയിൽ ചെന്ന് ശീട്ടെടുക്കാൻ നോക്കിയെങ്കിലും അവരെന്നെ ഓടിച്ചു. പക്ഷേ, അവിടെ നിന്നുതന്നെ പിന്നീട് തകര കാണുകയും ചെയ്തു. ആ സിനിമാകാണൽ സാഹസങ്ങൾക്കിടയിൽ പത്താം ക്ലാസ്സ് പരീക്ഷാഫലം വന്നു. അതിബുദ്ധിമാനായ മകൻ അഞ്ഞൂറ് മാർക്കും വാങ്ങി വരുന്നത് നോക്കിയിരുന്ന അച്ചാന്റെ മുൻപിൽ ഇരുനൂറ്റമ്പത്തൊന്നുമായി ഞാൻ ചെന്ന് നിന്നു.
‘എന്റെ കുട്ടപ്പൻ സാറേ... പള്ളീലച്ചമ്മാര് നടത്തുന്ന പള്ളിക്കൂടത്തി ആണ്ടില് നൂറ്റമ്പതു രൂവാ ഫീസു കൊടുത്ത് പഠിപ്പിച്ചതാ ഈ കള്ളപ്പൊലയാടി മോനെ. അരീന്നൊരക്ഷരം പടിക്കാതെ നാടുമുഴുവനൊള്ള സിനിമാക്കൊട്ടകേലെല്ലാം കേറി നെരങ്ങി, ദോണ്ട് ഇരുനൂറ്റമ്പത്തൊന്നും മേടിച്ചോണ്ട് വന്നു നിയ്ക്കുന്നു. ഈ കഴ്വർഡമോനെ ഇനി എന്തോ ചെയ്യണം?’ തമ്പാൻ ചേട്ടന്റെ ചായക്കടയിൽ കൂടിയിരുന്ന നാട്ടുകാരുടെ മുമ്പിൽ വച്ച് അച്ചാൻ എന്നെ കുറ്റവിചാരണ ചെയ്യുകയാണ്. ഒന്നാം ക്ലാസ്സിൽ പഠിപ്പിക്കുന്ന കുട്ടപ്പൻ സാറിനോടാണ് എന്റെ ‘ഉന്നത’ വിദ്യാഭ്യാസത്തെപ്പറ്റി ചോദിക്കുന്നത്. മഹാപരാധം ചെയ്ത കുറ്റവാളിയെപ്പോലെ ഞാൻ തലകുനിച്ച് നിന്നു. അച്ചാൻ ഭയങ്കരമായി അടിക്കും എന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. ശപികേട് പറഞ്ഞ് പരസ്യമായി അപമാനിക്കുന്നതിൽ ശിക്ഷ ഒതുങ്ങി, എന്നു ഞാൻ കരുതി.
മൂന്നേമൂന്ന് കടകളുള്ള മൂന്നുമുക്ക് കവലയിലായിരുന്നു അച്ചാൻ ഭാരവാഹിയായിരുന്ന സഹകരണബാങ്കിന്റെ കാര്യാലയം. അതിന്റെ തൊട്ടുതാഴെയുള്ള ഒരു കെട്ടിടത്തിൽ വളരെക്കുറച്ചുപേർ മാത്രം പഠിക്കുന്ന പാരലൽ കോളജിൽ എന്നെ ചേർത്തു. അച്ചാൻ മിക്കവാറും വരുന്ന സ്ഥലമായതുകൊണ്ട് ഒരു നോട്ടം കിട്ടുമല്ലോ. കട്ടപ്പനപ്പട്ടണത്തിൽ തകർത്തു നടക്കേണ്ടവനെ ഇതാ ഒരു ഓണംകേറാമൂലയിൽ തളച്ചിരിക്കുന്നു. മൂന്നുമുക്കിലെ കോളജിൽ എന്നെ കൊണ്ടുവന്ന് തള്ളിയതിന് അച്ചാനോട് എനിക്ക് കടുത്ത വിരോധം തോന്നി. എന്നെപ്പറ്റിയുള്ള അച്ചാന്റെ ഉദ്ദേശ്യങ്ങൾ പൊളിക്കുന്ന പരിപാടികൾ ഞാൻ ചെയ്തു തുടങ്ങി. ക്ലാസിൽ പോകാതെ കാടും മലയും കയറി നടന്നു. അച്ചാൻ ബാങ്കിൽ വരുന്ന ദിവസംതന്നെ നോക്കി കട്ടപ്പനയ്ക്ക് മുങ്ങി സിനിമ കണ്ടു.
താളമില്ലെങ്കിലും തരക്കേടില്ലാതെ പാടുന്ന മാത്തൻ, എനിക്ക് ചെറിയൊരു പ്രേമം തോന്നിയ വെളുത്ത സുന്ദരി ജെയിൻ, കുറച്ചുകാലം നല്ല കൂട്ടുകാരിയായിരുന്ന ഡീനാമ്മ, തോറ്റു തോറ്റു പഠിച്ചതിനാൽ എന്നേക്കാൾ പ്രായക്കൂടുതലുള്ളവനും സമസ്ത ഉഴപ്പിനും കൂട്ടുനിൽക്കുന്നവനുമായ നാലുമുക്കൻ ജോസ് എന്നിവരെയൊക്കെ ആ കോളജിൽ എനിക്ക് കൂട്ടിനുകിട്ടി. ഞങ്ങളെ ഇംഗ്ലിഷ് പഠിപ്പിച്ച ശിവൻകുട്ടി സാർ എനിക്ക് മറക്കാനാവാത്ത അധ്യാപകരിൽ ഒരാളായി. ഇംഗ്ലിഷ് ഭാഷയുടെ ശരിയായ ഉച്ചാരണം, ഇംഗ്ലിഷ് പുസ്തകങ്ങളും മാസികകളും വായിക്കേണ്ടതിന്റെ ആവശ്യം ഇതിനെക്കുറിച്ചെല്ലാം ഞാൻ ആദ്യമായി കേട്ടത് അദ്ദേഹത്തിൽനിന്നായിരുന്നു. ഷേക്സ്പിയർ, ടോൾസ്റ്റോയ്, ദോസ്തോവ്സ്കി, ഷെല്ലി, കീറ്റ്സ്, ബൈറൻ, യേറ്റ്സ്, ഹാർഡി, മാർലോ എന്നിവരെയെല്ലാം പരിചയപ്പെട്ടത് അദ്ദേഹം വഴി. ഇംഗ്ലിഷ് സിനിമകളെപ്പറ്റി ആദ്യമായി കേട്ടതും അദ്ദേഹത്തിൽ നിന്നുതന്നെ. ഡയമണ്ട്സ് ആർ ഫോർ എവർ, ഗോഡ്ഫാദർ, സൗണ്ട് ഓഫ് മ്യൂസിക്, മൈ ഫെയർ ലേഡി, ഗോൺ വിത് ദ വിൻഡ്, എക്സോർസിസ്റ്റ് എന്നീ സിനിമകളെക്കുറിച്ചൊക്കെ അദ്ദേഹം വിസ്തരിച്ച് പറയുമ്പോൾ എല്ലാം മറന്ന് ഞാൻ കേട്ടിരുന്നു.
Books In Malayalam Literature, Malayalam LiteratureNews, മലയാളസാഹിത്യം